Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, October 31, 2010

മലബാര്‍ ഉസ്‌താദ് - 2

ശ്രദ്ധിക്കുക: മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തുള്ള വീട്ടുമുറ്റത്തു അരം ഉപയോഗിച്ച് അറക്കവാളിന്റെ കാക്കത്തോള്ളായിരം പല്ലുകള്‍ക്കു മൂര്‍ച്ചവപ്പിക്കുന്ന മലബാർ ഉസ്താദ് രാഘവേട്ടനോടു റേഞ്ചർപിള്ളയുടെ പരാമര്‍ശത്തെപറ്റി അപ്പുക്കുട്ടൻ പറഞ്ഞപ്പോൾ അദ്ദേഹം നരച്ചുവെളുത്ത കൊമ്പന്‍‌മീശ തടവി കൊക്കിച്ചിരിക്കുകയാണ് ചെയ്‌തത്. എഴുന്നുനില്‍ക്കുന്ന ഞരമ്പുകളെ വകഞ്ഞുമാറ്റി തൊണ്ടമുഴ അങ്ങോട്ടുമിങ്ങോട്ടും തെന്നിമാറി കബഡി കളിച്ചു. ചിരിനിര്‍ത്താതെ അദ്ദേഹം കയ്യിലെ അരം നിലത്തുവച്ചു. തോര്‍ത്തുകൊണ്ടു നിറഞ്ഞ കണ്ണുകളൊപ്പി.

“ഹഹഹഹഹ...”

ചിരി പിന്നേയും നീണ്ടുനിന്നു. രാഘവേട്ടന്റെ ചിരിക്കു എപ്പോഴും ദൈര്‍ഘ്യം കൂടുതലാണ്. തുടങ്ങിയാൽ കുറച്ചുസമയമെടുത്തേ നിര്‍ത്തൂ. അതിനകം കണ്ണും മൂക്കും ചുവന്നിരിക്കും. വെളുത്തുനരച്ച കൊമ്പന്‍‌മീശ മാത്രം അണുവിട സ്ഥാനം തെറ്റാതെ വില്ലുപോലെ നില്‍ക്കും.

“പിള്ള ചുമ്മാ പുളുവടിക്കണതാ കൊച്ചേ. എനിക്ക് ചന്ദനം വെട്ടൊന്നൂല്യായിർന്ന്”

അപ്പുക്കുട്ടന്‍ വിശ്വസിച്ചില്ല. “എന്നാലും കൊറച്ചെങ്കിലും സത്യണ്ടാവില്ലേ”

ഉസ്താദ് കൈമലര്‍ത്തി. “എവടന്ന്. അങ്ങേര് പണ്ടു കുറുപ്പിനെ പിടിച്ചൂന്ന് പറഞ്ഞ് കാട്ടിക്കൂട്ട്യ കോലാഹലോക്കെ നിനക്കറീല്ലേ?”

“അത് ഒള്ളതല്ലേ”

“ഒള്ളതാ! ഹ നീയെന്തൂട്ടാ ഈ പറേണെ? കാട്ടിലായിരുന്നപ്പോ ഒരിക്ക താടീം മുടീം ഒളള ഏതോ സാമീനെ കണ്ടൂന്നേള്ളൂ. അത് കുറുപ്പാന്നാ പറഞ്ഞോണ്ട് നടന്നെ”

അപ്പുക്കുട്ടന്‍ പിന്നെയൊന്നും മിണ്ടിയില്ല. അറക്കവാളിന്റെ പല്ലു രാകുന്നതു നോക്കിയിരുന്നു. ഉസ്താദിന്റെ ഞെരമ്പുകൾ തെളിഞ്ഞ കൈത്തണ്ടയിൽ മസിലുകൾ ഓടിക്കളിച്ചു. ലോഹങ്ങൾ കൂട്ടിമുട്ടി ശബ്ദമുണ്ടായി. ക്രമമായ ഇടവേളകളിൾ ‘ഉശ്‌’ എന്ന ശബ്ദം ഉസ്താദും പുറപ്പെടുവിച്ചു. അപ്പുക്കുട്ടന്‍ മുറ്റത്തു നിരത്തിയിട്ടിരുന്ന മറ്റു വാളുകളിലേക്കു നോക്കി. ഇപ്പോൾ മൂര്‍ച്ചകൂട്ടുന്ന വാളിനു മറ്റുള്ളവയില്‍നിന്നു കാര്യമായ വ്യത്യാസമുണ്ട്. വീതികുറഞ്ഞു, കട്ടി കൂടുതലുള്ള ഒന്ന്. പല്ലിന്റെ വിന്യാസത്തിലും വ്യത്യാസമുണ്ട്.

“ഈ വാളെന്താ ഇങ്ങനെ?”

ഉസ്താദ് തലയുയര്‍ത്തി. “ആ ഇതോ... ഈ വാള് കാഠിന്യം കൂട്തലൊള്ള തടി മുറിക്കാൻ ഉപയോഗിക്കണതാ”

“ഏതാ ആ തടി. തേക്കാ?”

“ഏയ് തേക്കല്ല. തടികളീവച്ച് ഏറ്റോം കാഠിന്യം പുളിക്കാണ്. പ്ലാവിന്റെ തടി മുറിക്കാന്‍ ഉപയോഗിക്കണ വാൾ പുളിക്ക് ഉപയോഗിച്ചൂടാ. പല്ല് കേടുവരും“

ഗൂഢമായി ചിരിച്ചു ഉസ്താദ് പൂരിപ്പിച്ചു. “ഈ വാള് അധികാരും കൊണ്ടോവാറില്ല. കൊണ്ടോവുമ്പോ ഞാൻ കാശിത്തിരി കൂടുതൽ വാങ്ങും. അന്നൊരു ഗ്ലാസ്സ് കൂടുതലും കഴിക്കും”

ഉസ്താദ് സംസാരം നിര്‍ത്തി. മുറുക്കാന്‍ തുപ്പിക്കളഞ്ഞു. കൊമ്പൻ‌മീശയുടെ അഗ്രത്തിൽ ചോരനിറം പറ്റിപ്പിടിച്ചു.

