Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, December 15, 2013

ഒരു ഭക്തൻ - 2

ജനാർദ്ദനൻ ശബരിമലക്കു പോകുന്ന വാർത്ത കക്കാടിലെ ആസ്ഥാന എത്തീസ്റ്റുകളായ വാസുട്ടനും തമ്പിയും അറിയുന്നത് മര്യാദാമുക്കിൽ വച്ചാണ്. വാർത്തകേട്ടു ഇരുവരും ഞെട്ടിത്തരിച്ചു. ഉറച്ച അണികൾ കൊഴിയുകയാണ്. ഇനി അഞ്ചാറ് പേരേ ബാക്കിയുള്ളൂ. അതിൽ ആകുലനായി വാസുട്ടൻ ചോദിച്ചു.

“തമ്പ്യേയ്... എന്തൂട്ടാ ഇതിന് പിന്നിലെ കളി?”

തമ്പി പതിവ് ഡയലോഗ് അടിച്ചു. “നമക്കൊന്ന് പൂശ്യാലോ”

“ആരെ?”

“ജനഞ്ചേട്ടനെ വിശ്വാസിയാക്ക്യ ആളെ”

“അത് വേണ്ടത് തന്നെ. പക്ഷേ ആളെ അറിയില്ലല്ലോ”

കുറച്ചുനേരം ഇരുവരും മിണ്ടാതിരുന്നു. വാസുട്ടൻ മതിൽമഞ്ചത്തിൽ ചാഞ്ഞു കിടന്നു. തല ഇടതുകയ്യാൽ താങ്ങി.

“ജനഞ്ചേട്ടന് തന്നെത്താൻ ഇങ്ങനെ തോന്നാൻ ന്യായല്ല്യ”

“അതേന്ന്” തമ്പി ശരിവച്ചു.  “ദെവസം മുഴ്വോൻ പറമ്പുകെളച്ചും വൈന്നേരം ഇത്തിരി മോന്തീം സുഖായി ജീവിച്ച് പോണ ആളാ. തന്ന്യൊന്നും തോന്നില്ല. പോരാഞ്ഞ് കയ്യീന്ന് കാശ് പോണ ഏർപ്പാടല്ലേ”

വാസുട്ടൻ സംശയം നിരത്തി. “ഇനീപ്പോ നമ്മടെ മണികണ്ഠൻ വാരരെങ്ങാനും കളിച്ചതാണോ?”

തമ്പി വാസുട്ടന്റെ അരികിലേക്കു നീങ്ങിയിരുന്നു. പ്രതിയെ പിടികിട്ടി. ഇനി പൂശാൻ വൈകിക്കണ്ട എന്ന മാനസികനിലയിലാണ് അദ്ദേഹം.

“ആഹാ, അവൻ തന്ന്യായിരിക്കൊള്ളൂ ഇതിനു പിന്നീ”

ഒന്നു നിർത്തിയിട്ടു തമ്പി തുടർന്നു. “ആ വാരര് അല്ലേലും ഒരു ജഗജില്ല്യാ. പുള്ളി വന്നശേഷം ചെല പെണ്ണങ്ങൾടെ ഭക്തി കൂടീണ്ടോന്ന് എനിക്കൊരു ഡവുട്ട്ണ്ട്. നമ്മടെ കുഞ്ഞിസനു വാരരായിര്ന്നപ്പോ അമ്പലം അടച്ചുപൂട്ടണ്ട അവസ്ഥായിരുന്നു. അതീന്നാ കരകേറ്യേക്കണത്”

വാസുട്ടൻ പറഞ്ഞു. “മണികണ്ഠൻ ആളോളെ ഭക്തിമാർഗത്തിൽക്ക് നയിക്കണ്ണ്ടെങ്കീ നമക്കത് തടയണം”

തമ്പി ഊന്നിപ്പറഞ്ഞു. “അതുപിന്നെ പറയാന്‌ണ്ടാ. പൂശന്നെ വഴി”

വാസുട്ടൻ ചിന്തയിലാണ്ടു. യുക്തിവാദധാരയിൽ മാർഗദർശിയായി നിലകൊണ്ട വ്യക്തി ഈ ചതി ചെയ്യുമെന്നു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കൗമാരത്തിലും യൗവനത്തിലും അദ്ദേഹം ആദർശത്തിൽനിന്നു അണുവിട വ്യതിചലിച്ചിട്ടില്ല. പിന്നെ ഈ മദ്ധ്യവയസ്സിൽ കാൽമാറ്റി ചവിട്ടുമെന്നു ആരറിഞ്ഞു.

വാസുട്ടൻ പറഞ്ഞു. “തമ്പ്യേയ്. നമക്ക് ജനഞ്ചേട്ടനോടും മണികണ്ഠനോടും ഒന്നു സംസാരിക്കാം. എന്നട്ട് മതി ആക്ഷൻ”

തമ്പി സമ്മതിച്ചു.

പിറ്റേന്നു രാവിലെ അമ്പലത്തിലേക്കു വേണ്ട പൂക്കളും തുളസിയിലയും പറിക്കാനിറങ്ങിയ മണികണ്ഠനൊപ്പം തമ്പിയും കൂടി. ലോഹ്യഭാവത്തിൽ സംസാരം തുടങ്ങി.

“നീ ഇത്തവണ മലയ്‌ക്കു പോണില്ലേ മണികണ്ഠാ?”

മണികണ്ഠൻ ഇല്ലെന്നു ചുമലനക്കി. “ഞാൻ ഇന്നേവരെ ശബരിമലയ്ക്കു പോയിട്ടില്ല”

ശബരിമലയിൽ പോയിട്ടില്ലാത്ത വാരരോ! തമ്പിക്കു അൽഭുതവും ആവേശവുമായി. ഒന്നു ആഞ്ഞുപിടിച്ചാൽ മണികണ്ഠനെ എത്തിസത്തിലേക്കു ആകർഷിക്കാൻ പറ്റില്ലേ? ഉവ്വെന്നു തോന്നി. വാസുട്ടനോടു ആലോചിച്ചു വേണ്ടതു ചെയ്യണമെന്നു മനസ്സിൽ കുറിച്ചിട്ടു.

തമ്പി വന്ന കാര്യം അവതരിപ്പിച്ചു. “നമ്മടെ ജനഞ്ചേട്ടൻ മലക്ക് പോണ്ണ്ടെന്ന് കേട്ടു”

“ആങ്, ശര്യാ. ആൾക്കു ഈയിടെ നല്ല ഈശ്വരബോധാ”

തമ്പി ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ അൽഭുതം ഭാവിച്ചു. “അതെന്തു പറ്റി, അങ്ങിനെ വരാൻ?”

“പുള്ളീനെ കൊറച്ചുനാള് മുമ്പ് ഒരാള് തല്ലി. ആൾടെ പൊറത്ത് ഇപ്പോഴും അതിന്റെ പാട്‌ണ്ടെന്നാ നാട്ടാര് പറേണെ”

തമ്പിയാകെ സ്തംഭിച്ചുപോയി. കായികമായി മർദ്ദിച്ചു ഒതുക്കലാണോ നടന്നത്.

“അതോണ്ടാണോ ജനഞ്ചേട്ടൻ ദൈവവിശ്വാസി ആയത്?”

“അതെ. ആ അടീലാ ആള് വീണെ. വേറാരും ഇതില് കുത്തിത്തിരുപ്പ് നടത്തീട്ടില്ല്യ”

തമ്പിയുടെ നിയന്ത്രണം പോയി. മണികണ്ഠനോടു രോഷത്തോടെ അന്വേഷിച്ചു.

“പറടാ, ആരാ ഞങ്ങടെ ജനഞ്ചേട്ടനെ തല്ല്യേ? അവന്റെ കൊടല് ഞാനൂരും. വേം പറ. ആരാ ആള്?”

മണികണ്ഠൻ പുശ്ചിച്ചു ചിരിച്ചു. “ഇതീ നിനക്കൊന്നും ചെയ്യാനില്ല തമ്പീ. നീ വിചാരിച്ചാ ഒന്നും നടക്കാനും പോണില്ല. ജനഞ്ചേട്ടൻ ഇനി സ്വാമീനെ വിട്ടു പോവില്ലാന്ന് നൂറുശതമാനം ഒറപ്പാ”

“ശതമാനക്കണക്കൊന്നും നീ തീരുമാനിക്കണ്ടാ. തമ്പീനെ വെലകൊറച്ച് കണ്ടോരൊക്കെ എന്നും പശ്ചാത്തപിച്ചിട്ടേയുള്ളൂ. നിന്റെ ഗതീം അതന്നെ”

മണികണ്ഠൻ ഭയന്നില്ല, അയഞ്ഞുമില്ല. പകരം കടുത്ത സ്വരത്തിൽ പറഞ്ഞു. “തമ്പീ ജനഞ്ചേട്ടനെ തല്ലീത് ഭഗവത്യാ. അതില് നീയെന്ത് ചെയ്യാനാ?”

ഭഗവതി! തമ്പി അമ്പരന്നു. വിശ്വാസം വരാതെ ചോദിച്ചു.

“ഭഗവതി തല്ലീന്നോ?”

തമ്പിയുടെ അമ്പരന്നഭാവം കണ്ടു മണികണ്ഠൻ പൊട്ടിച്ചിരിച്ചു. “അതേന്ന്. ഒറ്റ അടി. അതീ ജനഞ്ചേട്ടൻ കമഴ്ന്നടിച്ചു വീണു. പിന്നെ എണീറ്റത് പരമഭക്തനായിട്ടാ”

തമ്പി മണികണ്ഠനെ സൂക്ഷിച്ചുനോക്കി. അദ്ദേഹം പിച്ചുംപേയും പറയുകയാണോ? തമ്പിയുടെ കൂർപ്പിച്ച നോട്ടം കണ്ട് മണികണ്ഠൻ നിർത്താതെ ചിരിച്ചു. തമ്പി ഉടൻ, യാത്രപോലും പറയാതെ സ്ഥലംവിട്ടു.

വൈകുന്നേരം തമ്പിയും വാസുട്ടനും ജനാർദ്ദനനെ കാണാൻ തേമാലിപ്പറമ്പിനു അടുത്തുള്ള വീട്ടിലേക്കു ചെന്നു. തല്ലിയതാരാന്ന് അറിയണം. കനത്ത തിരിച്ചടി നൽകണം. ജനാർദ്ദനനെ വീണ്ടും എത്തീസ്റ്റ് പാതയിലേക്കു തിരിച്ചുകൊണ്ടു വരണം. ഇതൊക്കെയാണ് ലക്ഷ്യം.

ഇരുവരും എത്തുമ്പോൾ ജനാർദ്ദനൻ കുളിച്ചുവന്ന വേഷത്തിൽ സ്വാമി ഫോട്ടോയ്ക്കു മുന്നിൽനിന്നു ശരണം വിളിക്കുകയാണ്. അതേറെ നേരം നീണ്ടു. ഇരുവരും കാത്തുനിന്നു. ഇത്രയും ശരണങ്ങൾ ജനാർദ്ദനൻ എങ്ങിനെ പഠിച്ചെന്നു തമ്പി അൽഭുതപപ്പെട്ടു. ദൈവങ്ങളെ പറ്റി കമാന്ന് ഒരക്ഷരം ഉരിയാടാത്ത വ്യക്തിയാണ് ഇക്കണ്ട ശരണമൊക്കെ വിളിക്കുന്നത്. നല്ല കഥ!

കുറച്ചു സമയത്തിനുശേഷം ആതിഥേയൻ എത്തി. മുഴുവൻ കറുപ്പ് ഉടുത്തിരിക്കുന്നു. ഭസ്മക്കുറി. കഴുത്തിൽ മൂന്ന് രുദ്രാക്ഷമാലകൾ. ജനാർദ്ദനൻ ആകെ ശാന്തനും, അസ്വസ്ഥതകൾ ഒഴിഞ്ഞ മനസ്സുള്ളവനായും കാണപ്പെട്ടു.

വാസുട്ടൻ മറയൊന്നും കൂടാതെ പരുക്കൻ സ്വരത്തിൽ ചോദിച്ചു. “ഇതെന്താ ജനഞ്ചേട്ടാ ഞങ്ങ ഈ കാണണെ. ഇങ്ങനൊന്ന്വല്ലായിരുന്നല്ലാ കാര്യങ്ങൾ.”

തർക്കിയ്ക്കാൻ നിൽക്കാതെ ജനാർദ്ദനൻ പറഞ്ഞു. “സ്വാമി ശരണം. എല്ലാം ദൈവനിശ്ചയം”

വാസുട്ടൻ അസഹ്യത ഭാവിച്ചു. തമ്പി ചോദിച്ചു. “അല്ലാ... ജനഞ്ചേട്ടനെ ആരോ തല്ലീന്നും അതിനുശേഷാ ദൈവവിശ്വാസം തൊടങ്ങ്യേന്നും കേട്ടു. എന്താ സത്യാണോ?”

“അതെ”

“ആരാ തല്ല്യേ?”

ജനാർദ്ദനൻ മുകളിലേക്കു നോക്കി കൈകൂപ്പി. “അത് ഭഗവത്യായിരുന്നു”

ഭഗവതിയോ! മണികണ്ഠൻ വാരർക്കു ശേഷം ഇപ്പോഴിതാ ജനാർദ്ദനനും പറയുന്നു, തല്ലിയത് ഭഗവതിയാണെന്ന്. തമ്പിയും വാസുട്ടനും ഉമ്മറത്തിണ്ണയിൽ കയറിരുന്നു.

“അതെങ്ങന്യാ ജനഞ്ചേട്ടാ ഭഗവതി വന്നു തല്ലാ?”

ജനാർദ്ദനനും തിണ്ണയിൽ ഇരുന്നു. “നിങ്ങൾക്കു അതറിയണോ?”

ഇരുവരും ഒരുമിച്ചു പറഞ്ഞു. “വേണം”

“എന്നാൽ കേട്ടോ” ജനാർദ്ദനൻ സംഭവം വിവരിക്കാൻ തുടങ്ങി. അയ്യങ്കോവ് അമ്പലക്കുളത്തിൽ വച്ചു ഭഗവതി താഢിച്ച കഥ.
                                      -----------------------

നിരീശ്വരവാദിയാണ്. അതു നാട്ടുകാർക്കെല്ലാം അറിയാം. ജനങ്ങൾക്കിടയിൽ അത്യാവശ്യം പ്രവർത്തനങ്ങളും ഉണ്ട്. എന്നിട്ടും എന്തോ പോരായ്മ തന്നിൽ നിഴലിക്കുന്നുണ്ടെന്ന ചിന്ത ജനാർദ്ദനനെ അക്കാലത്തു പിടികൂടിയിരുന്നു. ജനങ്ങൾക്കിടയിലുള്ള പ്രവർത്തനം ഉദ്ദേശിച്ച ഫലം തരുന്നേയില്ല. എല്ലാവരും തന്റെ വാദഗതികൾ കേട്ടു തലകുലുക്കുമെങ്കിലും അവരെല്ലാം മുടങ്ങാതെ അമ്പലത്തിലും പോയി തല കുമ്പിടാറുണ്ട്. എന്താണ് ഇതിനു കാരണം? തന്റെ പരാജയമാണൊ? അതോ അവരുടെ പരാജയമോ? കുറേ നാൾ ‘എയ് എനിക്കെന്ത് പ്രശ്നം. എന്റെ നിലപാടുകൾ എല്ലാം ശരിയാണ്. പരാജയം മറ്റുള്ളവർ ആശയങ്ങളെ മനസ്സിലാക്കുന്നതിലാണ്’ എന്നു ജനാർദ്ദനൻ ചിന്തിച്ചു. പക്ഷേ സ്വയം വിലയിരുത്തലുകൾ അബദ്ധധാരണകളിലേക്കു നയിക്കാറുണ്ടെന്നു തോന്നിയതിനാൽ പിന്നീടു ധാരണകളിൽ കുറച്ചു അയവു വരുത്തി. അപ്പോൾ ഏതാനും പോരായ്മകൾ തലപൊക്കി.

ദൈവവിശ്വാസത്തിനെ എതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം ജനങ്ങൾക്കിടയിൽ മാത്രമാണ്. ജനങ്ങളിൽ കൂടുതൽ വിശ്വാസം ജനിപ്പിക്കത്തക്ക വിധത്തിൽ ദൈവവുമായി നേരിട്ടു ഒരു ഏറ്റുമുട്ടൽ താൻ ഇന്നുവരെ നടത്തിയിട്ടില്ല.

നേരിട്ടു ഏറ്റുമുട്ടാത്തിടത്തോളം കാലം ജനങ്ങൾക്കു തന്നെ അവിശ്വസിക്കാവുന്ന ഒരിടം വരുന്നുണ്ട്. അതിൽ തെറ്റുപറയാനും ആകില്ല. നാവിട്ടു അലയ്ക്കലല്ല പ്രധാനം. മറിച്ചു ആശയങ്ങൾ പ്രയോഗത്തിൽ വരുത്തുകയാണ്. അതിനാൽ ദൈവങ്ങളെ നിരാകരിക്കുന്ന എന്തെങ്കിലും പ്രത്യക്ഷ നടപടി എടുക്കണം. അതു നാട്ടുകാർ പരക്കെ അറിയണം. എങ്കിലേ ഒരു വില കിട്ടൂ. അമ്പലത്തിലെ ഉൽസവം കലക്കിയാലോ എന്നു ആലോചിച്ചെങ്കിലും തടി കേടാവുമെന്നതിനാൽ ഒഴിവാക്കി. കുറച്ചുകൂടി ലളിതമായ, എന്നാൽ ജനശ്രദ്ധ ആകർഷിക്കാവുന്ന പ്ലാൻ അന്വേഷിച്ചു.

