Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Monday, November 21, 2011

ഹിസ് എക്‌സലൻസി രാമേട്ടൻ - 2

മൽസരം തുടങ്ങി. ആദ്യം വിധികർത്താക്കളെ പരിചയപ്പെടുത്തലായിരുന്നു. രാമേട്ടൻ പ്രത്യേക അതിഥിയായതിനാൽ അദ്ദേഹത്തെയാണ് ആദ്യം പരിചയപ്പെടുത്തിയത്.

അവതാരക: “ഇന്ന് നമ്മുടെ ചാനലിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണദിനമാണ്. ഒരുപാട് പ്രതിബന്ധങ്ങളും മറ്റുചാനലുകളുടെ പാരവയ്പും അതിജീവിച്ചു ‘ഗാനരാജ’ പ്രോഗ്രാം ഇന്നു സമാപിക്കുന്നു എന്നത് വളരെ സന്തോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫൈനൽ മൽസരത്തിനു ജഡ്‌ജസായി വന്നിരിക്കുന്നവരെ കാണുമ്പോഴോ, എന്റെ സന്തോഷം ഇരട്ടിക്കുകയും ചെയ്യുന്നു”

അവതാരക തുടർന്നു. “സത്യത്തിൽ രാമേട്ടൻ, രാമേട്ടൻ എന്നപേര് ഞാൻ എത്രയോ തവണ, എത്രയോ ഇടങ്ങളിൽവച്ച്, എത്രയോ ആളുകൾ പറയുന്നത്, എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു. എനിക്കുതന്നെ നിശ്ചയമില്ല. ഓരോതവണ കേൾക്കുമ്പോഴും അദ്ദേഹത്തെ കാണാനും, നമസ്കരിക്കാനും എന്നു സാധിക്കുമെന്നു ഞാൻ ആലോചിക്കാറുണ്ട്. ഇപ്പോൾ മാത്രമാണ് എനിക്കതിനു ഭാഗ്യമുണ്ടായത്”

രാമേട്ടൻ നിക്കർ ഇട്ടിട്ടുണ്ടെന്നു കൈകൊണ്ടു തപ്പി ഉറപ്പുവരുത്തി. പിന്നെ ഡബിൾമുണ്ട് കണങ്കാൽ വരെ പൊക്കിപ്പിടിച്ചു. അവതാരക രാമേട്ടനെ കാൽക്കൽവീണു നമസ്കരിച്ചു. പ്രസംഗം തുടർന്നു. “അദ്ദേഹത്തെ ഈ പരിപാടിക്കു പ്രധാന വിധികർത്താവായി ക്ഷണിച്ചപ്പോൾ ക്ഷണം സ്വീകരിക്കുമോ എന്ന ആശങ്ക വിഷൻനെറ്റ് ടീമിനു ഉണ്ടായിരുന്നു. എന്തുമാത്രം തിരക്കുകൾ ഉള്ള മനുഷ്യനാണ്! പക്ഷേ ടീമിനെയാകെ അൽഭുതപ്പെടുത്തി പ്രതിഫലം പോലും വാങ്ങാതെ സൗജന്യമായി പങ്കെടുക്കാമെന്നു അദ്ദേഹം സമ്മതിക്കുകയാണുണ്ടായത്”

ഹാളിൽ നിലക്കാത്ത കയ്യടി ഉയർന്നു. വിധികർത്താക്കളും കയ്യടി മോശമാക്കിയില്ല. രാമേട്ടൻ മാത്രം ഞെട്ടി. സൗജന്യമോ? മാധവനാശാരിക്കു കൊടുക്കാനുള്ള രണ്ടായിരം രൂപ, പഞ്ചായത്തിൽ അടക്കാനുള്ള വീട്ടുകരം, വെള്ളക്കരം, മൂന്നുമാസത്തെ കറന്റ് ബില്ല്, ഇന്ദ്രപ്രസ്ഥം ഷാപ്പിലെ കുടിശ്ശിക... ഇങ്ങിനെ പോകുന്നു നിലവിലുള്ള ബാധ്യതകൾ. അതെല്ലാം പോയ്‌പ്പോയോ.

രാമേട്ടനു സ്വാഗതം പറഞ്ഞശേഷം അവതാരക മറ്റു വിധികർത്താക്കളേയും മൽസരാർത്ഥികളേയും പരിചയപ്പെടുത്തി. സദസ്സ് അതു കാര്യമായെടുത്തില്ല. ആർക്കും കയ്യടിച്ചുമില്ല. രാമേട്ടൻ ഇരിക്കുന്നിടത്തു മറ്റു സംഗീതജ്ഞരുടെ പേരുകേൾക്കുന്നതു പോലും സദസ്സിനു അരോചകമായിരുന്നു. ഏകതാരം സകലകലാവല്ലഭനായ രാമേട്ടനല്ലാതെ മറ്റാര്?

മൽസരം ആരംഭിച്ചു. ആദ്യത്തെ മൽസരാർത്ഥി അരങ്ങത്തേക്കു വന്നു. അന്നേരം ക്യാമറലൈറ്റുകൾ തീഷ്‌ണമായി പ്രകാശിച്ചു. ആകർഷണീയമല്ലാത്ത സംഗീതവും ഉയർന്നു. രാമേട്ടനു കലിവന്നെങ്കിലും ക്ഷമിച്ചുകൊടുത്തു. മൽസരാർത്ഥിയെ നിരീക്ഷിച്ചു. മുപ്പതുവയസ്സ് തോന്നിക്കുന്ന യുവാവ്. പൈജാമയും ജീന്‍സും വേഷം. അടിമുടി ഗംഭീരഭാവം.

“താങ്കളുടെ പേരെന്താ?” അവതാരക പേരു പറഞ്ഞിരുന്നെങ്കിലും രാമേട്ടൻ അതു മറന്നിരുന്നു.
മൽസരാർത്ഥി പറഞ്ഞു. “എന്റെ പേര് മിസ്റ്റർ കതിർ”

രാമേട്ടൻ വിസ്മയിച്ചു. മലയാളികൾക്കു ഇങ്ങിനേയും പേരുകളോ?
“രസകരമായിരിക്കുന്നല്ലോ കതിർ താങ്കളുടെ.”
സംസാരം കതിർ തടസ്സപ്പെടുത്തി. “വെറും കതിർ അല്ല. മിസ്റ്റർ കതിർ

അമ്പരന്നെങ്കിലും രാമേട്ടൻ ആവശ്യം അംഗീകരിച്ചു.
“ഓകെ ഓകെ മിസ്റ്റർ കതിർ. മലയാളിയായ താങ്കൾക്ക് ഈ വിചിത്രമായ പേര് എങ്ങിനെ ലഭിച്ചു?”
“അത് എനിക്കറിയില്ല സാർ. അച്‌ഛനോടു ചോദിച്ചിട്ട് പിന്നെ അറിയിക്കാം”

മറുപടി രാമേട്ടനു ക്ഷീണമായി. ഉടൻ വിഷയം മാറ്റി.
കതിറിന്റെ പ്രൊഫഷൻ എന്താണ്?”
“വെറും കതിർ അല്ല. മിസ്റ്റർ കതിർ
“ഓകെ ഓകെ മിസ്റ്റർ കതിർ. താങ്കളുടെ ജോലിയെന്താണ്”
“ഞാൻ ഒരു കമ്പനി മുതലാളിയാണ്”
“വെരി ഗുഡ്. എന്താണ് നിങ്ങളുടെ പ്രോഡക്ട്”
“എന്തും”
“എന്നുവച്ചാൽ”
“എന്നുവച്ചാൽ എന്തും”

വീണ്ടും ക്ഷീണമാകേണ്ടെന്നു കരുതി ഉല്പന്നത്തെപ്പറ്റി രാമേട്ടൻ കൂടുതൽ ചോദിച്ചില്ല.
“ഓകെ മിസ്റ്റർ കതിർ, കമ്പനി മുതലാളിയായ താങ്കൾ ശാസ്ത്രീയസംഗീതം പഠിച്ചിട്ടുണ്ടോ?”
കതിർ താടിചൊറിഞ്ഞു അലസമട്ടിൽ പറഞ്ഞു. “ഉണ്ടെന്നും ഇല്ലെന്നും പറയാം”
“കൂടുതൽ വിശദീകരിക്കൂ”
“എന്റെ ചെറുപ്പകാലം ചെന്നൈയിൽ ആയിരുന്നു. സ്വാമീസ് ലോഡ്‌ജിനു ഏതാണ്ട് അടുത്താണ്. അവിടെ ഒരു ഭാഗവതരുടെ വീടിനടുത്തായിരുന്നു താമസം. ഞാനും അനിയന്മാരും ഫുഡ് കഴിക്കാനിരിക്കുമ്പോൾ ഭാഗവതർ പാടണത് കേള്‍ക്കാറുണ്ട്. അങ്ങനെ കൊറേ പഠിച്ചു. അദ്ദേഹമാണ് ആദ്യഗുരു”
"അതു ശരി. അപ്പോൾ ഇങ്ങിനെയൊരു ശിഷ്യനുണ്ടെന്ന് ഗുരുവിനറിയില്ല. അല്ലേ?”
“ഇല്ല്യ. അതിനിപ്പോ എന്താ പ്രോബ്ലം. അത്രേം കാശ് ലാഭം”

രാമേട്ടൻ തലകുലുക്കി സമ്മതിച്ചു.
“റിയാലിറ്റിഷോയിൽ പാടാൻ സെലക്ഷൻ കിട്ടിയശേഷം താങ്കൾ എന്താണ് ചെയ്തത്”
“പാട്ട് പഠിക്കാൻ ചേര്‍ന്നു. അല്ലാണ്ടെന്ത്!”
“ഏതു പാട്ടാണ് പഠിച്ചത്”
“’രാമായണക്കാറ്റേ’ എന്ന പാട്ട്”
“അങ്ങിനെയൊരു കാറ്റുണ്ടോ?”
“നമ്മളെന്തിനാ സാർ അതൊക്കെ അറിയണേ?”

ചോദ്യോത്തരങ്ങൾ കഴിഞ്ഞു. അടുത്തതായി രാമേട്ടൻ കതിറിന്റെ സംഗീതപാടവം പരിശോധിക്കാൻ അരംഭിച്ചു.

“മിസ്റ്റർ കതിർ, ഞാൻ ഒരുപാട്ടിന്റെ ആദ്യവരി പാടാൻ പോകുന്നു. അത് ഏതു രാഗത്തിലാണ് പാടിയതെന്നു പറയണം”

യഥാർത്ഥപരീക്ഷണങ്ങൾ തുടങ്ങാൻ പോകുന്നു. സദസ്സ് ഉഷാറായി. പൊന്നു ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേരും ഉഷാറായി. തിരുമേനിയും കൂട്ടരും സദസ്സിന്റെ പിന്നിൽനിന്നു മുൻനിരയിലേക്കു തിക്കിത്തിരക്കിയെത്തി ഇരിപ്പുറപ്പിച്ചു.

രാമേട്ടൻ പാടാൻ തുടങ്ങി.
“രം..പൂൂൂ.ന്തനാാാവ്രുതീീീ”

ഒരുവരിയേ പാടിയുള്ളൂവെങ്കിലും ആ ഒറ്റവരിയാൽ തന്നെ രാമേട്ടൻ മൽസരാർത്ഥികളേയും വിധികർത്താക്കളേയും കാണികളേയും ഉള്ളംകയ്യിൽ എടുത്തു അമ്മാനമാടിയെന്നു പറഞ്ഞാൽ അതാണ് സത്യം. വിധികർത്താക്കൾ രാമേട്ടന്റെ പ്രാഗൽഭ്യത്തെപ്പറ്റി ചെവിയിൽ പരസ്‌പരം അടക്കം പറഞ്ഞു. കാണികൾക്കിടയിൽ ’അമ്പട വീരാ’ എന്നമട്ടിൽ മർമരം ഉയർന്നു. തിരുമേനിയും കൂട്ടരും സന്തോഷത്താൽ ചൂളമടിച്ചു. കതിർ മാത്രം വിയർപ്പിൽ കുളിച്ചു.

ഏതാനും നിമിഷങ്ങൾ കടന്നുപോയി. സദസ്സും വിധികർത്താക്കളും കാതുകൂർപ്പിച്ചിരിക്കുകയാണ്. പക്ഷേ കതിർ മറുപടി പറഞ്ഞില്ല.

രാമേട്ടനു ആവേശമായി. “അറീല്ലെങ്കി ഞാന്തന്നെ പറയാം. എന്താ”
കതിർ ഉടൻ ചാടിപ്പറഞ്ഞു. “വേണ്ട വേണ്ട. ഞാന്തന്നെ പറഞ്ഞോളാം”
“എങ്കിൽ പറയൂ കതിർ. വേഗമാ.”
“വെറും കതിർ അല്ല. മിസ്റ്റർ കതിർ!”
“ഓകെ ഓകെ മിസ്റ്റർ കതിർ. വേഗം ഉത്തരം പറയൂ”
കതിർ താടിയുഴിഞ്ഞു പിന്നേയും ആലോചിച്ചു. രാമേട്ടൻ പറഞ്ഞു. “കിട്ടീല്ലല്ലേ? എന്നാൽ ഞാൻ
“വേണ്ട സാറേ, എനിക്ക് മനസ്സിലായി. എനിക്കെല്ലാം മനസ്സിലായീന്ന്”
“എങ്കിൽ പറയൂ മിസ്റ്റർ കതിർ

രാമേട്ടനൊഴികെയുള്ള വിധികർത്താക്കൾ കസേരയിൽ മുന്നോട്ടാഞ്ഞു. കാണികളിൽ ആകാംക്ഷ വാനോളമായി. പൊന്നു ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേർക്കു മാത്രം ഇതെല്ലാം രാമേട്ടന്റെ ‘ഓരോരോ നമ്പറുകളാണെന്നു’ മനസ്സിലായി.

കതിർ ഉത്തരം പറഞ്ഞു. “സാറേ, സാറ് പാടീത് നീചരാഗത്തിലാണ്”
രാമേട്ടൻ ഞെട്ടി. “നീചരാഗോ!”
“അതേന്ന്. സാർ പാടിയ വരിയിലെ ആദ്യാക്ഷരങ്ങൾ ‘രംപു” എന്നാണ്. അതായത് മലയാളത്തിലെ നീചപദങ്ങളായ ‘മ’കാരത്തോട് കൂടിയ ‘ര’, ‘ഉ’കാരത്തോട് കൂടിയ ‘പ’. ശരിയല്ലേ? ഇവ രണ്ടും ഒരുവരിയിൽ അടുപ്പിച്ചുവന്നാൽ അത് നീചരാഗമായി”

സദസ്സ് ഇളകിമറിഞ്ഞു. വിധികർത്താക്കൾ കയ്യടിച്ചു. അവരിലൊരു മദ്ധ്യവയസ്ക ഇരിപ്പിടത്തിൽനിന്നു തട്ടിപ്പിടഞ്ഞ് എഴുന്നേറ്റു, അരങ്ങിലേക്കു ഓടിവന്നു. കതിറിന്റെ കവിളിൽ തുരുതുരെ ഉമ്മവച്ചു. ‘അരുത് അരുത്’ എന്നീ പ്രതിഷേധവാക്കുകൾ അവർ കണക്കിലെടുത്തില്ല. അതിനിടയിൽ കിട്ടിയ അല്പസമയത്തിനുള്ളിൽ പറഞ്ഞു.

“സോ സ്വീറ്റ് കതിർ. സോ സ്വീ

ഉമ്മ വയ്‌ക്കുകയാണെങ്കിലും അഭിസംബോധനയിൽ വിട്ടുവീഴ്ചക്കു കതിർ തയ്യാറായില്ല. ഉടൻ തിരുത്തി. “മിസ്റ്റർ കതിർ!”

വിധികർത്താവ് നടുങ്ങി. ഇരിപ്പിടത്തിലേക്കു മടങ്ങി. കതിർ കവിളിലെ തുപ്പൽ തൂവാലകൊണ്ടു തുടച്ചു. സ്റ്റുഡിയോയിലുള്ള എല്ലാവരും രാമേട്ടനെ സഹതാപത്തോടെ നോക്കി. കതിർ അദ്ദേഹത്തെ മുഴുവനായും കവച്ചുവച്ചതായി സകലരും ഉറപ്പിച്ചു, പൊന്നൂ ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേരൊഴികെ. വായിലെ മുറുക്കാൻ കോളാമ്പിയിലേക്ക് തുപ്പി, ഇടതുകയ്യിലെ ചെറുവിരൽ ചെവിയിലിട്ട് ചെവിക്കാട്ടമുണ്ടോയെന്നു പരിശോധിച്ച്, രാമേട്ടൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഉത്തരം ശരിയല്ല”

കതിറിന്റെ താരപരിവേഷത്തിനു മേൽ കരിനിഴൽ വീണു. വിധികർത്താക്കൾ രാമേട്ടനെ ഉറ്റുനോക്കി. എന്താണ് ശരിയായ ഉത്തരം. ഇത്രയും സങ്കീർണ്ണമായ ചോദ്യം ഇന്നുവരെ കേട്ടിട്ടില്ലല്ലോ. വായിൽ അവശേഷിച്ച മുറുക്കാൻകൂടി കോളാമ്പിയിലേക്കു തുപ്പി രാമേട്ടൻ തന്റെ ചോദ്യം ഒരു ‘നമ്പർ’ ആയിരുന്നെന്നു തുറന്നുപറഞ്ഞു.

“മിസ്റ്റർ കതിർ, ഞാൻ ‘തിരുവനന്തപുരം’ ചുമ്മാ തിരിച്ചിട്ട് പാടിയതാണ്. കാര്യായെടുക്കണ്ട”

അമ്പമ്പോ! സദസ്സിലുള്ളവരും വിധികർത്താക്കളും ഞെട്ടി. എങ്ങും കനത്ത കയ്യടി. പൊന്നു ട്രാവൽസിന്റെ ആറുബസുകളിൽ വന്ന രാമേട്ടന്റെ പിള്ളേർ ഇളകിമറിഞ്ഞു. രാമേട്ടൻ അറിവിന്റെ ഭണ്ഢാരമാണെന്ന് തെളിഞ്ഞില്ലേ. കതിറിന്റെ തലകുനിഞ്ഞു. കവിളിൽ മുത്തിയ വിധികർത്താവ് മൂത്രമൊഴിക്കാനാണെന്നു പറഞ്ഞു ടോയ്‌ലറ്റിലേക്കു പാഞ്ഞു. അദ്ദേഹം പിന്നീട് സ്റ്റുഡിയോയിൽ തിരിച്ചുവന്നില്ല.

രാമേട്ടൻ വിഷയം മാറ്റി. “അതുവിട് കതിർ
പരിതാപകരമായ അവസ്ഥയിലാണ്. നാണക്കേടിനാൽ തല ഉയർത്താൻ വയ്യ. എന്നിട്ടും കതിർ വിട്ടുവീഴ്ചക്കു തയ്യാറായില്ല. തിരുത്തൽ ഉടനെയെത്തി. “മിസ്റ്റർ കതിർ.”

രാമേട്ടൻ അസ്വസ്ഥനായെങ്കിലും പുറത്തുകാണിച്ചില്ല. “ഒകെ ഒകെ മിസ്റ്റർ കതിർ. താങ്കൾ ഏതുപാട്ടാണ് ഇവിടെ പാടാൻ പോകുന്നത്”

കതിർ പറഞ്ഞു. “സർഗം എന്ന മ്യൂസിക്കൽഹിറ്റ് സിനിമയിലെ ‘പ്രവാഹമേ’ എന്ന പാട്ടാണ് ഞാൻ മധുരമായി ആലപിക്കാൻ പോകുന്നത്”

“ശരി. നന്നായി തന്നെ പാടൂ”

കതിർ ആദ്യം കണ്ഠശുദ്ധി വരുത്തി രാമേട്ടന്റെ കോളാമ്പിയിൽ തുപ്പി. സദസ്സിന്റെ മുൻനിരയിൽ ഇരുന്ന തിരുമേനി സാവധാനം എഴുന്നേൽക്കാൻ തുനിഞ്ഞു. കൂടെയുള്ളവർ പിടിച്ചിരുത്തി. കതിർ മൈക്ക് കയ്യിലെടുത്തു. പി.മാധുരിയെപ്പോലെ ഇടതുകൈയാൽ ഇടതുചെവി പൊത്തിപ്പിടിച്ചു പാടാൻ തുടങ്ങി.

“പ്രവാഹമേ ഗംഗാപ്രവാഹമേ”

തുടർന്നു നാലുവരി പാടി. പിന്നെ എല്ലാവരേയും അൽഭുതപ്പെടുത്തി നെടുമുടിവേണുവിന്റെ സ്വരം അനുകരിച്ചു.

