Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Monday, November 21, 2011

ഹിസ് എക്‌സലൻസി രാമേട്ടൻ - 2

മൽസരം തുടങ്ങി. ആദ്യം വിധികർത്താക്കളെ പരിചയപ്പെടുത്തലായിരുന്നു. രാമേട്ടൻ പ്രത്യേക അതിഥിയായതിനാൽ അദ്ദേഹത്തെയാണ് ആദ്യം പരിചയപ്പെടുത്തിയത്.

അവതാരക: “ഇന്ന് നമ്മുടെ ചാനലിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണദിനമാണ്. ഒരുപാട് പ്രതിബന്ധങ്ങളും മറ്റുചാനലുകളുടെ പാരവയ്പും അതിജീവിച്ചു ‘ഗാനരാജ’ പ്രോഗ്രാം ഇന്നു സമാപിക്കുന്നു എന്നത് വളരെ സന്തോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫൈനൽ മൽസരത്തിനു ജഡ്‌ജസായി വന്നിരിക്കുന്നവരെ കാണുമ്പോഴോ, എന്റെ സന്തോഷം ഇരട്ടിക്കുകയും ചെയ്യുന്നു”

അവതാരക തുടർന്നു. “സത്യത്തിൽ രാമേട്ടൻ, രാമേട്ടൻ എന്നപേര് ഞാൻ എത്രയോ തവണ, എത്രയോ ഇടങ്ങളിൽവച്ച്, എത്രയോ ആളുകൾ പറയുന്നത്, എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു. എനിക്കുതന്നെ നിശ്ചയമില്ല. ഓരോതവണ കേൾക്കുമ്പോഴും അദ്ദേഹത്തെ കാണാനും, നമസ്കരിക്കാനും എന്നു സാധിക്കുമെന്നു ഞാൻ ആലോചിക്കാറുണ്ട്. ഇപ്പോൾ മാത്രമാണ് എനിക്കതിനു ഭാഗ്യമുണ്ടായത്”

രാമേട്ടൻ നിക്കർ ഇട്ടിട്ടുണ്ടെന്നു കൈകൊണ്ടു തപ്പി ഉറപ്പുവരുത്തി. പിന്നെ ഡബിൾമുണ്ട് കണങ്കാൽ വരെ പൊക്കിപ്പിടിച്ചു. അവതാരക രാമേട്ടനെ കാൽക്കൽവീണു നമസ്കരിച്ചു. പ്രസംഗം തുടർന്നു. “അദ്ദേഹത്തെ ഈ പരിപാടിക്കു പ്രധാന വിധികർത്താവായി ക്ഷണിച്ചപ്പോൾ ക്ഷണം സ്വീകരിക്കുമോ എന്ന ആശങ്ക വിഷൻനെറ്റ് ടീമിനു ഉണ്ടായിരുന്നു. എന്തുമാത്രം തിരക്കുകൾ ഉള്ള മനുഷ്യനാണ്! പക്ഷേ ടീമിനെയാകെ അൽഭുതപ്പെടുത്തി പ്രതിഫലം പോലും വാങ്ങാതെ സൗജന്യമായി പങ്കെടുക്കാമെന്നു അദ്ദേഹം സമ്മതിക്കുകയാണുണ്ടായത്”

ഹാളിൽ നിലക്കാത്ത കയ്യടി ഉയർന്നു. വിധികർത്താക്കളും കയ്യടി മോശമാക്കിയില്ല. രാമേട്ടൻ മാത്രം ഞെട്ടി. സൗജന്യമോ? മാധവനാശാരിക്കു കൊടുക്കാനുള്ള രണ്ടായിരം രൂപ, പഞ്ചായത്തിൽ അടക്കാനുള്ള വീട്ടുകരം, വെള്ളക്കരം, മൂന്നുമാസത്തെ കറന്റ് ബില്ല്, ഇന്ദ്രപ്രസ്ഥം ഷാപ്പിലെ കുടിശ്ശിക... ഇങ്ങിനെ പോകുന്നു നിലവിലുള്ള ബാധ്യതകൾ. അതെല്ലാം പോയ്‌പ്പോയോ.

രാമേട്ടനു സ്വാഗതം പറഞ്ഞശേഷം അവതാരക മറ്റു വിധികർത്താക്കളേയും മൽസരാർത്ഥികളേയും പരിചയപ്പെടുത്തി. സദസ്സ് അതു കാര്യമായെടുത്തില്ല. ആർക്കും കയ്യടിച്ചുമില്ല. രാമേട്ടൻ ഇരിക്കുന്നിടത്തു മറ്റു സംഗീതജ്ഞരുടെ പേരുകേൾക്കുന്നതു പോലും സദസ്സിനു അരോചകമായിരുന്നു. ഏകതാരം സകലകലാവല്ലഭനായ രാമേട്ടനല്ലാതെ മറ്റാര്?

മൽസരം ആരംഭിച്ചു. ആദ്യത്തെ മൽസരാർത്ഥി അരങ്ങത്തേക്കു വന്നു. അന്നേരം ക്യാമറലൈറ്റുകൾ തീഷ്‌ണമായി പ്രകാശിച്ചു. ആകർഷണീയമല്ലാത്ത സംഗീതവും ഉയർന്നു. രാമേട്ടനു കലിവന്നെങ്കിലും ക്ഷമിച്ചുകൊടുത്തു. മൽസരാർത്ഥിയെ നിരീക്ഷിച്ചു. മുപ്പതുവയസ്സ് തോന്നിക്കുന്ന യുവാവ്. പൈജാമയും ജീന്‍സും വേഷം. അടിമുടി ഗംഭീരഭാവം.

“താങ്കളുടെ പേരെന്താ?” അവതാരക പേരു പറഞ്ഞിരുന്നെങ്കിലും രാമേട്ടൻ അതു മറന്നിരുന്നു.
മൽസരാർത്ഥി പറഞ്ഞു. “എന്റെ പേര് മിസ്റ്റർ കതിർ”

രാമേട്ടൻ വിസ്മയിച്ചു. മലയാളികൾക്കു ഇങ്ങിനേയും പേരുകളോ?
“രസകരമായിരിക്കുന്നല്ലോ കതിർ താങ്കളുടെ.”
സംസാരം കതിർ തടസ്സപ്പെടുത്തി. “വെറും കതിർ അല്ല. മിസ്റ്റർ കതിർ

അമ്പരന്നെങ്കിലും രാമേട്ടൻ ആവശ്യം അംഗീകരിച്ചു.
“ഓകെ ഓകെ മിസ്റ്റർ കതിർ. മലയാളിയായ താങ്കൾക്ക് ഈ വിചിത്രമായ പേര് എങ്ങിനെ ലഭിച്ചു?”
“അത് എനിക്കറിയില്ല സാർ. അച്‌ഛനോടു ചോദിച്ചിട്ട് പിന്നെ അറിയിക്കാം”

