Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, December 15, 2013

ഒരു ഭക്തൻ - 2

ജനാർദ്ദനൻ ശബരിമലക്കു പോകുന്ന വാർത്ത കക്കാടിലെ ആസ്ഥാന എത്തീസ്റ്റുകളായ വാസുട്ടനും തമ്പിയും അറിയുന്നത് മര്യാദാമുക്കിൽ വച്ചാണ്. വാർത്തകേട്ടു ഇരുവരും ഞെട്ടിത്തരിച്ചു. ഉറച്ച അണികൾ കൊഴിയുകയാണ്. ഇനി അഞ്ചാറ് പേരേ ബാക്കിയുള്ളൂ. അതിൽ ആകുലനായി വാസുട്ടൻ ചോദിച്ചു.

“തമ്പ്യേയ്... എന്തൂട്ടാ ഇതിന് പിന്നിലെ കളി?”

തമ്പി പതിവ് ഡയലോഗ് അടിച്ചു. “നമക്കൊന്ന് പൂശ്യാലോ”

“ആരെ?”

“ജനഞ്ചേട്ടനെ വിശ്വാസിയാക്ക്യ ആളെ”

“അത് വേണ്ടത് തന്നെ. പക്ഷേ ആളെ അറിയില്ലല്ലോ”

കുറച്ചുനേരം ഇരുവരും മിണ്ടാതിരുന്നു. വാസുട്ടൻ മതിൽമഞ്ചത്തിൽ ചാഞ്ഞു കിടന്നു. തല ഇടതുകയ്യാൽ താങ്ങി.

“ജനഞ്ചേട്ടന് തന്നെത്താൻ ഇങ്ങനെ തോന്നാൻ ന്യായല്ല്യ”

“അതേന്ന്” തമ്പി ശരിവച്ചു.  “ദെവസം മുഴ്വോൻ പറമ്പുകെളച്ചും വൈന്നേരം ഇത്തിരി മോന്തീം സുഖായി ജീവിച്ച് പോണ ആളാ. തന്ന്യൊന്നും തോന്നില്ല. പോരാഞ്ഞ് കയ്യീന്ന് കാശ് പോണ ഏർപ്പാടല്ലേ”

വാസുട്ടൻ സംശയം നിരത്തി. “ഇനീപ്പോ നമ്മടെ മണികണ്ഠൻ വാരരെങ്ങാനും കളിച്ചതാണോ?”

തമ്പി വാസുട്ടന്റെ അരികിലേക്കു നീങ്ങിയിരുന്നു. പ്രതിയെ പിടികിട്ടി. ഇനി പൂശാൻ വൈകിക്കണ്ട എന്ന മാനസികനിലയിലാണ് അദ്ദേഹം.

“ആഹാ, അവൻ തന്ന്യായിരിക്കൊള്ളൂ ഇതിനു പിന്നീ”

ഒന്നു നിർത്തിയിട്ടു തമ്പി തുടർന്നു. “ആ വാരര് അല്ലേലും ഒരു ജഗജില്ല്യാ. പുള്ളി വന്നശേഷം ചെല പെണ്ണങ്ങൾടെ ഭക്തി കൂടീണ്ടോന്ന് എനിക്കൊരു ഡവുട്ട്ണ്ട്. നമ്മടെ കുഞ്ഞിസനു വാരരായിര്ന്നപ്പോ അമ്പലം അടച്ചുപൂട്ടണ്ട അവസ്ഥായിരുന്നു. അതീന്നാ കരകേറ്യേക്കണത്”

വാസുട്ടൻ പറഞ്ഞു. “മണികണ്ഠൻ ആളോളെ ഭക്തിമാർഗത്തിൽക്ക് നയിക്കണ്ണ്ടെങ്കീ നമക്കത് തടയണം”

തമ്പി ഊന്നിപ്പറഞ്ഞു. “അതുപിന്നെ പറയാന്‌ണ്ടാ. പൂശന്നെ വഴി”

വാസുട്ടൻ ചിന്തയിലാണ്ടു. യുക്തിവാദധാരയിൽ മാർഗദർശിയായി നിലകൊണ്ട വ്യക്തി ഈ ചതി ചെയ്യുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കൗമാരത്തിലും യൗവനത്തിലും അദ്ദേഹം ആദർശത്തിൽനിന്നു അണുവിട വ്യതിചലിച്ചിട്ടില്ല. പിന്നെ ഈ മദ്ധ്യവയസ്സിൽ കാൽമാറ്റി ചവിട്ടുമെന്നു ആരറിഞ്ഞു.

വാസുട്ടൻ പറഞ്ഞു. “തമ്പ്യേയ്. നമക്ക് ജനഞ്ചേട്ടനോടും മണികണ്ഠനോടും ഒന്നു സംസാരിക്കാം. എന്നട്ട് മതി ആക്ഷൻ”

തമ്പി സമ്മതിച്ചു.

പിറ്റേന്നു രാവിലെ അമ്പലത്തിലേക്കു വേണ്ട പൂക്കളും തുളസിയിലയും പറിക്കാനിറങ്ങിയ മണികണ്ഠനൊപ്പം തമ്പിയും കൂടി. ലോഹ്യഭാവത്തിൽ സംസാരം തുടങ്ങി.

“നീ ഇത്തവണ മലയ്‌ക്കു പോണില്ലേ മണികണ്ഠാ?”

മണികണ്ഠൻ ഇല്ലെന്നു ചുമലനക്കി. “ഞാൻ ഇന്നേവരെ ശബരിമലയ്ക്കു പോയിട്ടില്ല”

ശബരിമലയിൽ പോയിട്ടില്ലാത്ത വാരരോ! തമ്പിക്കു അൽഭുതവും ആവേശവുമായി. ഒന്നു ആഞ്ഞുപിടിച്ചാൽ മണികണ്ഠനെ എത്തിസത്തിലേക്കു ആകർഷിക്കാൻ പറ്റില്ലേ? ഉവ്വെന്നു തോന്നി. വാസുട്ടനോടു ആലോചിച്ചു വേണ്ടതു ചെയ്യണമെന്നു മനസ്സിൽ കുറിച്ചിട്ടു.

തമ്പി വന്ന കാര്യം അവതരിപ്പിച്ചു. “നമ്മടെ ജനഞ്ചേട്ടൻ മലക്ക് പോണ്ണ്ടെന്ന് കേട്ടു”

“ആങ്, ശര്യാ. ആൾക്കു ഈയിടെ നല്ല ഈശ്വരബോധാ”

തമ്പി ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ അൽഭുതം ഭാവിച്ചു. “അതെന്തു പറ്റി, അങ്ങിനെ വരാൻ?”

“പുള്ളീനെ കൊറച്ചുനാള് മുമ്പ് ഒരാള് തല്ലി. ആൾടെ പൊറത്ത് ഇപ്പോഴും അതിന്റെ പാട്‌ണ്ടെന്നാ നാട്ടാര് പറേണെ”

തമ്പിയാകെ സ്തംഭിച്ചുപോയി. കായികമായി മർദ്ദിച്ചു ഒതുക്കലാണോ നടന്നത്.

“അതോണ്ടാണോ ജനഞ്ചേട്ടൻ ദൈവവിശ്വാസി ആയത്?”

“അതെ. ആ അടീലാ ആള് വീണെ. വേറാരും ഇതില് കുത്തിത്തിരുപ്പ് നടത്തീട്ടില്ല്യ”

തമ്പിയുടെ നിയന്ത്രണം പോയി. മണികണ്ഠനോടു രോഷത്തോടെ അന്വേഷിച്ചു.

“പറടാ, ആരാ ഞങ്ങടെ ജനഞ്ചേട്ടനെ തല്ല്യേ? അവന്റെ കൊടല് ഞാനൂരും. വേം പറ. ആരാ ആള്?”

മണികണ്ഠൻ പുശ്ചിച്ചു ചിരിച്ചു. “ഇതീ നിനക്കൊന്നും ചെയ്യാനില്ല തമ്പീ. നീ വിചാരിച്ചാ ഒന്നും നടക്കാനും പോണില്ല. ജനഞ്ചേട്ടൻ ഇനി സ്വാമീനെ വിട്ടു പോവില്ലാന്ന് നൂറുശതമാനം ഒറപ്പാ”

“ശതമാനക്കണക്കൊന്നും നീ തീരുമാനിക്കണ്ടാ. തമ്പീനെ വെലകൊറച്ച് കണ്ടോരൊക്കെ എന്നും പശ്ചാത്തപിച്ചിട്ടേയുള്ളൂ. നിന്റെ ഗതീം അതന്നെ”

മണികണ്ഠൻ ഭയന്നില്ല, അയഞ്ഞുമില്ല. പകരം കടുത്ത സ്വരത്തിൽ പറഞ്ഞു. “തമ്പീ ജനഞ്ചേട്ടനെ തല്ലീത് ഭഗവത്യാ. അതില് നീയെന്ത് ചെയ്യാനാ?”