“അറിഞ്ഞില്ല ഇതു ഞാനറിഞ്ഞില്ല. ദേവീകടാക്ഷം നിന്നോടൊപ്പമുണ്ട്. അച്ഛനിതറിഞ്ഞില്ല”

ഒറിജിനാലിറ്റിയുടെ മകുടോദാഹരണമായി രാമേട്ടനൊഴിച്ചുള്ള വിധികർത്താകൾ ആ പ്രവൃത്തിയെ വിലയിരുത്തി. രാമേട്ടനു മാത്രമേ ശ്രദ്ധ ആകർഷിക്കാനുള്ള അടവാണതെന്നു മനസ്സിലായുള്ളൂ. കതിർ ബാക്കിയുള്ള എട്ടുവരികളും മനോഹരമായി പാടി. പാട്ട് അവസാനിച്ചപ്പോൾ സദസ്സിലുള്ളവരെല്ലാം കയ്യടിച്ചു അഭിനന്ദിച്ചു. തിരുമേനി അതിനകം മയക്കത്തിലാണ്ടിരുന്നു. രാമേട്ടൻ ചിന്താമഗ്നനായി. പയ്യൻ നന്നായി പാടി. എന്നാലും പാട്ടിൽ എന്തെങ്കിലും പ്രശ്നമുള്ളതായി പറയണ്ടേ. അല്ലെങ്കിൽ ആരും വില കൽപ്പിക്കില്ല.

“മിസ്റ്റർ കതിർ താങ്കൾ ആദ്യത്തെ നാലുവരി ഒന്നുകൂടി പാടൂ”

കണ്ഠശുദ്ധി വരുത്തി, രാമേട്ടന്റെ കോളാമ്പിയിൽ തുപ്പി, കതിർ വീണ്ടും പാടാൻ ആരംഭിച്ചു. “പ്രവാഹമേ. ഗംഗാപ്രവാഹമേ”

ആദ്യവരി പാടിക്കഴിഞ്ഞപ്പോൾ തന്നെ രാമേട്ടൻ തടസ്സപ്പെടുത്തി. “നിര്‍ത്ത് നിര്‍ത്ത്. കണ്ടില്ലേ. ‘പ്രവാഹമേ‘ എന്ന വാക്കിനുശേഷം ‘ഗ’ എന്ന അക്ഷരം രണ്ടുപ്രാവശ്യം തുടര്‍ച്ചയായി ഉച്ചരിച്ചിരിക്കുന്നു. മിസ്റ്റർ കതിർ അവട്യാണ് പ്രോബ്ലം“

കണിശതയാര്‍ന്ന വിലയിരുത്തൽ. ഹാൾ കയ്യടികളാൽ മുഖരിതമായി. ‘പൊന്നു ട്രാവൽസി’ൽ വന്ന രാമേട്ടന്റെ പിള്ളേർ ആർപ്പുവിളിച്ചു.

കതിർ വിട്ടില്ല. “എന്താണ് സാർ അവിടെ പ്രോബ്ലം”
രാമേട്ടൻ വിക്കി. “അവടെ. അവടെ പ്രോബ്ലംണ്ട്”
നിഷേധാർത്ഥത്തിൽ തലയനക്കി കതിർ സൂചിപ്പിച്ചു. “ഞാനിത് മുമ്പേതന്നെ പറയണമെന്നു കരുതിയതാണ്. എന്നിട്ടും ഇത്രനേരം പിടിച്ചുനിന്നു. ഇനി പറയാതെ വയ്യ”
സദസ്സ് ജാഗരൂകമായി. രാമേട്ടൻ പ്രോൽസാഹിപ്പിച്ചു. “പറയൂ പറയൂ”
“കാര്യമെന്താണെന്നു വച്ചാൽ എനിക്ക് സാറിന്റെ സംഗീതത്തിലുള്ള ജ്ഞാനത്തെപ്പറ്റി സംശയമുണ്ട്”

സദസ്സ് ഞെട്ടി. വിധികർത്താക്കൾ ഞെട്ടി. സർവ്വോപരി സ്റ്റുഡിയോവിനു പുറത്ത് പൊന്നു ട്രാവൽസിന്റെ ആറുബസിൽ വന്ന രാമേട്ടന്റെ ആരാധകർ ഞെട്ടി. രാമേട്ടനെ വിമർശിക്കുന്നോ. പരിപാടി ശ്രദ്ധിക്കാതെ മയങ്ങുകയായിരുന്ന തിരുമേനി, പക്ഷേ രാമേട്ടനെ ഇകഴ്ത്തിയ വർത്തമാനം മയക്കത്തിലും കേട്ടു. അലറി ചാടി എഴുന്നേറ്റു.

“ഏതവനാടാ രാമേട്ടനെ പള്ള് പറേണേ? ഇവട്യെന്ന് ശവം വീഴും”

നാലുപേർ തിരുമേനിയെ വട്ടംപിടിച്ചു. അതു മതിയാകാതെ വന്നപ്പോൾ വേറേയും നാലുപേർ പിടിച്ചു. എന്നിട്ടും, രാമേട്ടൻ ഇരിക്കാൻ കണ്ണുകാണിച്ചപ്പോൾ മാത്രമേ തിരുമേനി വഴങ്ങിയുള്ളൂ.

ശബ്ദകോലാഹലങ്ങൾ ഒതുങ്ങിയപ്പോൾ രാമേട്ടൻ ശാന്തനായി പറഞ്ഞു.
“നോക്കൂ, എന്റെ അറിവിൽ സംശയിച്ചിട്ടു കാര്യമില്ല. സത്യത്തിൽ താങ്കൾ ഇനിയും നന്നായി സംഗീതം പരിശീലിക്കേണ്ടിയിരിക്കുന്നു. ഒരു നഗരത്തിന്റെ പേരു തിരിച്ചുപറഞ്ഞപ്പോൾ പോലും താങ്കൾക്ക് അതു മനസ്സിലാക്കാനായില്ല”

രാമേട്ടന്റെ നിയന്ത്രണം പോയി. നാടൻഭാഷ നാവിൽ വിളയാടി. “പിന്നെ താങ്കൾ ഏത് കോപ്പിലെ പാട്ടുകാരനാണ്. താങ്കളെ മൽസരത്തിൽ വിജയിയാക്കാൻ എനിക്ക് നിർവാഹമില്ല. അപ്പോൾ കതിർ താങ്കൾക്ക്
അവസാനഘട്ടത്തിലും കതിർ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. “വെറും കതിർ അല്ല, മിസ്റ്റർ കതിർ.”
“ഒകെ ഒകെ മിസ്റ്റർ കതിർ” എന്ന ക്ഷമാപണം ശ്രവിക്കാൻ കാത്തവർ കേട്ടത് വേറൊന്നാണ്.
“ഒന്നു പോയേടാ ഉവ്വേ അവടന്ന്

റിയാലിറ്റി ഷോയാണെങ്കിലും, സംഗതി റെക്കോർഡിങ്ങാണെങ്കിലും അപമാനിച്ചാൽ ആർക്കെങ്കിലും അടങ്ങിയിരിക്കാനാകുമോ? കതിർ ഷർട്ടിന്റെ കൈകൾ തെറുത്തുകയറ്റി. അക്രമാസക്തനായി രണ്ടുചുവട് മുന്നോട്ടുവച്ചു. രാമേട്ടനെ തല്ലുകയോ! അന്നമനടയുടെ എല്ലാമായ രാമേട്ടനെ തല്ലുകയോ! അസാധ്യം!. പൊന്നു ട്രാവൽസിന്റെ ആറുബസുകൾ വന്ന രാമേട്ടന്റെ പിള്ളേർ ഉച്ചത്തിൽ വിളിച്ചു

“തിരുമേന്യേയ്...”

തിരുമേനി സദസ്സിൽനിന്നു വേദിയിലേക്കു ചാടി. രാമേട്ടനു മുന്നിൽ കോട്ട തീർത്തു. കൈചുരുട്ടി വന്ന കതിർ പകച്ചു. അതാ ഒരു കുടവയറൻ. തിരുമേനിയുടെ വിസ്തൃതമായ വയറിൽ തട്ടി കതിറിനു മുന്നോട്ടു പോകാനായില്ല. അദ്ദേഹം പിൻവാങ്ങി. ഹാളിനു പുറത്തുപോയി. മറ്റുള്ളവരെവച്ചു ചാനലുകാർ മൽസരം പൂർത്തിയാക്കി. വിജയിയെ തിരഞ്ഞെടുത്തു. പരിപാടി റെക്കോർഡഡ് ആയതിനാൽ അത്യാവശ്യം എഡിറ്റിങ്ങോടെ പ്രേക്ഷകരിലേക്കു എത്തി. ‘ഗാനരാജ’ വൻവിജയമായെന്നു ചാനലുകാർ പ്രചരിപ്പിച്ചു. ജനം അതും വിശ്വസിച്ചു!

വിഷൻ‌നെറ്റിന്റെ ഫൈനൽ പരിപാടിക്കുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ, അതാ രാമേട്ടനു വീണ്ടും കമ്പി. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ വച്ചുനടക്കുന്ന സമ്മാനദാനച്ചടങ്ങിൽ സംബന്ധിക്കണമെന്ന അഭ്യർത്ഥനയായിരുന്നു കമ്പിയിൽ. വിവരം പതിവുപോലെ നാടുമുഴുവൻ അഞ്ചുമിനിറ്റിനുള്ളിൽ അറിഞ്ഞു. തിരുമേനി ആവേശഭരിതനായി. അന്നമനട മണപ്പുറത്തെ കടവിൽ ഇഞ്ചതേച്ചു വിസ്‌തരിച്ചു കുളിക്കുകയായിരുന്ന രാമേട്ടനോടു, ഓടിവന്നു അണപ്പുനിയന്ത്രിച്ച്, തിരുമേനി ചോദിച്ചു.

“പൊന്നൂല് നാല് ബസിനു ആളെ പറയട്ടോ രാമേട്ടാ?”

രാമേട്ടൻ കൈവിരൽ ഉയർത്തി പറഞ്ഞു. “നാല് പോരടാ. ഒരാറായിക്കോട്ടെ... ആറ്”

Monday, November 14, 2011

ഹിസ് എക്‌സലൻസി രാമേട്ടൻ - 1

രാമേട്ടനു കമ്പി!
വാർത്ത അന്നമനട ദേശം മുഴുവൻ വ്യാപിക്കാൻ അഞ്ചുമിനിറ്റേ എടുത്തുള്ളൂ. അതിനകം പുളിക്കടവ് പാലം മുതൽ പാലിശ്ശേരി സ്കൂൾ വരെയും മേലഡൂർ കവല മുതൽ വൈന്തല കുരിശുപള്ളി വരെയും സംഗതി ഫ്ലാഷായി. കാര്യം രാമേട്ടനു കമ്പി വരുന്നത് ഇതാദ്യമായല്ല. മുമ്പും പലതവണ കമ്പി വന്നിട്ടുണ്ട്. ഇവിടെ പ്രത്യേകം ഊന്നൽ കൊടുക്കേണ്ടത്, രാമേട്ടനു കമ്പി വരുമ്പോഴൊക്കെ നാടുമുഴുവൻ വാർത്ത നൊടിയിടയിൽ പരക്കും എന്ന വസ്തുതക്കാണ്. അത്രക്കുണ്ട് അന്നമനടയിൽ രാമേട്ടന്റെ, ജാനകിരാമൻ എന്നു യഥാർത്ഥനാമം, സ്വാധീനം. അദ്ദേഹം നാടറിയുന്ന ഗായകനും കലാകാരനുമാണ്. അടിസ്ഥാനപരമായി മികവു തെളിയിച്ചിരിക്കുന്നത് ക്ലാസിക്കൽ സംഗീതത്തിലെങ്കിലും വയലിൻ, വീണ, തബല, മൃദംഗം, ഘടം എന്നിങ്ങനെ ഒരുമാതിരിയുള്ള എല്ലാ സംഗീതോപകരണങ്ങളും കൈകാര്യം ചെയ്യും. എല്ലാത്തിലും ഏറ്റക്കുറച്ചിലില്ലാതെ പരിണതപ്രജ്ഞനുമാണ്. രാമേട്ടന്റെ പരിപാടികൾ ടെലിവിഷൻ, റേഡിയോ, സ്റ്റേജ് ഷോകൾ, ഉൽസവപരിപാടികൾ എന്നിവയിൽ പലതവണ വന്നിട്ടുണ്ട്. സംഗീതരംഗത്തെ പ്രശസ്തരായ പലരും അദ്ദേഹത്തെ ആത്മസുഹൃത്തുക്കൾ. ഇത്തരത്തിൽ കേരളത്തിലെ സംഗീതകലാരംഗത്തു രാമേട്ടൻ സുപരിചിതനാണെന്നു പറഞ്ഞാൽ അതിൽ തെറ്റില്ല.

അന്നമനട ദേശം മുഴുവൻ രാമേട്ടന്റെ ആരാധകരാണ്. രാമേട്ടന്റെ കച്ചേരി എവിടെ ഉണ്ടായാലും അവിടേക്കു അന്നമനടയിൽ നിന്നു നാലുബസ് നിറയെ ആളുകൾ പോകും. വാളൂരിലെ ‘പൊന്നു’ ട്രാവൽസിലെ ബസുകളാണ് എല്ലായ്‌പ്പോഴും ഏർപ്പാടാക്കുക. ആളുകൾ കൂടുതലുണ്ടെങ്കിൽ ബസുകളുടെ എണ്ണവും കൂടും. കൂടാതെ ബൈക്ക്, ഓട്ടോറിക്ഷ, ടെമ്പോ, ജീപ്പ് എന്നിങ്ങനെ മറ്റുമാർഗങ്ങളും നാട്ടുകാർ തേടും. അങ്ങിനെ രാമേട്ടന്റെ സംഗീതപരിപാടികൾക്കു അന്നമനടയുടെ ഒരു പരിച്ഛേദം സദസ്സിലുണ്ടാകും. കച്ചേരിക്കിടയിൽ ആരെങ്കിലും കൂവിയാലോ ഒച്ചവച്ചാലോ പിന്നെ ഒന്നും പറയാനില്ല. പൂര അടിയായിരിക്കും. ഇത്തരം അടികൾക്കു നേതൃത്വം കൊടുക്കുന്നത് അന്നമനടയിൽ, രാമേട്ടന്റെ കറകളഞ്ഞ ആരാധകനായ ‘തിരുമേനി’യാണ്. രാമേട്ടനെതിരെ ആരെങ്കിലും സംസാരിച്ചു എന്നുകേട്ടാൽ സംസാരിച്ചവന്റെ വീട്ടിലേക്കു, തിരുമേനിയുടെ നേതൃത്വത്തിൽ, രണ്ടുവണ്ടി നിറയെ ആളുപോകും. ‘തിരുമേനി കസ്റ്റഡിയിൽ’ എന്നമട്ടിലുള്ള വാർത്തകളും താമസിയാതെ കേൾക്കാം. കായബലത്തിന്റെയും കുടവയറിന്റേയും പര്യായമായ തിരുമേനി രാമേട്ടന്റെ വലംകൈയാണ്.

ഇത്തരത്തിൽ മികച്ച ഗായകനും, ജനനായകനും, അതിലുപരി മനുഷ്യസ്നേഹിയുമായ രാമേട്ടനു കമ്പിവന്നാൽ, അതും ഗൗരവമായ വാർത്തയാണെങ്കിൽ, അന്നമനടയിൽ നൊടിയിടയിൽ പരക്കാതിരിക്കുന്നതെങ്ങിനെ? പതിവുപോലെ മിനിറ്റുകൾക്കകം അന്നമനട ശിവക്ഷേത്രത്തിനു അടുത്തുള്ള രാമേട്ടന്റെ വീടിനുമുന്നിൽ പുരുഷാരം രൂപംകൊണ്ടു. വന്നവരിലെല്ലാം ആകാംക്ഷയും പരിഭ്രാന്തിയും. എന്തെങ്കിലും അത്യാഹിതം? അല്ലെങ്കിൽ എന്തെങ്കിലും നല്ല വാർത്ത? അതറിഞ്ഞിട്ടേ പിരിഞ്ഞുപോകൂ.

പോർട്ടിക്കോവിൽ തൂങ്ങിയാടുന്ന കസേരയിലിരുന്നു രാമേട്ടൻ കമ്പി വായിച്ചു. നാട്ടുകാർ അദ്ദേഹത്തിന്റെ മുഖത്തു ഉറ്റുനോക്കി. രാമേട്ടൻ സങ്കടപ്പെടുന്നുണ്ടോ? അതോ സന്തോഷിക്കുന്നുവോ? രാമേട്ടന്റെ മുഖത്തു ഒരു വികാരവും ഉണ്ടായില്ല. അദ്ദേഹം വികാരങ്ങൾ ഒളിപ്പിക്കുന്നതിൽ അതിസമർത്ഥനാകുന്നു. കമ്പി വായിച്ചുകഴിഞ്ഞു ചുറ്റും കൂടിയവരെ വാർത്ത അറിയിച്ചു.

“സന്തോഷവാർത്തയാണ്. അന്നമനടയുടെ സംഗീതപാരമ്പര്യത്തിനു ലഭിച്ച അംഗീകാരമാണ്.. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലായ ‘വിഷൻനെറ്റ്’ പാട്ടുകാർക്കായി നടത്തുന്ന റിയാലിറ്റിഷോ ‘ഗാനരാജ’യുടെ ഫൈനൽ മൽസരത്തിനു പ്രത്യേക അതിഥിയും പ്രധാന വിധികർത്താവുമായി എന്നെ ക്ഷണിച്ചിരിക്കുന്ന വിവരമാണ് കമ്പിയിൽ ഉള്ളത്. ഇതു അന്നമനടക്ക് ഒരു അംഗീകാരമാണ്”

റിയാലിറ്റി ഷോകൾ തരിമ്പും ഇഷ്ടമല്ലാത്ത തിരുമേനി അന്വേഷിച്ചു. “രാമേട്ടൻ ഈ പരിപാടിക്കു അപ്ലൈ ചെയ്തണ്ടാർന്നാ?”

“ആര് ഞാനാ, ഇതിനാ! ഹഹഹ“ രാമേട്ടൻ പൊട്ടിച്ചിരിച്ചു. “ഇമ്മാതിരി കളസം കീറണ പരിപാടിക്കു അപ്ലൈ ചെയ്യാൻ എനിക്കു പ്രാന്ത്ണ്ടടാ തിരുമേന്യേ? ഇതെന്നെ ആരാണ്ട് റെക്കമന്റ് ചെയ്തതാന്നാ തോന്നണെ”

തിരുമേനി ചോദിച്ചു. “അപ്പോ രാമേട്ടൻ ഇതിന് പോണ്ണ്ടാ?”

“പിന്നെ പോവണ്ടേ? ഒര് ദെവസല്ലേടാ ഉള്ളൂ. അതും മാളോര് കാണേ. കാശും ഇമ്മിണി കിട്ടൂന്ന് തോന്നണ്”

തിരുമേനി ആവേശത്തിലായി. “പൊന്നൂല് നാല് ബസിനു ആളെ പറയട്ടോ രാമേട്ടാ“

“നാലു പോരടാ. ഒര് ആറായിക്കോട്ടെ. അവടെ ചെലപ്പോ എന്തെങ്കിലും പ്രശ്നണ്ടായലോ”

“എന്തൂട്ട് പ്രശ്നം?”

“ആരെങ്കിലും എന്നെ പള്ള് വിളിച്ചാലോടാ തിരുമേന്യേ”

“പള്ളാ! രാമേട്ടന്യാ? എന്നാപ്പിന്നെ അവടെ ശവം വീഴും. നമക്ക് നാലഞ്ച് വാളും കൊണ്ടോവാ”

“ആയ്ക്കോട്ടേ. അപ്പോ പൊന്നൂല് ഇപ്പത്തന്നെ വിളിച്ച് പറഞ്ഞോ. വൈകിക്കണ്ട. അവമ്മാർക്കിപ്പോ ഓട്ടം ജാസ്ത്യാ. ഇപ്പ പറഞ്ഞില്ലെങ്കീ ട്രിപ്പ് കിട്ടില്ല”

തിരുമേനി പതിവ് ഡയലോഗ് അടിച്ചു. “എന്തൂട്ട് ജാസ്ത്യായാലും രാമേട്ടന്റെ പരിപാടിക്ക് ആളെ കൊണ്ടോയില്ലെങ്കിപ്പിന്നെ ഇവടെ ശവം വീഴും”

തിരുമേനി തുടർന്നു. “രാമേട്ടാ. ഞാനൊരു കാര്യം പറയാൻ പോവാണ്. രാമേട്ടൻ എതിര് പറേര്ത്”

“എന്താടാ?”

“ഞങ്ങ രാമേട്ടനു ഒര് സ്വീകരണം ഏർപ്പാട് ചെയ്യാമ്പോവാ? രാമേട്ടൻ സമ്മതിക്കണം”

“ഇനീപ്പോ ഞാനായിട്ട് മുടക്കീന്ന് വരര്തല്ലോ. അതോണ്ട് ആയിക്കോട്ടേ“

“എവട്യാ രാമേട്ടാ സ്റ്റേജ് വേണ്ടെ?”

