Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, August 29, 2010

ഡിക്‍ടറ്റീവ് വിത്സന്‍ കണ്ണമ്പിള്ളി - 1


കക്കാട് ചേരിയില്‍‌വീട്ടിൽ മാധവന്‍‌നായരുടെ മുപ്പതുസെന്റ് വിസ്‌താരമുള്ള പറമ്പിന്റെ മൂലയിൽ, നെല്പാടത്തോടു ചേര്‍ന്നു, വാരിക്കുഴിയുടെ മാത്രം വലുപ്പമുള്ള കുളത്തപ്പറ്റി സകലരും അറിയുന്നത് ഇടവപ്പാതി തകര്‍ത്തുപെയ്‌തൊരു സന്ധ്യയിൽ നാരായണന്‍ആശാന്റെ മകൻ ആശാൻ‌കുട്ടി ശിവപ്രസാദ് ലിബറോ ബൈക്കിനൊപ്പം അതിൽ കുളിക്കാനിറങ്ങിയപ്പോഴാണ്. അതോടെ ഒന്നരയേക്കർ വിസ്‌തീര്‍ണ്ണമുള്ള നെല്‍‌പാടത്തു ജലസേചനത്തിനായി മാധവന്‍‌നായർ പണ്ടു കുഴിപ്പിച്ചതും പില്‍ക്കാലത്തു ഉപേക്ഷിക്കപ്പെട്ടതുമായ കുളം കാണാൻ നിരവധിയാളുകൾ എത്തിച്ചേര്‍ന്നു.

ബൈക്കു കുളത്തിലേക്കു മറിഞ്ഞത്, വെള്ളസാരിയണിഞ്ഞു വെണ്‍‌ചാമരം പോലെ നരച്ചതലമുടി അവിരാമം കോതിവിടര്‍ത്തി എല്ലാ സന്ധ്യകളിലും ഉലാര്‍ത്താനിറങ്ങുന്ന മാധവന്‍‌നായരുടെ മാനസികാസ്വാസ്ഥ്യമുള്ള അമ്മൂമ്മയെ കണ്ടതിനാലാണെനു ആശാന്‍‌കുട്ടി ആണയിട്ടെങ്കിലും നാട്ടുകാര്‍ക്കു വിശ്വസനീയമായി തോന്നിയില്ല. സംഭവം നടക്കുന്നതിനു മൂന്നുമാസംമുമ്പു കുലയിടത്തുവച്ചും ഒരുവര്‍ഷം മുമ്പു ചെറാലക്കുന്ന് മൃഗാശുപത്രിപ്പടിക്കൽ വച്ചും ആശാൻ ബൈക്കില്‍‌നിന്നു വീണപ്പോൾ അവിടെയൊക്കെ അമ്മൂമ്മ ഉണ്ടായിരുന്നില്ല എന്നതിനാൽ തന്നെ. നാട്ടിലെ പറച്ചിലുകൾ എന്തായാലും, വീണതു വെള്ളത്തിലായതിനാൽ രക്ഷയായി. ശരീരത്തിനു തട്ടുകേടൊന്നും പറ്റിയില്ല. പക്ഷേ ഇടവപ്പാതിയുടെ പ്രഭാവത്തിൽ വെള്ളംനിറഞ്ഞ കുളത്തിൽ ബൈക്ക് പൂര്‍ണമായും മുങ്ങി. 

സന്ധ്യസമയത്തു ഉപയോഗിക്കപ്പെടാതെ കിടക്കുന്ന കുളത്തിൽ ഇറങ്ങുന്നതു നന്നല്ലെന്ന ഉപദേശത്തെ തുടര്‍ന്നു വാഹനത്തെ പൊക്കിയെടുക്കുന്നതു പിറ്റേന്നത്തേക്കു മാറ്റാൻ ആശാന്‍‌കുട്ടി തീരുമാനിച്ചു. കൂടാതെ ഒരുദിവസം മലവെള്ളത്തിൽ കിടന്നാൽ മൈലേജ് കൂടുമെന്നു ആരോ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ‘അങ്ങിനെയാണെങ്കിൽ കൂടുതൽ ദിവസം കിടന്നോട്ടെ‘ എന്ന ആശാന്റെ നിരുപദ്രവകരമായ ആത്മഗതം കരിനാക്കിന്റെ ഫലമാണുളവാക്കിയത്. പിറ്റേന്നു വെള്ളമിറങ്ങിയില്ല. പകരം മുകളിലോട്ടു കയറി. കുളം പോയിട്ടു റോഡുപോലും കാണാന്‍ പറ്റാത്ത അവസ്ഥ. ചങ്ങാടമിട്ടോ വഞ്ചിയിറക്കിയോ മൈലേജ് കൂടാതെ, ഇടക്കെങ്കിലും പെട്രോളടിക്കാന്‍ പറ്റാവുന്ന തരത്തിലാക്കി, വാഹനം രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയസാധ്യതയില്ലാതെ പിന്‍‌വാങ്ങേണ്ടിവന്നു.