മലബാറിൽ ഇരുപത്തഞ്ച് കൊല്ലത്തിലധികമാണ് കക്കാട് മൂത്തേടത്തുവീട്ടിൽ രാഘവൻ എന്ന ഉസ്താദ് രാഘവൻ മരം‌വെട്ടു പണിയിൽ വ്യാപൃതനായത്. പോയിപ്പോയി നാട്ടുകാരുടെ സംബോധന മലബാർ ഉസ്താദ് എന്നായി. ആ വിളിയിൽ ഒരുതരം ബഹുമാന്യത ഒളിഞ്ഞിരിക്കുന്നതായി അറിയാമായിരുന്നതിനാൽ അദ്ദേഹം ആ വിളിയെ സര്‍വ്വാത്മനാ പ്രോത്സാഹിപ്പിച്ചു. പക്ഷേ പുറമേക്കു കൊമ്പന്‍മീശ തടവി ഗൌരവം നടിക്കും. അങ്ങിനെയാണല്ലോ വേണ്ടതും.

ഉസ്താദിനു മരം‌മുറിക്കാൻ അഞ്ചു അറക്കവാളുകളുണ്ട്. കൂപ്പിലെ പണിനിര്‍ത്തി മടങ്ങിപ്പോരുമ്പോൾ കൂടെ കൊണ്ടുവന്ന ഏകസമ്പാദ്യം. സ്വന്തം മക്കളെക്കാളും പ്രിയങ്കരം. കേടൊന്നും വരാതിരിക്കാന്‍ കൊല്ലനെക്കൊണ്ടു നിശ്ചിത ഇടവേളകളിൽ പരിശോധിപ്പിക്കും. കൊല്ലം തോറും പുതിയ പിടികെട്ടും. ഇതിനു പുറമേ ദിവസേനയുള്ള പരിശോധന വേറെ.

രാവിലെ കാപ്പികുടിയും തേവാരവും കഴിഞ്ഞു അടുക്കളക്കോലായിലെ മേല്‍ക്കൂരയില്‍നിന്നു ഏതാനും അരങ്ങൾ എടുത്തു ഉസ്താദ് മുറ്റത്തു വന്നിരിക്കും. ഇളയമകന്‍ ജയദേവൻ അഞ്ചു അറക്കവാളും ചുമന്നു അരികിലെത്തിക്കും. ഉസ്താദിനു പല്ലുകളിൽ ഒന്നു ഓടിച്ചു നോക്കുകയേ വേണ്ടൂ. ഏതു ഭാഗത്തു ഏതു പല്ലിനാണ് മൂര്‍ച്ച കുറവെന്നു ആ അകകണ്ണിൽ തെളിയും. പിന്നെയാ ഭാഗത്തു അതിദ്രുതം അഞ്ചാറുതവണ രാകുകയായി. മൂര്‍ച്ച പാകമാണോയെന്നു അറിയാൻ തന്തവിരലിന്റെ അരികുകൊണ്ടു നേര്‍ത്തൊരു തലോടൽ. മിക്കവാറും വീണ്ടും രാകേണ്ടി വരില്ല. അത്ര ശരിയായിരിക്കും മനസ്സിലെ കണക്കുകൂട്ടൽ. എല്ലാ ദിവസവും രാവിലെയുള്ള ഈ പരിശോധനക്കിടയിൽ വാൾ ആവശ്യമുള്ളവർ വന്നു വാങ്ങിക്കൊണ്ടു പോകും. ഒരുദിവസം അമ്പതുരൂപയാണു വാടക. അഞ്ചുവാളും എപ്പോഴും സര്‍ക്കീട്ടിലുമായിരിക്കും. അത്രക്കു പ്രശസ്തം. ഉസ്താദിന്റെ വാളാണെങ്കിൽ ഏതു മരവും വീഴുമെന്നാണ് നാട്ടിലെ പൊതുഅഭിപ്രായം. വൈകുന്നേരം ആറുമണിക്കകം കൊണ്ടുപോയ വാൾ തിരിച്ചെത്തിയിരിക്കണമെന്നു മാത്രം. ഇല്ലെങ്കിൽ കണ്ണമ്പിള്ളി ജോബിയുടെ ഓട്ടോറിക്ഷ വിളിച്ചു മരംവെട്ടുന്ന കാലത്തേ കൂടെ കരുതാറുള്ള കത്തിയെടുത്തു ഉസ്താദ് ചെല്ലും. പിന്നെത്തെ കാര്യങ്ങൾ കൈമള്‍ക്കു പോലും പ്രവചിക്കാൻ പറ്റില്ല.