“മണപ്പൊറത്ത് മതി”

“ശരി. പിന്നെ നോട്ടുമാല വേണോ രാമേട്ടാ”

രാമേട്ടൻ ചൂടായി. “അതില്ലാണ്ട് എന്തൂട്ട് സ്വീകരണാടാ“

“അതും ശര്യാ. പിന്നെ ആന”

“ഏതാ?”

“നമ്മടെ ഉമാമഹേശ്വരൻ”

“ധാരാളം”

“ഉൽ‌ഘാടകൻ ആരാ വേണ്ടെ?”

“ഞാൻ തന്നെ പോരേ”

“മതീന്ന്. അധ്യക്ഷനോ?”

“നമ്മടെ തോമാസില്ലേ”

“ആരാ രാമേട്ടാ. മെമ്പറാ?”

“അവന്തന്നെ”

തിരുമേനി സംശയിച്ചു. “അതുവേണോ രാമേട്ടാ”

“എന്താ സംശയം”

“എന്നാപ്പിന്നെ സ്റ്റേജ് മണപ്പൊറ്‌ത്ത്‌ന്ന് വേറെ വല്ലോട്‌ത്തേക്കും മാറ്റാം”

“അതെന്താടാ?”

“അല്ലെങ്കീ പൊഴേല് ശവം പൊങ്ങും”

“ആരടെ?”

“ഒന്നുങ്കീ തോമാസിന്റെ. അല്ലെങ്കീ നാട്ടാര്ടെ”

“അത്രക്ക് കേമാണോ അവന്റെ പ്രസംഗം?”

“ആണോന്നാ. അത് കേട്ടാപ്പിന്നെ മുടി നരക്കില്ല”

“അതെന്തേ”

“അതിനു മുമ്പ് വട്യാവും”

“അങ്ങനെ ആരേങ്കിലും നീയറിയോ”

“ഞാൻ മാത്രല്ല നാടു മുഴ്വോൻ അറീം”

രാമേട്ടൻ സംഭാഷണം നിർത്തി. ശനിയാഴ്ച സന്ധ്യക്കു അന്നമനട ശിവക്ഷേത്രത്തിനു മുന്നിലെ മണപ്പുറത്തു സ്വീകരണം എന്നു തീരുമാനിച്ചു. സ്വീകരണക്കമ്മറ്റി നൊടിയിടയിൽ രൂപീകരിച്ചു. അതിനെല്ലാം സ്ഥിരം ആളുകളുണ്ട്. അല്ലെങ്കിലും രാമേട്ടന്റെ പരിപാടി നടത്താനാണോ ആളില്ലാത്തത്. മണപ്പുറത്തു കവുങ്ങിൻകുറ്റികൾ കുത്തിനിർത്തി, അതിന്മേൽ പലകയടിച്ചു സ്റ്റേജ് ഉറപ്പിച്ചു. പലകയിൽ കാർപ്പെറ്റും, അതിനുമുകളിൽ ചുവന്ന പരവതാനിയും വിരിച്ചു. രാമേട്ടനു ഇരിക്കാൻ സിംഹാസനം പോലുള്ള ഇരിപ്പിടം. മറ്റുള്ളവർക്കു സാദാ പ്ലാസ്റ്റിക് കസേരകൾ. വൈകുന്നേരം ഏഴുമണിയോടെ മണപ്പുറത്തു അന്നമനട ദേശമെത്തി.

അധ്യക്ഷൻ അയൽനാട്ടുകാരനും, തീപ്പൊരി പ്രാസംഗികനുമായ മെമ്പർ തോമാസ്. മൈക്കിന്റെ ഉയരം തനിക്കു ആനുപാതികമായി ക്രമീകരിച്ചു അദ്ദേഹം മൈക്കിൽ രണ്ടുതവണ കൊട്ടി. പിന്നെ നടുലേശം പിന്നോട്ടു വളച്ചു പ്രസംഗം ആരംഭിച്ചു. തുടക്കം മുതൽ ഗുളികൻ നാവിൽ വിളഞ്ഞു.

“പ്രിയപ്പെട്ട നാട്ടുകാരെ.. നമ്മുടെ എല്ലാമായ രാമേട്ടൻ കമ്പിയായി എന്നു കേട്ടപ്പോൾ. അല്ല അങ്ങനല്ല, നമ്മടെ രാമേട്ടനു കമ്പി വന്നിരിക്കുന്നു എന്നു കേട്ടപ്പോൾ, ഞാൻ ആദ്യമായി ഓർമിച്ചത് കഴിഞ്ഞമാസം കക്കാടിൽ വന്ന മൂന്നു കമ്പിയില്ലാ കമ്പിയെപ്പറ്റിയും കുലയിടത്തു വന്ന നാല് കമ്പിയുള്ള കമ്പിയെപ്പറ്റിയും, പിന്നെ എന്റെവീട്ടിൽ കമ്പിയുമായി വന്ന ലോറിയെപ്പറ്റിയുമാണ്. ലോറി നമ്മുടെ ചോളാൻസ് പോലെ വലിയ ഒന്നല്ല. വേണുച്ചേട്ടന്റെ ഗ്യാസ് ഏജൻസീടെ വണ്ടിപോലത്തെ ഒരു മിനിലോറി. ആ അതന്നെ, പ്രിയപ്പെട്ടവരെ അതിന്റെ പേര് മിസ്തുബിഷി എന്നാണ്. സുഹൃത്തുക്കളേ മിസ്‌തുബിഷി ഒരു ജപ്പാൻ കമ്പനിയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ബോംബിട്ട സ്ഥലം. സഹൃദയരേ, എന്നിട്ടിപ്പോൾ ആ ജപ്പാന്റെ ഏറ്റവും അടുത്ത സുഹൃദ്‌രാജ്യമോ അമേരിക്ക തന്നെ. എന്തൊരു വിരോധാഭാസം”

രാമേട്ടൻ തോമാസിനെ തോണ്ടി. “പ്രിയപ്പെട്ടവനേ തോമാസേ. നീ പോയിന്റിൽക്ക് വാ”

“രാമേട്ടാ ഇതന്ന്യല്ലേ പോയിന്റ്. പിന്നെന്തൂട്ടാത്ര പറയാൻ”

രാമേട്ടൻ പൂജിതനായി. യാതൊരു തട്ടും തടവുമില്ലാതെ തോമാസ് പിന്നേയും പതിനഞ്ചു മിനിറ്റ് സംസാരിച്ചു. രാമേട്ടൻ തരിച്ചിരുന്നു. ജനങ്ങൾ അതിലേറെ തരിച്ചിരുന്നു. അദ്ധ്യക്ഷപ്രസംഗത്തിനു ശേഷം രാമേട്ടൻ നിലവിളക്ക് കത്തിച്ചു ഉൽഘാടനം ചെയ്‌തു. പതിനൊന്നു പേർ പൊന്നാട അണിയിച്ചു. അണിയിക്കാൻ പിന്നേയും ഒരുപാടു ആളുകൾ ബാക്കി. അവരോടു തുണി പിറ്റേന്നു വീട്ടിൽ കൊടുത്താൽ മതിയെന്നു പറഞ്ഞു സമാധാനിപ്പിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റിന്റെ ഊഴമായിരുന്നു പിന്നീട്. അദ്ദേഹം കാര്യമാത്രപ്രസക്തമായി സംസാരിച്ചു. രാമേട്ടന്റെ വെങ്കലപ്രതിമ അന്നമനട ജംങ്ഷനിൽ, കാക്ക തൂറാത്ത വിധം, ചില്ലുപേടകത്തിൽ പ്രതിഷ്‌ഠിക്കുമെന്നു അദ്ദേഹം പറഞ്ഞു. സദസ്സ് അത് കയ്യടികളോടെ സ്വീകരിച്ചു. അതോടെ പരിപാടികൾ സമാപിച്ചു.

പിറ്റേന്നു ഉച്ചക്ക്, രാഹുകാലം കഴിഞ്ഞു, രാമേട്ടൻ ടാറ്റ സഫാരിയിൽ കൊച്ചിയിലെ വിഷൻ‌നെറ്റ് സ്റ്റുഡിയോവിലേക്ക് പുറപ്പെട്ടു. പിന്നാലെ പൊന്നു ട്രാവൽസിന്റെ ആറു മിനിബസുകളിൽ നാട്ടുകാരും. വൈകുന്നേരമായിരുന്നു ഫൈനൽ മൽസരങ്ങൾ തീരുമാനിച്ചിരുന്നത്. പരിപാടി ലൈവാണെന്നാണ് വിവക്ഷയെങ്കിലും സംഗതി പതിവുപോലെ റെക്കോർഡഡ് ആയിരുന്നു.

കേരളവും കേരളീയരും ആകാംക്ഷഭരിതരായി തുടങ്ങി. ആരാണ് വിജയികാവുക. വിഷൻനെറ്റ് ‘ഗാനരാജ’ എന്ന റിയാലിറ്റി ഷോ തുടങ്ങിയത് കൃത്യം ഒരു വർഷം മുമ്പായിരുന്നു. ചില വിദേശചാനലുകളിൽ കണ്ട പരിപാടിയിൽ ചെറിയമാറ്റങ്ങൾ വരുത്തി രൂപം കൊടുത്തതാണ് ‘ഗാനരാജ’. മലയാളത്തിൽ പറഞ്ഞാൽ അടിച്ചുമാറ്റിയ ആശയം. വൈകുന്നേരങ്ങളിൽ സീരിയലിനു മുന്നിൽ കുത്തിയിരുന്നു കരയുന്ന വീട്ടമ്മമാരുടെ മനസ്സ് സന്തോഷഭരിതമാക്കാനാണ് പുതിയ പരിപാടിയിലൂടെ തങ്ങൾ ശ്രമിക്കുന്നതെന്ന് വിഷൻനെറ്റ് പരസ്യമിറക്കി. ജനം പതിവുപോലെ അതും വിശ്വസിച്ചു. ഒരുവർഷം നീണ്ട മൽസരങ്ങൾക്കൊടുവിൽ പലരും റൗണ്ടുകളിൽനിന്നു റൗണ്ടുകളിലേക്കു കയറി, അതിലേറെ പേർ ഇറങ്ങി. അവസാനം വിജയിപ്പട്ടത്തിനു അവകാശികൾ മൂന്നുപേരായി ചുരുങ്ങി. ഇന്നു അവരും വിധികർത്താക്കളും തമ്മിലാണ് കബഡി.

സമയം ഏഴുമണിയോടടുത്തപ്പോൾ, അന്നേരം വളരെ തിരക്കുണ്ടാകുമായിരുന്ന, അന്നമനട ജംങ്‌ഷൻ വിജനമായി. ഗ്രഹണത്തിന്റെ പ്രതീതി. കമ്മ്യൂണിസ്റ്റുകാരുടെ ബന്ദിനുവരെ അടക്കാത്ത മെഡിക്കൽ ഷോപ്പുകളും പൂട്ടി. നാട്ടുകാരെല്ലാം ടെലിവിഷനു മുന്നിൽ. അന്നമനട പാലത്തിനു സമീപം കെ‌എസ്‌ഇ‌ബിയുടെ ട്രാൻസ്‌ഫോർമർ ലോഡ് താങ്ങാനാകാതെ ഉച്ചത്തിൽ മൂളി. മൂളൽ അങ്ങുദൂരെ വാളൂർ വരെ കേട്ടു. ട്രാൻസ്‌ഫോർമറിൽ നാലഞ്ച് സ്ഫുലിംഗങ്ങളും ഉണ്ടായി. റിയാലിറ്റിഷോ നടക്കുന്ന സ്റ്റുഡിയോക്ക് പുറത്തു പൊന്നു ട്രാവൽസിന്റെ ആറു ബസുകൾ നിരനിരയായി കിടന്നു. അതിലിരുന്നു രാമേട്ടന്റെ പിള്ളേർ എന്തു സാഹചര്യവും നേരിടാൻ തയ്യാറെടുത്തു. തിരുമേനി ഉൾപ്പെടെ ഏതാനും പേർ പരിപാടി കാണാൻ സ്റ്റുഡിയോയിൽ കയറി.

(തുടരും...)

Friday, July 22, 2011

ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ്

കാതിക്കുടം ഓസീന്‍ കമ്പനിക്കരുകിലെ വിശാലമായ പാടശേഖരത്തിന്റെ ഓരത്താണ് വെസ്റ്റ്കൊരട്ടിക്കാരനായ ആന്റണിയുടെ ‘തീരദേശം കള്ളുഷാപ്പ്’ സ്ഥിതിചെയ്യുന്നത്. ഷാപ്പിന്റെ ഒരുവശത്ത് നെൽ‌പാടങ്ങൾ. അതിനപ്പുറത്ത് തൈക്കൂട്ടത്തേയും കക്കാടിനേയും ബന്ധിപ്പിക്കുന്ന ടാർറോഡ്. റോഡിനപ്പുറം ഓസീൻ കമ്പനി. ഷാപ്പിന്റെ മറുഭാഗത്ത് തെങ്ങും കവുങ്ങും ഇടകലർത്തി നട്ട തെങ്ങിൻതോപ്പ്. തോപ്പിന് അപ്പുറം പനമ്പിള്ളിക്കടവ്. കാടുകുറ്റിയേയും അന്നമനടയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ടാർ റോഡ് തീരദേശം ഷാപ്പിന് മുന്നിലൂടെയാണ് കടന്നുപോകുന്നത്. വാഹനഗതാഗതം പൊതുവെ കുറവായതിനാൽ ഈ റോഡിൽ കുണ്ടുംകുഴിയും ഇല്ലെന്നു തന്നെ പറയാം. ഷാപ്പിനു സമീപം അധികം ജനവാസമില്ല. പകൽ മുഴുവൻ അധ്വാനിച്ച് സന്ധ്യക്ക് ഒരുകുപ്പി മോന്തണമെന്നു തോന്നുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇവിടം. വളരെ ശാന്തമായ ചുറ്റുപാട്. ഷാപ്പിൽ മാത്രം ബഹളമയം.

ഒരു വൈകുന്നേരം ആന്റണിയുടെ ഈ ‘തീരദേശ‘ത്തിരുന്ന് മിനുങ്ങുമ്പോഴാണ് ചെറാലക്കുന്ന് പ്രദേശത്ത് എന്തിനും പോന്നവനെന്ന പെരുമയുള്ള തമ്പി ഒരു ഇരുചക്രവാഹനം വാങ്ങണമെന്ന കാര്യത്തിൽ അന്തിമതീർപ്പിൽ എത്തിയത്. തമ്പി ശത്രുക്കൾക്ക് തികഞ്ഞ അപകടകാരിയും മിത്രങ്ങൾക്ക് ആപൽബാന്ധവനുമാണ്. അദ്ദേഹത്തിനു ഇരുപത്തിയാറ് വയസ്സുണ്ട്. അഞ്ചടി അഞ്ചിഞ്ച് ഉയരം. കറുത്ത നിറം. കുറ്റിത്താടിയും പറ്റെ വെട്ടിയ തലമുടിയും. തുര്‍ക്കിയുടെ സുലൈമാനോഗ്ലുവിനെ വെല്ലുന്ന ശരിരഘടന. ബ്രസീൽ ഫുട്‌ബോൾ താരം റോബര്‍ട്ടോ കാര്‍ലോസിനെ വെല്ലുന്ന തുട. നേരെ വാ നേരെ പോ മട്ട് പ്രകൃതം. അപാരമായ ചങ്കൂറ്റം. ഇതെല്ലാം ചേർന്നാൽ ചെറാലക്കുന്ന് തമ്പി എന്ന വ്യക്തിയായി.

രണ്ടുമാസം മുമ്പ് അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിലെ ഉത്രംവിളക്ക് ഉത്സവം കണ്ടു അർദ്ധരാത്രിയിൽ മടങ്ങിവരികയായിരുന്നു തമ്പി. അന്നനാട് മുതൽ ചെറാലക്കുന്ന് വരെ അഞ്ച് കിലോമീറ്ററിൽ അധികം ദൂരമുണ്ട്. നടന്നെത്താൻ തികഞ്ഞ ബുദ്ധിമുട്ട്. തമ്പി ഒരു ഓട്ടോ വിളിച്ചു. പരിചയമില്ലാത്ത പയ്യനായിരുന്നു ഡ്രൈവർ. ചെറാലക്കുന്നിലേക്ക് വണ്ടിവിടാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിനു സംശയം.

“കക്കാട് വഴിയല്ലേ അവടയ്‌ക്ക് പോവാ?”

തമ്പി അതെയെന്നു തലയാട്ടി. പയ്യനു വഴിയറിയില്ല എന്നുകരുതി ഓരോ വളവിലും എങ്ങോട്ടു തിരിയണമെന്നു പറഞ്ഞു കൊടുത്തു. മൂന്നുനാലു തവണ ഇതാവർത്തിച്ചപ്പോൾ പയ്യൻ വിലക്കി.

“വഴി എനിക്കറിയാം. പറഞ്ഞ് തരണ്ട”

തമ്പി സമ്മതിച്ചു. പക്ഷേ അടുത്ത വളവെത്തിയപ്പോഴും ഏതുവഴിയിലേക്കാണ് തിരിയണ്ടതെന്നു പറഞ്ഞു പോയി. പയ്യൻ ദേഷ്യപ്പെട്ടു.

“ഹ ഇയാളൊന്ന് മിണ്ടാണ്ടിര്ന്നേ“

അങ്ങിനെയെങ്കിൽ അങ്ങിനെ. തനിക്ക് വീട്ടിലെത്തിയാൽ മതിയല്ലോ. തമ്പി ആശ്വസിച്ചു. പക്ഷേ മിനുങ്ങലിന്റെ ഹാങ്ങോവറിൽ അടുത്ത വളവെത്തിയപ്പോഴും തമ്പി ഡ്രൈവറുടെ തോളിൽ തട്ടി പറഞ്ഞു.

“എടത്തോട്ട് എടത്തോട്ട്...”

ഓട്ടോ പെട്ടെന്ന് നിന്നു. ഉള്ളിലെ ചെറിയ ലൈറ്റ് തെളിയിച്ച് ഡ്രൈവർ പയ്യൻ പുറത്തിറങ്ങി. തമ്പിയെ ചീത്തവിളിച്ച് താക്കീത് ചെയ്തു. “മിണ്ടാണ്ടിരുന്നോ പണ്ടാറേ. മര്യാദക്കാണെങ്കീ ഞാനങ്ങട് എത്തിക്കാം. അല്ലെങ്കി ഇപ്പോ എറങ്ങണം”

വണ്ടി തൈക്കൂട്ടം ജംങ്‌ഷനു അടുത്തെത്തിയിരുന്നു. ചെറാലക്കുന്നിലേക്ക് ഇനിയും ഒരുപാടു ദൂരമുണ്ട്. തമ്പി വായപൊത്തി മിണ്ടാതിരുന്നു. മനസ്സിൽ ചിന്തിച്ചു. പയ്യൻ പറഞ്ഞത് കാര്യമല്ലേ. അവനു വഴി അറിയാമെങ്കിൽ പിന്നെ എന്തിനു പറഞ്ഞുകൊടുക്കണം. ആർക്കാണെങ്കിലും അത്തരം സന്ദർഭങ്ങളിൽ ദേഷ്യം വരും. പിന്നീടുള്ള മൂന്നു വളവുകളിൽ തമ്പി മിണ്ടിയില്ല. മൂളിപ്പാട്ടു പാടി ആസ്വദിച്ചു. പക്ഷേ തൈക്കൂട്ടം പിന്നിട്ട് ഓട്ടോ തീരദേശംപാടം ഭാഗത്ത് എത്തിയപ്പോൾ, അവിടെ മൂന്നും കൂടിയ ഒരു കവല കണ്ടപ്പോൾ തമ്പിയുടെ നിയന്ത്രണം പൂർണമായും നഷ്‌ടപ്പെട്ടു. ഡ്രൈവറുടെ തോളിൽ ആഞ്ഞടിച്ച് പറഞ്ഞു.

“നീയിങ്ങട് തിരിക്കടാ വലത്തോട്ട്!”

കഴിഞ്ഞു. എല്ലാം ശുഭം.
പയ്യനാണെങ്കിലും അവനു നല്ല ആരോഗ്യമാണെന്നു ഓസീൻ കമ്പനിയുടെ അരികിലെ ടാർ റോഡിലൂടെ അവശനായി നടക്കുമ്പോൾ തമ്പി ഓർത്തു. അതു കൂടാതെ ഓർമയിലുണ്ടായിരുന്ന രണ്ടാമത്തെ കാര്യം സ്വന്തമായി ഇരുചക്രവാഹനം വാങ്ങുന്നതിനെക്കുറിച്ചായിരുന്നു. അതിനാണ് ഇപ്പോൾ അന്തിമമായി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

തമ്പി തീരുമാനം ഷാപ്പിലുണ്ടായിരുന്ന സഹകുടിയന്മാരോട് പറഞ്ഞു.

