Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, August 29, 2010

ഡിക്‍ടറ്റീവ് വിത്സന്‍ കണ്ണമ്പിള്ളി - 1


കക്കാട് ചേരിയില്‍‌വീട്ടിൽ മാധവന്‍‌നായരുടെ മുപ്പതുസെന്റ് വിസ്‌താരമുള്ള പറമ്പിന്റെ മൂലയിൽ, നെല്പാടത്തോടു ചേര്‍ന്നു, വാരിക്കുഴിയുടെ മാത്രം വലുപ്പമുള്ള കുളത്തപ്പറ്റി സകലരും അറിയുന്നത് ഇടവപ്പാതി തകര്‍ത്തുപെയ്‌തൊരു സന്ധ്യയിൽ നാരായണന്‍ആശാന്റെ മകൻ ആശാൻ‌കുട്ടി ശിവപ്രസാദ് ലിബറോ ബൈക്കിനൊപ്പം അതിൽ കുളിക്കാനിറങ്ങിയപ്പോഴാണ്. അതോടെ ഒന്നരയേക്കർ വിസ്‌തീര്‍ണ്ണമുള്ള നെല്‍‌പാടത്തു ജലസേചനത്തിനായി മാധവന്‍‌നായർ പണ്ടു കുഴിപ്പിച്ചതും പില്‍ക്കാലത്തു ഉപേക്ഷിക്കപ്പെട്ടതുമായ കുളം കാണാൻ നിരവധിയാളുകൾ എത്തിച്ചേര്‍ന്നു.

ബൈക്കു കുളത്തിലേക്കു മറിഞ്ഞത്, വെള്ളസാരിയണിഞ്ഞു വെണ്‍‌ചാമരം പോലെ നരച്ചതലമുടി അവിരാമം കോതിവിടര്‍ത്തി എല്ലാ സന്ധ്യകളിലും ഉലാര്‍ത്താനിറങ്ങുന്ന മാധവന്‍‌നായരുടെ മാനസികാസ്വാസ്ഥ്യമുള്ള അമ്മൂമ്മയെ കണ്ടതിനാലാണെനു ആശാന്‍‌കുട്ടി ആണയിട്ടെങ്കിലും നാട്ടുകാര്‍ക്കു വിശ്വസനീയമായി തോന്നിയില്ല. സംഭവം നടക്കുന്നതിനു മൂന്നുമാസംമുമ്പു കുലയിടത്തുവച്ചും ഒരുവര്‍ഷം മുമ്പു ചെറാലക്കുന്ന് മൃഗാശുപത്രിപ്പടിക്കൽ വച്ചും ആശാൻ ബൈക്കില്‍‌നിന്നു വീണപ്പോൾ അവിടെയൊക്കെ അമ്മൂമ്മ ഉണ്ടായിരുന്നില്ല എന്നതിനാൽ തന്നെ. നാട്ടിലെ പറച്ചിലുകൾ എന്തായാലും, വീണതു വെള്ളത്തിലായതിനാൽ രക്ഷയായി. ശരീരത്തിനു തട്ടുകേടൊന്നും പറ്റിയില്ല. പക്ഷേ ഇടവപ്പാതിയുടെ പ്രഭാവത്തിൽ വെള്ളംനിറഞ്ഞ കുളത്തിൽ ബൈക്ക് പൂര്‍ണമായും മുങ്ങി. 

സന്ധ്യസമയത്തു ഉപയോഗിക്കപ്പെടാതെ കിടക്കുന്ന കുളത്തിൽ ഇറങ്ങുന്നതു നന്നല്ലെന്ന ഉപദേശത്തെ തുടര്‍ന്നു വാഹനത്തെ പൊക്കിയെടുക്കുന്നതു പിറ്റേന്നത്തേക്കു മാറ്റാൻ ആശാന്‍‌കുട്ടി തീരുമാനിച്ചു. കൂടാതെ ഒരുദിവസം മലവെള്ളത്തിൽ കിടന്നാൽ മൈലേജ് കൂടുമെന്നു ആരോ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ‘അങ്ങിനെയാണെങ്കിൽ കൂടുതൽ ദിവസം കിടന്നോട്ടെ‘ എന്ന ആശാന്റെ നിരുപദ്രവകരമായ ആത്മഗതം കരിനാക്കിന്റെ ഫലമാണുളവാക്കിയത്. പിറ്റേന്നു വെള്ളമിറങ്ങിയില്ല. പകരം മുകളിലോട്ടു കയറി. കുളം പോയിട്ടു റോഡുപോലും കാണാന്‍ പറ്റാത്ത അവസ്ഥ. ചങ്ങാടമിട്ടോ വഞ്ചിയിറക്കിയോ മൈലേജ് കൂടാതെ, ഇടക്കെങ്കിലും പെട്രോളടിക്കാന്‍ പറ്റാവുന്ന തരത്തിലാക്കി, വാഹനം രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയസാധ്യതയില്ലാതെ പിന്‍‌വാങ്ങേണ്ടിവന്നു.

