Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, December 19, 2010

കെബിആർ കാതിക്കുടം - 2

ശ്രദ്ധിക്കുക: മുൻ‌പോസ്റ്റിന്റെ തുടർച്ചയാണ് ഈ പോസ്റ്റ്

കാതിക്കുടം ദേശത്തെ ആദ്യത്തെ ലൈറ്റ് ആൻഡ് സൌണ്ട്സ് അങ്ങിനെ പിറന്നു. സംഭവം നടക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. അക്കാലത്തു നാട്ടിലോ സമീപപ്രദേശങ്ങളിലോ വേറെ ലൈറ്റ് & സൌണ്ട്സ് ഇല്ല. കൊരട്ടിയിൽ വി‌ബ്‌ജിയോർ എന്ന കൂട്ടർ മാത്രമേയുള്ളൂ. അവരുടെ വാടക പലര്‍ക്കും താങ്ങാനാകില്ലായിരുന്നു. ഇക്കാരണങ്ങളാൽ തന്റെ സ്ഥാപനം പച്ചപിടിക്കുമെന്നു കോക്കാടൻ ഉറപ്പിച്ചു. ഭാവനകൾ കാണാൻ തുടങ്ങി. രണ്ടുകൊല്ലത്തിനുശേഷം അന്നമനടയിൽ സ്വന്തം ഓഫീസ് തുടങ്ങുന്ന ചിന്തയിലേക്കുവരെ കാര്യങ്ങളെത്തി. പക്ഷേ അതെല്ലാം ആസ്ഥാനത്താക്കി, ഇട്ടൂപ്പിന്റെ വീട്ടിലെ വയറിങ്ങ് എഫൿടിന്റെ വ്യാപനം നിമിത്തം, ഉത്സവങ്ങൾക്കും അയ്യപ്പൻ വിളക്കുകൾക്കും അദ്ദേഹത്തെ അധികമാരും വിളിച്ചില്ല. അപൂർവ്വമായി വന്നവരാകട്ടെ വി‌ബ്‌ജിയോർ തഴഞ്ഞതുകൊണ്ടു മാത്രം എത്തിയവരായിരുന്നു.

വർക്കുകളുടെ ദാരിദ്രത്തിൽനിന്നു കരകയറാൻ കോക്കാടൻ കണ്ട വഴി തന്റെ സര്‍വ്വീസ് സൌജന്യമായി കുറച്ചുനാളത്തേക്കു നല്‍കുകയാണ്. കൊച്ചുങ്ങളുടെ ചോറൂണും മരണ അടിയന്തിരങ്ങൾ പോലുള്ള ലൈറ്റ്സ് ആവശ്യമില്ലാത്ത ചെറിയ ആഘോഷങ്ങൾക്കുവരെ അദ്ദേഹം ഉപകരണങ്ങൾ വിട്ടുകൊടുത്തു. വേണ്ടെന്നു പറഞ്ഞവരോടു തട്ടിക്കയറി, നിർബന്ധിച്ചു നൽകി. അയ്യങ്കോവ് ശാസ്താവിന്റെ അമ്പലവിളക്കും ഉത്സവവും സൌജന്യമായി ചെയ്തു. ഇവയുടെയെല്ലാം വിജയം അദ്ദേഹത്തിന്റെ രാശി തെളിയിച്ചു. ആളുകൾ അങ്ങിങ്ങായി അടക്കം പറഞ്ഞുതുടങ്ങി. ‘രവി ആളു കൊള്ളാം ട്ടാ’. ഫലം ഒന്നരവര്‍ഷം ആയപ്പോഴേക്കും കരാറുകൾ തുടരെത്തുടരെ എത്തി. ഉത്സവപ്പറമ്പുകളിലും കല്യാണവീടുകളിലും ‘കെബിആർ‘ എന്ന പേര് ട്യൂബ്‌ലൈറ്റുകളുടെ വെളിച്ചത്തിൽ മിന്നിത്തിളങ്ങി. തിരക്കായതോടെ അനുജൻ സന്തോഷിനെയും കൂടെകൂട്ടി. മൈക്ക്, കോളാമ്പി സ്‌പീക്കറുകൾ, അനുബന്ധസാമഗ്രികൾ എന്നിവ നാടുനീളെ കൊണ്ടുനടക്കാൻ ഒരു ഓട്ടോ വാങ്ങി അയ്യങ്കോവ് ശ്രീധര്‍മ്മശാസ്‌താവ് എന്ന പേരു നൽകി. അങ്ങിനെ ഭൂതകാലം മറന്നു കോക്കാടൻ രവി ടോപ്‌ഗിയറിലായി. ശേഷമുള്ള അഞ്ചെട്ടു കൊല്ലംകൊണ്ടു നാട്ടിലെ ചെറുതും വലുതുമായ ഏതാണ്ടെല്ലാ വര്‍ക്കുകളും ഒന്നുകിൽ സ്ഥിരമായി അല്ലെങ്കിൽ ഇടക്കിടെയായി രവി ചെയ്‌തു. ഒന്നൊഴിച്ച്. ചെറുവാളൂർ പിഷാരത്ത് ക്ഷേത്രത്തിലെ ഉത്സവം!

ചങ്ക്രമത്തുവീട്ടിൽ ശശിയുടെ ഉടമസ്ഥതയിലുള്ള പിഷാരത്തു അമ്പലം നാട്ടിലെ ഏക ശ്രീകൃഷ്‌ണ ക്ഷേത്രമാണ്. സ്വന്തമായി അന്നമനട ഉമാമഹേശ്വരൻ എന്ന ലക്ഷണമൊത്ത കൊമ്പനും ‘ഗോവിന്ദ്’ എന്ന പേരിൽ മൂന്നുനാലു ബസുകളുമുള്ള പ്രമുഖവ്യൿതിയാണു ചങ്ക്രമത്തു ശശി. മറ്റു ക്ഷേത്രങ്ങളിൽ‌നിന്നു പിഷാരത്ത് അമ്പലത്തിനു ഒരു പ്രധാന വ്യത്യാസമുണ്ട്. ശ്രികോവിൽ പടിഞ്ഞാറു ഭാഗത്തേക്കാണ് തുറക്കുന്നത്, കിഴക്കോട്ടല്ല. അമ്പലത്തിനു മുന്നിൽ വിശാലമായ സ്‌കൂൾ ഗ്രൌണ്ട്. അവിടെ ശ്രീകോവിലിനു നേർ‌രേഖയിൽ രണ്ടു കൂറ്റൻ അരയാലുകൾ. ഋതുഭേദമന്യെ ഒന്നരാടം ഇടവിട്ടു തളിർക്കുകയും കൊഴിയുകയും ചെയ്യുന്നവ. നാട്ടിലെ ഏറ്റവും പ്രശസ്‌തമായ പിഷാരത്ത് അമ്പലത്തിലെ ഉത്സവം കൈകാര്യം ചെയ്യുകയെന്നത് ഏതൊരു ലൈറ്റ് & സൌണ്ട്സ് ഉടമയുടേയും അഭിമാനപ്രശ്‌നമാണ്. രവിയും അതിൽനിന്നു വ്യത്യസ്തനല്ല.

ആറാട്ട് ഉൾപ്പെടെ എട്ടുദിവസം നീണ്ടുനിൽക്കുന്നതാണു പിഷാരത്ത് ക്ഷേത്രോത്സവം. എല്ലാ ദിവസവും നല്ല പരിപാടികൾ ഉണ്ടാകും. കൃഷ്‌ണനാട്ടം, നൃത്തനൃത്യങ്ങൾ, ഗാനമേള, സംഗീതകച്ചേരി തുടങ്ങിയവ. വലിയവിളക്കു ദിവസം രാവിലെയും ഉച്ചക്കും കാഴ്‌ചശിവേലി. പാണ്ടിമേളത്തിനു പെരുവനവും രാത്രി എഴുന്നള്ളിപ്പ് സമയത്തുള്ള പഞ്ചവാദ്യത്തിനു അന്നമനട പരമേശ്വരമാരാരും ആയിരിക്കും മിക്കവാറും പ്രമാണം. ദീപരാധനക്കു ശേഷം ഇരട്ടത്തായമ്പകയോ മുത്തായമ്പകയോ സുനിശ്ചിതം. തായമ്പക ഒഴിച്ചുള്ള എല്ലാ പരിപാടികളും നടത്താറുള്ളത് അമ്പലത്തിനു മുന്നിലെ സ്കൂൾ ഗ്രൌണ്ടിലാണ്. നാലു ഫുട്ബാൾ മൈതാനത്തിന്റെ വലുപ്പമുള്ള സ്കൂൾഗ്രൌണ്ടിൽ ഉത്സവത്തിനു വലിയ മൈക്ക്സെറ്റുകളും ട്യൂബ്‌ലൈറ്റുകളും സജ്ജീകരിക്കണം. അതു ചില്ലറ കാര്യമല്ല. മൈതാനത്തിന്റെ മുക്കിലും മൂലയിലും നൂറോളം മുളങ്കോലുകൾനാട്ടി അതിൽ ട്യൂബുവച്ചു കെട്ടണം. ട്യൂബുകളിൽ ഒന്നും ഇടക്കുപോലും കണ്ണുചിമ്മരുതെന്നു കമ്മറ്റിക്കാർക്കു നിർബന്ധമാണ്. പക്ഷേ അഞ്ചുമിനിറ്റു കത്തിയാൽ പിന്നെ അഞ്ചു മിനിറ്റ് വിശ്രമിക്കുന്നത് കെബി‌ആറിന്റെ ട്യൂബ്‌ലൈറ്റുകളുടെ പ്രത്യേകതയും പതിവുമാണ്. ഈ ന്യൂനത മറികടക്കേണ്ടതുണ്ട്. കൂടാതെ ശരിയായരീതിയിൽ ശബ്‌ദക്രമീകരണം നടത്താൻ കെബി‌ആർ ലൈറ്റ് ആൻഡ് സൌണ്ട്‌സിൽ നിലവിലുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും സെറ്റുകൾ വേണം. ഇത്യാദി കാരണങ്ങളാൽ ഉത്സവത്തിന്റെ കരാർ കൊരട്ടിയിലെ വി‌ബ്‌ജിയോർ ലൈറ്റ് & സൌണ്ട്സിനാണു സ്ഥിരമായി ലഭിക്കുക. അവർ ആ റോൾ ഭംഗിയാക്കുകയും ചെയ്യാറുണ്ട്.

രണ്ടായിരത്തിരണ്ടിലെ ഉത്സവം അടുത്തപ്പോൾ കോക്കാടൻ രണ്ടും കല്പിച്ചു രംഗത്തിറങ്ങിനോക്കി. ഉത്സവക്കമ്മറ്റി അംഗങ്ങളുടെ അടുത്ത സുഹൃത്തും, അക്കാലത്തു മിസ്റ്റർ പനമ്പിള്ളിയുമായിരുന്ന കക്കാടുകാരൻ മണിലാലിനെ അദ്ദേഹം പോയികണ്ടു. അതിരാവിലെ എത്തുമ്പോൾ മണിലാൽ എന്ന ലാലു സൂര്യനമസ്കാരം ചെയ്യുകയായിരുന്നു. പത്തിരുപതു തവണ നിഷ്‌പ്രയാസം മൂരിനിവർന്ന ശേഷം ലാലു കയ്യിന്റെ മസിൽ രവിക്കുനേരെ പെരുപ്പിച്ചു കാണിച്ചു. അത്രയൊന്നും പൊങ്ങിയില്ലെങ്കിലും സാധിക്കേണ്ട കൃത്യത്തെപ്പറ്റി ഓർത്തപ്പോൾ പ്രശംസിക്കുന്നതിൽ രവി പിശുക്കു കാട്ടിയില്ല. ഞെട്ടിയതുപോലെ അദ്ദേഹം കണ്ണുകൾ തുറിപ്പിച്ചു.

“ഹൌ. എന്തൂട്ടാ ഈ സൈസ് ലാലൂ. ഇതെങ്ങന്യാ ഒപ്പിച്ചേ?”

കേട്ടവാക്കുകളിൽ ഉത്തേജിതനായി ലാലു വേറെയും പോസുകൾ കാണിച്ചു. ബോറടിച്ചെങ്കിലും രവി വീണ്ടും ധാരാളിയായി. പ്രശംസാ വാക്കുകൾ ധാരയായി ചൊരിഞ്ഞു. ഒടുവിൽ വന്നകാര്യം നയത്തിൽ അവതരിപ്പിച്ചു. രവിയുടെ പ്രതീക്ഷകൾക്കു വിപരീതമായി ലാലു അതത്ര ഗൌരവത്തോടെ എടുത്തില്ല.

“കരാർ പതിവുപോലെ കൊരട്ടിക്കാർക്ക് കൊടുക്കാനാ കമ്മറ്റീടെ പ്ലാൻ”

രവി താഴ്‌മയായി പറഞ്ഞു. “ലാലു ഇതിലെടപെടണം. പറ്റൂങ്കി എനിക്ക് ശരിയാക്കിത്തരണം”

“നോക്കാം. പക്ഷേ കിട്ടാണ്ടിരിക്കാനാ സാദ്ധ്യത. എല്ലാ കൊല്ലോം കൊരട്ടിക്കാരല്ലേ നടത്താറ്. ഇന്നേവരെ കൊഴപ്പോന്നും ഇണ്ടാക്കീട്ടൂല്ല്യ. അപ്പോ പിന്നെ എന്തുട്ട് പറഞ്ഞാ മാറ്റാ?”

രവി ഒന്നും മിണ്ടാതെ തിരിച്ചുനടന്നു. പറഞ്ഞത് ന്യായമാണ്. ഒരുവേള കമ്മറ്റിക്കാരെ തന്നെ പോയികണ്ടാലോ എന്നു ആലോചിച്ചെങ്കിലും പുനരാലോചനയിൽ അതു ഉപേക്ഷിച്ചു. അക്കൊല്ലവും ലൈറ്റ് & സൌണ്ട്സ് കരാർ വിബ്‌ജിയോർ കൊണ്ടുപോയി. പക്ഷേ വേറൊരു തരത്തിൽ ഉത്സവത്തിന്റെ ഭാഗഭാക്കാകാൻ രവിക്കു സാധിച്ചു. ലൈറ്റ് & സൌണ്ട്സ് കരാറിനു രവി പരിശ്രമിച്ചതും പരാജയപ്പെട്ടതുമെല്ലാം അറിയാവുന്ന ഒരാൾ അക്കൊല്ലം ഒരു ആനയെ സ്പോൺസർ ചെയ്യാൻ അദ്ദേഹത്തെ അനുവദിച്ചു. സാധാരണഗതിയിൽ അതു തീർത്തും സാധ്യമല്ലാത്ത കാര്യമാണ്. കാരണം ഉത്സവത്തിനു വരുന്ന ഏഴു ആനകളിൽ ഏഴും സ്പോൺസർ ചെയ്യാൻ പതിവുകാരുണ്ട്. ആ മുൻ‌ഗണന തെറ്റിക്കുക സാധ്യമല്ല തന്നെ. രവി ആലോചിച്ചപ്പോൾ ലൈറ്റ്‌&സൌണ്ട്സ് കരാർ നേടിയെടുക്കാൻ പറ്റാത്തതിന്റെ ക്ഷീണം ആനയെ സ്പോൺസർ ചെയ്യുന്നതിലൂടെ കുറേയൊക്കെ മറികടക്കാമെന്നു തോന്നി. ഉട്ടോളി രാജശേഖരൻ എന്ന കൊമ്പൻ അങ്ങിനെ വരവായി.