സൂര്യൻ ഉച്ചിയിൽ നിൽക്കുന്ന നട്ടുച്ചനേരം, നാലാളുകൾ അറിയെ, അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിക്കാൻ ജനാർദ്ദനൻ തീരുമാനമെടുക്കുന്നത് അങ്ങിനെയാണ്.

വീട്ടിൽ ആരോടും പറഞ്ഞില്ല. അവർ കടുത്ത ഭക്തരാണ്.  പറഞ്ഞാൽ പുറത്തു പോകാൻ സമ്മതിക്കില്ല. മുറിയിലിട്ടു പൂട്ടും. സമയം പന്ത്രണ്ടര ആയപ്പോൾ അരയിൽ തോർത്തുമുണ്ട് ചുരുട്ടിക്കെട്ടി അതിനുമീതെ ഷർട്ട് ധരിച്ചു ജനാർദ്ദനൻ കുളിക്കാനിറങ്ങി. വീട്ടിൽനിന്നു നോക്കിയാൽ കണ്ണെത്താത്ത ദൂരമെത്തിയപ്പോൾ തോർത്തുമുണ്ട് അഴിച്ചു, വഴിയിലുള്ള സകലരും കാണുന്ന വിധം, തലേക്കെട്ട് കെട്ടി. അതുകൊണ്ടും ജനങ്ങൾക്കു പിടികിട്ടിയില്ലെങ്കിലോ എന്നു ശങ്കിച്ച് സോപ്പുപെട്ടി കൈകളിൽ അങ്ങോട്ടുമിങ്ങോട്ടും അമ്മാനമാടി. വഴിയിൽ കണ്ടവരോടെല്ലാം ‘ഇന്നു കുളിച്ചോടാ’ എന്നു അന്വേഷിച്ചു. എന്നിട്ടും ആരും തിരിച്ചു ‘ജനൻ എങ്ങടാ പോണെ’ എന്നു ചോദിച്ചില്ല. ഒടുക്കം ഒരാളോടു അങ്ങോട്ടുകയറി പറഞ്ഞു.

“ഞാൻ അമ്പലക്കൊളത്തീ ഒന്ന് കുളിക്കൻ പോവാ!”

കേട്ടവൻ അമ്പരന്നു. “അയ്യോ, ഈ നട്ടുച്ചയ്ക്കോ! ഭഗവതി നീരാട്ടിനെറങ്ങണ സമയല്ലേ. ഇപ്പോ അങ്ങട് പോണ്ടാ”

കാര്യങ്ങൾ ശരിയായ ദിശയിലെക്കു നീങ്ങിയതിനാൽ ജനാർദ്ദനൻ പൊട്ടിച്ചിരിച്ചു.

“ഹഹഹഹ. നാട്ടിൽ അങ്ങനൊരു അന്ധവിശ്വാസം വ്യാപകാണ്. നട്ടുച്ചയ്ക്ക് അമ്പലക്കൊളത്തീ കുളിക്കാനെറങ്ങര്ത്, എറങ്ങ്യാ ദേഹം സ്തംഭിക്കൂന്ന്. ഇന്ന് ഞാനത് പൊളിക്കും”

“വേണ്ട ജനാ. അതിനൊന്നും പോണ്ട. നമ്മടെ വേലായ്‌ധൻ ഒന്ന് രണ്ട് കൊല്ലം കെടപ്പിലായത് അങ്ങന്യാ. രണ്ടുകൊല്ലോം കെടന്ന കെടപ്പീത്തന്നെ എല്ലാം ചെയ്യേണ്ടിവന്നു. പിന്നെ പെമ്പറന്നോർത്തി ചോറ്റാനിക്കരേപ്പോയി മുട്ടിപ്പായി പ്രാർത്ഥിച്ചട്ടാ എണീറ്റ് നടന്നേ”

രണ്ടുകൊല്ലം കിടന്ന കിടപ്പിൽ എല്ലാം ചെയ്തുവെന്നു അറിഞ്ഞപ്പോൾ ജനാർദ്ദനൻ പതറാതിരുന്നില്ല. എങ്കിലും സധൈര്യം മറുപടി കൊടുത്തു.

“ആൾക്ക് പക്ഷാഘാതം വന്നത് അമ്പലക്കൊളത്തീ വച്ചായതാ കാര്യം. അല്ലാണ്ട്. ഞാൻ പോണ്”

അപരൻ പറഞ്ഞു. “ജനാ. ഞാൻ എന്തായാലും നിന്റെ വീട്ടിലൊന്ന് പറയാം, നീ അമ്പലക്കൊളത്തീ കുളിക്കാൻ പോയീണ്ട്ന്ന്”

ജനാർദ്ദനൻ അടിക്കാൻ കയ്യോങ്ങി.

“മിണ്ടാണ്ട് പോയ്ക്കോ പിള്ളേ. ആവശ്യല്ലാത്ത തൊല്ലയ്ക്കൊന്നും പോണ്ട. എന്റെ കൈ വൃത്തികേടാവും. നീയെങ്ങാനും വീട്ടീപ്പറഞ്ഞാ രജനീം പിള്ളേരും നെഞ്ചത്തടീച്ചൂണ്ട് ഓടിവരും. ഹാങ്. അതൊന്നും വേണ്ടാ, ഞാൻ ദേ പുഷ്പം പോലെ പത്തുമിനിറ്റിനുള്ളീ കുളിച്ചുവരും”

അപരൻ തിരിഞ്ഞുനടക്കെ ജനാർദ്ദനൻ ഓർമിപ്പിച്ചു. “വീട്ടീപ്പറയണ്ടാന്നേ ഞാമ്പറഞ്ഞൊള്ളൂ. നീയാ എസ്എൻഡി‌പീ പടിയ്ക്കൽ പോയി എല്ലാരോടും പറഞ്ഞോ. എന്നാ നന്നാവും. നിനക്ക് നാളെ ഒരു പാക്കറ്റ് ബീഡീം ഞാൻ വാങ്ങിത്തരാം”

അപരൻ തലകുലുക്കി. ജനാർദ്ദനൻ ഉൽസാഹത്തോടെ അമ്പലത്തിലേക്കു ആഞ്ഞു നടന്നു.

നട്ടുച്ചയാണ്. കൊല്ലുന്ന ചൂട്. അമ്പലത്തിന്റെ ഗേറ്റ് പൂട്ടിക്കിടക്കുന്നു. ജനാർദ്ദനൻ ചുറ്റും നോക്കി ആരുമില്ലെന്നു ഉറപ്പുവരുത്തി. ഗേറ്റ് ചാടി ഉള്ളിൽ പ്രവേശിച്ചു. അമ്പലപ്പറമ്പിലും ആരേയും കണ്ടില്ല. ഉച്ചയുടെ കനത്ത നിശബ്ദത മാത്രമുണ്ട്. സാഹചര്യങ്ങൾ ഭയപ്പെടുത്തിയെങ്കിലും, ജനാർദ്ദനൻ മനസ്സ് ഏകാഗ്രമാക്കി. പ്രദക്ഷിണ വഴിയിൽനിന്നു കുറച്ചു അകലംപാലിച്ചു, അമ്പലക്കുളം ലക്ഷ്യമാക്കി നടന്നു.

അയ്യങ്കോവ് ക്ഷേത്രക്കുളം വേനലിലും വറ്റാറില്ല. സമീപം കൃഷിയുള്ള പരീക്കപ്പാടമാണ്. തെളിനീർ പോലെയല്ലെങ്കിലും കുളിക്കാൻ തെറ്റില്ലാത്ത വെള്ളം വേനലിലും ഉണ്ടാകും. അനക്കമില്ലാതെ കിടക്കുന്ന വെള്ളത്തിൽനോക്കി ജനാർദ്ദനൻ കുറച്ചുനേരം നിന്നു. വെള്ളത്തിൽനിന്നു കണ്ണെടുക്കാതെ തന്നെ, യാന്ത്രികമായി ഷർട്ടഴിച്ചു, കുളത്തിന്റെ മതിൽക്കെട്ടിൽ ചുരുട്ടിവച്ചു. കുളക്കരയിൽ നിന്നുകൊണ്ട് അമ്പലത്തിനുനേരെ നോക്കി. ഒരിക്കൽ പോലും ശ്രീകോവിലിനു നേർക്കുനേർ നിന്നിട്ടില്ല. ഉൽസവത്തിനു ആനയെക്കാണാനും മേളം കേൾക്കാനും മാത്രമാണ് ക്ഷേത്രമതിൽക്കെട്ടിനകത്തു പ്രവേശിക്കുക. ശ്രീകോവിലിനു നേരെയുള്ള ദീപസ്തംഭത്തിനടുത്തു ഇന്നുവരെ നിന്നിട്ടില്ല. ജനാർദ്ദനൻ അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടു. വലിച്ചു തുറക്കാൻ വാതിലിൽ ഘടിപ്പിച്ചിട്ടുള്ള ഓട്ടുവളയങ്ങൾ സാവധാനം ചലിക്കുന്നുണ്ടായിരുന്നു. അതു കണ്ടെങ്കിലും, യുക്തിവാദിയുടെ മനസ്സ് ചഞ്ചലപ്പെടുത്താൻ ആ ചലനം പോരായിരുന്നു. ഇളംകാറ്റ് തൊട്ടു, പ്രപഞ്ചത്തിൽ ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഫോഴ്സുകൾ വരെ പ്രതിരോധത്തിനു ഉപയോഗിക്കാവുന്നതേയുള്ളൂ.

അയ്യങ്കോവ് ക്ഷേത്രക്കുളത്തിനു രണ്ടുസെറ്റ് പടികൾ ഉണ്ട്. ഒന്നാമത്തെ സെറ്റ് ഇറങ്ങിക്കഴിഞ്ഞാൽ കുളത്തിലേക്കു ഇറങ്ങാനുള്ള രണ്ടാമത്തെ സെറ്റ് പടികളുടെ തുടക്കത്തിൽ എത്തും. ആ പടികൾ കുളത്തിന്റെ അടിത്തട്ടുവരെ ഇറങ്ങിപ്പോകുന്നുണ്ട്. കുളത്തിനു രണ്ട് കടവുകൾ ഉണ്ട്; സ്ത്രീകൾക്കും, പുരുഷന്മാർക്കും. രണ്ടു കടവിനേയും സാമാന്യം പൊക്കമുള്ള കരിങ്കൽഭിത്തി വേർതിരിക്കുന്നു. അപ്പുറത്തു നിൽക്കുന്നവരെ ഇപ്പുറത്തുള്ളവർക്കു കാണണമെങ്കിൽ വെള്ളത്തിൽ ഇറങ്ങണം. പുരുഷന്മാർക്കുള്ള കടവിന്റെ പടികൾ കുറച്ചധികം ഇടിഞ്ഞതാണ്. അവിടം കരിങ്കല്ലുകൾ കൂർത്തുനിൽക്കുന്നുണ്ട്. ജലനിരപ്പിനു മുകളിലും താഴെയുമുള്ള പടികൾ അങ്ങിനെ തന്നെ. സൂക്ഷിച്ചില്ലെങ്കിൽ കാലിനു പരുക്ക് പറ്റിയേക്കാം.ഇക്കാരണങ്ങളാൽ ജനാർദ്ദനൻ സ്ത്രീകളുടെ കടവിൽ കുളിക്കാൻ തീരുമാനിച്ചു.

ഷർട്ടും മുണ്ടും അഴിച്ചുമാറ്റി, തോർത്തുമുണ്ട് ഉടുത്തു അദ്ദേഹം ആദ്യത്തെ സെറ്റ് പടികൾ ഇറങ്ങാൻ തുടങ്ങി. അപ്പോൾ അത്രനേരം ജ്വലിച്ചുനിന്നിരുന്ന സൂര്യപ്രകാശം പൊടുന്നനെ മങ്ങി. ഒരു നിഴൽ അമ്പലക്കുളത്തിലേക്കു ഇറങ്ങിപ്പോയതായും തോന്നി. നിശ്ചലമായ ജലനിരപ്പിൽ ചെറുഓളങ്ങളുയർന്നു. ജനാർദ്ദനൻ പടികൾ ഇറങ്ങുന്നത് നിർത്തി. ആൾ ഇറങ്ങിയതാണോ അതോ മാക്രി ചാടിയതോ? ഇറങ്ങിയ പടികൾ ഒക്കെയും അദ്ദേഹം തിരിച്ചുകയറി. ഒരുമിനിറ്റ് ചുറ്റിലും നോക്കി, എല്ലായിടവും നിരീക്ഷിച്ചു. ഒറ്റക്കുഞ്ഞ് പോലുമില്ല എങ്ങും. ഈ സമയത്തു അമ്പലപ്പറമ്പിൽ പുല്ലുതിന്നാൽ കൊണ്ടുകെട്ടാറുള്ള പശുക്കൾ പോലും ഇപ്പോളില്ല. ഉച്ചവെയിലിന്റെ നിശബ്ദത മാത്രം കൂട്ടിനുണ്ട്. ക്ഷേത്രമതിൽക്കെട്ടിനകത്തു ആരുമില്ലാത്തത് ജനാർദ്ദനനെ കുറച്ചധികം ഭയപ്പെടുത്തി. തിരിച്ചുപോയി വീട്ടിൽ കുളിച്ചാലോ എന്നുപോലും ഒരുഘട്ടത്തിൽ ആലോചിച്ചു.   

ജനാർദ്ദനൻ സൂഷ്മതയോടെ വീണ്ടും പടികൾ ഇറങ്ങാൻ തുടങ്ങി. ഇത്തവണ നിഴലുകൾ അനങ്ങിയില്ല. പക്ഷേ വീശിക്കടന്നു പോയ കാറ്റ് തന്നെ ‘ജനാാാ’ എന്നു വിലാപസ്വരത്തിൽ വിളിച്ചില്ലേയെന്നു അദ്ദേഹം സംശയിച്ചു. ഇറങ്ങിയ പടികൾ ഒക്കെയും വീണ്ടും തിരിച്ചുകയറി. എല്ലായിടവും നോക്കി. അമ്പലപ്പറമ്പിന്റെ ഒരുകോണിൽ ഭദ്രകാളിയെ കുടിയിരുത്തിയിരിക്കുന്ന ചെറിയ ശ്രീകോവിലിന്റെ വാതിൽ തുറന്നു കിടക്കുകയാണെന്നു കണ്ടു. ജനാർദ്ദനന്റെ നെഞ്ചിൽ കനം വീണു. ശരീരത്തിൽ വിയർപ്പ് പൊടിഞ്ഞു. വഴിയിൽ കണ്ട സുഹൃത്ത് പറഞ്ഞതോർത്തു. നട്ടുച്ചനേരത്തു അമ്പലക്കുളത്തിൽ ഭഗവതി നീരാട്ടിനിറങ്ങും. ആരും അപ്പോൾ കുളത്തിന്റെ പരിസരത്തു പോകരുത്. ശരീരസ്തംഭനം നിശ്ചയം.

ജനാർദ്ദനനിലെ യുക്തിചിന്ത ആ അവസരത്തിൽ സടകുടഞ്ഞു എഴുന്നേറ്റു. വെള്ളത്തിൽ കുളിച്ചാൽ ശരീരം സ്തംഭിക്കുന്നത് എങ്ങിനെയാണ്? ആരെങ്കിലും കായികമായി ആക്രമിച്ചാലോ അല്ലെങ്കിൽ തലച്ചോർ പ്രവർത്തിക്കാതിരുന്നാലോ അല്ലേ സ്തംഭനം വരൂ? ഭദ്രകാളി കോവിലിന്റെ വാതിൽ തുറന്നുകിടക്കുന്നുവെങ്കിൽ അതിനു കുളിയുമായി എന്തു ബന്ധം? ശ്രീധരസ്വാമി രാവിലെ പൂജ കഴിഞ്ഞു പോയപ്പോൾ അടയ്ക്കാൻ മറന്നതാകാനാണ് എല്ലാ സാധ്യതയും. ഈവിധ യുക്തിചിന്തകൾ ജനാർദ്ദനനെ ധൈര്യവാനാക്കി. പടികൾ സാവധാനം ഇറങ്ങുമ്പോഴാണ് ഭയം വരുന്നത്. അതില്ലാതാക്കാൻ വേഗത്തിൽ ഓടിയിറങ്ങി വെള്ളത്തിൽ ചാടുന്നതാണ് ബുദ്ധി. സോപ്പുതേച്ചു വീണ്ടും മുങ്ങാൻ നിൽക്കണ്ട. ഒറ്റ മുങ്ങലിനുശേഷം തിരിച്ചുകയറി തോർത്താമെന്നു ജനാർദ്ദനൻ തീരുമാനിച്ചു. ആരെങ്കിലും ചോദിച്ചാൽ വിസ്തരിച്ചു സോപ്പുതേച്ചു കുളിച്ചു, ചെരുപ്പ് മുതൽ അണ്ടർവെയർ വരെ അലക്കികഴുകി എന്നു തട്ടിവിടാം. നുണയാണെന്നു ആരോപിക്കാൻ ആരുമിപ്പോൾ സമീപത്തില്ലല്ലോ? ജനാർദ്ദനൻ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു.