എല്ലാ വാളുകളും പരിശോധിച്ചു കഴിഞ്ഞാൽ കിണറ്റിന്‍കരയില്‍നിന്നു ഒരുബക്കറ്റ് വെള്ളംകോരി കയ്യും മുഖവും കഴുകും. ചായ്പിൽ ആവിപറക്കുന്ന കഞ്ഞിയും ചുട്ട നാളികേരമരച്ച ചമ്മന്തിയും അപ്പോഴേക്കും റെഡിയായിരിക്കും. അതു മൊത്തിക്കുടിച്ചു, വിയര്‍പ്പാറ്റി പൂമുഖത്തെ ചാരുകസേരയിൽ ചാഞ്ഞശേഷം വിശദമായ ഒരു മുറുക്കൽ. വീടിന്റെ പൂമുഖത്തിനു ചുമരോ കമ്പിയഴികളോ ഇല്ല. ചെറിയ മുറ്റത്തിനപ്പുറം ടാറിട്ട റോഡാണ്. റോഡിലൂടെ പോകുന്നവരോടു കുശലം തിരക്കി ഉസ്താദ് നാലുമണി വരെ ഇരിക്കും, അക്ഷമനായി. വെയിൽ ചാഞ്ഞാലുടൻ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിലെത്തി കൊമ്പന്‍മീശ വില്ലുപോലെയല്ലേ എന്നു ഉറപ്പിക്കും. പിന്നെ വെള്ളഷര്‍ട്ട് ധരിച്ചു കാലന്‍‌കുടയെടുത്തു അന്നമനടയിലെ ‘ഇന്ദ്രപ്രസ്ഥം‘ കള്ളുഷാപ്പിലേക്കു ഇറങ്ങുകയായി.

അന്നമനടയിലും സമീപപ്രദേശങ്ങളിലും പ്രശസ്തമായ ഇന്ദ്രപ്രസ്ഥം കള്ളുഷാപ്പിനു സത്യത്തിൽ ഒരു ഷാപ്പിന്റെ രൂപവും ഭാവവുമല്ല ഉള്ളത്. ആദ്യകാലത്തു പഞ്ചായത്തു സ്റ്റേഡിയത്തിനടുത്തു പാടത്തിന്റെ ഒരുവശത്തു ചെറിയതോതിൽ നടത്തിയിരുന്ന ഷാപ്പ് ഇപ്പോൾ അന്നമനടയിലെ പ്രമുഖ സിനിമാകൊട്ടകയായ സിന്ധു തിയറ്ററിനു ഉള്ളിലാണ്. സിനിമ കാണുന്നതിലും ആളുകള്‍ക്കു താല്പര്യം മധുപാനത്തിലാണെന്നു മുന്‍‌കൂട്ടി ദര്‍ശിച്ചവരുടെ ബുദ്ധിപൂര്‍വ്വമായ നീക്കം. എല്ലാ ദിവസവും ഇന്ദ്രപ്രസ്ഥത്തില്‍നിന്നു ഒരുകുപ്പി വീശുന്നതു ഉസ്താദിന്റെ ഹോബിയാണ്. അതിനുപോലും മക്കളെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല. എല്ലാ ചെലവുകളും അഞ്ചു അറക്കവാളുകൾ ചേര്‍ന്നു സാധിച്ചുകൊടുക്കും. നല്ല അസ്സൽ തെങ്ങിന്‍കള്ളാണ് ഇന്ദ്രപ്രസ്ഥത്തിലെ പ്രത്യേകത. കൂടാതെ പുളിക്കകടവ് പുഴയില്‍‌നിന്നു വലവീശിപ്പിടിക്കുന്ന ആറ്റുമീന്‍‌കൊണ്ടുണ്ടാക്കുന്ന മീന്‍‌കറിയും. ഒരു കുപ്പി കള്ളും ഒരു പ്ലേറ്റ് കപ്പയും മീന്‍‌കറിയും കഴിച്ചാൽ അന്നു സുഖമായി ഉറങ്ങാമെന്നാണ് ഉസ്താദിന്റെ സിദ്ധാന്തം.

എത്ര കഴിച്ചാലും ഉസ്താദിന്റെ കാലുകൾ പതറില്ല. അന്നമനടയില്‍‌നിന്നു കക്കാടിലേക്കുള്ള മൂന്നു കിലോമീറ്റർ ദൂരം അദ്ദേഹം നടന്നെത്തും. മര്യാദാമുക്കിൽ എത്തുമ്പോൾ സമയം ആറരക്കു അടുത്തായിരിക്കും. മര്യാദാമുക്കിൽ മര്യാദക്കാരെ കണ്ടാൽ ഉസ്താദ് നടപ്പുനിര്‍ത്തി പോക്കറ്റിൽ ബീഡി തപ്പും. പോക്കറ്റിലില്ലെങ്കിൽ ആരെയെങ്കിലും ആഗസ്‌തിയുടെ കടയില്‍വിട്ടു ബീഢി വരുത്തിക്കും. രണ്ടു പുകയെടുത്താൽ അടുത്തപടി അനുഭവങ്ങളുടെ കെട്ടഴിക്കുകയാണ്. ‘പണ്ട് ഞാന്‍ മലബാറിലായിരുന്നപ്പോ‘ എന്നായിരിക്കും ആമുഖമായി പറയുക. ശേഷം അനര്‍ഗളമായി വിവരണങ്ങൾ വരും. ബഢായികളും ആവശ്യം പോലെ ചേര്‍ക്കാൻ അദ്ദേഹം മടിക്കില്ല.

അങ്ങിനെ ഉസ്താദ് മിനുങ്ങി കത്തിക്കയറിയ ഒരു സന്ധ്യയിലാണ് അപ്പുക്കുട്ടൻ പിള്ളയെപ്പറ്റി വീണ്ടും ആരായുന്നത്.

“നമ്മടെ പിള്ള വയനാട്ടീ റേഞ്ചറായിരുന്നല്ലോ രാഘവേട്ടാ. ആളെപ്പറ്റി എന്തേലും ഓര്‍മ്മകള്ണ്ടാ?”

സംസാരിക്കാന്‍ ചൂടൂള്ള വിഷയം കിട്ടിയതോടെ ഉസ്താദ് ഉഷാറായി.