തേമാലിപ്പറമ്പിന്റെ തുടക്കംവരെ കയറിയ മലവെള്ളം നാലുദിവസം കഴിഞ്ഞാണ് ഇറങ്ങിത്തുടങ്ങിയത്. കുളക്കരയിലെ തെങ്ങിന്‍‌തൈകളുടെ തലപ്പുകൾ ഭാഗികമായി വെള്ളത്തിനുമീതെ തലനീട്ടേണ്ട താമസം കല്യാണി വേണുവിന്റെ വീട്ടിലെ പാതാളക്കരണ്ടിയിട്ടു വണ്ടി പൊക്കിയെടുക്കാൻ ആശാന്‍ ശ്രമിച്ചു. വണ്ടി മുക്കാലും ചെളിയിൽ പുതഞ്ഞു പോയിരുന്നതിനാൽ ശ്രമം പരാജയപ്പെട്ടു. ഒടുക്കം മര്യാദാമുക്കിലെ ഏകപരദേശി മര്യാദക്കാരനും ജെസിബി ഓപ്പറേറ്ററുമായ എടത്താടൻ ഷിബു പൊക്ലീന്റെ അറ്റത്തു വടംകെട്ടി ബൈക്ക് പൊന്തിച്ചു. ചെമ്മണ്ണിൽ പുതഞ്ഞ നീല ലിബറോ ചുവന്നനിറത്തിൽ മന്ദംമന്ദം മുഖം കാട്ടവെ ബൈക്കിനൊപ്പം മറ്റൊന്നുകൂടി വടക്കയറിൽ ഉയര്‍ന്നുവന്നു.
ഒരു മനുഷ്യന്റെ അസ്ഥികൂടം!

ഉടനെ ആള്‍ക്കൂട്ടത്തിനിടയിൽ അലമുറ ഉയര്‍ന്നു. “അയ്യോ എന്റെ കൊച്ചനെ...”

ആശാന്‍‌കുട്ടി ശിവപ്രസാദിന്റെ എല്ലാമായ അച്ഛമ്മയില്‍‌നിന്നുയര്‍ന്ന ആര്‍ത്തനാദത്തിന്റെ കാരണം പലര്‍ക്കും മനസ്സിലായിരുന്നെങ്കിലും ആശാനു പിടികിട്ടി. ഒരേ വീട്ടിലാണെങ്കിലും രണ്ടുദിവസമായി അച്ഛമ്മയുമായി കൂടിക്കാഴ്‌ച ഉണ്ടായിട്ടില്ല. ബൈക്ക് തന്റേതാണെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ട്. രംഗം കൂടുതൽ വഷളാക്കേണ്ടെന്നു കരുതി അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയില്‍നിന്നു തിക്കിത്തിരക്കിയെത്തി അച്ഛമ്മയുടെ മുന്നിൽ വന്നുനിന്നു. അതോടെ ഏങ്ങലടികൾ നിലച്ചു. മാനസികരോഗിയായ അമ്മൂമ്മ മാത്രം യാതൊരു ഭാവഭേദവുമില്ലാതെ നീണ്ടുവെളുത്ത തലമുടി അവിരാമം കോതിയൊതുക്കി എങ്ങോട്ടെന്നില്ലാതെ നോക്കിനിന്നു.

മാധവന്‍‌നായരുടെ കുളത്തില്‍‌നിന്നു അസ്ഥികൂടം കിട്ടിയ വാര്‍ത്ത സമീപനാടുകളിൽ പരക്കാൻ ഏറെ നേരമെടുത്തില്ല. ചെറുവാളൂർ പോസ്റ്റോഫീസ് കവലയിലും കാതിക്കുടം ജംങ്ഷനിലും വാര്‍ത്തയെത്തി. ജനം കക്കാടിലേക്കു ഒഴുകി. 