ഉത്സവം ഏപ്രിൽ രണ്ടാമത്തെ ആഴ്ച വിഷുവിനോടു അടുപ്പിച്ചാണു നടന്നത്. നല്ല ചൂടിന്റെ കാലം. രവി രാവിലത്തെ കാഴ്‌ചശിവേലിക്കു മുമ്പേതന്നെ അമ്പലപ്പറമ്പിലെത്തി ഉട്ടോളി രാജശേഖരനുവേണ്ടി എല്ലാം ഒരുക്കുന്നതിൽ തികഞ്ഞ ശ്രദ്ധ പ്രദർശിപ്പിച്ചു. തലേന്നുതന്നെ തൈക്കൂട്ടം പനമ്പിള്ളിക്കടവിന്റെ ഓരത്തു തലയുയർത്തി നിന്നിരുന്ന പനയിൽ കയറി പട്ടകൾ വെട്ടി, വട്ടപ്പറമ്പൻ ജയന്റെ വിക്രംവണ്ടിയിൽ സ്ഥലത്തെത്തിച്ചിരുന്നു. രാവിലെയും ഉച്ചക്കുമുള്ള കാഴ്‌ചശിവേലിക്കു ശേഷം വിക്രംവണ്ടിയിൽ തന്നെ വലിയൊരു ടാങ്ക് ശീതീകരിച്ച വെള്ളമെത്തിച്ചു ഉട്ടോളിക്കു ധാരകോരി. കക്കാടിലെ ആനപ്രേമി സന്തോഷിന്റെ വക അഞ്ചു വാഴക്കുലകളും ഇതിനിടയിൽ എത്തി. അതിൽ രണ്ടുകുല ചെമ്പൂവനും. ഇതെല്ലാം ശാപ്പിട്ടു, പിശുക്കാതെ പിണ്ഢമിട്ട് ഉട്ടോളി പ്രസന്നവദനായി നിന്നു.

ഉത്സവത്തിനുവന്ന ആനപ്രേമികളിൽ ചിലർ അന്വേഷിച്ചു. “അല്ല രവി ലൈറ്റാന്റ് സൌണ്ട് കരാറ് കിട്ടാൻ ശ്രമിച്ചൂന്ന് കേട്ടല്ലോ. എന്തേ ശരിയാവാഞ്ഞേ?”

കോക്കാടൻ ഓർത്തു. ശ്രമിച്ചിട്ടു കിട്ടിയില്ലെന്നു പറഞ്ഞാൽ ക്ഷീണമാണ്. അതുകൊണ്ട് എല്ലാം നിഷേധിച്ചു. “ഹഹഹ. അതെല്ലാം കേട്ടുകേഴ്‌വികള്. കോക്കാടൻ എറങ്ങി കളിച്ചാ ഗോളടിച്ചേ തിരിച്ചുകേറൂ. ഗോളടിച്ചിട്ടില്ലെങ്കി അതിന്റെ അർത്ഥം കളിച്ചില്ലാന്നാ“ ഒന്നു നിർത്തി രവി കൂട്ടിച്ചേർത്തു.

“ഇതിപ്പോ ശശിച്ചേട്ടൻ നിർബന്ധിച്ചോണ്ട് ഞാനൊരു ആനേനെ സ്‌പോൺസർ ചെയ്‌തു. അത് നേരാവണ്ണം നോക്കിനടത്തണ്ടത് എന്റെ ചൊമതല്യാ. അല്ലേ. ഇത് കഴിഞ്ഞാ ഞാൻ വന്നപോലെ അങ്ങട് പോവും. അത്രേള്ളൂ”

ദീപാരാധനക്കു ശേഷം ഇരട്ടത്തായമ്പക. അതുകഴിഞ്ഞാണ് തെക്കെവിടെയോ ഉള്ള പേരെടുത്ത ഒരു ട്രൂപ്പുകാരുടെ നാടകം ആരംഭിച്ചത്. അനവധി സ്റ്റേജുകൾ കിട്ടിയ നാടകം. കാണാൻ പതിവിലധികം കാണികൾ വന്നുചേർന്നിരുന്നു. ന്യൂസ്‌പേപ്പറുകളും പുതപ്പുകളും നിലത്തുവിരിച്ചു അവർ ഇരുന്നു. ചിലർ കിടന്നു. ഉറങ്ങി. ആഘോഷമായി തുടങ്ങിയ നാടകം ഒമ്പതരക്കുശേഷവും തകർത്തു മുന്നേറി. കലാപരിപാടികൾ ഇഷ്‌ടമായിരുന്നെങ്കിലും രവി സ്റ്റേജിനു അടുത്തുണ്ടായിരുന്നില്ല. രാത്രി പത്തരക്കുള്ള എഴുന്നള്ളിപ്പിനു ആനയെ ഒരുക്കുന്നിടത്തായിരുന്നു അദ്ദേഹം.

അമ്പലപ്പറമ്പിന്റെ വശത്തുകൂടി പോകുന്ന ടാർറോഡിനു അരികിലുള്ള പുളിമരച്ചുവട്ടിലാണ് ഉട്ടോളിയെ തളച്ചിരുന്നത്. പുളിമരത്തിന്റെ തായ്‌വേരൊഴികെ മറ്റു വേരുകളെല്ലാം പുറത്തുകാണാമായിരുന്നു. പണ്ടുകാലത്തു അവിടം ഉയർന്ന പ്രതലമാണെന്നു സൂചനതരുന്ന തെളിവ്. ഗ്രൌണ്ടിനു കൂടുതൽ വിസ്‌താരം ലഭിക്കാൻ വേണ്ടി മണ്ണുമാന്തിയപ്പോൾ ഏതോ പ്രകൃതിസ്‌നേഹി പുളിമരത്തിന്റെ ഭാഗം ഒഴിച്ചിട്ടു. പക്ഷേ ഓരോ കാലവർഷവും വേരുകളെ വലിച്ചുപുറത്തിട്ടുകൊണ്ടിരുന്നു. ഇനി തായ്‌വേരുമാത്രം ബാക്കി. മണ്ണടിച്ചു സംരക്ഷിച്ചില്ലെങ്കിൽ, ഗ്രൌണ്ടിൽ പൊരിവെയിലത്തും, മഴക്കാലത്തും കളിക്കാൻ വരുന്നവർക്കു ഒരു കുടത്താങ്ങായി നിൽക്കുന്ന ആ പുളിമരം അടുത്തുതന്നെ നിലം‌പതിക്കും. ചെറുവാളൂർ സ്കൂൾ ഗ്രൌണ്ടിന്റെ സ്വത്വത്തിലെ അവശേഷിക്കുന്ന പഴമയും അങ്ങിനെ വിടവാങ്ങും. വാളൂരിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാവർക്കും സുപരിചിതമായ ഈ പുളിമരത്തിനു അടുത്തായിരുന്നു ഉട്ടോളി രാജശേഖരനെ തളച്ചിരുന്നത്. തളച്ചു എന്നുപറയാൻ മാത്രം ഒന്നുമില്ല. മുൻ‌കാലുകളിൽ കൂച്ചുവിലങ്ങ്. അത്രതന്നെ.

ആനക്കു അണിയാനുള്ള നെറ്റിപ്പട്ടം സന്തോഷിന്റെ നേതൃത്വത്തിൽ ചിലർ താ‍ങ്ങിപ്പിടിച്ചു കൊണ്ടുവന്നു. ചുറ്റും തിങ്ങിക്കൂടിയ പത്തിരുപത് ആനപ്രേമികളെ തള്ളിമാറ്റി രവി നെറ്റിപ്പട്ടം ചുമക്കുന്നവർക്കു വഴികാണിച്ചു കൊടുത്തു. അന്നേരമാണു രവിയെ പുറകിൽനിന്നു ഉഗ്രസ്വരത്തിൽ ഒരാൾ വിളിച്ചത്

“എഡാ രവീ“

എല്ലാവരും ഞെട്ടി തിരിഞ്ഞുനോക്കി. അതാ പുരുഷു!. കോക്കാടൻ ഭാസ്കരന്റെ അടുത്ത സുഹൃത്ത്. ആനയെ സ്പോൺസർ ചെയ്യുന്ന കാര്യം പറയാൻ വിട്ടുപോയെന്നു ഓർത്തപ്പോൾ തന്നെ വിളിയിലെ ഉദ്ദേശം രവിക്കു മനസ്സിലായി.

“എന്റെ പുരുഷുച്ചേട്ടാ. ഇതെവ്യട്യായിരുന്നു?. ഇന്നലെ വൈന്നേരം പനമ്പിള്ളിക്കടവീ പനമ്പട്ട വെട്ടാൻ പോയപ്പോക്കൂടി ഞാൻ ഉഷേച്ചീനോട് ചോയ്ച്ചതാ, പുരുഷുച്ചേട്ടൻ എവട്യാന്ന്. ആനേനെ സ്പോൺസർ ചെയ്ത കാര്യം പറയാണ്ട് എനിക്ക് എന്തൊരു സങ്കടായിരുന്നൂന്നാ. അല്ലേടാ സന്തോഷേ? “

കോക്കാടൻ പട്ട താങ്ങിപ്പിടിച്ചിരുന്ന സന്തോഷിനോട് ചോദിച്ചു. അദ്ദേഹം ആദ്യം അല്ലെന്നും പിന്നീട് അതെയെന്നും വരുന്ന അർത്ഥത്തിൽ തലയാട്ടി. കോക്കാടൻ പതം പറഞ്ഞു.

“ഇപ്പ കണ്ടപ്പഴാ ഒന്ന് സമാധാനായേ“

രവി വികാരാധീനനായി. പുരുഷോത്തമൻ തണുത്തു. ആനയെ അടിമുടിനോക്കി കൊള്ളാമെന്നു കൈത്തലമനക്കി. രവിക്കു സന്തോഷമായി. രണ്ടാം പാപ്പാൻ ആനപ്പുറത്തു കയറി നെറ്റിപ്പട്ടം വലിച്ചുശരിയാക്കാൻ തുടങ്ങി. നോക്കിനിന്നു മടുത്തപ്പോൾ എന്തെങ്കിലും പറയണ്ടേ എന്നു കരുതി കോക്കാടൻ നടക്കാൻ സാധ്യതയില്ല്ലാത്ത ഒരുകാര്യം കാച്ചി.

“അടുത്തകൊല്ലം രാമേന്ദ്രനെ സ്‌പോൺസർ ചെയ്‌താലോന്ന് ആലോചിക്കാ ഞാൻ”

ചുറ്റും കൂടിനിന്നവരിൽ ചിലർ ചിരിച്ചു. ആരോ വിളിച്ചുചോദിച്ചു. “കാശ്‌ണ്ട്‌റാ രവ്യേ?”

കോക്കാടൻ വിക്കി. “കാശാ കാശ്... കാശക്കെ ഇണ്ടാവും“

തിരിച്ചടിക്കാൻ ആശയം കിട്ടിയപ്പോൾ അദ്ദേഹം വീറോടെ പറഞ്ഞു. “എനിക്കിതുവരെ എല്ലാരും തരാനൊള്ള കുടിശ്ശിക തന്നാതി. എല്ലാ കൊല്ലോം രാമേന്ദ്രനെ ഇവടെ എത്തിക്കാം. ഏറ്റോ?“

സംഭാഷണം ഇത്രയുമെത്തിയപ്പോൾ മൈക്കുസെറ്റിലൂടെ വരുന്ന ശബ്ദങ്ങൾ നിലച്ചു. പുളിമരത്തിനു സമീപം വച്ചിരുന്ന സെറ്റിൽ‌നിന്നു ‘ശ്‌ശ്‌ശ്’ എന്ന സ്വരം പുറത്തുവന്നു. എല്ലാവരും തലതിരിച്ചു സ്റ്റേജിനുനേരെ നോക്കി. അവിടെ ഒന്നോരണ്ടോ ട്യൂബുകൾ മാത്രം മങ്ങിക്കത്തുന്നു. വെളിച്ചമില്ലാത്തതിനാൽ നാടകം നിർത്തിവച്ചിരിക്കുകയാണ്. അഞ്ചുനിമിഷത്തിനുള്ളിൽ മങ്ങിക്കത്തിയിരുന്ന ട്യൂബുകളും കെട്ടു സ്റ്റേജിനുചുറ്റും ഇരുട്ടു പരന്നു. കാണികൾക്കിടയിൽ വിസിലടികളുടെ പൂരം.

ആരോ പറഞ്ഞു. “കറന്റു പോയീന്നാ തോന്നണേ”

അമ്പലക്കമ്മറ്റിയിലെ അംഗങ്ങൾ പരിപാടികൾ പ്രശ്‌നമില്ലാതെ നടക്കുന്നതിൽ ആശ്വസിച്ചു, ഒരു പെട്ടിക്കടക്കു മുന്നിൽനിന്നു കപ്പലണ്ടി കൊറിക്കുകയായിരുന്നു.  സ്റ്റേജിലെയടക്കം മൈതാനത്തിന്റെ ഒരുഭാഗത്തെ ലൈറ്റുകൾ അണഞ്ഞപ്പോൾ അപകടം മനസ്സിലാക്കി അവർ ഓടിയെത്തി. ടർപ്പായ മറച്ചുണ്ടാക്കിയ ലൈറ്റ് & സൌണ്ട്സ് കൺ‌ട്രോൾ റൂമിൽ കടന്നു. അവിടെ ഒരു പയ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ലശതമാനം പരിപാടികൾ കഴിഞ്ഞതിനാൽ സീനിയറായ ഓപ്പറേറ്റർ പുറത്തുപോയിരുന്നു. പയ്യനാണെങ്കിൽ സ്വിച്ചുകൾ ഓൺ ഓഫ് ചെയ്യുക, ശബ്ദം ക്രമീകരിക്കുക തുടങ്ങിയ അടിസ്ഥാനജോലികളേ അറിയൂ. ചുരുക്കത്തിൽ സംഗതികൾ കുഴപ്പത്തിലായി. ഇനിയെന്തു ചെയ്യണമെന്ന കാര്യത്തിൽ കമ്മറ്റിക്കാർ പിന്നെ സംശയിച്ചില്ല. ഒരാൾ ഉച്ചത്തിൽ നീട്ടിവിളിച്ചു.

“രവ്യേയ്... ഓടിവാടാ...”

അഞ്ചുപത്തു വർഷത്തെ പരിചയം കൊണ്ടാകാം വിളിയിലെ ഉദ്ദേശം കോക്കാടനു പിടികിട്ടി. തന്റെ കരാറല്ലെങ്കിലും, വിബ്‌ജിയോർ ബദ്ധവൈരികളാണെങ്കിലും, നാട്ടുകാർ വിളിച്ചാൽ അടങ്ങിയിരിക്കാനൊക്കുമോ. അദ്ദേഹം നേരെചൊവ്വേ ധരിച്ചിരുന്ന ലുങ്കിയുടെ മടിക്കുത്ത് അഴിച്ച് അലങ്കോലമാക്കി അതു ഒരു കൈകൊണ്ടു വാരിപ്പിടിച്ച്, സന്തതസഹചാരിയായ പ്ലെയർ പോക്കറ്റിൽ‌നിന്നെടുത്ത് വായിൽ തിരുകി ഓടി. കോക്കാടൻ സ്റ്റൈൽ ഓട്ടം പിഷാരത്ത് അമ്പലമൈതാനിയിലും!