മറുപടി രാമേട്ടനു ക്ഷീണമായി. ഉടൻ വിഷയം മാറ്റി.
കതിറിന്റെ പ്രൊഫഷൻ എന്താണ്?”
“വെറും കതിർ അല്ല. മിസ്റ്റർ കതിർ
“ഓകെ ഓകെ മിസ്റ്റർ കതിർ. താങ്കളുടെ ജോലിയെന്താണ്”
“ഞാൻ ഒരു കമ്പനി മുതലാളിയാണ്”
“വെരി ഗുഡ്. എന്താണ് നിങ്ങളുടെ പ്രോഡക്ട്”
“എന്തും”
“എന്നുവച്ചാൽ”
“എന്നുവച്ചാൽ എന്തും”

വീണ്ടും ക്ഷീണമാകേണ്ടെന്നു കരുതി ഉല്പന്നത്തെപ്പറ്റി രാമേട്ടൻ കൂടുതൽ ചോദിച്ചില്ല.
“ഓകെ മിസ്റ്റർ കതിർ, കമ്പനി മുതലാളിയായ താങ്കൾ ശാസ്ത്രീയസംഗീതം പഠിച്ചിട്ടുണ്ടോ?”
കതിർ താടിചൊറിഞ്ഞു അലസമട്ടിൽ പറഞ്ഞു. “ഉണ്ടെന്നും ഇല്ലെന്നും പറയാം”
“കൂടുതൽ വിശദീകരിക്കൂ”
“എന്റെ ചെറുപ്പകാലം ചെന്നൈയിൽ ആയിരുന്നു. സ്വാമീസ് ലോഡ്‌ജിനു ഏതാണ്ട് അടുത്താണ്. അവിടെ ഒരു ഭാഗവതരുടെ വീടിനടുത്തായിരുന്നു താമസം. ഞാനും അനിയന്മാരും ഫുഡ് കഴിക്കാനിരിക്കുമ്പോൾ ഭാഗവതർ പാടണത് കേള്‍ക്കാറുണ്ട്. അങ്ങനെ കൊറേ പഠിച്ചു. അദ്ദേഹമാണ് ആദ്യഗുരു”
"അതു ശരി. അപ്പോൾ ഇങ്ങിനെയൊരു ശിഷ്യനുണ്ടെന്ന് ഗുരുവിനറിയില്ല. അല്ലേ?”
“ഇല്ല്യ. അതിനിപ്പോ എന്താ പ്രോബ്ലം. അത്രേം കാശ് ലാഭം”

രാമേട്ടൻ തലകുലുക്കി സമ്മതിച്ചു.
“റിയാലിറ്റിഷോയിൽ പാടാൻ സെലക്ഷൻ കിട്ടിയശേഷം താങ്കൾ എന്താണ് ചെയ്തത്”
“പാട്ട് പഠിക്കാൻ ചേര്‍ന്നു. അല്ലാണ്ടെന്ത്!”
“ഏതു പാട്ടാണ് പഠിച്ചത്”
“’രാമായണക്കാറ്റേ’ എന്ന പാട്ട്”
“അങ്ങിനെയൊരു കാറ്റുണ്ടോ?”
“നമ്മളെന്തിനാ സാർ അതൊക്കെ അറിയണേ?”

ചോദ്യോത്തരങ്ങൾ കഴിഞ്ഞു. അടുത്തതായി രാമേട്ടൻ കതിറിന്റെ സംഗീതപാടവം പരിശോധിക്കാൻ അരംഭിച്ചു.

“മിസ്റ്റർ കതിർ, ഞാൻ ഒരുപാട്ടിന്റെ ആദ്യവരി പാടാൻ പോകുന്നു. അത് ഏതു രാഗത്തിലാണ് പാടിയതെന്നു പറയണം”

യഥാർത്ഥപരീക്ഷണങ്ങൾ തുടങ്ങാൻ പോകുന്നു. സദസ്സ് ഉഷാറായി. പൊന്നു ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേരും ഉഷാറായി. തിരുമേനിയും കൂട്ടരും സദസ്സിന്റെ പിന്നിൽനിന്നു മുൻനിരയിലേക്കു തിക്കിത്തിരക്കിയെത്തി ഇരിപ്പുറപ്പിച്ചു.

രാമേട്ടൻ പാടാൻ തുടങ്ങി.
“രം..പൂൂൂ.ന്തനാാാവ്രുതീീീ”

ഒരുവരിയേ പാടിയുള്ളൂവെങ്കിലും ആ ഒറ്റവരിയാൽ തന്നെ രാമേട്ടൻ മൽസരാർത്ഥികളേയും വിധികർത്താക്കളേയും കാണികളേയും ഉള്ളംകയ്യിൽ എടുത്തു അമ്മാനമാടിയെന്നു പറഞ്ഞാൽ അതാണ് സത്യം. വിധികർത്താക്കൾ രാമേട്ടന്റെ പ്രാഗൽഭ്യത്തെപ്പറ്റി ചെവിയിൽ പരസ്‌പരം അടക്കം പറഞ്ഞു. കാണികൾക്കിടയിൽ ’അമ്പട വീരാ’ എന്നമട്ടിൽ മർമരം ഉയർന്നു. തിരുമേനിയും കൂട്ടരും സന്തോഷത്താൽ ചൂളമടിച്ചു. കതിർ മാത്രം വിയർപ്പിൽ കുളിച്ചു.

ഏതാനും നിമിഷങ്ങൾ കടന്നുപോയി. സദസ്സും വിധികർത്താക്കളും കാതുകൂർപ്പിച്ചിരിക്കുകയാണ്. പക്ഷേ കതിർ മറുപടി പറഞ്ഞില്ല.

രാമേട്ടനു ആവേശമായി. “അറീല്ലെങ്കി ഞാന്തന്നെ പറയാം. എന്താ”
കതിർ ഉടൻ ചാടിപ്പറഞ്ഞു. “വേണ്ട വേണ്ട. ഞാന്തന്നെ പറഞ്ഞോളാം”
“എങ്കിൽ പറയൂ കതിർ. വേഗമാ.”
“വെറും കതിർ അല്ല. മിസ്റ്റർ കതിർ!”
“ഓകെ ഓകെ മിസ്റ്റർ കതിർ. വേഗം ഉത്തരം പറയൂ”
കതിർ താടിയുഴിഞ്ഞു പിന്നേയും ആലോചിച്ചു. രാമേട്ടൻ പറഞ്ഞു. “കിട്ടീല്ലല്ലേ? എന്നാൽ ഞാൻ
“വേണ്ട സാറേ, എനിക്ക് മനസ്സിലായി. എനിക്കെല്ലാം മനസ്സിലായീന്ന്”
“എങ്കിൽ പറയൂ മിസ്റ്റർ കതിർ

രാമേട്ടനൊഴികെയുള്ള വിധികർത്താക്കൾ കസേരയിൽ മുന്നോട്ടാഞ്ഞു. കാണികളിൽ ആകാംക്ഷ വാനോളമായി. പൊന്നു ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേർക്കു മാത്രം ഇതെല്ലാം രാമേട്ടന്റെ ‘ഓരോരോ നമ്പറുകളാണെന്നു’ മനസ്സിലായി.