“ഞാനൊരു വണ്ടി വാങ്ങാൻ പോവാണ്”

അടുത്തിരുന്ന രണ്ടുപേർ കൈപിടിച്ചു കുലുക്കി അഭിനന്ദിച്ചു. വർക്കിച്ചൻ എന്ന സുഹൃത്ത് അന്വേഷിച്ചു.

“നിനക്കതിനു വണ്ടി ഓടിക്കാൻ അറിയോ?”

 “അറിയാൻ മാത്രം എന്തെങ്കിലൂണ്ടാ?” തമ്പി ചിരിച്ചു. “പോലീസാരെ നീന്തല്‍ പഠിപ്പിക്കണത് എങ്ങിനെയാന്ന് നിനക്കറിയോ വർക്കീ? പിടിച്ച് ഒരു വല്യ തോട്ടിലേക്കിടും. വെള്ളം കൊറേ കുടിച്ച് കഴീമ്പോ പിടിച്ച് കേറ്റും. അണപ്പുമാറുമ്പോ പിന്നേം തോട്ടിലേക്ക്. ഇതൊക്കെ നമ്മടെ വിത്സൻ കോണ്‍‌സ്റ്റബിൾ പറഞ്ഞതാ. വെള്ളം കുടിച്ചപ്പോ അവൻ കെട്ട്യോളെ ഓര്‍ത്തെന്ന് “

തമ്പി ഉപസംഹരിച്ചു. “ഇതുപോലെ ഞാന്‍ വണ്ടി വാങ്ങും. വീഴും. ഓടിക്കും. അങ്ങിനെയങ്ങിനെ


തമ്പിയിൽ ആശയക്കുഴപ്പം ഇല്ലായിരുന്നു. വണ്ടി വാങ്ങുക തന്നെ. കാശിന്റെ കാര്യത്തിലേ അനിശ്ചിതത്വമുള്ളൂ. അത് ഇടത്തരം കല്യാണബ്രോക്കറായ അച്ഛനോട് കൂടിയാലോചിക്കാൻ തീരുമാനിച്ചു. പിറ്റേന്നു രാവിലെ വീട്ടുമുറ്റത്തിരുന്ന് മാവിലകൊണ്ട് പല്ലുതേക്കുന്ന അച്ഛനോട് പരമാവധി എളിമയോടെ കാര്യം ഉണര്‍ത്തിച്ചു. അന്നനാട് അമ്പലം, പാതിരാത്രിയിൽ തിരിച്ചുവരൽ, ഓട്ടോ കേസ്, ബൈക്കു വാങ്ങൽ. കാശ്

അവസാനത്തെ വാചകം കേട്ടപ്പോൾ മാത്രം അത്രനേരം യാതൊരു കുലുക്കവുമില്ലാതെ ഇരുന്ന പൊക്കൻ ഞെട്ടി.

“കാശോ!“ വായിലെ മാവിലത്തണ്ട് തുപ്പിക്കളഞ്ഞ് പൊക്കൻ പറഞ്ഞു.

“നീയൊരു പെണ്ണുകെട്ടാണ്ട് ഇത് നടക്കില്ല മോനേ. നാലുലക്ഷം വാങ്ങാവുന്ന ആലോചന അച്ഛന്‍ കൊണ്ടരാം. കെട്ടാൻ നീ തയ്യാറാണോ?”

തമ്പി അതിശയിച്ചു. “നാല് ലക്ഷോ! അതിന് മാത്രം യോഗ്യത എനിക്ക്ണ്ടാ?”

പൊക്കൻ നാക്കുവടിച്ച ഈർക്കിളി തെങ്ങിന്‍‌തടത്തിലേക്ക് വലിച്ചെറിഞ്ഞു. തമ്പിയെ കയ്യാട്ടിവിളിച്ച് വീട്ടുവളപ്പിൽ ഞവണിക്ക മുട്ടയിട്ടപോലെ കായ്ച്ചുനില്‍ക്കുന്ന നാലു ചെന്തെങ്ങുകൾ ചൂണ്ടിക്കാണിച്ചു കൊടുത്തു..

“എടാ ഒരു തെങ്ങിന് 10,000 രൂപ സ്ത്രീധനം ചോദിക്കാം. അപ്പോ നാലു തെങ്ങിനോ. പിന്നെ ദിവസോം അഞ്ചുലിറ്റർ പാൽതരണ പശു, തോമാസൂട്ടീടെ കയ്യീന്ന് കഴിഞ്ഞ കൊരട്ടിപ്പള്ളിപ്പെരുന്നാളിന് വാങ്ങ്യ ബ്ലാക്കാന്‍ഡ് വൈറ്റ് ടിവി. എല്ലാത്തിലും മേലെ ഈ ചെറാലക്കുന്നിലെ സകലപെണ്ണാടുകള്‍ക്കും വയറ്റിലിണ്ടാക്കണ നമ്മടെ ശിങ്കൻ മുട്ടനാട്. ഇതൊക്കെ പോരേ നാല് ചോദിക്കാൻ!”

പൊക്കൻ പറഞ്ഞു നിർത്തി. അച്‌ഛന്റെ വാദങ്ങൾ കേട്ടിട്ടും കല്യാണം കഴിക്കാൻ തമ്പി തയ്യാറായില്ല. ഒന്നാമത് പെണ്ണുകെട്ടാനുള്ള പക്വത വന്നിട്ടില്ലെന്ന തിരിച്ചറിവ്. രണ്ടാമത് ചീമേനിത്തറവാട്ടിലെ ഇന്ദുലേഖ അവളുടെ കല്യാണത്തിനു ക്ഷണിച്ചതിന്റെ നടുക്കം വിട്ടുപോയിട്ടില്ലാത്തതിനാൽ. തമ്പിയെ സാരമായി ഉലച്ച സംഭവമായിരുന്നു ഇന്ദുലേഖയുടെ കല്യാണം.

വാളൂർ ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് തമ്പി ഇന്ദുലേഖക്ക് ആദ്യമായി പ്രണയലേഖനം കൊടുക്കുന്നത്. തിരിച്ചു മറുപടി കിട്ടിയില്ലെങ്കിലും ലേഖ എതിർത്തൊന്നും പറഞ്ഞില്ല എന്നത് തമ്പി പോസിറ്റീവായി എടുത്തു. പക്ഷേ ലേഖക്ക് ദിവസവും അഞ്ച് പ്രണയലേഖനമെങ്കിലും കിട്ടാറുണ്ട് എന്ന കാര്യമറിഞ്ഞപ്പോൾ ആദ്യത്തെ ആവേശം കുറച്ചു തണുത്തു. എന്നിട്ടും ലവ്‌ലെറ്റർ കൊടുക്കുന്നതിൽ മുടക്കം വരുത്തിയില്ല. അതൊരു പതിവായി മാറി. മുതിർന്നതിൽ പിന്നെ നേരിൽ പറയുകയാണ് പതിവ്.

“ലേഖേ ഞാൻ നാളെ വീട്ടീ വരണ്ണ്ട്‌”

ലേഖ സ്വാഗതം ചെയ്യും. “വന്നോളൂ”

“എപ്പ വരണം?”

“എപ്പ വേണങ്കിലും വന്നോ”

‘വരും വരും‘ എന്നു പറച്ചിലല്ലാതെ സന്ദർശനം പ്രവൃത്തിയിൽ വരുത്താൻ തമ്പി തുനിയാറില്ല. ലേഖയുടെ വീട്ടുകാർക്ക് ഇഷ്ടമായില്ലെങ്കിലോ? അതുവഴി ലേഖക്കും അവമതി നേരിട്ടാലോ എന്ന സന്ദേഹമാണ് കാരണം. അതിനിടക്ക് നല്ല ആലോചന വന്നപ്പോൾ ഇന്ദുലേഖയുടെ കല്യാണം നടന്നു. മനസ്സിലെ വിഷമം പുറത്തു കാണിക്കാതെ തമ്പി സജീവമായി പങ്കെടുത്തു. കുശാലായി സദ്യയുണ്ടു. നല്ല ദാമ്പത്യം ആശംസിച്ചു. ഇന്ദുലേഖ ഇപ്പോൾ ഒരു സുന്ദരസ്മരണ മാത്രം.

കാശിന്റെ കാര്യത്തിൽ അച്ഛൻ കയ്യൊഴിഞ്ഞതിൽ നിരാശനാകാതെ തമ്പി അടുത്തവഴി തേടി. ചാലക്കുടി ‘മഡോണ’യിലെ ചീഫ് മെക്കാനിക്കും കാതിക്കുടം നിവാസിയുമായ സജീവനെ പോയി കണ്ടു. അദ്ദേഹം വിചാരിച്ചാൽ ഒരു ബജാജ് 4S എങ്കിലും വാങ്ങാൻ സാധിക്കും.

കാര്യമറിഞ്ഞപ്പോൾ സജീവൻ ചോദിച്ചു. “ഏത് വണ്ട്യാ തമ്പീ നിന്റെ മനസ്സില്?”

“എൻഫീൽഡ്”

“ഉഗ്രൻ” സജീവൻ അഭിനന്ദിച്ചു. “എത്ര്യാ നിന്റെ ബഡ്ജറ്റ്?”

“ഒരയ്യായിരം രൂപ!”

സജീവന്റെ മുഖത്തെ പ്രസന്നഭാവം മറഞ്ഞു. “അതേലെ”  

കുറച്ചുകഴിഞ്ഞ് അദ്ദേഹം വീണ്ടും ചോദിച്ചു. “എൻഫീൽഡ് മത്യാ?”

സജീവൻ വയലന്റാകുന്നതുകണ്ട് തമ്പി ആവശ്യത്തിൽ നിന്നു പിന്നോക്കം പോയി. “നിന്റെ മനസ്സിലെന്തൂട്ടാന്ന് വച്ച പറ സജീവാ. എന്റേലാകെ അഞ്ചേ ഒള്ളൂ. അതോണ്ട് എന്തു കിട്ട്യാലും വാങ്ങാം”

സജീവനു ശ്വാസം നേരെ വീണു. “ഏറ്റോ ?”

“ഏറ്റു”

“എന്നാൽ നാളെ വണ്ടി എത്തും”

“ഏതു വണ്ടി. എൻഫീൽഡാ അതോ ബൈക്കോ?”

“രണ്ട്വല്ല”

തമ്പി അമ്പരന്നു. “പിന്നെ?”

“യെസ്‌ഡി!!”

“എന്നുവെച്ചാ?”

“യെസ്‌ഡി എഴുപതുകളിലെ രോമാഞ്ചല്ലേ തമ്പീ. രാജാധിരാജൻ. ഒരെണ്ണം എന്റെ കസ്റ്റഡീലിണ്ട്. നാളെ എത്തും”

“ആ വണ്ടി കൊള്ളാമോ സജീവാ?

“കൊള്ളാമോന്നാ. തീവെലക്ക് വിറ്റുപോവും. ഒരെടത്തും ഇപ്പോ കിട്ടാല്യ”

തമ്പി വീണ്ടും സംശയങ്ങൾ നിരത്തി.

“യെസ്‌ഡി എന്നൊക്കെ പറയുമ്പോ ഇലക്‌ട്രിക് സ്റ്റാർട്ടൊക്കെ ഇണ്ടാവില്ലെ?”

സജീവൻ നമ്പറിട്ടു. “ആദ്യണ്ടാവില്ല. പക്ഷെ നമക്കത് പിന്നെ ഫിറ്റ് ചെയ്യാം.”

തമ്പി ആലോചിച്ചപ്പോൾ ശരിയാണ്. എല്ലാം ഉടനെ വേണമെന്നില്ല. കാശ് കിട്ടുന്ന മുറക്ക് വേണ്ടതു പോലെ ചെയ്യാം.

പിറ്റേന്ന് അയ്യായിരം രൂപക്ക് സജീവനിൽ‌നിന്നു യെസ്‌ഡി വാങ്ങി. അയ്യങ്കോവ് അമ്പലത്തിൽ കൊണ്ടുപോയി താക്കോൽ പൂജിച്ചു. പാട്ട പെറുക്കുന്നവർ പോലും തിരിഞ്ഞുനോക്കാത്ത അത്ര ഭംഗിയാണ് വണ്ടിക്കെങ്കിലും കണ്ണുപറ്റാതിരിക്കാൻ വണ്ടിയുടെ മുന്നിൽ നാരങ്ങയും പച്ചമുളകും തൂക്കിയിട്ടു. അങ്ങിനെ ചെറാലക്കുന്നിൽ തമ്പിയുടേയും യെസ്‌ഡിയുടേയും തേർവാഴ്ച തുടങ്ങി. വെറും മൂന്നുദിവസത്തിനുള്ളിൽ തെലുങ്കത്തി കൺ‌മണിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി നാട്ടുകാരുടെ ഒന്നാംനമ്പർ നോട്ടപ്പുള്ളിയായി യെസ്ഡി മാറി. മൂന്നു ദിവസവും നാട്ടുകാർ രാത്രിയിൽ ഉറങ്ങാതെ തമ്പി വീട്ടിലെത്തുന്നതും കാത്തിരുന്നു. അതായിരുന്നു തമ്പിയുടെ യെസ്ഡി, ചെറാലക്കുന്ന് എക്സ്പ്രസ്സ്!

എറണാകുളം പുഷ് – പുള്ളിന്റെ പോലെ മുടിഞ്ഞ പിക്കപ്പ്.
വണ്ടി ഓടുമ്പോൾ ഒരു മിനിവെടിക്കെട്ടിന്റെ പ്രതീതി.
ചെറാലക്കുന്നിന്റെ ചെങ്കുത്തായ ഇറക്കം പോലുള്ള പിന്‍‌ഭാഗം.
പിടിച്ചിരിക്കാന്‍ ഒരു കമ്പി പോലുമില്ലാത്ത സീറ്റ്.
എല്ലാത്തിനും ഉപരി അഞ്ചുപേർ കയറിയാലും പുല്ല് പോലെ വലിക്കുന്ന സ്റ്റാമിന!

ഈവ്വിധ ഗ്ലാമറുകളാൽ യെസ്‌ഡി തമ്പിയുടെ കണ്ണിലെ ഉണ്ണിയായി. നാട്ടുകാരുടെ കണ്ണിലെ കരടുമായി. ചുരുങ്ങിയത് മൂന്നുപേർ ഇല്ലാതെ തമ്പി വണ്ടി എടുക്കില്ല. കോറം തികക്കാനായി അയൽപക്കങ്ങളിലെ വീട്ടുമുറ്റത്ത് അപ്പിയിട്ടുകൊണ്ടിരിക്കുന്ന കൊച്ചുകുട്ടികളെ വരെ വിളിച്ചു വണ്ടിയിൽ കയറ്റും. വഴിയിലൂടെ നടന്നുപോകുന്ന എല്ലാവരേയും യാത്രക്ക് ക്ഷണിക്കും. ഇങ്ങിനെ ചെറാലക്കുന്നിലെ പലരും വണ്ടിയിൽ കയറി. യെസ്‌ഡിയുടെ കരുത്തും സ്റ്റാമിനയും അറിഞ്ഞ അവർ പിന്നീടുള്ള ദിവസങ്ങളിൽ തമ്പിയെ വഴിയിൽ കാത്തുനിന്നു. ഉത്സവപ്പറമ്പുകളിൽ എൻഫീൽഡുകളേക്കാളും ശ്രദ്ധ യെസ്‌ഡിക്കു ലഭിച്ചു. അങ്ങിനെ ചെറാലക്കുന്ന് എൿസ്‌പ്രസ്സുമായി തമ്പി വിരാജിക്കുന്ന കാലം.

അന്നൊരു ശനിയാഴ്ച രാത്രിയായിരുന്നു. ചെറാലക്കുന്നാകെ നിദ്രയിൽ ലയിച്ചിരിക്കുന്ന സമയം.
കാരണം തമ്പി വീട്ടിൽ എത്തിയിരുന്നു. ആ അസമയത്ത് തമ്പിയുടെ വീട്ടിലേക്കു ഓലച്ചൂട്ട് കത്തിച്ച് ഒരാൾ എത്തി. കാതിക്കുടം കനറ ടൈലറിക്കടുത്ത് താമസിക്കുന്ന കുഞ്ഞുട്ടൻ. തമ്പിയുടെ ആത്മസ്നേഹിതൻ. കാതിക്കുടം ഓസീൻ ‌കമ്പനിയിലെ തൊഴിലാളികളുടെ ആരോഗ്യത്തിന്റെ കാവലാൾ. തൊഴിലാളികളുടെ അന്നദാനപ്രഭു. ചുരുക്കിപ്പറഞ്ഞാൽ കാന്റീനിലെ കുക്ക്.

ഉമ്മറക്കോലായിലിരുന്ന് ചൂട്ട് തല്ലിക്കെടുത്തി കുഞ്ഞുട്ടൻ ഒരു ബീഡിക്ക് തീകൊളുത്തി.

“തമ്പ്യേയ്‌... പൂയ്”

അകത്തുനിന്നു മറുപടിയുണ്ടായില്ല. കുഞ്ഞുട്ടൻ വീണ്ടും വിളിച്ചു. ഒരുമിനിറ്റ് കഴിഞ്ഞപ്പോൾ ലുങ്കി നെഞ്ചുയരത്തിൽ പൊക്കിയുടുത്ത് തല അമര്‍ത്തിതടവി തമ്പിയെത്തി.

കുഞ്ഞുട്ടൻ ചോദിച്ചു. “തലക്കെന്തൂട്ടാ പറ്റ്യേ?”

തമ്പി കോട്ടുവായിട്ടു. പുറംചൊറിഞ്ഞ് തിണ്ണയിലിരുന്നു.

“ഞാനൊരു സ്വപ്നം കണ്ടതാടാ”

കുഞ്ഞുട്ടൻ തമ്പിയെ സൂക്ഷിച്ചു നോക്കി. ഇവനെന്താ പറ്റാണോ. സ്വപ്നം കണ്ടാൽ തല തിരുമ്മണമെന്ന്. കുഞ്ഞുട്ടൻ ഗുണദോഷിച്ചു.

“ഞാന്‍ നിന്നോട് പലതവണ പറഞ്ഞണ്ട് സ്ട്രോങ്ങ് മുറുക്കാനടിച്ച് കെടന്നൊറങ്ങര്തെന്ന്. കാര്യം തലകറങ്ങി കെടക്കാനൊരു പ്രത്യേക സുഖാ. എന്ന്വച്ച് പിച്ചുംപേയും പറഞ്ഞാലോ“

“നീയിത് മുഴ്വോൻ കേക്ക്” തമ്പി തുടർന്നു. “….. എടാ ഞാന്‍ സ്വപ്നത്തീ പരീക്കപാടത്ത് ഫുട്ബാൾ കളിക്കായിരുന്നു“

കുഞ്ഞുട്ടൻ മൂളി.

“നമ്മടെ ഷൈജു കോർണർ എടുക്കാണ്. അവനെന്റെ ടീമാ. ഞാൻ ആരും കാണാണ്ട് ആളൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങിനിന്നു. ഹെഡ് ചെയ്യാന്‍. എന്നാലോ ഷൈജു ലാലൂനെ നോക്കി കണ്ണുകാണിക്കണത് ഞാൻ കണ്ടു. അപ്പക്കരുതി എനിക്കായിര്ക്കില്ല പാസെന്ന്. പക്ഷെ അവന്‍ ഉദ്ദേശിച്ചത് എന്നെത്തന്ന്യാ. ബോൾ എന്റെതലക്ക് നേരെ, ഹെഡ് ചെയ്യാന്‍ നല്ലപാകത്തിനാ വന്നെ. ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല. തല പിന്നിലേയ്ക്കാക്കി ആഞ്ഞൊരു ഹെഡ്“

“ന്നട്ട് ഗോളായോ?”

സ്വപ്നമാണെങ്കിലും കുഞ്ഞുട്ടനു ആകാംക്ഷയായി.

തമ്പി തല തടവി.

”ഗോളോ! ഞാൻ കെടന്നിരുന്ന സൈഡിലെ ചുമരിന്റെ ഒരുഭാഗം തെറിച്ച് പോയി. അത്രന്നെ. എന്തൊരു സൌണ്ടായിരുന്നു തലേല്. കൊറേ നേരത്തേക്ക് ഒന്നും ഓര്‍മേണ്ടായില്ല. ഹൌ...“

തമ്പി ഒന്നുകൂടി തല തിരുമ്മി കാര്യത്തിലേക്ക് കടന്നു. “നീയെന്താ ഈ നേരത്ത് “

”ഹ ഇന്നല്ലേ കരിമ്പനക്കാവ് അമ്പലത്തിലെ സാമ്പിൾ. നീ വരണില്ലേ?”