വീട്ടിൽ പോകാനായി എഴുന്നേറ്റ പലരേയും രവി ഓട്ടത്തിനിടയിൽ പതിവുപോലെ ആശ്വസിപ്പിച്ചു. “ഇപ്പ ശര്യാക്കാം. നിങ്ങ ഇരുന്നോ”

സ്റ്റേജിനടുത്തു അങ്ങോട്ടുമിങ്ങോട്ടും ഉലാർത്തുന്ന കമ്മറ്റിക്കാരുടെ അടുത്ത് രവിയെത്തി. അവരിൽ ഒരാൾ അക്ഷമയോടെ പറഞ്ഞു. “അവന്മാരെ ഒന്നിനേം കാണണില്ലല്ലോടാ. നീയൊന്നു കേറി നോക്ക്”

ചെറുതല്ലാത്ത ഗ്ലാമർ കിട്ടുന്ന കാര്യമാണ്. നാടുമുഴുവൻ നോക്കിനിൽക്കുകയുമാണ്. എന്നിട്ടും രവി മടിച്ചുനിന്നു. കാരണം കാര്യം സങ്കീർണമാണെന്ന തിരിച്ചറിവു തന്നെ. സൂക്ഷിച്ചു ഇറങ്ങിയില്ലെങ്കിൽ ഇതുവരെ ഉണ്ടാക്കിയെടുത്ത ഖ്യാതി മുഴുവൻ പോവും. അനുഭവപരിചയം വച്ചുനോക്കിയാൽ പ്രശ്നപരിഹാരം തീർത്തും എളുപ്പമല്ല. സ്റ്റാൻഡ്ബൈ കണക്ഷനുകളിലേക്കു ശ്രദ്ധപതിപ്പിക്കുന്നതിനു മുമ്പ് കൺ‌ട്രോൾറൂമിനു പുറത്ത് അന്വേഷിക്കേണ്ടതുണ്ട്. ഇത്രയും വലിയ ഉത്സവം കൈകാര്യം ചെയ്‌തിട്ടില്ലാത്തതിനാൽ രവിക്കു മൊത്തത്തിൽ കൺ‌ഫ്യൂഷൻ അനുഭവപ്പെട്ടു. എന്നാൽ അതൊന്നും പുറത്തുകാണിച്ചതുമില്ല. സ്റ്റേജിനു പിന്നിൽ കുറച്ചുദൂരെ കണ്ണുചിമ്മിയും തുറന്നും കളിച്ചിരുന്ന ട്യൂബുകളിൽ കോക്കാടൻ നോക്കിനിന്നു. എങ്ങിനെയാണു തലയൂരുക എന്ന ചിന്തയായിരുന്നു ഉള്ളിലെങ്കിലും, പുറമേക്കു അദ്ദേഹത്തിന്റെ നോട്ടത്തിലും നിൽ‌പ്പിലും അപാരമായ നാടകീയതയായിരുന്നു. കേസിന്റെ തുമ്പ് കോക്കാടൻ കണ്ടുപിടിച്ചു കഴിഞ്ഞു എന്ന പ്രതീതിയാണു എല്ലാവരിലും ഉണ്ടായത്.

അന്നേരം കാണികളിൽ ഒരാൾ സ്റ്റേജിനു അടുത്തേക്കു വന്നു. ചെറുവാളൂർ പോസ്റ്റോഫീസ് ജംങ്‌ഷനിലെ ‘പെരുമാൾ ഹെയർ ഡ്രസ്സസ്’ ഉടമയായ സുരേന്ദ്രൻ. അദ്ദേഹം പരിഭ്രമിച്ചു നിൽക്കുന്ന കമ്മറ്റിക്കാരോട് ചോദിച്ചു. “എന്തൂട്ടാ പ്രശ്നം?”

മറുപടി പെട്ടെന്നു കിട്ടി. “കറന്റ് പോയതാ!“

സുരേന്ദ്രൻ പറഞ്ഞു. “അതേലേ. ഞാങ്കരുതി നിങ്ങള് മെയിൻ‌ സ്വിച്ച് ഓഫ് ചെയ്‌തതാന്ന്”

രണ്ടുകൂട്ടർക്കും ചൊറിഞ്ഞു കയറി. അപ്പോഴാണ് സുരേന്ദ്രൻ കോക്കാടൻ രവിയെ കാണുന്നത്.

“ആഹാ രവീണ്ടാ ഇവടെ. എന്നാപ്പിന്നെ നിങ്ങളൊക്കെ പൊക്കോ. പുള്ളീത് ഇപ്പശര്യാക്കും”

കോക്കാടൻ തലതിരിച്ചു. ‘എവടന്നു വന്നെടാ ഈ പാര’ എന്നു ആത്മഗതം ചെയ്‌തു. വീട്ടിലെ കറന്റുപോയ ഭാവത്തിലാണ് സുരേന്ദ്രന്റെ നിൽ‌പ്പ്. രവി ആ കേസ് വിട്ടു. ഏതു ട്യൂബിനു നേരെയാണൊ കുറച്ചുമുമ്പ് നോക്കിക്കൊണ്ടിരുന്നത് അതിനുനേരെ മുഖം തിരിച്ചു. പക്ഷേ ആ ട്യൂബും അതിനകം കെട്ടിരുന്നു.

കോക്കാടൻ കമ്മറ്റിക്കാരോടു പറ്റില്ലെന്നു പറയാൻ തീരുമാനിച്ചു. പക്ഷേ അതിനു തുനിയുംമുമ്പ് ഇരുട്ടിൽ ഒരു മനുഷ്യരൂപം അമ്പലത്തിന്റെ ചെറിയ, നിഷ്‌പ്രയാസം ചാടിക്കടക്കാവുന്ന മതിൽ ചാടിയതു അദ്ദേഹം യാദൃശ്ചികമായി കണ്ടു. ആ‍ ഭാഗത്തു കൂരിരുട്ടായിരുന്നതിനാൽ ഒരു നിഴൽ പോലെയാണു തോന്നിയത്. ലൈറ്റ് ആൻഡ് സൌണ്ട്സുകാർക്കു പൊതുവെ ഭയങ്കര കാഴ്ചശക്തിയാണ്. പണി രാത്രിയിലായതു കൊണ്ടുതന്നെ. രാത്രിയിൽ സവിശേഷമായി ലഭിക്കുന്ന ഈ സിദ്ധിമൂലം മതിൽചാടി അതിവേഗം നീങ്ങിയ നിഴൽരൂപം, തന്നെ ആദ്യമായി ജോലിക്കുവിളിച്ചു രക്ഷ്തസാക്ഷിയായ മൊട്ട ഇട്ടൂപ്പിന്റേതാണെന്നു രവി ഉറപ്പിച്ചു. അടുത്തതായി ചിന്തിക്കേണ്ടിയിരുന്നത് ഇട്ടൂപ്പെന്തിനു ഇരുട്ടിൽ പതുങ്ങിക്കളിക്കുന്നു എന്നതായിരുന്നു. പക്ഷേ കോക്കാടന്റെ മനസ്സിൽ മിന്നിയത് ഇട്ടൂപ്പ് നിന്നിരുന്ന ഭാഗത്തെ വയറിങ്ങ് കണക്ഷനുകളുടെ രൂപരേഖകളാണ്. ഇടക്കിടെ ഇങ്ങിനെ വസ്തുതകളുമായി പ്രത്യക്ഷബന്ധമില്ലാത്ത കാര്യങ്ങൾ മനസ്സിൽ തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളെ ശാസ്‌താവിന്റെ കളികളെന്നാണ് അദ്ദേഹം പൊതുവെ വിശേഷിപ്പിക്കുക. കൺ‌ട്രോൾ റൂമിൽനിന്നു ഇട്ടൂപ്പ് ചാടിയ മതിലിനരികിലേക്കുള്ള ദൂരവും സ്റ്റേജിലെ കറന്റുപോയിട്ടും സ്റ്റേജിനു പിന്നിൽ കെടാൻമടിച്ച ട്യൂബുലൈറ്റുകളും രവിയെ ആദ്യം ആശയക്കുഴപ്പത്തിലും പിന്നീട് പ്രശ്നപരിഹാരത്തിനു ഉതകിയേക്കാവുന്ന ഒരു ടെക്നിക്കൽ നിഗമനത്തിലും എത്തിച്ചു. എല്ലാം പതിനഞ്ചു നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു.

പിന്നെ അധികമൊന്നും ആലോചിക്കാതെ, എന്നാൽ എന്തോ ഗഹനമായി ആലോചിക്കുകയാണെന്നു നടിച്ച്, രവി കൺ‌ട്രോൾറൂമിൽ കടന്നു. ഒരുമൂലക്കു ചിതറിക്കിടക്കുന്ന അനേകം ബോൿസുകളിലും വയർ‌ചുറ്റുകളിലും കണ്ണുപായിച്ച അദ്ദേഹത്തിനു, പരിചിതമല്ലാത്ത കക്ഷികളുടെ ഉപകരണങ്ങളായിട്ടും, സ്റ്റാൻ‌ഡ്‌ബൈ കണക്ഷനുകളുടെ രൂപരേഖ ഏകദേശം പിടികിട്ടി. അവയിലൊന്നു തിരഞ്ഞെടുത്തു അയ്യങ്കോവ് ശാസ്‌താവിനെ ധ്യാനിച്ച് അദ്ദേഹം മെയിൻ‌സിൽ നിന്നു വലിച്ച ഒരു എൿസ്‌റ്റന്ററിൽ കുത്തി. ശരിയായ തിരഞ്ഞെടുപ്പ്. സ്റ്റേജും പരിസരങ്ങളും പ്രകാശമാനമായി. കമ്മറ്റിയംഗങ്ങൾ സ്തബ്ധരായി. അതു ശ്രദ്ധിക്കാത്ത മട്ടിൽ കോക്കാടൻ രവി പ്ലെയർ കടിച്ചുപിടിച്ചു, മുണ്ട് അരയിൽ വാരിക്കുത്തി ആനയുടെ അടുത്തേക്കു തിരിച്ച് ഓടി.

നെറ്റിപ്പട്ടം ഉറപ്പിക്കുന്നത് അവസാനഘട്ടത്തിൽ എത്തിയിരുന്നു. അദ്ദേഹം അവിടെ എത്തുന്നതിനു മുമ്പുതന്നെ സ്റ്റേജിൽ നാടകം പുനരാരംഭിച്ചു. ആനക്കു ചുറ്റും കൂടിയവരിൽ ഒരാൾ ചോദിച്ചു.

“എന്തിനാ രവീ കമ്മറ്റിക്കാര് വിളിച്ചെ?”

കോക്കാടന്റെ ഉള്ളിൽ ദേഷ്യം നുരഞ്ഞുപൊന്തി. കെഴങ്ങൻ. ഇവനു സംഗതി ഇനിയും കത്തിയിട്ടില്ല. ആദ്യചോദ്യം ആരാഞ്ഞ വ്യക്തി വീണ്ടും ചോദിച്ചു. “ആരാ രവി ലൈറ്റ് ശര്യാക്കെ?”

ഇത്തവണ രവി മറുപടി പറഞ്ഞു. “കോക്കാടൻ ഭാസ്കരൻ മകൻ രവി അഥവാ കെബി‌ആർ കാതിക്കുടം”

പിറ്റേന്നു വൈകിട്ടു തീരദേശം ഷാപ്പിൽ പതിവുക്വോട്ടാക്കു മുന്നിൽ ഇരിക്കുമ്പോൾ രവിക്കു മുന്നിൽ ആളുകൂടി. അവർക്കു മുന്നിൽ അദ്ദേഹം രഹസ്യം അനാവരണം ചെയ്‌തു. “എല്ലാം ഇട്ടൂപ്പിന്റെ കളികൾ. അല്ലാണ്ടെന്താ”

ആന്റു അമ്പരന്നു. “മൊട്ട്യാ. അതിനവന് ഇലട്രിക്കലീ ഒരു കുന്തോം അറീല്ലല്ലോ രവീ”

“റിപ്പയറിങ്ങിനല്ല സഹായന്ന് പറഞ്ഞെ. അവനാ ഇരുട്ടീ പതുങ്ങിച്ചെന്ന് അവടത്തെ കണക്ഷനിലെന്തോ ചെയ്‌തു”

“അതു മൊട്ട്യാന്ന് എന്താത്ര ഒറപ്പ്. ഇര്ട്ടത്തല്ലേ നീ കണ്ടെ”

കോക്കാടൻ ചൂടായി. ”ദെവസോം കാണണ ഒരുത്തൻ ഇരുട്ടീക്കോടെ പാഞ്ഞാലും എനിക്ക് മനസ്സിലാവൂടാ ആന്റ്വോ”

”എന്നാശരി. പക്ഷേ അവനെന്തൂട്ടാ അവടെ ചെയ്തേ?”

“അതെനിക്കും അറിയില്ല“ കോക്കാടൻ പറഞ്ഞുനിർത്തി.

രവി പറഞ്ഞത് സത്യമായിരുന്നു. വേറെ ലൈറ്റ് ആൻഡ് സൌണ്ട്സ് പാർട്ടിക്കാരുടെ ഉപകരണങ്ങളായതിനാൽ സംഭവിച്ച തകരാർ എന്തെന്നു രവിക്കു അറിയില്ലായിരുന്നു. സംഭവസ്ഥലം വിശദമായി പരിശോധിക്കാനും പറ്റിയില്ല. അപ്പോൾ പിന്നെ എല്ലാ രഹസ്യങ്ങളുടേയും കുരുക്കഴിക്കാൻ കഴിയുന്നത് ഒരാൾക്കു മാത്രം. ഇരുട്ടിൽ മതിൽചാടി ഓടിയെന്നു കോക്കാടൻ ആണയിട്ടു പറയുന്ന ഇട്ടൂപ്പിന്. അദ്ദേഹം പക്ഷേ അതു താനല്ലെന്ന പക്ഷത്തിലായിരുന്നു കുറച്ചുകൊല്ലം മുമ്പുവരെ. അതിനുശേഷം ഒരു പെരുമഴക്കാലത്തു പുല്ലാനിത്തോട്ടിൽ ചൂണ്ടയിടുമ്പോൾ അന്നുസംഭവിച്ച കാര്യങ്ങൾ അദ്ദേഹം ചെറാലക്കുന്നിലെ തമ്പിയോട് വെളിപ്പെടുത്തിയത്രെ.

”തമ്പീ കോക്കാടനെ രാവിലെ മൊതൽ അമ്പലപ്പറമ്പീ കണ്ടപ്പൊ ഞാങ്കര്തീത് ഉത്സവത്തിന്റെ ലൈറ്റാന്റ് സൌണ്ട് അവന്റ്യാന്നാ. അല്ലാണ്ട് ആനേനെ സ്പോൺസർ ചെയ്ത കാര്യം അറീല്ലായിരുന്നു. പണ്ടെന്റെ വീട് വയറിങ്ങ് ചെയ്തേന്റെ വിള്ളലുകൾ ഇപ്പഴും ചൊമരീ ബാക്ക്യാ. ആ കാര്യൊക്കെ ഓർത്തപ്പോ അവനൊരു പാര വക്കണന്ന് എനിക്ക് തോന്നി. സ്റ്റേജിന് പിന്നിലെ കണക്ഷനീ പ്രോബ്ലണ്ടാക്കീത് അങ്ങനാ. പക്ഷേ ചക്കിനു വച്ചത് കൊക്കിനാ കൊണ്ടെ. അവന്റെ ഒരു ടൈം. അല്ലാണ്ടെന്താ!”

ഇട്ടൂപ്പ് ഉപസംഹരിച്ചു. തമ്പി തോട്ടുവക്കത്തെ ചെളിയിൽ മീനിനെ തപ്പുന്നത് തുടരുന്നതിനിടയിൽ ചിരിച്ചുമറിഞ്ഞു.