“ഉണ്ടോന്നാ... ഹഹഹ“ ഉസ്‌താദ് ദൈര്‍‌ഘ്യമേറിയ ഒരു ചിരി പാസാക്കി. “പ്രഭാകരനെ പറ്റി പറേമ്പോ ആദ്യായിട്ട് ഓര്‍മ വരണത് ആള്‍ടെ റേറ്റാണ്”

“റേറ്റോ! അപ്പോ പുള്ളി പൈസ വാങ്ങ്വോയിരുന്നോ?” കോഴയെപ്പറ്റി പിള്ള പറഞ്ഞതു ഓര്‍മ്മ വന്നെങ്കിലും അപ്പുക്കുട്ടന്‍ എല്ലാത്തിലും അജ്ഞത നടിച്ചു. ഉസ്താദിന്റെ അഭിപ്രായം അറിയണമല്ലോ.

“വാങ്ങോന്നാ! പത്തീ കൊറഞ്ഞ് പ്രഭാകരൻ ചോദിക്കാറില്ല”

“രാഘവേട്ടനോടും കാശ് ചോദിച്ചണ്ടാ?”

“നല്ല കാര്യായി. എന്നോട് ചോദിച്ചാ കാണായിര്ന്നു” ഉസ്താദ് കറിക്കു പച്ചക്കറി അരിയുന്നപോലെ കൈത്തലം ലംബമായി പിടിച്ചു അതിദ്രുതം ചലിപ്പിച്ചു. “ആര്‍ക്കും കാശുകൊടുത്ത് ശീലോല്ല്യ. പോരാഞ്ഞ് എന്റെ കയ്യിലെവിടന്നാ കാശ്”

ഉസ്താദ് കൊമ്പന്‍‌മീശ ഒന്നുകൂടി തഴുകി. “ഒരിക്ക കാട്ടീവച്ച് ഉരുള്‍‌പൊട്ടലിണ്ടായപ്പോ പ്രഭാകരനെ രക്ഷിച്ചത് ആരാന്നറിയോ?”

പൂമുഖത്തിരുന്നു പത്രംവായനക്കിടയിൽ പിള്ള അപ്പുക്കുട്ടനോടു പറയാത്ത കാര്യങ്ങളില്ല. സുകുമാരക്കുറുപ്പിനെ പിടിച്ചുകെട്ടിയതു മുതൽ ചന്ദനക്കടത്തുവരെ അനര്‍ഗളം പ്രവഹിക്കും. പക്ഷേ ഒരിക്കല്‍പോലും ഉരുള്‍‌പൊട്ടൽ പോലുള്ള കാര്യങ്ങൾ പരാമര്‍ശിച്ചിട്ടുള്ളതായി ഓര്‍ക്കുന്നില്ല.

“അങ്ങനൊരു കാര്യം പിള്ള പറഞ്ഞട്ടില്ലല്ലാ”

“പ്രഭ പറയില്യ. അത് ഊഹിക്കാവുന്നതേള്ളൂ. പക്ഷേ നിനക്ക് കേക്കണങ്കി ഞാൻ പറയാം”

(തുടരും...)

Sunday, October 24, 2010

മലബാര്‍ ഉസ്‌താദ് - 1


“എന്താടാ ഇന്ന് മെയിന്‍‌ ന്യൂസ്?”

തോര്‍ത്തുമുണ്ടു  കൊണ്ടു മേലാകെവീശി റേഞ്ചർ പിള്ള ചാരുകസേരയിൽ അമര്‍ന്നു. വടക്കേ കോലായില്‍നിന്നു പല്ലുതേപ്പു കഴിഞ്ഞുള്ള വരവാണ്. ഇനി പൂമുഖത്തിരുന്നു ഒരു മണിക്കൂർ പത്രംവായന. ഒപ്പം അപ്പുക്കുട്ടനുമായി കത്തിവക്കലും. പതിവുപോലെ മുൻ‌പേജിനു പകരം നടുവിലെ പേജുകളിലൊന്നാണ് അപ്പുക്കുട്ടൻ പിള്ളക്കു മാറ്റിവച്ചിരുന്നത്. അദ്ദേഹം അതു നിവര്‍ത്തി വായന തുടങ്ങി. ഉടന്‍ ആവേശത്തോടെ പറയുകയും ചെയ്‌തു.

“ഇത് നോക്കടാ. ലീഡർ പിന്നേം റാലി നടത്താൻ പോണൂന്ന്”

പിള്ള പറഞ്ഞത് അപ്പുക്കുട്ടൻ കേട്ടില്ല.  മുന്‍പേജിലെ ഏതോ വാര്‍ത്തയിൽ കൊണ്ടുപിടിച്ച വായന. പറഞ്ഞതു ആവര്‍ത്തിക്കാതെ പിള്ള മുറ്റത്തെ, തുളസിത്തറക്കു അടുത്തുള്ള ഒട്ടുമാവിന്റെ കടക്കൽ കാര്‍ക്കിച്ചുതുപ്പി.

“ആക്രാഷ്... ഫ്‌തൂം”

ഇത്തവണ അപ്പുക്കുട്ടന്‍ പത്രത്തില്‍നിന്നു തലപൊക്കി. അപ്പുക്കുട്ടൻ മാത്രമല്ല അയൽ‌പക്കത്തെ വീട്ടുകാരെല്ലാം തലപൊക്കിയിരിക്കും. അത്ര കേമമാണ് ആ ശബ്ദം. പിള്ള ചോദിച്ചത് ‌പ്രധാനന്യൂസാണെങ്കിലും അപ്പുക്കുട്ടൻ വായിച്ചത് പ്രധാനവാര്‍ത്തക്കു താഴെയുള്ള മറ്റൊരു വാര്‍ത്തയുടെ തലക്കെട്ടാണ്. റേഞ്ചർ കൂടുതൽ പ്രാധാന്യം നല്‍കുക അതിനായിരിക്കുമെന്നു അറിയാമായിരുന്നു.