വെടിക്കെട്ട് എന്നു കേള്‍ക്കേണ്ട താമസം തമ്പി റെഡിയായി. തമ്പിക്കു രണ്ടു കാര്യങ്ങൾ ഭയങ്കര ലഹരിയാണ്. ഒന്ന്, വെടിക്കെട്ട്. രണ്ട്, ആന. ഇവ കാണാന്‍ എന്തു സാഹസവും ചെയ്യും. ഗുരുവായൂരിലെ ആനയൂട്ടിനു ചെറാലക്കുന്നിലെ കലുങ്കിലിരുന്നു വെടിപറയുകയായിരുന്ന തമ്പി ഒരുനിമിഷം പോലും പാഴാക്കാതെ പെട്ടെന്ന് പുറപ്പെട്ടിട്ടുണ്ട്. ഗുരുവായൂരിലെത്തി ആനയെ നിരീക്ഷിക്കാൻ കുന്തിച്ചിരുന്നപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി നടുങ്ങിയത്. പോരുന്ന തിരക്കിൽ എന്തോ ഇടാൻ മറന്നു. വെടിക്കെട്ടിന്റെ കാര്യവും തഥൈവ. ഇക്കാരണങ്ങളാൽ ഉറക്കം വരുന്നുണ്ടെങ്കിലും വെടിക്കെട്ട് കാണണമെന്ന തീരുമാനത്തിലെത്താൻ തമ്പി രണ്ടാമതൊന്ന് ആലോചിച്ചില്ല. ഉറങ്ങാനാണെങ്കിൽ അമ്പലപ്പറമ്പല്ലേ വിശാലമായി പരന്നു കിടക്കുന്നത്!

തമ്പി മുറിയിൽകയറി താക്കോലുമായെത്തി. തൊഴുത്തിൽനിന്നു ചെറാലക്കുന്ന് എക്സ്പ്രസ്സ് പുറത്തിറക്കി. അയ്യങ്കോവ് ശാസ്താവിനെ ധ്യാനിച്ച് ഗിയർ കും കിക്കറിൽ കാൽ‌വച്ചെങ്കിലും പെട്ടെന്നു പിന്‍‌വലിച്ചു. സമയം രാത്രി പത്തര. ഇപ്പോൾ വണ്ടി സ്റ്റാര്‍ട്ടാക്കിയാൽ നാട്ടുകാർ തല്ലിക്കൊല്ലും. അത്ര നിശബ്ദമാണ് വണ്ടിയുടെ മൊത്തം ഓപ്പറേഷൻ. കുന്നിന്റെ ഇറക്കമായതിനാൽ തമ്പിയും കുഞ്ഞുട്ടനും വണ്ടിയിൽ കയറി അനായാസം ഉന്തി. കുന്നിന്റെ അടിഭാഗത്ത് വണ്ടിനിന്നത് കൊച്ചപ്പന്റെ വീടിനു മുന്നിൽ. അവിടെനിന്നു സ്റ്റാര്‍ട്ടാക്കി പുറപ്പെട്ടപ്പോൾ കൊച്ചപ്പൻ പറഞ്ഞ ചീത്ത തമ്പി കേട്ടില്ലെന്ന് നടിച്ചു.

“അവന്റൊരു മറ്റോടത്തെ വണ്ടി”

മിനിമം നാലുപേർ യാത്രചെയ്യാറുള്ള വണ്ടിയിലെ രണ്ട് ഒഴിവുകൾ തമ്പിയെ വിഷമിപ്പിച്ചു. രാത്രിയിലെ പ്രത്യേക സാഹചര്യങ്ങളല്ലേ എന്നു കരുതി സമാധാനിച്ചു. പോകുന്ന വഴിയിൽ ആരെയെങ്കിലും കാണാതിരിക്കില്ല. അപ്പോൾ അവർക്ക് ലിഫ്‌റ്റ് കൊടുക്കാമല്ലോ. രണ്ടുപേരും യാത്ര തുടർന്നു.

അഞ്ചുമിനിറ്റിനുള്ളിൽ കരിമ്പനക്കാവ് അമ്പലത്തിലെത്തി. പണ്ടുകാലത്തു കരിമ്പനകളുടെ കേന്ദ്രമായിരുന്ന സ്ഥലം. ഇപ്പോഴും അമ്പലത്തിനു ചുറ്റും നിരവധി കരിമ്പനകളുണ്ട്. രാത്രിയിൽ ആകെക്കൂടി ഒരു ഭീകരാന്തരീക്ഷം ആയിരിക്കും. നനദുർഗയാണ് പ്രതിഷ്ഠ. ശ്രീകോവിലിൽ വിഗ്രഹത്തിനു നേർ‌ മുകൾഭാഗത്ത് മേൽക്കൂരയില്ല. മഴപെയ്താൽ മഴവെള്ളം നേരെ വിഗ്രഹത്തിൽ പതിക്കും. അതു ദേവിക്കു വളരെ പ്രിയമാണത്രെ. തമ്പിയും കുഞ്ഞുട്ടനും അമ്പലത്തിന്റെ പ്രദക്ഷിണവഴി ഒഴിവാക്കി മതിൽക്കെട്ടിനു പുറത്തുകൂടി നടന്നു വെടിക്കെട്ട് നടക്കുന്ന അമ്പലപ്പറമ്പിലെത്തി. അവിടെ കണ്ട കാഴ്ച രണ്ടുപേരേയും ഞെട്ടിച്ചു കളഞ്ഞു. മാരക്കാന സ്റ്റേഡിയം പോലെ അമ്പലപ്പറമ്പ്. പൂഴി വീഴാന്‍ ഇടമില്ലാത്ത അത്ര തിരക്ക്. കാതിക്കുടത്തെ പുരുഷാരം മുഴുവന്‍ സ്റ്റേജിനുമുന്നിൽ അക്ഷമരായി ഇരിപ്പാണ്. സ്റ്റേജിനു മുന്നിൽ സ്ഥലം കിട്ടാത്തവർ സാധ്യമായ എല്ലായിടത്തും നിലയുറപ്പിച്ചിരിക്കുന്നു. മതിലിൽ നിറയെ ആളുകൾ. പറമ്പിന്റെ അതിരിലെ ചെത്തുതെങ്ങിന്റെ കയർ കെട്ടിയുറപ്പിച്ച തേങ്ങാമടലിൽ വരെ കാണികളുണ്ട്.

“ശാസ്താവേ... എന്തൂട്ട് മലമറിക്കണ പരിപാട്യാ ഇപ്പോ” തമ്പി ആശ്ചര്യചകിതനായി.

അതിനിടെ കമ്മറ്റിക്കാരിലൊരാൾ തമ്പിയുടെ അടുത്തുവന്നു. “തമ്പി ഒരു സഹായം വേണം”

തമ്പി വെയിറ്റിടാൻ തയ്യാറായി നിന്നു. ആഗതൻ തുടർന്നു.

“മഴ പെയ്യാന്‍ സാദ്ധ്യതേണ്ട്. അങ്ങിന്യാണെങ്കീ വെടിക്കെട്ട് ക്യാൻസൽ ചെയ്യണ്ടിവരും”

കിടക്കപ്പായിൽ‌നിന്നു എഴുന്നേറ്റ് വന്നത് വെറുതെയായോ. തമ്പി ചൂടായി.

“അതിന് ഞാനെന്ത് വേണം മേന്‌നെ. പൊട്ടണ ഗുണ്ടിന് കൊടപിടിച്ച് കൊടക്കണോ?”

ചോദ്യകര്‍ത്താവ് വിളറി. ‘ഏതടാ ഇവൻ’ എന്ന ഭാവത്തിൽ ആഗ്യംകാണിച്ച് അദ്ദേഹം പോയി. തമ്പി വീണ്ടും ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞു. ഇത്രയും ആളുകൾ എന്തിനെത്തി എന്നാലോചിച്ചു.

“ബോസേ എന്തൂട്ടാടാ ഇപ്പ പരിപാടി?”

കാതിക്കുടത്തെ പെങ്ങമ്മാരുടെ കണക്കെടുത്തു നിന്നിരുന്ന ചന്ദ്രബോസ് കണ്ണിറുക്കിച്ചിരിച്ചു.

“ചാലക്കുടി എൻഎസ്എസ് കരയോഗത്തിന്റെ തിരുവാതിരക്കളിയാ. പെടയ്ക്കും ആശാനേ”

തമ്പി അറിയാതെ നിലവിളിച്ചു.

“യ്യോ... എന്നട്ടണ് ഞാൻ വീട്ടീ മൂടിപൊതച്ച് കെടന്നൊറങ്ങണെ“

തമ്പി കയ്യിൽ കരുതിയിരുന്ന തോര്‍ത്തുമുണ്ട് കൊണ്ടു തലമൂടി. ആളുകളെ ചീത്തപറഞ്ഞ് വകഞ്ഞുമാറ്റി സ്റ്റേജിന്റെ മുന്‍ഭാഗത്തേക്ക് തിക്കിക്കയറി. നിലത്തിരുന്നു രണ്ട് വിസിലടിച്ചപ്പോഴേക്കും അനൌണ്‍സ്മെന്റ് മുഴങ്ങി.

“മാന്യമഹാജനങ്ങളെ, തിരുവാതിരക്കളിയുടെ പള്‍സ് അറിഞ്ഞ നടനക്കാരിയായ ചാലക്കുടി സുലോചന നയിക്കുന്ന ഈ ഗംഭീര തിരുവാതിരക്കളി നിങ്ങള്‍ക്ക് ഒരു നവ്യാനുഭവമായിരിക്കുമെന്നാണ് ഉത്സവക്കമ്മറ്റിയുടെ പ്രത്യാശ. കേരളത്തിന്റെ തനതായ ആ കലാരൂപം അല്പസമയത്തിനകം ആരംഭിക്കുന്നതായിരിക്കും”

മൈക്കിലൂടെ അനൌൺസ് ചെയ്തത് ആരാണെന്നു തമ്പിക്കു മനസ്സിലായി. നമ്മടെ സ്വന്തം ആൾ. പിന്നെയൊട്ടും അമാന്തിക്കാതെ വിളിച്ചു പറഞ്ഞു.

“മാധവാ, അവരോട് വേഗം തൊടങ്ങാൻ പറ്ടാ ശവീ. നാട്ടാര് വെയിറ്റ് ചെയ്യണ കണ്ടില്ലേ നീ”

സുലോചന. നല്ല പേര്. തമ്പിക്ക് രസം കയറി. ഒരു വടക്കന്‍ വീരഗാഥ സിനിമയിലെ ‘ഉണ്ണീ ഗണപതി തമ്പുരാനേ‘ പാട്ടും, അതിലെ കളിയും, ആടിയവരുടെ ഇടങ്ങഴി വയറും കണ്ട അന്നുമുതൽ തമ്പി തിരുവാതിരക്കളിയുടെ ആരാധകനാണ്.

അമ്പലപ്പറമ്പിൽ ഒരുപാട്ട് സാവധാനം ഒഴുകിപ്പരന്നു.

“വീര വിരാടകുമാര വിഭോ...
ചാരുത രാഗുണ കാരണഭോ...”

സ്റ്റേജിന്റെ കര്‍ട്ടൻ പതുക്കെ മുകളിലേക്കു പൊങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ തെല്ലിടനേരം നിശ്ചലമായി. മുന്‍ഭാഗത്തിരുന്ന പലരും തലകുനിച്ച് സാധ്യമായ എല്ലാ ആംഗിളിൽനിന്നും സ്റ്റേജിലേക്കു നോട്ടമയച്ചു. തമ്പിയും കുനിഞ്ഞുനോക്കി. പക്ഷേ ആരുടേയും തല കാണാന്‍ പറ്റിയില്ല. കളിപ്പീര് പണിയെന്നു പരിഭവിച്ച തമ്പിക്ക് ആശ്വാസമേകി കര്‍ട്ടൻ സാവധാനം മുഴുവനായും പൊങ്ങി.

സ്റ്റേജില്‍കണ്ട കാഴ്ചയിൽ അമ്പലപ്പറമ്പാകെ തരിച്ചിരുന്നു. ഒരില വീണാൽ കേള്‍ക്കാവുന്നത്ര കനത്ത നിശബ്ദത. അതിനൊടുവിൽ അവിശ്വസനീയമായ ചിലത് കണ്ടുഞെട്ടിയ തമ്പിയും കുഞ്ഞുട്ടനും പിന്നോട്ടുമലച്ച് ഒറ്റശ്വാസത്തിൽ പറഞ്ഞു.

“അയ്യേ… അമ്മൂമമാര്!”

അമ്പലപ്പറമ്പിലെ പുരുഷാരം മുഴുവന്‍ കമ്മറ്റിക്കാരുടെ കൊലച്ചതിയിൽ തരിച്ചിരുന്നു. മൈതാനത്തിന്റെ പിന്‍ഭാ‍ഗത്തിരുന്ന മഹിളാരത്നങ്ങളും, പ്രായം ചെന്ന വല്ല്യപ്പന്മാരും ആവേശത്തോടെ കയ്യടിച്ചു.

തോർത്തുകൊണ്ട് തലമൂടി അപ്പോള്‍ത്തന്നെ എഴുന്നേറ്റ തമ്പിയെ കുഞ്ഞുട്ടൻ പിടിച്ചു നിലത്തിരുത്തി.

“ഹ ഒറ്റക്ക് പോവല്ലേടാ. ഞാനുംണ്ട്”

തല ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെപ്പോലെ തമ്പിയും കുഞ്ഞുട്ടനും ആടിയാടി സ്റ്റേജിന്റെ സൈഡിലുള്ള തെങ്ങിൻ‌തോപ്പിലേക്കു നടന്നു. പക്ഷേ തമ്പിയുടെ കയ്യിലെ തോർത്തുമുണ്ട്, അമ്പലപ്പറമ്പില്‍നിന്നു എഴുന്നേറ്റുപോകണമെന്ന് ആഗ്രഹമുണ്ടായിരുന്നവരും എന്നാൽ തോർത്തു കൈവശമില്ലാത്തവരുമായ, ചിലർ കണ്ടതോടെ ആകെ പ്രശ്നമായി. ക്ഷണനേരത്തിനുള്ളിൽ തമ്പിയുടെ തോർത്തുമുണ്ടിനു കീഴിൽ തല ഒളിപ്പിക്കാൻ ആള്‍ക്കൂട്ടത്തിന്റെ അവിടവിടങ്ങളിൽനിന്നു പത്തുപതിനഞ്ചു പേർ ഷര്‍ട്ടിന്റെ കോളർ വലിച്ച് തലയിലൂടെയിട്ടു ഓടിവന്നു!

തിരക്ക് നിയന്ത്രണാധീതമാകുന്നതു കണ്ട് അപകടം മണത്ത തമ്പിയും കുഞ്ഞുട്ടനും പിന്നെയൊന്നും ആലോചിച്ചിക്കാതെ തോർത്തും കൊണ്ട് ഓടി. പക്ഷേ സമയം വൈകിയിരുന്നു. ഓടി വന്നവരിൽ ഒരാൾ തമ്പിയുടെ കയ്യില്‍നിന്നു തോർത്ത് ബലമായി പിടിച്ചുവാങ്ങി. അവന്റെ കയ്യിൽ‌നിന്നു മറ്റൊരാൾ പിടിച്ചുവാങ്ങി. അങ്ങിനെ ഒരു കൂട്ടപ്പൊരിച്ചിൽ. ഫലം, പിരാനാ മത്സ്യങ്ങള്‍ക്കു കിട്ടിയ ഇറച്ചിത്തുണ്ടുപോലെ തമ്പിയുടെ തോർത്തുമുണ്ട് നിമിഷങ്ങള്‍ക്കകം പീസ് പീസായി. തമ്പി അതുകണ്ട് സ്തംഭിച്ചുനിന്നു. പിന്നെ മഴ നനഞ്ഞ കോഴിയേപ്പോലെ തെങ്ങിൻ‌തോപ്പിലേക്ക് മണ്ടി. തുടർന്നു യെസ്‌ഡി വച്ചിരിക്കുന്നിടത്തേക്കും.

വെടിക്കെട്ട് മിസ്സാക്കി തിരിച്ചുവരികയായിരുന്ന തമ്പി ഓസീൻ കമ്പനിക്കടുത്തുള്ള തെങ്ങിൻ‌തോപ്പിനു അടുത്തെത്തി. അപ്പോൾ റോഡിലൂടെ ഒരാൾ അവശനായി ഒറ്റയ്ക്കു നടന്നു പോകുന്നത് കണ്ടു.

മനസ്സിൽ പറഞ്ഞു. ”പാമ്പാന്നാ തോന്നണെ. വിട്ട് കളയാം”

പക്ഷെ യെസ്‌ഡി ആ കാല്‍നടക്കാരനെ കടന്നുപോയപ്പോൾ കുഞ്ഞുട്ടൻ അലറി.

”തമ്പ്യേ നമ്മടെ വിജയൻ‌ചേട്ടൻ. വണ്ടി ചവിട്ട്രാ”

ചെറിയ നിലവിളിയോടെ തമ്പി ബ്രേക്ക് ചവിട്ടി. വിജയന്‍‌ചേട്ടൻ ഓസീൻ കമ്പനിയിലെ സ്റ്റാഫാണ്. തമ്പിയൊക്കെ സാർ എന്നു വിളിക്കുന്ന വ്യക്തി. അപ്പോള്‍പിന്നെ വണ്ടി നിര്‍ത്താതെ പറ്റുമോ? ഇത്രയും ദൂരം നടക്കാതെ ഒരു ലിഫ്‌റ്റ് കിട്ടുമല്ലോ എന്നോര്‍ത്ത് സന്തോഷത്തോടെ ഓടിയണച്ചുവന്ന വിജയന്‍‌ചേട്ടൻ, നിര്‍ത്തിയ വണ്ടി യെസ്‌ഡിയാണെന്നും അതിൽ വാഷടിച്ച് പറ്റായ കാട്ടാനയെപ്പോലെ ഇരിക്കുന്നത് തമ്പിയാണെന്നും കണ്ടപ്പോൾ തന്റെ ഇടതുകൈമുട്ട് മടക്കി അതിന്റെ പുറംഭാഗം വലതുകൈകൊണ്ടു ചൊറിഞ്ഞു.

“ഞാല്യ. നിങ്ങ പൊക്കോ”

തമ്പി വിട്ടില്ല. തനിക്ക് മാത്രമല്ല ചെറാലക്കുന്നിലെ സകല ജനങ്ങള്‍ക്കുമുള്ളതാണ് യെസ്ഡിയെന്നും, വിജയന്‍‌ചേട്ടനെ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് ഇറക്കിയിട്ടേ ഇനി വിശ്രമമുള്ളൂ എന്നും പ്രഖ്യാപിച്ചു. വളരെ കർക്കശമായ നിലപാട്. അതിലും വഴങ്ങാതെ നടന്നുപോകാൻ തുനിഞ്ഞ വിജയന്‍‌ചേട്ടനെ തമ്പിയും കുഞ്ഞുട്ടനും ബലമായി പിടിച്ചുവലിച്ച് യെസ്ഡിയുടെ പിടികളൊന്നുമില്ലാത്ത പിന്‍സീറ്റിലിരുത്തി.

കുഞ്ഞുട്ടൻ താക്കീത് ചെയ്തു.

“കമ്പിയൊന്നൂല്യ പിടിക്കാൻ. എന്റെ തോളത്ത് പിടിച്ചോ. ഇല്ലെങ്കീ ചെലപ്പോ വീഴും”

താക്കീതിൽ നടുങ്ങി വിജയന്‍‌ചേട്ടൻ പറഞ്ഞു. ”നിന്റേല് മൊബൈലിണ്ടെങ്കി ഒന്ന് തന്നേ”

തമ്പിയുടെ മുഖത്ത് എന്തിനാണെന്ന ഭാവം.

“ഇത്‌മ്മെ കേറീട്ട്‌ണ്ട്‌ന്ന് വീട്ടീ പറയാന്ന് വെച്ചാ”

“നമ്മളങ്ങ്ടല്ലേ പോണെ. പിന്നെന്തൂട്ടാ ത്ര പറയാന്‍”

വിജയൻ‌ചേട്ടൻ ചോദിച്ചു. “നീ വണ്ടി നന്നായി ഓടിക്ക്വോ?”

തമ്പിയൊരു കൊലച്ചിരി പാസാക്കി. വണ്ടി സാവധാനം എടുത്തു. ആൿസിലേറ്ററിൽ കൈ പിടിക്കാതിരുന്നതിനാൽ എൻ‌ജിൻ ഓഫായി. വിജയൻ‌ചേട്ടൻ വണ്ടിയിൽ നിന്നിറങ്ങി. നടന്നു പോയ്‌ക്കോളാമെന്നു പറഞ്ഞു. കുഞ്ഞുട്ടൻ സമ്മതിച്ചില്ല. ഷര്‍ട്ടിൽ പിടിച്ചുവലിച്ച് വീണ്ടും വണ്ടിയിൽ കയറ്റി. പിന്നെ അക്ഷമനായി തമ്പിയോട് ചോദിച്ചു.