ഭഗവതി! തമ്പി അമ്പരന്നു. വിശ്വാസം വരാതെ ചോദിച്ചു.

“ഭഗവതി തല്ലീന്നോ?”

തമ്പിയുടെ അമ്പരന്നഭാവം കണ്ടു മണികണ്ഠൻ പൊട്ടിച്ചിരിച്ചു. “അതേന്ന്. ഒറ്റ അടി. അതീ ജനഞ്ചേട്ടൻ കമഴ്ന്നടിച്ചു വീണു. പിന്നെ എണീറ്റത് പരമഭക്തനായിട്ടാ”

തമ്പി മണികണ്ഠനെ സൂക്ഷിച്ചുനോക്കി. അദ്ദേഹം പിച്ചുംപേയും പറയുകയാണോ? തമ്പിയുടെ കൂർപ്പിച്ച നോട്ടം കണ്ട് മണികണ്ഠൻ നിർത്താതെ ചിരിച്ചു. തമ്പി ഉടൻ, യാത്രപോലും പറയാതെ സ്ഥലംവിട്ടു.

വൈകുന്നേരം തമ്പിയും വാസുട്ടനും ജനാർദ്ദനനെ കാണാൻ തേമാലിപ്പറമ്പിനു അടുത്തുള്ള വീട്ടിലേക്കു ചെന്നു. തല്ലിയതാരാന്ന് അറിയണം. കനത്ത തിരിച്ചടി നൽകണം. ജനാർദ്ദനനെ വീണ്ടും എത്തീസ്റ്റ് പാതയിലേക്കു തിരിച്ചുകൊണ്ടു വരണം. ഇതൊക്കെയാണ് ലക്ഷ്യം.

ഇരുവരും എത്തുമ്പോൾ ജനാർദ്ദനൻ കുളിച്ചുവന്ന വേഷത്തിൽ സ്വാമി ഫോട്ടോയ്ക്കു മുന്നിൽനിന്നു ശരണം വിളിക്കുകയാണ്. അതേറെ നേരം നീണ്ടു. ഇരുവരും കാത്തുനിന്നു. ഇത്രയും ശരണങ്ങൾ ജനാർദ്ദനൻ എങ്ങിനെ പഠിച്ചെന്നു തമ്പി അൽഭുതപപ്പെട്ടു. ദൈവങ്ങളെ പറ്റി കമാന്ന് ഒരക്ഷരം ഉരിയാടാത്ത വ്യക്തിയാണ് ഇക്കണ്ട ശരണമൊക്കെ വിളിക്കുന്നത്. നല്ല കഥ!

കുറച്ചു സമയത്തിനുശേഷം ആതിഥേയൻ എത്തി. മുഴുവൻ കറുപ്പ് ഉടുത്തിരിക്കുന്നു. ഭസ്മക്കുറി. കഴുത്തിൽ മൂന്ന് രുദ്രാക്ഷമാലകൾ. ജനാർദ്ദനൻ ആകെ ശാന്തനും, അസ്വസ്ഥതകൾ ഒഴിഞ്ഞ മനസ്സുള്ളവനായും കാണപ്പെട്ടു.

വാസുട്ടൻ മറയൊന്നും കൂടാതെ പരുക്കൻ സ്വരത്തിൽ ചോദിച്ചു. “ഇതെന്താ ജനഞ്ചേട്ടാ ഞങ്ങ ഈ കാണണെ. ഇങ്ങനൊന്ന്വല്ലായിരുന്നല്ലാ കാര്യങ്ങൾ.”

തർക്കിയ്ക്കാൻ നിൽക്കാതെ ജനാർദ്ദനൻ പറഞ്ഞു. “സ്വാമി ശരണം. എല്ലാം ദൈവനിശ്ചയം”

വാസുട്ടൻ അസഹ്യത ഭാവിച്ചു. തമ്പി ചോദിച്ചു. “അല്ലാ... ജനഞ്ചേട്ടനെ ആരോ തല്ലീന്നും അതിനുശേഷാ ദൈവവിശ്വാസം തൊടങ്ങ്യേന്നും കേട്ടു. എന്താ സത്യാണോ?”

“അതെ”

“ആരാ തല്ല്യേ?”

ജനാർദ്ദനൻ മുകളിലേക്കു നോക്കി കൈകൂപ്പി. “അത് ഭഗവത്യായിരുന്നു”

ഭഗവതിയോ! മണികണ്ഠൻ വാരർക്കു ശേഷം ഇപ്പോഴിതാ ജനാർദ്ദനനും പറയുന്നു, തല്ലിയത് ഭഗവതിയാണെന്ന്. തമ്പിയും വാസുട്ടനും ഉമ്മറത്തിണ്ണയിൽ കയറിരുന്നു.

“അതെങ്ങന്യാ ജനഞ്ചേട്ടാ ഭഗവതി വന്നു തല്ലാ?”

ജനാർദ്ദനനും തിണ്ണയിൽ ഇരുന്നു. “നിങ്ങൾക്കു അതറിയണോ?”

ഇരുവരും ഒരുമിച്ചു പറഞ്ഞു. “വേണം”

“എന്നാൽ കേട്ടോ” ജനാർദ്ദനൻ സംഭവം വിവരിക്കാൻ തുടങ്ങി. അയ്യങ്കോവ് അമ്പലക്കുളത്തിൽ വച്ചു ഭഗവതി താഢിച്ച കഥ.
                                      -----------------------

നിരീശ്വരവാദിയാണ്. അതു നാട്ടുകാർക്കെല്ലാം അറിയാം. ജനങ്ങൾക്കിടയിൽ അത്യാവശ്യം പ്രവർത്തനങ്ങളും ഉണ്ട്. എന്നിട്ടും എന്തോ പോരായ്മ തന്നിൽ നിഴലിക്കുന്നുണ്ടെന്ന ചിന്ത ജനാർദ്ദനനെ അക്കാലത്തു പിടികൂടിയിരുന്നു. ജനങ്ങൾക്കിടയിലുള്ള പ്രവർത്തനം ഉദ്ദേശിച്ച ഫലം തരുന്നേയില്ല. എല്ലാവരും തന്റെ വാദഗതികൾ കേട്ടു തലകുലുക്കുമെങ്കിലും അവരെല്ലാം മുടങ്ങാതെ അമ്പലത്തിലും പോയി തല കുമ്പിടാറുണ്ട്. എന്താണ് ഇതിനു കാരണം? തന്റെ പരാജയമാണൊ? അതോ അവരുടെ പരാജയമോ? കുറേ നാൾ ‘എയ് എനിക്കെന്ത് പ്രശ്നം. എന്റെ നിലപാടുകൾ എല്ലാം ശരിയാണ്. പരാജയം മറ്റുള്ളവർ ആശയങ്ങളെ മനസ്സിലാക്കുന്നതിലാണ്’ എന്നു ജനാർദ്ദനൻ ചിന്തിച്ചു. പക്ഷേ സ്വയം വിലയിരുത്തലുകൾ അബദ്ധധാരണകളിലേക്കു നയിക്കാറുണ്ടെന്നു തോന്നിയതിനാൽ പിന്നീടു ധാരണകളിൽ കുറച്ചു അയവു വരുത്തി. അപ്പോൾ ഏതാനും പോരായ്മകൾ തലപൊക്കി.

ദൈവവിശ്വാസത്തിനെ എതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം ജനങ്ങൾക്കിടയിൽ മാത്രമാണ്. ജനങ്ങളിൽ കൂടുതൽ വിശ്വാസം ജനിപ്പിക്കത്തക്ക വിധത്തിൽ ദൈവവുമായി നേരിട്ടു ഒരു ഏറ്റുമുട്ടൽ താൻ ഇന്നുവരെ നടത്തിയിട്ടില്ല.