ശ്വാസം ഉള്ളിലേക്കു ആഞ്ഞുവലിച്ച്, വൺ ടു. ത്രീ എന്നു മനസ്സിലെണ്ണി ജനാർദ്ദനൻ വേഗത്തിൽ പടികൾ ഓടിയിറങ്ങി. പതിവില്ലാത്ത ഓട്ടമായതിനാൽ കണങ്കാൽ ഉളുക്കിയെങ്കിലും കാര്യമാക്കിയില്ല. ജലനിരപ്പിനു അഞ്ചുപടി മുകളിൽ എത്തിയപ്പോൾ, വെള്ളത്തിലേക്കു ഡൈവ് ചെയ്യാൻ അദ്ദേഹം ഒന്നു ആഞ്ഞു. പക്ഷേ ദൗത്യം പൂർത്തികരിച്ചില്ല. അമ്പലക്കുളത്തിന്റെ മധ്യത്തിൽ അപൂർവ്വവും വിചിത്രവുമായ ഒരു ദൃശ്യം കണ്ട് ജനാർദ്ദനൻ ഓട്ടത്തിനും ഡൈവിങ്ങിനും സഡൻബ്രേക്കിട്ടു. ജലനിരപ്പിനു തൊട്ടുമുകളിലെ പടിയിൽവച്ചു മാത്രമാണ് മുന്നോട്ടുള്ള കുതിപ്പ് പൂർണമായും നിർത്താനായത്. എന്നിട്ടും കൈകൾ രണ്ടും വിരിച്ച് വെള്ളത്തിൽ വീഴാതെ ശരീരം ബാലൻസ് ചെയ്യേണ്ടി വന്നു. നിശ്ചലനായി നിന്നശേഷം ജനാർദ്ദനൻ അമ്പലക്കുളത്തിലേക്കു ഉദ്വഗഭരിതനായി നോക്കി.

കുളത്തിന്റെ മധ്യഭാഗത്തു ആരോ മുങ്ങിക്കിടക്കുന്നു! ചുവപ്പും മഞ്ഞയും കലർന്ന നീണ്ടവസ്ത്രമാണ് ധരിച്ചിരിക്കുന്നത്. രണ്ടുവശത്തേക്കും നീട്ടിപ്പിടിച്ച കൈകൾ നീന്തുന്നപോലെ സാവധാനം തുഴയുന്നുണ്ട്. മുങ്ങിക്കിടക്കുന്ന വ്യക്തിയുടെ മുഖം കാണാനാകാത്ത വിധത്തിൽ നിബിഢമായ തലമുടി വെള്ളപ്പരപ്പിൽ പരന്നുകിടക്കുന്നു.

കുളത്തിൽ മുങ്ങിക്കിടക്കുന്നത് ഒരു സ്ത്രീയാണെന്നു മനസ്സിലാക്കിയ ഉടൻ ‘അയ്യോ’ എന്ന നിലവിളി ജനാർദ്ദനന്റെ തോണ്ടവരെ എത്തിനിന്നു. നിലവിളി പുറത്തേക്കു ചാടിയത് ജലോപരിതലത്തിൽ വിതറിക്കിടന്ന മുടിയിഴകളിലൂടെ ഒരു ജോടി വാലിട്ടെഴുതിയ കണ്ണുകൾ പുറത്തേക്കു തലനീട്ടിയപ്പോൾ മാത്രം. സമയം പാഴാക്കാതെ അലറിക്കരഞ്ഞുകൊണ്ട് ജനാർദ്ദനൻ ഓടി. ജീവൻ കയ്യിൽപ്പിടിച്ചുള്ള ഓട്ടം. പക്ഷേ അഞ്ചെട്ട് പടികൾ കയറിയപ്പോഴേക്കും അദ്ദേഹത്തിന്റെ പുറത്തു അദൃശ്യമായ ഒരു കൈത്തലം മാരകമായി പ്രഹരിച്ചു. അതിൽ ജനാർദ്ദനൻ ബോധംകെട്ടു കമഴ്ന്നടിച്ചു വീണു. 
                                    ------------------------

എല്ലാം പറഞ്ഞുതീർത്തു ജനാർദ്ദനൻ തേമാലിപ്പറമ്പിൽ കളിക്കുന്ന കുട്ടികളെ നോക്കിയിരുന്നു. കേട്ടതൊന്നും വാസുട്ടൻ വിശ്വസിച്ചില്ല. പക്ഷേ എല്ലാം അപ്പടി വിശ്വസിച്ച തമ്പി, വാസുട്ടൻ ചൂടായാലോ എന്നുപേടിച്ച്, വിശ്വാസമായില്ലെന്നു നടിച്ചു.

“അതു വല്ലോരും വന്നു പൊറത്തടിച്ചതാവാനും മതീല്ലേ?” തമ്പി സംശയമുന്നയിച്ചു.

“അങ്ങനെ ചോദിക്കെടാ തമ്പീ” വാസുട്ടൻ സുഹൃത്തിനെ പിന്താങ്ങി. പിന്നെ രോഷം നിയന്ത്രിക്കാനാകാതെ ജനാർദ്ദനനെ കുറ്റപ്പെടുത്തി. “ആരാണ്ടും തല്ല്യേനു ഭഗോതി തല്ല്ലീന്നും പറഞ്ഞ് മോങ്ങണ്”

തമ്പി കൂടുതൽ ആവേശത്തിലായി. “അടി കൊണ്ടപാടെ ജനഞ്ചേട്ടൻ കമഴ്ന്നടിച്ച് വീണൂന്നല്ലേ പറഞ്ഞെ. കമഴ്ന്നടിച്ച് വീണാപ്പിന്നെ പിന്നീ നടക്കണ കാര്യൊന്നും അറിയാൻ പറ്റില്ല. അപ്പോ ആ സമയത്തിനെടയ്ക്ക് അടിച്ച ആൾക്കു ഈസ്യായിട്ട് കടവിനിടയ്ക്കൊള്ള മതിലിനു പിന്നീ ഒളിക്കാവുന്നതൊള്ളൂ.

തമ്പിയുടെ ലോജിക് വാസുട്ടൻ ശരിവച്ചു. ഞങ്ങൾ പറയണതാണ് ശരിയെന്നു ജനാർദ്ദനന്റെ മനസ്സിൽ ഊട്ടിയുറപ്പിക്കാൻ വാസുട്ടൻ അദ്ദേഹത്തിന്റെ കഷണ്ടിത്തലയിൽ ചുബിച്ചു. ഈ ലോജിക് ജനാർദ്ദനനു സ്വീകാര്യമാകാതിരിക്കാൻ ഇരുവരും കാരണങ്ങൾ കണ്ടില്ല. അതുവഴി അദ്ദേഹത്തിലെ യുക്തിവാദി പുനരുജ്ജീവിക്കുമെന്നും അവർ കരുതി. പക്ഷേ എല്ലാം നിഷ്ഫലമായിരുന്നു.

ജനാർദ്ദനൻ പറഞ്ഞു. “അതൊരു മനുഷ്യൻ അടിച്ച അടിയല്ലായിരുന്നു തമ്പീ. ദേഹമാകെ അടിയുടെ ആഘാതം എത്തി. അതുപോലെ അടിക്കാൻ മനുഷ്യവർഗ്ഗത്തിൽ പെട്ട ഒരാൾക്കും സാധിക്കില്ല. പോരാതെ കുളത്തിൽ മുങ്ങിക്കിടന്ന പെണ്ണ്……

ആകാശത്തേക്കു നോക്കി കൈകൂപ്പി തൊഴുതു, ജനാർദ്ദനൻ എഴുന്നേറ്റു.

“അമ്മേ മഹാമായേ.”

ഇരുവരോടും യാത്ര പറഞ്ഞു ജനാർദ്ദനൻ വീട്ടിനുള്ളിലേക്കു പോയി.

Monday, December 9, 2013

ഒരു ഭക്തൻ - 1

രണ്ടായിരത്തിമൂന്നാം ആണ്ടിൽ അയ്യങ്കോവ് ക്ഷേത്രത്തിലെ ഉത്സവനോട്ടീസിൽ തിടമ്പേറ്റുന്ന ആന, പാമ്പാടി രാജനെ സ്പോൺസർ ചെയ്ത വ്യക്തിയുടെ പേരുവായിച്ചു കക്കാടുകാർ പരസ്പരം മുഖത്തുനോക്കി ‘ആരാ, ആരാ’ എന്നു അന്വേഷിച്ചു. എതിർമുഖത്തുനിന്നു ‘അറിയില്ല’ എന്ന മറുപടി ഉടനെ കിട്ടി. വളരെക്കാലം പ്രത്യേകിച്ചു ആഘോഷങ്ങൾ ഒന്നുമില്ലാതെ നാമമാത്രമായിരുന്നു അമ്പലത്തിലെ ഉൽസവം ആഘോഷിച്ചിരുന്നത്. രണ്ടായിരമാണ്ടായപ്പോൾ അമ്പലക്കമ്മറ്റിയിൽ ചില ചലനങ്ങൾ ഉണ്ടായി. ചെറുപ്പക്കാർ പ്രമുഖ സ്ഥാനങ്ങൾ കയ്യടക്കി. അവരുടെ ഉത്സാഹത്തിൽ അയ്യപ്പൻവിളക്കിനും പൈങ്കുനി ഉത്രംവിളക്ക് ഉത്സവത്തിനും പകിട്ട് കൂടിക്കൂടി വന്നു. ആദ്യം ഒരു ആനയെവച്ചു ഉത്സവം സംഘടിപ്പിച്ചു. പിന്നീട് ഗാനമേള നടത്തി. പിന്നെ പഞ്ചവാദ്യവും തായമ്പകയും ഗംഭീര വെടിക്കെട്ടും എത്തി. ആനകളുടെ എണ്ണം ഒന്നിൽനിന്നു അഞ്ചായി ഉയർന്നു. പള്ളത്താംകുളങ്ങര ഗിരീശൻ, അന്നമനട ഉമാമഹേശ്വരൻ, തിരുവമ്പാടി ശിവസുന്ദർ, പാമ്പാടി രാജൻ, ഉട്ടോളി രാജശേഖരൻ, എന്നീ പ്രശസ്ത ഗജവീരന്മാരുടെ മസ്തകത്തിൽ ശാസ്താവിന്റെ തിടമ്പേറി. ഇതിൽ പാമ്പാടി രാജൻ വന്ന വർഷമാണ് ഉത്സവനോട്ടീസിൽ പതിവില്ലാത്ത വരി നാട്ടുകാർ ശ്രദ്ധിച്ചത്.

തിടമ്പേറ്റുന്ന ആന : ഗജരാജൻ പാമ്പാടി രാജൻ.
സ്പോൺസർ ചെയ്യുന്നത്: ഒരു ഭക്തൻ.

ശിവ ശിവ! പേരുവയ്ക്കാൻ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടോ? അതും ഉൽസവനോട്ടീസിൽ. അന്നുവരെ കേട്ടുകേഴ്‌വിയില്ലാത്ത സമ്പ്രദായം. നാട്ടിലാകെ ഇത് സംസാരവിഷയമായി. പ്രായമായവർ തൊട്ടു പൊടിപ്പിള്ളേർ വരെ ഊഹോപോഹങ്ങൾ തട്ടിവിട്ടു. ഭാര്യയെ പേടിച്ചു അമ്പലക്കമ്മറ്റി സെക്രട്ടറി മേലാപ്പിള്ളി രാജൻ ചേയ്തതാണെന്നും, അങ്ങനല്ല മകൾക്കു വേണ്ടി കമ്മറ്റി പ്രസിഡന്റ് മച്ചിങ്ങൽ രാജൻ ചേർത്തതാണെന്നും പറച്ചിലുണ്ടായി. ഒടുക്കം മഴയായാലും മഞ്ഞയാലും, രാവിലേയും വൈകുന്നേരവും ക്ഷേത്രദർശനം ഒരുകാരണവശാലും മുടക്കാത്ത പനമ്പിള്ളി മണിയമ്മയുടെ പേരിൽ നാട്ടുകാർ ഒത്തുതീർപ്പിൽ എത്തി. അതു മണിയമ്മ തന്നെ. ഭക്ത എന്നതിനു പകരം ഭക്തൻ എന്നു വച്ചതൊക്കെ ഒരു നമ്പറായി നാട്ടുകാർ കണക്കിലെടുത്തു. എങ്കിലും നൂറു ശതമാനവും ഉറപ്പല്ലല്ലോ? വെറും ഊഹമല്ലേ. ക്രമേണ ഈ ഒത്തുതീർപ്പ് എല്ലാവരും തള്ളിക്കളഞ്ഞു. ഒടുക്കം ആകാംക്ഷ മൂലം അവശനായ കോക്കാടൻ രവി അമ്പലക്കമ്മറ്റിയുടെ ജിവശ്വാസമായ, പ്രൈഡ് ഓഫ് മഡോണ, സജീവനോടു ഭക്തൻ ആരാണെന്നു ചോദിക്കാൻ തീരുമാനിച്ചു. അതു മണത്തറിഞ്ഞ സജീവൻ കുറേനാൾ ഒളിച്ചു നടന്നു. എന്നിട്ടും അവസാനം കോക്കാടന്റെ പിടിയിലായി.

ചോദ്യം കേട്ടു സജീവൻ കൃത്രിമച്ചിരി ചിരിച്ച്, എല്ലാ കാര്യങ്ങളിലും അജ്ഞത നടിച്ചു. “ഹഹഹ. അതാരാന്ന് എനിക്കും അറീല്ല. നിന്നോട് ചോദിക്കാന്നാ ഞാൻ കരുത്യെ”

“നീ ഉരുളാണ്ട് സത്യം പറ സജീവാ”

“ഞാൻ ഇന്നേവരെ സത്യേ പറഞ്ഞട്ടൊള്ളൂ. ആരാന്ന് എനിക്കറീല്ല”

കോക്കാടൻ കൂടുതൽ അന്വേഷിച്ചു. “നീയല്ലേ നോട്ടീസ് അച്ചടിക്കാൻ കൊടുത്തെ”

സജീവൻ സമ്മതിച്ചു. നോട്ടീസ് അനുബന്ധ വിഷയങ്ങളുടെ അവസാനവാക്ക് അദ്ദേഹമാണെന്നു നാടുമുഴുവൻ അറിയും. നിഷേധിച്ചിട്ടു കാര്യമില്ല.

“അത് ഞാൻ തന്ന്യാ. പക്ഷേ നോട്ടീസ് അടിക്കാൻ കൊടുത്തൂന്ന് വച്ച് ഒരു ഭക്തൻ ആരാന്ന് അറിയാൻ പറ്റണന്നില്ല”

“നോട്ടീസീ പേരൊള്ളോര് മുഴുവൻ, കാശ് തരണത് നിനക്കല്ലേ”

“ആ ചെലര്”

“അപ്പോ ബാക്കിയൊള്ളോരോ?”

“അവര് രാജഞ്ചേട്ടനോ മനോജിനോ കൊടുക്കും”

“ആ കാശ് അവര് ആർക്ക് തരും”

സജീവൻ കീഴടങ്ങി. ”എനിക്ക് തരും”

“എന്ന്വച്ചാ എല്ലാരും കാശ് തരണത് നിനക്കാന്ന്”

“തത്വത്തീ അങ്ങനെ പറയാം”

“എന്നട്ടും തത്വത്തീ, ‘ഒരു ഭക്തൻ’ ആരാന്ന് നിനക്ക് അറീല്ലേ”

“എനിക്ക് അതറിയണ്ട കാര്യന്താ. നമ്മക്ക് കാശ് കിട്ട്യാതി”

കോക്കാടൻ വിട്ടില്ല. “നമ്മടെ അമ്പലത്തിലെ കാര്യങ്ങൾ അറിയേണ്ടത് എന്റെകൂടി അവകാശമാണ്”

സജീവൻ സമ്മതിച്ചു. “അത് ശര്യാണ്”

“അപ്പോ ആരാ ആനേനെ സ്പോൺസർ ചെയ്തെ?”

സജീവൻ ഊതി. “എനിക്ക് തോന്നണത് നീ തന്ന്യാന്നാ. അല്ലേ രവീ”

കോക്കാടൻ ഒട്ടും വൈകാതെ പച്ചത്തെറി പറഞ്ഞു. സജീവൻ വഴങ്ങുന്നില്ലെന്നു കണ്ടു ഒടുക്കം അറ്റകൈ പ്രയോഗിച്ചു.

“ഭക്തനാരാന്ന് നീ പറഞ്ഞില്ലെങ്കീ, എന്റെ ലൈറ്റാന്റ് സൗണ്ട് സ്പോൺസറിങ്ങ് ഞാൻ പിൻവലിക്കും”

അതിൽ സജീവൻ കമഴ്ന്നടിച്ചു വീണു. മൂവായിരം രൂപ ലാഭിക്കാവുന്ന കാര്യം. ശബ്ദവും വെളിച്ചവും ‘കെബിആർ, കാതിക്കുടം’ ആണ് പതിവായി ചെയ്യുക. അതും നിസാരതുകക്ക്.