“തമ്പീ ഞാൻ വണ്ടിയെടുക്കണോ?”

ഇതിലും വലിയ നാണക്കേടുണ്ടോ? അപമാനിതനായ തമ്പി ഒറ്റച്ചവിട്ടിന് യെസ്‌ഡി സ്റ്റാര്‍ട്ടാക്കി. അടുത്ത ചവിട്ടിനു ഗിയർ മാറി. പിന്നെ ക്ലച്ച് വിട്ടു ആക്സിലേറ്റർ മുഴുവൻ കൊടുത്തു. ഫലം, യെസ്‌ഡി കൂറ്റനാടിനെപ്പോലെ പിൻ‌ചക്രത്തിൽ പൊങ്ങി.

സീറ്റിൽ ഏറ്റവും പിന്നിലിരുന്ന വിജയന്‍‌ചേട്ടൻ ഏറ്റവും അടിയിൽ. അദ്ദേഹത്തിനു മുകളിൽ എൺ‌പതുകിലോ ഭാരമുള്ള കുഞ്ഞുട്ടൻ. യെസ്ഡിയുടെ ഹാന്‍ഡിലിലെ പിടിവിടാൻ കുറച്ചുസമയം എടുത്തതിനാൽ തമ്പി രണ്ടുപേർക്കും മുകളിലെത്താൻ രണ്ടുനിമിഷം വൈകി. എത്തിയതാകട്ടെ പണിക്കനാശാരി കൊട്ടുവടികൊണ്ട് അടിക്കുന്നപോലെ മുടിഞ്ഞ ഊക്കിലും. അതിവേഗം തപ്പിപ്പിടിച്ചെഴുന്നേറ്റ കുഞ്ഞുട്ടൻ കണ്ടത് തെങ്ങിൻതൊപ്പിലൂടെ പിടിപ്പിക്കുന്ന തമ്പിയെയാണ്. അപ്പോൾതന്നെ കുഞ്ഞുട്ടനും തമ്പിയെ അനുഗമിച്ചു. താമസിയാതെ ലീഡെടുക്കുകയും ചെയ്തു.

പിറ്റേദിവസം എട്ടരയോടടുത്ത് ഓസീൻ കമ്പനിയിൽ പണിക്കുകയറുന്നതിനു മുമ്പ് കമ്പനിപ്പടിക്കൽ സുഹൃത്തുക്കളുമായി തമാശ പറഞ്ഞുനിന്ന തമ്പിയുടെ തോളിൽ ആരോ അലസമായി തോണ്ടി. ഓടാന്‍ പറ്റുന്നതിനു മുമ്പുതന്നെ ആ വ്യക്തി കഴുത്തിൽ പിടുത്തമിട്ടു. തമ്പി തിരിഞ്ഞുനോക്കി. കഴുത്തിൽ തലയനക്കാതിരിക്കാനുള്ള പാഡ് ധരിച്ച് വിജയന്‍‌ചേട്ടൻ. സംഗതികളുടെ നിജസ്ഥിതി മനസ്സിലായിട്ടും നാവിൽ വിളഞ്ഞത് ഗുളികന്‍ പിടിച്ച ചോദ്യമാണ്.

“വിജയൻചേട്ടാ കഴുത്തിനെന്താ പറ്റ്യേ?“

“ഠപ്പ്”

ഒരുതവണ കറങ്ങിത്തിരിഞ്ഞ്, കവിൾതടവി തമ്പി സി‌ഐ‌ടിയുവിന്റെ കൊടിമരത്തിൽ തൂങ്ങി നിലത്തിരിക്കാൻ തുടങ്ങുമ്പോൾ കുഞ്ഞുട്ടൻ കമ്പനിപ്പടിക്കടുത്തു മൂന്നുകൈവഴികളുള്ള കവലയിലിട്ട് യെസ്‌ഡി തിരിച്ചു ചെറാലക്കുന്നിലേക്ക് കത്തിക്കുകയായിരുന്നു.

Sunday, April 10, 2011

പരീക്കപ്പാടത്തെ ഓപ്പറേഷൻ

“എടാ നിര്‍ത്തറാ നിന്റെ പാട്ടവണ്ടി...”

പുത്തന്‍ പള്‍സറിൽ ചെത്തിവരുന്ന ഏതോപയ്യനെ കണ്ടപ്പോൾ അവന്റെ ആ സമയത്തെ വരവിൽ സംശയം തോന്നാനും, പളപളാ തിളങ്ങുന്ന ബൈക്കിനെ പാട്ടവണ്ടിയെന്നു വിളിക്കാനും മര്യാദാമുക്കിലെ മതിലിലിരുന്നു പുളുവടിക്കുന്ന ചെറാലക്കുന്നിലെ തമ്പിക്കു എന്തെങ്കിലും കാരണം ആവശ്യമാണെന്നു തോന്നിയില്ല. തമ്പിയുടെ ആക്രോശത്തിൽ നടുങ്ങി പയ്യൻ വണ്ടിനിര്‍ത്തി. ഇങ്ങിനെയൊരു അനുഭവം ആദ്യമായാണ്. ഈ നാടാണെങ്കിൽ തീരെ പരിചിതവുമല്ല.

മതിലിനോടു ചേര്‍ന്നുള്ള ഇലക്‍ട്രിക് പോസ്റ്റിന്റെ കടക്കൽ മുറുക്കാന്‍തുപ്പി, തമ്പി മതിലില്‍നിന്നു നിരങ്ങിയിറങ്ങി. റോബര്‍ട്ടോ കാര്‍ലോസിനെ വെല്ലുന്ന തുടയിലെ നിബിഢമായ രോമരാജികൾ തടവി പയ്യനു അരുകിലെത്തി. ബൈക്കിന്റെ കീ ഊരി പോക്കറ്റിലിട്ടു.

“എവടക്കാ മോനേ നീയീ കത്തിക്കണെ?“

ചോദ്യത്തിനു മറുപടി കിട്ടിയില്ല. തമ്പി പയ്യന്റെ കോളറിൽ പിടുത്തമിട്ടു. “എന്താടാ മിണ്ടാത്തെ? നിന്റെ തൊള്ളേല് നാവില്ലേ“

പയ്യന്‍ പേടിയോടെ പറഞ്ഞു. “വീട്ടിലേക്ക്...”

തമ്പി ചിരിച്ചു. “ആഹഹാ. ഇതന്ന്യാടാ എല്ലാരും പറയാറ്. വീട്ടിപ്പോണ് വീട്ടീപ്പോണ്ന്ന്. എന്നാലോ അവന്റെയൊക്കെ ഉദ്ദേശം വായിനോട്ടാന്ന് ഞങ്ങക്കറിഞ്ഞൂടേ” തമ്പിയുടെ സമീപനം കൂടുതൽ കര്‍ക്കശമായി. “ആട്ടെ. നിന്റെ വീടെവിട്യാ?”

“കാടുകുറ്റീല്...”

“ഓഹോ അതുശരി. അപ്പോ നിന്റെ വീട് കാടുകുറ്റീലാണ്”

ഒന്നുനിര്‍ത്തി തമ്പി ആലോചനയിലമര്‍ന്നു. പയ്യനെ വിരട്ടാന്‍ എന്തെങ്കിലും മതിയായ കാരണം വേണം. “ശരി സമ്മതിച്ചു. നിന്റെ വീട് കാടുകുറ്റീലാണ്. പക്ഷേ കാടുകുറ്റീല് വീടൊള്ള നീയെന്തിനാ ഇതീക്കോടെ പോണെ. നിനക്ക് തീരദേശംറോഡ് വഴി പൊക്കൂടെ”

പയ്യന്‍ പരുങ്ങി. “ചേട്ടാ ഞാന്‍... ഞാനൊരാളെ കൊരട്ടീല് ഡ്രോപ്പ് ചെയ്ത് വരാ”

പയ്യന്റെ ഉത്തരത്തിൽ തമ്പി ക്ലൂ മണത്തു. “കിളിയാണോടാ?”

“ഉം”

ജീവിതത്തിൽ പലര്‍ക്കും പലതവണ പ്രേമലേഖനങ്ങൾ കൊടുത്തിട്ടുണ്ടെങ്കിലും തമ്പിയെ ആരും തിരിച്ചു കടാക്ഷിച്ചിട്ടില്ലായിരുന്നു. ആ ചിന്തയിൽ അദ്ദേഹത്തിന്റെ ഉള്ളമുരുകി. “കിളുന്ത് പെണ്‍‌കൊച്ചുങ്ങൾക്ക് ലിഫ്റ്റ് കൊടുക്കാനാ നീ ലൈസന്‍സെടുത്തെ?”

തമ്പി പയ്യനുനേരെ കുതിച്ചു. അപ്പോൾ എല്ലാം വീക്ഷിച്ചു മതിലിലിരുന്ന, ആശാൻ‌കുട്ടി എന്ന പേരിൽ അറിയപ്പെടുന്ന, ശിവപ്രസാദ് പ്രശ്നത്തിൽ ഇടപെട്ടു. “തമ്പ്യേയ് വിട്ട്കള. പാവം കൊച്ചന്‍ പൊക്കോട്ടെ”

തമ്പി നിന്നു. ആശാന്‍ പറഞ്ഞാൽ പിന്നെ കക്കാടിൽ അപ്പീലില്ല. അടിയാണെങ്കിൽ അടി. മര്യാദക്കാണെങ്കിൽ മര്യാദ. ഇതാണ് ആശാൻ‌കുട്ടിയുടെ പോളിസി.

“ആശാനേ... കാര്യം എനിക്കിവനോട് പ്രശ്നോന്നൂ‌ല്യ. പക്ഷേ ഈയിടെ പൂവാലന്മാര് കൊറേ കൂടുതലാന്ന് സന്തോഷെന്നോട് കംബ്ലെയിന്റ് പറഞ്ഞു. അതോണ്ടാ ഞാന്‍”

ആശാന്‍ കുലുങ്ങിച്ചിരിച്ചു. “ഹഹഹ. സന്തോഷിന് ഇതിലെന്തൂട്ടാ കാര്യം?“

ആശാൻ‌കുട്ടിയുടെ സംശയം കേട്ടില്ലെന്നു നടിച്ചു തമ്പി എല്ലാം പറഞ്ഞവസാനിപ്പിച്ചു. “ഇന്യെങ്ങാനും ഈ മര്യാദാമുക്കീക്കോടെ വായ്‌നോക്കാൻ വന്നാലിണ്ടല്ലാ, നിന്റെ ആപ്പീസ് ഞാൻ പൂട്ടും. പോ...”

ഇരുപതിനും നാല്പതിനും വയസ്സിനിടയിലുള്ള സൌമ്യരും മര്യാദക്കാരുമായ ഒരുപറ്റം യുവാക്കളുടെ പ്രിയസങ്കേതമായതിനാലാണ് കക്കാട്ദേശത്തെ പ്രമുഖകവലയായ ‘മര്യാദാമുക്ക്‘ ആ പേരിൽ അറിയപ്പെടുന്നത്. നിത്യജീവിതത്തിൽ തോന്നിയപോലെ ജീവിക്കുന്ന പലരും മര്യാദാമുക്കിലെത്തിയാൽ സ്വയമറിയാതെ പക്കാഡീസന്റ് ആവുകയായി. സുന്ദരിയായ ഒരു പെണ്‍കുട്ടി നടന്നു പോയാലോ, മാമ്പ്ര പ്ലസ്‌ടു സ്കൂളിലെ പെണ്‍‌കുട്ടികളെ വഹിക്കുന്ന സ്കൂള്‍വാൻ പോയാലോ മര്യാദാമുക്കിലിരിക്കുന്ന ഒരു മര്യാദക്കാരൻ പോലും കമന്റോ വിസിലോ അടിക്കില്ല, ആഗ്യപ്രകടനം നടത്തില്ല, എന്തിനധികം പറയുന്നു തലതിരിച്ചു നോക്കുക പോലും ചെയ്യില്ല. കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും കക്കാടിലെ സുന്ദരികളായ തരുണീമണികളെ ഒരുനോക്കു കാണാൻ മര്യാദാമുക്കിലൂടെ കാവാത്തുനടത്തുന്ന അന്യദേശക്കാരായ പൂവാലന്മാരെ പിടിച്ചുവിരട്ടലും മര്യാദക്കാരുടെ ഇഷ്ടഹോബികളിൽ ഒന്നായിരുന്നു.

ഇത്യാദിയുള്ള സൽ‌പ്രവർത്തികളാൽ മര്യാദാമുക്ക് എന്ന കവലയുടെ പേര് അന്വർത്ഥമാക്കുന്ന കക്കാടിലെ യുവജനങ്ങൾക്കു പ്രസ്തുതസ്ഥലത്തു ഇരിപ്പിടമായി ഒരു ഉഗ്രൻ മതിലാണുള്ളത്. രാജസ്ഥാനിൽ‌നിന്നു വരുന്ന കല്ലുകളേക്കാളും ഗുണമേന്മയുണ്ടെന്നു പറയപ്പെടുന്ന ചെറാലക്കുന്ന് ക്വാറിയിലെ കരിങ്കല്ലുകൊണ്ടായിരുന്നു മതിൽ പണിതിരുന്നത്. പണ്ട് പൊട്ടിപ്പൊളിഞ്ഞുകിടന്നിരുന്ന മതിൽ പിന്നീട്, നീണ്ടുനിവര്‍ന്നു സുഖപ്രദമായി കിടക്കാൻ പാകത്തിനു, പഴയ രാജാക്കന്മാരുടെ മഞ്ചം പോലെയായി മാറിയതിന്റെ എല്ലാ ബഹുമതിയും കക്കാടിന്റെ മരുമകനായി എത്തിയ അന്നമനട മുരുകനാണ്. എൿസ് നേവിക്കാരനായ അദ്ദേഹം തന്നെയാണു അയ്യങ്കോവ് ശാസ്താവ് കഴിഞ്ഞാൽപിന്നെ മര്യാദക്കാരുടെ മനസ്സിലെ ഉപാസനാമൂര്‍ത്തി.

പയ്യൻ സ്ഥലം വിട്ടതോടെ തമ്പി വീണ്ടും മതിലിനു അരുകിലെത്തി. ആശാൻ‌കുട്ടി മൊബൈലിൽ ആരുടെയോ നമ്പർ നോക്കുകയായിരുന്നു. ലേശം മിനുങ്ങിയതിനാൽ അക്ഷരങ്ങൾ ശരിക്കു തെളിയുന്നുണ്ടായിരുന്നില്ല.

“തമ്പി. എന്റെ മൊബൈൽ കമ്പ്ലൈന്റാന്നാ തോന്നണെ. അക്കങ്ങൾ നേരെചൊവ്വേ തെളിയണില്ല”

തമ്പിയും മൊബൈൽ വാങ്ങി പരിശോധിച്ചു. അദ്ദേഹം സേവിച്ചിരുന്നത് കടുപ്പം കൂടിയ വീരഭദ്രനായിരുന്നു.

“ഡിസ്‌പ്ലേ അടിച്ച് പോയതാ ആശാനേ. ഇപ്പോ ഒന്നും കാണണില്ല”

ആശാൻ ഇതികർത്തബ്യാമൂഢനായി. “ഞാനിനി എന്തൂട്ടാ ചെയ്യാ. രണ്ടുമാസം മുമ്പ് ഇതുപോലൊരു മൊബൈൽ പോയതാ. ഇപ്പോ ദേ പിന്നേം”

അകലെനിന്നു ഒരു ബൈക്കിന്റെ നീട്ടിയ ഹോണടി കേട്ടു രണ്ടുപേരും തലതിരിച്ചു നോക്കി. തട്ടാൻ രാജന്റെ വീടു കടന്നു ബൈക്കിൽ ഒരുവൻ വരുന്നു. അടുത്തെത്തിയപ്പോൾ ആളെ മനസ്സിലായി. ചാലക്കുടിയിലെ പ്രശസ്തമായ മഡോണ സർവ്വീസ് സെന്ററിലെ ചീഫ് മെക്കാനിക് കാതിക്കുടം മൊതയിൽവീട്ടിൽ സജീവൻ. ‘ബജാജ് സജീവൻ’ എന്നു പറഞ്ഞാലേ നാട്ടുകാർ അറിയൂ. ബൈക്കിൽ സജീവനു പിന്നിൽ ഇരിക്കുന്നവൻ അഞ്ചിന്റെ മോട്ടോറിൽ കൂട്ടിച്ചേർക്കുന്ന തരത്തിലുള്ള നല്ല വ്യാസമുള്ള ഒരു നീളൻ‌പൈപ്പ് വൃത്താകൃതിയിൽ കൂട്ടിക്കെട്ടി പിടിച്ചിട്ടുണ്ടായിരുന്നു. നല്ല കനമുണ്ടെന്നു ഒറ്റനോട്ടത്തിൽ അറിയാം.

തമ്പി അന്വേഷിച്ചു. “എങ്ങടാ സജീവാ ട്യൂബും കൊണ്ട്. ആരടെ കൊളാ വറ്റിക്കണെ?”

ആശാൻ താങ്ങി. “നിനക്ക് കണ്ണുകണ്ടൂടേടാ തമ്പീ. അത് സജീവനു മൂത്രം പൂവാൻ ഇട്ടേക്കണ ട്യൂബല്ലേ”

അവരു പറഞ്ഞതു പൊളിയാണെന്നു മനസ്സിലാക്കിയിട്ടും സജീവന്റെ കൈകൾ തുടയിടുക്കിൽ ഒന്നു തട്ടിമുട്ടി. ഹോൺ നീട്ടിയടിച്ച കാര്യം പറയാൻ മറന്നല്ലോ എന്നു അപ്പോൾ ഓർത്തു.

“ആശാനേ അറിഞ്ഞാ. നമ്മടെ അയ്യങ്കോവ് അമ്പലം നെറയെ പോലീസാ!“

മര്യാദാമുക്കിലെ സകല ചരാചരങ്ങളും ഞെട്ടി. അയ്യങ്കോവ് ശാസ്താവിന്റെ തട്ടകത്തു പോലീസ് വന്നിട്ടു മര്യാദാമുക്കിലെ ആരും അതറിഞ്ഞില്ലെന്നോ. അസംഭാവ്യം. സജീവൻ കൂടുതൽ വിവരങ്ങൾ പറഞ്ഞു.

“പാളയംപറമ്പിലെ ഏതോ അമ്പലത്തിലെ വിഗ്രഹം കാണാണ്ടായത്രെ. അമ്പലത്തിന്റെ പേരു ഞാൻ മറന്നു. പഞ്ചലോഹ വിഗ്രഹാ. അതാരോ നമ്മടെ അമ്പലക്കൊളത്തീ കൊണ്ടിട്ടൂന്നാ പോലീസ് പറേണെ. പോലീസ് നായ മണം പിടിച്ച് കൊളത്തിന്റെ കരേലാ വന്ന്‌നിന്നെ. അഞ്ചിന്റെ മോട്ടോർ കൊളം വറ്റിക്കാനാ”

“ഈ മഴേത്ത് എങ്ങനെ വറ്റിക്കാനാ സജീവാ?”

ആശാൻ‌കുട്ടിയുടെ സംശയം ന്യായമാണ്. പരീക്കപ്പാടം ഏതാണ്ട് നിറഞ്ഞു കിടക്കുകയാണ്. പനമ്പിള്ളിക്കടവിൽ നിന്നു ഊത്തൽ കയറിയത് ഒരാഴ്‌ചമുമ്പാണ്. വെള്ളമിറങ്ങാൻ ഇനിയും ആഴ്ചകളെടുക്കും. അതിനിടയിൽ വീണ്ടും മഴ നിന്നുപെയ്താൽ അടുത്തെങ്ങും നോക്കുകയേ വേണ്ട. വെള്ളം മുട്ടറ്റം പൊങ്ങും. പരീക്കപ്പാടത്തുനിന്നു അല്പദൂരം മാത്രം അകലെയുള്ള അമ്പലക്കുളം വറ്റിക്കണമെങ്കിൽ അഞ്ചിന്റെ രണ്ടുമൂന്ന് മോട്ടോറെങ്കിലും നിർത്താതെ അടിക്കേണ്ടിവരും.

“മോട്ടോർ നാലഞ്ചെണ്ണണ്ട്. എന്നാലും സംശയാ. മുങ്ങൽ‌വിദഗ്ദരെ കൊണ്ടോരാൻ ആള് പോയിണ്ട്”

ഇത്രയും പറഞ്ഞു സജീവൻ അത്യധികം ആകാംക്ഷയോടെ ചോദിച്ചു. “ആശാനേ ഞാനക്കാര്യം മറന്നു. നമ്മടെ നവീണ്ടാ ഇവടെ? പുള്ളീണ്ടെങ്കി മോട്ടറൊന്നും വേണ്ട”

“മാക്രി ഇപ്പോ കോഴിക്കോട്ടാ. വെള്ളിയാഴ്ചേ എത്തൂ. വരണോങ്കി വിളിച്ച് പറഞ്ഞാതി. അമ്പലക്കൊളം ആൾടെ ഉള്ളം കയ്യിലാ. മുക്കും മൂലേം കുണ്ടും കുഴീം പുല്ല്!”