“ചന്ദനക്കടത്ത്: മറയൂരിൽ നാലുപേർ പിടിയിൽ”

പിള്ള ഞെട്ടി. ചാടിയെഴുന്നേറ്റു. ചുമരിൽ തൂങ്ങുന്ന ഇരട്ടക്കുഴൽ തോക്കിനുനേരെ അഞ്ചുനിമിഷം നോക്കി വീണ്ടും കസേരയിൽ ചാഞ്ഞു. അപ്പുക്കുട്ടൻ മുന്‍പേജ് അങ്ങോട്ടുനീട്ടി.

സാധാരണയായി ആദ്യപേജ് വായിക്കാൻ പിള്ള തിടുക്കം കൂട്ടാറില്ല. എങ്കിലും ചില പ്രത്യേക വിഷയങ്ങളുണ്ടെങ്കിൽ പേജ് ആവശ്യപ്പെടും. അത്തരം വിഷയങ്ങൾ ഏതൊക്കെയാണെന്നു അപ്പുക്കുട്ടനു നിശ്ചയമാണ്. ലിസ്റ്റിൽ ഒന്നാമതു പ്രധാനപ്പെട്ട ക്രിക്കറ്റ് വാർത്തകളാണെങ്കിൽ രണ്ടാമത് കാടുമായി ബന്ധപെട്ട വാര്‍ത്തകളാണ്. പ്രത്യേകിച്ച് ചന്ദനക്കടത്ത്. കാര്യമില്ലാതെയല്ല ഈ ചന്ദനഭ്രമം. ആയകാലത്തു കേരളത്തിലെ മികച്ച ഫോറസ്റ്റ് റേഞ്ചറായിരുന്നു അദ്ദേഹം. നക്സലൈറ്റുകൾ അരങ്ങുവാണിരുന്ന വയനാടൻകാടുകളെ കുറച്ചെങ്കിലും സുരക്ഷിതമാക്കിയിരുന്നത് എം.ജി.പി പിള്ള എന്ന ഫോറസ്റ്റ് റേഞ്ചറുടെ സാന്നിധ്യമായിരുന്നു. എല്ലാം എല്ലാവര്‍ക്കും അറിയാമെന്നതുപോലെ അപ്പുക്കുട്ടനും അറിയാം.

പിള്ള വായന പൂര്‍ത്തിയാക്കി പേപ്പർ നാലായി മടക്കി ചാരുകസേരയുടെ പടിയിൽ വച്ചു. അപ്പുക്കുട്ടന്‍ സംശയം ചോദിച്ചു. “നായര് എത്ര കാട്ടുകള്ളന്മാരെ സര്‍വീസിനെടക്ക് പിടിച്ചണ്ട്?”

പിള്ള അമ്പരന്നു. “എന്താപ്പോ ഇങ്ങനെ ചോദിക്കാൻ?”

“ഒന്നറിയാനാ. നാട്ടീ ചെലര് പറേണ്ട് നായര്ടെ സര്‍വ്വീസ് വെർതെ ആയിരുന്നൂന്ന്”

“വെര്‍‌ത്യോ! ഹഹഹ“ പിള്ള തലയറഞ്ഞു ചിരിച്ചു. “അവരെന്നെ ഊശിയാക്കണതാടാ”

പറച്ചിൽ നിര്‍ത്തി അദ്ദേഹം കസേരയിൽ ചാഞ്ഞു. ഇനി മിണ്ടില്ലെന്നു കരുതിയെങ്കിലും പിന്നീട് എന്തോ നിശ്ചയിച്ച് ഉറപ്പിച്ചപോലെ മുന്നോട്ടാഞ്ഞു. “എന്നാ ശരി. നീ കേട്ടോ എത്രണ്ണത്തിനെ ഞാന്‍ കാച്ചീണ്ടെന്ന്”

പിള്ള ഇടതുകയ്യിലെ വിരലുകൾ മടക്കി എണ്ണംകൂട്ടാൻ തുടങ്ങി. ക്രമേണ വലതുകയ്യിലെ വിരലുകളും പങ്കുചേര്‍ന്നു. പലതവണ മടക്കി നിവര്‍ത്തി ഒടുവിൽ കണക്കു പ്രഖ്യാപിച്ചു. “മുപ്പത്തിമൂന്നര...”

“അരയോ?”

“അതേടാ. ഒരുത്തനെ പിടിച്ചതാര്ന്നു. പക്ഷേ അവന്‍ ചാടിപ്പോയി. ഞാന്‍ ചുമ്മാ വിട്ടതാന്ന് നീ വേണങ്കി കൂട്ടിക്കോ”

“അത് ശരി. അപ്പോ സര്‍വ്വീസീ വിട്ടുവീഴ്ചകളും ചെയ്തണ്ടല്ലേ”

“ഹ അങ്ങനല്ലടാ. ജോലിക്കാര്യത്തീ ഞാൻ കര്‍ക്കശാ. അതോണ്ടന്നേണ് എന്നെ വയനാട്ടിക്ക് വിട്ടതും. പക്ഷേ ഒരുത്തനെ പിടിച്ചപ്പൊ മാത്രം എനിക്കൊന്ന് അയയേണ്ടിവന്നു“

“കാരണം?”

പിള്ള ഗൌരവംപൂണ്ടു. വായിൽ തുപ്പലൊന്നുമില്ലായിരുന്നിട്ടും ഒട്ടുമാവിന്റെ കടക്കലേക്കു കാര്‍ക്കിച്ചുതുപ്പി.