ഒരുമണിക്കൂറിനകം സൈറൺ മുഴക്കി പോലീസ് ജീപ്പെത്തി. കൊരട്ടിപോലീസ് സ്റ്റേഷനിലെ പ്രഗത്ഭനായ എഎസ്‌ഐ വേണുഗോപാൽ കാക്കിയൂണിഫോമിൽ ചാടിയിറങ്ങി. രണ്ടാമത്തെ തവണയായിരുന്നു അദ്ദേഹത്തെ പോലീസ് യൂണിഫോമിൽ നാട്ടുകാർ കാണുന്നത്. ആദ്യകാഴ്‌ച അയ്യങ്കോവ് അമ്പലക്കുളത്തിൽ വിഗ്രഹം തിരയുന്ന സന്ദർഭത്തിലായിരുന്നു. അതിനുശേഷം തീരദേശം റോഡിലൂടെ ജോഗിങ്ങ് നടത്തുന്ന എ‌എസ്‌ഐയെ കാണാമെങ്കിലും അപ്പോഴെല്ലാം വേഷം കള്ളിമുണ്ടും ബനിയനുമായിരിക്കും.

ജീപ്പിൽ‌ നിന്നിറങ്ങി എഎസ്‌ഐ ചുറ്റും കൂടിയിരിക്കുന്നവരെ വീക്ഷിച്ചു. മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി. സകലനാട്ടുകാരും ഇളകിയിട്ടുണ്ട്. പ്രമാദമായേക്കാവുന്ന കേസ്. മീഡിയ കവറേജും വേണ്ടുവോളം ഉണ്ടാകും. ഇതെല്ലാമോര്‍ത്തു അദ്ദേഹം കുളത്തിലേക്കു നടന്നു. അരുകിലെത്തി ആഴം നോക്കാന്‍ എത്തിച്ചുനോക്കി. മലവെള്ളം കൊണ്ടുവന്ന എക്കല്‍മണ്ണു കുഴഞ്ഞുകിടക്കുന്ന കുളം. അതിലെങ്ങാനും വീണാൽ തെക്കോട്ടേക്കു എടുക്കാൻ താമസമുണ്ടാവില്ലെന്നു മനസ്സിലായപ്പോൾ അദ്ദേഹം കുളത്തിനരികില്‍നിന്നു മാറി. ജീപ്പിനടുത്തെത്തി തൊപ്പിയൂരി ബോണറ്റിൽ‌വച്ചു. കുളത്തിന്റെ ഉടമസ്ഥൻ മാധവൻനായരെ വിളിപ്പിച്ചു.

“അടുത്തകാലത്ത് ഇവടെ എത്രാള് വടിയായിട്ട്‌ണ്ട്?”

“രണ്ട് കൊല്ലത്തിനെടക്കാണെങ്കി പതിനൊന്നുപേര്. പക്ഷേ എല്ലാം സ്വാഭാവിക മരണായിരുന്നു“

“മിസിങ്ങ്?”

“ആരൂല്ല”

അടുത്തത് ജെസിബി ഓപ്പറേറ്റർ ഷിബുവിന്റെ ഊഴമായിരുന്നു. എ‌എസ്‌ഐ ചോദ്യംചെയ്യലിന്റെ ട്യൂൺ മാറ്റി.

“പറടാ. നീ പൊക്ലീനീ അസ്ഥികൂടോം കൊണ്ടല്ലേ വന്നേ. അതല്ലേ നീ ആരും കാണാണ്ട് കൊളത്തീ മുക്കീത്”

ആദ്യമായി പോലീസ് ചോദ്യം‌ചെയ്യലിനു വിധേയമാകുന്ന ഷിബു തേങ്ങിക്കരഞ്ഞു. “അല്ല സാറേ. സത്യായിട്ടും ഞാനല്ല. എനിക്ക് എവടന്നു കിട്ടാനാ അസ്ഥികൂടം”