തേമാലിപ്പറമ്പിന്റെ തുടക്കംവരെ കയറിയ മലവെള്ളം നാലുദിവസം കഴിഞ്ഞാണ് ഇറങ്ങിത്തുടങ്ങിയത്. കുളക്കരയിലെ തെങ്ങിന്‍‌തൈകളുടെ തലപ്പുകൾ ഭാഗികമായി വെള്ളത്തിനുമീതെ തലനീട്ടേണ്ട താമസം കല്യാണി വേണുവിന്റെ വീട്ടിലെ പാതാളക്കരണ്ടിയിട്ടു വണ്ടി പൊക്കിയെടുക്കാൻ ആശാന്‍ ശ്രമിച്ചു. വണ്ടി മുക്കാലും ചെളിയിൽ പുതഞ്ഞു പോയിരുന്നതിനാൽ ശ്രമം പരാജയപ്പെട്ടു. ഒടുക്കം മര്യാദാമുക്കിലെ ഏകപരദേശി മര്യാദക്കാരനും ജെസിബി ഓപ്പറേറ്ററുമായ എടത്താടൻ ഷിബു പൊക്ലീന്റെ അറ്റത്തു വടംകെട്ടി ബൈക്ക് പൊന്തിച്ചു. ചെമ്മണ്ണിൽ പുതഞ്ഞ നീല ലിബറോ ചുവന്നനിറത്തിൽ മന്ദംമന്ദം മുഖം കാട്ടവെ ബൈക്കിനൊപ്പം മറ്റൊന്നുകൂടി വടക്കയറിൽ ഉയര്‍ന്നുവന്നു.
ഒരു മനുഷ്യന്റെ അസ്ഥികൂടം!

ഉടനെ ആള്‍ക്കൂട്ടത്തിനിടയിൽ അലമുറ ഉയര്‍ന്നു. “അയ്യോ എന്റെ കൊച്ചനെ...”

ആശാന്‍‌കുട്ടി ശിവപ്രസാദിന്റെ എല്ലാമായ അച്ഛമ്മയില്‍‌നിന്നുയര്‍ന്ന ആര്‍ത്തനാദത്തിന്റെ കാരണം പലര്‍ക്കും മനസ്സിലായിരുന്നെങ്കിലും ആശാനു പിടികിട്ടി. ഒരേ വീട്ടിലാണെങ്കിലും രണ്ടുദിവസമായി അച്ഛമ്മയുമായി കൂടിക്കാഴ്‌ച ഉണ്ടായിട്ടില്ല. ബൈക്ക് തന്റേതാണെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ട്. രംഗം കൂടുതൽ വഷളാക്കേണ്ടെന്നു കരുതി അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയില്‍നിന്നു തിക്കിത്തിരക്കിയെത്തി അച്ഛമ്മയുടെ മുന്നിൽ വന്നുനിന്നു. അതോടെ ഏങ്ങലടികൾ നിലച്ചു. മാനസികരോഗിയായ അമ്മൂമ്മ മാത്രം യാതൊരു ഭാവഭേദവുമില്ലാതെ നീണ്ടുവെളുത്ത തലമുടി അവിരാമം കോതിയൊതുക്കി എങ്ങോട്ടെന്നില്ലാതെ നോക്കിനിന്നു.

മാധവന്‍‌നായരുടെ കുളത്തില്‍‌നിന്നു അസ്ഥികൂടം കിട്ടിയ വാര്‍ത്ത സമീപനാടുകളിൽ പരക്കാൻ ഏറെ നേരമെടുത്തില്ല. ചെറുവാളൂർ പോസ്റ്റോഫീസ് കവലയിലും കാതിക്കുടം ജംങ്ഷനിലും വാര്‍ത്തയെത്തി. ജനം കക്കാടിലേക്കു ഒഴുകി. 

ഒരുമണിക്കൂറിനകം സൈറൺ മുഴക്കി പോലീസ് ജീപ്പെത്തി. കൊരട്ടിപോലീസ് സ്റ്റേഷനിലെ പ്രഗത്ഭനായ എഎസ്‌ഐ വേണുഗോപാൽ കാക്കിയൂണിഫോമിൽ ചാടിയിറങ്ങി. രണ്ടാമത്തെ തവണയായിരുന്നു അദ്ദേഹത്തെ പോലീസ് യൂണിഫോമിൽ നാട്ടുകാർ കാണുന്നത്. ആദ്യകാഴ്‌ച അയ്യങ്കോവ് അമ്പലക്കുളത്തിൽ വിഗ്രഹം തിരയുന്ന സന്ദർഭത്തിലായിരുന്നു. അതിനുശേഷം തീരദേശം റോഡിലൂടെ ജോഗിങ്ങ് നടത്തുന്ന എ‌എസ്‌ഐയെ കാണാമെങ്കിലും അപ്പോഴെല്ലാം വേഷം കള്ളിമുണ്ടും ബനിയനുമായിരിക്കും.

ജീപ്പിൽ‌ നിന്നിറങ്ങി എഎസ്‌ഐ ചുറ്റും കൂടിയിരിക്കുന്നവരെ വീക്ഷിച്ചു. മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി. സകലനാട്ടുകാരും ഇളകിയിട്ടുണ്ട്. പ്രമാദമായേക്കാവുന്ന കേസ്. മീഡിയ കവറേജും വേണ്ടുവോളം ഉണ്ടാകും. ഇതെല്ലാമോര്‍ത്തു അദ്ദേഹം കുളത്തിലേക്കു നടന്നു. അരുകിലെത്തി ആഴം നോക്കാന്‍ എത്തിച്ചുനോക്കി. മലവെള്ളം കൊണ്ടുവന്ന എക്കല്‍മണ്ണു കുഴഞ്ഞുകിടക്കുന്ന കുളം. അതിലെങ്ങാനും വീണാൽ തെക്കോട്ടേക്കു എടുക്കാൻ താമസമുണ്ടാവില്ലെന്നു മനസ്സിലായപ്പോൾ അദ്ദേഹം കുളത്തിനരികില്‍നിന്നു മാറി. ജീപ്പിനടുത്തെത്തി തൊപ്പിയൂരി ബോണറ്റിൽ‌വച്ചു. കുളത്തിന്റെ ഉടമസ്ഥൻ മാധവൻനായരെ വിളിപ്പിച്ചു.

