Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, September 5, 2010

ഡിക്‌ടറ്റീവ് വില്‍സന്‍ കണ്ണമ്പിള്ളി - 2

ശ്രദ്ധിക്കുക: ഡിക്‍ടറ്റീവ് വിത്സന്‍ കണ്ണമ്പിള്ളി - 1 എന്ന മുന്‍‌പോസ്റ്റിന്റെ തുടർച്ചയാണ് ഈ പോസ്റ്റ്

കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തൂടെ പോകുന്ന ടാർ‌റോഡിനു അരികിലെ പൊട്ടക്കുളത്തിൽ‌നിന്നു കണ്ടുകിട്ടിയ അസ്ഥികൂടം തൈക്കൂട്ടത്തുനിന്നു വളരെ കൊല്ലങ്ങൾക്കുമുമ്പു കാണാതായ കണ്ടപ്പൻ പണിക്കരുടേതാണെന്നു സ്ഥിരീകരിക്കാൻ ഡിറ്റക്ടീവ് വിത്സൻ പ്രയോഗിച്ചത് വളരെ ലളിതമായ ബുദ്ധിയാണ്. കേസന്വേഷണം വിജയകരമായി പൂര്‍ത്തിയായതിന്റെ ആഹ്ലാദത്തിൽ കൊരട്ടി മധുരബാറിൽ‌നിന്നു വളരെക്കാലത്തിനുശേഷം ഒരു ലാർജടിച്ചപ്പോൾ അദ്ദേഹമത് സഹപ്രവർത്തകനായ ഷാജുവിനോടു പോലീസ് ഭാഷയിൽ വിശദീകരിക്കുകയും ചെയ്തു.

“ഷാജു ഈ കേസ് വളരെ കുഴഞ്ഞുമറിഞ്ഞതാണെന്നു ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും സത്യത്തിൽ അങ്ങിനെയല്ലായിരുന്നു. തുമ്പുകൾ കിട്ടിയപ്പോൾ വിചാരിച്ചതിലും വേഗം പൂര്‍ത്തിയാക്കാൻ എനിക്കു കഴിഞ്ഞു”

ഒരു സിപ്പെടുത്തു ഷാജു മൂളി. വിത്സൻ തുടർന്നു. “ആദ്യം ഞാൻ അന്വേഷിച്ചത് കക്കാടുനിന്നും സമീപപ്രദേശങ്ങളിൽ‌നിന്നും എത്രപേർ കുറേകൊല്ലം മുമ്പു മിസ്സായിട്ടുണ്ട് എന്നാണ്”

ഷാജു സമ്മതിച്ചു. “അതുതന്നെയാണ് എന്റെ മനസ്സിലേയും ആദ്യത്തെ സ്റ്റെപ്പ്”

നിന്റെ നീക്കം എന്താണെനു ഞാൻ ചോദിച്ചില്ലല്ലോ പിന്നെന്തിനാണ് പറയുന്നതെന്നു ഡിക്‍ടറ്റീവ് ആത്മഗതം ചെയ്‌തു. പുറത്തു പറഞ്ഞത് വേറെ.

“പക്ഷേ ഷാജു എനിക്കവിടെ നിരാശപ്പെടേണ്ടിവന്നു. കാരണം മിസ്സായത് ഒന്നും രണ്ടും പേരല്ല മറിച്ചു ഏഴുപേരാണ്. ഒരാൾ കക്കാടുനിന്നും. മുമ്മൂന്നു വീതംപേർ അരിയമ്പുറം, തൈക്കൂട്ടം ഭാഗത്തുനിന്നും“

“ഫോറൻ‌സിക് റിപ്പോർട്ടുപ്രകാരം അസ്ഥികൂടം നാല്പതുവയസ്സു തോന്നിക്കുന്ന ഒരാളുടേതാണ്. അങ്ങിനെ വരുമ്പോൾ ഏഴുപേരിൽ നിന്നു മൂന്നുപേരെ ഒഴിവാക്കാം. അവർ വളരെ ചെറുപ്പമാണ്. അങ്ങിനെ നാലുപേർ ഫൈനൽ റൌണ്ടിലെത്തി. ഇവരിൽ ആരുടെയാണ് സ്കെലിറ്റൺ എന്നു തിരിച്ചറിയാൻ തെളിവുകളൊന്നും എന്റെപക്കൽ ഇല്ലായിരുന്നു“