കതിർ ഉത്തരം പറഞ്ഞു. “സാറേ, സാറ് പാടീത് നീചരാഗത്തിലാണ്”
രാമേട്ടൻ ഞെട്ടി. “നീചരാഗോ!”
“അതേന്ന്. സാർ പാടിയ വരിയിലെ ആദ്യാക്ഷരങ്ങൾ ‘രംപു” എന്നാണ്. അതായത് മലയാളത്തിലെ നീചപദങ്ങളായ ‘മ’കാരത്തോട് കൂടിയ ‘ര’, ‘ഉ’കാരത്തോട് കൂടിയ ‘പ’. ശരിയല്ലേ? ഇവ രണ്ടും ഒരുവരിയിൽ അടുപ്പിച്ചുവന്നാൽ അത് നീചരാഗമായി”

സദസ്സ് ഇളകിമറിഞ്ഞു. വിധികർത്താക്കൾ കയ്യടിച്ചു. അവരിലൊരു മദ്ധ്യവയസ്ക ഇരിപ്പിടത്തിൽനിന്നു തട്ടിപ്പിടഞ്ഞ് എഴുന്നേറ്റു, അരങ്ങിലേക്കു ഓടിവന്നു. കതിറിന്റെ കവിളിൽ തുരുതുരെ ഉമ്മവച്ചു. ‘അരുത് അരുത്’ എന്നീ പ്രതിഷേധവാക്കുകൾ അവർ കണക്കിലെടുത്തില്ല. അതിനിടയിൽ കിട്ടിയ അല്പസമയത്തിനുള്ളിൽ പറഞ്ഞു.

“സോ സ്വീറ്റ് കതിർ. സോ സ്വീ

ഉമ്മ വയ്‌ക്കുകയാണെങ്കിലും അഭിസംബോധനയിൽ വിട്ടുവീഴ്ചക്കു കതിർ തയ്യാറായില്ല. ഉടൻ തിരുത്തി. “മിസ്റ്റർ കതിർ!”

വിധികർത്താവ് നടുങ്ങി. ഇരിപ്പിടത്തിലേക്കു മടങ്ങി. കതിർ കവിളിലെ തുപ്പൽ തൂവാലകൊണ്ടു തുടച്ചു. സ്റ്റുഡിയോയിലുള്ള എല്ലാവരും രാമേട്ടനെ സഹതാപത്തോടെ നോക്കി. കതിർ അദ്ദേഹത്തെ മുഴുവനായും കവച്ചുവച്ചതായി സകലരും ഉറപ്പിച്ചു, പൊന്നൂ ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേരൊഴികെ. വായിലെ മുറുക്കാൻ കോളാമ്പിയിലേക്ക് തുപ്പി, ഇടതുകയ്യിലെ ചെറുവിരൽ ചെവിയിലിട്ട് ചെവിക്കാട്ടമുണ്ടോയെന്നു പരിശോധിച്ച്, രാമേട്ടൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഉത്തരം ശരിയല്ല”

കതിറിന്റെ താരപരിവേഷത്തിനു മേൽ കരിനിഴൽ വീണു. വിധികർത്താക്കൾ രാമേട്ടനെ ഉറ്റുനോക്കി. എന്താണ് ശരിയായ ഉത്തരം. ഇത്രയും സങ്കീർണ്ണമായ ചോദ്യം ഇന്നുവരെ കേട്ടിട്ടില്ലല്ലോ. വായിൽ അവശേഷിച്ച മുറുക്കാൻകൂടി കോളാമ്പിയിലേക്കു തുപ്പി രാമേട്ടൻ തന്റെ ചോദ്യം ഒരു ‘നമ്പർ’ ആയിരുന്നെന്നു തുറന്നുപറഞ്ഞു.

“മിസ്റ്റർ കതിർ, ഞാൻ ‘തിരുവനന്തപുരം’ ചുമ്മാ തിരിച്ചിട്ട് പാടിയതാണ്. കാര്യായെടുക്കണ്ട”

അമ്പമ്പോ! സദസ്സിലുള്ളവരും വിധികർത്താക്കളും ഞെട്ടി. എങ്ങും കനത്ത കയ്യടി. പൊന്നു ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേർ ഇളകിമറിഞ്ഞു. രാമേട്ടൻ അറിവിന്റെ ഭണ്ഢാരമാണെന്ന് തെളിഞ്ഞില്ലേ. കതിറിന്റെ തലകുനിഞ്ഞു. കവിളിൽ മുത്തിയ വിധികർത്താവ് മൂത്രമൊഴിക്കാനാണെന്നു പറഞ്ഞു ടോയ്‌ലറ്റിലേക്കു പാഞ്ഞു. അദ്ദേഹം പിന്നീട് സ്റ്റുഡിയോയിൽ തിരിച്ചുവന്നില്ല.

രാമേട്ടൻ വിഷയം മാറ്റി. “അതുവിട് കതിർ
പരിതാപകരമായ അവസ്ഥയിലാണ്. നാണക്കേടിനാൽ തല ഉയർത്താൻ വയ്യ. എന്നിട്ടും കതിർ വിട്ടുവീഴ്ചക്കു തയ്യാറായില്ല. തിരുത്തൽ ഉടനെയെത്തി. “മിസ്റ്റർ കതിർ.”

രാമേട്ടൻ അസ്വസ്ഥനായെങ്കിലും പുറത്തുകാണിച്ചില്ല. “ഒകെ ഒകെ മിസ്റ്റർ കതിർ. താങ്കൾ ഏതുപാട്ടാണ് ഇവിടെ പാടാൻ പോകുന്നത്”

കതിർ പറഞ്ഞു. “സർഗം എന്ന മ്യൂസിക്കൽഹിറ്റ് സിനിമയിലെ ‘പ്രവാഹമേ’ എന്ന പാട്ടാണ് ഞാൻ മധുരമായി ആലപിക്കാൻ പോകുന്നത്”

“ശരി. നന്നായി തന്നെ പാടൂ”

കതിർ ആദ്യം കണ്ഠശുദ്ധി വരുത്തി രാമേട്ടന്റെ കോളാമ്പിയിൽ തുപ്പി. സദസ്സിന്റെ മുൻനിരയിൽ ഇരുന്ന തിരുമേനി സാവധാനം എഴുന്നേൽക്കാൻ തുനിഞ്ഞു. കൂടെയുള്ളവർ പിടിച്ചിരുത്തി. കതിർ മൈക്ക് കയ്യിലെടുത്തു. പി.മാധുരിയെപ്പോലെ ഇടതുകൈയാൽ ഇടതുചെവി പൊത്തിപ്പിടിച്ചു പാടാൻ തുടങ്ങി.