സജീവൻ രഹസ്യം പുറത്തുവിട്ടു. “നീയിത് ആരോടും പറേര്ത്. ആനേനെ സ്പോൺസർ ചെയ്യണത് നമ്മടെ ജനഞ്ചേട്ടനാ”

രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ കോക്കാടൻ പണ്ടേ മുൻപന്തിയിലാണ്. വഴിയിൽ കണ്ടവരോടെല്ലാം, വലിപ്പച്ചെറുപ്പമില്ലാതെ, അദ്ദേഹം രഹസ്യം രഹസ്യമായി തന്നെ പറഞ്ഞു.

“ദേ ഞാൻ നിന്നോട് ഒരു രഹസ്യം പറയാ. നീയാരോടെങ്കിലും പറയോ”

മിണ്ടാതെ കടന്നുപോകുന്ന ഒരുവനെ പിടിച്ചുനിർത്തി കോക്കാടൻ ചോദിച്ചു. അപരൻ ആരോടും പറയില്ലെന്നു ചുമലനക്കി. കോക്കാടനു പക്ഷേ വിശ്വാസമായില്ല. പുശ്ചസ്വരത്തിൽ പറഞ്ഞു.

“നിന്നെ വിശ്വസിക്കാൻ പറ്റില്ലെന്ന് ആർക്കാ അറിയാത്തെ”

“എന്നാ ഞാൻ പോണ്” അപരൻ നടക്കാൻ ആഞ്ഞു.

കോക്കാടൻ തടഞ്ഞു. “അല്ലെങ്കി വേണ്ട. ഞാൻ പറയാം. നീ ആരോടെങ്കിലും പറഞ്ഞാ കൂമ്പിടിച്ച് വാട്ടും. കേട്ടല്ലാ. നമ്മടെ അമ്പലത്തീ ആനേനെ………

അപരൻ കാതുകൂർപ്പിച്ച് രഹസ്യം കേൾക്കും. പിന്നെ അതു മറ്റൊരാൾക്കു രഹസ്യമായിത്തന്നെ കൈമാറും. ഒരാഴ്ചക്കുള്ളിൽ ‘ഒരു ഭക്തൻ’ ആരാണെന്നു എല്ലാവരും മനസ്സിലാക്കി. പക്ഷേ ആരുമതു വിശ്വസിച്ചില്ല. കൈപ്പുഴവീട്ടിൽ വീട്ടിൽ ജനാർദ്ദനൻ എന്ന ജനൻ അമ്പലത്തിലെ ഉൽസവത്തിനു ആനയെ സ്പോൺസർ ചെയ്യുകയോ. അസാധ്യം! അപശ്രുതികൾക്കു അവിടെ വിരാമമായി.

ഉൽസവം പതിവുപോലെ കെങ്കേമമായി നടന്നു. താളമേളങ്ങൾ ഹരമായ ജനാർദ്ദനൻ മേളത്തിനും പഞ്ചവാദ്യത്തിനും ഹാജറായി. ആളുകൾ ചാഞ്ഞും ചെരിഞ്ഞും അദ്ദേഹത്തെ നിരീക്ഷിച്ചു. താൻ സ്പോൺസർ ചെയ്ത ആനയെ കാണുമ്പോൾ അദ്ദേഹത്തിൽ ഭാവമാറ്റങ്ങളുണ്ടോ? അദ്ദേഹം വികാരഭരിതനാകുന്നുണ്ടോ? പലർക്കും തീർപ്പിൽ എത്താനായില്ല. തീർപ്പിലെത്തിയവർ എല്ലാം നെഗറ്റീവ് പറഞ്ഞു. ജനാർദ്ദനനു ഇതിൽ യാതൊരു പങ്കുമില്ല. സജീവൻ നുണ പറഞ്ഞതു തന്നെ.

ഏതാനും മാസങ്ങൾ കടന്നുപോയി. വൃശ്ചികം സമാഗതമായി. അഭ്യൂഹങ്ങൾ വീണ്ടും പരന്നു. ജനൻ എന്താണ് താടി വടിക്കാത്തത്? അദ്ദേഹം എന്താണ് ചെരിപ്പിടാതെ നടക്കുന്നത്? കാലത്തു പത്തുമണി വരെ കിടന്നുറങ്ങാറുള്ള ആൾ എന്തിനാണ് വെളുപ്പിനു ആറുമണിക്കു തന്നെ എഴുന്നേറ്റു കുളിക്കുന്നത്? കോഴിക്കാൽ ഇല്ലെങ്കിൽ ചോറ് ഇറങ്ങാത്ത വ്യക്തി എന്താണ് തൈരും സാമ്പാറും മാത്രം കൂട്ടി ഊണുകഴിക്കുന്നത്? ഫാഷൻ ചാനലിൽനിന്നു കണ്ണെടുക്കാത്ത ആൾ എന്തേ ‘സ്വാമി അയ്യപ്പൻ’ പോലുള്ള ഭക്തിസീരിയലുകൾ കാണുന്നു? ഇത്തരത്തിൽ ഒരുപാട് സംശയങ്ങൾ ഉയർന്നു. ഉന്നയിച്ചവർ തന്നെ മറുപടിയും കണ്ടു. ഭക്തിസീരിയലുകൽ കാണുന്നത്, അതിലെ പൊള്ളത്തരങ്ങൾ മനസ്സിലാക്കാനാണ്. ചെരിപ്പിടാതെ നടക്കുന്നത് കാലിലെ ആണിരോഗം കാരണമാണ്. മാംസാഹാരം കഴിക്കാത്തത് ആരോഗ്യത്തെ ഓർത്താണ്. താടി വടിക്കാത്തത് ഗ്ലാമർ കൂട്ടാനാണ്. എന്നിങ്ങനെയുള്ള മറുപടികൾ.

പക്ഷേ ഈ പറഞ്ഞതൊക്കെ ഒറ്റയടിയ്ക്കു തോന്നാൻ കാരണമെന്തെന്ന ചോദ്യത്തിനു ആർക്കും മറുപടിയില്ലായിരുന്നു. വൃശ്ചികം ഒന്നിനു ശബരിമല മണ്ഢലകാലം ആരംഭിച്ചപ്പോൾ ആ സംശയവും മാറിക്കിട്ടി. എല്ലാവരും സത്യാവസ്ഥ മനസ്സിലാക്കി. അന്നു രാവിലെ ജനാർദ്ദനൻ അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച്, നെറ്റിയിലും കൈത്തണ്ടയിലും ഭസ്മംപൂശി, കറുപ്പുടുത്തു ശ്രീകോവിലിൽനിന്നു മാല പൂജിച്ചുവാങ്ങി. നീട്ടിപ്പിടിച്ച കൈത്തലത്തിൽ, പൂജിച്ച മാല വാഴയിലച്ചീന്തിൽ നൽകുമ്പോൾ ശാന്തിക്കാരൻ ശ്രീധരസ്വാമി ഉപദേശിച്ചു.

“ഇന്യെങ്കിലും നന്നാവ് ജനാ”

സ്വാമിക്കു മറുപടിയായി, ശ്രീകോവിലിനു മുന്നിലുള്ള സകലരേയും അമ്പരപ്പിച്ചു, ജനാർദ്ദനൻ പറഞ്ഞത്രെ.

“സ്വാമി, ഇനിയൊള്ള കാലം ശാസ്തസന്നിധിയിൽ എല്ലാം അർപ്പിച്ച് ജീവിക്കാനാ ഞാൻ തീരുമാനിച്ചേക്കണെ”

സ്വാമി പറഞ്ഞു. “നന്നായി ജനാ. സ്വാമി കാക്കട്ടെ”

ജനാർദ്ദനൻ പ്രതിവചിച്ചു. “സ്വാമി ശരണം”

അതായിരുന്നു അന്നുവരെ അമ്പത്തിരണ്ടു കൊല്ലം ഭൂമിയിൽ ജീവിച്ച ജനാർദ്ദനൻ പറയുന്ന ആദ്യത്തെ ദൈവസ്തുതി. കാര്യം മനസ്സിലായല്ലോ. കൈപ്പുഴവീട്ടിൽ ജനാർദ്ദനൻ ജനനം മുതൽ അടിമുടി നിരീശ്വരവാദിയാണ്.

കഷ്ടിച്ചു അഞ്ചടി പൊക്കം. ഉരുക്കു ശരീരം. ശരീരത്തിലെ രോമവളർച്ചയുടെ കാര്യത്തിൽ മകൻ ദീപേഷ് മാത്രമേ അദ്ദേഹത്തിനു ഭീഷണിയായുള്ളൂ. വിരിഞ്ഞ വിസ്തൃതമായ ചുമലും, ദൃഢമായ കൈകളും. തലയിൽ ആകാശത്തെ അഭിമുഖീകരിക്കുന്ന ഭാഗം നഗ്നമാണ്. ആ ഭാഗംവഴി വിറ്റാമിൻ ഇ തടസമില്ലാതെ ലഭിക്കുന്നു. കക്കാടിൽ പ്രത്യയശാസ്ത്ര കെട്ടുപാടുകൾ ഇല്ലാതെ നിരീശ്വരവാദിയായ ആദ്യവ്യക്തി ഇദ്ദേഹമാണ്.

“ദൈവംന്ന് വച്ചാ ശുദ്ധ ഭോഷ്കാ. ദൈവാണ് ലോകം ഇണ്ടാക്കീതെന്ന് പറേണത് അതിലേറെ ഭോഷ്കും. എവല്യൂഷൻ സിദ്ധാന്താ ശരി. ക്രിയേഷനല്ല”

പരമുമാഷിന്റെ കടയിൽവച്ചു ജനൻ പതിവുപോലെ കാച്ചി. ഒരു സപ്പോർട്ടിനുവേണ്ടി മാഷോടു ചോദിച്ചു.

“അല്ലേ പര‌മ്വോവ്”

പരമുമാഷ് വെട്ടിലായി. “ജനഞ്ചേട്ടൻ പറേമ്പോ വിശ്വസിക്കാണ്ടിരിക്കാൻ പറ്റണില്ല. ബട്ട് ദൈവത്തിനെ ഓർക്കുമ്പോ പേടീം ആവണ്ട്”

“എവല്യൂഷനാ ശരീന്നൊള്ളേന് എന്തൂട്ടാ തെളിവ്?” ദേശത്തെ കടുത്ത ഭക്തനായ വിക്രമൻ ആശാൻ ചോദിച്ചു. എൺപത്തഞ്ചുകാരനായ ആശാനു ഇപ്പോഴും ചുറുചുറുക്കാണ്. എന്നും അമ്പലക്കുളത്തിൽ കുളിച്ചു ശാസ്താവിനെ തൊഴും. കൊല്ലങ്ങളായി മുടക്കാത്ത ചര്യ.

ജനാർദ്ദനൻ പറഞ്ഞു.

“തെളിവോള് ധാരാളല്ലേ വിക്രമാശാനേ. നമക്ക് ഒറപ്പില്ലാത്ത വല്യ വല്യ കാര്യങ്ങളെപ്പറ്റി ഓരോന്നോരോന്ന് തട്ടിവിടണതിലും നല്ലത് നമ്മള് നേരീക്കാണണത് വച്ച് കാര്യങ്ങൾ വിലയിരുത്തണതാണ്. ചുറ്റും നോക്ക്യാ എന്താ കാണണെ. നമ്മടെ വീട്ടീ പൂച്ചേണ്ട്, പല ജനുസ്സിലും വലുപ്പത്തിലും ഉള്ളവ. ചെലത് ഒരു പരിധീ കവിഞ്ഞ് വളരില്ല. ഇനി കൊറച്ചു കാടായ സ്ഥലത്ത് പോയാൽ നമക്ക് വലിയ കാട്ടുപൂച്ചകളെ കാണാം. മലേലൊക്കെ കൊറേക്കൂടി വലുപ്പൊള്ളത് ഇണ്ടാവും. പിന്നെ അതിനേക്കാളും ആകാരൊള്ള പുലി, കടുവ, ചീറ്റ അങ്ങനെ അങ്ങനെ. ഈ എല്ലാത്തിനും ഏതാണ്ട് ഒരേ ശരീരഘടന. ഒരേ ജനുസ്സ്. എവല്യൂഷൻ സിദ്ധാന്താ ഇങ്ങിനൊള്ള വൈവിധ്യങ്ങൾക്കു യോജിച്ച സിദ്ധാന്തം. എന്തൂട്ടിനാ ദൈവംന്നു പറേണ ആൾ ഇമ്മാതിരി ചെറിയ ചെറിയ വ്യത്യാസങ്ങളൊള്ള, എന്നാൽ കൊറേ സാമ്യങ്ങളുള്ള, ഒരുപാട് ജീവികളെ സൃഷ്ടിക്കണേന്ന്. എവല്യൂഷനാ ശരീന്നൊള്ളേന് ഇതിനപ്പറം ഒരു തെളിവ് വേണാ ആശാനേ?”

ജനാർദ്ദനൻ പറഞ്ഞു നിർത്തി. വിക്രമൻ ആശാൻ എതിരിട്ടു.

“അതിപ്പോ വേറെ തരത്തിലും പറയാലോ. ദൈവം ആദ്യം കൊറച്ച് ജീവികളെ ഇണ്ടാക്കി. പിന്നെ ആ ജീവികളീന്ന് എവല്യൂഷൻ തുടങ്ങി. എന്താ അങ്ങനെ ആയിക്കൂടേ ജനാ?”

“അതങ്ങനാ ആശാനാ ഒന്നൂല്യായ്മേന്ന് എന്തെങ്കിലും ഇണ്ടാക്കാ?”

വിക്രമൻ ആശാൻ നിശബ്ദനായി. പലചരക്കുകടയിലെ ആർക്കും മറുപടി ഇല്ലായിരുന്നു.

ഇത്തരത്തിൽ കണിശമായ വാദങ്ങളാൽ എന്നും വിശ്വാസികളെ എതിരിടാറുള്ള ജനാർദ്ദനനാണ് ശബരിമലയ്ക്കു പോകാൻ മാലയിട്ടത്. ദൈവമെന്നു കേട്ടാൽ കലിപ്പ് കേറുന്ന കക്ഷി ഇപ്പോൾ ‘ശാസ്തസന്നിധിയിൽ എല്ലാം അർപ്പിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു’ എന്ന് പറയുന്നു. നാട്ടിൽ ഈ വാർത്ത കത്തിപ്പടർന്നു. നിരീശ്വരവാദികളുടെ കുലം കക്കാടിൽ അവസാനിച്ചുവെന്നു എല്ലാവരും വിധിയെഴുതി, വസ്തുതാപരമായി ശരിയല്ലെങ്കിലും. ജനാർദ്ദനന്റെ മനപരിവർത്തനത്തിന്റെ ഹേതു അറിയാൻ സകലരും ആശിച്ചു. പക്ഷേ അദ്ദേഹം ഒരക്ഷരം ആരോടും മിണ്ടിയില്ല.


ജനൻ ശബരിമലക്കു പോകുന്ന വാർത്ത കക്കാടിലെ പ്രധാന നിരീശ്വരവാദികളായ വാസുട്ടനും തമ്പിയും അറിയുന്നത് മര്യാദാമുക്കിൽ വച്ചാണ്....

(തുടരും...)

Monday, September 2, 2013

കൈപ്പുഴ ടാക്കീസ്

വ്യവസ്ഥാപിതമായ രീതിയിൽ വിലയിരുത്തിയാൽ കക്കാടിൽ ഒരു സിനിമാ ടാക്കീസ് ഉണ്ടായിരുന്നെന്നു പറഞ്ഞുകൂടാ. സമീപനാടുകളിൽ തീയറ്ററുകൾ ഒന്നും രണ്ടുമല്ല, നാലാണ്. അപ്പോൾ മറ്റൊന്നിന്റെ അവശ്യം ഇല്ലേയില്ല. പക്ഷേ ഈ നാലു തിയേറ്ററുകളിലും പോയി സിനിമകാണാൻ സമയവും താൽപര്യവും ഇല്ലാത്തവർ ഉണ്ടാകുമല്ലോ. അവർ എന്തുചെയ്യും. സിനിമ കാണാതിരിക്കുമോ? അതോ മറ്റുവഴികൾ തേടുമോ. കക്കാടിൽ എന്തായാലും അത്തരക്കാർക്കു മറ്റുവഴികൾ ഉണ്ട്. അതാണ് ‘കൈപ്പുഴ ടാക്കീസ്’. ടാക്കീസ് എന്നു പറയുമെങ്കിലും സത്യത്തിൽ സംഗതിയൊരു വീടാണ്. കൈപ്പുഴവീട്ടിൽ നാരായണന്റെ മകൻ ചന്ദ്രന്റെ ഭവനം. ഇതിനെ ടാക്കീസ് എന്നു വിളിക്കുന്നത് നിർമിതിയുടെ ആകാരം നോക്കിയല്ല, മറിച്ചു നിറവേറ്റുന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ്. അഞ്ചുസെന്റ് ഭൂമിയിൽ പണിതതാണെങ്കിലും കക്കാടിൽ അന്നുവരെയുള്ള വീടുകളിൽ ഉള്ളതിനേക്കാൾ വലിയ ഹാൾ ചന്ദ്രേട്ടന്റെ വീടിന്റെ പ്രത്യേകതയാണ്. മുപ്പതു പേർക്കു സുഖമായി ചമ്രം പടിഞ്ഞിരുന്നു, വിസിആറിൽ സിനിമ കാണാം. അല്പം ഞെരുങ്ങിയിരിക്കാൻ തയ്യാറാണോ? എങ്കിൽ അമ്പതു പേർക്ക് ഇരിക്കാം. ഒറ്റച്ചന്തിയിൽ ഉപവിഷ്ടനാകാമെങ്കിൽ കപ്പാസിറ്റി അറുപത്തഞ്ചായി കൂടും. പത്തുവയസ്സിൽ താഴെയുള്ള കുഞ്ഞുകുട്ടി പരാധീനതകളെ കഴുത്തിലിരുത്തിയാൽ എൺപത് കൂട്ടാം. കൂടാതെ ജനാല-വാതിൽപ്പടിയിൽ നിൽക്കുന്നവരേയും, മതിലിൽ ബൈനോക്കുലറുമായി ഇരിക്കുന്നവരേയും കണക്കിലെടുത്താൻ കാണികളുടെ എണ്ണം നൂറ് കവിയും. ഇതാണ് ‘കൈപ്പുഴ ടാക്കീസ്’. ഓണർ: കൈപ്പുഴ ചന്ദ്രൻ. ഓപ്പറേറ്റർ: കണ്ടരുമഠത്തിൽ/കല്ലുമട സുധീഷ്.