ഷാജു നെറ്റിചുളിച്ചു. “ഒരു തുമ്പുമില്ലെന്നോ. കൊലപാതകി എന്തെങ്കിലും തെറ്റുവരുത്തുമെന്നാണല്ലോ പോലീസ് തിയറി പറയുന്നത്. പഴുതടച്ചുള്ള കുറ്റകൃത്യങ്ങൾ ഇല്ലെന്നല്ലേ”

ഡിറ്റക്ടീവ് വിത്സൻ അനുകൂലമായി തലയാട്ടി. 

“അതെ അതു ശരിയാണ്. തെളിവുകൾ ഒന്നെങ്കിലും ഇല്ലാത്ത കേസുകളുണ്ടാവില്ല. നമ്മൾ അതു കാണണം എന്നുമാത്രം. കാഴ്‌ചയിൽ കാണാതെ മറഞ്ഞുകിടക്കുന്നവ കാണാനുള്ള ഒരു കഴിവ്. അതു പ്രയോഗിച്ചാൽ ഇവിടേയും നമുക്കു ചിലതെളിവുകൾ കിട്ടും. ഷാജു ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ വലതു കൈപ്പത്തിയിലെയും ഇടതുകാൽ‌‌പാദത്തിലേയും പകുതി ഒടിഞ്ഞുപോയ ഏതാനും വിരലുകൾ”

ഷാജു മൊട്ടത്തലയിലെ മസിൽ തടവി അല്‍ഭുതപ്പെട്ടു. “അതിലെന്ത് തുമ്പാണ് സാർ ഉള്ളത്. ദ്രവിച്ചുപോയതല്ലേ. വിരലുകൾക്കു മാത്രമല്ലല്ലോ തലയോട്ടിക്കും വാരിയെല്ലിനും കാര്യമായ കേടുപാടുകളില്ലേ“

“ഉണ്ട് ഷാജു ഉണ്ട്. പക്ഷേ കാൽ‌‌വിരലുകളേയും വാരിയെല്ലുകളേയും പോലെയല്ല കൈപ്പത്തി. കൈപ്പത്തി നമ്മൾ കുറച്ചുകൂടി ഫോക്കസ് ചെയ്യേണ്ട ഭാഗമാണ്. തെളിവുകിട്ടാൻ സാദ്ധ്യതയുള്ള ഒരു അവയവം“

“അതെങ്ങനെ“

“ഷാജു വാരിയെല്ലിനും കാല്‍‌വിരലുകൾക്കും ഒപ്പംതന്നെ കൈവിരലുകളും ദ്രവിച്ചുപോയെന്ന ഫോറൻസിക് റിപ്പോർട്ട് നമ്മൾ അതേപടി അംഗീകരിക്കണോ”

ഷാജു ചുണ്ടുകൊട്ടി. “പിന്നല്ലാതെ. ഇരുപത്തഞ്ചോളം കൊല്ലത്തെ പഴക്കമാണെന്നാ ഫോറൻസിക് വിഭാഗം പറയുന്നെ. ദ്രവിച്ചുപോകുമെന്നു അവരും സമ്മതിക്കുന്നുണ്ടല്ലോ”

“ശരിയാണ് അവർ എന്നോടു പറഞ്ഞതും വിരലുകൾ ദ്രവിച്ചുപോയതാണെന്നാണ്. പക്ഷേ അങ്ങനെ ചിന്തിച്ചാൽ നമ്മുടെപക്കൽ തെളിവുകൾ ഒന്നുമുണ്ടായെന്നു വരില്ല“

“സാറെന്താ ഉദ്ദേശിക്കുന്നേ. എനിക്കു മനസ്സിലാകുന്നില്ല”