“അടുത്തകാലത്ത് ഇവടെ എത്രാള് വടിയായിട്ട്‌ണ്ട്?”

“രണ്ട് കൊല്ലത്തിനെടക്കാണെങ്കി പതിനൊന്നുപേര്. പക്ഷേ എല്ലാം സ്വാഭാവിക മരണായിരുന്നു“

“മിസിങ്ങ്?”

“ആരൂല്ല”

അടുത്തത് ജെസിബി ഓപ്പറേറ്റർ ഷിബുവിന്റെ ഊഴമായിരുന്നു. എ‌എസ്‌ഐ ചോദ്യംചെയ്യലിന്റെ ട്യൂൺ മാറ്റി.

“പറടാ. നീ പൊക്ലീനീ അസ്ഥികൂടോം കൊണ്ടല്ലേ വന്നേ. അതല്ലേ നീ ആരും കാണാണ്ട് കൊളത്തീ മുക്കീത്”

ആദ്യമായി പോലീസ് ചോദ്യം‌ചെയ്യലിനു വിധേയമാകുന്ന ഷിബു തേങ്ങിക്കരഞ്ഞു. “അല്ല സാറേ. സത്യായിട്ടും ഞാനല്ല. എനിക്ക് എവടന്നു കിട്ടാനാ അസ്ഥികൂടം”

അങ്ങിനെയൊരു സാദ്ധ്യതയെപ്പറ്റി എ‌എസ്‌ഐ ചിന്തിച്ചിരുന്നില്ല. അദ്ദേഹം എഫ്‌ഐ‌ആർ എഴുതി. മേലധികാരിക്കു റിപ്പോർട്ടു ചെയ്തു. രണ്ടാഴ്‌ച കഴിഞ്ഞതോടെ കേസ് ചത്തമട്ടിലായി. പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ അഭാവത്താൽ അന്വേഷണം തരിമ്പും മുന്നോട്ടു നീങ്ങിയില്ല. നീക്കാനായി കേരളപോലീസിനു അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പ്രഗൽ‌ഭനായ സിവിൽ പോലീസ് ഓഫീസർ, കക്കാടുകാരൻ തന്നെയായ, വിത്സൻ കണ്ണമ്പിള്ളിയെ രംഗത്തിറക്കേണ്ടി വന്നു.

കൊരട്ടിമുത്തിയുടെ നാമധേയത്തിലുള്ള സെന്റ്മേരീസ് കുറി നടത്തിയും, ഖദറിട്ടു കക്കാടിൽ രാഷ്ട്രീയം കളിക്കുകയും ചെയ്യവെയാണ് കണ്ണമ്പിള്ളി ഔസേപ്പിന്റെ മൂത്തപുത്രൻ വിത്സനു കേരളപോലീസിൽ പ്രവേശനം കിട്ടുന്നത്. 2001ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുഡി‌എഫിന്റെ കിടിലൻ വിജയത്തിനു പിന്നാലെ മൂവര്‍ണക്കൊടിപിടിച്ചു സൈക്കിളിൽ കല്ലുമടയിലൂടെ സവാരിനടത്തി ഇടതന്മാരു കണ്ണിലെ കരടായി മാറിയിരുന്നു അദ്ദേഹം. ആവേശം മൂത്തു ഷര്‍ട്ടിന്റെ ബട്ടന്‍സിടാതെ സൈക്കിളിൽ കത്തിച്ചുള്ള ആ പോക്കുകണ്ടു കക്കാട്ടെ അനേകം യുവതികൾ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍‌നിന്നു രാജിവച്ചു കോണ്‍ഗ്രസിൽ ചേര്‍ന്നത്രെ. അത്രക്കു എഫക്‍ട്. അങ്ങിനെയുള്ള വിത്സന്‍ രാഷ്ട്രീയം മതിയാക്കി കേരളപോലീസിൽ ചേര്‍ന്നത് കക്കാടിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കു അടിച്ച ലോട്ടറിയായിരുന്നു.