അങ്ങിനെയൊരു സാദ്ധ്യതയെപ്പറ്റി എ‌എസ്‌ഐ ചിന്തിച്ചിരുന്നില്ല. അദ്ദേഹം എഫ്‌ഐ‌ആർ എഴുതി. മേലധികാരിക്കു റിപ്പോർട്ടു ചെയ്തു. രണ്ടാഴ്‌ച കഴിഞ്ഞതോടെ കേസ് ചത്തമട്ടിലായി. പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ അഭാവത്താൽ അന്വേഷണം തരിമ്പും മുന്നോട്ടു നീങ്ങിയില്ല. നീക്കാനായി കേരളപോലീസിനു അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പ്രഗൽ‌ഭനായ സിവിൽ പോലീസ് ഓഫീസർ, കക്കാടുകാരൻ തന്നെയായ, വിത്സൻ കണ്ണമ്പിള്ളിയെ രംഗത്തിറക്കേണ്ടി വന്നു.

കൊരട്ടിമുത്തിയുടെ നാമധേയത്തിലുള്ള സെന്റ്മേരീസ് കുറി നടത്തിയും, ഖദറിട്ടു കക്കാടിൽ രാഷ്ട്രീയം കളിക്കുകയും ചെയ്യവെയാണ് കണ്ണമ്പിള്ളി ഔസേപ്പിന്റെ മൂത്തപുത്രൻ വിത്സനു കേരളപോലീസിൽ പ്രവേശനം കിട്ടുന്നത്. 2001ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുഡി‌എഫിന്റെ കിടിലൻ വിജയത്തിനു പിന്നാലെ മൂവര്‍ണക്കൊടിപിടിച്ചു സൈക്കിളിൽ കല്ലുമടയിലൂടെ സവാരിനടത്തി ഇടതന്മാരു കണ്ണിലെ കരടായി മാറിയിരുന്നു അദ്ദേഹം. ആവേശം മൂത്തു ഷര്‍ട്ടിന്റെ ബട്ടന്‍സിടാതെ സൈക്കിളിൽ കത്തിച്ചുള്ള ആ പോക്കുകണ്ടു കക്കാട്ടെ അനേകം യുവതികൾ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍‌നിന്നു രാജിവച്ചു കോണ്‍ഗ്രസിൽ ചേര്‍ന്നത്രെ. അത്രക്കു എഫക്‍ട്. അങ്ങിനെയുള്ള വിത്സന്‍ രാഷ്ട്രീയം മതിയാക്കി കേരളപോലീസിൽ ചേര്‍ന്നത് കക്കാടിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കു അടിച്ച ലോട്ടറിയായിരുന്നു.

രാഷ്ട്രീയം കളിക്കുന്നതിനിടയിലും, ചിട്ടി നടത്തുന്നതിനിടയിലും കൊച്ചിലേ തലക്കുപിടിച്ച അപസര്‍പ്പക കഥകളോടുള്ള കമ്പം വിത്സൻ നിലനിര്‍ത്തിയിരുന്നു. കൌമാരകാലത്തു ഷെര്‍ലക്ക് ഹോംസ് നോവലുകൾ വായിച്ചു ത്രില്ലടിച്ച അദ്ദേഹം കൈപ്പുഴവീട്ടിൽ ലോഹുച്ചേട്ടന്റെ ദിവസം എട്ടുലിറ്റർ പാലുതരുന്ന കറുമ്പിപശുവിന്റെ ചെവിയിൽ കുത്തിയ ചെമ്പുതകിട് നഷ്ടമായി അരമണിക്കൂറിനുള്ളിൽ തിരികെയെത്തിച്ചു നാട്ടുകാര്‍ക്കു മുന്നിൽ പ്രതിഭ തെളിയിച്ചിരുന്നു. തേമാലിപ്പറമ്പിലെ തരിശുസ്ഥലത്തു കാണാത്ത ചെമ്പുതകിടു അതിര്‍ത്തിക്കരുകിലെ വട്ടമാവിന്റെ ചുവട്ടിലെ ചൂടാറാത്ത ചാണകത്തില്‍‌നിന്നു കണ്ടുപിടിച്ചത് എങ്ങിനെയാണെന്നു ഇക്കാലത്തുപോലും അദ്ദേഹം ആരോടും വെളിപ്പെടുത്തിയിട്ടില്ല. അന്നുമുതലേ വിത്സനിൽ ഒരു ഭാവി ഡിറ്റക്‍ടീവിനെ നാട്ടുകാർ ദര്‍ശിച്ചിരുന്നു. അതു ശരിവച്ചാണ് 2003ൽ അദ്ദേഹം കേരളപോലീസിൽ ചേരുന്നത്.