കക്കാടിലെ നവീൻ സുകുമാരനെ പറ്റിയാണു ആശാൻ പറഞ്ഞത്. കോഴിക്കോട് കോർപ്പറേഷനിൽ ജോലിചെയ്യുന്ന അദ്ദേഹത്തെ എല്ലാവരും വിളിക്കുക കക്കാട് സെബാസ്റ്റ്യൻ സേവ്യർ എന്നാണ്. ആശാൻ‌കുട്ടിയെപ്പോലെ അടുത്ത സുഹൃത്തുക്കൾ ‘മാക്രി‘ എന്നും. കക്കാടിൽ നീന്തലിന്റെ പര്യായമാണ് നവീൻ. അയ്യങ്കോവ് അമ്പലക്കുളത്തിന്റെ ശോചനീയാവസ്ഥക്കു കാരണക്കാരൻ. നന്നായി ചുറ്റുമതില്‍കെട്ടി സംരക്ഷിച്ചിരുന്ന അമ്പലക്കുളം വീണ്ടും ‘കുള‘മാക്കുന്നതിൽ മാധവൻ സുനിക്കൊപ്പം, നിര്‍ണായക പങ്ക് വഹിച്ചതു ഇദ്ദേഹമാണ്.

എവിടെ വെള്ളം കണ്ടാലും അവിടെയിറങ്ങും. അമ്പലക്കുളത്തിൽ, ലേഗു പൌലോസിന്റെ വട്ടക്കുളത്തിൽ, കക്കാട്ദേശത്തെ എണ്ണമറ്റ തോടുകളിൽ, എന്തിനധികം പറയുന്നു നാലുപേർ മുങ്ങിമരിച്ചിട്ടുള്ള പതിയൻകുളത്തിൽ വരെ നവി ഇറങ്ങും. അക്കാലത്തു നവീനെ പേടിച്ചു നാട്ടുകാരൊക്കെ കിണറിനു ചുറ്റുമതില്‍കെട്ടി കമ്പിവല വിരിച്ചിരുന്നു. ഇല്ലെങ്കിൽ ഒരു ആവേശത്തിനു ആളിറങ്ങി കുളിച്ചെന്നു വരും. അമ്പലക്കുളമായിരുന്നു പ്രധാന തട്ടകമെന്നതിനാലും, സദാസമയവും വെള്ളത്തിൽ കിടക്കുന്നതിനാലും കുളത്തിലെ പിലോപ്പിമത്സ്യങ്ങള്‍ക്കുവരെ നവീൻ സുപരിചിതനാണ്. അക്കാലത്തു അദ്ദേഹം അമ്പലക്കുളത്തിലെ മീനുകളോടു അവരുടെ ഭാഷയിൽ സംസാരിക്കാറുണ്ട് എന്നൊരു ശ്രുതിയും നാട്ടിൽ പരന്നിരുന്നു.

“സജീവാ. നമ്മടെ വർക്കിച്ചനോട് പറഞ്ഞൂടേ. മുങ്ങണ കാര്യത്തീ വർക്കീം പുലിയല്ലേ”

“വർക്കിച്ചൻ ആശൂത്രീലാ ആശാനേ. പുള്ളി എറങ്ങിനോക്കി. പക്ഷേ പറ്റീല്യ. വള്ളിപ്പടപ്പീക്കുടുങ്ങി കൊറേ വെള്ളം കുടിച്ചു“ സജീവൻ കൂടുതൽ വിശദീകരിച്ചു. സംഗ്രഹം ഇങ്ങിനെയാണ്.

വിഗ്രഹം അമ്പലക്കുളത്തിലുണ്ടെന്നു കൊരട്ടി സ്റ്റേഷനിലെ എ‌എസ്‌ഐ വേണുഗോപാൽ നിശ്ചയിച്ചതും ആരെങ്കിലും അമ്പലക്കുളത്തിൽ മുങ്ങിനോക്കാൻ തയ്യാറുണ്ടോ എന്നു ആരാഞ്ഞു. കോട്ടപ്പുറം വറീതിന്റെ ഭാര്യയും തെലുങ്കത്തി കൺ‌മണിയും അമ്പലക്കുളത്തിന്റെ കരയിൽ സംഭവങ്ങൾ വീക്ഷിച്ചു നില്‍ക്കുമ്പോഴാണോ മുങ്ങാൻ ആളില്ലാത്തത്. ഒന്നുരണ്ടു മിനിറ്റിനുള്ളിൽ കൈയുംകാലും വീശി വ്യായാമംചെയ്‌തു മുങ്ങാൻ തയ്യാറായവരെകൊണ്ടു അമ്പലക്കുളത്തിന്റെ കരയിൽ തിക്കും തിരക്കുമായി. പോലീസുകാർ കൈകോര്‍ത്തു തടസം പിടിച്ചില്ലെങ്കിൽ പലരും കുളത്തിലേക്കു ചാടുമായിരുന്നു. അത്രക്കു താൽ‌പര്യം. പക്ഷേ ഒറ്റമുങ്ങലിനു കിരീടം മുകളിലെത്തുമെന്നു ആണയിട്ടു മുങ്ങിയ വർക്കിച്ചനെ മുങ്ങിത്തപ്പിയെടുക്കാൻ നാലാളുകൾ വേറെ മുങ്ങേണ്ടി വന്നപ്പോൾ, കുളത്തിന്റെ ഒരു വശത്തുള്ള വള്ളിക്കൂട്ടത്തിൽ കുടുങ്ങി വെള്ളം കുടിച്ച അദ്ദേഹത്തെ ആദ്യം ആശുപത്രിയിലേക്കും പിന്നീട് ഐസി‌യുവിലേക്കും മാറ്റിയെന്നു അറിഞ്ഞപ്പോൾ കൺ‌മണിയുടെ മുന്നിൽ അളാവാൻ അടിവസ്ത്രം‌ മാത്രമിട്ടു മുങ്ങാൻ തയ്യാറായ പലരും മുന്‍‌ഭാഗം പൊത്തിപ്പിടിച്ചു പിൻ‌വാങ്ങി. അമ്പലക്കുളത്തിന്റെ കര പെട്ടെന്നു ശൂന്യമായി. അതേത്തുടർന്നാണു മോട്ടോർവച്ചു വെള്ളം വറ്റിക്കാൻ എ‌എസ്‌ഐ തീരുമാനിച്ചത്. കൂട്ടത്തിൽ അല്പം ചോദ്യം ചെയ്യലും നടത്തേണ്ടതുണ്ടായിരുന്നു.

സജീവന്റെ കൂടെ ആശാനും തമ്പിയും അമ്പലത്തിലെത്തി. നാട്ടുകാരെല്ലാം അവിടെ ഹാജരായിരുന്നു. കുറച്ചുമുമ്പ് മര്യാദാമുക്കിലൂടെ കടന്നുപോയവർ കൂടി കൂട്ടത്തിലുണ്ട്. അവരെ കണ്ടപ്പോൾ തമ്പിക്കു കലിവന്നു. ഒരുത്തൻ പോലും ഇതിനെപ്പറ്റി സൂചിപ്പിച്ചില്ലല്ലോ. എല്ലാം ഒതുങ്ങിക്കഴിഞ്ഞിട്ടു അവരെ പിടിച്ചു വിരട്ടണമെന്നു തമ്പി ഉറപ്പിച്ചു.

എ‌എസ്‌ഐ വേണു അമ്പലത്തിൽ നിറമാല, പൂജാ സാധനങ്ങൾ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന കുഞ്ഞിസനുവിനെ ചോദ്യംചെയ്യാൻ വിളിച്ചു. നല്ല പവറുള്ള കണ്ണടയും, കറതീര്‍ന്ന ബുള്‍ഗാനും സ്വന്തമായുള്ള സനു ഇടറിയ കാല്‍‌വയ്പോടെ പതുക്കെ നടന്നു വന്നപ്പോൾ എ‌എസ്‌ഐ എല്ലാവരും കേള്‍ക്കുമാറ് ഉച്ചത്തിൽ അലറി.

“എടാ. ഇവ്ടെ വാടാ. എന്താടാ നിനക്കൊരു അമാന്തം?”

വിരട്ടലിൽ സനു ഭയന്നു. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു.

“നീയിന്നലെ രാത്രി എപ്പഴാടാ അമ്പലത്തീ‍ന്ന് വീട്ടീ പോയെ?”

“ഞാനിന്നലെ അമ്പലത്തീ വന്നില്ല സാറേ. ചെറിയ പനി കാരണം ഫുൾടൈമും വീട്ടിലായിരുന്നു”

എ‌എസ്‌ഐ പൊടുന്നനെ ജാഗരൂകനായി. “ഓഹോ. എന്നട്ട് ഇപ്പോ നിനക്ക് കൊഴപ്പന്നൂല്ല്യല്ലോ?”

“ഇല്ല്യ. വൈന്നേരം ഉപ്പും മുളകുംകൊണ്ട് ഉഴിഞ്ഞ് അടുപ്പിലിട്ടപ്പോ പനി കൊറഞ്ഞു“

സംശയങ്ങളെല്ലാം ബലപ്പെട്ടു. എ‌എസ്‌ഐ വേണു മുഷ്ടികൾ കൂട്ടിത്തിരുമ്മി. “അതുശരി. അപ്പോ നിനക്കിപ്പോ പനിയില്ല. ഇന്നലെ വന്ന പനി പെട്ടെന്ന് മാറേം ചെയ്തു. അല്ലേടാ”

കാര്യങ്ങളുടെ പോക്ക് കണ്ടപ്പോൾ തമ്പിക്കു ഭയമായി. കുഞ്ഞിസനു അകത്താകുമോ. ശക്തമായ തെളിവാണ് വേണുവിനു കിട്ടിയിരിക്കുന്നത്. തമ്പിയും അൽ‌പസ്വൽ‌പം ചട്ടമ്പിത്തരങ്ങൾ ഉള്ളയാളാണ്. ഒരു ബൈക്ക് അപകടത്തെ തുടർന്നു എതിർകക്ഷിയെ പൂശിയതാണു ഒന്ന്. അന്നു പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നു. മറ്റവർ പരാതിയില്ലെന്നു പറഞ്ഞതിനാൽ ഊരിപ്പോന്നു.

തമ്പി എ‌എസ്‌ഐ യുടെ കണ്ണിൽ പെടാത്ത ഒരിടത്തേക്കു മാറിനിന്നു. എങ്ങാനും തന്റെ മുഖം അദ്ദേഹത്തിനു ഓർമവന്നാൽ അതു വെറുതെയാവില്ലെന്നു തീർച്ച. ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആശാൻ‌കുട്ടിക്കൊപ്പം തമ്പി മടങ്ങി. പിറ്റേന്നു പത്രത്തിലെ പ്രാദേശികകോളത്തിൽ അമ്പലക്കുളം വറ്റിച്ചിട്ടും പഞ്ചലോഹവിഗ്രഹം കിട്ടിയില്ലെന്ന വാർത്ത ഇരുവരും വായിച്ചു. അതോടെ ആ കാര്യം മറക്കുകയും ചെയ്‌തു.  

രണ്ടുദിവസം കഴിഞ്ഞു വാരാന്ത്യത്തിൽ, നാട്ടിൽ നടന്ന ഭൂകമ്പമൊനും അറിയാതെ, നവീൻ കോഴിക്കോടിൽ‌നിന്നു കക്കാടിലെത്തി. പ്രധാന ഉദ്ദേശം തവളക്കാലു തിന്നാനുള്ള പതിവു പൂതി!.

എല്ലാ വർഷക്കാലത്തും മഴ കനത്താൽ കക്കാടിലെ പരീക്കപ്പാടത്തേക്കും കൊളത്തായിപ്പാടത്തേക്കും പനമ്പിള്ളിക്കടവിൽ‌നിന്നു മലവെള്ളം കയറും. പുതുവെള്ളത്തിൽ ആകർഷിക്കപ്പെട്ടു പുഴമത്സ്യങ്ങൾ കൂട്ടത്തോടെ പാടത്തേക്കു വരും. പെരുന്തോട്ടിലും പുല്ലാനിത്തോട്ടിലും കാലേക്കൂട്ടി മീൻ‌പിടിക്കാനുള്ള ‘കൂട്’ വച്ചിരിക്കുന്നവർക്കു കോളാണ്. കിലോക്കണക്കിനു ഒന്നാന്തരം ആറ്റുമീൻ കിട്ടും. കൂടുകളെ വെട്ടിച്ചും പുഴയിൽ‌നിന്നു പാടത്തേക്കുള്ള അജ്ഞാതമായ അനേകം ഉറവകളിൽ കൂടിയും ഒരുപാട് പുഴമീൻ എന്നിട്ടും പാടശേഖരങ്ങളിലെത്തും. ഒപ്പം ഞണ്ടുകളും ഇടത്തരം വലുപ്പമുള്ള ചെമ്മീനുകളും. ഇവയെ പിടിച്ചുതിന്നാൻ അനേകം വെള്ളകൊക്കുകൾ പാടശേഖരത്തു നിൽക്കുന്നതു ഭംഗിയുള്ള കാഴ്ചയാണ്. പനമ്പിള്ളിക്കടവിൽ നിന്നു ഊത്തൽ കയറിയാൽ പിന്നീടുള്ള ഒരാഴ്‌ച നാട്ടുകാർ പാടത്തായിരിക്കും. ജോലി മീൻ‌പിടുത്തം. മിക്കപ്പോഴും രാത്രിയിലാണു പരിപാടികൾ. ഗൾഫിൽനിന്നു വരുന്ന നല്ല പ്രകാശമുള്ള ടോർച്ചുകൾ ഓരോ മീൻപിടുത്ത സംഘത്തിന്റേയും കയ്യിലുണ്ടാകും. കൂടാതെ നാലോ അഞ്ചോ ഒറ്റലുകളും. ടോർച്ചിന്റെ വെളിച്ചത്തിൽ വെള്ളത്തിൽ പതറിനിൽക്കുന്ന മുഴുത്ത കുറുവപ്പരലുകളേയും ബ്രാലുകളേയും കണ്ടാൽ ഉടൻ വെളിച്ചം കെടുത്തും. മീൻ നിന്ന സ്ഥലം നോക്കി, ഒറ്റൽ കമഴ്‌ത്തും. പിന്നെ കയ്യിട്ടു പിടിക്കുകയേ വേണ്ടൂ.

മര്യാദാമുക്കിലെ മര്യാദക്കാർക്കും മീൻ‌പിടിക്കാൻ പോകുന്നത് ഹരമാണ്. മീൻപിടുത്തം കഴിഞ്ഞു പാടത്തിന്റെ കരയിൽ തീകൂട്ടി കുടക്കമ്പിയിൽ മീൻ കോർത്തിടും. പൊള്ളി പാകമാവുമ്പോൾ കാന്താരിമുളകും ഉപ്പും കൂട്ടി ചവച്ചിറക്കും. ബഹുസ്വാദ്. ആശാൻ‌കുട്ടി ഉൾപ്പെടെയുള്ളവർക്കു മീനാണു പഥ്യമെങ്കിൽ നവീനു തവളക്കാലിനോടാണു താൽ‌പര്യം. പരീക്കപാടത്തു ഒരുപാട് പോക്കാച്ചിത്തവളകളുണ്ടാകും. ചൊറിത്തവളകളും. ഏതു തവളകളാണു തിന്നാൽ കൊള്ളാവുന്നതെന്നു അദ്ദേഹത്തിനു നിശ്ചയമാണ്. മാക്രി എന്ന പേരു വീഴാൻ നീന്തൽ ഭ്രമത്തിനൊപ്പം തവളക്കാലുകളും ഒരു കാരണമാണ്.

രാത്രി അത്താഴം കഴിഞ്ഞു സംഘമായി എല്ലാവരും പരീക്കപ്പാടത്തേക്കു പുറപ്പെട്ടു. ആശാൻ‌കുട്ടി ഉൾപ്പെടെ ചിലർ ചെറിയ തോതിൽ മിനുങ്ങിയിരുന്നു. അകത്തും വെള്ളം. പുറത്തും വെള്ളം. ഇനി പോകുന്നിടത്തും വെള്ളം. മര്യാദാമുക്കിൽ ഒത്തുകൂടിയപ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. പലരും കൈലി മാത്രമേ ഉടുത്തിരുന്നുള്ളൂ. തലയിൽ പ്ലാസ്റ്റിക് കവർ ധരിച്ചു അതിനുമേൽ തോർത്തു ചുറ്റിക്കെട്ടിയിരുന്നു. നവീൻ സ്ഥലത്തെത്തിയത് സാധാരണയിൽ കവിഞ്ഞ നീളമുള്ള ഒരു ടോർച്ചുമായാണ്. അതു ഗൾഫിൽനിന്നു വരുന്ന ടോർച്ച് തന്നെയായിരുന്നെങ്കിലും ഗുണമേന്മയിൽ മറ്റുള്ളവയെ കവച്ചുവക്കുമായിരുന്നു. കണ്ണമ്പിള്ളി ബെന്നിച്ചന്റെ വീട്ടിലെ തെങ്ങിന്റെ മോന്തായവും അതിൽ കമഴ്ത്തി വച്ചിരിക്കുന്ന ചെത്തുകുടവും ടോർച്ചിന്റെ പ്രകാശത്തിൽ എല്ലാവരും വ്യക്തമായി കണ്ടു. ബെന്നിച്ചന്റെ വീട്ടിലേക്ക് മര്യാദാമുക്കിൽ‌നിന്നു നല്ല ദൂരമുണ്ട്. എന്നിട്ടും തെങ്ങിന്റെ മണ്ട പകൽ‌വെളിച്ചത്തിലെന്നപോലെ ദൃശ്യമായി.

ആശാൻ ടോർച്ചുവാങ്ങി പരിശോധിച്ചു. “എവടന്നാ നവീ ഇത്?”

“ഓഫീസിലെ ഒരുത്തന്റ്യാ. മീൻ‌പിടിക്കണ കാര്യം പറഞ്ഞ് കടം വാങ്ങീതാ. പോവുമ്പോ തിരിച്ച് കൊണ്ടോണം”

ആശാൻ ടോർച്ച് തമ്പിയുടെ കണ്ണിലേക്കടിക്കാൻ ആഞ്ഞു. നവിൻ തടഞ്ഞു.

“ആശാനേ ലേസർ ബീമാണ്! കണ്ണിന് കേടാ“

“അങ്ങനെ വരട്ടെ. ഞാനും കരുതി ഇതെന്താ ഇത്ര ഷാർപ്പെന്ന്”

എല്ലാവരും പരീക്കപ്പാടത്തേക്കു നടപ്പുതുടങ്ങി. ആശാൻ പോകുന്ന വഴിക്കൊക്കെ ടോർച്ചടിച്ചുകൊണ്ടിരുന്നു. ഓരോ വീടിന്റേയും കിടപ്പുമുറിയുടെ നേരെ ഉന്നംപിടിച്ചു. അപ്പോൾ അവിടെനിന്നു കേട്ട ‘നിങ്ങ ഒന്നു എണീറ്റേ. ദേ നേരം വെളുത്തു‘ പോലുള്ള സംസാരങ്ങൾ സംഘത്തെ ചിരിപ്പിച്ചു. അഞ്ചുമിനിറ്റിനുള്ളിൽ എല്ലാവരും പരീക്കപ്പാടത്തെത്തി. മഴ നന്നേ കുറഞ്ഞിരുന്നു. പക്ഷേ കാർമേഘങ്ങൾ അപ്പോഴും മൂടിക്കെട്ടിനിന്നു. സംഘം പുല്ലാനിത്തോട് മുറിച്ചുകടന്നു. നെഞ്ചിനൊപ്പം വെള്ളമുണ്ട്. പൊക്കം കുറവായതിനാൽ ആശാൻ‌കുട്ടി മുങ്ങിപ്പോകും. അദ്ദേഹം രണ്ടുപേരുടെ തോളിൽ തൂങ്ങി അപ്പുറമെത്തി. ഉസ്താദ് രാഘവേട്ടന്റെ പത്തുസെന്റ് കണ്ടത്തിനു അപ്പുറത്തു ലേഗുപൌലോസിന്റെ അമ്പതുസെന്റ് കണ്ടമാണ്. വെള്ളമുള്ളപ്പോൾ നെൽ‌കൃഷിയും വേനൽ‌കാലത്തു എള്ളും അദ്ദേഹം കൃഷി ചെയ്യും. നെൽ‌പാടത്തെ ജലസേചനത്തിനു കണ്ടത്തിന്റെ മൂലക്കു ഒരു കുളം കുഴിച്ചിട്ടുണ്ട്. വട്ടക്കുളം എന്നാണു പറയുക. ആദ്യകാലത്തു മുഴുവൻ കൊല്ലവും നെൽ‌കൃഷി ആയിരുന്നെങ്കിലും കാലക്രമേണ വേനലിൽ കുളം വരണ്ടുപോകാൻ തുടങ്ങി. അതോടെ വേനൽ‌കാലത്തു എള്ളുകൃഷി തുടങ്ങി. അമ്പതുസെന്റ് കണ്ടത്തിന്റെ നാലതിരിലും എക്കൽ മണ്ണടിച്ച് കെട്ടിപ്പൊക്കി അധികം പൊക്കംവക്കാത്ത ചെന്തെങ്ങ് നിരനിരയായി നട്ടുവളർത്തിയിട്ടുണ്ട്. ഇതെല്ലാം ലേഗുപൌലോസിന്റെ കണ്ടത്തെ മറ്റുള്ളവരുടെ കണ്ടങ്ങളിൽ‌നിന്നു പെട്ടെന്നു വേർതിരിച്ചറിയാൻ സഹായിക്കും.