നേരിട്ടു ഏറ്റുമുട്ടാത്തിടത്തോളം കാലം ജനങ്ങൾക്കു തന്നെ അവിശ്വസിക്കാവുന്ന ഒരിടം വരുന്നുണ്ട്. അതിൽ തെറ്റുപറയാനും ആകില്ല. നാവിട്ടു അലയ്ക്കലല്ല പ്രധാനം. മറിച്ചു ആശയങ്ങൾ പ്രയോഗത്തിൽ വരുത്തുകയാണ്. അതിനാൽ ദൈവങ്ങളെ നിരാകരിക്കുന്ന എന്തെങ്കിലും പ്രത്യക്ഷ നടപടി എടുക്കണം. അതു നാട്ടുകാർ പരക്കെ അറിയണം. എങ്കിലേ ഒരു വില കിട്ടൂ. അമ്പലത്തിലെ ഉൽസവം കലക്കിയാലോ എന്നു ആലോചിച്ചെങ്കിലും തടി കേടാവുമെന്നതിനാൽ ഒഴിവാക്കി. കുറച്ചുകൂടി ലളിതമായ, എന്നാൽ ജനശ്രദ്ധ ആകർഷിക്കാവുന്ന പ്ലാൻ അന്വേഷിച്ചു.

സൂര്യൻ ഉച്ചിയിൽ നിൽക്കുന്ന നട്ടുച്ചനേരം, നാലാളുകൾ അറിയെ, അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിക്കാൻ ജനാർദ്ദനൻ തീരുമാനമെടുക്കുന്നത് അങ്ങിനെയാണ്.

വീട്ടിൽ ആരോടും പറഞ്ഞില്ല. അവർ കടുത്ത ഭക്തരാണ്.  പറഞ്ഞാൽ പുറത്തു പോകാൻ സമ്മതിക്കില്ല. മുറിയിലിട്ടു പൂട്ടും. സമയം പന്ത്രണ്ടര ആയപ്പോൾ അരയിൽ തോർത്തുമുണ്ട് ചുരുട്ടിക്കെട്ടി അതിനുമീതെ ഷർട്ട് ധരിച്ചു ജനാർദ്ദനൻ കുളിക്കാനിറങ്ങി. വീട്ടിൽനിന്നു നോക്കിയാൽ കണ്ണെത്താത്ത ദൂരമെത്തിയപ്പോൾ തോർത്തുമുണ്ട് അഴിച്ചു, വഴിയിലുള്ള സകലരും കാണുന്ന വിധം, തലേക്കെട്ട് കെട്ടി. അതുകൊണ്ടും ജനങ്ങൾക്കു പിടികിട്ടിയില്ലെങ്കിലോ എന്നു ശങ്കിച്ച് സോപ്പുപെട്ടി കൈകളിൽ അങ്ങോട്ടുമിങ്ങോട്ടും അമ്മാനമാടി. വഴിയിൽ കണ്ടവരോടെല്ലാം ‘ഇന്നു കുളിച്ചോടാ’ എന്നു അന്വേഷിച്ചു. എന്നിട്ടും ആരും തിരിച്ചു ‘ജനൻ എങ്ങടാ പോണെ’ എന്നു ചോദിച്ചില്ല. ഒടുക്കം ഒരാളോടു അങ്ങോട്ടുകയറി പറഞ്ഞു.

“ഞാൻ അമ്പലക്കൊളത്തീ ഒന്ന് കുളിക്കൻ പോവാ!”

കേട്ടവൻ അമ്പരന്നു. “അയ്യോ, ഈ നട്ടുച്ചയ്ക്കോ! ഭഗവതി നീരാട്ടിനെറങ്ങണ സമയല്ലേ. ഇപ്പോ അങ്ങട് പോണ്ടാ”

കാര്യങ്ങൾ ശരിയായ ദിശയിലെക്കു നീങ്ങിയതിനാൽ ജനാർദ്ദനൻ പൊട്ടിച്ചിരിച്ചു.

“ഹഹഹഹ. നാട്ടിൽ അങ്ങനൊരു അന്ധവിശ്വാസം വ്യാപകാണ്. നട്ടുച്ചയ്ക്ക് അമ്പലക്കൊളത്തീ കുളിക്കാനെറങ്ങര്ത്, എറങ്ങ്യാ ദേഹം സ്തംഭിക്കൂന്ന്. ഇന്ന് ഞാനത് പൊളിക്കും”

“വേണ്ട ജനാ. അതിനൊന്നും പോണ്ട. നമ്മടെ വേലായ്‌ധൻ ഒന്ന് രണ്ട് കൊല്ലം കെടപ്പിലായത് അങ്ങന്യാ. രണ്ടുകൊല്ലോം കെടന്ന കെടപ്പീത്തന്നെ എല്ലാം ചെയ്യേണ്ടിവന്നു. പിന്നെ പെമ്പറന്നോർത്തി ചോറ്റാനിക്കരേപ്പോയി മുട്ടിപ്പായി പ്രാർത്ഥിച്ചട്ടാ എണീറ്റ് നടന്നേ”

രണ്ടുകൊല്ലം കിടന്ന കിടപ്പിൽ എല്ലാം ചെയ്തുവെന്നു അറിഞ്ഞപ്പോൾ ജനാർദ്ദനൻ പതറാതിരുന്നില്ല. എങ്കിലും സധൈര്യം മറുപടി കൊടുത്തു.

“ആൾക്ക് പക്ഷാഘാതം വന്നത് അമ്പലക്കൊളത്തീ വച്ചായതാ കാര്യം. അല്ലാണ്ട്. ഞാൻ പോണ്”

അപരൻ പറഞ്ഞു. “ജനാ. ഞാൻ എന്തായാലും നിന്റെ വീട്ടിലൊന്ന് പറയാം, നീ അമ്പലക്കൊളത്തീ കുളിക്കാൻ പോയീണ്ട്ന്ന്”

ജനാർദ്ദനൻ അടിക്കാൻ കയ്യോങ്ങി.

“മിണ്ടാണ്ട് പോയ്ക്കോ പിള്ളേ. ആവശ്യല്ലാത്ത തൊല്ലയ്ക്കൊന്നും പോണ്ട. എന്റെ കൈ വൃത്തികേടാവും. നീയെങ്ങാനും വീട്ടീപ്പറഞ്ഞാ രജനീം പിള്ളേരും നെഞ്ചത്തടീച്ചൂണ്ട് ഓടിവരും. ഹാങ്. അതൊന്നും വേണ്ടാ, ഞാൻ ദേ പുഷ്പം പോലെ പത്തുമിനിറ്റിനുള്ളീ കുളിച്ചുവരും”

അപരൻ തിരിഞ്ഞുനടക്കെ ജനാർദ്ദനൻ ഓർമിപ്പിച്ചു. “വീട്ടീപ്പറയണ്ടാന്നേ ഞാമ്പറഞ്ഞൊള്ളൂ. നീയാ എസ്എൻഡി‌പീ പടിയ്ക്കൽ പോയി എല്ലാരോടും പറഞ്ഞോ. എന്നാ നന്നാവും. നിനക്ക് നാളെ ഒരു പാക്കറ്റ് ബീഡീം ഞാൻ വാങ്ങിത്തരാം”

അപരൻ തലകുലുക്കി. ജനാർദ്ദനൻ ഉൽസാഹത്തോടെ അമ്പലത്തിലേക്കു ആഞ്ഞു നടന്നു.

നട്ടുച്ചയാണ്. കൊല്ലുന്ന ചൂട്. അമ്പലത്തിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്നു. ജനാർദ്ദനൻ ചുറ്റും നോക്കി ആരുമില്ലെന്നു ഉറപ്പുവരുത്തി. ഗേറ്റ് ചാടി ഉള്ളിൽ പ്രവേശിച്ചു. അമ്പലപ്പറമ്പിലും ആരേയും കണ്ടില്ല. ഉച്ചയുടെ കനത്ത നിശബ്ദത മാത്രമുണ്ട്. സാഹചര്യങ്ങൾ ഭയപ്പെടുത്തിയെങ്കിലും, ജനാർദ്ദനൻ മനസ്സ് ഏകാഗ്രമാക്കി. പ്രദക്ഷിണ വഴിയിൽനിന്നു കുറച്ചു അകലംപാലിച്ചു, അമ്പലക്കുളം ലക്ഷ്യമാക്കി നടന്നു.