കേസ് അന്വേഷണത്തിനിടയിൽ പ്രതികളില്‍‌നിന്നു കായികമായ ആക്രമണം ഉണ്ടാകുമെന്ന സംശയത്തിൽ വിത്സനു സഹായത്തിനായി എസ്‌പി ഒരാളെ വിട്ടുകൊടുത്തു. കൊരട്ടി കട്ടപ്പുറം നാട്ടുകാരനും, മുന്‍‌ മിസ്റ്റർ ഇന്ത്യ ബഷീറിന്റെ ശിഷ്യനെന്നു പറയപ്പെടുന്ന കൊരട്ടി ബിജുവിന്റെ ‘കൊരട്ടി കട്ടാസ്’ ജിമ്മിലെ നമ്പർ‌വൺ കട്ടയുമായ ഷാജുവിനായിരുന്നു ആ നിയോഗം. ഉച്ചിയിലെ കഷണ്ടിയില്‍വരെ മസിലുണ്ടെന്നായിരുന്നു ഷാജുവിനെപ്പറ്റിയുള്ള പറച്ചിൽ. സമീപനാട്ടുകാരനും പലകാര്യത്തിലും ഒരേ മാനറിസങ്ങളുമുള്ള ഷാജുവിന്റെ സാന്നിധ്യം വിത്സന്റെ കഴിവുകള്‍ക്കു ഉണര്‍വേകിയെന്നത് പകല്‍‌പോലെ വ്യക്തമായിരുന്നു. സച്ചിന്‍ ടെന്‍‌ഡുല്‍ക്കറിനെപ്പോലെ സാന്നിധ്യം ഒന്നുകൊണ്ടു മാത്രം കൂടെയുള്ളവര്‍ക്കു ഉത്തേജനം കിട്ടുന്ന അവസ്ഥ. അതിന്റെ പുറത്താകണം ഡിറ്റക്‍ടീവ് വിത്സൻ കണ്ണമ്പിള്ളി വെറും മൂന്നുദിവസം കൊണ്ടു അസ്ഥികൂടം ആരുടേതാണെന്നു തെളിയിച്ചുകളഞ്ഞത്!.

കൊരട്ടി പോലീസ് സ്റ്റേഷനിലെ എ‌എസ്‌ഐ വേണുഗോപാൽ തയ്യാറാക്കിയ ഫസ്റ്റ് ഇന്‍ഫോര്‍മേഷൻ റിപ്പോര്‍ട്ടിൽ ഒറ്റവായനയിൽ തന്നെ ഒരുപാടു അപാകതകളുള്ളത് വിത്സൻ ശ്രദ്ധിച്ചു. അസ്ഥികൂടം സ്ത്രീയുടേതാണെന്നു തറപ്പിച്ചു എഴുതിയ എഫ്‌ഐ‌ആറിൽ അതിനു കാരണമായി പറഞ്ഞിരിക്കുന്നത് മനോവിഭ്രാന്തിയുള്ള അമ്മൂമ്മ എന്നും സന്ധ്യക്കു കുളക്കരയിൽ തലമുടി കോതിക്കൊണ്ടു ഉലാര്‍ത്താറുള്ളതാണ്. അതിന്മേൽ അമ്മൂമ്മക്കു പ്രിയപ്പെട്ട ആരോ കുളത്തിൽ മരിച്ചിട്ടുണ്ടെന്നും അതൊരു സ്ത്രീയാകാനാണ് സാദ്ധ്യതയെന്നും എഫ്‌ഐ‌ആറിൽ തെളിവുകളില്ലാതെ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. അപ്രായോഗികമായ ഊഹങ്ങളെ കൂട്ടിയിണക്കിയുള്ള ആ നിഗമനം ഡിക്ടറ്റീവ് ആദ്യവായനയിൽ തന്നെ തള്ളിക്കളഞ്ഞു.