“ഇന്നേവരെ ആരോടും പറയാത്ത കാര്യാത്. ഇപ്പൊ നീ ചോദിച്ചോണ്ട് മാത്രം ഒന്നു സൂചിപ്പിച്ച് വിടാണ്. നീയിത് ആരോടും പറയര്ത്. നാട്ടാര് അറിഞ്ഞാ എന്റെ സര്‍വ്വീസിന് കളങ്കാവും”

അപ്പുക്കുട്ടന്‍ സമ്മതിച്ചു. പിള്ള അനേകം രഹസ്യങ്ങളുടെ കലവറയാണെന്നു മുമ്പേ അറിയാം. സുകുമാരക്കുറുപ്പ് മുതൽ നക്സലൈറ്റ് വര്‍ഗ്ഗീസ് വരെ ആ ലിസ്റ്റിലുണ്ട്. അതൊക്കെ തുറന്നുവച്ചാൽ ഭരണരംഗത്തുള്ളവർക്കു വരെ പണിയാകും. അങ്ങിനെയുള്ള പിള്ള എന്താണ് ഇപ്പോൾ പറയാൻ പോകുന്ന രഹസ്യം. അപ്പുക്കുട്ടൻ ആവേശഭരിതനായി.

“മലബാറിലന്നു കുപ്രസിദ്ധരായ ഒരുപാട് മരം‌വെട്ടുകാര്ണ്ടായിരുന്നു. ചെലര്‍ക്ക് സര്‍ക്കാരീന്ന് ലൈസന്‍‌സ്ണ്ട്. ചെലര്‍ക്ക് അതില്ല. ലൈസന്‍സില്ലാത്തവരെ പിടിച്ചുകൊടുക്കാൻ ലൈസൻ‌സൊള്ളോർക്ക് ഭയങ്കര താല്പര്യാ. പക്ഷെ തരികിട കാണിക്കണ കാര്യത്തീ രണ്ടുകൂട്ടരും ഒറ്റക്കെട്ടും“

“എന്തു തരികിടയാ”

“എന്ന്വച്ചാ കണ്ണുതെറ്റ്യാ ചന്ദനം വെട്ടൂന്ന്. അങ്ങനൊരുത്തനായിര്ന്നു ഒരു കുഞ്ഞച്ചൻ. അവനെ വിളിക്കണതന്നെ മരം‌മക്കീന്നാ. പിന്നെ വയനാട്ടീ തന്ന്യൊള്ള ഒരു റാവുത്തറ്. അവനെ ഒരിക്ക ഞാന്‍ കാച്ചീണ്ട്. അതോടെ അവന്‍ വെട്ട് നിര്‍ത്തി”

എല്ലാം സാകൂതം കേട്ടിരിക്കെ പിള്ള നാടകീയമായി ചാരുകസേരയിൽ മുന്നോട്ടാഞ്ഞു. “എടാ നിനക്കറിയോ... ഇമ്മാതിരി തരികിടകള്‍ടെയൊക്കെ ചീഫ് ആരായിരുന്നൂന്ന്?”

“ആരാ?”

“മ്മടെ രാഘവൻ”

“ഏത് രാഘവൻ?“

പിള്ള മീശപിരിച്ചു കാണിച്ചു. ഉളി മൂര്‍ച്ചവപ്പിക്കുന്ന ആശാരിമാരെപ്പോലെ കൈത്തലം അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു. ആരെയാണെന്നു ഉദ്ദേശിക്കുന്നതെന്നു അപ്പുക്കുട്ടനു ഊഹംകിട്ടി. തേമാലിപ്പറമ്പിനടുത്തെ വീട്ടുമുറ്റത്തിരുന്നു എല്ലാദിവസവും രാവിലെ അരംകൊണ്ടു അറക്കവാളിന്റെ പല്ലിനു മൂര്‍ച്ചകൂട്ടുന്ന കൊമ്പന്‍‌മീശക്കാരൻ മൂത്തേടത്തുവീട്ടിൽ രാഘവനാണ് കഥാപാത്രം. അപ്പുക്കുട്ടന്റെ മുഖത്തു അവിശ്വാസം വിളയാടി.

““ജയന്‍‌ചേട്ടന്റെ അച്ഛനാ!”

“അതേടാ. നിനക്കെന്താ വിശ്വാസം വരണില്ലേ. ഇന്ന് വീട്ടുമുറ്റത്തിരുന്ന് വാളിന്റെ പല്ല് ചെത്തണ ഈര്‍ക്കിളി പോലത്തെ രാഘവനല്ല അന്നത്തെ രാഘവന്‍. തടിപിടിക്കാൻ വരണ ആന ഒരറ്റത്തു പിടിച്ചാ മറ്റേ അറ്റം രാഘവന്‍ പിടിക്ക്വായിരുന്നു. മലബാർ ഉസ്താദെന്നാ എല്ലാരും അവനെ വിളിക്കാ. പേര് പോലെത്തന്ന്യാ പണീം. നിന്നനിപ്പിന് മരം കടത്തും. എവടെപ്പോയീന്ന് അന്വേഷിച്ചാ പൊടിപോലും കിട്ടില്ല”

പിള്ള ഒന്നുനിര്‍ത്തി കിണ്ടിയിലെ വെള്ളമെടുത്തു കുലുക്കുഴിഞ്ഞ് തുപ്പിയിട്ടു തുടര്‍ന്നു. “വയനാട്ടിലായിര്ന്നപ്പോ അവനെ ഒരിക്ക കാച്ചണ്ടതായിര്ന്ന്. പക്ഷേ ദേവൂനേം കൊച്ചുങ്ങളേം ഓര്‍ത്തപ്പോ വേണ്ടാന്ന് വച്ചു. അല്ലെങ്കി രാഘവന്റെ കാര്യം പണ്ടേ സ്വാ..ഹ”

“അതിനു മാത്രം എന്തുണ്ടായി നായരേ?”