അയ്യങ്കോവ് ക്ഷേത്രക്കുളം വേനലിലും വറ്റാറില്ല. സമീപം കൃഷിയുള്ള പരീക്കപ്പാടമാണ്. തെളിനീർ പോലെയല്ലെങ്കിലും കുളിക്കാൻ തെറ്റില്ലാത്ത വെള്ളം വേനലിലും ഉണ്ടാകും. അനക്കമില്ലാതെ കിടക്കുന്ന വെള്ളത്തിൽനോക്കി ജനാർദ്ദനൻ കുറച്ചുനേരം നിന്നു. വെള്ളത്തിൽനിന്നു കണ്ണെടുക്കാതെ തന്നെ, യാന്ത്രികമായി ഷർട്ടഴിച്ചു, കുളത്തിന്റെ മതിൽക്കെട്ടിൽ ചുരുട്ടിവച്ചു. കുളക്കരയിൽ നിന്നുകൊണ്ട് അമ്പലത്തിനുനേരെ നോക്കി. ഒരിക്കൽ പോലും ശ്രീകോവിലിനു നേർക്കുനേർ നിന്നിട്ടില്ല. ഉൽസവത്തിനു ആനയെക്കാണാനും മേളം കേൾക്കാനും മാത്രമാണ് ക്ഷേത്രമതിൽക്കെട്ടിനകത്തു പ്രവേശിക്കുക. ശ്രീകോവിലിനു നേരെയുള്ള ദീപസ്തംഭത്തിനടുത്തു ഇന്നുവരെ നിന്നിട്ടില്ല. ജനാർദ്ദനൻ അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടു. വലിച്ചു തുറക്കാൻ വാതിലിൽ ഘടിപ്പിച്ചിട്ടുള്ള ഓട്ടുവളയങ്ങൾ സാവധാനം ചലിക്കുന്നുണ്ടായിരുന്നു. അതു കണ്ടെങ്കിലും, യുക്തിവാദിയുടെ മനസ്സ് ചഞ്ചലപ്പെടുത്താൻ ആ ചലനം പോരായിരുന്നു. ഇളംകാറ്റ് തൊട്ടു, പ്രപഞ്ചത്തിൽ ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഫോഴ്സുകൾ വരെ പ്രതിരോധത്തിനു ഉപയോഗിക്കാവുന്നതേയുള്ളൂ.

അയ്യങ്കോവ് ക്ഷേത്രക്കുളത്തിനു രണ്ടുസെറ്റ് പടികൾ ഉണ്ട്. ഒന്നാമത്തെ സെറ്റ് ഇറങ്ങിക്കഴിഞ്ഞാൽ കുളത്തിലേക്കു ഇറങ്ങാനുള്ള രണ്ടാമത്തെ സെറ്റ് പടികളുടെ തുടക്കത്തിൽ എത്തും. ആ പടികൾ കുളത്തിന്റെ അടിത്തട്ടുവരെ ഇറങ്ങിപ്പോകുന്നുണ്ട്. കുളത്തിനു രണ്ട് കടവുകൾ ഉണ്ട്; സ്ത്രീകൾക്കും, പുരുഷന്മാർക്കും. രണ്ടു കടവിനേയും സാമാന്യം പൊക്കമുള്ള കരിങ്കൽഭിത്തി വേർതിരിക്കുന്നു. അപ്പുറത്തു നിൽക്കുന്നവരെ ഇപ്പുറത്തുള്ളവർക്കു കാണണമെങ്കിൽ വെള്ളത്തിൽ ഇറങ്ങണം. പുരുഷന്മാർക്കുള്ള കടവിന്റെ പടികൾ കുറച്ചധികം ഇടിഞ്ഞതാണ്. അവിടം കരിങ്കല്ലുകൾ കൂർത്തുനിൽക്കുന്നുണ്ട്. ജലനിരപ്പിനു മുകളിലും താഴെയുമുള്ള പടികൾ അങ്ങിനെ തന്നെ. സൂക്ഷിച്ചില്ലെങ്കിൽ കാലിനു പരുക്ക് പറ്റിയേക്കാം.ഇക്കാരണങ്ങളാൽ ജനാർദ്ദനൻ സ്ത്രീകളുടെ കടവിൽ കുളിക്കാൻ തീരുമാനിച്ചു.

ഷർട്ടും മുണ്ടും അഴിച്ചുമാറ്റി, തോർത്തുമുണ്ട് ഉടുത്തു അദ്ദേഹം ആദ്യത്തെ സെറ്റ് പടികൾ ഇറങ്ങാൻ തുടങ്ങി. അപ്പോൾ അത്രനേരം ജ്വലിച്ചുനിന്നിരുന്ന സൂര്യപ്രകാശം പൊടുന്നനെ മങ്ങി. ഒരു നിഴൽ അമ്പലക്കുളത്തിലേക്കു ഇറങ്ങിപ്പോയതായും തോന്നി. നിശ്ചലമായ ജലനിരപ്പിൽ ചെറുഓളങ്ങളുയർന്നു. ജനാർദ്ദനൻ പടികൾ ഇറങ്ങുന്നത് നിർത്തി. ആൾ ഇറങ്ങിയതാണോ അതോ മാക്രി ചാടിയതോ? ഇറങ്ങിയ പടികൾ ഒക്കെയും അദ്ദേഹം തിരിച്ചുകയറി. ഒരുമിനിറ്റ് ചുറ്റിലും നോക്കി, എല്ലായിടവും നിരീക്ഷിച്ചു. ഒറ്റക്കുഞ്ഞ് പോലുമില്ല എങ്ങും. ഈ സമയത്തു അമ്പലപ്പറമ്പിൽ പുല്ലുതിന്നാൽ കൊണ്ടുകെട്ടാറുള്ള പശുക്കൾ പോലും ഇപ്പോളില്ല. ഉച്ചവെയിലിന്റെ നിശബ്ദത മാത്രം കൂട്ടിനുണ്ട്. ക്ഷേത്രമതിൽക്കെട്ടിനകത്തു ആരുമില്ലാത്തത് ജനാർദ്ദനനെ കുറച്ചധികം ഭയപ്പെടുത്തി. തിരിച്ചുപോയി വീട്ടിൽ കുളിച്ചാലോ എന്നുപോലും ഒരുഘട്ടത്തിൽ ആലോചിച്ചു.   

ജനാർദ്ദനൻ സൂഷ്മതയോടെ വീണ്ടും പടികൾ ഇറങ്ങാൻ തുടങ്ങി. ഇത്തവണ നിഴലുകൾ അനങ്ങിയില്ല. പക്ഷേ വീശിക്കടന്നു പോയ കാറ്റ് തന്നെ ‘ജനാാാ’ എന്നു വിലാപസ്വരത്തിൽ വിളിച്ചില്ലേയെന്നു അദ്ദേഹം സംശയിച്ചു. ഇറങ്ങിയ പടികൾ ഒക്കെയും വീണ്ടും തിരിച്ചുകയറി. എല്ലായിടവും നോക്കി. അമ്പലപ്പറമ്പിന്റെ ഒരുകോണിൽ ഭദ്രകാളിയെ കുടിയിരുത്തിയിരിക്കുന്ന ചെറിയ ശ്രീകോവിലിന്റെ വാതിൽ തുറന്നു കിടക്കുകയാണെന്നു കണ്ടു. ജനാർദ്ദനന്റെ നെഞ്ചിൽ കനം വീണു. ശരീരത്തിൽ വിയർപ്പ് പൊടിഞ്ഞു. വഴിയിൽ കണ്ട സുഹൃത്ത് പറഞ്ഞതോർത്തു. നട്ടുച്ചനേരത്തു അമ്പലക്കുളത്തിൽ ഭഗവതി നീരാട്ടിനിറങ്ങും. ആരും അപ്പോൾ കുളത്തിന്റെ പരിസരത്തു പോകരുത്. ശരീരസ്തംഭനം നിശ്ചയം.

