Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Wednesday, January 9, 2013

ജിംഖാന കാതിക്കുടം - 2


                                       PART 2
മൈക്കിന്റെ ഉയരം തനിക്കു ആനുപാതികമായി ഉറപ്പിക്കാൻ സ്റ്റേജിൽവന്ന കോക്കാടൻ രവിയെ മെമ്പർ തോമാസ് തടഞ്ഞു.

“ഒരു മൈക്ക് അഡ്‌ജസ്റ്റ് ചെയ്യാനറിയില്ലെങ്കി പിന്നെ ഞാൻ മെമ്പറാന്നു പറഞ്ഞട്ട് എന്താ കാര്യം രവ്യേയ്” തോമാസ് പഴമൊഴിയെന്ന മട്ടിൽ പുതുമൊഴി പറഞ്ഞു. “ഈ തോമാസ് എത്ര മൈക്ക് കണ്ടതാ. എത്ര മൈക്കുകൾ ഈ തോമാസിനെ കണ്ടതാ”

‘തന്നെ തന്നെ’ എന്നു പറഞ്ഞു തോമാസിന്റെ പ്രസംഗം കേൾക്കാൻ വന്ന കാണികൾ, അവരെല്ലാം സ്റ്റേജിനു തൊട്ടുമുന്നിൽ കുത്തിയിരിക്കുകയാണ്, പുതുമൊഴി തലയാട്ടി ശരിവച്ചു. കോക്കാടൻ തിരിച്ചെന്തോ പറയാൻവന്നപ്പോൾ തോമാസ് ചൂടായി.

“നീയൊന്നും പറയണ്ട” ആമ്പ്ലിഫയറിനു അടുത്തുള്ള കസേര ചൂണ്ടി പറഞ്ഞു. “അവടെപ്പോയി ഇരി”

കോക്കാടൻ പിന്തിരിഞ്ഞു. തോമാസ് നാടകീയമായി മൈക്ക് സ്റ്റാൻഡിൽ പിടുത്തമിട്ടു. ഒന്നുകുനിഞ്ഞ് ഉയരം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ലിവർ ലൂസാക്കാൻ ശ്രമിച്ചു. ദൗർഭാഗ്യകരമെന്നേ പറയേണ്ടൂ, ലിവർ പതിവിലധികം മുറുകിപ്പോയിരുന്നു. രണ്ടു കൈയും പ്രയോഗിച്ചിട്ടും, പഠിച്ച അടവുകൾ പത്തൊമ്പതും എടുത്തിട്ടും ലിവർ അനങ്ങിയില്ല. ജാള്യത തോന്നിയെങ്കിലും പുറമെ അങ്ങിനെ ഭാവിക്കാതെ വിളിച്ചു.

“രവ്യേയ്. ഒന്നു വന്നേടാ”

മൂന്നാമതും വിളിച്ചപ്പോഴേ കോക്കാടൻ വിളി കേട്ടുള്ളൂ. കോക്കാടൻ മൈക്ക് സ്റ്റാൻഡ് ആകെയൊന്നു കുലുക്കിമറിച്ചു. ലിവർ അഴിച്ച് മൈക്ക് പൊക്കത്തിനു ആനുപാതികമായി ഫിറ്റ് ചെയ്തു. സ്റ്റേജിൽ നിന്നിറങ്ങാൻ നേരം തോമാസിനെ അടുത്തുവിളിച്ചു ചെവിയിൽ രഹസ്യം പറഞ്ഞു. തോമാസിന്റെ മുഖം വിളറി. കാണികൾക്കു ആകാംക്ഷയായി.

“എന്തൂട്ടാ തോമാസേ രവി പറഞ്ഞെ?”

കെബിആറിന്റെ മൈക്ക് ഞാൻ കണ്ടട്ടില്ലാന്ന് പറയാരുന്നേയ്”

മറുപടി നുണയാണെന്നു അറിയാം. എങ്കിലും കാണികൾ അടങ്ങി. വെടിക്കെട്ടല്ലേ തുടങ്ങാൻ പോകുന്നത്.

വേദി, ചെറുവാളൂർ സ്കൂൾഗ്രൗണ്ട്.
സന്ദർഭം, ഓണാഘോഷത്തോടു അനുബന്ധമായി നടത്താറുള്ള ഷാർപ്പ് ഷൂട്ടർ ടൂർണമെന്റിന്റെ ഉൽഘാടനം.
സംഘാടകർ, ബ്രദേഴ്‌സ് ക്ലബ്ബ് ചെറുവാളൂർ.

സമീപപ്രദേശങ്ങളിൽനിന്നു എട്ടു ടീമെങ്കിലും മൽസരിക്കാൻ ഉണ്ടാകും. ഇനി അഥവാ എട്ടെണ്ണം തികഞ്ഞില്ലെങ്കിൽ ബ്രദേഴ്സ് ക്ലബ്ബിൽ കളിക്കുന്നവർതന്നെ രണ്ടോമൂന്നോ ടീമുകൾ രൂപീകരിച്ചു എട്ടെണ്ണം തികയ്ക്കും. ഇക്കാരണങ്ങളാൽ ഷാർപ്പ് ഷൂട്ടർ കിരീടം മിക്കവാറും അവർക്കു തന്നെയാണ് ലഭിക്കുക.

മൂന്നാം ഓണദിവസം ഉച്ചക്കുശേഷം നടത്തുന്ന മൽസരങ്ങളുടെ ഉൽഘാടനം പതിവുപോലെ മെമ്പർ തോമാസാണ്. മൈതാനമധ്യത്തിൽ പന്തുതട്ടി ഉൽഘാടനം ചെയ്യുന്നതിനുമുമ്പ് തോമസിന്റെ ട്രേഡ്‌മാർക്കായ പ്രസംഗമുണ്ടായിരുന്നു. മൈക്കിൽ കൈത്തലം കൊട്ടി അദ്ദേഹം തുടങ്ങി.

“പ്രിയപ്പെട്ട നാട്ടുകാരെ, ഫുട്‌ബോൾകളി എന്നുകേൾക്കുമ്പോൾ.....” ഒരുനിമിഷം നിശബ്ദത. “.. കേൾക്കുമ്പോൾ എനിക്ക് ആദ്യമായി ഓർമ്മ വരുന്നത് ഫുട്‌ബാളാണ്”

ഒട്ടും താമസിച്ചില്ല. കാണികൾ കരഘോഷം മുഴക്കി. അതു അരമിനിറ്റ് നീണ്ടുനിന്നു. തോമസ് തുടർന്നു.

“തൊണ്ണൂറുകളിൽ കൊയ്ത്തുകഴിഞ്ഞ കക്കാട് പരീക്കപ്പാടത്തും, ഈ ചെറുവാളൂർ സ്കൂൾ ഗ്രൗണ്ടിലും ഒരേസമയം പന്തുകളിയിൽ മിന്നിത്തിളങ്ങി നിന്നിരുന്ന താരമാരെന്നു നിങ്ങൾക്കറിയുമോ? എന്റെ ചോദ്യം നിങ്ങളുടെ ഓർമ്മശക്തി പരീക്ഷിക്കാനുള്ള ഒരവസരമായി എടുക്കണമെന്നു ഞാൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങൾക്കറിയുമോ ആരാണ് ആ താരമെന്ന്?”