കാതിക്കുടം ജംങ്ഷനിൽ തെക്കൂട്ട് സുബ്രൻ ചേട്ടന്റെ പലചരക്കുപീടികക്കും സമീപം, രവിയുടെ ചായക്കടയുടെ എതിർവശത്തു കെബിആർ ലൈറ്റ് ആൻഡ് സൌണ്ട്സിന്റെ ഓഫീസ് ഇന്നുമുണ്ട്. പണ്ട് ശിഷ്യന്മാരായിവന്നു ട്യൂബ് ഫിക്സ് ചെയ്യാനും ആമ്പ്ലിഫയർ കൈകാര്യം ചെയ്യാനും പഠിച്ചവർ കാലംകടന്നു പോയപ്പോൾ പിരിഞ്ഞുപോയി വേറെ ലൈറ്റ് ആന്‍ഡ് സൌണ്ട്സ് സ്ഥാപനങ്ങൾ തുടങ്ങി. കുറച്ചു വർക്കുകൾ പോയിക്കിട്ടിയെങ്കിലും കോക്കാടന് അത് ഏശിയിട്ടില്ല. ഏശുകയുമില്ല. അച്ഛൻ കോക്കാടൻ ഭാസ്കരൻ അങ്ങിനെയാണു മകനെ വളർത്തിയത്. അതിന്റെ ബലത്തിൽ രവി ഇന്നുമുണ്ട്. നാളെയും ഉണ്ടാകും. പരമ്പരാഗതമായ ഒരുപിടി വ്യക്തികള്‍ക്ക് ഇക്കാലത്തും ‘ശബ്ദവും വെളിച്ചവും’ എന്നുപറഞ്ഞാൽ അതു കെബിആർ കാതിക്കുടം ആണ്. അത്രയേ കോക്കാടൻ രവിയും ആഗ്രഹിക്കുന്നുള്ളൂ.

Sunday, December 5, 2010

കെ‌ബി‌ആർ കാതിക്കുടം - 1


“... ഏതൊരു ഗ്രാമത്തിലും വന്ദ്യവയോധികർ ഉണ്ടായിരിക്കും. വയസ്സന്മാരുണ്ടെങ്കിൽ രോഗങ്ങളും ഉണ്ടാകും. രോഗങ്ങളുണ്ടെങ്കിൽ അതിനോടു ബന്ധപ്പെട്ട അസ്വസ്ഥകളും ഉണ്ടാകും. അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ആ പ്രദേശത്തു ഒരു ക്ലിനിക്കെങ്കിലും ഉണ്ടാകും. അല്ല ഉണ്ടാകുമെന്നല്ല മറിച്ചു ഉണ്ടാകണമെന്നാണ്. കേരളത്തിലെ സകലഗ്രാമങ്ങളിലും അറ്റ്‌ലീസ്റ്റ് ഒരു ഹെല്‍ത്ത് ക്ലിനിക്കെങ്കിലും ഉണ്ടാകേണ്ടത് ആരോഗ്യസംരക്ഷണത്തിനു അത്യാന്തപേക്ഷമാണ്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയപ്പോൾ ആരോഗ്യമന്ത്രിയായത്...”

കാടുകുറ്റി പഞ്ചായത്തിൽ ആറാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന മെമ്പർ, പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് തോമസ് അവിടെവച്ചു പ്രസംഗം നിര്‍ത്തി. അദ്ദേഹം തികഞ്ഞ വാഗ്മിയാണ്. പ്രസംഗകലയിൽ പരിണതപ്രജ്ഞനും. എന്നിട്ടും വേദിയിൽ ഇരിക്കുന്നവരുടെ സഹായം തേടേണ്ടിവന്നു. അവരും കയ്യൊഴിഞ്ഞപ്പോൾ പ്രസംഗത്തിന്റെ റൂട്ടിൽ ചെറിയ മാറ്റം‌വരുത്തി. നടുലേശം പിന്നോട്ടുവളച്ചു ശബ്ദത്തിന്റെ തീവ്രത കൂട്ടി.

“ആരോഗ്യമന്ത്രി ആരായിരുന്നു എന്നതല്ല, മറിച്ച് ആരോഗ്യമെങ്ങനെയായിരുന്നു എന്നതാണ് മുഖ്യം. രോഗികളില്ലാതെ സര്‍ക്കാർ ആശുപത്രികളിലെ കട്ടിലുകളിൽ മൂട്ടകൾ താവളമടിച്ചെന്നതായിരുന്നു സത്യം. ഡോക്ടര്‍മാരാണെങ്കിലോ ഡ്യൂട്ടിക്കു വരുന്നത് ഒരു കുത്ത് ചീട്ടുമായിട്ടും...”

തോമസ് അരമണിക്കൂറോളം പിന്നേയും കത്തിക്കയറി. ഒടുക്കം ഉപസംഹരിച്ചു.

“അപ്പോൾ നമ്മുടെ ഈ അലോപ്പതി ക്ലിനിക് ഉല്‍ഘാടനം ചെയ്യാൻ കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് മോഹനേട്ടനെ ഞാന്‍ വേദിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. അതിനുശേഷം ശ്രീനിവാസനും ഉല്‍ഘാടനം ചെയ്യുന്നതായിരിക്കും”

നാട്ടുകാര്‍ക്കു അതിൽ പുതുമയില്ലായിരുന്നു. കക്കാടിലെ എല്ലാ പരിപാടികളും ഇങ്ങിനെയാണ് നടക്കുക. കോണ്‍ഗ്രസില്‍‌നിന്നു വി.കെ.മോഹനനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍‌നിന്നു ശ്രീനിവാസനുമാണ് സകല ഉല്‍‌ഘാടനങ്ങള്‍ക്കും നാട മുറിക്കുക. തൃശൂർ മെഡിക്കൽകോളേജില്‍‌നിന്നു എംബിബി‌എസ് എടുത്ത, കക്കാടിലെ ആദ്യപട്ടാളക്കാരൻ കൊടുമ്പിള്ളി ഭാസ്കരന്റെ മകൻ, ദിനേശ് സ്വന്തം ഗ്രാമത്തിൽ ഒരു അലോപ്പതിക്ലിനിക് തുടങ്ങാൻ തീരുമാനമെടുത്തപ്പോൾ അതുവരെ തുടര്‍ന്ന ഉല്‍ഘാടന ചടങ്ങുകളുടെ ഘടനയിൽ മാറ്റംവരുത്തണമെന്നു കരുതിയതാണ്. കലാരംഗത്തെ ഏതെങ്കിലും പ്രഗല്‍ഭനെ കൊണ്ടുവരാനുള്ള ശ്രമം നാട്ടുകാരുടെ നിസ്സഹരണം മൂലം അദ്ദേഹത്തിനു മാറ്റിവക്കേണ്ടി വന്നു.

വെള്ളമുണ്ടും ഖദർ‌ഷർട്ടും ധരിച്ചു, കൈകൂപ്പി മോഹനേട്ടന്‍ വേദിയിലെത്തി.ചാലക്കുടി മണ്ഢലത്തിനു അകത്തും പുറത്തും അറിയപ്പെടുന്ന കോണ്‍‌ഗ്രസ് നേതാവാണു അദ്ദേഹം. സൌമ്യതയുടെ പ്രതീകം. സദസ്സിനു മുന്നില്‍നിന്നു തഴക്കംവന്ന അദ്ദേഹം മൈക്കുസ്റ്റാന്‍ഡിന്റെ ഉയരം തന്റേതിനു അനുപാതികമായി ക്രമീകരിച്ചു. മൈക്കിൽ ചൂണ്ടുവിരല്‍കൊണ്ടു കൊട്ടി.

“ഹലോ ടെസ്റ്റ്...”

പറഞ്ഞ വാക്കുകള്‍ക്കുപകരം കാതുതുളച്ചുകയറുന്ന ഉച്ചസ്ഥായിയിലുള്ള ശബ്ദം സ്പീക്കറിനെ ഭേദിച്ചു പുറത്തുവന്നു. ട്രയിന്‍ പുറപ്പെടുന്ന സമയത്തെ ചൂളം‌വിളി പോലൊന്ന്.

“കീ... കീ...കീ...”

ചെവിപൊത്തി മോഹനേട്ടൻ മൈക്കിനു മുന്നിൽ കുനിഞ്ഞു. വണങ്ങുന്നതാണെന്നേ സദസ്യര്‍ക്കു തോന്നൂ. ആരൊക്കെയോ ലൈറ്റ് & സൌണ്ട്സ് ഓപ്പറേറ്റര്‍ക്കായി ഒച്ചവച്ചു.

“രവ്യേയ്... ഓടിവാടാ”

‘കെബി‌ആർ ലൈറ്റ് & സൌണ്ട്സ്, കാതിക്കുടം‘ എന്ന സ്ഥാപനത്തിന്റെ മാനേജറായ കോക്കാടൻ രവി എസ്‌എന്‍‌ഡിപി സെന്ററിലെ സ്റ്റേജിനു കുറച്ചുദൂരം അകലെയുള്ള പരമുമാഷിന്റെ പീടികയിലായിരുന്നു. പീടികത്തിണ്ണയിൽ ചുരുണ്ടുകൂടിയവരുമായി ഭയങ്കര പുളുവടി. സ്പീക്കറില്‍നിന്നു ചൂളം‌വിളി ഉയര്‍ന്നപ്പോൾ അദ്ദേഹത്തിന്റെ ശ്രോതാക്കളിൽ പലരും അടുത്തെങ്ങും റെയില്‍‌വേട്രാക്ക് ഇല്ലെന്നു അറിയാമായിരുന്നിട്ടും, ഇനി തങ്ങളറിയാതെ എങ്ങാനും ട്രാക്ക് വലിച്ചിരിക്കുമോ എന്ന ശങ്കയിൽ, മുണ്ടു മടക്കിക്കുത്തി ഓടി. അത്ര ഒറിജിനാലിറ്റി. അത്യാവശ്യം മിനുങ്ങി തിണ്ണയില്‍ചാരി മയങ്ങുകയായിരുന്ന കുട്ടപ്പൻ‌ചേട്ടൻ‌ ഞെട്ടിയെഴുന്നേറ്റു പരിഭ്രാന്തനായി ചോദിച്ചു.

”പരമൂ ഞാനെവിട്യാടാ. കൊരട്ടി ട്രാക്കിലാ? എന്നെയൊന്ന് പിടിച്ചു കേറ്റ്യോ?”

കോക്കാടന്‍ രവിക്കുമാത്രം കാര്യങ്ങൾ മനസ്സിലായി. അദേഹം സന്തതസഹചാരിയായ പ്ലെയർ വായിൽ‌ കടിച്ചുപിടിച്ചു, ഇടതുകയ്യിൽ ഒരുകെട്ടു ഇലക്‍ട്രിക് വയർതൂക്കി വലതുകൈകൊണ്ടു അഴിഞ്ഞുപോയ മുണ്ട് വാരിപ്പിടിച്ചു സ്റ്റേജിനടുത്തേക്കു ഓടി. ഒരുപാടു ഉത്സവങ്ങൾക്കും മറ്റുപരിപാടികള്‍ക്കും ഇടയിൽ നാട്ടുകാര്‍ക്കു സുപരിതമായ കോക്കാടൻ സ്റ്റൈൽ ഓട്ടം. തന്റെ മരണപാച്ചിൽ നോക്കിനില്‍ക്കുന്ന എല്ലാവരേയും പോണപോക്കിൽ ആശ്വസിപ്പിക്കുകയും ചെയ്‌തു.

“നിങ്ങ ഇരുന്നോ. ഇതൊക്കെ ഇപ്പ ശര്യാവില്ല്യേ”

സ്റ്റേജിനടുത്തെ മേശയിൽ സജ്ജീകരിച്ചിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ അദ്ദേഹത്തിന്റെ കൈകൾ തത്തിക്കളിച്ചു. പത്തു നിമിഷത്തിനുശേഷം സംതൃപ്‌തിയോടെ എഴുന്നേറ്റു. മോഹനേട്ടനു നേരെ ആഗ്യം കാണിച്ചു. എല്ലാം ഒകെ.

പ്രസിഡന്റ് മൈക്ക് വീണ്ടും ഓണാക്കി. “ഹലോ ടെസ്...”

മുഴുമിപ്പിക്കാന്‍ പറ്റിയില്ല. കുറച്ചകലെ വച്ചിരുന്ന വലിയ സെറ്റുകൾ കുലുങ്ങി. അതിനടുത്തിരുന്ന നാലുപേർ കസേരയോടൊപ്പം പിന്നോട്ടുമറിഞ്ഞു. രവി വീണ്ടും ഇലക്ട്രോണിക് ഉപകരണങ്ങളുമായി മല്‍പ്പിടുത്തം തുടങ്ങി. അതിനിടയിൽ പ്രസിഡന്റ് മോഹനൻ മഞ്ഞനിറമുള്ള റിബൺ അഴിച്ചുമാറ്റി കോണ്‍ഗ്രസിന്റെ മൂവര്‍ണനിറമുള്ള റിബ്ബൺ ഉപയോഗിച്ചു. നാട മുറിച്ചു. സദസ്സിലെ കോണ്‍ഗ്രസുകാർ കയ്യടിച്ചു.

.. രാജ്യത്തിന്റെ അഖണ്ഢത ശക്തിപ്പെടുത്താനുള്ള സോണിയാജിയുടെ ശ്രമങ്ങള്‍ക്ക് ഈ ക്ലിനിക് ഒരു നിമിത്തമാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു”

കുഴപ്പം മാറിയ മൈക്കിലൂടെ അടുത്ത അനൌണ്‍സ്‌മെന്റ് എത്തി. “അടുത്തത് ശ്രീനിവാസന്റെ ഊഴമാണ്

മോഹനേട്ടന്‍ മുറിച്ച മൂവര്‍ണറിബ്ബൺ ദൂരെയെറിഞ്ഞു, കക്കാടിന്റെ കമ്മ്യൂണിസ്റ്റ് പോക്കറ്റില്‍നിന്നു ചുവന്ന റിബ്ബൺ എടുത്തു. വാതിലിനു കുറുകെ ബന്ധിച്ചു അതു ഒറ്റവെട്ടിനു മുറിച്ചു. ഇങ്ക്വിലാബ് വിളികളാൽ അന്തരീക്ഷം മുഖരിതമായി. ബഹളം ഒട്ടൊന്നു ശമിച്ചപ്പോൾ ശ്രീനിവാസൻ മൈക്ക് കയ്യിലെടുത്തു.

“... അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വീടുപണി ചെയ്യാതെ നിസ്വവര്‍ഗത്തെ സേവിക്കാൻ തീരുമാനിച്ച ദിനേശന്റെ ക്ലിനിക് ഒരു വിജയമാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു”

പരിപാടികൾ എല്ലാം ഗംഭീരമായി പര്യവസാനിച്ചു. എല്ലാവര്‍ക്കും നേട്ടമായിരുന്നു. കോക്കാടൻ രവിക്കു ഒഴികെ. അദ്ദേഹത്തിനു നഷ്ടം മുന്നൂറ് രൂപ. ലൈറ്റ് ആന്‍ഡ് സൌണ്ടുകാര്‍ക്കു പലപ്പോഴും കരാർ ഉറപ്പിച്ച പൈസ ആരും കൊടുക്കാറില്ല. കിട്ടിയതുകൊണ്ടു തൃപ്‌തിപ്പെടുന്ന സ്വഭാവക്കാരനായതിനാൽ രവി ആരോടും ശണ്ഠയ്‌ക്കു പോകാറുമില്ല.

“എനിക്ക് എല്ലാരും തരാനൊള്ള കുടിശിക കാശ് കൂട്ടിനോക്ക്യാ ഞാൻ ബോധം കെട്ടുവീഴും. കേക്കണോരും ബോധം കെടും. കാരണം അതു ലക്ഷങ്ങൾ കവിഞ്ഞേക്കാം ആന്റു”

പിറ്റേന്നു അന്തിക്കു, തീരദേശം ഷാപ്പില്‍വച്ചു കള്ളു മോന്തി ഫിറ്റാകുമ്പോൾ പതിവായി പറയാറുള്ള വാചകം കോക്കാടന്‍ അന്നും എല്ലാവരോടും പറഞ്ഞു. ആന്റണി താടിക്കു കൈകൊടുത്തു സമീപത്തിരുന്നു.

“ആരും പറഞ്ഞ കാശുതരാറില്ലാന്നു പറഞ്ഞാ വിശ്വസിക്കാമ്പറ്റില്ല രവീ. ചെലരെങ്കിലും കൊള്ളാവുന്നവരില്ലേ?”