ജനാർദ്ദനനിലെ യുക്തിചിന്ത ആ അവസരത്തിൽ സടകുടഞ്ഞു എഴുന്നേറ്റു. വെള്ളത്തിൽ കുളിച്ചാൽ ശരീരം സ്തംഭിക്കുന്നത് എങ്ങിനെയാണ്? ആരെങ്കിലും കായികമായി ആക്രമിച്ചാലോ അല്ലെങ്കിൽ തലച്ചോർ പ്രവർത്തിക്കാതിരുന്നാലോ അല്ലേ സ്തംഭനം വരൂ? ഭദ്രകാളി കോവിലിന്റെ വാതിൽ തുറന്നുകിടക്കുന്നുവെങ്കിൽ അതിനു കുളിയുമായി എന്തു ബന്ധം? ശ്രീധരസ്വാമി രാവിലെ പൂജ കഴിഞ്ഞു പോയപ്പോൾ അടയ്ക്കാൻ മറന്നതാകാനാണ് എല്ലാ സാധ്യതയും. ഈവിധ യുക്തിചിന്തകൾ ജനാർദ്ദനനെ ധൈര്യവാനാക്കി. പടികൾ സാവധാനം ഇറങ്ങുമ്പോഴാണ് ഭയം വരുന്നത്. അതില്ലാതാക്കാൻ വേഗത്തിൽ ഓടിയിറങ്ങി വെള്ളത്തിൽ ചാടുന്നതാണ് ബുദ്ധി. സോപ്പുതേച്ചു വീണ്ടും മുങ്ങാൻ നിൽക്കണ്ട. ഒറ്റ മുങ്ങലിനുശേഷം തിരിച്ചുകയറി തോർത്താമെന്നു ജനാർദ്ദനൻ തീരുമാനിച്ചു. ആരെങ്കിലും ചോദിച്ചാൽ വിസ്തരിച്ചു സോപ്പുതേച്ചു കുളിച്ചു, ചെരുപ്പ് മുതൽ അണ്ടർവെയർ വരെ അലക്കികഴുകി എന്നു തട്ടിവിടാം. നുണയാണെന്നു ആരോപിക്കാൻ ആരുമിപ്പോൾ സമീപത്തില്ലല്ലോ? ജനാർദ്ദനൻ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു.

ശ്വാസം ഉള്ളിലേക്കു ആഞ്ഞുവലിച്ച്, വൺ ടു. ത്രീ എന്നു മനസ്സിലെണ്ണി ജനാർദ്ദനൻ വേഗത്തിൽ പടികൾ ഓടിയിറങ്ങി. പതിവില്ലാത്ത ഓട്ടമായതിനാൽ കണങ്കാൽ ഉളുക്കിയെങ്കിലും കാര്യമാക്കിയില്ല. ജലനിരപ്പിനു അഞ്ചുപടി മുകളിൽ എത്തിയപ്പോൾ, വെള്ളത്തിലേക്കു ഡൈവ് ചെയ്യാൻ അദ്ദേഹം ഒന്നു ആഞ്ഞു. പക്ഷേ ദൗത്യം പൂർത്തികരിച്ചില്ല. അമ്പലക്കുളത്തിന്റെ മധ്യത്തിൽ അപൂർവ്വവും വിചിത്രവുമായ ഒരു ദൃശ്യം കണ്ട് ജനാർദ്ദനൻ ഓട്ടത്തിനും ഡൈവിങ്ങിനും സഡൻബ്രേക്കിട്ടു. ജലനിരപ്പിനു തൊട്ടുമുകളിലെ പടിയിൽവച്ചു മാത്രമാണ് മുന്നോട്ടുള്ള കുതിപ്പ് പൂർണമായും നിർത്താനായത്. എന്നിട്ടും കൈകൾ രണ്ടും വിരിച്ച് വെള്ളത്തിൽ വീഴാതെ ശരീരം ബാലൻസ് ചെയ്യേണ്ടി വന്നു. നിശ്ചലനായി നിന്നശേഷം ജനാർദ്ദനൻ അമ്പലക്കുളത്തിലേക്കു ഉദ്വഗഭരിതനായി നോക്കി.

കുളത്തിന്റെ മധ്യഭാഗത്തു ആരോ മുങ്ങിക്കിടക്കുന്നു! ചുവപ്പും മഞ്ഞയും കലർന്ന നീണ്ടവസ്ത്രമാണ് ധരിച്ചിരിക്കുന്നത്. രണ്ടുവശത്തേക്കും നീട്ടിപ്പിടിച്ച കൈകൾ നീന്തുന്നപോലെ സാവധാനം തുഴയുന്നുണ്ട്. മുങ്ങിക്കിടക്കുന്ന വ്യക്തിയുടെ മുഖം കാണാനാകാത്ത വിധത്തിൽ നിബിഢമായ തലമുടി വെള്ളപ്പരപ്പിൽ പരന്നുകിടക്കുന്നു.

കുളത്തിൽ മുങ്ങിക്കിടക്കുന്നത് ഒരു സ്ത്രീയാണെന്നു മനസ്സിലാക്കിയ ഉടൻ ‘അയ്യോ’ എന്ന നിലവിളി ജനാർദ്ദനന്റെ തോണ്ടവരെ എത്തിനിന്നു. നിലവിളി പുറത്തേക്കു ചാടിയത് ജലോപരിതലത്തിൽ വിതറിക്കിടന്ന മുടിയിഴകളിലൂടെ ഒരു ജോടി വാലിട്ടെഴുതിയ കണ്ണുകൾ പുറത്തേക്കു തലനീട്ടിയപ്പോൾ മാത്രം. സമയം പാഴാക്കാതെ അലറിക്കരഞ്ഞുകൊണ്ട് ജനാർദ്ദനൻ ഓടി. ജീവൻ കയ്യിൽപ്പിടിച്ചുള്ള ഓട്ടം. പക്ഷേ അഞ്ചെട്ട് പടികൾ കയറിയപ്പോഴേക്കും അദ്ദേഹത്തിന്റെ പുറത്തു അദൃശ്യമായ ഒരു കൈത്തലം മാരകമായി പ്രഹരിച്ചു. അതിൽ ജനാർദ്ദനൻ ബോധംകെട്ടു കമഴ്ന്നടിച്ചു വീണു. 
                                    ------------------------

എല്ലാം പറഞ്ഞുതീർത്തു ജനാർദ്ദനൻ തേമാലിപ്പറമ്പിൽ കളിക്കുന്ന കുട്ടികളെ നോക്കിയിരുന്നു. കേട്ടതൊന്നും വാസുട്ടൻ വിശ്വസിച്ചില്ല. പക്ഷേ എല്ലാം അപ്പടി വിശ്വസിച്ച തമ്പി, വാസുട്ടൻ ചൂടായാലോ എന്നുപേടിച്ച്, വിശ്വാസമായില്ലെന്നു നടിച്ചു.

“അതു വല്ലോരും വന്നു പൊറത്തടിച്ചതാവാനും മതീല്ലേ?” തമ്പി സംശയമുന്നയിച്ചു.

“അങ്ങനെ ചോദിക്കെടാ തമ്പീ” വാസുട്ടൻ സുഹൃത്തിനെ പിന്താങ്ങി. പിന്നെ രോഷം നിയന്ത്രിക്കാനാകാതെ ജനാർദ്ദനനെ കുറ്റപ്പെടുത്തി. “ആരാണ്ടും തല്ല്യേനു ഭഗോതി തല്ല്ലീന്നും പറഞ്ഞ് മോങ്ങണ്”

തമ്പി കൂടുതൽ ആവേശത്തിലായി. “അടി കൊണ്ടപാടെ ജനഞ്ചേട്ടൻ കമഴ്ന്നടിച്ച് വീണൂന്നല്ലേ പറഞ്ഞെ. കമഴ്ന്നടിച്ച് വീണാപ്പിന്നെ പിന്നീ നടക്കണ കാര്യൊന്നും അറിയാൻ പറ്റില്ല. അപ്പോ ആ സമയത്തിനെടയ്ക്ക് അടിച്ച ആൾക്കു ഈസ്യായിട്ട് കടവിനിടയ്ക്കൊള്ള മതിലിനു പിന്നീ ഒളിക്കാവുന്നതൊള്ളൂ.

തമ്പിയുടെ ലോജിക് വാസുട്ടൻ ശരിവച്ചു. ഞങ്ങൾ പറയണതാണ് ശരിയെന്നു ജനാർദ്ദനന്റെ മനസ്സിൽ ഊട്ടിയുറപ്പിക്കാൻ വാസുട്ടൻ അദ്ദേഹത്തിന്റെ കഷണ്ടിത്തലയിൽ ചുബിച്ചു. ഈ ലോജിക് ജനാർദ്ദനനു സ്വീകാര്യമാകാതിരിക്കാൻ ഇരുവരും കാരണങ്ങൾ കണ്ടില്ല. അതുവഴി അദ്ദേഹത്തിലെ യുക്തിവാദി പുനരുജ്ജീവിക്കുമെന്നും അവർ കരുതി. പക്ഷേ എല്ലാം നിഷ്ഫലമായിരുന്നു.