കാണികൾക്കിടയിൽ മുറുമുറുപ്പുയർന്നു. ചെറുവാളൂർ സ്കൂൾഗ്രൗണ്ടിലും കക്കാടിലും ഒരേകാലം പന്തുകളിച്ചിട്ടുള്ളവർ കുറവാണ്. ഒരാൾ വിളിച്ചു പറഞ്ഞു.


തോമാസ് നിഷേധിച്ചു. “അല്ല”

മറ്റൊരാൾ പറഞ്ഞു. “ആന പ്രകാശൻ”

കക്കാടിൽ ഒരുകാലത്തു ഫുട്ബാളിൽ വാഗ്ദാനമായിരുന്ന, പിൽക്കാലത്തു പന്തുകളി അജ്ഞാതകാരണങ്ങളാൽ എന്നെന്നേക്കുമായി നിർത്തിയ പ്രകാശന്റെ പേരും തോമാസ് തള്ളിക്കളഞ്ഞു.

കാണികൾക്കു ഈർഷ്യയായി. “പിന്നെ ആരാ?”

തോമാസ് നെഞ്ചത്തടിച്ചു ആവേശഭരിതനായി. “ഈ തോമാസ് മെമ്പർ തോമാസ്”

ഒട്ടും താമസിച്ചില്ല. കരഘോഷം വീണ്ടുമുയർന്നു. അതൊരു മിനിറ്റ് നീണ്ടുനിന്നു.

തോമാസിന്റെ പ്രസംഗം ഇടിത്തീപോലെ വീണ്ടും തുടർന്നു. ഇതിനിടയിൽ സ്കൂൾഗ്രൗണ്ടിലെ പുളിമരച്ചുവട്ടിൽ വിവിധ ടീമുകൾ വാമപ്പ് ചെയ്യുകയാണ്. കൂട്ടത്തിൽ ജിംഖാന ക്ലബ്ബിന്റെ കളിക്കാരുമുണ്ട്. അന്നനാട് വളവനങ്ങാടിയിൽ നടത്തിയ ടൂർണമെന്റിൽ ഫൈനലിലെത്തിയ ആവേശത്തിലാണ് ടീം. മാനേജർ സന്തോഷ് എല്ലായിടത്തും ഓടിനടന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു. വാടകയ്ക്കു കളിക്കാൻ ചെറാലക്കുന്നിൽനിന്നു തമ്പി എത്തിയിട്ടുണ്ട്. ചുമതലകൾ പറഞ്ഞേൽപ്പിച്ചാൽ അദ്ദേഹം അതു അച്ചട്ടം പ്രാവർത്തികമാക്കും. നൂറു തരം. സന്തോഷ് തമ്പിയുടെ ഷോൾഡർ മസിൽ തടവാൻ തുടങ്ങി. ഒപ്പം എങ്ങിനെ കളിക്കണമെന്നു സൂചിപ്പിച്ചു.

“തമ്പീ നമ്മടെ ആദ്യത്തെ കളി ബ്രദേഴ്സിന്റെ ബി ടീമായിട്ടാണ്. അതില് രജീവന്ണ്ട്. അവൻ മുഴുവൻ സമയോം കളിച്ചാപ്പിന്നെ നോക്കണ്ട. നമ്മള് തോറ്റു. നമ്മടെ പോസ്റ്റിൽ ഒര് അഞ്ചു ഗോളെങ്കിലും വീഴും. അതില് സംശയല്യാ”

“എനിക്കും സംശയല്യ”

സന്തോഷ് ജാകരൂകനായി. തമ്പിയുടെ കൂറ് എതിർടീമിനോടാണോ. വാടകയ്ക്കു കളിക്കാൻ വിളിച്ചത് അബദ്ധമായോ.

സന്തോഷ് പറഞ്ഞു. “അപ്പോ ഞാൻ പറഞ്ഞ് വന്നത്. നീയൊന്നും ചെയ്യണ്ട, രജീവനെ ഒന്നു ഫൗൾ ചെയ്താമതി. ഒരു ഉഗ്രൾ ഫൗൾ. രജീവൻ പിന്നെ കളിക്കരുത്”

തമ്പി വികാരവിക്ഷോഭനായി. “അങ്ങനെ പറഞ്ഞാ പറ്റ്വോ സന്തോഷേ. ഞങ്ങ ഒരുമിച്ച് ഒരേ ക്ലാസ്സീ പഠിച്ചട്ടൊള്ളതാ”

സന്തോഷ് നിസാരവൽക്കരിച്ചു. “അതുപിന്നെ നിന്റെ കൂടെ പഠിക്കാത്ത ആരെങ്കിലൂണ്ടാ ഈ നാട്ടീ”

കളിയാക്കേ. അതും ഈ സമയത്ത്. തമ്പി ചൂടാകുന്നതിന്റെ വക്കിലെത്തി. “ഞാൻ പറഞ്ഞത് ഞങ്ങ തമ്മീ വല്യ ക്ലോസാന്നാ. ആവശ്യല്ലാണ്ട് ഫൗൾ ചെയ്യമ്പറ്റില്ല”

സന്തോഷ് പോംവഴി നിർദ്ദേശിച്ചു. “എന്നാപ്പിന്നെ നീയവന്റെ പിടുക്കുമ്മെ പിടിച്ചുതിരിച്ചാ മതി. നമ്മടെ മെസ്സീനെ ആ ഗ്രീക്കുകാരൻ പിടിച്ച മാതിരി”

തമ്പി കൈകൾ കൂട്ടിത്തിരുമ്മി. കൈവിരലിന്റെ ഞൊട്ടയിട്ടു. “അത് ഞാനേറ്റു. രണ്ട് ഗോളും അടിക്കാം”

ഈശ്വരാ. സന്തോഷ് മൂർദ്ധാവിൽ കൈവച്ചു.

“എന്റെ പൊന്നുതമ്പീ വേണ്ട. നീ ഗോളടിക്കാൻ മുന്നോട്ട് കേറരുത്. നീ ബാക്കാണ്. മനസ്സിലായാ?”

“എന്നാലും എടക്കൊക്കെ കേറിക്കളിക്കണ്ടേ സന്തോഷേ. അല്ലാണ്ട് എന്തുട്ട് രസാ”

“വേണ്ട തമ്പീ വേണ്ട. നിന്റെ ജോലി രജീവൻ പന്തുംകൊണ്ടു വരുമ്പോ പിടുക്കുമ്മെ പിടിച്ച് തിരിക്കലാണ്. അപ്പോ രജീവൻ പന്ത്തട്ടൽ നിർത്തി പോകും. രജീവൻ പിന്നേം വരുമ്പോ നീ പിന്നേം പിടിക്കാ. രജീവൻ പിന്നേം പന്തുതട്ടൽ നിർത്തിപോകും. അങ്ങിനങ്ങനെ രജീവൻ പിന്നെ നമ്മടെ പോസ്റ്റിന്റെ അടുത്തേക്കു വരില്ല”

“അപ്പോ ഞാൻ എവടാ നിക്കണ്ടേ?”