സിനിമാജ്വരം കത്തി നില്ക്കുന്ന കാലം. കൊരട്ടിയിൽ ബിന്ദു, മാത. അന്നമനടയിൽ സിന്ധു, വിഎംടി എന്നിവയാണ് അടുത്തുള്ള തീയറ്ററുകൾ. വലിയപറമ്പ് ശ്രീകൃഷ്ണ കുറച്ചകലെയാണെങ്കിലും തൃശൂർ ഗിരിജയേക്കാളും ദൂരം കുറവായതിനാൽ അതും കൂട്ടാം. തീയേറ്ററുകൾ ഇത്ര സമൃദ്ധമായിട്ടും കക്കാടുകാർ പൊതുവെ സിനിമ കാണാറില്ലെന്നു പറഞ്ഞാൽ അതാണ് സത്യം. പ്രശ്നം കാശിന്റെ അല്ല. കക്കാടുകാർ പണ്ടേ കാശുകാരാകുന്നു. ഒപ്പം അത്യാവശ്യം പിശുക്കും. പരമുമാഷിന്റെ ഭാഷയിൽ പറഞ്ഞാൽ ‘കാശ് ശ്രദ്ധിച്ചു ചെലവഴിക്കുന്നവർ’. അത്തരക്കാർ 10-15 രൂപ കൊടുത്തു സിനിമ കാണുമെന്നു പ്രതീക്ഷിക്കുന്നത് അന്യായം മാത്രമല്ല, അതിമോഹവും കൂടിയാണ്. ഒരു സിനിമയ്ക്കു കൂടിവന്നാൽ അമ്പതുപൈസ ചെലവാക്കാനേ നാട്ടുകാർ തയ്യാറുള്ളൂ. ആ ബഡ്ജറ്റിനുള്ളിൽ, അതായത് വെറും നൂറ്റി അമ്പതുരൂപയ്ക്കു, അവർ കണ്ടുതീർത്ത സിനിമകൾ മുന്നൂറിനടുത്തു വരുമെന്നു കേട്ടാൽ കണ്ണുതള്ളരുത്. എല്ലാത്തിനും കാരണക്കാരൻ ചന്ദ്രേട്ടൻ എന്ന മഹാമനസ്കനാകുന്നു. ഒപ്പം സുധീഷ് എന്ന സിനിമാപ്രേമിയും.

അക്കാലത്തു സിഡിയും സിഡി പ്ലെയറുകളും ഇറങ്ങിയിട്ടില്ല. ഇറങ്ങുമെന്ന പ്രതീക്ഷയും ഇല്ല. തീയറ്ററിൽ അല്ലാതെ സിനിമ കാണാൻ ഏക ആശ്രയം വിസിആറുകളാണ്. അവ തന്നെ അപൂർവ്വം വീടുകളിലേയുള്ളൂ. ഉള്ളവരാണെങ്കിൽ സിനിമ സ്വന്തം വീട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിക്കാനേ തയ്യാറുള്ളൂ. അത്തരക്കാരിൽനിന്നു തികച്ചും വ്യത്യസ്തനാണ് കൈപ്പുഴ ചന്ദ്രൻ. വിശാലമനസ്കനെന്നു പറഞ്ഞാൽ പോലും കുറഞ്ഞുപോകും. സിനിമ കാണിക്കാമോ എന്നു ഇങ്ങോട്ടു ചോദിക്കാൻ നാട്ടുകാർക്കു മടിയുണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം വീഡിയോ കാസറ്റ് വീട്ടിലെത്തിച്ചാൽ വിസിആറിലിട്ടു സിനിമ കാണിക്കാൻ തയ്യാറാണെന്നു, സ്വമേധയാ ഗേറ്റിനരുകിൽ ബോർഡ് വച്ചു. അടിക്കുറിപ്പായി വലിയ അക്ഷരത്തിൽ ‘കറന്റുകാശ് ഞാൻ അടക്കുന്നതാണ്’ എന്നു കൂട്ടിച്ചേർത്തു. അതിൽനിന്നു ‘അടയ്ക്കാൻ തയ്യാറല്ലാത്ത കാശ്’ ഏതാണെന്നു നാട്ടുകാർ ഊഹിച്ചു. പലരും കൂട്ടിക്കിഴിച്ചു നോക്കി. അമ്പതുപൈസ വീതം കിട്ടിയാലും സംഗതി ലാഭം തന്നെയാണെന്നു കണ്ടു. ലാഭമുള്ളതിൽ കൈവയ്ക്കാൻ കക്കാടുകാർ മടിയ്ക്കാറില്ല.

ചന്ദ്രേട്ടൻ ബോർഡ് വച്ച കാലത്താണ് കൈപ്പുഴ ടാക്കീസിനു താങ്ങാകുമെന്നു കരുതിയ പൊന്നാങ്കിളി മകൻ അശോകൻ, നാട്ടുകാരെ അസ്ത്രപ്രജ്ഞരാക്കി, മദ്രാസിലേക്കു സിനിമ പ്രോഡക്ഷൻ യൂണിറ്റിൽ അംഗമായി പുറപ്പെടുന്നത്. കുറച്ചുനാളിനുള്ളിൽ പ്രമുഖ നടീനടന്മാർക്കൊപ്പം പോസുചെയ്ത അശോകന്റെ ഫോട്ടോകളുടെ പ്രവാഹം തന്നെയുണ്ടായി. നാട്ടിൽ അശോകനു സമശീർഷരായ യുവാക്കൾക്കു ഇതു ക്ഷീണമായി എന്നു പറയേണ്ടതില്ലല്ലോ? അത്തരത്തിൽ ക്ഷീണിച്ചു പരവശരായവരിൽ പ്രധാനിയാണ് കല്ലുമടയിലെ സുബ്രണ്ണന്റെ മകൻ സുധീഷ്. ചെറുവാളൂർ ഹൈ‌സ്കൂളിലെ ഏറ്റവും മുതിർന്ന വിദ്യാർത്ഥി. ഇരുപത്തൊന്ന് വയസ്സ് മിനിമം പറയാം. സംസ്കൃതത്തിൽ പണ്ഢിതനാണ്. ഏകം തൊട്ട് ഏകോന്നവിംശതി വരെ കണ്ണടച്ചു എണ്ണും. പത്തൊൻപത് പേരേ സംസ്കൃതം ക്ലാസിലുള്ളൂ.

നിലവിലെ കാര്യങ്ങളിൽ സുധീഷ് തൃപ്തനായിരുന്നെങ്കിലും മകന്റെ പാണ്ഢിത്യം സുബ്രണ്ണനു രസിച്ചില്ല. ഒരുദിവസം സ്കൂളിൽ പോകാനിറങ്ങുന്ന മകനോടു പറഞ്ഞു.

“ഡാ ഞാൻ നിനക്കൊരു കല്യാണം ആലോചിക്കാൻ പോവാ. ഇനീം വൈകിപ്പിയ്ക്കണ്ട”

സുധീഷ് ഞെട്ടി. “അച്ഛാ ഞാൻ പഠിക്കല്ലേ. ഒരുകൊല്ലം കൂടി കഴിഞ്ഞട്ട് മതി....”

“ഒരു കൊല്ലംന്ന് പറേമ്പോ, സ്കൂളീ മൂന്നാല് കൊല്ലം വരില്ലേടാ”

“ഇല്യ. ഇപ്പോ പത്തിലല്ലേ. ഇതീത്തോറ്റാൽ പഠിത്തം കഴിഞ്ഞു”

“ആണോ! എന്നാ ഞാൻ പാർവതി ടീച്ചറോടു പറഞ്ഞ്, നിന്നെ പിന്നേം ഒന്നാംക്ലാസ്സീ ചേർക്കാം. നീ വെർതെ ഇരിക്കണ്ടാ. ഇനീം പഠിച്ചോ”

“വേണ്ടച്ഛാ എനിക്ക് മടുത്തു” സുധീഷ് നിരുൽസാഹപ്പെടുത്തി.

“ടീച്ചർമാർക്കോ?”

“അവർക്കു പണ്ടേ മടുത്തു”

സുബ്രണ്ണൻ ചോദിച്ചു. “എനിക്കോ?”

“എന്നെപ്പഠിപ്പിക്കാൻ അച്ഛനു ഇപ്പഴും ആവേശാന്ന് എനിക്കറിഞ്ഞൂടേ”

സുബ്രണ്ണന്റെ കൺട്രോൾ പോയി. വരാന്തയിൽനിന്നു മുറ്റത്തിറങ്ങി ഒച്ചവച്ചു. “എടാ... എടാ നീയാ അശോകനെ നോക്ക്. നിന്നേക്കാളും പണ്ഢിതനായി നടന്നവൻ. എന്നട്ട് അവനിപ്പോ എവട്യാ?..... മദ്രാസീപ്പോയി കാശ്ണ്ടാക്കണ്”

സുബ്രണ്ണൻ കയ്യിൽ എരിയുന്ന ബീഡി ചുണ്ടത്തുവച്ച് നോട്ടുകൾ എണ്ണുന്നതായി നടിച്ചു. വീണ്ടും ഫയറിങ്ങ് തുടർന്നു. “നീയോ ഉസ്കൂളീപ്പോയീ തറപറ എഴ്‌തണ്”

ബീഡി കയ്യിലെടുത്തു സുബ്രണ്ണൻ മുറ്റത്തു വിരൽകൊണ്ട് തറപറ എഴുതി.

അച്ഛൻ പറഞ്ഞത് സുധീഷ് നിഷേധിച്ചില്ല. കൈകെട്ടി കൂസലില്ലാതെ നിന്നു. വലതുകൈത്തലം കൊണ്ടു ഇടതുകയ്യിലെ മസിലിൽ അടിച്ചു. പിന്നെ കുറച്ചുനാളായി മനസ്സിൽ കൊണ്ടുനടക്കുന്ന പ്ലാൻ വെളിപ്പെടുത്തി.

“അച്ഛാ. ഞാൻ ചന്ദ്രേട്ടന്റെ ഓഫറിന് അനുകൂലായി പ്രതികരിക്കാൻ തീരുമാനിച്ചേക്കാണ്”

“എന്ന്വച്ചാ?”

സുധീഷ് വിശദീകരിച്ചു. “ആഴ്ചേല് ഒന്നോരണ്ടോ കാസറ്റ് ചുളുവിലക്കെടുത്തു, നാട്ടാരീന്ന് അമ്പതുപൈസ പിരിച്ച്, ഞാനവരെ ചന്ദ്രേട്ടന്റെ വീട്ടീ സിനിമ കാണിക്കും. നൂറു പേർക്കെങ്കിലും കാണാൻ പറ്റും. അപ്പോ ഒരു ഷോയ്ക്ക് അമ്പതുരൂപ ഒറപ്പാ. കാസറ്റിനോ പത്തുരൂപേം. അങ്ങനെ ചെറിയ വരുമാനം. ചെലപ്പോ സ്കൂൾ പഠിത്തം കഴിയുമ്പോഴക്കും ഞാനൊരു ടാക്കീസ് തന്നെ തുടങ്ങീന്നു വരും”

സുബ്രണ്ണൻ മിഴിച്ചുപോയി. ഒരു വശത്തു ഇതെല്ലാം നടക്കുമോയെന്ന ശങ്ക. മറുവശത്തു വേണമെന്നുവച്ചാൽ ഇതെല്ലാം ക്ലിക്ക് ആകാവുന്ന കാര്യങ്ങളാണല്ലോ എന്നതും. ഒടുക്കം എല്ലാം വരുന്നിടത്തുവച്ചു കാണാമെന്നു അദ്ദേഹം ഉറപ്പിച്ചു. ബീഡി പുകച്ച് ആലോചനയോടെ നടന്നു നീങ്ങി.

                        ---------------------------------------

ചെറുവാളൂർ പോസ്റ്റോഫീസ് ജംങ്ഷനിലെ ‘ഗോൾഡൻ’ കാസറ്റുകടയുടെ ഉടമസ്ഥൻ ചെറാലക്കുന്നിലെ സുനി ആണ്. ഗോൾഡൻ സുനി എന്നു പറഞ്ഞാലേ ആളുകൾ അറിയൂ. ‘95 ശതമാനം പിക്ച്ചർ ക്വാളിറ്റിയുള്ള കാസറ്റുകൾ മാത്രം ലഭിക്കുന്ന കേരളത്തിലെ ഏക കാസറ്റുകട: ഗോൾഡൻ, ചെറുവാളൂർ’ എന്നതാണ് സ്ഥാപനത്തിന്റെ പരസ്യവാചകം. ‘മികച്ച കാസറ്റുകൾ, മികവുറ്റ സേവനം’ എന്നത് മോട്ടോയും. രണ്ടും കിറുകൃത്യമാണ്. അതുകൊണ്ടു സ്ഥാപനം വളരെ പ്രശസ്തമാണ്. സ്ഥാപകനും അങ്ങിനെ തന്നെ. മലയാളത്തിലെ ആദ്യശബ്ദചിത്രമായ ന്യൂസ്‌പേപ്പർ ബോയ് തൊട്ടുള്ള സകല സിനിമകളും ഗോൾഡനിൽ ഉണ്ട്. അപാരക്വാളിറ്റി നിമിത്തം ചില കാസറ്റുകൾ സുനിയ്ക്കു പോലും കാണാൻ കിട്ടാറില്ല. അത്തരം കാസറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടിവരും. അത്രയ്ക്കു തിരക്ക്. സുനിക്കു ഏറെ ഇഷ്ടമുള്ള കാരംസ്കളി തൊട്ടപ്പുറത്തെ കടത്തിണ്ണയിൽ അരങ്ങു തകർക്കുമ്പോഴും, കളിക്കാൻ മനം തുടിക്കുമ്പോഴും, ഒരു കളിപോലും കളിക്കാൻ കഴിയാറില്ല. അത്തരം കൊച്ചുദുഃഖങ്ങൾ ഗോൾഡന്റെ ഉന്നതിയിൽ മറന്നുകളയുകയാണ് സുനിയുടെ പതിവ്.

കൈപ്പുഴ ടാക്കീസിൽ പ്രദർശിപ്പിക്കാനുള്ള കാസറ്റുകൾ എവിടെനിന്നു വാങ്ങണമെന്ന കാര്യത്തിൽ സുധീഷ് അധികമൊന്നും ആലോചിച്ചില്ല. കാസറ്റ് എന്നാൽ ഗോൾഡൻ തന്നെ. ആവശ്യമുള്ള കാസറ്റുകൾ യഥാസമയം ലഭ്യമാക്കണം എന്ന ആവശ്യത്തോടു സുനിയും അനുകൂലമായി പ്രതികരിച്ചു.

“തരാലോ. എനിക്ക് സന്തോഷൊള്ളൂ. മികച്ച കാസറ്റുകൾ, മികവുറ്റ സേവനം എന്നല്ലേ സുധീ ഗോൾഡന്റെ മോട്ടോ. നീയത് മറന്നാ.... എന്നാലും നീ വിസിആർ വാങ്ങ്യ കാര്യം എനിക്കറീല്ലായിരുന്നു”

“ഞാൻ വാങ്ങീട്ടില്ല. ഇത് ചന്ദ്രേട്ടന്റെ വീട്ടിൽക്കാ. അവടെ ചെറിയ ടാക്കീസ് പോലെ തുടങ്ങാൻ പോവാ. ഒന്നരാടം ദിവങ്ങളീ ഫസ്റ്റ്ഷോ കളിക്കാനാ പ്ലാൻ”

നൂറോളം വരുന്ന ജനത്തിനാണ് ഒറ്റ കാസറ്റ് എന്നറിഞ്ഞിട്ടും ഗോൾഡൻ സുനി എതിർപ്പ് പ്രകടിപ്പിച്ചില്ല. എന്നും പറ്റാവുന്നിടത്തോളം നല്ല കാസറ്റ് തന്നെ നൽകി. പക്ഷേ അഞ്ചുകാസറ്റ് കൊണ്ടുപോയാൽ അതിൽ ഒരെണ്ണമെങ്കിലും വർക്ക് ചെയ്തില്ലെന്നു പറഞ്ഞു സുധീഷ് നമ്പറിടും. പ്രകാശന്റെ ഓട്ടോയിൽ അഞ്ചുപത്തു പേരോടൊപ്പം വന്നാണ് ഇത്തരം വാദങ്ങൾ. സുനിയാണെങ്കിൽ പത്തുപേരെ ഒരുമിച്ചുകണ്ടാൽ ഞെട്ടുന്ന ആളും. ഏതെങ്കിലും പൂർവ്വപ്രശ്നങ്ങൾ പരിഹരിക്കാതെ കിടപ്പുണ്ടോ എന്നു അദ്ദേഹം ഓർമയിൽ പരതും. ഒന്നുമില്ലെന്നു ഉറപ്പാക്കിയിട്ടേ ആഗതർക്കു മുഖം കാണിക്കൂ. ഓട്ടോയിൽ വന്നിറങ്ങുന്ന സുധീഷ് ആൻഡ് കമ്പനിയെ കാശുവാങ്ങാതെ സമാധാനിപ്പിച്ചു മടക്കി അയക്കും.