“എന്തുണ്ടായീന്നോ. എടാ നിനക്കറിയോ, മറയൂരീന്ന് വയനാട്ടിക്ക് എന്നെ ട്രാന്‍സ്‌ഫർ ചെയ്യാൻ കാരണം ആരാന്ന്? ഈ രാഘവനാ... ഞാന്‍ റേഞ്ചറായിര്ക്കുമ്പോ ചന്ദനത്തിന്റെ ഒര് ചുള്ളിക്കമ്പ് പോലും മക്കാന്‍ പറ്റില്ലെന്ന് അവനറിയാരുന്നു”

ഒരുപാട് തവണ കേട്ടിട്ടുള്ളതാണ് ഈ ചുള്ളിക്കമ്പ് കണക്ക്. അപ്പുക്കുട്ടനു ബോറടിച്ചു.

“അപ്പോ രാഘവേട്ടന് ചന്ദനംകടത്ത് ഇണ്ടായിര്ന്നാ?”

“അത്ശരി. അപ്പോ നിനക്കാ കഥയൊന്നും അറീല്ലേ. എടാ അവനതീ ഉസ്താദായിരുന്നു. മലബാറിലെ ചന്ദനക്കടത്തിന്റെ നായകത്വം വരെ രാഘവനാന്ന് ഒരു പറച്ചില്ണ്ടായിരുനു. നിനക്ക് നമ്മടെ ദേവരാജനെ പരിചയല്ലേ...”

നാട്ടിൽ ഇപ്പോൾ ആകെയുള്ള മരം‌വെട്ടുകാരനാണ് തൈക്കൂട്ടത്തു താമസിക്കുന്ന ദേവരാജൻ. തേലേക്കാട്ട് വീട്ടുകാരുടെ നാലുനിലക്കെട്ടിടത്തിന്റെ അത്രയും ഉയരമുള്ള കൂറ്റൻ ആഞ്ഞിലി സേഫായി മുറിച്ചതുമുതൽ ആളുടെ ഗ്രാഫ് മുകളിലോട്ടാണ്. പിള്ള വിഷയം മാറ്റി തടിതപ്പുമെന്നു തോന്നിയതിനാൽ അപ്പുക്കുട്ടൻ മുഖ്യധാരയിലേക്കു വന്നു.

“നായരേ ട്രാന്‍സ്ഫർ കിട്ടീട്ട്?”

“ട്രാന്‍സ്‌ഫർ കിട്ടീട്ട് ഡിഎഫോ എന്നെ ആള്‍ടെ ഓഫീസില്‍ക്ക് വിളിപ്പിച്ചു. സാധാരണരീതീ അത് പതിവൊള്ളതല്ല. നമ്മള് വെറും റേഞ്ചർ. ഒരുകേസിന് കൂടിവന്നാ ഐമ്പത് വാങ്ങാമ്പറ്റും. ഡിഎഫോ ഒക്കെയാണെങ്കി ലക്ഷങ്ങളല്ലാതെ വാങ്ങില്ല“

“കോഴ!!” ധര്‍മ്മിഷ്ഠനായ റേഞ്ചർ പിള്ള കോഴ വാങ്ങുമോ. അപ്പുക്കുട്ടന്‍ അന്തിച്ചു. അതുമനസ്സിലാക്കി പിള്ള വിശദീകരിച്ചു.

“കോഴാന്നൊന്നും പറയാന്‍ പറ്റില്ലടാ. അവര്ടെ ഒരു സന്തോഷം. അത്രന്നെ. പോരാഞ്ഞ് എനിക്ക് കാശിനാവശ്യണ്ടായിര്ന്നു. നാലു പിള്ളേരാ എനിക്ക്. ഡിഎഫോടെ കാര്യം അങ്ങനല്ല. അപ്പൊത്തന്നെ കാശുകാരനാ. എന്നാലും പിന്നേം വാങ്ങും. അതും ലക്ഷങ്ങള്. അതിനെ വേണങ്കി കോഴാന്ന് വിളിക്കാം!”

പിള്ളയുടെ വിശദീകരണം അപ്പുക്കുട്ടനു തൃപ്തികരമായി തോന്നി. “എന്നട്ട് ?”

“ഞാന്‍ ചെന്നപ്പൊ ഡീ‌എഫോടെ മേശേമ്മെ മന്ത്രീടെ ഓർഡർ കെടക്കാണ്. ഇനി ഒരു തടിമുറിച്ചാ പുള്ളീനെ ഡിസ്‌മിസ് ചെയ്യൂന്നാ വെരട്ടൽ. ആൾടെ അപ്പഴത്തെ അവസ്ഥ കണ്ടപ്പോ എനിക്കും പാവംതോന്നീടാ. ഞാൻ തോളീ തട്ടി ആശ്വസിപ്പിച്ചു. മറയൂര് നോക്ക്യപോലെ വയനാടും നോക്കാന്ന് പറഞ്ഞപ്പോ പുള്ളിക്ക് പിന്നേം പരോശായി. ഒടുക്കം എറങ്ങാന്‍ നേരം എന്റെനേരെ ഒരു ഫോട്ടോ നീട്ടി കരഞ്ഞട്ട് പറയാ. പ്രഭേ ഇവനെ അറിയോ എന്ന്”

പിള്ള ഒരു കാജയെടുത്തു കത്തിച്ചു.

“നായരെ ആരായിരുന്നു ആ ഫോട്ടോല്?”