രാഷ്ട്രീയം കളിക്കുന്നതിനിടയിലും, ചിട്ടി നടത്തുന്നതിനിടയിലും കൊച്ചിലേ തലക്കുപിടിച്ച അപസര്‍പ്പക കഥകളോടുള്ള കമ്പം വിത്സൻ നിലനിര്‍ത്തിയിരുന്നു. കൌമാരകാലത്തു ഷെര്‍ലക്ക് ഹോംസ് നോവലുകൾ വായിച്ചു ത്രില്ലടിച്ച അദ്ദേഹം കൈപ്പുഴവീട്ടിൽ ലോഹുച്ചേട്ടന്റെ ദിവസം എട്ടുലിറ്റർ പാലുതരുന്ന കറുമ്പിപശുവിന്റെ ചെവിയിൽ കുത്തിയ ചെമ്പുതകിട് നഷ്ടമായി അരമണിക്കൂറിനുള്ളിൽ തിരികെയെത്തിച്ചു നാട്ടുകാര്‍ക്കു മുന്നിൽ പ്രതിഭ തെളിയിച്ചിരുന്നു. തേമാലിപ്പറമ്പിലെ തരിശുസ്ഥലത്തു കാണാത്ത ചെമ്പുതകിടു അതിര്‍ത്തിക്കരുകിലെ വട്ടമാവിന്റെ ചുവട്ടിലെ ചൂടാറാത്ത ചാണകത്തില്‍‌നിന്നു കണ്ടുപിടിച്ചത് എങ്ങിനെയാണെന്നു ഇക്കാലത്തുപോലും അദ്ദേഹം ആരോടും വെളിപ്പെടുത്തിയിട്ടില്ല. അന്നുമുതലേ വിത്സനിൽ ഒരു ഭാവി ഡിറ്റക്‍ടീവിനെ നാട്ടുകാർ ദര്‍ശിച്ചിരുന്നു. അതു ശരിവച്ചാണ് 2003ൽ അദ്ദേഹം കേരളപോലീസിൽ ചേരുന്നത്.

കേസ് അന്വേഷണത്തിനിടയിൽ പ്രതികളില്‍‌നിന്നു കായികമായ ആക്രമണം ഉണ്ടാകുമെന്ന സംശയത്തിൽ വിത്സനു സഹായത്തിനായി എസ്‌പി ഒരാളെ വിട്ടുകൊടുത്തു. കൊരട്ടി കട്ടപ്പുറം നാട്ടുകാരനും, മുന്‍‌ മിസ്റ്റർ ഇന്ത്യ ബഷീറിന്റെ ശിഷ്യനെന്നു പറയപ്പെടുന്ന കൊരട്ടി ബിജുവിന്റെ ‘കൊരട്ടി കട്ടാസ്’ ജിമ്മിലെ നമ്പർ‌വൺ കട്ടയുമായ ഷാജുവിനായിരുന്നു ആ നിയോഗം. ഉച്ചിയിലെ കഷണ്ടിയില്‍വരെ മസിലുണ്ടെന്നായിരുന്നു ഷാജുവിനെപ്പറ്റിയുള്ള പറച്ചിൽ. സമീപനാട്ടുകാരനും പലകാര്യത്തിലും ഒരേ മാനറിസങ്ങളുമുള്ള ഷാജുവിന്റെ സാന്നിധ്യം വിത്സന്റെ കഴിവുകള്‍ക്കു ഉണര്‍വേകിയെന്നത് പകല്‍‌പോലെ വ്യക്തമായിരുന്നു. സച്ചിന്‍ ടെന്‍‌ഡുല്‍ക്കറിനെപ്പോലെ സാന്നിധ്യം ഒന്നുകൊണ്ടു മാത്രം കൂടെയുള്ളവര്‍ക്കു ഉത്തേജനം കിട്ടുന്ന അവസ്ഥ. അതിന്റെ പുറത്താകണം ഡിറ്റക്‍ടീവ് വിത്സൻ കണ്ണമ്പിള്ളി വെറും മൂന്നുദിവസം കൊണ്ടു അസ്ഥികൂടം ആരുടേതാണെന്നു തെളിയിച്ചുകളഞ്ഞത്!.

കൊരട്ടി പോലീസ് സ്റ്റേഷനിലെ എ‌എസ്‌ഐ വേണുഗോപാൽ തയ്യാറാക്കിയ ഫസ്റ്റ് ഇന്‍ഫോര്‍മേഷൻ റിപ്പോര്‍ട്ടിൽ ഒറ്റവായനയിൽ തന്നെ ഒരുപാടു അപാകതകളുള്ളത് വിത്സൻ ശ്രദ്ധിച്ചു. അസ്ഥികൂടം സ്ത്രീയുടേതാണെന്നു തറപ്പിച്ചു എഴുതിയ എഫ്‌ഐ‌ആറിൽ അതിനു കാരണമായി പറഞ്ഞിരിക്കുന്നത് മനോവിഭ്രാന്തിയുള്ള അമ്മൂമ്മ എന്നും സന്ധ്യക്കു കുളക്കരയിൽ തലമുടി കോതിക്കൊണ്ടു ഉലാര്‍ത്താറുള്ളതാണ്. അതിന്മേൽ അമ്മൂമ്മക്കു പ്രിയപ്പെട്ട ആരോ കുളത്തിൽ മരിച്ചിട്ടുണ്ടെന്നും അതൊരു സ്ത്രീയാകാനാണ് സാദ്ധ്യതയെന്നും എഫ്‌ഐ‌ആറിൽ തെളിവുകളില്ലാതെ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. അപ്രായോഗികമായ ഊഹങ്ങളെ കൂട്ടിയിണക്കിയുള്ള ആ നിഗമനം ഡിക്ടറ്റീവ് ആദ്യവായനയിൽ തന്നെ തള്ളിക്കളഞ്ഞു.