                         -------------------------------------

കൈപ്പുഴ വീട്ടിൽ ചന്ദ്രേട്ടനു പ്രായം നാല്പത്തഞ്ചാണ്. അദ്ദേഹം ഓസീൻ കമ്പനിയിൽ ജോലി ചെയ്യുന്നു. രാവിലെ എട്ടരയ്ക്കു ജോലിക്കിറങ്ങും. ഉച്ചയ്ക്കു വീട്ടിൽ വന്നു ഉണ്ണും. വൈകീട്ട് നാലരയ്ക്കു കമ്പനിയിൽനിന്നു തിരിച്ചിറങ്ങും. മറ്റു ചില ജോലിക്കാരെപ്പോലെ നാലേമുക്കാലിന്റെ സിമൽ ബസിൽ കൊരട്ടിയ്ക്കു പോയി മധുരബാറിൽനിന്നു വീശാറില്ല. ഇദ്ദേഹം മദ്യവിരോധിയാണ്. മദ്യം വിഷമാണെന്നു മാത്രമല്ല, കിട്ടാൻ വിഷമവുമാണ് എന്ന തിയറി. കമ്പനിയിൽനിന്നു വീട്ടിലെത്തിയാൽ ആദ്യം ഒരുകപ്പ് ചായയും മുറുക്ക് പോലുള്ള എന്തെങ്കിലും വറവുസാധനങ്ങളും അകത്താക്കും. പിന്നെ കുളി. ജപം. രണ്ടാം ഘട്ടം പത്രംവായന. ഇങ്ങിനെ രണ്ടുമണിക്കൂർ കഴിയും. ആറരയോടു അടുത്തു ഇരുട്ടു വീണു തുടങ്ങുമ്പോൾ സൈക്കിളിൽ സുധീഷ് എത്തുകയായി. ടാക്കീസുകളിൽ അടിക്കുന്ന പോലെ നീട്ടി ബെല്ല്ലടിക്കും. ചന്ദ്രേട്ടനോടു അന്നത്തെ സിനിമയെപ്പറ്റി ലഘുവായി വിവരിക്കും. ചന്ദ്രേട്ടൻ ചാരുകസേരയിൽ ചാഞ്ഞു ഗൗരവത്തോടെ മൂളിക്കേൾക്കും. പിന്നെ കക്ഷം ചൊറിഞ്ഞ് അത്ര തൃപ്തിയില്ല എന്ന ധ്വനിയിൽ സമ്മതം മൂളും. തൃപ്തിയില്ലെന്നു നടിക്കുമെങ്കിലും ഒരിക്കലും ഏതെങ്കിലും കാസറ്റ്/സിനിമ വേണ്ടെന്നു അദ്ദേഹം പറയാറില്ല.

ചന്ദ്രേട്ടന്റെ ഫോർമൽ അനുമതി കിട്ടിയാൽ പിന്നെ വാർത്ത അനൗൺസിങ്ങാണ്. കുറച്ചുസമയത്തിനകം ഹാൾ ഹൗസ്ഫുൾ ആകുമെന്നു ഉറപ്പ്. ഹാളിന്റെ ഏറ്റവും പിന്നിൽ, ഒരു മൂലയിൽ ചന്ദ്രേട്ടൻ ചാരുകസേരയിൽ മലർന്നു കിടന്നു, കൈകൾ കസേരയുടെ മുകളിൽ പൊക്കിവയ്ക്കും. കാലുപൊക്കി വയ്ക്കാൻ മുന്നിൽ ഒരു സ്റ്റൂൾ. ചന്ദ്രേട്ടനു അരികിൽ ടാക്കീസ് ഓപ്പറേറ്റർ സുധീഷ്. ചില ദിവസങ്ങളിൽ സുധീഷിന്റെ സ്ഥാനം ഏറ്റവും മുന്നിലായിരിക്കും. അദ്ദേഹത്തിനാണ് വിസിആറിന്റെ നിയന്ത്രണം. കാസറ്റ് ഇടുക, റീവൈൻഡ് ചെയ്യുക, റിമോട്ട് കൺട്രോൾ ഉപയോഗിച്ചു ശബ്ദക്രമീകരണം നടത്തുക ഇത്യാദി ചുമതലകൾ. പക്ഷേ, സത്യത്തിൽ സുധീഷിന്റെ പരമപ്രധാന ചുമതല മറ്റൊന്നാണ്. സിനിമയിൽ നായികയുടെ പാവാട മുട്ടിനു മുകളിൽ പൊന്തിയാലോ, നായകൻ മുഖം ചുംബിക്കാനെന്നപോലെ നായികയുടെ മുഖത്തോടു അടുപ്പിച്ചാലോ, അതു പോലുള്ള ‘അസാന്മാർഗിക സീനുകൾ’ സ്ക്രീനിൽ എത്തിയാൽ ചന്ദ്രേട്ടൻ സാവധാനം ഈണത്തിൽ വിളിക്കും.

“സുധീഷേ‌....”

ഒപ്പം അടുത്ത മുറിയിലിരിക്കുന്ന ഭാര്യയോടു നിർദ്ദേശിക്കും. ‘രാധേ, കണ്ണു പൊത്തിക്കോ”

പക്ഷേ സുധീഷിനെ വിളിക്കുമ്പോഴും, ഭാര്യയോടു കണ്ണുപൊത്താൻ നിർദ്ദേശിക്കുമ്പോഴും ചന്ദ്രേട്ടന്റെ മിഴികൾ സ്ക്രീനിൽ തന്നെയായിരിക്കും. സുധീഷാണെങ്കിൽ ചന്ദ്രേട്ടൻ വിളിക്കുന്നത് പൊതുവേ കേൾക്കാറില്ല. സ്ക്രീനിൽ ചുംബിക്കാൻ പോകുന്ന സീനാണെങ്കിൽ അദ്ദേഹത്തിന്റെ ചുണ്ടുകൾ അറിയാതെ കൂർത്ത്, മുഖം മുന്നോട്ടു ആയും. പാവാട സീനാണെങ്കിൽ നെഞ്ച് പടപടാന്നു മിടിച്ചു, രോമങ്ങൾ എഴുന്നു നിൽക്കും. ഇങ്ങിനെയുള്ള സുധീഷ് താക്കീത് ടോണിലുള്ള വിളി എങ്ങിനെ കേൾക്കാൻ?

ചന്ദ്രേട്ടൻ വിളിക്കുന്നതു കേട്ട ആരെങ്കിലും സുധീഷിനെ തട്ടിവിളിക്കും. അതുകൊണ്ടു ഫലമില്ലെന്നു മനസ്സിലാക്കി, അടയ്ക്കാമരം കുലുക്കുന്ന പോലെ, അടിമുടി കുലുക്കും.

“ഡാ ചന്ദ്രേട്ടൻ വിളിക്കണ്”

ഓർമപ്പെടുത്തലിനു അനുബന്ധമായി ചന്ദ്രേട്ടൻ ഒന്നുകൂടി വിളിക്കും. “സുധീഷേയ്...”

ആദ്യവിളിയെ അപേക്ഷിച്ച് രണ്ടാമത്തെ വിളി വളരെ വളരെ ദുർബലമായിരിക്കും. നീ റിമോട്ടിൽ ഞെക്കിയാലും ഇല്ലെങ്കിലും എനിക്കൊരു ചുക്കുമില്ല എന്ന ലൈൻ. സ്ക്രീനിൽ നിന്നാണെങ്കിൽ കണ്ണെടുക്കുകയുമില്ല. ആരെങ്കിലും തന്നെ നോക്കുന്നതു കണ്ടാൽ ഒരുനിമിഷത്തേക്കു ചന്ദ്രേട്ടൻ അലസത ഭാവിച്ചു, കക്ഷം ചൊറിയും. പിന്നെ വീണ്ടും സ്ക്രീനിലേക്കു അമ്പെയ്യും. ഒടുക്കം സുധീഷിനു പരിസരബോധം വീഴും.

“എന്താ ചന്ദ്രേട്ടാ...” പെട്ടെന്നു കാര്യം മനസ്സിലാക്കി ചിരിക്കും. “ഓഹ്... ആഹഹഹഹ. അതാ... ദേ ഇപ്പോ മാറ്റാം”

ടിവിയിൽനിന്നു കണ്ണെടുക്കാതെ സുധീഷ് റിമോട്ട് തപ്പും. അന്ധരെപ്പോലെയാണ് തപ്പൽ. കണ്ണ് സ്ക്രീനിലും കൈ റിമോർട്ടിലേക്കും. റിമോട്ട് കയ്യിൽ തടഞ്ഞാൽ പിന്നെ ഒളിച്ചുകളിയാണ്. പ്രവർത്തിക്കാത്ത ഒരു ബട്ടണിൽ സുധീഷ് അഞ്ചാറുതവണ ഞെക്കും. വർക്ക് ചെയ്യുന്നില്ലല്ലോ എന്ന വേദനയോടെ റിമോട്ടിനെ തുറിച്ചുനോക്കും. മറ്റുള്ളവർ ചന്ദ്രേട്ടനേയും. എന്തിനധികം പറയേണ്ടൂ, ഒരു മാതിരി കാണാനുള്ളതൊക്കെ കണ്ടുകഴിഞ്ഞേ റിമോർട്ട് പ്രവർത്തിക്കുകയുള്ളൂ. അതോടെ ഹാളിലുള്ള എല്ലാവരും, ഒപ്പം ചന്ദ്രേട്ടനും, കബളിക്കപ്പെട്ടവരെപ്പോലെ ദയനീയമായി സുധീഷിനെ നോക്കും. ‘നീ ഈ ചീത്ത സീൻ ഞങ്ങളെ കാണിച്ചല്ലോ സുധീ.... ചന്ദ്രേട്ടൻ പറഞ്ഞപ്പോത്തന്നെ നിനക്ക് ഫോർവേഡ് ചെയ്തുകൂടായിരുന്നോ സുധീ’ എന്നമട്ടിൽ അവർ സുധീഷിനെ ശപിക്കും. മോഹൻലാൽ നായകനായ ‘ബട്ടർഫ്ലൈസ്’ സിനിമയിലെ സ്വിമ്മിങ്ങ്‌പൂൾ സീനും നിൻമിഷരായി വീക്ഷിച്ചശേഷം എല്ലാവരും പതിവുപോലെ സുധീഷിനു നേരെ തിരിഞ്ഞു. ഒരു യുവതിയുടെ തുട മുഴുവനാണ് കണ്ടത്! സംഗതി എരമ്പിയെങ്കിലും, കണ്ടത് മഹാമോശമായില്ലേ? സാഹചര്യം സീരിയസാണെന്നു കണ്ടു സുധി പോംവഴി കണ്ടെത്തി. ആരേയും ശ്രദ്ധിക്കാതെ റിമോർട്ട് കൺട്രോൾ നാലഞ്ചു തവണ ഇടത്തേ ഉള്ളംകയ്യിൽ ആഞ്ഞടിച്ചു. പിന്നെ ചന്ദ്രേട്ടനെ വ്യാജമായി ചീത്തപറഞ്ഞു.

“എത്ര നാളായി ഞാൻ പറേണ്, ഇതിലെ ബാറ്ററി ഒന്നു മാറ്റിയിടാൻ”

ചന്ദ്രേട്ടൻ ഉൾപ്പെടെ എല്ലാവരും അത് ഉടൻ അംഗീകരിച്ചു. ബാറ്ററിയെ മുഴുത്ത പ്രാക്ക് പ്രാകി.

കുറേ മാസങ്ങൾ കടന്നുപോയി. കൈപ്പുഴ ടാക്കീസും ഓപ്പറേറ്റർ സുധീഷും പേരെടുത്തു. പത്താം ക്ലാസ് കഴിഞ്ഞിട്ടു എന്തുചെയ്യാനാണ് പ്ലാനെന്നു ചോദിച്ചവരോടു ടാക്കീസ് തുടങ്ങിക്കഴിഞ്ഞെന്നു സുധീഷ് അറിയിച്ചു. ആദ്യകാലങ്ങളിൽ ഒരുമാസം 10-15 സിനിമകൾ കളിക്കുമായിരുന്നു. കൂടുതലും മലയാളം പടങ്ങൾ. രണ്ടുവർഷത്തിനു ശേഷം ഒരുമാതിയുള്ള മലയാളപടങ്ങൾ എല്ലാം കണ്ടുകഴിഞ്ഞപ്പോൾ തമിഴ് അരങ്ങേറി. മകന്റെ ടാക്കീസ് നടത്തിപ്പിനോടു മമത ഇല്ലാതിരുന്ന സുബ്രണ്ണനും പിന്നീടു വഴങ്ങി. സിനിമ കാണാൻ മറ്റുള്ളവർക്കൊപ്പം ചന്ദ്രേട്ടന്റെ മതിലിൽ തിക്കിത്തിരക്കി കയറി. ചെന്നൈയിൽ സിനിമാ പ്രൊഡക്ഷൻ യൂണിറ്റിനൊപ്പം പോയ അശോകൻ ഇതിനിടയിൽ നാട്ടിലെത്തി, തിരിച്ചുപോകാതെ സുധീഷിനൊപ്പം ടാക്കീസ് ഓപ്പറേഷനിൽ പങ്കാളിയായി. അതിനുശേഷം മുട്ടിനുമേലെ തുണി പൊന്തുമ്പോൾ ചന്ദ്രേട്ടൻ പേരുമാറ്റി വിളിച്ചു.

“അശോകാാ”

ശീതരക്ത ജീവികളെപ്പോലെയായിരുന്നു അശോകൻ. സ്ലോമോഷനിൽ മാത്രം ചലിച്ചു. പിന്നെ പിന്നെ ഇത്തരം സീനുകളിൽ കമ്പം നഷ്ടപ്പെട്ടു വൈരാഗിയായ ചന്ദ്രേട്ടൻ റിമോട്ട് സ്വന്തം കയ്യിൽ സൂക്ഷിച്ചു. ആക്ഷൻ കുത്തിനിറച്ച ഇംഗ്ലീഷ് പടങ്ങളും, കോമഡിയിൽ പൊതിഞ്ഞ ജാക്കിചാൻ സിനിമകളും കൈപ്പുഴ ടാക്കീസിൽ തിങ്ങിനിറഞ്ഞ സദസ്സിൽ അരങ്ങേറി. മലയാള സിനിമയിൽനിന്നു കക്കാടുകാരുടെ ലോകം പുറത്തേക്കു വികസിച്ചതായിരുന്നു ഫലം.

                          -----‌----------------------------------

പ്രതീക്ഷിച്ചപോലെ നാട്ടിൽ ആദ്യമായി സി‌ഡി പ്ലെയർ വാങ്ങിയത് കൈപ്പുഴവീട്ടിൽ ചന്ദ്രൻ തന്നെയാണ്. അദ്ദേഹം വലിയ സിനിമാപ്രേമിയായി അതിനകം മാറിയിരുന്നു. പതിയെപ്പതിയെ എല്ലാ ഭവനങ്ങളിലും സിഡി പ്ലെയർ എത്തി. കാസറ്റ് കട മതിയാക്കി സുനി സി‌ഡികളിലേക്കു തിരിഞ്ഞു. 95% ക്വാളിറ്റിയെന്നത് 99% ശതമാനമായി ഉയർത്തി. മോട്ടോ “മികച്ച സിഡികൾ, മികവുറ്റ സേവനം’ എന്നാക്കി. കടയിൽ കമ്പ്യൂട്ടർ വാങ്ങി ഡിമാന്റുള്ള സിനിമകളുടെ കോപ്പികൾ എടുത്തുവച്ചു. പക്ഷേ ഇന്റർനെറ്റിന്റേയും ടൊറന്റ് ഡൗൺലോഡിന്റേയും വരവോടെ ആവശ്യക്കാർ കുറഞ്ഞു. ഗോൾഡൻ കാസറ്റ് സെന്റർ പതിയെ ചരമമടഞ്ഞു. ഗോൾഡൻ സുനി പ്രവർത്തനം മറ്റു മേഖലകളിലേക്കു തിരിച്ചുവിട്ടു.