സന്തോഷ് പറഞ്ഞുനിർത്തി. “ഹ പോസ്റ്റിന്റെ അടുത്ത്. ബാക്ക് പിന്നല്ലാണ്ട് എവിടാടാ നിക്കാ. മനസ്സിലായാ?”

മനസ്സിലായെന്നോ ഇല്ലെന്നോ ഉള്ള അർത്ഥത്തിൽ തമ്പി തലയാട്ടി. സന്തോഷ് ആത്മസ്നേഹിതനായ മാധവൻ സുനിയുടെ അടുത്തേക്കു നടന്നു. കാര്യം പന്തുകളി ഭ്രാന്തനാണെങ്കിലും കളിക്കുമ്പോൾ വിവേകം എന്നത് അടുത്തൂകൂടി പോയിട്ടില്ല. എതിർടീമൊരു ഗോളടിച്ചാൽ സുനിയുടെ എല്ലാ നിയന്ത്രണവും പോകും. പിന്നെ രണ്ടുഗോൾ തിരിച്ചടിക്കാൻ ഒരുതരം പരക്കംപാച്ചിലാണ്. കളിയുടെ ബാലപാഠങ്ങൾ വരെ മറക്കും. ഫലം കൂടുതൽ ഗോളുകൾ ഏറ്റുവാങ്ങേണ്ടിവരും. സന്തോഷ് നയത്തിൽ കാര്യങ്ങൾ പറയാൻ തുടങ്ങി.

“സുന്യേയ്, ഇത് ഫുട്ബാൾ കളിയാണ് ചെലപ്പോ നമ്മ ഗോളടിക്കും. ചെലപ്പോ എതിർടീമും അടിക്കും”

സുനി കട്ടായം പറഞ്ഞു. “അവരെക്കൊണ്ട് അടിപ്പിക്കണ പ്രശ്നല്ല്യാ”

“എന്നു പറഞ്ഞാ ഒക്ക്വോ സുന്യേയ്. പന്ത് കള്യല്ലേ. അവർക്കും കളിക്കാനറീല്ലേ. ചെലപ്പോ ഒരുഗോള് നമക്കും വീണൂന്ന് വരും. അതില് വെഷമിക്കാനൊന്നൂല്ല്യാ”

“വെഷമിക്കാനൊന്നൂല്ല്യാന്നാ. ആരു പറഞ്ഞു വെഷമിക്കാനില്ലാന്ന്. നീയൊന്നു പോയേ സന്തോഷേ. ഒരു ഗോള് നമക്ക് വീണാപ്പിന്നെ, മൂന്നെണ്ണം അവർക്കടിച്ചട്ടാ കാര്യൊള്ളൂ. ആങ്

സന്തോഷിനു കുറച്ചു മണ്ണുവാരി വായിലിട്ടു ചവച്ചു തിന്നാൻ തോന്നി. അതാണ് ഭേദം.

അദ്ദേഹം അടുത്ത കളിക്കാരന്റെ അടുത്തെക്കു ചെന്നു. കോക്കാടൻ രവിയുടെ അനിയൻ കോക്കാടൻ സന്തോഷ് ആണ് താരം. ജൂനിയർ കോക്കാടൻ എന്നോ ‘സന്തോ’ എന്നോ പറഞ്ഞാലേ അറിയൂ. ഇദ്ദേഹത്തിനു അറിയാവുന്ന ഏകപണി അടുത്തേക്കു വരുന്ന പന്തുകൾ, വരുന്ന ദിശയിലേക്കു തന്നെ തിരിച്ചടിച്ചു വിടുകയാണ്. സ്വന്തം ടീമിന്റെ പോസ്റ്റിൽനിന്നു വരുന്ന പന്താണെങ്കിലും ജൂനിയർ കോക്കാടൻ നേരെയേ അടിക്കുള്ളൂ. അതിനാൽ ഇദ്ദേഹത്തെ എതിർപോസ്റ്റിനു അഭിമുഖമായി നിർത്താൻ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും പന്ത് നല്ലശക്തിയിൽ ഷൂട്ട് ചെയ്യുന്നതിൽ ഇദ്ദേഹത്തെ കവിഞ്ഞേ ആരുമുള്ളൂ. അതിനാൽ സ്റ്റോപ്പർ ബാക്കാണ്. ഏറ്റവും പ്രധാന പ്രത്യേകത ഇപ്പോൾ മനസ്സിലായില്ലേ? ജൂനിയർ കോക്കാടൻ കൂടെ കളിക്കുന്നവർക്കു ഇന്നുവരെ പാസ് കൊടുത്തിട്ടില്ല. ഈ രീതിക്കു മാറ്റം വരുത്തണമെന്നു നിശ്ചയിച്ചു സന്തോഷ് അടുത്തുചെന്നു. പരമപ്രധാനമായ കാര്യം ആദ്യമേ പറഞ്ഞു.

“സന്തോ നീയൊരിക്കലും നമ്മടെ ഗോൾപോസ്റ്റിന്റെ നേരെ തിരിഞ്ഞ് നിൽക്കര്ത് ട്ടാ. അറിയാലാ?”

“അറിയാം”

“നീ ബാക്കാന്ന് അറിയാലോ?”

“അതുമറിയാം”

“പിന്നെ നിന്റെ കാലീ പന്ത്‌വന്നാ നീയത് അടുത്തു നിക്കണ നമ്മടെ കളിക്കാരന് പാസ്കൊടുക്കും. അറിയാലാ?”

ജൂനിയർ കോക്കാടൻ എതിർത്തു. “പാസാ, എന്തൂട്ട് പാസ്!! പന്ത് മറ്റേടീമിന്റെ ബോക്സിലെത്തും. പോരേ”

“പോരാ സന്തോ. ബോൾ പൊസഷൻ നമ്മള്തന്നെ ആയിരിക്കണം”

“എന്നാപ്പിന്നെ നീ മാധവൻസുനീനോട് അവര്ടെ ബോക്ലില് ചെന്ന് നിക്കാമ്പറ. പന്ത് അവടെ വരും”

ഇരുവരുടേയും അടുത്തേക്കു വരികയായിരുന്ന മാധവൻസുനി അത് ശരിവച്ചു. “അതുമതി സന്തോ. നീ പന്ത് അവര്ടെ ബോക്സിലെത്തിച്ചാ മതി. പിന്നൊക്കെ ഞാനേറ്റു”

രണ്ടുപേരും കളിക്കളത്തിലേക്കു നടന്നു. സന്തോഷ് നെറ്റി കൈപ്പടത്തിൽ താങ്ങി നിരാശനായി നിന്നു. അതിനിടയിൽ മൽസരം ആരംഭിക്കുന്നതിനുള്ള വിസിൽ മുഴങ്ങി.