തിണ്ടിലുള്ള ഒരു ചെന്തെങ്ങിന്റെ ചുവട്ടിൽ സംഘം താവളമടിച്ചു. കൊടുവാളും ഒറ്റലും താഴെവച്ചു എല്ലാവരും കുറച്ചുസമയം വിശ്രമിച്ചു. നവീൻ ഒരു സിഗരറ്റ് കത്തിച്ച് വെള്ളത്തിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന രേഖകളെ നോക്കിപറഞ്ഞു.

“മീനോള് ശരിക്ക് എളകീണ്ടെന്നാ തോന്നണെ. അവന്റെ പോക്ക് കണ്ടില്ലേ”

നവീൻ ചൂണ്ടിക്കാണിച്ച ഭാഗത്തുനോക്കി ആശാൻ പ്രത്യാശിച്ചു. “കോലാൻ ഒന്നും ഇല്ലാണ്ടിരിന്നാ മതി. കഴിഞ്ഞ കൊല്ലം കാലുകുത്തി ഓട്ടയാക്ക്യതിന്റെ പാട് ഇപ്പഴുണ്ട്”

നവീൻ ആ സംഭവം ഓർമിച്ചു. ടോർച്ചടിച്ചപ്പോൾ കണ്ടത് മിന്നായംപോലെ പോകുന്ന കൂർത്ത മുഖമുള്ള ഒരു മത്സ്യം. കോലാൻ. ഒറ്റൽ വക്കാനുള്ള സമയമില്ലായിരുന്നു. കൊടുവാളുകൊണ്ടു പറന്നു വെട്ടി. വെള്ളത്തിൽ ഉരുണ്ടുവീണു. മത്സ്യത്തിനു ശരിക്കു വെട്ടേറ്റിരുന്നില്ല. വാൽഭാഗം മുറിഞ്ഞു വെള്ളത്തിൽ കിടന്നുപിടച്ചു. രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിൽ ബാക്കിവന്ന തലഭാഗവും പള്ളയും എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. കുറച്ചകലെ വെറുതെ നിന്നിരുന്ന ആശാൻ ഒരു അലർച്ചയോടെ വെള്ളത്തിൽ മറിഞ്ഞുവീണു. കോലാന്റെ ചുണ്ട് ഉപ്പൂറ്റിക്കു മുകളിലൂടെ അകത്തുകയറി. ഊരിപ്പോരാനാകാതെ മീൻ പിടഞ്ഞു. ആശാനും. കല്യാണി ബൈജുവാണ് തലവെട്ടിയെടുത്തത്. ആ കോലാൻ മത്സ്യത്തിനു നല്ല വലുപ്പമുണ്ടായിരുന്നു. അത്ര വലുപ്പമുള്ളതിനെ അതുവരെ ആരും കണ്ടിട്ടില്ലായിരുന്നു. അന്നത്തെ സംഭവത്തിനു ശേഷം കൂർത്ത എന്തു വസ്തുവിനേയും ആശാനു പഥ്യമല്ല.

നവീൻ അതോർത്തു ചിരിച്ചു. ആശാനു കാര്യങ്ങളുടെ കിടപ്പു പിടികിട്ടി. “നീയിരുന്ന് ഇളിച്ചോ. കുത്ത് കിട്ടിയോർക്കേ വേദന അറിയൂ”

കല്യാണി ബൈജു കൈലി മടക്കിക്കുത്തി കടുംകെട്ടിട്ടു. പാടത്തിറങ്ങി. ടോർച്ച് മിന്നിച്ചു ആശാൻ‌കുട്ടി പിന്നാലെ. കയ്യിൽ ആകെയുള്ള ഒറ്റൽ നാലെണ്ണമാണ്. വന്നവർ രണ്ടു സംഘമായി പിരിഞ്ഞു. ഓരോ കൂട്ടരും രണ്ടു ഒറ്റൽ വീതം കൊണ്ടുപോയി. രണ്ടു സംഘമായി പിരിഞ്ഞെങ്കിലും അവർ തമ്മിൽ വലിയ അകലത്തിലല്ല പോയിക്കൊണ്ടിരുന്നത്. ഒരു കൂട്ടരുടെ അടുത്തുനിന്നു ഏതെങ്കിലും മത്സ്യം രക്ഷപ്പെട്ടാൽ അടുത്ത കൂട്ടർക്കു ശ്രമിക്കാവുന്നതേയുള്ളൂ.

ലേസർ ബീമുള്ള ടോർച്ച് കയ്യിൽ കിട്ടിയപ്പോൾ മുതൽ ആശാൻ ഉൻ‌മേഷത്തിലാണ്. പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തു, പതിയൻ‌കുളത്തിനു അരികിലുള്ള കൃഷിഭവൻ വരെ അദ്ദേഹം അതിനകം പരിശോധിച്ചു കഴിഞ്ഞിരുന്നു. മറ്റുള്ളവർ കൂടെക്കൂടെ വിലക്കുന്നുണ്ടെങ്കിലും അതു കാര്യമാക്കുന്നില്ല. ഇടക്കു കാർമേഘങ്ങളിലേക്കും മിന്നിച്ചു.

രണ്ടുകൂട്ടർക്കും കോളായിരുന്നു. മീനുകൾ കൂട്ടമായി ഇളകിയിട്ടുണ്ടെന്നു നവീൻ സൂചിപ്പിച്ചത് ശരിയായിരുന്നു. കിട്ടിയവയിൽ നല്ല പങ്ക് കുറുവപ്പരലുകൾ. മുള്ളുകൾ അധികമില്ലാത്ത അവ വറത്തടിച്ചാലും പൊള്ളിച്ചാലും രുചിയേറും. അരമണിക്കൂർ നേരം വെള്ളത്തിൽ അലഞ്ഞുനടന്നപ്പോൾ എല്ലാവരും ക്ഷീണിച്ചു. വീണ്ടും ചെന്തെങ്ങിന്റെ കരയിൽ വന്നിരുന്നു. ഇടക്കു തമാശകൾ പറഞ്ഞു. അതിനിടയിലാണു അന്തരീക്ഷത്തിൽ ഒരു ശബ്ദം പതുക്കെ ഉയർന്നത്. നിമിഷങ്ങൾ പോകെ അതിന്റെ ഹുങ്കാരം കൂടിവന്നു.

കല്യാണി ബൈജു അറിയിച്ചു. “അതാ ഹെലികോ‌പ്‌ടറിന്റെ സൌണ്ടാ. രണ്ടുമൂന്നു ദെവസായിട്ട് ഒരു പത്തിരുപത് തവണേങ്കിലും ഇതീക്കോടെ പറന്നണ്ട്. തുറസ്സായ സ്ഥലായതോണ്ടാ ഇവടെ ഇത്രക്ക് സൌണ്ട്. പിന്നെ കൊറച്ചൂടെ താഴ്‌ന്ന് പറക്കൂന്നും തോന്നണ്“

നവീൻ പറഞ്ഞു. “വെള്ളപ്പൊക്ക നിരീക്ഷണായിരിക്കും ഉദ്ദേശം” 

ആശാൻ അതെയെന്നു തലയാട്ടി. ഒപ്പം മുകളിലേക്കു ടോർച്ചടിച്ചു. പെട്ടെന്നു ഓൺ ചെയ്‌തും ഓഫ് ചെയ്തും കളിച്ചു. അതിനിടയിൽ രണ്ടുമൂന്നു തവണ വെട്ടിക്കുകയും ചെയ്തു. ട്രെയിൻ പുറപ്പെടുന്നതിനു മുമ്പ് പച്ചസിഗ്നൽ കൊടുക്കുന്ന ടോർച്ച് വെട്ടിക്കുന്നപോലെ.

നവീൻ ടോർച്ച് പിടിച്ചുവാങ്ങി. “കോപ്പേ. അതിന്റെ ബീം ചെലപ്പോ അവടേം എത്തും“

ഹെലി‌കോപ്റ്റർ അവരെ കടന്നുപോയി. അതിനകം കല്യാണി ബൈജു ചെന്തെങ്ങിന്റെ കടക്കൽ മണ്ണെണ്ണ ഒഴിച്ച് കാലേക്കൂട്ടി കൊണ്ടുവന്ന ഉണക്കകമ്പുകൾ കത്തിച്ച് ആഴി കൂട്ടിയിരുന്നു. കുടക്കമ്പിയിൽ പരൽമീനെ കോർത്തു തീയിൽ പൊള്ളിക്കാൻ ആരംഭിച്ചു. പൊള്ളി വെന്ത ഒന്നു രണ്ടെണ്ണത്തെ ആശാൻകുട്ടി കാന്താരിമുളകും ഉപ്പും കൂട്ടി തിന്നു. പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു.

“രണ്ടുകുപ്പി കൊട്ടുവടീം കൂടി ഇണ്ടായെങ്കി ജോറായേനെ”

അതുകേട്ടു കല്യാണി ചിരിച്ചു. ഒരു മിനിറ്റു കഴിഞ്ഞു. ഹെലികോപ്‌റ്ററിന്റെ ശബ്ദം വീണ്ടുമെത്തി. പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തു, ആകാശത്തു പച്ചനിറത്തിൽ രണ്ടു ലൈറ്റുകൾ തെളിഞ്ഞു. ഇത്തവണ കുറച്ചുകൂടി താഴ്‌ന്നാണ് ഹെലികോപ്റ്റർ പറന്നിരുന്നത്.

നവീൻ പറഞ്ഞു. “അവരെന്താണ്ട് സെർച്ച് ചെയ്‌തോണ്ടിരിക്കാന്നാ തോന്നണെ. രണ്ടുമാസം മുമ്പ് കോഴിക്കോട് കടപ്പൊറത്തും ഇതുപോലെ താഴ്ന്ന് പറന്നിരുന്നു”

ചെന്തെങ്ങിന്റെ താഴെയുള്ള എല്ലാവരുടേയും ശ്രദ്ധ അടുത്തടുത്തു വരുന്ന ഹെലി‌കോപ്‌റ്ററിലായി. അതു അടുത്തടുത്ത് വരുന്തോറും എല്ലാവരും പതുക്കെ നിലത്തുനിന്നു എഴുന്നേറ്റുകൊണ്ടിരുന്നു. ആശാൻ‌കുട്ടി മാത്രം ഇതൊന്നും ശ്രദ്ധിച്ചില്ല. പക്ഷേ ഹെലി‌കോപ്‌റ്റർ സംഘത്തിനു നേരെമുകളിൽ നിലയുറപ്പിച്ചപ്പോൾ ആശാനും എഴുന്നേറ്റു. കല്യാണി ബൈജു തെങ്ങിന്റെ കടക്കലെ ആഴി വെള്ളമൊഴിച്ചു കെടുത്തി. വെളിച്ചം കണ്ടാൽ പ്രശ്നമായേക്കാം. ആശാൻ എല്ലാവരുടേയും മുഖത്തും മാറിമാറി നോക്കി. എല്ലാ മുഖങ്ങളിലും ഭയം തെളിഞ്ഞുകണ്ടു. ഭയക്കേണ്ട കാര്യമെന്താണെന്നു അദ്ദേഹത്തിനു മനസ്സിലായതുമില്ല. കല്യാണിയെ തോണ്ടിവിളിച്ചെങ്കിലും അദ്ദേഹം ഗൌനിച്ചില്ല. ചെന്തെങ്ങിന്റെ മറവിലിരുന്നു എല്ലാവരും ഹെലി‌കോപ്റ്ററിനെ ഒളിഞ്ഞുനോക്കുകയാണ്. ആശാൻകുട്ടിയും മുകളിലേക്കു നോക്കി. തെങ്ങോലകൾ കാരണം ഒന്നും ശരിക്കു കാണാൻ വയ്യ. അദ്ദേഹം ഏറെയൊന്നും ആലോചിക്കാതെ ലേസർബീമുള്ള ടോർച്ച് ഹെലി‌കോപ്റ്ററിനു നേരെ മിന്നിച്ചു തുടർച്ചയായി അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചു. പിന്നെക്കേട്ടത് പടക്കം പൊട്ടുന്നപോലുള്ള ഒച്ചയാണ്. ആശാൻ പാടത്തെ വെള്ളത്തിൽ മലർന്നുവീണു. നവീൻ രണ്ടാമതും തല്ലാനോങ്ങുന്നു. പക്ഷേ അതിനുമുമ്പ് ഹെലികോപ്റ്റർ വട്ടത്തിൽ പറന്നു കുറേക്കൂടി താഴ്ന്നുവന്നു. ഹെലികോപ്റ്ററിന്റെ അടിഭാഗത്തെ അതിശക്തമായ സെർച്ച്ലൈറ്റുകൾ മിഴിതുറന്നു. പരീക്കപ്പാടത്തു വൃത്താകൃതിയിൽ പ്രകാശപ്രളയം. ചെന്തെങ്ങ് അതിന്റെ കേന്ദ്രഭാഗത്തും. ചുവപ്പുനിറത്തിലൊരു പ്രകാശരശ്മി തെങ്ങിനുമേൽ വീണു.

ചെന്തെങ്ങിന്റെ കീഴിലുണ്ടായിരുന്നവർ നാലുപാടും ചിതറിയോടി. വെള്ളത്തിലൂടെ ഓടുന്നതു ബുദ്ധിമുട്ടാണെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ സിദ്ധാന്തങ്ങൾ തെറ്റുന്നു.  ഓടുന്നതിനിടയിൽ നവീൻ ആശാനുനേരെ അലറി.

“ആശാൻ‌കുട്ടി വിട്ടോടാ”

ഹരിഹർ നഗർ സിനിമ ഹിറ്റായതിനുശേഷം കക്കാടിൽ പ്രചരിച്ച വാചകമാണത്. പേരിൽ ‘കുട്ടി’ ഉള്ളതിനാൽ വിളിയിലെ ഇമ്പം നഷ്ടമായിരുന്നില്ല. വെള്ളത്തിൽ മലർന്നു കിടക്കുന്ന ആശാന്റെ മനസ്സിൽ അതുവരെ കണ്ടിട്ടുള്ള ഹോളിവുഡ് സിനിമകൾ ഓടിയെത്തി. ഹെലി‌കോപ്റ്ററിൽ ഘടിപ്പിച്ചിട്ടുള്ള തോക്കുകളുടെ ഗർജ്ജനം അദ്ദേഹത്തിന്റെയുള്ളിൽ പ്രകമ്പനം സൃഷ്‌ടിച്ചു. ചെന്തെങ്ങിനുമേൽ വീണ ചുവന്ന ബീം തന്റെ അരുകിലേക്കു സാവധാനം നീങ്ങിവരുന്നത് അദ്ദേഹം കണ്ടു.

“അയ്യോ എന്നെ കൊല്ലാൻ പോണേയ്...”

ഒരു അലർച്ചയോടെ ആശാനും ഓടി. താമസിയാതെ എല്ലാവരേയും വെട്ടിച്ചു ലീഡ് എടുക്കുകയും ചെയ്‌തു. മീൻ‌പിടുത്ത സംഘത്തിലുണ്ടായിരുന്ന എല്ലാവരും ഒരാഴ്‌ച പനിച്ചുകിടന്നു.

അൽഭുതങ്ങൾ അവിടെ തീരുന്നില്ല. പിറ്റേന്നു രാവിലെ നാട്ടുകാരെയെല്ലാം അമ്പരപ്പിച്ച് അയ്യങ്കോവ് അമ്പലത്തിന്റെ ശ്രീകോവിലിനു നേരെയുള്ള ദീപസ്തംഭത്തിന്റെ ചുവട്ടിൽ പാളയം‌പറമ്പിൽ നിന്നു കാണാതായ പഞ്ചലോഹ വിഗ്രഹം ഇരിക്കുന്നു!. വിഗ്രഹം കുളത്തിൽ ഇല്ലെന്നു റിപ്പോർട്ട് എഴുതിക്കൊടുത്ത എ‌എസ്‌ഐ വേണുഗോപാൽ ‘അയ്യടാ‘ എന്നായി. അദ്ദേഹത്തെ മേലധികാരി വിളിച്ചു ശാസിച്ചു. പിന്നെ ഒരോ സ്മോളടിച്ചു കൈകൊടുത്തു പിരിഞ്ഞു. വിഗ്രഹം അമ്പലക്കുളത്തിൽ‌നിന്നു കിട്ടിയതെങ്ങിനെ എന്ന കാര്യത്തിൽ സകലരും ഇരുട്ടിൽ തപ്പി.

മൂന്നുകൊല്ലത്തിനു ശേഷം മര്യാദാമുക്കിലിരുന്നു വെടിപറയുന്ന കൂട്ടത്തിൽ നവീൻ ആ രഹസ്യം കല്യാണി ബൈജുവിനോടു മാത്രം വെളിപ്പെടുത്തി.

“നീ ആരോടും പറയില്ലെങ്കി ഞാനൊരു കാര്യം പറയാം ബൈജ്വോ. അന്ന് പാളയം‌പറമ്പിലെ വിഗ്രഹം അമ്പലക്കൊളത്തീന്ന് മുങ്ങിയെടുത്തത് ഞാനാ!“

എന്തോ പറയാൻ തുടങ്ങുകയായിരുന്ന ബൈജു പെട്ടെന്നു നിശബ്ദനായി.

“ഹെലി‌കോപ്‌റ്റർ സെർച്ച് ലൈറ്റടിച്ചപ്പോ നമ്മളൊക്കെ ഓടീല്ലേ. ഞാനും കൊറച്ച് ദൂരം ഓടി. പക്ഷേ പുല്ലാനിത്തോട് കണ്ടപ്പോ അതിലേക്ക് ഡൈവ് ചെയ്തു. പൊങ്ങീത് അമ്പലക്കൊളത്തിലാ. എന്റെ പഴയ തട്ടകം. അവടെ കോക്കാടൻ ഫിക്സ് ചെയ്ത ട്യൂബ്‌ലൈറ്റ് കത്തണ്ടായിരുന്നു. ആ വെളിച്ചത്തിലൊന്നു കുളിച്ച് കയറാന്ന് ഞാൻ കരുതി. എറങ്ങി നീന്തി. ഒന്നുരണ്ടുതവണ മുങ്ങാംകുഴീമിട്ടു. വടക്കേമൂല അറിയാലോ. നല്ല താഴ്‌ചയൊള്ള സ്ഥലം. അവടെ ഒരു കരിങ്കൽ പീസുണ്ട്. വേണോങ്കി ഒരു പീഠംന്ന് പറയാം. പണ്ട് മാധവൻ സുന്യായിട്ട് എത്ര സമയം ശ്വാസെടുക്കാണ്ട് വെള്ളത്തീ മുങ്ങിക്കെടക്കാൻ പറ്റൂന്ന് ബെറ്റ് വക്കാറൊള്ളപ്പോ എനിക്കിരിക്കാൻ ഞാൻ കൊണ്ടിട്ടതാ. അവടൊന്നു പോവാൻ തോന്നി. എന്തോ ഒരു വിളിപോലെ. അപ്പോ മുങ്ങി. ആ പീഠത്തിലിരുന്നാ പാളയം‌പറമ്പിലെ വിഗ്രഹം എനിക്ക് കിട്ടീത്. ആരോടും പറയാൻ പോയില്ല. നമ്മടെ എ‌എസ്‌ഐടെ റേഞ്ച് അറിഞ്ഞൂടേ. ചെലപ്പോ ഞാൻ അകത്താവാനും മതി. ദീപസ്തംഭത്തിന്റെ ചോട്ടിൽ വിഗ്രഹംവച്ച് ഞാൻ വീട്ടിൽക്ക് പോന്നു. വെളുപ്പിന് ആറുമണീടെ സിമൽ ബസീക്കേറി കോഴിക്കോട്ടേക്കും പോന്നു”

നവീൻ പറഞ്ഞുനിർത്തി. കല്യാണി സ്വന്തം കൈത്തണ്ടയിൽ നുള്ളി.