അന്വേഷണത്തിന്റെ ആദ്യപടിയായി വിത്സൻ സമീപിച്ചത് അസ്ഥികൂടത്തിന്റെ ഫോറന്‍സിക് പരിശോധന നടത്തിയ ഡോക്ടറെയാണ്. അതിനുശേഷം നാട്ടിൽ പ്രായമായ പലരോടും പ്രത്യക്ഷത്തിൽ നിസാരമെന്നു തോന്നാവുന്ന ഏതാനും ചോദ്യങ്ങൾ ചോദിച്ചു. സ്വന്തം തട്ടകത്തു ഒതുങ്ങിനില്‍ക്കാതെ സമീപപ്രദേശങ്ങളിലും പ്രസ്‌തുതചോദ്യങ്ങളുമായി അലഞ്ഞു. ഒടുക്കം അന്വേഷണം ഏറ്റെടുത്തു മൂന്നുദിവസം തികഞ്ഞപ്പോൾ അന്വേഷണറിപ്പോര്‍ട്ട് ഡിജിപിക്കു സമര്‍പ്പിച്ചു. പിറ്റേന്നു തൈക്കൂട്ടത്തു താമസിക്കുന്ന ഇടത്തരം സാമ്പത്തികമുള്ള സദാശിവന്റെ കുടുംബം എസ്‌പിയുമായി കൂടിക്കാഴ്ച നടത്തി അസ്ഥികൂടം ഏറ്റെടുത്തു. ആചാരപ്രകാരം സംസ്‌കരിച്ചു കര്‍മ്മങ്ങൾ ചെയ്തു. അതോടെ സംഭവത്തിനു തിരശ്ശീല വീണു. പക്ഷേ നാട്ടുകാരിൽ ആകാംക്ഷ വാനോളമുയര്‍ന്നു.

ഡിറ്റക്ടീവ് വിത്സൻ കണ്ണമ്പിള്ളി എന്തു മാജിക്കാണ് കാണിച്ചത്!

(തുടരും...)

Sunday, August 15, 2010

ഓണം @ മര്യാദാമുക്ക്

“ആശാനേ ദേടാ രാജന്‍ ചേട്ടന്‍ വരണ്. നീ എറങ്ങി ചൊദിക്ക്”

ഓണാഘോഷം പൊടിപൊടിക്കേണ്ടതെങ്ങിനെ എന്ന ചര്‍ച്ചയില്‍ വ്യാപൃതരായിരുന്ന മര്യാദാമുക്കിലെ യുവജനങ്ങളില്‍ ഒരാള്‍ ചര്‍ച്ചക്കു ചുക്കാന്‍ പിടിക്കുന്ന ആശാന്‍‌കുട്ടി പ്രസാദിനോടു പറഞ്ഞു. അദ്ദേഹം കയ്യിലെ സംഭാവന ഡപ്പി ഉഷാറായി കുലുക്കി കറുത്ത ഹോണ്ടആക്ടീവയില്‍ വരുന്ന വ്യക്തിയോടു വണ്ടിനിര്‍ത്താന്‍ കൈകൊണ്ടു ആഗ്യംകാണിച്ചു.

“രാജന്‍‌ചേട്ടാ ഇക്കൊല്ലോം ഓണാഘൊഷം കേമാക്കാനാണ് ഞങ്ങ തീരുമാനിച്ചിരിക്കണെ”

ആക്ടീവ മര്യാദാമുക്കിനോടു ചേര്‍ത്തുനിര്‍ത്തി, തടിച്ച ചങ്ങലയുള്ള താക്കോല്‍ വിരലില്‍ തൂക്കിയിട്ടു മേലാപ്പിള്ളി രാജന്‍ എന്ന തട്ടാന്‍ രാജന്‍ പതുക്കെ നടന്നെത്തി. കോളറിനോടു ചേര്‍ന്നു ബട്ടനിടാത്ത ഷര്‍ട്ടിലൂടെ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല പുറത്തേക്കു തലനീട്ടി. നാട്ടില്‍ സ്വര്‍ണ്ണപ്പണി അറിയുന്ന ഒരേയൊരാളാണ് മേലാപ്പിള്ളി രാജന്‍. ചെറുവാളൂരില്‍നിന്നു കക്കാടിലേക്കു താമസം മാറ്റിയ വ്യക്തി. പാര്‍പ്പു തുടങ്ങിയിട്ടു ഇപ്പോള്‍ കൊല്ലം ഇരുപതാകുന്നു. നാട്ടില്‍ പൊതുസമ്മതനാണ്.

പോക്കറ്റില്‍ കാശിനായി തപ്പി അദ്ദേഹം അന്വേഷിച്ചു. “എന്തൊക്ക്യാ പ്രസാദേ ആഘോഷങ്ങള്”

രാജന്‍‌ചേട്ടന്‍ ഫണ്ട് തരുമെങ്കില്‍ അത് അഞ്ഞൂറില്‍ കുറയില്ലെന്നറിയാവുന്ന ആശാന്‍ ഉത്സാഹത്തിലായി. “എല്ലാ പതിവു ഐറ്റംസൂണ്ട്. കാലത്തു ഒമ്പതുമണിക്കു പൂക്കളമത്സരം”

എവട്യാ അത് ?”