ഷാർപ്പ്ഷൂട്ടർ മത്സരം ഫുട്‌ബാളിലെ ട്വന്റി20 ആണെന്നു പറയാം. ലിമിറ്റഡ് എഡിഷൻ ഫുട്‌ബാൾ. രണ്ടു ഇടവേളകളിലായി ഇരുപതു മിനിറ്റാണ് സമയപരിധി. ഒരു ടീമിൽ അഞ്ചുപേർ. ഷാർപ്പ്ഷൂട്ടർ മത്സരത്തിനു രണ്ടുടീമിലും ഗോളിയുണ്ടാവില്ല. ഗോൾപോസ്റ്റ് വളരെ ചെറുതാണ്. ഒരാൾ ഗോൾപോസ്റ്റിനു മുന്നിൽ നിന്നാൽ ഗോൾ വീഴില്ല. അതിനാൽതന്നെ ഗോൾപോസ്റ്റിൽ ഏതെങ്കിലും കളിക്കാരൻ മനപ്പൂർവ്വം വഴിമുടക്കി നിന്നാൽ റഫറി സാഹചര്യത്തിനനുസരിച്ച് പെനാൽറ്റി വിളിക്കും. പെനാൽറ്റി എടുക്കുമ്പോൾ ഗോൾ പോസ്റ്റിൽ ആരും നിൽക്കാൻ പാടില്ല. എന്നാൽ ഗോൾ വീഴുമെന്നു ഉറപ്പാണോ? അതുമില്ല. കാരണം പെനാൽറ്റി സ്പോട്ട് മൈതാനത്തിന്റെ മധ്യഭാഗത്താണ്. പെനാൽറ്റികൾ ഗോളാകുന്നത് വളരെ അപൂർവ്വം. കളിക്കളത്തിനു ചെരിവുണ്ടെങ്കിൽ പ്രത്യേകിച്ചും. ഒരു ഷാർപ്പ്ഷൂട്ടർ ടൂർണമെന്റ് നടത്താൻ ഒരു ദിവസമേ വേണ്ടൂ. നാലഞ്ചു മണിക്കൂർ ആയാലും പ്രശ്നമില്ല.

വിവേകം കുറവാണെങ്കിലും അമിതാവേശക്കാർ ടീമിലുണ്ടെങ്കിലും ജിംഖാന ടീമിനു ചില മേന്മകൾ ഉണ്ടായിരുന്നു. പരീക്കപ്പാടത്തു പ്രാക്‌ടീസ് ചെയ്യുമ്പോൾ അസ്സൂറി എന്നുവിളിക്കപ്പെടുന്ന തെക്കൂട്ട് ആനന്ദൻ ചില ടെക്നിക്കുകൾ പറഞ്ഞുകൊടുക്കാറുണ്ട്. അപ്രകാരം ലോങ്റേഞ്ച് ഷോട്ടുകൾ ജൂനിയർ കോക്കാടൻ ഒഴികെയുള്ളവർ പൂർണമായും ഒഴിവാക്കി. ഗോൾപോസ്റ്റ് ചെറുതായതിനാൽ വിംങ്ങുകളിലൂടെയുള്ള ആക്രമണം കുറച്ചു. കോഴിപ്പാസുകൾക്കും, നീക്കങ്ങളുടെ ഒത്തിണക്കത്തിനും ചടുലതക്കും പ്രാമുഖ്യം കൊടുത്തു. പന്ത് പൊങ്ങാതെ കരുത്തുറ്റ ഗ്രൗണ്ട്ഷോട്ടുകൾ തൊടുക്കാൻ ശീലിച്ചു. എല്ലാത്തിനുമുപരി മഞ്ഞക്കാർഡ് വാങ്ങാതെ എങ്ങിനെ ഫൗൾ ചെയ്യാമെന്നു പഠിച്ചു. കായികമായി കളിക്കാരെ നേരിടേണ്ടത് ഷാർപ്പ്ഷൂട്ടർ മൽസരത്തിൽ അനിവാര്യമാണ്. ഈ പഠിച്ചതെല്ലാം പ്രാവർത്തികമാക്കിയാൽ ജയിക്കാമെന്നു സന്തോഷിനും അറിയാം.

ചെറുവാളൂരിലെ ടൂർണമെന്റിൽ ‘അസ്സൂറി’യുടെ ടെക്‌നിക്കുകൾ ജിംഖാന ടീം പ്രാവർത്തികമാക്കി. തമ്പി രജീവനെ കൃത്യമായി ‘മാർക്ക്’ ചെയ്തുകളിച്ചു. അത്യാവശ്യം കായികമായും തടഞ്ഞു. രജീവൻ തളർന്നതോടെ എതിർടീമിന്റെ മുന്നേറ്റം നിലച്ചു. രണ്ടാം പകുതിയിൽ കോഴിപ്പാസിന്റെ പിൻബലത്തോടെ ജിംഖാന പത്തുമിനിറ്റിനുള്ളിൽ രണ്ടു ഗോളടിച്ചു വിജയിച്ചു.

ഒറ്റ ദിവസം കൊണ്ടു നടത്തിയ ടൂർണമെന്റിൽ കാതിക്കുടം ജിംഖാനയുടെ കുതിപ്പ് സെമിഫൈനൽ വരെയെത്തി. പരീക്കപ്പാടത്തു കളിച്ചുപഠിച്ച കോഴിപ്പാസുകൾ അക്ഷരാർത്ഥത്തിൽ അതേപടി നടപ്പിലാക്കി. അതിന്റെ ബലത്തിൽ പന്തടിച്ചുകയറ്റാൻ ബുദ്ധിമുട്ടുള്ള ചെറിയ ഗോൾപോസ്റ്റിൽ, ഓരോകളിയിലും രണ്ടു ഗോളെങ്കിലും അടിച്ചുകയറ്റി. കളിമികവിനേക്കാൾ ശാരീരികമികവുകൊണ്ടു കളിച്ച ജിംഖാനയുടെ ഡിഫന്റർമാർ എതിർടീമിനെ പോസ്റ്റിനോടു അടുപ്പിച്ചില്ല. സെമിയിൽ രണ്ടുഫൗളുകൾ നടത്തിയ ജൂനിയർ കോക്കാടൻ കളത്തിനു പുറത്തിരുന്നപ്പോൾ തോറ്റു. പെനാൽറ്റി ഷൂട്ടൗട്ടിൽ അഞ്ചിൽ ഒന്നുപോലും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. ഒരെണ്ണം ലക്ഷ്യത്തിലെത്തിച്ചു ബ്രദേഴ്സിന്റെ ‘സി’ ടീം ഫൈനലിലെത്തി. അവർ ഫൈനൽജയിച്ച് കപ്പും നേടി. വളവനങ്ങാടിൽ ഫൈനലിലെത്തിയ ചരിത്രം ആവർത്തിച്ചില്ലെങ്കിലും സന്തോഷിനു സെമിഫൈനൽ പ്രവേശനവും ആഘോഷമായിരുന്നു. ജിംഖാന ക്ലബ്ബിലെ എല്ലാ കളിക്കാരുടെ വീട്ടിലേക്കും രണ്ടാഴ്ച റേഷനരി, പച്ചരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവ സൗജന്യമായി കൊടുത്തു.