“പ്രവാഹമേ ഗംഗാപ്രവാഹമേ”

തുടർന്നു നാലുവരി പാടി. പിന്നെ എല്ലാവരേയും അൽഭുതപ്പെടുത്തി നെടുമുടിവേണുവിന്റെ സ്വരം അനുകരിച്ചു.

“അറിഞ്ഞില്ല ഇതു ഞാനറിഞ്ഞില്ല. ദേവീകടാക്ഷം നിന്നോടൊപ്പമുണ്ട്. അച്ഛനിതറിഞ്ഞില്ല”

ഒറിജിനാലിറ്റിയുടെ മകുടോദാഹരണമായി രാമേട്ടനൊഴിച്ചുള്ള വിധികർത്താകൾ ആ പ്രവൃത്തിയെ വിലയിരുത്തി. രാമേട്ടനു മാത്രമേ ശ്രദ്ധ ആകർഷിക്കാനുള്ള അടവാണതെന്നു മനസ്സിലായുള്ളൂ. കതിർ ബാക്കിയുള്ള എട്ടുവരികളും മനോഹരമായി പാടി. പാട്ട് അവസാനിച്ചപ്പോൾ സദസ്സിലുള്ളവരെല്ലാം കയ്യടിച്ചു അഭിനന്ദിച്ചു. തിരുമേനി അതിനകം മയക്കത്തിലാണ്ടിരുന്നു. രാമേട്ടൻ ചിന്താമഗ്നനായി. പയ്യൻ നന്നായി പാടി. എന്നാലും പാട്ടിൽ എന്തെങ്കിലും പ്രശ്നമുള്ളതായി പറയണ്ടേ. അല്ലെങ്കിൽ ആരും വില കൽപ്പിക്കില്ല.

“മിസ്റ്റർ കതിർ താങ്കൾ ആദ്യത്തെ നാലുവരി ഒന്നുകൂടി പാടൂ”

കണ്ഠശുദ്ധി വരുത്തി, രാമേട്ടന്റെ കോളാമ്പിയിൽ തുപ്പി, കതിർ വീണ്ടും പാടാൻ ആരംഭിച്ചു. “പ്രവാഹമേ. ഗംഗാപ്രവാഹമേ”

ആദ്യവരി പാടിക്കഴിഞ്ഞപ്പോൾ തന്നെ രാമേട്ടൻ തടസ്സപ്പെടുത്തി. “നിര്‍ത്ത് നിര്‍ത്ത്. കണ്ടില്ലേ. ‘പ്രവാഹമേ‘ എന്ന വാക്കിനുശേഷം ‘ഗ’ എന്ന അക്ഷരം രണ്ടുപ്രാവശ്യം തുടര്‍ച്ചയായി ഉച്ചരിച്ചിരിക്കുന്നു. മിസ്റ്റർ കതിർ അവട്യാണ് പ്രോബ്ലം“

കണിശതയാര്‍ന്ന വിലയിരുത്തൽ. ഹാൾ കയ്യടികളാൽ മുഖരിതമായി. ‘പൊന്നു ട്രാവൽസി’ൽ വന്ന രാമേട്ടന്റെ പിള്ളേർ ആർപ്പുവിളിച്ചു.

കതിർ വിട്ടില്ല. “എന്താണ് സാർ അവിടെ പ്രോബ്ലം”
രാമേട്ടൻ വിക്കി. “അവടെ. അവടെ പ്രോബ്ലംണ്ട്”
നിഷേധാർത്ഥത്തിൽ തലയനക്കി കതിർ സൂചിപ്പിച്ചു. “ഞാനിത് മുമ്പേതന്നെ പറയണമെന്നു കരുതിയതാണ്. എന്നിട്ടും ഇത്രനേരം പിടിച്ചുനിന്നു. ഇനി പറയാതെ വയ്യ”
സദസ്സ് ജാഗരൂകമായി. രാമേട്ടൻ പ്രോൽസാഹിപ്പിച്ചു. “പറയൂ പറയൂ”
“കാര്യമെന്താണെന്നു വച്ചാൽ എനിക്ക് സാറിന്റെ സംഗീതത്തിലുള്ള ജ്ഞാനത്തെപ്പറ്റി സംശയമുണ്ട്”

സദസ്സ് ഞെട്ടി. വിധികർത്താക്കൾ ഞെട്ടി. സർവ്വോപരി സ്റ്റുഡിയോവിനു പുറത്ത് പൊന്നു ട്രാവൽസിന്റെ ആറുബസിൽ വന്ന രാമേട്ടന്റെ ആരാധകർ ഞെട്ടി. രാമേട്ടനെ വിമർശിക്കുന്നോ. പരിപാടി ശ്രദ്ധിക്കാതെ മയങ്ങുകയായിരുന്ന തിരുമേനി, പക്ഷേ രാമേട്ടനെ ഇകഴ്ത്തിയ വർത്തമാനം മയക്കത്തിലും കേട്ടു. അലറി ചാടി എഴുന്നേറ്റു.

“ഏതവനാടാ രാമേട്ടനെ പള്ള് പറേണേ? ഇവട്യെന്ന് ശവം വീഴും”

നാലുപേർ തിരുമേനിയെ വട്ടംപിടിച്ചു. അതു മതിയാകാതെ വന്നപ്പോൾ വേറേയും നാലുപേർ പിടിച്ചു. എന്നിട്ടും, രാമേട്ടൻ ഇരിക്കാൻ കണ്ണുകാണിച്ചപ്പോൾ മാത്രമേ തിരുമേനി വഴങ്ങിയുള്ളൂ.

ശബ്ദകോലാഹലങ്ങൾ ഒതുങ്ങിയപ്പോൾ രാമേട്ടൻ ശാന്തനായി പറഞ്ഞു.
“നോക്കൂ, എന്റെ അറിവിൽ സംശയിച്ചിട്ടു കാര്യമില്ല. സത്യത്തിൽ താങ്കൾ ഇനിയും നന്നായി സംഗീതം പരിശീലിക്കേണ്ടിയിരിക്കുന്നു. ഒരു നഗരത്തിന്റെ പേരു തിരിച്ചുപറഞ്ഞപ്പോൾ പോലും താങ്കൾക്ക് അതു മനസ്സിലാക്കാനായില്ല”