അന്വേഷണത്തിന്റെ ആദ്യപടിയായി വിത്സൻ സമീപിച്ചത് അസ്ഥികൂടത്തിന്റെ ഫോറന്‍സിക് പരിശോധന നടത്തിയ ഡോക്ടറെയാണ്. അതിനുശേഷം നാട്ടിൽ പ്രായമായ പലരോടും പ്രത്യക്ഷത്തിൽ നിസാരമെന്നു തോന്നാവുന്ന ഏതാനും ചോദ്യങ്ങൾ ചോദിച്ചു. സ്വന്തം തട്ടകത്തു ഒതുങ്ങിനില്‍ക്കാതെ സമീപപ്രദേശങ്ങളിലും പ്രസ്‌തുതചോദ്യങ്ങളുമായി അലഞ്ഞു. ഒടുക്കം അന്വേഷണം ഏറ്റെടുത്തു മൂന്നുദിവസം തികഞ്ഞപ്പോൾ അന്വേഷണറിപ്പോര്‍ട്ട് ഡിജിപിക്കു സമര്‍പ്പിച്ചു. പിറ്റേന്നു തൈക്കൂട്ടത്തു താമസിക്കുന്ന ഇടത്തരം സാമ്പത്തികമുള്ള സദാശിവന്റെ കുടുംബം എസ്‌പിയുമായി കൂടിക്കാഴ്ച നടത്തി അസ്ഥികൂടം ഏറ്റെടുത്തു. ആചാരപ്രകാരം സംസ്‌കരിച്ചു കര്‍മ്മങ്ങൾ ചെയ്തു. അതോടെ സംഭവത്തിനു തിരശ്ശീല വീണു. പക്ഷേ നാട്ടുകാരിൽ ആകാംക്ഷ വാനോളമുയര്‍ന്നു.

ഡിറ്റക്ടീവ് വിത്സൻ കണ്ണമ്പിള്ളി എന്തു മാജിക്കാണ് കാണിച്ചത്!

(തുടരും...)

29 comments:

 1. ഒടുക്കം കക്കാട് മര്യാദാമുക്കിലെ ഏകപരദേശി മര്യാദക്കാരനും ജെസിബി ഓപ്പറേറ്ററുമായ അന്നമനടക്കാരന്‍ ഷിബു പൊക്ലീന്റെ അറ്റത്തു വടംകെട്ടി ബൈക്ക് പൊന്തിച്ചു. ചെമ്മണ്ണില്‍ പുതഞ്ഞ നീല ലിബറോ ചുവന്നനിറത്തില്‍ മന്ദംമന്ദം മുഖം കാട്ടവെ ബൈക്കിനൊപ്പം മറ്റൊന്നുകൂടി വടക്കയറില്‍ ഉയര്ന്നു വന്നു.

  ഒരു മനുഷ്യന്റെ അസ്ഥികൂടം !!


  ഒരിടവേളക്കു ശേഷം കക്കാടിന്റെ പുരാവൃത്തങ്ങളില്‍ വീണ്ടുമൊരു ‘സമ്പൂര്‍ണ പുരാവൃത്തം’.‍‌കണ്ണമ്പിള്ളി ബ്രദേഴ്‌സിനു ശേഷം വീണ്ടുമൊരു ‘കണ്ണമ്പിള്ളി‘ പോസ്റ്റ്’.

  എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ | ഉപാസന | സുപാസന

  ReplyDelete
 2. ഇതൊരു മാതിരി "മനോരമ" പരുപാടിയായിപ്പോയി....
  നല്ല ഗുംമായി വന്നപ്പോ നിര്‍ത്തിക്കളഞ്ഞത്.....
  X-(

  ReplyDelete
 3. ആരാണ്ടാ മാത്തുക്കുട്ടിച്ചായന്റെ പത്രത്തിനെ കുറ്റം പറയുന്നേ..?
  :-)

  ReplyDelete
 4. സുനിലേ , നന്നായിട്ടുണ്ട്. ചിലയിടങ്ങളിലെ നര്‍മ്മവും എല്ലാം.. കഥ മുഴുവനാകട്ടെ.. എന്നിട്ട് അഭിപ്രായം പറയാം.
  മത്താപ്പിനോട് ക്ഷമിക്കെന്നേ . മനോരമ പത്രത്തെയാവില്ല വീക്കിലിയെ അവും മത്താപ്പ് ഉദ്ദേശിച്ചേ :)

  ReplyDelete
 5. ബാക്കികൂടെ പോരട്ടെ.