ജനാർദ്ദനൻ പറഞ്ഞു. “അതൊരു മനുഷ്യൻ അടിച്ച അടിയല്ലായിരുന്നു തമ്പീ. ദേഹമാകെ അടിയുടെ ആഘാതം എത്തി. അതുപോലെ അടിക്കാൻ മനുഷ്യവർഗ്ഗത്തിൽ പെട്ട ഒരാൾക്കും സാധിക്കില്ല. പോരാതെ കുളത്തിൽ മുങ്ങിക്കിടന്ന പെണ്ണ്……

ആകാശത്തേക്കു നോക്കി കൈകൂപ്പി തൊഴുതു, ജനാർദ്ദനൻ എഴുന്നേറ്റു.

“അമ്മേ മഹാമായേ.”

ഇരുവരോടും യാത്ര പറഞ്ഞു ജനാർദ്ദനൻ വീട്ടിനുള്ളിലേക്കു പോയി.

Monday, December 9, 2013

ഒരു ഭക്തൻ - 1

രണ്ടായിരത്തിമൂന്നാം ആണ്ടിൽ അയ്യങ്കോവ് ക്ഷേത്രത്തിലെ ഉത്സവനോട്ടീസിൽ തിടമ്പേറ്റുന്ന ആന, പാമ്പാടി രാജനെ സ്പോൺസർ ചെയ്ത വ്യക്തിയുടെ പേരുവായിച്ചു കക്കാടുകാർ പരസ്പരം മുഖത്തുനോക്കി ‘ആരാ, ആരാ’ എന്നു അന്വേഷിച്ചു. എതിർമുഖത്തുനിന്നു ‘അറിയില്ല’ എന്ന മറുപടി ഉടനെ കിട്ടി. വളരെക്കാലം പ്രത്യേകിച്ചു ആഘോഷങ്ങൾ ഒന്നുമില്ലാതെ നാമമാത്രമായിരുന്നു അമ്പലത്തിലെ ഉൽസവം ആഘോഷിച്ചിരുന്നത്. രണ്ടായിരമാണ്ടായപ്പോൾ അമ്പലക്കമ്മറ്റിയിൽ ചില ചലനങ്ങൾ ഉണ്ടായി. ചെറുപ്പക്കാർ പ്രമുഖ സ്ഥാനങ്ങൾ കയ്യടക്കി. അവരുടെ ഉത്സാഹത്തിൽ അയ്യപ്പൻവിളക്കിനും പൈങ്കുനി ഉത്രംവിളക്ക് ഉത്സവത്തിനും പകിട്ട് കൂടിക്കൂടി വന്നു. ആദ്യം ഒരു ആനയെവച്ചു ഉത്സവം സംഘടിപ്പിച്ചു. പിന്നീട് ഗാനമേള നടത്തി. പിന്നെ പഞ്ചവാദ്യവും തായമ്പകയും ഗംഭീര വെടിക്കെട്ടും എത്തി. ആനകളുടെ എണ്ണം ഒന്നിൽനിന്നു അഞ്ചായി ഉയർന്നു. പള്ളത്താംകുളങ്ങര ഗിരീശൻ, അന്നമനട ഉമാമഹേശ്വരൻ, തിരുവമ്പാടി ശിവസുന്ദർ, പാമ്പാടി രാജൻ, ഉട്ടോളി രാജശേഖരൻ, എന്നീ പ്രശസ്ത ഗജവീരന്മാരുടെ മസ്തകത്തിൽ ശാസ്താവിന്റെ തിടമ്പേറി. ഇതിൽ പാമ്പാടി രാജൻ വന്ന വർഷമാണ് ഉത്സവനോട്ടീസിൽ പതിവില്ലാത്ത വരി നാട്ടുകാർ ശ്രദ്ധിച്ചത്.

തിടമ്പേറ്റുന്ന ആന : ഗജരാജൻ പാമ്പാടി രാജൻ.
സ്പോൺസർ ചെയ്യുന്നത്: ഒരു ഭക്തൻ.

ശിവ ശിവ! പേരുവയ്ക്കാൻ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടോ? അതും ഉൽസവനോട്ടീസിൽ. അന്നുവരെ കേട്ടുകേഴ്‌വിയില്ലാത്ത സമ്പ്രദായം. നാട്ടിലാകെ ഇത് സംസാരവിഷയമായി. പ്രായമായവർ തൊട്ടു പൊടിപ്പിള്ളേർ വരെ ഊഹോപോഹങ്ങൾ തട്ടിവിട്ടു. ഭാര്യയെ പേടിച്ചു അമ്പലക്കമ്മറ്റി സെക്രട്ടറി മേലാപ്പിള്ളി രാജൻ ചേയ്തതാണെന്നും, അങ്ങനല്ല മകൾക്കു വേണ്ടി കമ്മറ്റി പ്രസിഡന്റ് മച്ചിങ്ങൽ രാജൻ ചേർത്തതാണെന്നും പറച്ചിലുണ്ടായി. ഒടുക്കം മഴയായാലും മഞ്ഞയാലും, രാവിലേയും വൈകുന്നേരവും ക്ഷേത്രദർശനം ഒരുകാരണവശാലും മുടക്കാത്ത പനമ്പിള്ളി മണിയമ്മയുടെ പേരിൽ നാട്ടുകാർ ഒത്തുതീർപ്പിൽ എത്തി. അതു മണിയമ്മ തന്നെ. ഭക്ത എന്നതിനു പകരം ഭക്തൻ എന്നു വച്ചതൊക്കെ ഒരു നമ്പറായി നാട്ടുകാർ കണക്കിലെടുത്തു. എങ്കിലും നൂറു ശതമാനവും ഉറപ്പല്ലല്ലോ? വെറും ഊഹമല്ലേ. ക്രമേണ ഈ ഒത്തുതീർപ്പ് എല്ലാവരും തള്ളിക്കളഞ്ഞു. ഒടുക്കം ആകാംക്ഷ മൂലം അവശനായ കോക്കാടൻ രവി അമ്പലക്കമ്മറ്റിയുടെ ജിവശ്വാസമായ, പ്രൈഡ് ഓഫ് മഡോണ, സജീവനോടു ഭക്തൻ ആരാണെന്നു ചോദിക്കാൻ തീരുമാനിച്ചു. അതു മണത്തറിഞ്ഞ സജീവൻ കുറേനാൾ ഒളിച്ചു നടന്നു. എന്നിട്ടും അവസാനം കോക്കാടന്റെ പിടിയിലായി.

ചോദ്യം കേട്ടു സജീവൻ കൃത്രിമച്ചിരി ചിരിച്ച്, എല്ലാ കാര്യങ്ങളിലും അജ്ഞത നടിച്ചു. “ഹഹഹ. അതാരാന്ന് എനിക്കും അറീല്ല. നിന്നോട് ചോദിക്കാന്നാ ഞാൻ കരുത്യെ”

“നീ ഉരുളാണ്ട് സത്യം പറ സജീവാ”

“ഞാൻ ഇന്നേവരെ സത്യേ പറഞ്ഞട്ടൊള്ളൂ. ആരാന്ന് എനിക്കറീല്ല”

കോക്കാടൻ കൂടുതൽ അന്വേഷിച്ചു. “നീയല്ലേ നോട്ടീസ് അച്ചടിക്കാൻ കൊടുത്തെ”

സജീവൻ സമ്മതിച്ചു. നോട്ടീസ് അനുബന്ധ വിഷയങ്ങളുടെ അവസാനവാക്ക് അദ്ദേഹമാണെന്നു നാടുമുഴുവൻ അറിയും. നിഷേധിച്ചിട്ടു കാര്യമില്ല.

“അത് ഞാൻ തന്ന്യാ. പക്ഷേ നോട്ടീസ് അടിക്കാൻ കൊടുത്തൂന്ന് വച്ച് ഒരു ഭക്തൻ ആരാന്ന് അറിയാൻ പറ്റണന്നില്ല”

“നോട്ടീസീ പേരൊള്ളോര് മുഴുവൻ, കാശ് തരണത് നിനക്കല്ലേ”

“ആ ചെലര്”

“അപ്പോ ബാക്കിയൊള്ളോരോ?”

“അവര് രാജഞ്ചേട്ടനോ മനോജിനോ കൊടുക്കും”

“ആ കാശ് അവര് ആർക്ക് തരും”

സജീവൻ കീഴടങ്ങി. ”എനിക്ക് തരും”

“എന്ന്വച്ചാ എല്ലാരും കാശ് തരണത് നിനക്കാന്ന്”

“തത്വത്തീ അങ്ങനെ പറയാം”

“എന്നട്ടും തത്വത്തീ, ‘ഒരു ഭക്തൻ’ ആരാന്ന് നിനക്ക് അറീല്ലേ”

“എനിക്ക് അതറിയണ്ട കാര്യന്താ. നമ്മക്ക് കാശ് കിട്ട്യാതി”

കോക്കാടൻ വിട്ടില്ല. “നമ്മടെ അമ്പലത്തിലെ കാര്യങ്ങൾ അറിയേണ്ടത് എന്റെകൂടി അവകാശമാണ്”

സജീവൻ സമ്മതിച്ചു. “അത് ശര്യാണ്”

“അപ്പോ ആരാ ആനേനെ സ്പോൺസർ ചെയ്തെ?”