രാമേട്ടന്റെ നിയന്ത്രണം പോയി. നാടൻഭാഷ നാവിൽ വിളയാടി. “പിന്നെ താങ്കൾ ഏത് കോപ്പിലെ പാട്ടുകാരനാണ്. താങ്കളെ മൽസരത്തിൽ വിജയിയാക്കാൻ എനിക്ക് നിർവാഹമില്ല. അപ്പോൾ കതിർ താങ്കൾക്ക്
അവസാനഘട്ടത്തിലും കതിർ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. “വെറും കതിർ അല്ല, മിസ്റ്റർ കതിർ.”
“ഒകെ ഒകെ മിസ്റ്റർ കതിർ” എന്ന ക്ഷമാപണം ശ്രവിക്കാൻ കാത്തവർ കേട്ടത് വേറൊന്നാണ്.
“ഒന്നു പോയേടാ ഉവ്വേ അവടന്ന്

റിയാലിറ്റി ഷോയാണെങ്കിലും, സംഗതി റെക്കോർഡിങ്ങാണെങ്കിലും അപമാനിച്ചാൽ ആർക്കെങ്കിലും അടങ്ങിയിരിക്കാനാകുമോ? കതിർ ഷർട്ടിന്റെ കൈകൾ തെറുത്തുകയറ്റി. അക്രമാസക്തനായി രണ്ടുചുവട് മുന്നോട്ടുവച്ചു. രാമേട്ടനെ തല്ലുകയോ! അന്നമനടയുടെ എല്ലാമായ രാമേട്ടനെ തല്ലുകയോ! അസാധ്യം!. പൊന്നു ട്രാവൽസിന്റെ ആറുബസുകൾ വന്ന രാമേട്ടന്റെ പിള്ളേർ ഉച്ചത്തിൽ വിളിച്ചു

“തിരുമേന്യേയ്...”

തിരുമേനി സദസ്സിൽനിന്നു വേദിയിലേക്കു ചാടി. രാമേട്ടനു മുന്നിൽ കോട്ട തീർത്തു. കൈചുരുട്ടി വന്ന കതിർ പകച്ചു. അതാ ഒരു കുടവയറൻ. തിരുമേനിയുടെ വിസ്തൃതമായ വയറിൽ തട്ടി കതിറിനു മുന്നോട്ടു പോകാനായില്ല. അദ്ദേഹം പിൻവാങ്ങി. ഹാളിനു പുറത്തുപോയി. മറ്റുള്ളവരെവച്ചു ചാനലുകാർ മൽസരം പൂർത്തിയാക്കി. വിജയിയെ തിരഞ്ഞെടുത്തു. പരിപാടി റെക്കോർഡഡ് ആയതിനാൽ അത്യാവശ്യം എഡിറ്റിങ്ങോടെ പ്രേക്ഷകരിലേക്കു എത്തി. ‘ഗാനരാജ’ വൻവിജയമായെന്നു ചാനലുകാർ പ്രചരിപ്പിച്ചു. ജനം അതും വിശ്വസിച്ചു!

വിഷൻ‌നെറ്റിന്റെ ഫൈനൽ പരിപാടിക്കുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ, അതാ രാമേട്ടനു വീണ്ടും കമ്പി. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ വച്ചുനടക്കുന്ന സമ്മാനദാനച്ചടങ്ങിൽ സംബന്ധിക്കണമെന്ന അഭ്യർത്ഥനയായിരുന്നു കമ്പിയിൽ. വിവരം പതിവുപോലെ നാടുമുഴുവൻ അഞ്ചുമിനിറ്റിനുള്ളിൽ അറിഞ്ഞു. തിരുമേനി ആവേശഭരിതനായി. അന്നമനട മണപ്പുറത്തെ കടവിൽ ഇഞ്ചതേച്ചു വിസ്‌തരിച്ചു കുളിക്കുകയായിരുന്ന രാമേട്ടനോടു, ഓടിവന്നു അണപ്പുനിയന്ത്രിച്ച്, തിരുമേനി ചോദിച്ചു.

“പൊന്നൂല് നാല് ബസിനു ആളെ പറയട്ടോ രാമേട്ടാ?”

രാമേട്ടൻ കൈവിരൽ ഉയർത്തി പറഞ്ഞു. “നാല് പോരടാ. ഒരാറായിക്കോട്ടെ... ആറ്”

Monday, November 14, 2011

ഹിസ് എക്‌സലൻസി രാമേട്ടൻ - 1

രാമേട്ടനു കമ്പി!
വാർത്ത അന്നമനട ദേശം മുഴുവൻ വ്യാപിക്കാൻ അഞ്ചുമിനിറ്റേ എടുത്തുള്ളൂ. അതിനകം പുളിക്കടവ് പാലം മുതൽ പാലിശ്ശേരി സ്കൂൾ വരെയും മേലഡൂർ കവല മുതൽ വൈന്തല കുരിശുപള്ളി വരെയും സംഗതി ഫ്ലാഷായി. കാര്യം രാമേട്ടനു കമ്പി വരുന്നത് ഇതാദ്യമായല്ല. മുമ്പും പലതവണ കമ്പി വന്നിട്ടുണ്ട്. ഇവിടെ പ്രത്യേകം ഊന്നൽ കൊടുക്കേണ്ടത്, രാമേട്ടനു കമ്പി വരുമ്പോഴൊക്കെ നാടുമുഴുവൻ വാർത്ത നൊടിയിടയിൽ പരക്കും എന്ന വസ്തുതക്കാണ്. അത്രക്കുണ്ട് അന്നമനടയിൽ രാമേട്ടന്റെ, ജാനകിരാമൻ എന്നു യഥാർത്ഥനാമം, സ്വാധീനം. അദ്ദേഹം നാടറിയുന്ന ഗായകനും കലാകാരനുമാണ്. അടിസ്ഥാനപരമായി മികവു തെളിയിച്ചിരിക്കുന്നത് ക്ലാസിക്കൽ സംഗീതത്തിലെങ്കിലും വയലിൻ, വീണ, തബല, മൃദംഗം, ഘടം എന്നിങ്ങനെ ഒരുമാതിരിയുള്ള എല്ലാ സംഗീതോപകരണങ്ങളും കൈകാര്യം ചെയ്യും. എല്ലാത്തിലും ഏറ്റക്കുറച്ചിലില്ലാതെ പരിണതപ്രജ്ഞനുമാണ്. രാമേട്ടന്റെ പരിപാടികൾ ടെലിവിഷൻ, റേഡിയോ, സ്റ്റേജ് ഷോകൾ, ഉൽസവപരിപാടികൾ എന്നിവയിൽ പലതവണ വന്നിട്ടുണ്ട്. സംഗീതരംഗത്തെ പ്രശസ്തരായ പലരും അദ്ദേഹത്തെ ആത്മസുഹൃത്തുക്കൾ. ഇത്തരത്തിൽ കേരളത്തിലെ സംഗീതകലാരംഗത്തു രാമേട്ടൻ സുപരിചിതനാണെന്നു പറഞ്ഞാൽ അതിൽ തെറ്റില്ല.