“തീര്‍ച്ചായും ഇണ്ട്. പക്ഷേ എന്റെ അനുഭവത്തീ അവരും ഒരു പത്തുരൂപ കൊറച്ചേ തരാറൊള്ളൂ. അത് ഒരുമാതിരി പതിവായിപ്പോയി. ഇനി പറഞ്ഞട്ട് കാര്യല്ല“

“അങ്ങനാണെങ്കീ കാശ് നിനക്ക് അഡ്വാന്‍സായി വാങ്ങിച്ചൂടെ?”

മീന്‍‌ചാറ് നക്കി രവി പറ്റില്ലെന്നു ആഗ്യംകാട്ടി. “അഡ്വാന്‍സായി കാശു വാങ്ങ്യാ പിന്നെ എനിക്ക് പണിചെയ്യാന്‍ തോന്നില്ല ആന്റു. അതുവേറെ കാര്യം”

സംഭാഷണം നിര്‍ത്തി കോക്കാടൻ രവി എഴുന്നേറ്റു. കാശെണ്ണി കൊടുത്തു. ബെഞ്ചിൽ വച്ചിരുന്ന പ്ലെയർ എടുത്തു പോക്കറ്റിലിട്ടു. അതങ്ങിനെയാണ്, രവി എവിടെയുണ്ടോ അവിടെ പ്ലെയറും ഉണ്ടാകും. ഒന്നുകിൽ ഷര്‍ട്ടിന്റെ പോക്കറ്റിൽ. അല്ലെങ്കിൽ അരയിൽ മുണ്ടിനിടയിൽ. അദ്ദേഹം റോഡിലൂടെ നടന്നുപോകുമ്പോഴോ, സ്വന്തം ഓട്ടോയിൽ സഞ്ചരിക്കുമ്പോഴോ നാട്ടുകാർ വിളിച്ചു എന്തെങ്കിലും പണികൊടുക്കും. ഒന്നുകിൽ ഫ്യൂസ് കെട്ടുക അല്ലെങ്കിൽ മോട്ടോർ കണക്ഷൻ നോക്കുക അങ്ങിനെ ചെറുതും വലുതുമായ പണികൾ. എപ്പോഴാണ് മൊബൈലിലേക്കു വിളികൾ വരിക എന്നും പറയാൻ പറ്റില്ല. അതുകൊണ്ടാണ് പ്ലെയർ സദാസമയവും കൂടെ കരുതുന്നത്.

കാതിക്കുടം ഓസീന്‍ കമ്പനിക്കു സമീപം താമസിക്കുന്ന കോക്കാടൻ ഭാസ്‌കരന്റേയും കമലുവിന്റേയും മൂത്ത പുത്രനാണ് രവി എന്ന കോക്കാടൻ രവി. നാട്ടിലെ എണ്ണമറ്റ രവികളിൽ ഒരാൾ. കോക്കാടൻ എന്നു പറഞ്ഞാലേ നാട്ടുകാർ അറിയൂ. അദ്ദേഹത്തിന്റെ കമ്പം എന്നും ഇലക്‍ട്രിക്കൽ - ഇലക്ട്രോണിക് വിഷയങ്ങളിലായിരുന്നു. ഒന്നരവയസ്സുള്ളപ്പോൾ മുട്ടിൽ നീന്തുന്ന മകനു കളിക്കാനായി അച്‌ഛൻ കോക്കാടൻ ഭാസ്‌കരൻ കേടായ ഒരു റേഡിയോ നല്‍‌കിയെന്നും രണ്ടുമണിക്കൂറിനുള്ളിൽ കുട്ടിയായ രവി അതു നന്നാക്കി തിരികെ കൊടുത്തതുമാണ് അദ്ദേഹത്തെപറ്റി നാട്ടുകാര്‍ക്കുള്ള ആദ്യസ്‌മരണ. ആദ്യസ്മരണയെ കവച്ചുവക്കുന്നവ പിന്നീടും സംഭവിച്ചു. അതുകൊണ്ടുതന്നെ പത്താം ക്ലാസ് കഴിഞ്ഞു രവി ചാലക്കുടി ഐടിഐയിൽ ഇലക്ട്രിക്കൽ ട്രേഡിൽ ചേര്‍ന്നപ്പോൾ ആരും അല്‍‌ഭുതപ്പെട്ടില്ല. രവിക്കതു ചേരുമെന്നു എല്ലാവരും മനസിൽ പറഞ്ഞു.

ഐ‌ടി‌ഐയിൽ ചേരുമ്പോൾ രവിയുടെ ലക്ഷ്യം നാട്ടിൽ പണിയുന്ന ഗള്‍ഫുകാരുടെ വീട്ടിലെ വയറിങ്ങ് പണികളായിരുന്നു. കൂടാതെ ലൈന്‍‌മാൻ ഇല്ലാത്തതിനാൽ ധാരാളമായുള്ള കെ‌എസ്‌ഇബി വര്‍ക്കുകളും. അവയെല്ലാം തനിക്കു നിഷ്‌പ്രയാസം കിട്ടുമെന്നു അദ്ദേഹം കരുതി. അതു ശരിയായി ഭവിക്കുകയും ചെയ്യുമായിരുന്നു, സ്വന്തമായി ചെയ്‌ത ആദ്യത്തെ ജോലിയിൽ പറ്റിയ ഒരു അക്കിടി ഇല്ലായിരുന്നെങ്കിൽ.

കാതിക്കുടം ഗവണ്‍‌മെന്റ് ആശുപത്രിക്കു സമീപത്തുനിന്നു കക്കാട് അയ്യങ്കോവ് അമ്പലത്തിനടുത്തേക്കു താമസം മാറിയെത്തിയതായിരുന്നു മൊട്ട ഇട്ടൂപ്പ്. പേരുപോലെ തലയിൽ ഒറ്റപ്പൂടയില്ല. താമസം മാറാൻ പ്രത്യേകിച്ചു കാരണമൊന്നുമില്ല. വെറുതെയിരിക്കുമ്പോൾ ഇടവക മാറാൻ തോന്നി. കക്കാടിലെത്തിയാൽ കൊരട്ടി ഇടവകയാകും. കൊരട്ടിപ്പള്ളിയാണെങ്കിൽ കേരളത്തിലെതന്നെ പ്രശസ്‌ത തീര്‍‌ത്ഥാടന കേന്ദ്രവുമാണ്. കക്കാടിലെത്തിയ ഇട്ടൂപ്പ് ആദ്യം പുതിയൊരു വീട് പണികഴിപ്പിച്ചു. കണ്ണാമ്പലത്തുവീട്ടിൽ അജിതന്റെ വീടിനോടു ചേർന്ന കല്ലുവെട്ടുകുഴിയിൽനിന്നു ചോരനിറമുള്ള ചെങ്കല്ലുവെട്ടി, കൽ‌പ്പണിക്കാരൻ പ്രഭാകരൻ പണിത കിണ്ണൻ വീട്. അതിന്റെ വയറിങ്ങ് പണി കോക്കാടന്‍ രവിക്കു കൊടുക്കാൻ ഇട്ടൂപ്പിനോട് ശുപാർശ ചെയ്തത് അജിതന്റെ ചേട്ടൻ പുരുഷോത്തമനായിരുന്നു. കമ്പനിപ്പടിക്കല്‍വച്ചു സൈക്കിളിൽ വരികയായിരുന്ന ഇട്ടൂപ്പിനെ പുരുഷോത്തമൻ വിളിച്ചു.

“ഡാ ഇട്ടൂ“

അസാരം തിരക്കിലായിരുന്നെങ്കിലും ഇട്ടൂപ്പ് നിന്നു. വിളിക്കുന്നത് കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമൻ ആണ്. ചെന്നില്ലെങ്കിൽ പിശകാവും. ഇട്ടൂപ്പ് തലേക്കെട്ട് അഴിച്ചു ഭവ്യനായി നിന്നു. പുരുഷു സിനിമയിൽ അഭിനയിക്കണമെന്ന കാര്യം മുതൽ പുല്ലാനിത്തോട്ടിൽ ചൂണ്ടയിടരുതെന്നു വരെയുള്ള അനവധി ഉപദേശങ്ങൾ ഇട്ടൂപ്പിനു കൊടുത്തു. അദ്ദേഹം അതുമുഴുവൻ തലയാട്ടി കേട്ടു. കോക്കാടനു വർക്കു കൊടുക്കാൻ പറഞ്ഞപ്പോൾ മാത്രം തലയാട്ടിയില്ല. അപ്പോൾ പുരുഷു ചെവിക്കു പിടിച്ചു ആട്ടിച്ചു. അങ്ങിനെ എല്ലാ തടസങ്ങളും നീങ്ങി.

പിറ്റേന്നു രാവിലെ അയ്യങ്കോവ് ശാസ്‌താവിനു തേങ്ങയടിച്ചു കോക്കാടൻ പണിക്കു കയറി. പ്ലാൻ വരച്ചു, അതിനനുസരിച്ചു ചെങ്കല്ലു കുത്തിപ്പൊളിച്ചു. പിവിസി പൈപ്പിലൂടെ വയർ വലിച്ചു സിമന്റടിച്ചു. സ്വിച്ചുകളും പ്ലഗ്ഗുകളും സജ്ജീകരിച്ചു. ശരിക്കു ചെയ്‌താൽ മൂന്നാഴ്ചസമയത്തെ പണിയേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും രവി ഒരു മാസമെടുത്തു. ഒടുക്കം പണി പൂര്‍ത്തിയാക്കി, മെയിന്‍സ്വിച്ച് ഓൺ ചെയ്തപ്പോൾ വീട് പ്രഭാപൂരിതമായത് ബള്‍ബ് കത്തിയതുകൊണ്ടായിരുന്നില്ല, വയറുകത്തിയതു കൊണ്ടായിരുന്നു. പിവിസി പൈപ്പ് പോയവഴിയൊക്കെ വിണ്ടുകീറി. അപൂര്‍വ്വം സ്ഥലങ്ങളിൽ ചെങ്കല്ലും പൊട്ടിത്തെറിച്ചു. ഫലം. നാട്ടുകാരുടെ വര്‍ക്കുമില്ല, കെ‌എസ്‌ഇ‌ബി വര്‍ക്കുമില്ല. പുരുഷോത്തമനാണെങ്കിൽ അണ്ടർഗ്രൌണ്ടിലും പോയി.

ആഴ്‌ച ഒന്നു കഴിഞ്ഞപ്പോൾ പുരുഷുവിന്റെ നല്ലപാതി തീരദേശം പാടത്തുനിന്നു വരുന്ന കാറ്റേറ്റു പായയിൽ കിടക്കുകയായിരുന്ന രവിയോടു ചോദിച്ചു. “അങ്ങേര് എവിടാന്ന് ഒന്ന് പറേടാ രവീ. ഇത്ര നാളായില്ലേ?”

കോക്കാടന്‍ പായയിൽ തിരിഞ്ഞുകിടന്നു. ശരീരവേദന ശമിച്ചിരുന്നില്ല. “ഉഷേച്ചി ആള് അപ്പറത്ത്ണ്ട്. പോയി കണ്ടോ”

അപ്പുറത്തു കോലായിലെത്തി കരച്ചിലും പിഴിച്ചിലും നടത്തി നല്ലപാതി തിരിച്ചെത്തി. രവിയോടു അന്വേഷിച്ചു. “നീയിനി ഈ പണിക്ക് പോണില്ലേ?”

രവിയൊന്നും മിണ്ടിയില്ല. അതേ കിടപ്പിൽ കിടന്നു പലതും ആലോചിച്ചു. ഒരു ആഴ്‌ചയോളം ആലോചിച്ചു. ഒടുക്കം വഴി തെളിഞ്ഞുവന്നു. സ്വന്തമായി ഒരു ലൈറ്റ് & സൌണ്ട്സ് സ്ഥാപനം തുടങ്ങുക. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. വേണ്ടപ്പെട്ടവരുമായുള്ള കൂടിയാലോചിച്ചു. തീരുമാനത്തിലെത്തി. ഒരു മാസത്തിനുള്ളിൽ കാതിക്കുടം ജംങ്‌ഷനിൽ തെക്കൂട്ട് സുബ്രന്റെ പലചരക്കുകടക്കു സമീപമുള്ള ചെറിയ മുറി വാടകക്കെടുത്തു പ്രവർത്തനം ആരംഭിച്ചു. കടയുടെ ഉച്ചിയിൽ ബോർഡ് തൂക്കി.

“കോക്കാടൻ ഭാസ്കരൻ രവി Alias കെ‌ബി‌ആർ കാതിക്കുടം”

(തുടരും...)

Saturday, November 6, 2010

മലബാര്‍ ഉസ്‌താദ് - 3

ശ്രദ്ധിക്കുക: മുന്‍‌പോസ്റ്റിന്റെ തുടര്ച്ചയാണ് ഈ പോസ്റ്റ്

ഉസ്താദ് കുറ്റിബീഡി നിലത്തിട്ടു. മര്യാദാമുക്കിലെ മര്യാദക്കാരാകെ ഉഷാറായി. ഇതാ മറ്റൊരു മലബാർ പുരാവൃത്തം ചുരുളഴിയാന്‍ പോകുന്നു.

ഉസ്‌താദ് കൈകൾ അന്തരീക്ഷത്തിൽ പായിച്ച് വിവരണം ആരംഭിച്ചു.

“അന്ന് ഞാൻ ജോലി ചെയ്യണത് മറയൂരിലായിരുന്നു. ചന്ദനം മക്കണ സ്ഥലത്തൊന്ന്വല്ല. അവടന്നും കൊറേ പോണം. ഞാനാണെങ്കി തടിവെട്ട് തുടങ്ങീട്ടന്ന് കൊറച്ച് നാളാ ആയിട്ടുള്ളൂ. എല്ലാം പഠിച്ച് വരണ സമയം. അതിനെടക്കൊരു ദെവസം അത്യാവശ്യായി എനിക്ക് വയനാട്ടീ പോവണ്ടിവന്നു. എന്റെ ആശാന്റെ ഗ്യാങ്ങിലെ ഒരു റാവുത്തറെ ഏതോ റേഞ്ചർ വെടിവച്ചൂന്ന്. അപ്പോ അതിന്റെ ചൊമതല എന്റെ തലേലായി“

ഏത് റാവുത്തറാണെനു അപ്പുക്കുട്ടനു മനസ്സിലായി. വെടിവച്ചത് പിള്ള തന്നെ. ഉസ്‌താദ് തുടര്‍ന്നു.


“ഞാൻ അപ്പത്തന്നെ കെട്ടും ഭാണ്ഢോം മുറുക്കി. പോവാന്‍ നേരം ആശാന്റെ വലം‌കൈയായ ഒരു തമിഴൻ എന്റെ ടെന്റീവന്ന് ആശാൻ വിളിക്കണെന്ന് പറഞ്ഞു. ഒരു സ്ഥലത്തേക്ക് പോവാനെറങ്ങുമ്പോ ആരെങ്കിലും പിന്നീന്ന് വിളിക്കണത് എനിക്കിഷ്‌ടല്ല. പക്ഷേ ഇവടെ സംഗതി വേറാണല്ലാ. അതോണ്ട് കാര്യാക്കീല്ല്യ. ഞാൻ ചെല്ലുമ്പോ ആശാൻ ഒരു കൈത്തോക്ക് പോളീഷ് ചെയ്‌തോണ്ടിരിക്കാ. മോത്താണെങ്കി ഭയങ്കര ടെന്‍‌ഷനും. എന്നെ ഉള്ളീക്കേറ്റീട്ട് കൂടെവന്നവൻ അവന്റെ പാട്ടിനുപോയി. ഞാന്‍ പേടിച്ചു, നമ്മളെ എങ്ങാനും കാച്ചാനാണോ പോണേന്ന് വിചാരിച്ച്. പക്ഷേ അങ്ങനൊന്ന്വല്ലായിരുന്നു. ആശാൻ എന്റെ തോളത്ത് പിടിച്ച് ശക്ത്യായിട്ടു ഒലച്ചു. പിന്നെ പറയാ”

“രാഘവാ സൂക്ഷിക്കണം. പോണത് വയനാട്ടീക്കാ. ഇപ്പോ അവടത്തെ റേഞ്ചർ എം.ജി.പി പിള്ളയാ. ഷാർപ്പ് ഷൂട്ടർന്നു പറഞ്ഞാ അതാ പിള്ള. ആരേം കൂട്ടാക്കൂലാ. ഡിഎഫോടെ സൊന്തം ആള്“

നാട്ടിൽ സുപരിചിതനായ പിള്ളയുടെ അതുവരെ കണ്ടിട്ടില്ലാത്ത മുഖം ഉസ്‌താദ് വരച്ചുവച്ചപ്പോൾ മര്യാദാമുക്കാകെ ഉദ്വോഗത്തിലായി.