കാതിക്കുടം ജിംഖാന ഇന്നും ഷാർപ്പ്ഷൂട്ടർ മൽസരങ്ങളിൽ നിറസാന്നിധ്യമാണ്. കൊയ്ത്തുകഴിഞ്ഞാൽ അവർ പരീക്കപ്പാടത്തു പരിശീലനത്തിനിറങ്ങും. പാടവരമ്പത്തു കുന്തിച്ചിരുന്നു ‘അസ്സൂറി’ കോഴിപ്പാസുകൾ രൂപകൽപന ചെയ്യും. ഒരു മാസത്തിനുള്ളിൽ ടീം മൽസരസജ്ജമാകുമെന്നു ഉറപ്പ്. സീസണിൽ മൂന്നു കപ്പെങ്കിലും റേഷൻകടയിലെ ഷോകേയ്‌സിലെത്തും.


2005ൽ ഒരുദിവസം പതിവുപോലെ രാവിലെ പത്തുമണിയോടെ റേഷൻകട തുറന്നു സാധനങ്ങൾ എടുത്തു കൊടുത്തു ആളൊഴിഞ്ഞപ്പോൾ ശങ്കരേട്ടൻ കട്ടിഫ്രെയിമുള്ള കണ്ണട ഊരിവച്ചു. ലെഡ്‌ജർ ബുക്കിൽ തലചായ്ച്ചു മയങ്ങി. മയക്കത്തിനിടയിൽ തന്നെ നിത്യതയിലേക്കു വഴുതി. അതിനുശേഷം ശാസ്താവിന്റെ കാണിക്കവഞ്ചിയിൽ എന്നും ഒരുരൂപ നാണയമിടുന്നത് സന്തോഷ് ആയി. ഇക്കാലത്തും മണ്ണെണ്ണ വാങ്ങാൻ ആളുകൾ വരുമ്പോൾ, കടയിലെ തിരക്ക് ഒഴിവുകഴിവായി പറഞ്ഞ്, വീപ്പയിൽനിന്നു മണ്ണെണ്ണ വലിക്കാൻ സന്തോഷ് ആരുടെയെങ്കിലും സഹായം തേടും. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ ചെവിയിൽ ഭൂതകാലത്തിൽ നിന്നുവരുന്ന ‘കരകര’ ശബ്ദം വന്നലക്കും.

“എടാ സന്തോഷേ”

അതു മതി. കുഴലെടുത്തു സന്തോഷ് തന്നെ മണ്ണെണ്ണ വലിക്കാൻ ഇറങ്ങും.

Sunday, January 6, 2013

ജിംഖാന കാതിക്കുടം - 1

                                           PART 1

കാതിക്കുടത്തെ ഓസീൻ കമ്പനിയിലേക്കു വരുന്ന സകല ടാങ്കൻലോറികളും, ടാങ്കില്ലാത്ത ലോറികളും കാതിക്കുടം ജംങ്ഷനിലെത്തുമ്പോൾ ബ്രേക്കിടും. അവർ മൊതയിൽ രവിയുടെ ചായക്കടയിൽ‌നിന്നു കട്ടനടിക്കും. ചായയുടെ പൈസകൊടുത്തു രവിയോടുതന്നെ സംശയം ചോദിക്കും.

“ഈ ഓസീൻ കമ്പനി എങ്കെയിരുക്ക് തമ്പീ?“

കടയിലെത്തുന്ന ലോറിക്കാർ ആരും ഈചോദ്യം ചോദിക്കാതെ പോകാറില്ലല്ലോ. രവി ടാർറോഡിലേക്കു ഇറങ്ങും. ഓസീൻ കമ്പനി കാണാമറയത്താണെങ്കിലും അടുത്തുകാണുന്ന വളവിലേക്കു കൈചൂണ്ടി പറയും.

“ഇവടന്നു കൊറച്ചങ്ങട് കഴിഞ്ഞാ ഒരു ഓട്ടുകമ്പനി കാണാം. ബിസ്മി ടൈലറി. അവടന്ന് വലത്തോട്ട് തിരിയാ. പിന്നെ നേരെപോയാ ചെറിയ ക്വാറീണ്ട്. അതിന്റെ എടതുവശത്തു ഒരു രണ്ടുനില കെട്ടിടണ്ട്. നല്ല കിണ്ണൻ ബിൽഡിങ്ങ്.”

ലോറി ഡ്രൈവർ അന്വേഷിക്കും. “അത് താനാ കമ്പനി?”

“അത് കമ്പന്യല്ല. അതെന്റെ വീടാ!” രവി തുടരും. “അവടന്നും കൊറച്ചുപോയാ ഒരു വളവിലെത്തും. വല്യ കുഴിയുള്ള വളവ്”

ഒരുതവണയെങ്കിലും ഇതുവഴി വന്നിട്ടുള്ള ലോറിക്കാരിൽ ചില ഓർമ്മകൾ തലപൊക്കും. “അങ്കെ ഒര് റേഷൻകട ഇല്ലവാ?”

രവി തിരുത്തും. “റേഷൻകട ചെലപ്പോ ഇല്ലാന്ന് വരും. പക്ഷേ കുഴി എന്തായാലൂണ്ടാവും”

പ്രത്യക്ഷത്തിൽ വിഡ്ഢിത്തമെന്നു തോന്നാമെങ്കിലും രവി പറഞ്ഞതിലും ശരിയുണ്ട്. റേഷൻകടയും അയ്യങ്കോവ് അമ്പലത്തിലെ കാണിക്കവഞ്ചിയുമുള്ള റോഡുവളവിൽ, ഇവ രണ്ടിനേക്കാളുംമുമ്പ് സ്ഥാപിതമായത് കുഴിയാണ്. എംഎൽഎമാരും പഞ്ചായത്തു ഭരണസമിതിയും വന്നും പോയുമിരുന്നു. വന്നവരെല്ലാം മണ്ണടിച്ചും, ഓട് പൊടിച്ചിട്ടും, അറ്റകൈയ്ക്കു ടാർ ചെയ്‌തും കുഴിനികത്തി. കൂടിയ കാലാവധി രണ്ടുമാസമാണ്. ഓസീൻ കമ്പനിയിലേക്കു വരുന്ന ഭാരംകൂടിയ അസംഖ്യം ലോറികൾ വളവിൽ ബ്രേക്ക് ചവിട്ടാതെ കറക്കിയെടുക്കുന്നതുമൂലം അരിക് കുറേശ്ശെ ഇടിഞ്ഞിടിഞ്ഞു റോഡ് രണ്ടുമാസത്തിനുള്ളിൽ വീണ്ടും കുഴിയാകും. മഴക്കാലമായാൽ കുളമാകും. വേനലാണെങ്കിൽ മെറ്റലടിച്ച റോഡാകും. ഓസീൻ കമ്പനിയിലേക്കു വരുന്ന ലോറികൾക്കു വഴിപറഞ്ഞു കൊടുക്കുന്നവർ ലാൻ‌ഡ്‌മാർക്കായി സൂചിപ്പിക്കുന്നത് വിഖ്യാതമായ ഈ കുഴിയെയാണ്.