അന്നമനട ദേശം മുഴുവൻ രാമേട്ടന്റെ ആരാധകരാണ്. രാമേട്ടന്റെ കച്ചേരി എവിടെ ഉണ്ടായാലും അവിടേക്കു അന്നമനടയിൽ നിന്നു നാലുബസ് നിറയെ ആളുകൾ പോകും. വാളൂരിലെ ‘പൊന്നു’ ട്രാവൽസിലെ ബസുകളാണ് എല്ലായ്‌പ്പോഴും ഏർപ്പാടാക്കുക. ആളുകൾ കൂടുതലുണ്ടെങ്കിൽ ബസുകളുടെ എണ്ണവും കൂടും. കൂടാതെ ബൈക്ക്, ഓട്ടോറിക്ഷ, ടെമ്പോ, ജീപ്പ് എന്നിങ്ങനെ മറ്റുമാർഗങ്ങളും നാട്ടുകാർ തേടും. അങ്ങിനെ രാമേട്ടന്റെ സംഗീതപരിപാടികൾക്കു അന്നമനടയുടെ ഒരു പരിച്ഛേദം സദസ്സിലുണ്ടാകും. കച്ചേരിക്കിടയിൽ ആരെങ്കിലും കൂവിയാലോ ഒച്ചവച്ചാലോ പിന്നെ ഒന്നും പറയാനില്ല. പൂര അടിയായിരിക്കും. ഇത്തരം അടികൾക്കു നേതൃത്വം കൊടുക്കുന്നത് അന്നമനടയിൽ, രാമേട്ടന്റെ കറകളഞ്ഞ ആരാധകനായ ‘തിരുമേനി’യാണ്. രാമേട്ടനെതിരെ ആരെങ്കിലും സംസാരിച്ചു എന്നുകേട്ടാൽ സംസാരിച്ചവന്റെ വീട്ടിലേക്കു, തിരുമേനിയുടെ നേതൃത്വത്തിൽ, രണ്ടുവണ്ടി നിറയെ ആളുപോകും. ‘തിരുമേനി കസ്റ്റഡിയിൽ’ എന്നമട്ടിലുള്ള വാർത്തകളും താമസിയാതെ കേൾക്കാം. കായബലത്തിന്റെയും കുടവയറിന്റേയും പര്യായമായ തിരുമേനി രാമേട്ടന്റെ വലംകൈയാണ്.

ഇത്തരത്തിൽ മികച്ച ഗായകനും, ജനനായകനും, അതിലുപരി മനുഷ്യസ്നേഹിയുമായ രാമേട്ടനു കമ്പിവന്നാൽ, അതും ഗൗരവമായ വാർത്തയാണെങ്കിൽ, അന്നമനടയിൽ നൊടിയിടയിൽ പരക്കാതിരിക്കുന്നതെങ്ങിനെ? പതിവുപോലെ മിനിറ്റുകൾക്കകം അന്നമനട ശിവക്ഷേത്രത്തിനു അടുത്തുള്ള രാമേട്ടന്റെ വീടിനുമുന്നിൽ പുരുഷാരം രൂപംകൊണ്ടു. വന്നവരിലെല്ലാം ആകാംക്ഷയും പരിഭ്രാന്തിയും. എന്തെങ്കിലും അത്യാഹിതം? അല്ലെങ്കിൽ എന്തെങ്കിലും നല്ല വാർത്ത? അതറിഞ്ഞിട്ടേ പിരിഞ്ഞുപോകൂ.

പോർട്ടിക്കോവിൽ തൂങ്ങിയാടുന്ന കസേരയിലിരുന്നു രാമേട്ടൻ കമ്പി വായിച്ചു. നാട്ടുകാർ അദ്ദേഹത്തിന്റെ മുഖത്തു ഉറ്റുനോക്കി. രാമേട്ടൻ സങ്കടപ്പെടുന്നുണ്ടോ? അതോ സന്തോഷിക്കുന്നുവോ? രാമേട്ടന്റെ മുഖത്തു ഒരു വികാരവും ഉണ്ടായില്ല. അദ്ദേഹം വികാരങ്ങൾ ഒളിപ്പിക്കുന്നതിൽ അതിസമർത്ഥനാകുന്നു. കമ്പി വായിച്ചുകഴിഞ്ഞു ചുറ്റും കൂടിയവരെ വാർത്ത അറിയിച്ചു.

“സന്തോഷവാർത്തയാണ്. അന്നമനടയുടെ സംഗീതപാരമ്പര്യത്തിനു ലഭിച്ച അംഗീകാരമാണ്.. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലായ ‘വിഷൻനെറ്റ്’ പാട്ടുകാർക്കായി നടത്തുന്ന റിയാലിറ്റിഷോ ‘ഗാനരാജ’യുടെ ഫൈനൽ മൽസരത്തിനു പ്രത്യേക അതിഥിയും പ്രധാന വിധികർത്താവുമായി എന്നെ ക്ഷണിച്ചിരിക്കുന്ന വിവരമാണ് കമ്പിയിൽ ഉള്ളത്. ഇതു അന്നമനടക്ക് ഒരു അംഗീകാരമാണ്”

റിയാലിറ്റി ഷോകൾ തരിമ്പും ഇഷ്ടമല്ലാത്ത തിരുമേനി അന്വേഷിച്ചു. “രാമേട്ടൻ ഈ പരിപാടിക്കു അപ്ലൈ ചെയ്തണ്ടാർന്നാ?”

“ആര് ഞാനാ, ഇതിനാ! ഹഹഹ“ രാമേട്ടൻ പൊട്ടിച്ചിരിച്ചു. “ഇമ്മാതിരി കളസം കീറണ പരിപാടിക്കു അപ്ലൈ ചെയ്യാൻ എനിക്കു പ്രാന്ത്ണ്ടടാ തിരുമേന്യേ? ഇതെന്നെ ആരാണ്ട് റെക്കമന്റ് ചെയ്തതാന്നാ തോന്നണെ”

തിരുമേനി ചോദിച്ചു. “അപ്പോ രാമേട്ടൻ ഇതിന് പോണ്ണ്ടാ?”

“പിന്നെ പോവണ്ടേ? ഒര് ദെവസല്ലേടാ ഉള്ളൂ. അതും മാളോര് കാണേ. കാശും ഇമ്മിണി കിട്ടൂന്ന് തോന്നണ്”

തിരുമേനി ആവേശത്തിലായി. “പൊന്നൂല് നാല് ബസിനു ആളെ പറയട്ടോ രാമേട്ടാ“

“നാലു പോരടാ. ഒര് ആറായിക്കോട്ടെ. അവടെ ചെലപ്പോ എന്തെങ്കിലും പ്രശ്നണ്ടായലോ”

“എന്തൂട്ട് പ്രശ്നം?”