“ഷാജു നമുക്കു ഈ കേസിൽ ആദ്യംതന്നെ വിണ്ഢിത്തങ്ങളെന്നു ഒറ്റചിന്തയിൽ തോന്നിയേക്കാവുന്ന ചില ഊഹങ്ങൾ നടത്തിയേ മതിയാകൂ. അത് നമ്മെ ചില തുമ്പുകളിലേക്കു നയിച്ചേക്കാം. നമുക്കു എത്ര ആഴത്തിൽ ഇമാജിൻ ചെയ്യാൻ സാധിക്കുമെന്നത് ഇവിടെ പ്രസക്തമായി വരുന്നു. ഒറ്റനോട്ടത്തിൽ ബാലിശമെന്നു തോന്നിയേക്കാവുന്ന ചില അനുമാനങ്ങളാണ് ഞാൻ ആദ്യം നടത്തിയത്. അതിന്മേലാണ് ഈ കേസന്വേഷണത്തിന്റെ അടിത്തറ കെട്ടിപ്പൊക്കിയതും“

ഷാജു എല്ലാം തലയാട്ടി കേട്ടിരുന്നു.

“ഫോറൻസിക് വിഭാഗം പറഞ്ഞ ദ്രവിച്ചുപോകൽ സിദ്ധാന്തം അപ്പടി വിഴുങ്ങേണ്ട കാര്യമില്ലെന്നു ഞാൻ തീരുമാനിച്ചു. ഉദാഹരണമായി അവർ പറഞ്ഞപ്രകാരം വലതുകയ്യിലെ ചൂണ്ടുവിരലും നടുവിരലും ഭാഗികമായി ദ്രവിച്ചുപോയിട്ടില്ല. ഇതായിരുന്നു എന്റെ പ്രാഥമികനിഗമനം”

“അതുകൊള്ളാം സാർ. പക്ഷേ ഈ നിഗമനത്തിൻ‌മേൽ എങ്ങിനെയാണ് അടിത്തറ പണിയാൻ സാധിക്കുക?”

ഗ്ലാസൊന്നു മൊത്തി ഡിക്ടറ്റീവ് വിൽ‌സൻ മുന്നോട്ടു ആഞ്ഞിരുന്നു.

“കൈവിരലുകൾ ദ്രവിച്ചുപോയിട്ടില്ല എന്ന നിഗമനത്തിലെത്തിയാൽ സ്വാഭാവികമായും നമുക്കു അതിന്റെ മറുപുറവും കിട്ടും. അതായത് ആരുടെ അസ്ഥികൂടമാണോ കുളത്തിൽ‌നിന്നു കിട്ടിയത്, അയാൾക്കു മരിക്കുന്നതിനു മുമ്പുതന്നെ നടുവിരലിന്റെയോ പെരുവിരലിന്റെയോ പകുതി നഷ്ടപ്പെട്ടിരുന്നു എന്ന്! കുറച്ചുകൂടി തെളിയിച്ചു പറഞ്ഞാൽ വിക്ടിം ജീവിച്ചിരുന്നതു പകുതിയില്ലാത്ത വിരലോടു കൂടിയാണെന്ന്“

ഷാജു ആശ്ചര്യസൂചകമായി ചൂളമടിച്ചു.

“വിഡ്ഢിത്തമെന്നു തോന്നാവുന്ന നിഗമനത്തിലൂടെ മരിച്ച വ്യക്തി ആരെന്നു അറിയാൻ നമുക്കു ഇപ്പോൾ തുമ്പു കിട്ടിയില്ലേ!”

ഷാജുവിന്റെ മുഖത്തെ ആകാംക്ഷ അയഞ്ഞു. “ശരിയാണ് സാർ. വിരൽ മുറിഞ്ഞുപോയവർ എന്തായാലും നാട്ടിൽ അധികം ഉണ്ടാകാൻ പോകുന്നില്ല”

ഡിക്‍ടറ്റീവ് വിത്സൻ വിവരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിച്ചു. 

“ആരെങ്കിലും കാണാതായതിനെപ്പറ്റി ഓർമയുണ്ടോ എന്നു ഞാൻ നമ്മുടെ നാട്ടിലെ കാരണവന്മാരോടു ചോദിച്ചു. എല്ലാവർക്കും ഒരു മദ്ധ്യവയസ്‌കയെ കാണാതായതായി ഓർമ്മയുണ്ട്. പക്ഷേ ഇവിടെ മരിച്ചത് ഒരു പുരുഷനാണെന്നു തീർച്ചയാണ്. കാരണം സ്കെലിറ്റന്റെ വാരിയെല്ലിൽ ഒരെണ്ണം കുറവായിരുന്നു. പഴയ നിയമപ്രാകാരം ആണിന്റെ വാരിയെല്ല് ഊരിയാണ് പെണ്ണിനെ ഉണ്ടാക്കിയതെങ്കിൽ ഇങ്ങനെ വരാൻ ന്യായമില്ലാ“

സത്യകൃസ്‌ത്യാനിയാണെന്നു ഡിക്‍ടറ്റീവ് ആവർത്തിച്ചു തെളിയിച്ചു.