“ഉസ്‌താദിനപ്പോ പറയാർന്നില്ലേ. നിങ്ങ ഒരേ നാട്ടാരാന്ന്”

“അതെങ്ങനെ. നമ്മടെ പിള്ളയാ ഈ പിള്ളാന്ന് എനിക്കപ്പ കത്തീല്യാന്ന്”

“ഓ അങ്ങനെ. എന്നട്ട്...”

ഉസ്‌താദ് തുടര്‍ന്നു. “പിള്ളേനെപ്പറ്റി മുന്നറിയിപ്പ് തന്നട്ട് ആശാൻ കയ്യിലെ കൈത്തോക്ക് എനിക്ക് തന്നു. ഒട്ടും രക്ഷേല്ലെങ്കി കാച്ചീക്കോളാനും പറഞ്ഞു. എനിക്കങ്ങട് രോമാഞ്ചായി. ഒന്ന് വെടിവക്കാൻ എത്രനാളായ്‌ന്നറിയോ ആശിക്കണേ”

ആശാന്‍‌കുട്ടിക്കു സംശയം. “തോക്കല്ലാണ്ട് വേറെന്തെങ്കിലും ആയുധം?”

ഉസ്താദ് വീട്ടിലുള്ള മലപ്പുറം കത്തിയെപ്പറ്റി സൂചിപ്പിച്ചു. “ആ കത്തി പണ്ടേ എന്റേലൊള്ളതാ”

ആശാന്‍ സമ്മതിച്ചു. “വയനാട്ടീ പോയിട്ട്...”

“പോയത് ലോറീലാ. അതാണെങ്കി പാതിവഴീ കുഴീച്ചാടി. വേറൊരു ലോറിക്ക് സൈഡ് കൊട്ത്തപ്പോ മണ്ണിടിഞ്ഞതാ. ആദ്യം എന്തൂട്ടാ ചെയ്യാന്ന് ആലോചിച്ചു. ഞങ്ങ നിന്ന റോഡിന്റെ ഒരു സൈഡില് ചെറിയൊരു കൊക്കേം മറ്റേ സൈഡില്‍ നല്ല പൊക്കോള്ള മലേമായിരുന്നു. ഒന്നും ചെയ്യാമ്പറ്റിയില്ല. അവടെത്തന്നെ നിന്നു. അതിനെടക്ക് ഒരു ജീപ്പ് വന്നപ്പോ ഒരാള് അതീക്കേറിപ്പോയി. ടൌണീന്ന് ക്രെയിൻ വിളിച്ചോണ്ടുവരാൻ. വണ്ടി പൊക്കണ്ടെ”

കാടിനെപ്പറ്റി പിള്ള നടത്താറുള്ളതിനേക്കാളും രസകരമായ വിവരണത്തിൽ അപ്പുക്കുട്ടൻ ആകൃഷ്ടനായി.

“ഞങ്ങളങ്ങനെ ഒരു രാത്രി മുഴുവൻ അവടെ, ആ റോഡ്‌സൈഡീ, വെയ്‌റ്റ് ചെയ്‌തു. മുഴുവൻ സമയോം വണ്ടീത്തന്നെ. അപ്പഴൊക്കെ നല്ല മഴേം. ആദ്യൊക്കെ രസായി തോന്നി. പക്ഷേ വയനാട്ടീ അതുപോലത്തെ മഴേനെ എല്ലാർക്കും പേട്യാ. കാരണം മലമോളീന്ന് വെള്ളറങ്ങും. ഞങ്ങടെ വണ്ടി കെടക്കണടത്തേക്കു തലേന്ന് രാത്രിമൊതലേ, മോളീന്ന് ചെറിയ അരുവിപോലെ ഒരു നീർച്ചാല് ഒഴുകണ്ടായിരുന്നു. ആദ്യം വിട്ട്കളഞ്ഞെങ്കിലും പിന്നെ അതൊരു പ്രശ്നായേക്കാന്ന് എനിക്ക് തോന്നി. അപ്പൊ മഴക്കോട്ടിട്ട് വണ്ടീടടത്തൂന്ന് നീങ്ങിനിന്നു. ഒരു ഇല്ലിക്കാടിന്റെ അടീലാ നിന്നെ. അപ്പ ദേ വേറൊരു ജീപ്പ് വരണ്. ഭയങ്കര സ്പീഡില്. ടൌണീപ്പോണ വണ്ട്യാണെങ്കി കേറാലോന്നു വച്ച് ഞാൻ കൈകാണിച്ചു. നിർത്താനൊള്ള ഭാവല്ല്യെന്ന് തോന്നീപ്പോ രണ്ടുംകയ്യും വിടർത്തി റോഡിലേക്കെറങ്ങി. പക്ഷേ വണ്ടി അടുത്ത് വന്നപ്പഴാ അറിഞ്ഞെ, അത് ഫോറസ്റ്റ് ജീപ്പാന്ന്. അതിന്റുള്ളീ കോട്ടും തൊപ്പീംവച്ച് ഇരിക്കണതോ... നമ്മടെ പ്രഭാകരനും!“

റേഞ്ചർ വിവരണത്തിലേക്കു തലനീട്ടി.

“പ്രഭേടെ ചുണ്ടില് ഒരു കാജബീഡീണ്ടായിരുന്നു. ഇന്നത്തെ മാതിരി അന്നും പുള്ളി കാജ മാത്രേ വലിക്കൂ. കാരണെന്താന്ന് നിനക്കറിയോ?“

“അറിയാം. കാജക്കാണ് കാശ് കൊറവ്”

ഉസ്താദ് തലയാട്ടി. “അതന്നെ. ഏതാണ്ട് പത്തുപൈസ കൊടുത്താ രണ്ടുമൂന്നെണ്ണം കിട്ടും. അന്ന് എന്റേം ഫേവറൈറ്റ് കാജ്യാ. അന്നേരത്തെ തണുപ്പും മഴേം ഒക്കെക്കൂടിയായപ്പോ എനിക്കൊന്ന് വലിക്കാൻ തോന്നി. ഒരു സൊകം കിട്ടും. പക്ഷേ, നാട്ടിലെ പരിചയംവച്ച് ചോദിച്ചപ്പോ, പുള്ളി തന്നില്ലാന്ന് മാത്രല്ല എന്നോട് മെക്കിട്ട് കേറേം ചെയ്തു, ഞാന്‍ ചന്ദനം കടത്താൻ വന്നതാന്നും പറഞ്ഞൂണ്ട്. വയനാട്ടീ ചന്ദനൊണ്ടോന്നും കൂടി എനിക്കറീല്ല്യ. പുള്ളിക്കും അറിയില്ലാന്നു പിന്ന്യാ മനസ്സിലായെ“

അപ്പുക്കുട്ടന്‍ അസ്വസ്ഥത ഭാവിച്ചു. കഥാപാത്രങ്ങൾ എല്ലാം രംഗപ്രവേശനം ചെയ്തു കഴിഞ്ഞു. എന്നിട്ടും കാര്യങ്ങൾ നീങ്ങുന്നില്ലല്ലോ. “രാഘവേട്ടാ പോയിന്റിലേക്ക് വാ”

“വരാണ് വരാണ്. തെരക്ക് പിടിക്കാണ്ടിരി. എല്ലാം പറേണ്ടേ” ഉസ്‌താദ് ചിരിച്ചു. അരമിനിറ്റ് ദൈര്‍ഘ്യമുള്ള ചിരി.

“ഞാന്‍ പ്രഭാകരനോട് ബീഡി ചോദിച്ചു. തന്നില്ല. പുള്ളി വല്യ ജാഢകാണിച്ച് വണ്ടീടെ അടീലൊക്കെ കെടന്ന് പരിശോധന നടത്തി. അപ്പഴാ എനിക്കൊര് ശങ്ക തോന്ന്യെ. ഇന്നലെരാത്രി ചെറിയ നീർച്ചോല മാത്രായിരുന്ന ആ വെള്ളപ്പാച്ചിലിനിപ്പോ കൊറച്ച് ഫോഴ്‌സില്ലേന്ന്!. ഞാനിത് പ്രഭാകരനോട് പറഞ്ഞതും പുള്ളി പേടിച്ചു. വണ്ടീടെ അടുത്തൂന്ന് മാറി ഇല്ലിക്കാടിനടുത്തുവന്നു. പിന്നെ വണ്ടീടെ പേപ്പറൊക്കെ നോക്കാന്‍ തൊടങ്ങി. ഒരുമിനിറ്റേ കഴിഞ്ഞൊള്ളൂ. തവിട്ടു നെറത്തിലൊരു ഹുങ്കാരംവന്ന് വണ്ടീനെ എടുത്തോണ്ടോയി. വല്യ വല്യ പാറേക്കെ ആ ഉരുൾ‌പൊട്ടലിലിണ്ടാർന്നു”

അപ്പുക്കുട്ടന്‍ സംശയം ചോദിച്ചു. “അപ്പോ രാഘവേട്ടന്‍ പറഞ്ഞു പിള്ളേനെ രക്ഷിച്ചൂന്ന്”

“അതല്ലേ ഇപ്പോ പറഞ്ഞെ“

“എപ്പോ പറഞ്ഞു?”

“ഉരുള്‍‌പൊട്ടലിണ്ടാവൂന്ന് തോന്ന്യപ്പോ ഞാനാ പ്രഭാകരനെ വിളിച്ച് മാറ്റിനിർത്ത്യത്. അത് രക്ഷിക്കലല്ലേ?”

അപ്പുക്കുട്ടനു സംഗതികൾ മനസ്സിലായി. അമിതപ്രതീക്ഷയാണു വിനയായത്.

ക്ലൈമാക്‍സ് ഏശിയില്ലെന്നു തോന്നിയ ഉസ്‌താദ് വീണ്ടും വിശദീകരിക്കാൻ ആഞ്ഞു. അപ്പോൾ ഇളയമകന്‍ അടുത്തേക്കു വരുന്നതു കണ്ടു. ഉദാസീനമായി ചോദിച്ചു. “എന്താടാ ജയാ”

“നേരം ആറര കഴിഞ്ഞു. ഒരു വാൾ എത്തീട്ടില്ല!”

പറഞ്ഞതു കേട്ടെങ്കിലും ഉസ്താദ് ആവർത്തിച്ചു ചോദിച്ചു. “ഏ എന്തൂട്ടാ നീ പറഞ്ഞെ?”

“ഒരു വാൾ എത്തീട്ടില്ലാന്ന്. നേരം കൊറേയില്ലേ”

“ഫ്‌ഭാ! രാഘവന്റെ വാളുമ്മേണോ കളി” ഉസ്താദ് ചൂടായി. “ആരാടാ കൊണ്ടോയെ?”

“ദേവരാജന്‍ ചേട്ടനാ”

നാട്ടിലെ മരം‌വെട്ടുകാരിൽ ഉസ്താദിന്റെ അംഗീകാരവും നല്ല സര്‍ട്ടിഫിക്കേറ്റുമുള്ള ഒരേയൊരാളാണ് തൈക്കൂട്ടത്തു താമസിക്കുന്ന ദേവരാജന്‍. ആഴ്ചയിൽ പത്തുതവണയെങ്കിലും അദ്ദേഹം വാൾ ആവശ്യപ്പെട്ടു വരും. നന്നായി മരമറിഞ്ഞു അറക്കാനും പല്ലുകൾ വളയാതെ സൂക്ഷിക്കാനും കേമൻ. ഇന്നുവരെ കൃത്യസമയത്തു തിരിച്ചെത്തിക്കുന്നതിൽ ഒരു മുടക്കവും വരുത്തിയിട്ടില്ല. അതുകൊണ്ടു ഉസ്‌താദ് തണുത്തു. എന്നിട്ടും വെറുതെയിരുന്നില്ല. മകനോടു പറഞ്ഞു.

“ജോബീനെ വിളീടാ. എനിക്കൊന്നു പോയിനോക്കണം”

പത്തുമിനിറ്റിനുള്ളിൽ കണ്ണമ്പിള്ളി ജോബിയുടെ ഓട്ടോ കുലുക്കത്തോടെ വന്നുനിന്നു. പെട്രോളിനു വിലകൂട്ടിയതോടെ ജോബി ഡീസൽഎന്‍‌ജിനുള്ള പുതിയ ഓട്ടോ വാങ്ങിയിരുന്നു. പേരു പഴയതുതന്നെ. കണ്ണമ്പിള്ളി എന്നു. ഡീസൽഎഞ്ചിന്റെ ഇരമ്പൽ കേട്ട് ഉസ്താദ് ആശങ്കപ്പെട്ടു.

“ഇതിലിരുന്നാ എനിക്കെന്തേലും പറ്റ്വോടാ ഔസേപ്പേ?”

മിനുങ്ങി വാമായാൽ‌പിന്നെ ഉസ്‌താദ് നാട്ടിലെ എല്ലാ ഇളമുറക്കാരുടേയും പേരു മറക്കും. പിന്നെ അവരുടെ പിതാക്കന്മാരുടെ പേരേ വിളിക്കൂ. ജോബി പ്രോത്സാഹിപ്പിച്ചു.

“രാഘവേട്ടൻ കേറ്യെ. ഇത്തിരി കുലുങ്ങുന്നേള്ളൂ. ഇവന് ഭയങ്കര ചുറുചുറുക്കാ”

ജോബി ഓട്ടോ കത്തിച്ചുവിട്ടു. ഗോഡ്‌ഫാദർ സിനിമയിൽ അഞ്ഞൂറാൻ ജീപ്പിലിരിക്കുന്ന പോസിൽ ഉസ്‌താദ് മീശപിരിച്ചു അക്ഷമനായി പിന്നിലിരുന്നു. അഞ്ചുമിനിറ്റിനുള്ളിൽ വണ്ടി പനമ്പിള്ളിക്കടവിനടുത്തെത്തി. അവിടെ പുഴയോടു ചേർന്നു ചെറിയ പൂരത്തിനുള്ള ആളുകൾ. പുഴയിലേക്കു ചരിഞ്ഞു, വലിയ ശിഖരങ്ങളുള്ള ഒരു കൂറ്റന്‍ വൃക്ഷം നിൽക്കുന്നു. അതു മുറിക്കുന്ന തന്ത്രപ്പാടിലാണ് എല്ലാവരുടേയും ശ്രദ്ധ. മരം നിറഞ്ഞൊഴുകുന്ന പുഴയിലേക്കാണ് ആഞ്ഞുനിൽക്കുന്നത്. കരയിൽ വീഴില്ലെന്നത് സുനിശ്ചിതം.