  ReplyDelete
 6. ആസ്വാദ്യകരമായ ഈ ബഷീറിയന്‍ ശൈലി
  അഭിനന്ദനാര്‍ഹം. എഴുത്തിലെ ദിശാ വ്യതിയാനം
  നിലനിറുത്തുക. ആശംസകള്‍

  ReplyDelete
 7. ‍‌കണ്ണമ്പിള്ളി ബ്രദേഴ്‌സിനു ശേഷം വീണ്ടുമൊരു ‘കണ്ണമ്പിള്ളി‘ പോസ്റ്റ്.... കൊള്ളാം... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
  ആശംസകൾ ...

  ReplyDelete
 8. പതിവ് പോലെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു..

  ReplyDelete
 9. @ ജയിംസ് സര്‍

  എന്റെ എഴുത്തില്‍ ബഷീറിയന്‍ ശൈലി ഇല്ലെന്നാണ് ഞാന്‍ ഇന്നുവരെ കരുതിയിട്ടുള്ളത്. കാരണം അദ്ദേഹത്തിന്റെ രചനകള്‍ എന്നെ സ്വാധീനിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ. :-)

  ‘എന്റെ ഉപാസന’യിലെ ഒന്നുരണ്ടു കഥകളില്‍ ചില ഭാഗങ്ങളില്‍ ഒ.വി.വിജയന്റെ ശൈലി ഉണ്ടെന്നു ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. അതു ന്യായമാകാനേ വഴിയുള്ളൂ. പക്ഷേ ബേപ്പൂര്‍ സുല്‍ത്താന്‍..? നോ ചാന്‍സ് ഭായ്. വന്നെങ്കില്‍ തന്നെ തികച്ചും യാദൃശ്ചികമാണ്

  ആദ്യവരവിനും നല്ല കമന്റിനും പ്രണാമം.
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ReplyDelete
 10. എന്ത് മാജിക്കായിരിക്കും?
  കാത്തിരിക്കുന്നു.

  ReplyDelete
 11. എന്തായിരിക്കും ആ മാജിക്...

  ReplyDelete
 12. സംഭവം നടക്കുന്നതിനു മൂന്നുമാസംമുമ്പു കുലയിടത്തുവച്ചും ഒരുവര്‍ഷം മുമ്പു ചെറാലക്കുന്നു മൃഗാസ്‌പത്രിപ്പടിക്കല്‍ വച്ചും ആശാന്‍ ബൈക്കില്‍‌നിന്നു വീണപ്പോള്‍ അവിടെയൊക്കെ അമ്മൂമ്മ ഉണ്ടായിരുന്നില്ല...super...adutha bagathinaayi kaathirikkunnu....

  ReplyDelete
 13. ബാക്കി എവിടെ? :-)

  ReplyDelete
 14. കഥ ചൂടുപിടിച്ചു വന്നാപ്പോള്‍ പെട്ടെന്ന് നിര്‍ത്തിക്കളഞ്ഞു-ഒരു അനുഭവം വിവരിക്കുന്നത് പോലെ കഥ പറഞ്ഞു.
  അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

  ReplyDelete
 15. ethu oru mathiri serial pole aayi..

  enni ethu vare kathayil illatha arudeyenkilum anno ee അസ്ഥികൂടം ?

  ReplyDelete
 16. ഇനിയിപ്പോ കാത്തിരിക്കുക തന്നെ, അല്ലാതെന്തു ചെയ്യാൻ!

  ReplyDelete
 17. enni ethu vare kathayil illatha arudeyenkilum anno ee അസ്ഥികൂടം

  ഇതു പോലൊരു മണ്ടന്‍ ചോദ്യം നീ മാത്രമേ ചോദിക്കൂ പിള്ളേ
  ;-))

  ReplyDelete
 18. oru SN swamy style katha anno etho?
  atho "detective movie" style story?

  ReplyDelete
 19. സുനിലേ ,
  അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.പോസ്റ്റിടുമ്പോള്‍
  അറിയിക്കണം.

  ReplyDelete
 20. തുടക്കം ഇഷ്ടപ്പെട്ടു.

  ബാക്കി വരട്ടെ!

  ReplyDelete
 21. So far so good..Feels very clean and tidy..Waiting for the rest..
  Dinesh

  ReplyDelete
 22. മത്താപ്പ് : അതു ഒരു നമ്പറാണ്...