രവി പറഞ്ഞുകൊടുത്ത അടയാളം മനസ്സിൽവച്ചു ലോറിഡ്രൈവർമാർ വണ്ടിയെടുക്കും. കുഴിയുള്ള വളവിലെത്തിയാൽ ഇടത്തോട്ടു തിരിഞ്ഞുനോക്കും. അവിടെ ‘സ്വാമി ശരണം’ എന്നെഴുതിയ ഭണ്ഢാരം. ഉടൻ ‘അയ്യാ സാമീ’ എന്നു ഉറക്കെവിളിച്ചു കൈകൂപ്പി തൊഴും. പിന്നെ വലത്തോട്ടു നോക്കും. അവിടെ ബോർഡിൽ ആംഗലേയത്തിലും മലയാളത്തിലും എഴുതിയിരിക്കുന്നതു തപ്പിപ്പിടിച്ചു വായിക്കാൻ ശ്രമിക്കും.

“കേരള സ്റ്റേറ്റ് പൊതുവിതരണ കേന്ദ്രം…… ലൈസൻസി: നമ്പോതപ്പറമ്പിൽ ശങ്കരൻ”

സംശയങ്ങൾ അതോടെ തീരും. റേഷൻകടയ്ക്കു തൊട്ടപ്പുറത്താണ് കക്കാടിലെ ആദ്യത്തെ വ്യവസായശാല.

നമ്പോതപ്പറമ്പിൽ ശങ്കരൻ എന്ന ശങ്കരേട്ടൻ റേഷൻകട തുടങ്ങാൻ ആദ്യം തിരഞ്ഞെടുത്ത സ്ഥലം കാതിക്കുടം ഗവൺമെന്റ് ആശുപത്രിക്കു സമീപമാണ്. പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മഗ്രാമമെന്ന പ്രശസ്തിമൂലം കേരളസംസ്ഥാനം രൂപീകരിച്ചു അധികം താമസിയാതെ കാതിക്കുടത്തു സ്ഥാപിതമായതാണ് ആശുപത്രി. ഇവിടെ റേഷൻകട തുടങ്ങാമെന്നു തീരുമാനിച്ചെങ്കിലും രണ്ടാമത്തെ ആലോചനയിൽ, കാതിക്കുടത്തും കക്കാടിലും താമസിക്കുന്നവർക്കു പെട്ടെന്നു എത്തിച്ചേരാവുന്ന സ്ഥലമാണ് നല്ലതെന്നു മനസ്സിലാക്കി. ഓസീൻകമ്പനിക്കടുത്തു കട തുടങ്ങുന്നത് അങ്ങിനെയാണ്. വളവിൽ കുഴി അന്നേയുണ്ട്.

എൺപതുകളാണ് കാലം. കേരളത്തിൽ പൊതുവിതരണ സമ്പ്രദായം വളരെ ശക്തമായിരുന്നു. പുഴുക്കല്ലരി, പച്ചരി, മണ്ണെണ്ണ എന്നിവയ്ക്കു ജനങ്ങൾ പൂർണമായും ആശ്രയിക്കുക റേഷൻകടകളെയാണ്. സ്റ്റേഷനറി കടകൾ അപൂർവ്വമായതിനാൽ റേഷൻകട ഉടമകൾക്കു കച്ചവടം ലാഭകരമായിരുന്നു. അരിക്കു പുറമേ മാസത്തിലൊരിക്കൽ പഞ്ചസാരയും ലഭിക്കും. വൈദ്യുതീകരണം എല്ലായിടത്തും എത്താത്തതിനാൽ മണ്ണെണ്ണക്കും ആവശ്യക്കാരുണ്ട്. സമീപസ്ഥലങ്ങളിൽ പലചരക്കുകടകൾ ഇല്ലാത്തതിനാൽ ഒരു പലചരക്കുപീടികയും റേഷൻ‌കടയോടു അനുബന്ധിച്ചു തുടങ്ങി. എന്നും ക്ഷേത്രഭണ്ഢാരത്തിൽ ഒരുരൂപ നാണയമിടുന്നതുകൊണ്ടോ, അല്ലെങ്കിൽ ‘കടം കൊടുക്കുന്ന പ്രശ്നമില്ല’ എന്നു വെള്ളപ്പേപ്പറിൽ, എല്ലാവരും കാൺകെ, കടക്കുമുന്നിൽ എഴുതിവച്ചതു കൊണ്ടോ എന്നറിയില്ല, ശങ്കരേട്ടന്റെ വ്യാപാരം അഭിവൃദ്ധി നേടി.

ശങ്കരേട്ടനു ആണും പെണ്ണുമായി ഒരു സന്താനമേയുള്ളൂ. മകൻ സന്തോഷ്. സ്‌തുതർഹ്യമായ രീതിയിൽ സ്‌കൂൾവിദ്യഭ്യാസവും കോളേജ്പഠനവും പൂർത്തിയാക്കിയ ശേഷം അദ്ദേഹം റേഷൻകടയിൽ സാധനങ്ങൾ തൂക്കിക്കൊടുത്തു അച്‌ഛനെ സഹായിക്കൻ തുടങ്ങി. കാലത്തു പത്തുമണിയോടെയാണ് ശങ്കരേട്ടൻ റേഷൻകട തുറക്കുക. അപ്പോഴും ഉറക്കക്ഷീണം മാറിയിട്ടുണ്ടാകില്ല. പത്തുമിനിറ്റ് ഒഴിവുകിട്ടിയാൽ അദ്ദേഹം മയങ്ങും. രാവിലെ ഉപഭോക്താക്കൾ കുറവായിരിക്കുമെന്നതിനാൽ മയക്കം പതിവാണ്. കടയിൽ ആരെങ്കിലും വന്നാൽ തട്ടിവിളിക്കണം. തടിച്ചഫ്രെയിമും കറുത്തവള്ളിയുമുള്ള കണ്ണട ധരിച്ചു, തല കുറച്ചു ഉയർത്തിപ്പിടിച്ചു, ശങ്കരേട്ടൻ കടലാസിൽ കണക്ക് കുത്തിക്കുറിക്കും. റേഷൻകാർഡ് വാങ്ങി അതിലും അടയാളപ്പെടുത്തും. പിന്നെ കണ്ണടയൂരി ‘കരകര’ ശബ്ദത്തിൽ ഒരു വിളിയാണ്.

“എടാ സന്തോഷേ”

ഉടനെ എത്തിക്കോളണം. അതാണ് ആജ്ഞ. പലചരക്കുകടയിലെ തിരക്കു മാറ്റിവച്ചു മകനെത്തിയാൽ നിർദ്ദേശങ്ങളുടെ കുത്തൊഴുക്കാണ്. ‘ജാനൂന്ന് അഞ്ചുകിലോ അരി’ ‘ഭാസ്കരൻനായർക്കു രണ്ടുകിലോ ഗോതമ്പ്’ ഇങ്ങിനെ അനസ്യൂതം നിർദ്ദേശങ്ങൾ എത്തും. എന്തൊക്കെ വേണമെങ്കിലും സഹിക്കാൻ സന്തോഷ് തയ്യാറാണ്, മണ്ണെണ്ണ വലിക്കുന്നത് ഒഴികെ. മണ്ണെണ്ണ കാര്യം കേൾക്കുമ്പോൾ സന്തോഷ് ആരോടെന്നില്ലതെ ഈർഷ്യയോടെ പറയും.