ഉസ്താദിനെ കണ്ടപ്പോൾ ജനക്കൂട്ടം വഴികൊടുത്തു മാറിനിന്നു. തടിയുടെ അടിവേരു മഴു ഉപയോഗിച്ചു മുറിക്കുകയായിരുന്ന ദേവരാജൻ ‘മലബാർ ഉസ്താദ്‘ രാഘവനെ കണ്ടപ്പോൾ തലേക്കെട്ട് അഴിച്ചു. ഉസ്താദ് സ്ഥലംഉടമ പാച്ചന്‍ മേനോനോട് അന്വേഷിച്ചു.

“ഇതെന്തിനാ മേന്‌നെ വെട്ടണെ. ഒരു ചുക്കിനും കൊള്ളാത്ത തടി. അടുപ്പില് വേണങ്കി വക്കാം. ഇതിവിടെ നിന്നെങ്കി പൊഴേലേക്ക് മണ്ണിടിയില്ലായിരുന്നു. ഇനീപ്പോ കരിങ്കല്ലിട്ടു കെട്ടീല്ലെങ്കി ഓരോ വർഷകാലത്തും പൊഴ മണ്ണ് വാരിക്കൊണ്ടോവില്ലേ?”

പാച്ചന്‍ മേനോൻ വിശദീകരിച്ചു. “ഇവടെ ഒരു ചെറിയ കടവ് കെട്ടാന്‍ പോവാ രാഘവേട്ടാ. അതാ വെട്ടാന്‍ തീരുമാനിച്ചെ”

“ഒരുപാട് പേര്ണ്ടാവോ കുളിക്കാൻ?”

പാച്ചൻ മേനോൻ ചുമൽ വെട്ടിച്ചു. “ ഏയ്. ശ്രീക്കുട്ടൻ മാത്രം“

പനമ്പിള്ളിക്കടവിനടുത്തു താമസിക്കുന്ന പാച്ചന്‍മേനോന്റെ അനിയനാണ് ശ്രീക്കുട്ടൻ. ജനിച്ചതിനുശേഷം അഞ്ചോ ആറോ തവണയേ അദ്ദേഹം കിണറുവെള്ളത്തിൽ കുളിച്ചിട്ടുള്ളൂ. വളരുന്തോറും പുഴവെള്ളത്തോടുള്ള അഭിനിവേശവും കൂടിക്കൂടി വന്നു. കാലത്തും വൈകിട്ടും തേവാരം പനമ്പിള്ളിക്കടവിലായി. എപ്പോഴൊക്കെ വെള്ളം മാറി കുളിച്ചിട്ടുണ്ടോ അപ്പോഴൊക്കെ എയി‌ഡ്‌സും ക്യാൻസറും ഒഴിച്ചുള്ള ഒട്ടുമിക്ക മാരകരോഗങ്ങളും അദ്ദേഹത്തിനെ പിടികൂടിയിട്ടുണ്ട്. ഈ വസ്തുതകൾ സകലരേയും പോലെ ഉസ്താദിനും അറിയാം. പാച്ചൻ മേനോൻ കാര്യങ്ങൾ കുറച്ചുകൂടി വിശദീകരിച്ചു.

“പൊഴേല് നീർനായ എറങ്ങീട്ടൊള്ള കാര്യം രാഘവേട്ടന് അറിയാലോ”

“ആ ഷാപ്പീ പറേണ കേട്ടു. അപ്പൊ ഒള്ളതാല്ലേ”

“അതെ. പൊഴേല് മുങ്ങിക്കെടക്കായിരുന്ന ഒരു പോത്തിന്റെ കാശുകുടുക്ക നീര്‍നായ കൊണ്ടോയി. അതേപ്പിന്നെ കുട്ടന് ഭയങ്കര ഭയം”

ശ്രീക്കുട്ടന്റെ ആശങ്ക ഉസ്‌താദും മനസ്സിലാക്കി. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവത്തിന്റെ രക്ഷക്കല്ലേ. എല്ലാം വേണ്ടതുതന്നെ. അപ്പോഴേക്കും ദേവരാജന്‍ ഉസ്താദിന്റെ അരുകിലെത്തി. രണ്ടുപേരും സ്വകാര്യം പറഞ്ഞു മരത്തിനടുത്തേക്കു നീങ്ങി. ഒരുമിനിറ്റു നേരം കഴിഞ്ഞപ്പോൾ പാച്ചൻമേനോനും അടുത്തേക്കു വന്നു.

“മരം പൊഴേ വീഴും. അല്ലേ രാഘവേട്ടാ?”

പാച്ചൻ‌മേനോൻ ചോദിച്ചത് ആശങ്കയോടെയാണ്. ചാലക്കുടിപ്പുഴ നിറഞ്ഞുകവിഞ്ഞു ഒഴുകുകയാണ്. പീച്ചി അണക്കെട്ടിന്റെ രണ്ടു ഷട്ടർ തുറന്നതോടെ ഒഴുക്ക് പൂര്‍‌വാധികം ശക്തമാണ്. പനമ്പിള്ളിക്കടവിന്റെ കുത്തനെയുള്ള ഇറക്കത്തിന്റെ തുടക്കം വരെ മുങ്ങിയിരിക്കുന്നു. തടിയെങ്ങാൻ പുഴയിൽ വീണാൽ ദൈവം വിചാരിച്ചാൽപോലും കരയിലടുപ്പിക്കാനൊക്കില്ല. പാഴ്ത്തടിയാണെങ്കിലും വിറകായിട്ടു ഉപയോഗിക്കാവുന്നതാണ്. അതും ഒരു മിനി ലോറിയിൽ കൊള്ളിക്കാൻ മാത്രമുണ്ടാകും.

പാച്ചന്റെ സംശയം കേട്ടു ഉസ്താദ് കൊമ്പന്‍‌മീശ തടവി ചിരിച്ചു. ചിരി പതിവുപോലെ അരമിനിറ്റ് നീണ്ടുനിന്നു.

“ആരു പറഞ്ഞ് പൊഴേപ്പോവൂന്ന്. തടി കരേ തന്നെ വീഴും. ഇനിയതല്ല എവിട്യാ വീഴണ്ടേന്ന് പാച്ചന് വല്ല നിർബന്ധണ്ടെങ്കി പറ. അവടെ വീഴ്ത്താം എന്താ?“

“അങ്ങനൊന്നൂല്ല്യ. ഒഴുക്കീപ്പെടാണ്ട് കിട്ട്യാ മതി” ഉസ്താദിന്റെ ഉറപ്പിലും പാച്ചനു സംശയം മാറിയിരുന്നില്ല. ഇതുപോലെ വെള്ളത്തിലേക്കു ചാഞ്ഞുനില്‍‌ക്കുന്നതെങ്ങിനെ മണ്ണിൽ വീഴ്ത്തുമെന്ന ചിന്തയായിരുന്നു ഉള്ളിൽ. പക്ഷേ ദേവരാജനു ആത്മവിശ്വാസമുണ്ടായിരുന്നു. ഉസ്താദിനൊപ്പം ജോലി ചെയ്‌ത കാലത്തു ഇതിനേക്കാളും പ്രശ്നമുള്ള കേസുകൾ അദ്ദേഹം പരിഹരിക്കുന്നതിനു ദൃക്‌‌സാക്ഷിയായിട്ടുള്ളതാണ്. പിന്നല്ലേ. ഉസ്താദും ദേവരാജനും രണ്ടുമിനിറ്റുനേരം എന്തോ കുശുകുശുത്തു. ഉസ്താദ് കുറച്ചുദൂരെ നീങ്ങിനിന്നു മരത്തിനെ അടിമുടി നോക്കി. ശിഖരങ്ങളുടെ വലുപ്പം, ജ്യോമട്രി, തൂക്കം, സ്ഥാനം എന്നിവയും മരത്തിന്റെ അപ്പോഴത്തെ ചായ്‌വും സസൂഷ്മം നിരീക്ഷിച്ചു. വീണ്ടും മരച്ചുവട്ടിൽ വന്നു. ചുറ്റുമുള്ള മണ്ണിന്റെ ഉറപ്പും പ്രതലനിരപ്പിലെ ഉയർച്ചയും താഴ്‌ചയും വീക്ഷിച്ചു. ഒടുക്കം ഉസ്താദിന്റെ അകക്കണ്ണിൽ മരത്തിന്റെ തായ്‌വേരും അടിവേരുകളും ഭൂപടം പോലെ പരന്നുകിടന്നു. പിന്നെയൊക്കെ എളുപ്പമായിരുന്നു.

മരത്തിന്റെ ചുവട്ടിൽ‌നിന്നു കുറച്ചുനീങ്ങി കുഴിയെടുക്കാൻ തുടങ്ങി. മരം വീഴാതെ താങ്ങിനിർത്തുന്ന പ്രധാനവേര്, അതിനു ഒരു ശിഖരത്തിന്റെ വണ്ണമുണ്ടായിരുന്നു, ഒഴിവാക്കി അതിനു നൂറ്റിപ്പത് ഡിഗ്രി വലത്തോട്ടുള്ള വേര് വെട്ടാന്‍ തുടങ്ങി. ഒപ്പം മൂന്നുവടമിട്ടു കരയിലേക്കു ചരിയത്തക്കവിധം തടി വലിച്ചുമുറുക്കി. വേരിൽ മഴുവീഴുന്ന മുറക്കു വടവും മുറുക്കിക്കൊണ്ടിരുന്നു. ഒടുവിൽ ഉസ്താദ് എത്തിയശേഷം ഒരുമണിക്കൂർ തികയുന്നതിനു മുമ്പുതന്നെ വൃക്ഷം നിലം‌പതിച്ചു. ഒരിലയുടെ തുമ്പു പോലും പുഴവെള്ളത്തെ സ്പര്‍‌ശിച്ചില്ല.

ജോബിയുടെ ഓട്ടോയിൽ വാളുമായി തിരിച്ചുവരുമ്പോൾ മര്യാദാമുക്കിൽ എല്ലാവരുമുണ്ടായിരുന്നു. ഉസ്താദ് വണ്ടിനിർത്തിച്ചു ഇറങ്ങി. മകന്റെ കയ്യിൽ വീട്ടിലേക്കു വാൾ കൊടുത്തയച്ചു. കൊമ്പന്മീശ തടവി മുമ്പു പറഞ്ഞതിന്റെ ബാക്കിപറയാൻ ആഞ്ഞു.

“പ്രഭാകരനെ അന്ന് ഞാൻ വിളിച്ച് മാറ്റിനിർത്തീല്ലെങ്കീ ഇന്ന്...”

ഉസ്താദ് പിള്ളയുടെ വീടിനുനേരെ കൈചൂണ്ടി വിണ്ടും കത്തിക്കയറാന്‍ തുടങ്ങി. മലബാറിന്റെ പുരാവൃത്തങ്ങൾ കക്കാടിലെ ഇളമുറക്കാർക്കു മുന്നിൽ വീണ്ടും തുറക്കുകയായി.


രാഘവേട്ടന്‍ ഇക്കാലത്തും രാവിലെ വാളു പരിശോധന നടത്തി, ഉച്ചക്കു പൂമുഖത്തിരുന്നു വിശ്രമിച്ചു, സന്ധ്യക്കു അന്നമനട വരെ നടക്കും. നാട്ടിലെ സമപ്രായക്കാരെല്ലാം സിമൽ ബസിൽ കയറി കൊരട്ടി മധുര ബാറില്‍‌നിന്നു വീശുമ്പോൾ അന്നമനട ഇന്ദ്രപ്രസ്ഥം ഷാപ്പിൽനിന്നു ഒരുകുപ്പി കള്ളും കപ്പയും പുഴമീന്‍‌കറിയുമാണ് അദ്ദേഹത്തിന്റെ ഉന്നം. പതിവു മിനുങ്ങൽ കഴിഞ്ഞു മര്യാദാമുക്കിലെത്തി മലബാർ പുരാവൃത്തം ചുരുളഴിക്കുന്നതിനു മുമ്പായി വീട്ടിലേക്കു വിളിച്ചു ചോദിക്കും.

“ജയാ വാളെല്ലാം എത്തീല്ലേടാ”

അതാണ് ഉസ്താദ്. ആള്‍ക്കു മക്കൾ ആറല്ല, മറിച്ചു അഞ്ചു വാളുകൾ അടക്കം പതിനൊന്നാണ്.

Sunday, October 31, 2010

മലബാര്‍ ഉസ്‌താദ് - 2

ശ്രദ്ധിക്കുക: മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

കക്കാട് തേമാലിപ്പറമ്പിന്റെ ഓരത്തുള്ള വീട്ടുമുറ്റത്തു അരം ഉപയോഗിച്ച് അറക്കവാളിന്റെ കാക്കത്തോള്ളായിരം പല്ലുകള്‍ക്കു മൂര്‍ച്ചവപ്പിക്കുന്ന മലബാർ ഉസ്താദ് രാഘവേട്ടനോടു റേഞ്ചർപിള്ളയുടെ പരാമര്‍ശത്തെപറ്റി അപ്പുക്കുട്ടൻ പറഞ്ഞപ്പോൾ അദ്ദേഹം നരച്ചുവെളുത്ത കൊമ്പന്‍‌മീശ തടവി കൊക്കിച്ചിരിക്കുകയാണ് ചെയ്‌തത്. എഴുന്നുനില്‍ക്കുന്ന ഞരമ്പുകളെ വകഞ്ഞുമാറ്റി തൊണ്ടമുഴ അങ്ങോട്ടുമിങ്ങോട്ടും തെന്നിമാറി കബഡി കളിച്ചു. ചിരിനിര്‍ത്താതെ അദ്ദേഹം കയ്യിലെ അരം നിലത്തുവച്ചു. തോര്‍ത്തുകൊണ്ടു നിറഞ്ഞ കണ്ണുകളൊപ്പി.

“ഹഹഹഹഹ...”

ചിരി പിന്നേയും നീണ്ടുനിന്നു. രാഘവേട്ടന്റെ ചിരിക്കു എപ്പോഴും ദൈര്‍ഘ്യം കൂടുതലാണ്. തുടങ്ങിയാൽ കുറച്ചുസമയമെടുത്തേ നിര്‍ത്തൂ. അതിനകം കണ്ണും മൂക്കും ചുവന്നിരിക്കും. വെളുത്തുനരച്ച കൊമ്പന്‍‌മീശ മാത്രം അണുവിട സ്ഥാനം തെറ്റാതെ വില്ലുപോലെ നില്‍ക്കും.

“പിള്ള ചുമ്മാ പുളുവടിക്കണതാ കൊച്ചേ. എനിക്ക് ചന്ദനം വെട്ടൊന്നൂല്യായിർന്ന്”

അപ്പുക്കുട്ടന്‍ വിശ്വസിച്ചില്ല. “എന്നാലും കൊറച്ചെങ്കിലും സത്യണ്ടാവില്ലേ”

ഉസ്താദ് കൈമലര്‍ത്തി. “എവടന്ന്. അങ്ങേര് പണ്ടു കുറുപ്പിനെ പിടിച്ചൂന്ന് പറഞ്ഞ് കാട്ടിക്കൂട്ട്യ കോലാഹലോക്കെ നിനക്കറീല്ലേ?”