സജീവൻ ഊതി. “എനിക്ക് തോന്നണത് നീ തന്ന്യാന്നാ. അല്ലേ രവീ”

കോക്കാടൻ ഒട്ടും വൈകാതെ പച്ചത്തെറി പറഞ്ഞു. സജീവൻ വഴങ്ങുന്നില്ലെന്നു കണ്ടു ഒടുക്കം അറ്റകൈ പ്രയോഗിച്ചു.

“ഭക്തനാരാന്ന് നീ പറഞ്ഞില്ലെങ്കീ, എന്റെ ലൈറ്റാന്റ് സൗണ്ട് സ്പോൺസറിങ്ങ് ഞാൻ പിൻവലിക്കും”

അതിൽ സജീവൻ കമഴ്ന്നടിച്ചു വീണു. മൂവായിരം രൂപ ലാഭിക്കാവുന്ന കാര്യം. ശബ്ദവും വെളിച്ചവും ‘കെബിആർ, കാതിക്കുടം’ ആണ് പതിവായി ചെയ്യുക. അതും നിസാരതുകക്ക്.

സജീവൻ രഹസ്യം പുറത്തുവിട്ടു. “നീയിത് ആരോടും പറേര്ത്. ആനേനെ സ്പോൺസർ ചെയ്യണത് നമ്മടെ ജനഞ്ചേട്ടനാ”

രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ കോക്കാടൻ പണ്ടേ മുൻപന്തിയിലാണ്. വഴിയിൽ കണ്ടവരോടെല്ലാം, വലിപ്പച്ചെറുപ്പമില്ലാതെ, അദ്ദേഹം രഹസ്യം രഹസ്യമായി തന്നെ പറഞ്ഞു.

“ദേ ഞാൻ നിന്നോട് ഒരു രഹസ്യം പറയാ. നീയാരോടെങ്കിലും പറയോ”

മിണ്ടാതെ കടന്നുപോകുന്ന ഒരുവനെ പിടിച്ചുനിർത്തി കോക്കാടൻ ചോദിച്ചു. അപരൻ ആരോടും പറയില്ലെന്നു ചുമലനക്കി. കോക്കാടനു പക്ഷേ വിശ്വാസമായില്ല. പുശ്ചസ്വരത്തിൽ പറഞ്ഞു.

“നിന്നെ വിശ്വസിക്കാൻ പറ്റില്ലെന്ന് ആർക്കാ അറിയാത്തെ”

“എന്നാ ഞാൻ പോണ്” അപരൻ നടക്കാൻ ആഞ്ഞു.

കോക്കാടൻ തടഞ്ഞു. “അല്ലെങ്കി വേണ്ട. ഞാൻ പറയാം. നീ ആരോടെങ്കിലും പറഞ്ഞാ കൂമ്പിടിച്ച് വാട്ടും. കേട്ടല്ലാ. നമ്മടെ അമ്പലത്തീ ആനേനെ………

അപരൻ കാതുകൂർപ്പിച്ച് രഹസ്യം കേൾക്കും. പിന്നെ അതു മറ്റൊരാൾക്കു രഹസ്യമായിത്തന്നെ കൈമാറും. ഒരാഴ്ചക്കുള്ളിൽ ‘ഒരു ഭക്തൻ’ ആരാണെന്നു എല്ലാവരും മനസ്സിലാക്കി. പക്ഷേ ആരുമതു വിശ്വസിച്ചില്ല. കൈപ്പുഴവീട്ടിൽ വീട്ടിൽ ജനാർദ്ദനൻ എന്ന ജനൻ അമ്പലത്തിലെ ഉൽസവത്തിനു ആനയെ സ്പോൺസർ ചെയ്യുകയോ. അസാധ്യം! അപശ്രുതികൾക്കു അവിടെ വിരാമമായി.

ഉൽസവം പതിവുപോലെ കെങ്കേമമായി നടന്നു. താളമേളങ്ങൾ ഹരമായ ജനാർദ്ദനൻ മേളത്തിനും പഞ്ചവാദ്യത്തിനും ഹാജറായി. ആളുകൾ ചാഞ്ഞും ചെരിഞ്ഞും അദ്ദേഹത്തെ നിരീക്ഷിച്ചു. താൻ സ്പോൺസർ ചെയ്ത ആനയെ കാണുമ്പോൾ അദ്ദേഹത്തിൽ ഭാവമാറ്റങ്ങളുണ്ടോ? അദ്ദേഹം വികാരഭരിതനാകുന്നുണ്ടോ? പലർക്കും തീർപ്പിൽ എത്താനായില്ല. തീർപ്പിലെത്തിയവർ എല്ലാം നെഗറ്റീവ് പറഞ്ഞു. ജനാർദ്ദനനു ഇതിൽ യാതൊരു പങ്കുമില്ല. സജീവൻ നുണ പറഞ്ഞതു തന്നെ.

ഏതാനും മാസങ്ങൾ കടന്നുപോയി. വൃശ്ചികം സമാഗതമായി. അഭ്യൂഹങ്ങൾ വീണ്ടും പരന്നു. ജനൻ എന്താണ് താടി വടിക്കാത്തത്? അദ്ദേഹം എന്താണ് ചെരിപ്പിടാതെ നടക്കുന്നത്? കാലത്തു പത്തുമണി വരെ കിടന്നുറങ്ങാറുള്ള ആൾ എന്തിനാണ് വെളുപ്പിനു ആറുമണിക്കു തന്നെ എഴുന്നേറ്റു കുളിക്കുന്നത്? കോഴിക്കാൽ ഇല്ലെങ്കിൽ ചോറ് ഇറങ്ങാത്ത വ്യക്തി എന്താണ് തൈരും സാമ്പാറും മാത്രം കൂട്ടി ഊണുകഴിക്കുന്നത്? ഫാഷൻ ചാനലിൽനിന്നു കണ്ണെടുക്കാത്ത ആൾ എന്തേ ‘സ്വാമി അയ്യപ്പൻ’ പോലുള്ള ഭക്തിസീരിയലുകൾ കാണുന്നു? ഇത്തരത്തിൽ ഒരുപാട് സംശയങ്ങൾ ഉയർന്നു. ഉന്നയിച്ചവർ തന്നെ മറുപടിയും കണ്ടു. ഭക്തിസീരിയലുകൽ കാണുന്നത്, അതിലെ പൊള്ളത്തരങ്ങൾ മനസ്സിലാക്കാനാണ്. ചെരിപ്പിടാതെ നടക്കുന്നത് കാലിലെ ആണിരോഗം കാരണമാണ്. മാംസാഹാരം കഴിക്കാത്തത് ആരോഗ്യത്തെ ഓർത്താണ്. താടി വടിക്കാത്തത് ഗ്ലാമർ കൂട്ടാനാണ്. എന്നിങ്ങനെയുള്ള മറുപടികൾ.

പക്ഷേ ഈ പറഞ്ഞതൊക്കെ ഒറ്റയടിയ്ക്കു തോന്നാൻ കാരണമെന്തെന്ന ചോദ്യത്തിനു ആർക്കും മറുപടിയില്ലായിരുന്നു. വൃശ്ചികം ഒന്നിനു ശബരിമല മണ്ഢലകാലം ആരംഭിച്ചപ്പോൾ ആ സംശയവും മാറിക്കിട്ടി. എല്ലാവരും സത്യാവസ്ഥ മനസ്സിലാക്കി. അന്നു രാവിലെ ജനാർദ്ദനൻ അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച്, നെറ്റിയിലും കൈത്തണ്ടയിലും ഭസ്മംപൂശി, കറുപ്പുടുത്തു ശ്രീകോവിലിൽനിന്നു മാല പൂജിച്ചുവാങ്ങി. നീട്ടിപ്പിടിച്ച കൈത്തലത്തിൽ, പൂജിച്ച മാല വാഴയിലച്ചീന്തിൽ നൽകുമ്പോൾ ശാന്തിക്കാരൻ ശ്രീധരസ്വാമി ഉപദേശിച്ചു.