“കല്ലുമട എസ്‌എന്‍‌ഡി‌പി സെന്ററില്”

“അവടത്തന്നെ ‘തുടി‘ ക്ലബ്ബിലെ പിള്ളേര് പൂക്കളമത്സരം നടത്തണ്ട്‌ന്ന് കേട്ടല്ലാ”

ആശാന്‍ ശരിയാണെന്ന അര്‍ത്ഥത്തില്‍ തലകുലുക്കി. “അതന്ന്യാ ഞാന്‍ പറഞ്ഞ പൂക്കളമത്സരം”

“അപ്പോ അത് അവര് നടത്തണതല്ലേ പ്രസാദേ”

ആശാന്‍‌കുട്ടി ഒന്നു പരുങ്ങി. മര്യാദാമുക്കിലെ മതിലില്‍ ഇരുന്നവര്‍ക്കിടയിലും മര്‍മരമുണ്ടായി. “അതെ രാജഞ്ചേട്ടാ. നടത്തണത് അവരന്നെ! പക്ഷേ നമ്മളാണല്ലാ അവര്ടെ ഒരു ബലം! ഏത്...”

രാജന്‍ചേട്ടന്‍ മൂളി. “ഉം. ആട്ടെ പിന്നെന്തൊക്ക്യാ”

“ഉച്ചക്ക് കസേരയോട്ടം അപ്പം‌കടി ചാക്കിലോട്ടം തുടങ്ങിയവ...”

“തേമാലിപ്പറമ്പില്‍ നടക്കണ പരിപാട്യല്ലേ നീ പറേണെ”

ആശാന്‍‌കുട്ടി പിന്നേയും പരുങ്ങി. “അതന്നെ...”

"അത് കുടുംബശ്രീ നടത്തണതല്ലേടാ ?”

"അതെ രാജഞ്ചെട്ടാ. അതിനിപ്പോ എന്താ പ്രോബ്ലം. നമ്മടെ അമ്മ പെങ്ങന്മാരല്ലേ? നമ്മ തന്ന്യല്ലേ അവര്ടെ ബലം"

മതിലില്‍ ഇരുന്നിരുന്ന കണ്ണമ്പിള്ളി ജോബി ശരിവച്ചു. “ആശാനില്ലെങ്കില്‍ അപ്പം‌കടി പരിപാടി പൊളിയും. ബെന്നുകള്‍ ബാക്കിവരും”

രാജൻ ചേട്ടൻ ചോദിച്ചു. "അപ്പോൽ ഇതിന് പിന്നിലെ ലോജിക് എന്തൂട്ടാ പ്രസാദേ?"

ആശാൻ വിശദീകരിച്ചു. "അത് സിമ്പിളല്ലേ. 'കാശ് ഇവിടെ. പരിപാടി അവടെ'. ഇതന്നെ ലോജിക്"

രാജന്‍‌ചേട്ടന്‍ ഇരുത്തിമൂളി. “ഉം. വൈന്നേരം വല്ല പരിപാടീണ്ടാ ?”

ആശാന്‍‌കുട്ടി ആവേശഭരിതനായി ചുറ്റും കൂടിയിരുന്നവരെ നോക്കി. “എന്റെ രാജഞ്ചേട്ടാ. വൈന്നേരല്ലേ ശരിക്കൊള്ള പരിപാടി. ഇതെന്തൂട്ടത്രെ ചോദിക്കാനൊള്ളെ“

“അതെവടാ?”

“എന്റെ വീട്ടിലെ വാഴത്തോപ്പില്. അല്ലെങ്കി സൌകര്യള്ള എവടേം ആവാം“

“അപ്പോ അതിനാണോ ഈ പിരിവ്?”

“അങ്ങനേം പറയാം”

മതിലില്‍‌നിന്നു അപ്പോള്‍ അറിയിപ്പുവന്നു.

“ആശാനേ പിള്ളേച്ചന്‍ വരണ്‌ണ്ട്രാ. ഡപ്പി മാറ്റിപ്പിടി”

ചാത്തന്‍‌മാഷുടെ വീടിനടുത്തെ യു-ടേണ്‍ വളച്ചു പിള്ളേച്ചന്റെ സ്പെ‌ന്‍‌ഡര്‍ സാവധാനം മര്യാദാമുക്കിനെ സമീപിച്ചു. അഡ്വക്കറ്റ് അനില്‍‌പിള്ള എന്ന പിള്ളേച്ചനു പൊതുവെ പിരിവുകാരെ അലര്‍ജിയാണ്. അത്തരക്കാരെ പടിക്ക് അകത്തേക്കു കയറ്റില്ല. പക്ഷേ അയ്യങ്കോവ് അമ്പലത്തിലെ ഉത്സവത്തിനു കൈയയച്ചു സഹായിക്കും. മര്യാദാമുക്കില്‍ എല്ലാവരേയും ഒന്നിച്ചു കണ്ടപ്പോള്‍ പിള്ളേച്ചനു സന്തോഷമായി. ‘പൂവേപൊലി പൂവേപൊലി‘ എന്നതിന്റെ ഈണമിട്ടു. ആശാന്‍ കൂടെച്ചേര്‍ന്നു. പാട്ടിന്റെ കലാശം എത്താറായപ്പോഴാണ് ആശാന്റെ കയ്യിലെ സംഭാവന ഡപ്പി അദ്ദേഹം കാണുന്നത്. പാട്ടു പെട്ടെന്നു നിന്നു. കയ്യുയര്‍ത്തി മതിലില്‍ ഇരിക്കുന്നവരോട് യാത്രപറഞ്ഞു.