“ആരെങ്കിലും എന്നെ പള്ള് വിളിച്ചാലോടാ തിരുമേന്യേ”

“പള്ളാ! രാമേട്ടന്യാ? എന്നാപ്പിന്നെ അവടെ ശവം വീഴും. നമക്ക് നാലഞ്ച് വാളും കൊണ്ടോവാ”

“ആയ്ക്കോട്ടേ. അപ്പോ പൊന്നൂല് ഇപ്പത്തന്നെ വിളിച്ച് പറഞ്ഞോ. വൈകിക്കണ്ട. അവമ്മാർക്കിപ്പോ ഓട്ടം ജാസ്ത്യാ. ഇപ്പ പറഞ്ഞില്ലെങ്കീ ട്രിപ്പ് കിട്ടില്ല”

തിരുമേനി പതിവ് ഡയലോഗ് അടിച്ചു. “എന്തൂട്ട് ജാസ്ത്യായാലും രാമേട്ടന്റെ പരിപാടിക്ക് ആളെ കൊണ്ടോയില്ലെങ്കിപ്പിന്നെ ഇവടെ ശവം വീഴും”

തിരുമേനി തുടർന്നു. “രാമേട്ടാ. ഞാനൊരു കാര്യം പറയാൻ പോവാണ്. രാമേട്ടൻ എതിര് പറേര്ത്”

“എന്താടാ?”

“ഞങ്ങ രാമേട്ടനു ഒര് സ്വീകരണം ഏർപ്പാട് ചെയ്യാമ്പോവാ? രാമേട്ടൻ സമ്മതിക്കണം”

“ഇനീപ്പോ ഞാനായിട്ട് മുടക്കീന്ന് വരര്തല്ലോ. അതോണ്ട് ആയിക്കോട്ടേ“

“എവട്യാ രാമേട്ടാ സ്റ്റേജ് വേണ്ടെ?”

“മണപ്പൊറത്ത് മതി”

“ശരി. പിന്നെ നോട്ടുമാല വേണോ രാമേട്ടാ”

രാമേട്ടൻ ചൂടായി. “അതില്ലാണ്ട് എന്തൂട്ട് സ്വീകരണാടാ“

“അതും ശര്യാ. പിന്നെ ആന”

“ഏതാ?”

“നമ്മടെ ഉമാമഹേശ്വരൻ”

“ധാരാളം”

“ഉൽ‌ഘാടകൻ ആരാ വേണ്ടെ?”

“ഞാൻ തന്നെ പോരേ”

“മതീന്ന്. അധ്യക്ഷനോ?”

“നമ്മടെ തോമാസില്ലേ”

“ആരാ രാമേട്ടാ. മെമ്പറാ?”

“അവന്തന്നെ”

തിരുമേനി സംശയിച്ചു. “അതുവേണോ രാമേട്ടാ”

“എന്താ സംശയം”

“എന്നാപ്പിന്നെ സ്റ്റേജ് മണപ്പൊറ്‌ത്ത്‌ന്ന് വേറെ വല്ലോട്‌ത്തേക്കും മാറ്റാം”

“അതെന്താടാ?”

“അല്ലെങ്കീ പൊഴേല് ശവം പൊങ്ങും”

“ആരടെ?”

“ഒന്നുങ്കീ തോമാസിന്റെ. അല്ലെങ്കീ നാട്ടാര്ടെ”

“അത്രക്ക് കേമാണോ അവന്റെ പ്രസംഗം?”

“ആണോന്നാ. അത് കേട്ടാപ്പിന്നെ മുടി നരക്കില്ല”

“അതെന്തേ”

“അതിനു മുമ്പ് വട്യാവും”

“അങ്ങനെ ആരേങ്കിലും നീയറിയോ”

“ഞാൻ മാത്രല്ല നാടു മുഴ്വോൻ അറീം”

രാമേട്ടൻ സംഭാഷണം നിർത്തി. ശനിയാഴ്ച സന്ധ്യക്കു അന്നമനട ശിവക്ഷേത്രത്തിനു മുന്നിലെ മണപ്പുറത്തു സ്വീകരണം എന്നു തീരുമാനിച്ചു. സ്വീകരണക്കമ്മറ്റി നൊടിയിടയിൽ രൂപീകരിച്ചു. അതിനെല്ലാം സ്ഥിരം ആളുകളുണ്ട്. അല്ലെങ്കിലും രാമേട്ടന്റെ പരിപാടി നടത്താനാണോ ആളില്ലാത്തത്. മണപ്പുറത്തു കവുങ്ങിൻകുറ്റികൾ കുത്തിനിർത്തി, അതിന്മേൽ പലകയടിച്ചു സ്റ്റേജ് ഉറപ്പിച്ചു. പലകയിൽ കാർപ്പെറ്റും, അതിനുമുകളിൽ ചുവന്ന പരവതാനിയും വിരിച്ചു. രാമേട്ടനു ഇരിക്കാൻ സിംഹാസനം പോലുള്ള ഇരിപ്പിടം. മറ്റുള്ളവർക്കു സാദാ പ്ലാസ്റ്റിക് കസേരകൾ. വൈകുന്നേരം ഏഴുമണിയോടെ മണപ്പുറത്തു അന്നമനട ദേശമെത്തി.

അധ്യക്ഷൻ അയൽനാട്ടുകാരനും, തീപ്പൊരി പ്രാസംഗികനുമായ മെമ്പർ തോമാസ്. മൈക്കിന്റെ ഉയരം തനിക്കു ആനുപാതികമായി ക്രമീകരിച്ചു അദ്ദേഹം മൈക്കിൽ രണ്ടുതവണ കൊട്ടി. പിന്നെ നടുലേശം പിന്നോട്ടു വളച്ചു പ്രസംഗം ആരംഭിച്ചു. തുടക്കം മുതൽ ഗുളികൻ നാവിൽ വിളഞ്ഞു.

“പ്രിയപ്പെട്ട നാട്ടുകാരെ.. നമ്മുടെ എല്ലാമായ രാമേട്ടൻ കമ്പിയായി എന്നു കേട്ടപ്പോൾ. അല്ല അങ്ങനല്ല, നമ്മടെ രാമേട്ടനു കമ്പി വന്നിരിക്കുന്നു എന്നു കേട്ടപ്പോൾ, ഞാൻ ആദ്യമായി ഓർമിച്ചത് കഴിഞ്ഞമാസം കക്കാടിൽ വന്ന മൂന്നു കമ്പിയില്ലാ കമ്പിയെപ്പറ്റിയും കുലയിടത്തു വന്ന നാല് കമ്പിയുള്ള കമ്പിയെപ്പറ്റിയും, പിന്നെ എന്റെവീട്ടിൽ കമ്പിയുമായി വന്ന ലോറിയെപ്പറ്റിയുമാണ്. ലോറി നമ്മുടെ ചോളാൻസ് പോലെ വലിയ ഒന്നല്ല. വേണുച്ചേട്ടന്റെ ഗ്യാസ് ഏജൻസീടെ വണ്ടിപോലത്തെ ഒരു മിനിലോറി. ആ അതന്നെ, പ്രിയപ്പെട്ടവരെ അതിന്റെ പേര് മിസ്തുബിഷി എന്നാണ്. സുഹൃത്തുക്കളേ മിസ്‌തുബിഷി ഒരു ജപ്പാൻ കമ്പനിയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ബോംബിട്ട സ്ഥലം. സഹൃദയരേ, എന്നിട്ടിപ്പോൾ ആ ജപ്പാന്റെ ഏറ്റവും അടുത്ത സുഹൃദ്‌രാജ്യമോ അമേരിക്ക തന്നെ. എന്തൊരു വിരോധാഭാസം”