“അടുത്തപടിയായി ഞാൻ തൈക്കൂട്ടത്തേക്കാണു പോയത്. അവിടെനിന്നാണ് പ്രതീക്ഷിച്ച തെളിവു കിട്ടിയതും. മുപ്പതുകൊല്ലം മുമ്പു കാണാതായത് മൂന്നുപേരാണ്. അതിലൊന്നു സ്‌ത്രീയും. അതുകൊണ്ടു അന്വേഷണം രണ്ടുപേരിലേക്കായി ചുരുങ്ങി. ഒരാൾ കുട്ടികൃഷ്ണൻ. ആശാരിയാണ്. കരിമ്പനക്കാവു അമ്പലത്തിലെ വലിയവിളക്കു കാണാൻ ദുർഘടംപിടിച്ച തീരദേശം പാടംവഴി പോയതാണ്. പിന്നെയാരും കണ്ടിട്ടില്ല. കരിമ്പനകളിലെ യക്ഷി പിടിച്ചതാണെന്നു പറച്ചിലുണ്ട്. കാണാതായ രണ്ടാമത്തെയാൾ കണ്ടപ്പൻപണിക്കർ എന്ന ഈർച്ചമില്ലുകാരനായിരുന്നു. തടിയെടുക്കാൻ കൂപ്പിൽ പോകുന്നെന്നു പറഞ്ഞു പോയതാണത്രെ. രായ്‌ക്കുരാമാനം മിസായി”

ഷാജുവിനു ഉദ്വേഗം അടക്കാനായില്ല. “ഇതിൽ ആർക്കാണു സാർ വിരലിന്റെ പകുതി ഇല്ലാതിരുന്നത്. അതറിഞ്ഞാൽപ്പിന്നെ ഒക്കെ എളുപ്പമായില്ലേ”

വിത്സൻ നിഷേധാർത്ഥത്തിൽ തലയാട്ടി. “അല്ല ഷാജു അടുത്ത സ്റ്റെപ്പ് ഒട്ടും എളുപ്പമല്ലായിരുന്നു. കാരണം മേൽ‌പ്പറഞ്ഞ രണ്ടുപേർക്കും വലതുകൈപ്പത്തിയിലെ ഓരോ വിരലിന്റെ പകുതി നഷ്ടപ്പെട്ടിരുന്നു. ആശാരിയായ കുട്ടികൃഷ്ണനു നടുവിരലിലേയും ഈർച്ചമില്ലുടമയായ കണ്ടപ്പനു ചൂണ്ടുവിരലിലേയും!”

ഡിക്‍ടറ്റീവ് വിത്സനും ഷാജുവിനും ഇടയിൽ കുറച്ചധികംനേരം മൌനം തളം‌കെട്ടി. മുഖത്തോടു മുഖംനോക്കാതെ ഏതാനും മിനിറ്റുകൾ. ഒടുവിൽ കൈത്തലങ്ങൾ പരസ്‌പരം ഉരസി ചൂടാക്കി വിത്സൻ ആരാഞ്ഞു.

“ഇത്തരം സാഹചര്യങ്ങൾ അഭിമുഖീകരിച്ചാൽ ഷാജു എന്തുചെയ്യും?“

ഒട്ടും താമസമില്ലാതെ മറുപടിയെത്തി. “ഞാനാണെങ്കിൽ സാർ മുമ്പു പറഞ്ഞപോലെ പ്രത്യക്ഷത്തിൽ വിണ്ഢിത്തമെന്നു തോന്നാവുന്ന എന്തെങ്കിലും ഊഹങ്ങൾ ഉണ്ടാക്കും. പിന്നെ അതിന്റെ അടിത്തറയിൽ കേസ് കെട്ടിപ്പൊക്കും. എന്താ ശരിയല്ലേ?“