“എന്നാ ശരി. നവ്യേ, ജാസ്യേ. ഞാന്‍ പോണ്. പിന്നെക്കാണാം”

ആശാന്‍ അതിനകം കീ ഊരിയിരുന്നു. “പിള്ളേച്ചാ ഇക്കൊല്ലവും നമ്മടെ ഓണാഘോഷ പരിപാടി ഗംഭീരാക്കാന്‍ തീരുമാനിച്ചിരിക്കാണ്. എല്ലാ കൊല്ലത്തിനും നടത്തണ പരിപാടികള്‍ക്കൊപ്പം ചെറിയതോതിലൊരു വെടിക്കെട്ടുകൂടി ഇക്കൊല്ലം നമ്മള്‍ പ്ലാന്‍ ചെയ്തണ്ട്. ആയതിനാല്‍ വെടിക്കെട്ട് ഫണ്ടിലേക്കു പിള്ളേച്ചന്‍ ഉദാരമായി സംഭാവന തരണം”

“നീ ഇപ്പത്തന്നെ ഫോമിലാണല്ലാ. ഇന്യെന്തിനാ വെടിക്കെട്ട്?”

“ഇത് നാളത്തേനാണ്. ഇന്നത്തെ കഴിഞ്ഞു”

നമ്പറുകളുടെ ഉസ്താദായ പിള്ളേച്ചന്‍ നാടകീയമായി ബൈക്കില്‍നിന്നു എഴുന്നേറ്റു. മണിയമ്മയുടെ പറമ്പിലെ വേലിയരുകില്‍ പടര്‍ന്നുപന്തലിച്ച അപ്പച്ചെടിയുടെ (കമ്മ്യൂണിസ്റ്റ് പച്ച) തണ്ടില്‍‌നിന്നു നല്ല വിസ്താരമുള്ള ഒരു ഇല പറിച്ചെടുത്തു. ഇടതുകയ്യിലെ പെരുവിരലും ചൂണ്ടുവിരലും വളച്ചു വൃത്താകൃതിയിലാക്കി അതിനുമുകളില്‍ അപ്പയുടെ ഇലവച്ചു വലതുകൈത്തലം കൊണ്ടു പിള്ളേച്ചന്‍ ആഞ്ഞടിച്ചു.

“ഠോ !!”

ചില്ലിപ്പടക്കം പൊട്ടുന്ന സൌണ്ട് ഉണ്ടായി. ഒരിലകൂടി പൊട്ടിച്ചു സൌണ്ടില്‍ തൃപ്തനായ പിള്ളേച്ചന്‍ അപ്പയുടെ ഒരു ചില്ല ഒടിച്ചെടുത്തു ആശാനുനേരെ നടന്നു. അദ്ദേഹത്തിന്റെ കയ്യില്‍ ബലമായി പിടിപ്പിച്ചു.

“എന്തൊരു സൌണ്ടാ ആശാനേ ഇതിനു. നിനക്ക് പ്രാന്ത്ണ്ടാ അപ്പച്ചെട്യൊള്ളപ്പോ പടക്കം വാങ്ങാന്‍?”

ബൈക്കിന്റെ കീ വാങ്ങി കിക്ക് ചെയ്തു പിള്ളേച്ചന്‍ പോയി. ആശാന്‍ അമര്‍ഷത്തോടെ പിറുപിറുത്തു. “ഇള്ളാ പിള്ള അടുത്തൊന്നും നേര്യാവില്ല്യ”

‘കല്യാണി‘ ബൈജു ആശ്വസിപ്പിച്ചു. “വിട്ടുകള ആശാനേയ്. നീ വാ രണ്ടാംറൌണ്ട് തൊടങ്ങണ്ട സമയായി”


രണ്ടാം റൌണ്ടിനു ശേഷം……..


ആശാന്‍ മതിലില്‍ തലചായ്ച്ചു കിടക്കുകയാണ്. കല്യാണി അന്വേഷിച്ചു. “ആശാനേ എന്തേലും അവശതേണ്ടാ”

“ഹേയ്. എനിക്ക് ഒരു ലാര്‍ജൂടെ അടിച്ചാലോന്ന്‌ണ്ട്”

“ഏയ് ഞാനൊന്നും പറഞ്ഞില്ല നീ കെടന്നോ”

പത്തുമിനിറ്റു നിശബ്ദമായിരുന്നപ്പോള്‍ കല്യാണിക്കു ബോറടിച്ചു. മനസ്സില്‍ തോന്നിയ ആശയം പറഞ്ഞു. “എനിക്കൊരു കൊരവയിടാന്‍ തോന്നണ് ആശാനേ”

“കൊരവ്യാ” ഒട്ടും താമസിയാതെ മറുപടി എത്തി. “എനിക്കും”

അയ്യങ്കോവ് അമ്പലത്തിലെ വലിയവിളക്ക് ദിവസം ശാസ്താവിന്റെ തിടമ്പ് ആനപ്പുറമേറുമ്പോള്‍ കുരവയിടുന്നവരില്‍ പ്രധാനിയാണ് ആശാന്‍‌കുട്ടി. തൊള്ളതുറന്നാല്‍ നാലുപേരുടെ ഗുണം‌ചെയ്യും. അതുംപോരാതെ അരെങ്കിലും പ്രചോദിപ്പിച്ചാല്‍പിന്നെ അദ്ദേഹത്തെ പിടിച്ചാല്‍ കിട്ടില്ല. ഇവിടേയും അതുതന്നെ സംഭവിച്ചു. ആശാന്‍ കണ്ണുതിരുമ്മി എഴുന്നേറ്റു. ചാടിയിറങ്ങി ലക്ഷ്യസ്ഥാനത്തേക്കു നടന്നു. പിന്നാലെ കല്യാണിയും. മര്യാദമുക്കില്‍നിന്നു രണ്ടുചാട്ടം ചാടിയാല്‍ എത്തുക പിള്ളേച്ചന്റെ ഇരുനിലമാളികയുടെ മുന്നിലാണ്. അദ്ദേഹവും കുടുംബവുമാകട്ടെ പത്തുമണിയോടെ കിടപ്പറ പൂകണമെന്ന കാര്യത്തില്‍ കടുത്ത നിഷ്കര്‍ഷയുള്ളവരും.