“ഇന്യെങ്കിലും നന്നാവ് ജനാ”

സ്വാമിക്കു മറുപടിയായി, ശ്രീകോവിലിനു മുന്നിലുള്ള സകലരേയും അമ്പരപ്പിച്ചു, ജനാർദ്ദനൻ പറഞ്ഞത്രെ.

“സ്വാമി, ഇനിയൊള്ള കാലം ശാസ്തസന്നിധിയിൽ എല്ലാം അർപ്പിച്ച് ജീവിക്കാനാ ഞാൻ തീരുമാനിച്ചേക്കണെ”

സ്വാമി പറഞ്ഞു. “നന്നായി ജനാ. സ്വാമി കാക്കട്ടെ”

ജനാർദ്ദനൻ പ്രതിവചിച്ചു. “സ്വാമി ശരണം”

അതായിരുന്നു അന്നുവരെ അമ്പത്തിരണ്ടു കൊല്ലം ഭൂമിയിൽ ജീവിച്ച ജനാർദ്ദനൻ പറയുന്ന ആദ്യത്തെ ദൈവസ്തുതി. കാര്യം മനസ്സിലായല്ലോ. കൈപ്പുഴവീട്ടിൽ ജനാർദ്ദനൻ ജനനം മുതൽ അടിമുടി നിരീശ്വരവാദിയാണ്.

കഷ്ടിച്ചു അഞ്ചടി പൊക്കം. ഉരുക്കു ശരീരം. ശരീരത്തിലെ രോമവളർച്ചയുടെ കാര്യത്തിൽ മകൻ ദീപേഷ് മാത്രമേ അദ്ദേഹത്തിനു ഭീഷണിയായുള്ളൂ. വിരിഞ്ഞ വിസ്തൃതമായ ചുമലും, ദൃഢമായ കൈകളും. തലയിൽ ആകാശത്തെ അഭിമുഖീകരിക്കുന്ന ഭാഗം നഗ്നമാണ്. ആ ഭാഗംവഴി വിറ്റാമിൻ ഇ തടസമില്ലാതെ ലഭിക്കുന്നു. കക്കാടിൽ പ്രത്യയശാസ്ത്ര കെട്ടുപാടുകൾ ഇല്ലാതെ നിരീശ്വരവാദിയായ ആദ്യവ്യക്തി ഇദ്ദേഹമാണ്.

“ദൈവംന്ന് വച്ചാ ശുദ്ധ ഭോഷ്കാ. ദൈവാണ് ലോകം ഇണ്ടാക്കീതെന്ന് പറേണത് അതിലേറെ ഭോഷ്കും. എവല്യൂഷൻ സിദ്ധാന്താ ശരി. ക്രിയേഷനല്ല”

പരമുമാഷിന്റെ കടയിൽവച്ചു ജനൻ പതിവുപോലെ കാച്ചി. ഒരു സപ്പോർട്ടിനുവേണ്ടി മാഷോടു ചോദിച്ചു.

“അല്ലേ പര‌മ്വോവ്”

പരമുമാഷ് വെട്ടിലായി. “ജനഞ്ചേട്ടൻ പറേമ്പോ വിശ്വസിക്കാണ്ടിരിക്കാൻ പറ്റണില്ല. ബട്ട് ദൈവത്തിനെ ഓർക്കുമ്പോ പേടീം ആവണ്ട്”

“എവല്യൂഷനാ ശരീന്നൊള്ളേന് എന്തൂട്ടാ തെളിവ്?” ദേശത്തെ കടുത്ത ഭക്തനായ വിക്രമൻ ആശാൻ ചോദിച്ചു. എൺപത്തഞ്ചുകാരനായ ആശാനു ഇപ്പോഴും ചുറുചുറുക്കാണ്. എന്നും അമ്പലക്കുളത്തിൽ കുളിച്ചു ശാസ്താവിനെ തൊഴും. കൊല്ലങ്ങളായി മുടക്കാത്ത ചര്യ.

ജനാർദ്ദനൻ പറഞ്ഞു.

“തെളിവോള് ധാരാളല്ലേ വിക്രമാശാനേ. നമക്ക് ഒറപ്പില്ലാത്ത വല്യ വല്യ കാര്യങ്ങളെപ്പറ്റി ഓരോന്നോരോന്ന് തട്ടിവിടണതിലും നല്ലത് നമ്മള് നേരീക്കാണണത് വച്ച് കാര്യങ്ങൾ വിലയിരുത്തണതാണ്. ചുറ്റും നോക്ക്യാ എന്താ കാണണെ. നമ്മടെ വീട്ടീ പൂച്ചേണ്ട്, പല ജനുസ്സിലും വലുപ്പത്തിലും ഉള്ളവ. ചെലത് ഒരു പരിധീ കവിഞ്ഞ് വളരില്ല. ഇനി കൊറച്ചു കാടായ സ്ഥലത്ത് പോയാൽ നമക്ക് വലിയ കാട്ടുപൂച്ചകളെ കാണാം. മലേലൊക്കെ കൊറേക്കൂടി വലുപ്പൊള്ളത് ഇണ്ടാവും. പിന്നെ അതിനേക്കാളും ആകാരൊള്ള പുലി, കടുവ, ചീറ്റ അങ്ങനെ അങ്ങനെ. ഈ എല്ലാത്തിനും ഏതാണ്ട് ഒരേ ശരീരഘടന. ഒരേ ജനുസ്സ്. എവല്യൂഷൻ സിദ്ധാന്താ ഇങ്ങിനൊള്ള വൈവിധ്യങ്ങൾക്കു യോജിച്ച സിദ്ധാന്തം. എന്തൂട്ടിനാ ദൈവംന്നു പറേണ ആൾ ഇമ്മാതിരി ചെറിയ ചെറിയ വ്യത്യാസങ്ങളൊള്ള, എന്നാൽ കൊറേ സാമ്യങ്ങളുള്ള, ഒരുപാട് ജീവികളെ സൃഷ്ടിക്കണേന്ന്. എവല്യൂഷനാ ശരീന്നൊള്ളേന് ഇതിനപ്പറം ഒരു തെളിവ് വേണാ ആശാനേ?”

ജനാർദ്ദനൻ പറഞ്ഞു നിർത്തി. വിക്രമൻ ആശാൻ എതിരിട്ടു.

“അതിപ്പോ വേറെ തരത്തിലും പറയാലോ. ദൈവം ആദ്യം കൊറച്ച് ജീവികളെ ഇണ്ടാക്കി. പിന്നെ ആ ജീവികളീന്ന് എവല്യൂഷൻ തുടങ്ങി. എന്താ അങ്ങനെ ആയിക്കൂടേ ജനാ?”

“അതങ്ങനാ ആശാനാ ഒന്നൂല്യായ്മേന്ന് എന്തെങ്കിലും ഇണ്ടാക്കാ?”

വിക്രമൻ ആശാൻ നിശബ്ദനായി. പലചരക്കുകടയിലെ ആർക്കും മറുപടി ഇല്ലായിരുന്നു.

ഇത്തരത്തിൽ കണിശമായ വാദങ്ങളാൽ എന്നും വിശ്വാസികളെ എതിരിടാറുള്ള ജനാർദ്ദനനാണ് ശബരിമലയ്ക്കു പോകാൻ മാലയിട്ടത്. ദൈവമെന്നു കേട്ടാൽ കലിപ്പ് കേറുന്ന കക്ഷി ഇപ്പോൾ ‘ശാസ്തസന്നിധിയിൽ എല്ലാം അർപ്പിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു’ എന്ന് പറയുന്നു. നാട്ടിൽ ഈ വാർത്ത കത്തിപ്പടർന്നു. നിരീശ്വരവാദികളുടെ കുലം കക്കാടിൽ അവസാനിച്ചുവെന്നു എല്ലാവരും വിധിയെഴുതി, വസ്തുതാപരമായി ശരിയല്ലെങ്കിലും. ജനാർദ്ദനന്റെ മനപരിവർത്തനത്തിന്റെ ഹേതു അറിയാൻ സകലരും ആശിച്ചു. പക്ഷേ അദ്ദേഹം ഒരക്ഷരം ആരോടും മിണ്ടിയില്ല.


ജനൻ ശബരിമലക്കു പോകുന്ന വാർത്ത കക്കാടിലെ പ്രധാന നിരീശ്വരവാദികളായ വാസുട്ടനും തമ്പിയും അറിയുന്നത് മര്യാദാമുക്കിൽ വച്ചാണ്....

(തുടരും...)