  മനോരാജ് : വായിക്കാന്‍ കൊള്ളാവുന്നതായാല്‍ മതി, നര്‍മ്മമില്ലെങ്കിലും. അത് വീക്കിലി തന്നെയാണെന്നു തോന്നുന്നു :-)

  ക്രിഷണ്ണാ : അണ്ണന്‍ പറഞ്ഞതോണ്ട് ഞാന്‍ രണ്ടാം ഭാഗം പബ്ലിഷ് ചെയ്യും. :-)

  ജയിംസ് സര്‍ : ഒരോ പോസ്റ്റുകള്‍ തമ്മില്‍ അല്പം വ്യതിരിക്തത ഉണ്ടായിരിക്കാന്‍ ശ്രമിക്കാറുണ്ട്. ഫലിക്കാറുണ്ടോ എന്നു വായനക്കാര്‍ തീരുമാനിക്കട്ടെ. ആദ്യവരവിനു പ്രണാമം. :-)

  ഗോപന്‍ ഭായ് : കൊറേയല്ലാ കണ്ടിട്ട്. അങ്ങടും അതുപോലെ തന്നെ. വീണ്ടുമെത്തിയതില്‍ സന്തോഷം.

  അരുണ്‍ : ഒരാഴ്‌ച വെയിറ്റ് ചെയ്യൂ. എഴുതിക്കൊണ്ടിരിക്കുകയാണ്.

  എല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ | ഉപാസന | സുപാസന

  ReplyDelete
 23. ഞാന്‍ : അരുണിനോടു പറഞ്ഞതുതന്നെ പറയുന്നു. :-‌)

  ശ്രീ : ചിരിച്ചോ

  ചെറുവാടി : മാജിക്കല്ല. നല്ല അസ്സല്‍ തലച്ചോറുകൊണ്ടു സോള്‍വ് ചെയ്തതാണ്. ആദ്യസന്ദര്‍ശനത്തിനു കൂപ്പുകൈ.

  സുല്ലിക്ക : എഞെങ്കിലുമാകട്ടെ കേസ് തെളിഞ്ഞാല്‍ പോരേ :-)

  ഓട്ടക്കാലണ : ഓരോ തവണ നിന്റെ കമന്റ് വായിക്കുമ്പോഴും ഞാന്‍ ‘ഓട്ടക്കാലണ’ എന്ന പ്രൊഫൈല്‍ പേരിലെ ക്രിയേറ്റിവിറ്റിയെ പറ്റി ആലൊചിക്കും. എങ്ങിനെ കിട്ടി സഖേ ഈ സുന്ദരമായ പേര്. അസൂയപ്പെടുത്തുന്നു. :-)

  എല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ | ഉപാസന | സുപാസന

  ReplyDelete
 24. മിസ്റ്റര്‍ കെ : വരും വരാതിരിക്കില്ല. കെ ഉണ്ടാകുമോ എന്തോ. ആദ്യവര്‍5അവിന്മു നന്ദി

  ജ്യോ : വീണ്ടും ചൂടുപിടിപ്പിക്കാം ഞാന്‍

  പിള്ളേ : എന്തുവാടേ ഇത്. ഡിക്‍ടറ്റീവ് സീരിയല്‍ ആണോ ഉദ്ദേശിച്ചെ :-)

  എഴുത്തുകാരി : അധികം നാള്‍ വേണ്ടിവരില്ല ചേച്ചി. :-)

  പിള്ളേ : എസ്.എന്‍.സ്വാമിയും ഡിക്ടറ്റീവ് മൂവിയും തമ്മിലുള്ള റിലേഷന്‍ നിനക്കറിയില്ല അല്ലേ :-)

  കുസുമേച്ചി : ഫോള്ളോ ചെയ്തിട്ടുണ്ടല്ലോ. അപ്പോള്‍ ഡാഷ്‌ബോര്‍ഡില്‍ ആട്ടോമാറ്റിക്കായി കിട്ടും. അല്ലെങ്കില്‍ ഞാന്‍ എന്റെ മെയില്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നുണ്ട്

  ജയന്‍ സാര്‍ : വരും...

  എല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.
  :-)
  എന്നും സ്നേഹത്തോടെ
  സുനില്‍ | ഉപാസന | സുപാസന

  ReplyDelete
 25. രണ്ടാ‍ം ഭാഗമാണാദ്യം വായിച്ചത്. പിന്നെ വന്നതാ ഇവിടെ.
  നന്നായിട്ടുണ്ട്.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 26. super ayitundu ttooo

  ReplyDelete