ഡി‌ക്‍ടറ്റീവ് സുഹൃത്തിനെ വിലക്കി. “പാടില്ല ഷാജു പാടില്ല. നമ്മൾ കുറച്ചുകൂടി ബുദ്ധി ഇവിടെ പ്രയോഗിക്കേണ്ടതായുണ്ട്. അബദ്ധങ്ങളെന്നു തോന്നാവുന്ന ചില നിഗമനങ്ങളെ മുൻ‌നിർത്തി നമ്മൾ ഈ കേസിനെ ഇത്രവരെ എത്തിച്ചു. ഇനിയും അത്തരം നിഗമനങ്ങളെ നമ്മൾ പിന്തുടർന്നുകൂടാ. അതുകൊണ്ട്...”

ഷാജുവിന്റെ ആകാംക്ഷ മാനംമുട്ടെ ഉയർന്നു. കേസു തെളിയിക്കാൻ ഡിറ്റക്‍ടീവ് പ്രയോഗിച്ച തന്ത്രം എന്താണെന്നറിയാൻ അദ്ദേഹം തിടുക്കംകൊണ്ടു. 

“അതുകൊണ്ട്..?”

“അതുകൊണ്ട് ഞാൻ ഒരു രണ്ടുരൂപ നാണയമെടുത്തു ടോസിട്ടു. ഹെഡ് വീണാൽ കുട്ടികൃഷ്ണൻ. ടെയിൽ വീണാൽ കണ്ടപ്പൻ‌പണിക്കർ. വീണത് ടെയിലാണ്. സോ പണിക്കരുടെ സ്കെലിറ്റണാണ് നമുക്കു കുളത്തിൽ‌നിന്നു കിട്ടിയത്”

പ്ലേറ്റിൽ‌നിന്നു ചൂണ്ടുവിരലിൽ അച്ചാറെടുത്തു നക്കി കക്കാടിന്റെ ഡിക്ടറ്റീവ് പറഞ്ഞുനിർത്തി. കട്ട ഷാജു മൊട്ടത്തലയിലെ മസിൽ എന്തിനെന്നറിയാതെ വീണ്ടും തടവി.
 


ഒരുതോളിൽ കൊള്ളിക്കിഴങ്ങും (മരച്ചീനി/കപ്പ) മറുകയ്യിൽ ഭാരമളക്കാനുള്ള വെള്ളിക്കോലുമേന്തി കക്കാടിലെ ചെമ്മൺ‌പാതകളിലൂടെ പ്രാഞ്ചിപ്രാഞ്ചി നടക്കാറുള്ള കണ്ണമ്പിള്ളിത്തറവാട്ടിലെ കാരണവർ ലോനയുടെ മക്കളും മരുമക്കളും പേരക്കിടാങ്ങളുമൊക്കെയായി കക്കാടിലിന്നു കണ്ണമ്പിള്ളി കുടുംബം അഞ്ചുണ്ട്. മൂത്തമകൻ പൌലോസിന്റേയും ഇളയമകൻ ഓസേപ്പിന്റേയും മക്കൾ തട്ടകം വിട്ടുപോകാതെ കക്കാടിൽ‌തന്നെ കുടിയുറപ്പിച്ചു. 

കാതിക്കുടം സൌഭാഗ്യ ആർ‌ട്‌സ് ആൻഡ് സ്‌പോർ‌ട്സ് ക്ലബ്ബിന്റെ എതിരില്ലാത്ത നായകനും ഔസേപ്പുചേട്ടന്റെ മൂത്തമകനുമായ വിത്സൻ കാടുകുറ്റി പഞ്ചായത്തിലെ സംശുദ്ധനായ കോൺഗ്രസ് നേതാവ് വി.കെ.മോഹനനു താങ്ങാകുമെന്നു കരുതിയെങ്കിലും കേരളപോലീസിലേക്കു കിട്ടിയ സെലക്ഷൻ എല്ലാം തകിടംമറിച്ചു. അദ്ദേഹം രാഷ്‌ട്രീയം അവസാനിപ്പിച്ചു പോലീസ് ജീവിതം തുടങ്ങി. ഇപ്പോള് അതിരപ്പിള്ളി റേഞ്ചിൽ പ്രവർത്തിക്കുന്നു.