“മണ്ണെണ്ണ വലിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. കടേല് ദേ ആളോള് തെരക്ക് കൂട്ടണ്”

മകൻ നിസ്സഹകരിക്കുമെന്നു അറിയാവുന്ന ശങ്കരേട്ടൻ രണ്ടാമതും ‘കരകര’ ശബ്ദത്തിൽ വിളിക്കും.

“എടാ സന്തോഷേ...”

മകൻ രാജിയാകും. നീണ്ട കുഴലെടുത്തു മണ്ണെണ്ണവീപ്പക്കു അടുത്തെത്തി, ഇരുമ്പുകൊണ്ടൂള്ള പിടി ഉപയോഗിച്ചു അടപ്പുതുറന്നു, കുഴലിന്റെ ഒരറ്റം വീപ്പയിൽ മുക്കും. മറ്റേയറ്റം ലുങ്കികൊണ്ടു വൃത്തിയായി തുടച്ചു, സ്വന്തം വായിൽതിരുകി വലിയോടു വലി. മണ്ണെണ്ണ കുഴലിലൂടെയൊഴുകി വായിലെത്താറാകുമ്പോൾ കുഴലഗ്രം വീപ്പക്കരുകിലെ പാട്ടയിലേക്കു താഴ്ത്തും. പക്ഷേ മിക്കപ്പോഴും ഒന്നുരണ്ടു തുള്ളി മണ്ണെണ്ണ വായിൽ വീഴുകയോ, അല്ലെങ്കിൽ മണ്ണെണ്ണച്ചുവ പരക്കുകയോ ചെയ്യും. ഇതിലും വെറുക്കുന്നതായി മറ്റൊന്നും സന്തോഷിന്റെ ജീവിതത്തിലില്ല.

ഒരുകൊല്ലം കഴിഞ്ഞപ്പോൾ ശങ്കരേട്ടൻ പലചരക്കുകടയുടെ നടത്തിപ്പ് മകനു വിട്ടുകൊടുത്തു. കുറച്ചു കാശ് കയ്യിൽവരുന്ന കാര്യമായതിനാൽ സന്തോഷ് ആഹ്ലാദിച്ചു. പക്ഷേ റേഷൻകടയിലെ ചില്ലറക്ഷാമം മൂലം വിചാരിച്ചതൊന്നും നടന്നില്ല. സകലമാന റേഷൻകടകളേയും പോലെ ചില്ലറയുടെ കാര്യത്തിൽ ശങ്കരേട്ടന്റെ കടയിലും പരമദാരിദ്ര്യമാണ്. ചില്ലറക്ഷാമം പരിഹരിക്കാനാണ് അദ്ദേഹം പലചരക്കുകട തുടങ്ങിയതെന്നുവരെ പറച്ചിലുണ്ട്. ഉപഭോക്താവ് തരുന്ന നൂറുരൂപ നോട്ടുവാങ്ങി മേശവലിപ്പിലിട്ടു ശങ്കരേട്ടൻ കൂളായി പലചരക്കുകടക്കു നേരെ വിരൽചൂണ്ടും.

“ചില്ലറ അവിടന്ന് വാങ്ങിച്ചോ”

ഓ ഇത്രയേയുള്ളൂ എന്നു ചിന്തിച്ചു അപ്പുറത്തേക്കു തിരിയുന്ന വ്യക്തി ആദ്യം കാണുക, കൈമുട്ടിനുശേഷമുള്ള സന്തോഷിന്റെ കയ്യാണ്. അഞ്ചുവിരലുകളും ‘ചില്ലറ ഇല്ല‘ എന്ന വ്യഗ്യത്തിൽ പരസ്പരം ചുംബിക്കുകയും, നാണത്തോടെ അകന്നുമാറുകയും ചെയ്യും. ചില്ലറയുടെ അവകാശി വീണ്ടും ശങ്കരേട്ടനുനേരെ തിരിയുമ്പോൾ റെഡിമെയ്‌ഡ് മറുപടി കിട്ടും.

“നീ പോയി വാങ്ങിച്ചോടാ. അതും എന്റെ കട തന്ന്യാ”

ആഗതൻ അപ്പുറത്തെത്തും. സന്തോഷ് ചൂടാകും. “ഇവടെ എന്തൂട്ട്ണ്ടായിട്ടാ വന്നേക്കണെ. ചില്ലറേല്ല്യ, ഒരു കോപ്പൂല്ല്യ”

അപ്പോൾ റേഷൻകടയിൽനിന്നു വീണ്ടും ‘കരകര’ ശബ്ദമുയരും.

“എടാ സന്തോഷേ”

അച്‌ഛന്റെ അത്തരം വിളിയിൽ തീരുന്നതായിരുന്നു മകനിലെ കലാപബോധം.

രാവിലെ എട്ടുതൊട്ടു പത്തുവരേയും വൈകുന്നേരം അഞ്ചുതൊട്ടു രാത്രി എട്ടരവരെയുമാണ് പലചരക്കുകടയിൽ തിരക്കേറുക. രാവിലെ പത്തുകഴിഞ്ഞാൽ സന്തോഷിനു കടയിൽ പ്രത്യേകിച്ചു പണിയൊന്നുമില്ല. പീടികയുടെ തൂണിനരുകിൽ പുല്‍‌പായവിരിച്ചു നിവര്‍ന്നുകിടന്നു മനോരാജ്യം കാണലും, അത്യാവശ്യം വായനയുമായി സമയം ചിലവിടും. നാന, ചിത്രഭൂമി തുടങ്ങിയ സിനിമ മാസികകൾ മാത്രമല്ല, ഗൗരവമായ നോവലുകളിലൂടെയും കടന്നുപോകാറുണ്ട്. പനമ്പിള്ളി സ്മാരക വായനശാലയിൽ മെമ്പർഷിപ്പുള്ള പുസ്തകപ്രേമി കൂടിയാണ് ഇദ്ദേഹം.

ഒരുദിവസം കടയിലെ തിരക്കൊഴിഞ്ഞപ്പോൾ സന്തോഷ് പതിവുപോലെ പുല്പായ തട്ടിക്കുടഞ്ഞു വിരിച്ചു. വായനശാലയിൽ നിന്നെടുത്ത നോവൽ വായിക്കാൻ തുടങ്ങി. അപ്പോഴാണ് അകലെനിന്നു അനൌണ്‍‌സ്മെന്റ് കേട്ടത്. ക്രമേണ അതു അടുത്തടുത്തു വന്നു.

“പ്രിയപ്പെട്ട നാട്ടുകാരെ... അന്നമനട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലകേരള ഫുട്ബാൾ മത്സരത്തിൽ ഇന്നു തൃശൂർ ജിംഖാനയെ കറുകുറ്റി പ്രീമിയർ ഇലവൻ നേരിടുന്നു. രാത്രി എട്ടുമണിക്ക് ആരംഭിക്കുന്ന മൽസരത്തിൽ..”