“എടാ അതീ നമ്മടെ രാഘവനായിരുന്നു. ജയന്റെ അച്ഛന്‍. മഴക്കാലത്ത് പൊഴേന്ന് ഊത്തല്‌കേറുമ്പോ തോട്ടീ കാണണ ഒരുതരം മീനില്ലേ... മാംഗ്ലാഞ്ചി. അതിന്റെപോലത്തെ വായും താടീം. ചെറിയ കണ്ണ്. കൊമ്പൻ മീശ. ഒറ്റ നോട്ടത്തീത്തന്നെ എനിക്ക് ആളെ പിടികിട്ടി. പക്ഷേ എന്നട്ടും ഞാന്‍ ഡിഎഫോട് പറഞ്ഞത് അറിയില്ലാന്നാ”

“അതെന്തേ? പേടിച്ചാണോ പറയാണ്ടിര്ന്നെ”

പിള്ള തോര്‍ത്തുകൊണ്ട് ശരീരമാകെ അഞ്ചാറുതവണ വീശി. “പേട്യാ! എനിക്കാ?. അതും രാഘവനെ ഹഹഹ... എടാ മറയൂരീ വർക്ക് ചെയ്യുമ്പൊത്തന്നെ ഉന്നതങ്ങളിലൊരു പറച്ചിലിണ്ടായിരുന്നു. പ്രത്യക്ഷത്തീ എതിരാണെങ്കിലും ഞാനും രാഘവനും ഒരു സൈഡാന്ന്. എന്റെ വീട്ടിലെ ചന്ദനക്കട്ടിൽ അവൻ സമ്മാനിച്ചതാന്നും. ആ സ്ഥിതിക്ക് ഞാൻ അറിയൂന്ന് പറഞ്ഞാ എന്റെ ജോലി പോക്കാ. അതോണ്ട് ഞാന്‍ കണ്ണടച്ചു”

ഉന്നതങ്ങളിൽ മാത്രമല്ല നാട്ടിലും പറച്ചിലുണ്ടായിരുന്നു. മറയൂരില്‍നിന്നു മുറിച്ച ചന്ദനത്തടി പുഴയിലൂടെ ഒഴുക്കി തൈക്കൂട്ടം പനമ്പിള്ളിക്കടവിലെത്തിച്ചതും, മൂന്നുപേര്‍ക്കു ഒരേസമയം സുഖമായി ശയിക്കാൻ മാത്രം വലുപ്പമുള്ള കട്ടിൽ പണിതത് ശിവരാമൻ ആശാരിയുമാണെന്നാണ് സംസാരം. കാടിനെപ്പറ്റി പറയുമ്പോഴൊക്കെ പിള്ള ചന്ദക്കട്ടിലിനെപ്പറ്റിയും പറയും. ഓര്‍മ്മകൾ കൃത്യമാണ്.

“ഞാന്‍ ചെല്ലണ കാലത്ത് മറയൂരീ രാഘവൻ ഇണ്ടായിരുന്നൂന്നൊള്ളത് സത്യാ. പക്ഷേ എപ്പഴും അവടെ കാണാറില്യ. രാഘവന് പ്രധാനായും വേറെ സ്ഥലത്തായിരുന്നു പണി. വയനാട്ടീ ഒരിക്കലെങ്ങാണ്ടാ വന്നട്ടൊള്ളൂ. അന്ന് ഞാൻ താക്കീത് കൊടുത്ത് വിട്ടു. അതാ മുമ്പ് പറഞ്ഞ അരക്കണക്ക്. നീയെന്നെങ്കിലും രാഘവനോട് ചോദിച്ചണ്ടാ എന്താ വയനാട്ടിക്ക് പോവാഞ്ഞേന്ന്?”

“ഉവ്വ്. അപ്പോ പുള്ളി പറഞ്ഞു അവടെപ്പോയാ രോഗം വരൂന്ന്”

പിള്ള അലറിച്ചിരിച്ചു. കാര്‍ക്കിച്ചുതുപ്പാൻ തോന്നിയപ്പോഴാണ് നിര്‍ത്തിയത്. “ആക്രാഷ് ഫ്തൂം... നിനക്ക് സംഗതി മനസ്സിലായല്ലാ രാഘവൻ എന്താ പോവാഞ്ഞേന്ന്”

“മനസ്സിലായി”

“എന്നാ പറ അവനെന്താ വരാണ്ടിര്ന്നെ?”

“മലമ്പനിയെങ്ങാൻ പിടിച്ചാലോന്ന് പുള്ളി പേടിച്ചണ്ടാവും”

പിള്ള അപ്പുക്കുട്ടനെ ആട്ടി. “ഛായ്. നിനക്കൊരു കോപ്പും അറിയില്ലടാ. രാഘവന്‍ വയനാട്ടീ വരാണ്ടിരിക്കാൻ കാരണം മലമ്പന്യല്ല. മറിച്ച് ഞാനാ. അവന്റെ ഗ്യാങ്ങിലെ റാവുത്തറെ കാച്ചീത് ഞാനാ. മുട്ടുചെരട്ട തകര്‍ത്തളഞ്ഞു. അതോടെ രാഘവന് പേട്യായി”

എല്ലാ സംഭാഷണങ്ങളുടെയും അവസാനം പോലെ അപ്പുക്കുട്ടന്‍ അതിശയിച്ചു. “നായര് ആളൊരു ഭയങ്കരന്‍ തന്നെ”

ആ പ്രശംസ ആസ്വദിച്ചു റേഞ്ചർ ചാരുകസേരയിൽ ചാരി. ഓര്‍മകളിൽ നിമഗ്നനായി.

(തുടരും...)