ചെറിയ ആട്ടത്തോടെ ഗേറ്റിനരുകില്‍ എത്തിയ ആശാനും കല്യാണിയും ചുറ്റുപാടും നോക്കി കൌണ്ട് ഡൌണ്‍ തുടങ്ങി. “അഞ്ച്... നാല്... മൂന്ന്... രണ്ട്...”

നാടുകിടുക്കി ആര്‍പ്പുവിളി ഉയര്‍ന്നു.

“ആര്‍പ്പോയ്... റേയ് റേയ് റേയ്”
“ആര്‍പ്പോയ്... റേയ് റേയ് റേയ്”
“ഹ്‌ളളോഹ്‌ളോഹ്‌ളോളഹ്‌ളോഹ്‌ളോ”

പിള്ളേച്ചന്റെ വീട്ടിലെ ഒറ്റ വിളക്കു തെളിഞ്ഞില്ല. പക്ഷേ മര്യാദാമുക്കിനു കുറച്ചകലെയുള്ള കൈപ്പുഴവീട്ടില്‍ ലോഹുച്ചേട്ടന്റെ വീട്ടിലെ വിളക്കുകള്‍ തെളിഞ്ഞു. എന്തോ ചെയ്യാന്‍ വൈകിയപോലെ ആ വീട്ടിലാകെ തിരക്കായി. എന്തൊക്കെയോ താങ്ങിക്കൊണ്ടു വരിക, മുറ്റത്തു എന്തൊക്കെയോ അറേഞ്ച് ചെയ്യുക... അങ്ങിനെ പത്തുമിനിറ്റോളം കടന്നുപോയി. ഒടുക്കം മര്യാദാമുക്കില്‍ മയങ്ങികിടന്ന മര്യാദക്കാരെ അസ്ത്രപ്രജ്ഞരാക്കി ലോഹുച്ചേട്ടന്റെ മൂത്തമകന്‍ അനൂപ് ഓണംകൊണ്ട ശേഷം ആര്‍പ്പുവിളിച്ചു.

“ആര്‍പ്പോയ് റേയ് റേയ് റേയ്”
“ആര്‍പ്പോയ് റേയ് റേയ് റേയ്”

ആശാന്‍ ഞെട്ടിയെഴുന്നേറ്റു. വാച്ചില്‍ സമയം നോക്കി. കല്യാണി തലയില്‍ കൈവച്ചു പറഞ്ഞു.

“ആശാനേ ആ ശവി നമ്മടെ കൂവല്കേട്ട് നേരം വെളുത്തൂന്നാ വിചാരിച്ചേക്കണേ. കണ്ടാ അവന്‍ ഓണം‌കൊണ്ടു. അതും ഈ പതിനൊന്നരക്കു!!”

ആശാനു കുലുക്കമില്ലായിരുന്നു. അദ്ദേഹം ഒന്നുകൂടി കുരവയിട്ടു മതിലില്‍ കിടന്നു. “ഹ്‌ളേ ഹ്ലേ ഹള്‌ളേ...”

സൌണ്ട് അവിടെ എത്തി. കുറച്ചുകഴിഞ്ഞു ലോഹുച്ചേട്ടന്റെ മകന്‍ മര്യാദാമുക്കില്‍ വന്നു. കൂര്‍ക്കം വലിക്കുന്ന ആശാനെ തെറിവിളിച്ചു.

“#$%& ഇവനെയൊക്കെ ആരി‌ണ്ടാക്കിടവേ. എനിക്കിനി നാളെ നാട്ടാര്ടെ മോത്ത് നോക്കാന്‍ പറ്റ്വോ?”

അനൂപിന്റെ പരിഭവത്തിനുമേല്‍ ആശാന്റെ കൂര്‍ക്കം‌വലി ഉച്ചത്തില്‍ മുഴങ്ങി.


അപ്പോള്‍ മറ്റൊരു പൊന്നോണം കൂടി എത്തുകയാണ്. കാലം പോകുന്തോറും എന്നില്‍ ഓണത്തിന്റെ നിറപ്പകിട്ട് കുറയുന്നുണ്ടോയെന്നു ഒരു സംശയം. മനസ്സിനു മുതിര്‍ച്ച കൂടുമ്പോള്‍ ഒരുകാലത്തു ആസ്വാദ്യകരമായിരുന്ന പലതിനും ശോഷണം സംഭവിക്കുകയെന്നത് സ്വാഭാവികമല്ലേ. പക്ഷേ അതോടൊപ്പം പഴമയിലേക്കു പിടിച്ചുവലിക്കുന്ന ഓര്‍മകളും എന്നില്‍ ശക്തമാണ്. അവ കൂടുതല്‍ ശക്തമാകട്ടേയെന്നു ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

എല്ലാ സുഹൃത്തുക്കള്‍ക്കും ഉപാസനയുടെ ഹൃദയംഗമമായ ഓണാശംസകള്‍.