ഇങ്ങിനെയായിരുന്നു അനൗൺസ്‌മെന്റ്. സന്തോഷ് തരിമ്പും പ്രാധാന്യം കൊടുത്തില്ല. അദ്ദേഹം കറകളഞ്ഞ ക്രിക്കറ്റ് പ്രേമിയാണ്. കൗമാരത്തിൽ ‘കാതിക്കുടം ഗ്രാമിക’യുടെ വണ്‍‌ഡൌൺ ബാറ്റ്സ്മാനായിരുന്നു സന്തോഷ്. സുപ്രധാനമായ സ്ഥാനം. പക്ഷേ ഓപ്പണർ കുഞ്ചുവിനയൻ സകലകളിയിലും അരസെഞ്ചുറി അടിക്കുമെന്നതിനാൽ കാര്യമായ റോൾ ഇല്ലായിരുന്നു. പീടികയിൽ അച്ഛനെ സഹായിക്കാൻ തുടങ്ങിയതോടെ ക്രിക്കറ്റുകളി നിര്‍ത്തി. എങ്കിലും പതിനൊന്ന് ഇഞ്ചിന്റെ ടെലിവിഷൻ കടയിൽ വാങ്ങിവച്ചു സകലകളിയും വിടാതെ കാണാറുണ്ട്. ലൈവായി കിട്ടാത്ത മത്സരങ്ങളുടെ കമന്ററി കേൾക്കും. ഫലം സ്കൂളിൽ പച്ചതൊടാത്ത ഹിന്ദി വെള്ളംപോലെ പിന്നീടു വഴങ്ങി.

സന്തോഷിനെ അപേക്ഷിച്ച് ബാല്യകാല കൂട്ടുകാരനും ‌കമ്പനിക്കടുത്തു ഹോട്ടൽ നടത്തുന്നവനുമായ മാധവൻസുനി കടുത്ത ഫുട്ബാൾപ്രേമിയാണ്. കാതിക്കുടത്തു ഗ്രാമികയ്ക്കു സമാന്തരമായി ഫുട്ബാൾക്ലബ്ബ് രൂപം‌കൊടുക്കാൻ, കെബിആറിന്റെ അനിയൻ കോക്കാടൻ സന്തോഷിനൊപ്പം എല്ലാഅടവും പയറ്റിയ വ്യക്തി. പരീക്കപ്പാടത്തു ഫുട്‌ബാളുമായി ഇറങ്ങിയ ആദ്യത്തെ ആൾ. പിൽക്കാലത്തു പരീക്കപ്പാടം ഒരുപാടു ടീമുകളുടെ ഫുട്‌ബാൾഗ്രൗണ്ടായി മാറിയെങ്കിലും അവിടെ ആദ്യമായി പന്തുകളിച്ചത് മാധവൻ സുനിയും കോക്കാടൻ സന്തോഷുമാണ്. ക്രിക്കറ്റ് പിച്ചിൽനിന്നു ദൂരെ ‘ഉസ്താദ് രാഘവ’ന്റെ കണ്ടത്തിൽ പന്തുതട്ടാൻ അവർ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ എതിർത്തു. തുടർച്ചയായ നിസ്സഹകരണം മൂലം ഇരുവരും താമസിയാതെ പിന്തിരിയുകയും ചെയ്തു. അന്നു ഫുട്‌ബാൾകളിയെ തുറന്നെതിർത്ത, ക്രിക്കറ്റ്പ്രേമിയായ സന്തോഷ് പിൽക്കാലത്തു ഫുട്ബാളിലേക്കു ആകർഷിക്കപ്പെടാനും അതുവഴി കാതിക്കുടത്തെ ആദ്യഫുട്ബാൾ ക്ലബ്ബ് രൂപീകരിക്കാനും ഇടയായത് അന്നമനട പഞ്ചായത്ത് സ്റ്റേഡിയത്തിൽ തൃശൂർ ജിംഖാനയുടെ കളി കണ്ടതോടെയാണ്.

പുൽപായയിൽ കിടക്കുമ്പോൾ കേട്ട അനൗൺമെന്റിനു പ്രാധാന്യം കൊടുത്തില്ലെങ്കിലും, ജീപ്പിനു പിന്നാലെയോടി നോട്ടീസ് കരസ്ഥമാക്കിയ പിള്ളേർ നീട്ടിയ നോട്ടീസ് വായിച്ചില്ലെങ്കിലും, വൈകുന്നേരം മാധവൻസുനി സൗജന്യമായി ടിക്കറ്റെടുത്തു തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചപ്പോൾ, മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ, കളികാണാൻ തീരുമാനിച്ചു. തണുപ്പുള്ള രാത്രിയിൽ, കപ്പലണ്ടി കൊറിച്ചു, കവുങ്ങിൻ ഗാലറിയിലിരുന്നു കണ്ട കളി അദ്ദേഹം നന്നായി ആസ്വദിച്ചു. നീഗ്രോകൾ ഉൾപ്പെടെയുള്ളവരുടെ പ്രകടനത്തിൽ ഹരം കയറി. അതു കണ്ടറിഞ്ഞു പിറ്റേന്നും മാധവൻസുനി ടിക്കറ്റെടുത്തു കൊടുത്തു. അതിന്റെ പിറ്റേന്നു രണ്ടുപേരും അവരവരുടെ ടിക്കറ്റെടുത്തു. ശേഷമുള്ള മൽസരങ്ങളുടെയെല്ലാം ടിക്കറ്റുകൾ സന്തോഷ് മാധവൻസുനിക്കു എടുത്തു കൊടുക്കുകയായിരുന്നത്രെ. അത്രക്കു ആവേശം. അന്നമനട ടൂര്‍ണമെന്റിൽ പതിവുപോലെ തൃശൂർ ജിംഖാനയുടെ ആധിപത്യം പൂര്‍ണമായിരുന്നു. ഒരുകളിയും തോല്‍ക്കാതെ അവർ കപ്പ് കൊണ്ടുപോയി. അതിനുമുമ്പ് മൂന്നുകൊല്ലവും കപ്പ് പോയതു തൃശൂര്‍ക്കു തന്നെയാണെന്നു അറിഞ്ഞതോടെ സന്തോഷ് ജിംഖാനയുടെ ആരാധകനായി. രണ്ടുമാസം പിന്നിട്ടപ്പോൾ, മാധവൻ സുനിയോടൊപ്പം, കക്കാടിലെ ആദ്യത്തെ ഫു‌ട്‌ബാൾക്ലബ്ബിനു രൂപം കൊടുത്തു. ജിംഖാന കാതിക്കുടം എന്നു നാമകരണം ചെയ്തു. ക്യാപ്റ്റൻ പന്തുകളി ഭ്രാന്തനായ മാധവൻ സുനി. കാണാനുള്ള ആവേശം കളിക്കാനില്ലാത്തതിനാൽ സന്തോഷ് ടീം മാനേജർ. കളിക്കാരെല്ലാം പരിശീലകരും.
 
(ഉടനെ തുടരും...)