രാമേട്ടൻ തോമാസിനെ തോണ്ടി. “പ്രിയപ്പെട്ടവനേ തോമാസേ. നീ പോയിന്റിൽക്ക് വാ”

“രാമേട്ടാ ഇതന്ന്യല്ലേ പോയിന്റ്. പിന്നെന്തൂട്ടാത്ര പറയാൻ”

രാമേട്ടൻ പൂജിതനായി. യാതൊരു തട്ടും തടവുമില്ലാതെ തോമാസ് പിന്നേയും പതിനഞ്ചു മിനിറ്റ് സംസാരിച്ചു. രാമേട്ടൻ തരിച്ചിരുന്നു. ജനങ്ങൾ അതിലേറെ തരിച്ചിരുന്നു. അദ്ധ്യക്ഷപ്രസംഗത്തിനു ശേഷം രാമേട്ടൻ നിലവിളക്ക് കത്തിച്ചു ഉൽഘാടനം ചെയ്‌തു. പതിനൊന്നു പേർ പൊന്നാട അണിയിച്ചു. അണിയിക്കാൻ പിന്നേയും ഒരുപാടു ആളുകൾ ബാക്കി. അവരോടു തുണി പിറ്റേന്നു വീട്ടിൽ കൊടുത്താൽ മതിയെന്നു പറഞ്ഞു സമാധാനിപ്പിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റിന്റെ ഊഴമായിരുന്നു പിന്നീട്. അദ്ദേഹം കാര്യമാത്രപ്രസക്തമായി സംസാരിച്ചു. രാമേട്ടന്റെ വെങ്കലപ്രതിമ അന്നമനട ജംങ്ഷനിൽ, കാക്ക തൂറാത്ത വിധം, ചില്ലുപേടകത്തിൽ പ്രതിഷ്‌ഠിക്കുമെന്നു അദ്ദേഹം പറഞ്ഞു. സദസ്സ് അത് കയ്യടികളോടെ സ്വീകരിച്ചു. അതോടെ പരിപാടികൾ സമാപിച്ചു.

പിറ്റേന്നു ഉച്ചക്ക്, രാഹുകാലം കഴിഞ്ഞു, രാമേട്ടൻ ടാറ്റ സഫാരിയിൽ കൊച്ചിയിലെ വിഷൻ‌നെറ്റ് സ്റ്റുഡിയോവിലേക്ക് പുറപ്പെട്ടു. പിന്നാലെ പൊന്നു ട്രാവൽസിന്റെ ആറു മിനിബസുകളിൽ നാട്ടുകാരും. വൈകുന്നേരമായിരുന്നു ഫൈനൽ മൽസരങ്ങൾ തീരുമാനിച്ചിരുന്നത്. പരിപാടി ലൈവാണെന്നാണ് വിവക്ഷയെങ്കിലും സംഗതി പതിവുപോലെ റെക്കോർഡഡ് ആയിരുന്നു.

കേരളവും കേരളീയരും ആകാംക്ഷഭരിതരായി തുടങ്ങി. ആരാണ് വിജയികാവുക. വിഷൻനെറ്റ് ‘ഗാനരാജ’ എന്ന റിയാലിറ്റി ഷോ തുടങ്ങിയത് കൃത്യം ഒരു വർഷം മുമ്പായിരുന്നു. ചില വിദേശചാനലുകളിൽ കണ്ട പരിപാടിയിൽ ചെറിയമാറ്റങ്ങൾ വരുത്തി രൂപം കൊടുത്തതാണ് ‘ഗാനരാജ’. മലയാളത്തിൽ പറഞ്ഞാൽ അടിച്ചുമാറ്റിയ ആശയം. വൈകുന്നേരങ്ങളിൽ സീരിയലിനു മുന്നിൽ കുത്തിയിരുന്നു കരയുന്ന വീട്ടമ്മമാരുടെ മനസ്സ് സന്തോഷഭരിതമാക്കാനാണ് പുതിയ പരിപാടിയിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്ന് വിഷൻനെറ്റ് പരസ്യമിറക്കി. ജനം പതിവുപോലെ അതും വിശ്വസിച്ചു. ഒരുവർഷം നീണ്ട മൽസരങ്ങൾക്കൊടുവിൽ പലരും റൗണ്ടുകളിൽനിന്നു റൗണ്ടുകളിലേക്കു കയറി, അതിലേറെ പേർ ഇറങ്ങി. അവസാനം വിജയിപ്പട്ടത്തിനു അവകാശികൾ മൂന്നുപേരായി ചുരുങ്ങി. ഇന്നു അവരും വിധികർത്താക്കളും തമ്മിലാണ് കബഡി.

സമയം ഏഴുമണിയോടടുത്തപ്പോൾ, അന്നേരം വളരെ തിരക്കുണ്ടാകുമായിരുന്ന, അന്നമനട ജംങ്‌ഷൻ വിജനമായി. ഗ്രഹണത്തിന്റെ പ്രതീതി. കമ്മ്യൂണിസ്റ്റുകാരുടെ ബന്ദിനുവരെ അടക്കാത്ത മെഡിക്കൽ ഷോപ്പുകളും പൂട്ടി. നാട്ടുകാരെല്ലാം ടെലിവിഷനു മുന്നിൽ. അന്നമനട പാലത്തിനു സമീപം കെ‌എസ്‌ഇ‌ബിയുടെ ട്രാൻസ്‌ഫോർമർ ലോഡ് താങ്ങാനാകാതെ ഉച്ചത്തിൽ മൂളി. മൂളൽ അങ്ങുദൂരെ വാളൂർ വരെ കേട്ടു. ട്രാൻസ്‌ഫോർമറിൽ നാലഞ്ച് സ്ഫുലിംഗങ്ങളും ഉണ്ടായി. റിയാലിറ്റിഷോ നടക്കുന്ന സ്റ്റുഡിയോക്ക് പുറത്തു പൊന്നു ട്രാവൽസിന്റെ ആറു ബസുകൾ നിരനിരയായി കിടന്നു. അതിലിരുന്നു രാമേട്ടന്റെ പിള്ളേർ എന്തു സാഹചര്യവും നേരിടാൻ തയ്യാറെടുത്തു. തിരുമേനി ഉൾപ്പെടെ ഏതാനും പേർ പരിപാടി കാണാൻ സ്റ്റുഡിയോയിൽ കയറി.

(തുടരും...)