നാലു ബി ക്ലാസ് തീയറ്ററുകളിൽ മൂന്നും അതിനകം പൂട്ടിയിരുന്നു. ആദ്യഊഴം കൊരട്ടിയിലെ ബിന്ദു ടാക്കീസിനായിരുന്നു. സുഹൃത്ത് ഡോർ‌കീപ്പറായിരുന്ന കാലത്തു അനവധി സിനിമകൾ കണ്ടിട്ടുള്ള ടാക്കീസ്. കറുത്ത പെയിന്റടിച്ച പനമ്പുകൊണ്ടു മറച്ച, മരക്കസേരയുള്ള ഏതൊരു ബി ക്ലാസിനേയും പോലെ ഒന്ന്. നല്ല വെയിലുള്ള ഉച്ചകളിൽ തിരക്കില്ലാത്ത ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ആവേശത്തോടെയും ആകാംക്ഷയോടെയും ക്യൂ നിൽക്കുമ്പോൾ തോന്നിയിട്ടുള്ള മാനസികനില പിന്നീടൊരിക്കലും തിരിച്ചുകിട്ടിയിട്ടില്ല. അന്നമനട അമ്പലത്തിലെ ഉൽസവത്തിനു പോകുമ്പോൾ കുഞ്ഞുമനസ്സുകളിൽ ഏറെ പതിയുന്നത് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും കടകളിൽതൂങ്ങുന്ന കളിപ്പാട്ടങ്ങളും മാത്രമല്ല, ‘അന്നമനട സിന്ധു’ എന്ന പേരുള്ള കറുപ്പും ഇളംപച്ചയും പെയിന്റടിച്ച കെട്ടിടം കൂടിയാണ്. ഒപ്പം കെട്ടിടത്തിന്റെ മതിലുകളിൽ നിരനിരെ ഒട്ടിച്ചിരിക്കുന്ന സിനിമാപോസ്റ്ററുകളും. സിന്ധു ടാക്കീസ് ‘ഇന്ദ്രപ്രസ്ഥം’ ഷാപ്പായി രൂപം മാറ്റി. കൊരട്ടിമാത ടാക്കീസ് ഇന്നു കാടുപിടിച്ചു കിടക്കുന്ന ഒരിടം മാത്രം. പ്രായത്തിന്റെ അവശത പേറി തന്റെ കാലം കത്തിതീരുന്നതും കാത്ത് അന്നമനടയിലെ വിഎം ടാക്കീസ് ഇന്നുമുണ്ട്. ബി ക്ലാസ് തീയറ്ററുകളെ നിലനിർത്തുന്നതിനു നമുക്ക് അന്യസംസ്ഥാന തൊഴിലാളികളോടു നന്ദി പറയാം.

കക്കാടിലെ തൊണ്ണൂറ്റഞ്ച് ശതമാനം വീടുകളിലും ഇന്നു ടിവിയും സിഡി പ്ലെയറും നൂറോളം ചാനലുകൾ കിട്ടുന്ന കേബിൾ ടിവിയും ഉണ്ട്. ഡിഷ് ടിവികൾ കൂടുതലായി പ്രചരിച്ചുവരുന്നു. സ്വീകരണമുറിയിൽ ഒറ്റയ്ക്കോ, കുടുംബാംഗങ്ങൾക്കിടയിലോ ഇരുന്നു സിനിമ കാണുമ്പോൾ പതിഞ്ചുവർഷം മുമ്പ് കൈപ്പുഴ ടാക്കീസിൽ ഇരുന്നു കണ്ടതിന്റെ സുഖമില്ലെന്നു നാട്ടുകാരിൽ ചിലർക്കു തോന്നിയാൽ അതിൽ അതിന്റേതായ ശരിയുണ്ട്.

Wednesday, August 21, 2013

അടയ്ക്ക ബിസിനസ് - 2

                         മൂന്നാം ഭാഗം: ഉമ്മർക്ക

രാത്രി പത്തരയോടെ തമ്പിയും ഉമ്മർക്കയും പക്ഷിവേട്ടയ്ക്കു ഇറങ്ങി. തോർത്തുകൊണ്ടു ചെവിയും തലയും മൂടിക്കെട്ടിയിട്ടുണ്ട്. മഴയ്ക്കു സാധ്യതയുള്ളതിനാൽ റെയിൻകോട്ടിലാണ് ഇരുവരും. തമ്പിയുടെ തോളിലാണ് തോക്ക്. നീളമുള്ള ബാരലാണ്. കണ്ണമ്പിള്ളി പൗലോസേട്ടന്റെ വീടിനടുത്തുനിന്നു തുടങ്ങുന്ന വീതികുറഞ്ഞ കനാലിലൂടെ ഇരുവരും തീരദേശം റോഡ് ലക്ഷ്യമാക്കി നടന്നു. പനമ്പിള്ളിക്കടവിൽനിന്നു കുളത്തായി പാടശേഖരത്തിലേക്കു വെള്ളം കൊണ്ടുവരാൻ പഞ്ചായത്ത് തൊണ്ണൂറുകളിൽ പണിതതാണ് കനാൽ. വീതി കുറവാണെങ്കിലും കരിങ്കല്ലും സിമന്റും ഉപയോഗിച്ചു നല്ല ബലത്തിൽ തന്നെയാണ് പണിതിരിക്കുന്നത്. കൊല്ലങ്ങൾക്കുശേഷവും കാര്യമായ കേടുപാടുകളില്ല. കനാലിന്റെ ഒരു വശത്തു കുളത്തായിപ്പാടവും മറുഭാഗത്തു പൊന്തക്കാടുകളുമാണ്. കീരികളുടെ വിഹാരകേന്ദ്രം. ഉമ്മർക്ക താക്കീത് നൽകി.

“തമ്പ്യേയ്, നീയിപ്രത്തൂടെ നടന്നാ മതി. പൊന്തക്കാട്ടില് കീരീണ്ടാവും”

തമ്പി അനുസരിച്ചു. ഉമ്മർക്ക ഒരു ബീഡിയെടുത്തു കത്തിച്ചു.

കുളത്തായി പാടം ഉഴുതിട്ടിരിക്കുകയാണ്. തവളകളുടെ പോക്രോം ശബ്ദവും ചിവീടുകളുടെ കരച്ചിലും ഇരുവർക്കും ഹൃദ്യമായി തോന്നി. കുറച്ചുകൂടി നടന്നപ്പോൾ ഓസീൻ കമ്പനിയും ടാർറോഡും ദൃശ്യമായി. ഉമ്മർക്കയ്ക്കു കുറച്ചു പുരാണം പറയണമെന്നു തോന്നി. തമ്പിയാണെങ്കിൽ നല്ല കേൾവിക്കാരനുമാണ്.

ഉമ്മർക്ക തുടക്കമിട്ടു. “എനിക്ക് വെറും പത്തുവയസ്സുള്ളപ്പഴാ തമ്പീ ഞാൻ ആദ്യായി വെടിവയ്ക്കണത്”

തമ്പി ഞെട്ടി. ഇത്ര ചെറുപ്രായത്തിലോ! പിന്നെയാണ് ഏതു വെടിയാണെന്ന കാര്യം തലയിൽ കത്തിയത്.

ഉമ്മർക്ക തുടർന്നു. “അന്നെന്റെ ഉപ്പാക്ക് തോക്കോള് ആറാ ആറെണ്ണം”

ടോർച്ച് കക്ഷത്തിൽ തിരുകി ഉമ്മർക്ക രണ്ടു കൈപ്പത്തിയിലേയും ആറ് വിരലുകൾ പൊക്കിക്കാണിച്ചു. തമ്പി അതിശയിച്ചു. ആറെണ്ണത്തിൽ എത്രയെണ്ണം നല്ലതാണെന്നു ചോദിക്കാൻ വന്നെങ്കിലും അതിനുള്ളിൽ ഉമ്മർക്ക പറച്ചിൽ തുടർന്നു. പിന്നെ ചോദിക്കാൻ മുതിർന്നതുമില്ല.

“കാലത്തു ചായ കുടിച്ചു കഴിഞ്ഞാ ഉപ്പ ഒരു വിളി വിളിക്കും. ഡാ ഉമ്മറേ എന്ന്. തോക്കും ഉണ്ടേം കൊണ്ട് ഒടനെ ഞാനെത്തിക്കോണം. ഇല്ലെങ്കീ എന്നെ തെങ്ങീച്ചാരി നിർത്തി പ്രാക്ടീസ് ചെയ്യും. തോക്കും കൊണ്ടു ഞാനെത്ത്യാപ്പിന്നെ ഉപ്പ എണീറ്റ് ഒരു നടത്താ, ചേർപ്പണം തോട്ടത്തിലേക്ക്. തോട്ടത്തിലെ കല്ലുവെട്ട് കുഴികളിലും പൊന്തക്കാട്ടിലും, അവിടേം ഇവിടേമൊക്കെ മുയലും കാട്ടുകോഴ്യോളും ഇണ്ടാവും. അവറ്റേന്യാണ് വെടിവയ്ക്കാ. ചുറ്റും നോക്കി ഉപ്പ എന്റേന്ന് ഒരു ഉണ്ട വാങ്ങും. ഒരേ ഒരെണ്ണാ വാങ്ങൂള്ളൂ. അതോണ്ട് ഒരു വെട്യാ. അന്നത്തെ കറിക്കൊള്ളതായി”

തമ്പി സൂചിപ്പിച്ചു. “ഇക്ക വെടി വെയ്ക്കണ കാര്യം പറഞ്ഞില്ലല്ലോ”

ബീഡി കത്തിതീരാറായി. ഉമ്മർക്ക വേഗം ഉപസംഹരിച്ചു. “പറയാൻ മാത്രം അത്ര കേമായിട്ടൊന്നൂല്ല്യ. ഒരു ദിവസം ചെർപ്പണം തോട്ടത്തിലെത്തി ഉണ്ട ലോഡ് ചെയ്തു ഉപ്പ തോക്ക് എനിക്കു തന്നു. അകലെ നിക്കണ കൊളക്കോഴീനെ ചൂണ്ടി ഉമ്മറേ വെക്കിനെടാ വെടീന്നു പറഞ്ഞു. ഞാൻ ഏകദേശ ഉന്നം നോക്കി കാഞ്ചി വലിച്ചു”

തമ്പി ആകാംക്ഷാഭരിതനായി. “എന്നട്ട്?”

“എന്നട്ടെന്തൂട്ടാ, ഉപ്പ കഷ്ടിച്ച് രക്ഷപ്പെട്ടൂന്ന് പറഞ്ഞാതി. അതേപ്പിന്നെ തോക്കും കയ്യോണ്ട് തൊട്ടട്ടില്ല. വെടിവയ്പ്പ് നിർത്തി”

തമ്പി അമ്പരന്നു. കണ്ണുകൾ പുറത്തേക്കു തുറിച്ചു. ഉമ്മർക്കയ്ക്കു ഇതുപോലൊരു ഭൂതകാലം ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. പ്രശ്നമാകുമോ. മുമ്പേ അറിഞ്ഞിരുന്നെങ്കിൽ പക്ഷിവേട്ടയ്ക്കു ഇറങ്ങിത്തിരിക്കില്ലായിരുന്നു. അല്ലെങ്കിലും ഈ സ്ഥലത്തുവച്ചു, രാത്രിയിൽ വെടികൊണ്ടാൽ ചത്തുപോവുകയേയുള്ളൂ. കൂവി വിളിച്ചാൽ പോലും ആരും കേൾക്കില്ല. തീരദേശം പാടത്തിനടുത്തു ഒറ്റവീടില്ല. എന്നാലോ പുഴയുണ്ട്. വെടികൊണ്ടു ചത്താലും കാലിൽ വലിച്ച് പുഴയിലിട്ടാൽ മതി. ലക്ഷ്യമില്ലാതെ ഒഴുകിപ്പോയ്ക്കോളും. ആളുകൾ ആത്മഹത്യയായി കരുതി തള്ളിക്കളയുകയും ചെയ്യും.

തമ്പി അഭ്യർത്ഥിച്ചു. “ഉമ്മർക്ക, നമക്ക് ഇന്നത്തെ വെടിവയ്പ്പ് അങ്ങട് ക്യാൻസൽ ചെയ്യാം. നാളെ വരാം”

ഉമ്മർക്ക നെറ്റിചുളിച്ചു. തമ്പി വയർ ഉഴിഞ്ഞു കാണിച്ചു.

“നിനക്ക് വെളിക്കിറണോങ്കി എന്തിനാ വീട്ടിപ്പോണേന്ന്. ആ പാടത്തേക്കിരുന്നോ തമ്പീ. നമ്മളൊന്നും അങ്ങട് നോക്കാൻ പോണില്ലേയ്. ഞാറിനാണെങ്കീ വളവുമാകും”

പ്രോഗ്രാമിൽ നിന്നു മുങ്ങാനാകില്ലെന്നു തമ്പി ഉറപ്പിച്ചു. ഇരുവരും കനാൽ പിന്നിട്ടു തീരദേശം റോഡിലേക്കു കയറി. റോഡിനപ്പുറമാണ് തോട്ടം. തോട്ടത്തിലെ വലുതും ചെറുതുമായ വൃക്ഷങ്ങളിൽ ധാരാളം കൊക്കുകൾ ചേക്കേറിയിട്ടുണ്ടാകും. പാടത്തു ടില്ലറടിക്കുമ്പോൾ അവ പാടത്തേക്കു പറന്നിറങ്ങും. കീടങ്ങളേയും ചെറിയ ചെമ്മീനേയുമൊക്കെ തിന്നുതീർക്കും. രാത്രിയായാൽ ഉയരമുള്ള മരങ്ങളിൽ ചേക്കേറും. ഇവയെയാണ് ടോർച്ചടിച്ചു നോക്കി വെടിവച്ചിടുന്നത്. ഇരുട്ടായതിനാൽ കൊക്കുകൾ പറന്നുപോകില്ല. കൂടിവന്നാൽ ഇരിക്കുന്നിടത്തുനിന്നു കുറച്ചുമാറി ഇരിക്കും. പക്ഷേ വെടിയൊച്ച കേട്ടാൽ ചിലതു പറക്കും.

തീരദേശം തോട്ടത്തിനു നല്ല വിസ്തീർണ്ണമുണ്ട്. കായ്ഫലമുള്ള മാവ്, പ്ലാവ്, മുരിങ്ങമരം, കൊള്ളിക്കിഴങ്ങ് എന്നിവ തോട്ടത്തിലുണ്ട്. ഇടവിട്ടു ഇടവിട്ടു കായ്ഫലമുള്ള കവുങ്ങുകളും ഉണ്ട്. നല്ലവണ്ണം പഴുത്ത അടയ്ക്കകൾ മഴയോടൊപ്പമുള്ള കാറ്റിൽ നിലത്തുവീഴും. അടയ്ക്കക്കു നല്ല വിലയല്ലേ എന്നു കരുതി, തമ്പി ടോർച്ചിന്റെ വെളിച്ചത്തിൽ കവുങ്ങുകളുടെ അടിഭാഗത്തു തിരഞ്ഞു. പക്ഷേ ഒരു അടയ്ക്ക പോലും ലഭിച്ചില്ല. വീട്ടിൽനിന്നു ഇറങ്ങുന്നതിനുമുമ്പ് മഴയും കാറ്റും ഉണ്ടായിരുന്നു. എന്നിട്ടും ഒറ്റ പഴുത്ത അടയ്ക്കയും വീണിട്ടില്ലെന്നതു തമ്പിയെ അതിശയിപ്പിച്ചു. അപ്പോഴാണ് ടോർച്ചിന്റെ വെളിച്ചത്തിൽ തമ്പി നടുക്കുന്ന ആ ദൃശ്യം കണ്ടത്. വീണ്ടും സൂക്ഷിച്ചു നോക്കി. അതെ, അതുതന്നെ. ഒരു കവുങ്ങിന്റെ കടയ്ക്കു ചുറ്റും ചാക്കുചരട് കെട്ടിയിരിക്കുന്നു. ‘ഇതു ഒടിവിദ്യയല്ലേ’ എന്ന സംശയം തമ്പിയെ ഞെട്ടിച്ചു കളഞ്ഞു.

ആഭിചാര ക്രിയകളിൽ അപാരവിശ്വാസമുള്ള തമ്പി കരച്ചിലിന്റെ ടോണിൽ വിളിച്ചു. “ഉമ്മർക്കാ. ഇത് നോക്ക്യേ”

കാര്യങ്ങൾ സസൂക്ഷ്മമം വിലയിരുത്തി ഉമ്മർക്കയും സാക്ഷ്യപ്പെടുത്തി. “ഇത് ശെയ്ത്താന്റെ പണി തന്നെ”

തമ്പി കൂടുതൽ പരവശനായി. ഉമ്മർക്കയ്ക്കും കാര്യങ്ങൾ പന്തിയായി തോന്നിയില്ല. എങ്കിലും ധൈര്യവാനെപ്പോലെ പറഞ്ഞു.

“തമ്പീ നീ പേടിക്കണ്ട. എന്റെ വലത്തേ കൈത്തണ്ടേല് മന്ത്രിച്ചൂതിയ ഉറുക്ക്ണ്ട്”

ഇക്കേടെ കയ്യിലെ ഉറുക്കുകൊണ്ട് തനിക്കെന്താണ് ഗുണം. ഒരു ഗുണവുമില്ല. അതിനാൽ തമ്പി നിർദ്ദേശിച്ചു. “ഉമ്മർക്ക ആ ഉറുക്കിങ്ങട് അഴിച്ച് എന്റെ കയ്യീ കെട്ട്”

ഉമ്മർക്ക സമ്മതിക്ക്വോ. ജീവൻ പോകുന്ന കാര്യമല്ലേ.

“ഹ മിണ്ടാണ്ടിരീടാ നീ. ഒരു ധൈര്യത്തിനു വേണോങ്കി എന്നെ കെട്ടിപ്പിടിച്ചോ”

തമ്പി ഉടൻ ഉമ്മർക്കയെ പൊത്തിപ്പിടിച്ചു. കൊക്കുകളെ നോക്കി പേടിച്ചുവിറച്ചു നടക്കുന്നതിനിടയിൽ ഉമ്മർക്ക വീണ്ടുമൊരു ബീഡിയ്ക്കു തീ കൊളുത്തി.

“രണ്ട് പൊകയെട്‌ത്തട്ട് ഇനി നടക്കാം”

ഇരുവരും നിന്നു. തമ്പി ചോദിച്ചു. “ഈ ശെയ്ത്താന്മാര് ഭയങ്കരന്മാരാണോ ഉമ്മർക്ക?”

കാതലായ സംശയം. ഉമ്മർക്ക ഒരു തത്ത്വം പോലെ പറഞ്ഞു. “എടാ മനുഷേന്മാരാ ഭയങ്കരന്മാര്. അവരെ പേടിച്ചാ മതി. ശെയ്ത്താന്മാരെ അത്രക്ക് പേടിക്കണ്ട”

“അതെന്താ ഉമ്മർക്ക അങ്ങനെ പറേണെ?”

ഉമ്മർക്ക വിശദീകരിച്ചു. “തമ്പീ, നിന്റെ വീട്ടിലേക്ക് ഒരുരാത്രീല് ശെയ്ത്താൻ വന്നൂന്ന് വെയ്ക്ക്. അവൻ കൂടിവന്നാ എന്താ ചെയ്യാ?”

“എന്നെക്കൊന്ന് ചോര കുടിക്കും” തമ്പി പറഞ്ഞു. ഈ ഉമ്മർക്കയ്ക്കു എന്തുപറ്റി. ജീവൻ വിട്ടുള്ള കളിയുണ്ടോ.

“അത്രല്ലേയൊള്ളൂ” ഉമ്മർക്ക തുടർന്നു. “ഇനി പറ. എന്തിനും പോന്ന മനുഷേന്മാരാണ് നിന്റെ വീട്ടിൽക്ക് വന്നതെങ്കി അവരെന്താ ചെയ്യാ?”

ആലോചിച്ചപ്പോൾ തമ്പിയ്ക്കും അപകടം മനസ്സിലായി. “അവര് കാശ് ചോദിക്കും”

ഉമ്മർക്ക തീർത്തു പറഞ്ഞു. “അതന്നെ കാര്യം. ശെയ്ത്താന്മാര് കൂടിവന്നാ ജീവനെടുക്കേയുള്ളൂ. കാശ് ചോദിക്കില്ല. മനുഷേന്മാർക്കാണെങ്കീ കാശേ വേണ്ടൂ”

ഉമ്മർക്ക ഉപസംഹരിച്ചു. “അപ്പോൾ ആരെയാ കൂടുതൽ പേടിക്കണ്ടേ. ശെയ്ത്താന്മാര്യാണോ അതോ മനുഷേമ്മാര്യോ?”

ഇതുപോലെ അസാമാന്യ ലോജിക് ഉള്ള വർത്തമാനം ആശാൻകുട്ടി മാത്രമേ പറയാറുള്ളൂ. ഇപ്പോഴിതാ ഉമ്മർക്കയും. തമ്പി ഉമ്മർക്കയുടെ കൈപിടിച്ചു മുത്തി.

ബീഡിവലി കഴിഞ്ഞു ഇരുവരും വീണ്ടും നടക്കാൻ തുടങ്ങി. വൃക്ഷത്തലപ്പുകളിൽ നോക്കിയുള്ള ആ നടത്തത്തിനു ഇടയിൽ ഉമ്മർക്കയെ അടിമുടി നടുക്കി ആ കാഴ്ചയെത്തി. തമ്പിയെ തോണ്ടിവിളിച്ചു സംഗതി കാണിച്ചു കൊടുത്തു. ഒരു കവുങ്ങിന്റെ തലപ്പ് തന്നത്താൻ അങ്ങോട്ടും ഇങ്ങോട്ടും ആടിയുലയുന്നു. തമ്പി ചുറ്റുപാടും ശ്രദ്ധിച്ചു. ഒരു ഇളംകാറ്റു പോലും എവിടേയുമില്ല. എന്നിട്ടും കവുങ്ങിൻ തലപ്പ് ആടുന്നു. എന്തൊരു അതിശയം. ഇനി ഉയരത്തിൽ കാറ്റു വീശുന്നുണ്ടായിരിക്കുമോ? തമ്പി മറ്റു മരങ്ങളുടെയും കവുങ്ങുകളുടെയും ശിഖരങ്ങളിലേക്കു നോക്കി. അവയ്ക്കു ആട്ടമേയില്ല. തോട്ടത്തിലെ ഒരേയൊരു കവുങ്ങ് മാത്രം ആടുന്നു!

കൂടുതൽ വസ്തുതകൾ മനസ്സിലാക്കാൻ തമ്പിയും ഉമ്മർക്കയും അധികസമയം എടുത്തില്ല. ആടിയുലയുന്ന കവുങ്ങിന്റെ കടയ്ക്കലാണ് ചാക്കുചരട് ചുറ്റിയതായി കുറച്ചുമുമ്പ് കണ്ടത്. ഇരുവരുടേയും മുഖം വിളറി. ഉമ്മർക്ക ഇടതുകൈകൊണ്ട് ഉറുക്കിൽപിടിച്ചു അതിശക്തമായ മന്ത്രങ്ങൾ ചൊല്ലി. തമ്പിക്ക് അങ്കലാപ്പായി. ഉറുക്കിൽ പിടിച്ചു മന്ത്രിച്ചു ഉമ്മർക്ക മാത്രം രക്ഷപ്പെട്ടു കളയുമോ? ഉമ്മർക്കയെ കെട്ടിപ്പിടിച്ചു തമ്പിയും പ്രാർത്ഥിക്കാൻ തുടങ്ങി. കിലുകിലാ വിറച്ച് ഇരുവരും കവുങ്ങിൻതലപ്പിനെ വീണ്ടും നോക്കി. അതാ, ആട്ടം വളരെ കൂടിയ കവുങ്ങിൻതലപ്പ് മറ്റൊരു കവുങ്ങിന്റെ മണ്ടയ്ക്കു നേരെ ചാഞ്ഞുപോകുന്നു. ക്രമേണ ആട്ടം പുതിയ കവുങ്ങിൻ തലപ്പിലേക്കു പടർന്നു. ആദ്യത്തെ കവുങ്ങിൻതലപ്പ് നിശ്ചലമായി.

ഉമ്മർക്ക വിലപിച്ചു. “ബാധേണ് തമ്പി, ഒഴിയാബാധ”
തമ്പി പറഞ്ഞു. “നമക്ക് വെടിവച്ചാലോ ഉമ്മർക്ക”
“വേണോ?”
“വേണം ഉമ്മർക്ക”
തമ്പിയുടെ ആത്മവിശ്വാസം ഉമ്മർക്കയ്ക്കു ഊർജ്ജമായി. “ഉണ്ടയെട് തമ്പീ. ഇന്നു ശെയ്ത്താന്റെ അവസാനാ”

ഉമ്മർക്കയുടെ ഉപ്പയുടെ അനുഭവം ഓർമ്മയുള്ളതുകൊണ്ട്, ഉണ്ട കൊടുത്തിട്ടു തമ്പി ദൂരെ മാറിനിന്നു. രണ്ടാമത്തെ ചിന്തയിൽ, അതുകൊണ്ടു ഫലമില്ലാതിരുന്നാലോ എന്നു കരുതി തോക്കിനുനേരെ പിന്നിൽ വന്നുനിന്നു. വെടിവയ്ക്കുന്നതിനു മുമ്പ് ഉമ്മർക്ക ഒരിക്കൽകൂടി ഉറുക്കിൽ പിടിച്ചു മന്ത്രിച്ചു. പിന്നെ കവുങ്ങിൻതലപ്പിനെ ലാക്കാക്കി നിറയൊഴിച്ചു. രാവിന്റെ നിശബ്ദതയിൽ വെടിശബ്ദം മുഴങ്ങി.

“ഠേ!”

തമ്പിയും ഉമ്മർക്കയും ആടുന്ന കവുങ്ങിൻതലപ്പിനെ ഉറ്റുനോക്കി. ആട്ടത്തിന്റെ ശക്തി കുറഞ്ഞെന്നു മനസ്സിലാക്കി ഇരുവരും സാവധാനം കവുങ്ങിനടുത്തേക്കു ചുവടുവച്ചു. കടഭാഗത്തു എത്തിയപ്പോൾ തലപ്പിന്റെ ആട്ടം പൂർണമായും നിലച്ചിരുന്നു. സമീപത്തുള്ള മറ്റു കവുങ്ങുകളുടെ തലപ്പിലേക്കു ആട്ടം പകർന്നിട്ടുമില്ല. അതോടെ ഉമ്മർക്ക ഉറപ്പിച്ചു. ശെയ്ത്താനു വെടിയേറ്റിരിക്കുന്നു. ആവേശത്തോടെ വീണ്ടും ഉണ്ടയ്ക്കായി അലറി.

“കൊട്റാ തമ്പി ഒരു ഉണ്ട കൂടി. ഞാനിന്നവന്റെ ആസനം പൊളിക്കും”

അരനിമിഷം പോലും വൈകിയില്ല. നല്ല പൊക്കമുള്ള കവുങ്ങിന്റെ തലപ്പിൽനിന്നു ‘അയ്യോ’ എന്ന അലർച്ചയോടെ ശെയ്ത്താൻ അപാരവേഗത്തിൽ ഊർന്നിറങ്ങി. വലിയൊരു രൂപം യാതൊരു തട്ടുംതടവുമില്ലാതെ താഴേക്കു വരുന്നതു കണ്ടു തോക്കും ഉണ്ടയും താഴെയിട്ടു ഉമ്മർക്ക ഓടി. കാശിനൊപ്പം ജീവനും വലുതാണെന്ന തിരിച്ചറിവിലുള്ള ഓട്ടം. തമ്പിയത് അറിഞ്ഞില്ല. കവുങ്ങിന്റെ കടയ്ക്കൽ തവളയെപ്പോലെ നാലുകാലിൽ വീണ ശെയ്ത്താനെ ഉമ്മർക്ക വെടിവയ്ക്കുന്നതും കാത്തുനിന്നു. പ്രോൽസാഹിപ്പിക്കുകയും ചെയ്തു.

“ഉമ്മർക്കാ, വെയ്ക്ക് വെടി”

മൂന്നുനാല് സെക്കന്റിനു ശേഷവും പിന്നിൽ ആളനക്കമില്ലാത്തതു മനസ്സിലാക്കി തമ്പി തിരിഞ്ഞുനോക്കി. അസ്ത്രം കണക്കെ പായുന്ന ഉമ്മർക്കയുടെ കൈലിമുണ്ട് മാത്രമേ കണ്ടുള്ളൂ.

കവുങ്ങിന്റെ കടയ്ക്കൽ വീണ ശെയ്ത്താൻ പ്രയാസപ്പെട്ടു എഴുന്നേറ്റുനിന്നു. ബോധക്കേടിന്റെ വക്കിലെത്തി നിൽക്കുകയായിരുന്നിട്ടും ശെയ്ത്താന്റെ തോളിൽ തൂങ്ങുന്ന ഏതാനും അടയ്ക്കകുലകൾ തമ്പി കണ്ടു. കറുത്ത തുണികൊണ്ടു മുഖം മറച്ചിരുന്ന ശെയ്ത്താൻ തമ്പിയെ നോക്കിച്ചിരിച്ചു.

“കികികികി……

‘എന്നെ പിടിച്ചോടാ’ എന്ന അപേക്ഷയോടെ ബോധം കെട്ടു തമ്പി നിലത്തുവീണു.


                                 നാലാം ഭാഗം: ശെയ്ത്താൻ

മാഷ്‌ഷേയ്. മാഷേ”

പരമുമാഷ് മയക്കത്തിൽ നിന്നുണർന്നു. കടയിലേക്കു തമ്പി വരുന്നു. എത്തിയപാടെ കടയ്ക്കു സമീപം അടിച്ചുകൂട്ടിയിരുന്ന ചവറുകൂനയിലേക്കു മുറുക്കാൻ തുപ്പി. സംസാരിക്കാൻ തയ്യാറെടുക്കുന്നതിന്റെ ആദ്യപടി.

പരമുമാഷ് ആവേശഭരിതനായി. തമ്പിയുമായി സംസാരിക്കുന്നതിലും ഇന്ററസ്റ്റിങ്ങായ ഒരു സംഗതിയും നാട്ടിലില്ല. ആമുഖമായി പരമുമാഷ് ഒന്നു പരിഭവിച്ചു. “എവിട്യത് മാൻ, കാണാങ്കൂടി കിട്ടണില്ലല്ലാ”

തമ്പി നെറ്റിയിൽ കൈവച്ചു വ്യാജമായി പരിഭവിച്ചു. “ബിസ്യാ മാഷേ അക്രമ ബിസി”

പരമുമാഷ് ഒരു ഗ്ലാസ് വെള്ളം കൊടുത്തു. തമ്പി വായകഴുകി പറച്ചിൽ തുടങ്ങി.

“മാഷേ, ഇന്നലെ ഒരു സംഭവം ഇണ്ടായി”

മാഷ് കാതുകൂർപ്പിച്ചു. തമ്പി ഇടപെട്ടിട്ടുള്ള സംഭവങ്ങളെല്ലാം സത്യത്തിൽ ‘സംഭവം’ തന്നെയായിരിക്കുമെന്നു അദ്ദേഹത്തിനു അറിയാം.

തമ്പി പറഞ്ഞു. “ഇന്നലെ ഞാനും നമ്മടെ ഉമ്മർക്കേം കൂടി ഒരു ശെയ്ത്താനെ വെടിവച്ചു തരിപ്പണാക്കി”

പരമുമാഷ് ഉദ്വേഗം കൊണ്ടു. “ശെയ്ത്താനോ!”

“അതെ മാഷെ, ഒന്നാന്തരം ശെയ്ത്താൻ. നമ്മടെ തീരദേശം തോട്ടത്തിലാ കണ്ടേ. ഞങ്ങ വെടിവയ്ക്കാൻ പോയതായിരുന്നു. കള്ളവെടി അല്ലാട്ടാ. കൊക്കിനെ വെയ്ക്കണ വെട്യേ”

“എന്നട്ട്?”

“ഞങ്ങ കൊക്കിനെനോക്കി അങ്ങനെ നടക്കുമ്പോ എന്താ കാണണേ. ഒരു കവുങ്ങിന്റെ കടയ്ക്കൽ ചാക്കുചരട് കെട്ടീര്ക്കണ്. ആ കവുങ്ങിന്റെ മണ്ടയാണെങ്കി അങ്ങടുമിങ്ങടും ആടേം ചെയ്യണ്. വേറൊരു കവുങ്ങിനും ആട്ടല്ല്യാ. ഈ ഒരെണ്ണത്തിനു മാത്രം. സംഗതി കണ്ടപ്പോത്തന്നെ ഉമ്മർക്ക് മനസ്സിലായി, അത് ശെയ്ത്താന്റെ പണ്യാന്ന്. പുള്ളി ഉറുക്കീപ്പിടിച്ച് മന്ത്രിച്ച് ഒറ്റവെടി. അതോടെ കവുങ്ങിന്റെ ആട്ടം നിന്നു. രണ്ടാമത്തെ വെടിയ്ക്കു മുമ്പേതന്നെ ശെയ്ത്താൻ കവുങ്ങീന്നെറങ്ങി ഓടി”

തമ്പി പറഞ്ഞു നിർത്തി. അപ്പോൾ ഉമ്മർക്കയുടെ മൂത്ത കുട്ടി കടയിൽ വന്നു. “മാഷേ, രണ്ട് ക്രോസിൻ”

തമ്പി അന്വേഷിച്ചു. “ആർക്കാ?”

കുട്ടി പറഞ്ഞു. “ഉപ്പാക്ക് ഇന്നലെ രാത്രി മൊതൽ നല്ല പനി”

ഗുളിക വാങ്ങി കുട്ടി പോയി. പരമുമാഷ് കടയിലേക്കു ആരോ വരുന്നതുകണ്ട് തമ്പിയോടു കടയുടെ അടുത്തെവിടെയെങ്കിലും പതുങ്ങാൻ പറഞ്ഞു. കാര്യം മനസ്സിലായില്ലെങ്കിലും തമ്പി ആഗതൻ കാണാതെ ഒളിച്ചുനിന്നു.

കവച്ചുകവച്ചു നടന്നുവന്ന ജയൻ കടയിലെത്തിയ പാടെ വിളിച്ചു ചോദിച്ചു.

“മാഷ്‌ഷേയ്. മാഷ്‌ഷേ. അടയ്ക്കക്ക് എന്താ വെല?”

ഒളിച്ചുനിന്നിരുന്ന തമ്പി ഞെട്ടി. അടയ്ക്ക കുലയുമായി നിവർന്നു നിൽക്കുന്ന ഒരു രൂപം ഓർമയിലെത്തി. ശെയ്ത്താൻ!