“അത് ഒള്ളതല്ലേ”

“ഒള്ളതാ! ഹ നീയെന്തൂട്ടാ ഈ പറേണെ? കാട്ടിലായിരുന്നപ്പോ ഒരിക്ക താടീം മുടീം ഒളള ഏതോ സാമീനെ കണ്ടൂന്നേള്ളൂ. അത് കുറുപ്പാന്നാ പറഞ്ഞോണ്ട് നടന്നെ”

അപ്പുക്കുട്ടന്‍ പിന്നെയൊന്നും മിണ്ടിയില്ല. അറക്കവാളിന്റെ പല്ലു രാകുന്നതു നോക്കിയിരുന്നു. ഉസ്താദിന്റെ ഞെരമ്പുകൾ തെളിഞ്ഞ കൈത്തണ്ടയിൽ മസിലുകൾ ഓടിക്കളിച്ചു. ലോഹങ്ങൾ കൂട്ടിമുട്ടി ശബ്ദമുണ്ടായി. ക്രമമായ ഇടവേളകളിൾ ‘ഉശ്‌’ എന്ന ശബ്ദം ഉസ്താദും പുറപ്പെടുവിച്ചു. അപ്പുക്കുട്ടന്‍ മുറ്റത്തു നിരത്തിയിട്ടിരുന്ന മറ്റു വാളുകളിലേക്കു നോക്കി. ഇപ്പോൾ മൂര്‍ച്ചകൂട്ടുന്ന വാളിനു മറ്റുള്ളവയില്‍നിന്നു കാര്യമായ വ്യത്യാസമുണ്ട്. വീതികുറഞ്ഞു, കട്ടി കൂടുതലുള്ള ഒന്ന്. പല്ലിന്റെ വിന്യാസത്തിലും വ്യത്യാസമുണ്ട്.

“ഈ വാളെന്താ ഇങ്ങനെ?”

ഉസ്താദ് തലയുയര്‍ത്തി. “ആ ഇതോ... ഈ വാള് കാഠിന്യം കൂട്തലൊള്ള തടി മുറിക്കാൻ ഉപയോഗിക്കണതാ”

“ഏതാ ആ തടി. തേക്കാ?”

“ഏയ് തേക്കല്ല. തടികളീവച്ച് ഏറ്റോം കാഠിന്യം പുളിക്കാണ്. പ്ലാവിന്റെ തടി മുറിക്കാന്‍ ഉപയോഗിക്കണ വാൾ പുളിക്ക് ഉപയോഗിച്ചൂടാ. പല്ല് കേടുവരും“

ഗൂഢമായി ചിരിച്ചു ഉസ്താദ് പൂരിപ്പിച്ചു. “ഈ വാള് അധികാരും കൊണ്ടോവാറില്ല. കൊണ്ടോവുമ്പോ ഞാൻ കാശിത്തിരി കൂടുതൽ വാങ്ങും. അന്നൊരു ഗ്ലാസ്സ് കൂടുതലും കഴിക്കും”

ഉസ്താദ് സംസാരം നിര്‍ത്തി. മുറുക്കാന്‍ തുപ്പിക്കളഞ്ഞു. കൊമ്പൻ‌മീശയുടെ അഗ്രത്തിൽ ചോരനിറം പറ്റിപ്പിടിച്ചു.

മലബാറിൽ ഇരുപത്തഞ്ച് കൊല്ലത്തിലധികമാണ് കക്കാട് മൂത്തേടത്തുവീട്ടിൽ രാഘവൻ എന്ന ഉസ്താദ് രാഘവൻ മരം‌വെട്ടു പണിയിൽ വ്യാപൃതനായത്. പോയിപ്പോയി നാട്ടുകാരുടെ സംബോധന മലബാർ ഉസ്താദ് എന്നായി. ആ വിളിയിൽ ഒരുതരം ബഹുമാന്യത ഒളിഞ്ഞിരിക്കുന്നതായി അറിയാമായിരുന്നതിനാൽ അദ്ദേഹം ആ വിളിയെ സര്‍വ്വാത്മനാ പ്രോത്സാഹിപ്പിച്ചു. പക്ഷേ പുറമേക്കു കൊമ്പന്‍മീശ തടവി ഗൌരവം നടിക്കും. അങ്ങിനെയാണല്ലോ വേണ്ടതും.

ഉസ്താദിനു മരം‌മുറിക്കാൻ അഞ്ചു അറക്കവാളുകളുണ്ട്. കൂപ്പിലെ പണിനിര്‍ത്തി മടങ്ങിപ്പോരുമ്പോൾ കൂടെ കൊണ്ടുവന്ന ഏകസമ്പാദ്യം. സ്വന്തം മക്കളെക്കാളും പ്രിയങ്കരം. കേടൊന്നും വരാതിരിക്കാന്‍ കൊല്ലനെക്കൊണ്ടു നിശ്ചിത ഇടവേളകളിൽ പരിശോധിപ്പിക്കും. കൊല്ലം തോറും പുതിയ പിടികെട്ടും. ഇതിനു പുറമേ ദിവസേനയുള്ള പരിശോധന വേറെ.

രാവിലെ കാപ്പികുടിയും തേവാരവും കഴിഞ്ഞു അടുക്കളക്കോലായിലെ മേല്‍ക്കൂരയില്‍നിന്നു ഏതാനും അരങ്ങൾ എടുത്തു ഉസ്താദ് മുറ്റത്തു വന്നിരിക്കും. ഇളയമകന്‍ ജയദേവൻ അഞ്ചു അറക്കവാളും ചുമന്നു അരികിലെത്തിക്കും. ഉസ്താദിനു പല്ലുകളിൽ ഒന്നു ഓടിച്ചു നോക്കുകയേ വേണ്ടൂ. ഏതു ഭാഗത്തു ഏതു പല്ലിനാണ് മൂര്‍ച്ച കുറവെന്നു ആ അകകണ്ണിൽ തെളിയും. പിന്നെയാ ഭാഗത്തു അതിദ്രുതം അഞ്ചാറുതവണ രാകുകയായി. മൂര്‍ച്ച പാകമാണോയെന്നു അറിയാൻ തന്തവിരലിന്റെ അരികുകൊണ്ടു നേര്‍ത്തൊരു തലോടൽ. മിക്കവാറും വീണ്ടും രാകേണ്ടി വരില്ല. അത്ര ശരിയായിരിക്കും മനസ്സിലെ കണക്കുകൂട്ടൽ. എല്ലാ ദിവസവും രാവിലെയുള്ള ഈ പരിശോധനക്കിടയിൽ വാൾ ആവശ്യമുള്ളവർ വന്നു വാങ്ങിക്കൊണ്ടു പോകും. ഒരുദിവസം അമ്പതുരൂപയാണു വാടക. അഞ്ചുവാളും എപ്പോഴും സര്‍ക്കീട്ടിലുമായിരിക്കും. അത്രക്കു പ്രശസ്തം. ഉസ്താദിന്റെ വാളാണെങ്കിൽ ഏതു മരവും വീഴുമെന്നാണ് നാട്ടിലെ പൊതുഅഭിപ്രായം. വൈകുന്നേരം ആറുമണിക്കകം കൊണ്ടുപോയ വാൾ തിരിച്ചെത്തിയിരിക്കണമെന്നു മാത്രം. ഇല്ലെങ്കിൽ കണ്ണമ്പിള്ളി ജോബിയുടെ ഓട്ടോറിക്ഷ വിളിച്ചു മരംവെട്ടുന്ന കാലത്തേ കൂടെ കരുതാറുള്ള കത്തിയെടുത്തു ഉസ്താദ് ചെല്ലും. പിന്നെത്തെ കാര്യങ്ങൾ കൈമള്‍ക്കു പോലും പ്രവചിക്കാൻ പറ്റില്ല.

എല്ലാ വാളുകളും പരിശോധിച്ചു കഴിഞ്ഞാൽ കിണറ്റിന്‍കരയില്‍നിന്നു ഒരുബക്കറ്റ് വെള്ളംകോരി കയ്യും മുഖവും കഴുകും. ചായ്പിൽ ആവിപറക്കുന്ന കഞ്ഞിയും ചുട്ട നാളികേരമരച്ച ചമ്മന്തിയും അപ്പോഴേക്കും റെഡിയായിരിക്കും. അതു മൊത്തിക്കുടിച്ചു, വിയര്‍പ്പാറ്റി പൂമുഖത്തെ ചാരുകസേരയിൽ ചാഞ്ഞശേഷം വിശദമായ ഒരു മുറുക്കൽ. വീടിന്റെ പൂമുഖത്തിനു ചുമരോ കമ്പിയഴികളോ ഇല്ല. ചെറിയ മുറ്റത്തിനപ്പുറം ടാറിട്ട റോഡാണ്. റോഡിലൂടെ പോകുന്നവരോടു കുശലം തിരക്കി ഉസ്താദ് നാലുമണി വരെ ഇരിക്കും, അക്ഷമനായി. വെയിൽ ചാഞ്ഞാലുടൻ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിലെത്തി കൊമ്പന്‍മീശ വില്ലുപോലെയല്ലേ എന്നു ഉറപ്പിക്കും. പിന്നെ വെള്ളഷര്‍ട്ട് ധരിച്ചു കാലന്‍‌കുടയെടുത്തു അന്നമനടയിലെ ‘ഇന്ദ്രപ്രസ്ഥം‘ കള്ളുഷാപ്പിലേക്കു ഇറങ്ങുകയായി.

അന്നമനടയിലും സമീപപ്രദേശങ്ങളിലും പ്രശസ്തമായ ഇന്ദ്രപ്രസ്ഥം കള്ളുഷാപ്പിനു സത്യത്തിൽ ഒരു ഷാപ്പിന്റെ രൂപവും ഭാവവുമല്ല ഉള്ളത്. ആദ്യകാലത്തു പഞ്ചായത്തു സ്റ്റേഡിയത്തിനടുത്തു പാടത്തിന്റെ ഒരുവശത്തു ചെറിയതോതിൽ നടത്തിയിരുന്ന ഷാപ്പ് ഇപ്പോൾ അന്നമനടയിലെ പ്രമുഖ സിനിമാകൊട്ടകയായ സിന്ധു തിയറ്ററിനു ഉള്ളിലാണ്. സിനിമ കാണുന്നതിലും ആളുകള്‍ക്കു താല്പര്യം മധുപാനത്തിലാണെന്നു മുന്‍‌കൂട്ടി ദര്‍ശിച്ചവരുടെ ബുദ്ധിപൂര്‍വ്വമായ നീക്കം. എല്ലാ ദിവസവും ഇന്ദ്രപ്രസ്ഥത്തില്‍നിന്നു ഒരുകുപ്പി വീശുന്നതു ഉസ്താദിന്റെ ഹോബിയാണ്. അതിനുപോലും മക്കളെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല. എല്ലാ ചെലവുകളും അഞ്ചു അറക്കവാളുകൾ ചേര്‍ന്നു സാധിച്ചുകൊടുക്കും. നല്ല അസ്സൽ തെങ്ങിന്‍കള്ളാണ് ഇന്ദ്രപ്രസ്ഥത്തിലെ പ്രത്യേകത. കൂടാതെ പുളിക്കകടവ് പുഴയില്‍‌നിന്നു വലവീശിപ്പിടിക്കുന്ന ആറ്റുമീന്‍‌കൊണ്ടുണ്ടാക്കുന്ന മീന്‍‌കറിയും. ഒരു കുപ്പി കള്ളും ഒരു പ്ലേറ്റ് കപ്പയും മീന്‍‌കറിയും കഴിച്ചാൽ അന്നു സുഖമായി ഉറങ്ങാമെന്നാണ് ഉസ്താദിന്റെ സിദ്ധാന്തം.

എത്ര കഴിച്ചാലും ഉസ്താദിന്റെ കാലുകൾ പതറില്ല. അന്നമനടയില്‍‌നിന്നു കക്കാടിലേക്കുള്ള മൂന്നു കിലോമീറ്റർ ദൂരം അദ്ദേഹം നടന്നെത്തും. മര്യാദാമുക്കിൽ എത്തുമ്പോൾ സമയം ആറരക്കു അടുത്തായിരിക്കും. മര്യാദാമുക്കിൽ മര്യാദക്കാരെ കണ്ടാൽ ഉസ്താദ് നടപ്പുനിര്‍ത്തി പോക്കറ്റിൽ ബീഡി തപ്പും. പോക്കറ്റിലില്ലെങ്കിൽ ആരെയെങ്കിലും ആഗസ്‌തിയുടെ കടയില്‍വിട്ടു ബീഢി വരുത്തിക്കും. രണ്ടു പുകയെടുത്താൽ അടുത്തപടി അനുഭവങ്ങളുടെ കെട്ടഴിക്കുകയാണ്. ‘പണ്ട് ഞാന്‍ മലബാറിലായിരുന്നപ്പോ‘ എന്നായിരിക്കും ആമുഖമായി പറയുക. ശേഷം അനര്‍ഗളമായി വിവരണങ്ങൾ വരും. ബഢായികളും ആവശ്യം പോലെ ചേര്‍ക്കാൻ അദ്ദേഹം മടിക്കില്ല.

അങ്ങിനെ ഉസ്താദ് മിനുങ്ങി കത്തിക്കയറിയ ഒരു സന്ധ്യയിലാണ് അപ്പുക്കുട്ടൻ പിള്ളയെപ്പറ്റി വീണ്ടും ആരായുന്നത്.

“നമ്മടെ പിള്ള വയനാട്ടീ റേഞ്ചറായിരുന്നല്ലോ രാഘവേട്ടാ. ആളെപ്പറ്റി എന്തേലും ഓര്‍മ്മകള്ണ്ടാ?”

സംസാരിക്കാന്‍ ചൂടൂള്ള വിഷയം കിട്ടിയതോടെ ഉസ്താദ് ഉഷാറായി.

“ഉണ്ടോന്നാ... ഹഹഹ“ ഉസ്‌താദ് ദൈര്‍‌ഘ്യമേറിയ ഒരു ചിരി പാസാക്കി. “പ്രഭാകരനെ പറ്റി പറേമ്പോ ആദ്യായിട്ട് ഓര്‍മ വരണത് ആള്‍ടെ റേറ്റാണ്”

“റേറ്റോ! അപ്പോ പുള്ളി പൈസ വാങ്ങ്വോയിരുന്നോ?” കോഴയെപ്പറ്റി പിള്ള പറഞ്ഞതു ഓര്‍മ്മ വന്നെങ്കിലും അപ്പുക്കുട്ടന്‍ എല്ലാത്തിലും അജ്ഞത നടിച്ചു. ഉസ്താദിന്റെ അഭിപ്രായം അറിയണമല്ലോ.

“വാങ്ങോന്നാ! പത്തീ കൊറഞ്ഞ് പ്രഭാകരൻ ചോദിക്കാറില്ല”

“രാഘവേട്ടനോടും കാശ് ചോദിച്ചണ്ടാ?”

“നല്ല കാര്യായി. എന്നോട് ചോദിച്ചാ കാണായിര്ന്നു” ഉസ്താദ് കറിക്കു പച്ചക്കറി അരിയുന്നപോലെ കൈത്തലം ലംബമായി പിടിച്ചു അതിദ്രുതം ചലിപ്പിച്ചു. “ആര്‍ക്കും കാശുകൊടുത്ത് ശീലോല്ല്യ. പോരാഞ്ഞ് എന്റെ കയ്യിലെവിടന്നാ കാശ്”

ഉസ്താദ് കൊമ്പന്‍‌മീശ ഒന്നുകൂടി തഴുകി. “ഒരിക്ക കാട്ടീവച്ച് ഉരുള്‍‌പൊട്ടലിണ്ടായപ്പോ പ്രഭാകരനെ രക്ഷിച്ചത് ആരാന്നറിയോ?”

പൂമുഖത്തിരുന്നു പത്രംവായനക്കിടയിൽ പിള്ള അപ്പുക്കുട്ടനോടു പറയാത്ത കാര്യങ്ങളില്ല. സുകുമാരക്കുറുപ്പിനെ പിടിച്ചുകെട്ടിയതു മുതൽ ചന്ദനക്കടത്തുവരെ അനര്‍ഗളം പ്രവഹിക്കും. പക്ഷേ ഒരിക്കല്‍പോലും ഉരുള്‍‌പൊട്ടൽ പോലുള്ള കാര്യങ്ങൾ പരാമര്‍ശിച്ചിട്ടുള്ളതായി ഓര്‍ക്കുന്നില്ല.

“അങ്ങനൊരു കാര്യം പിള്ള പറഞ്ഞട്ടില്ലല്ലാ”

“പ്രഭ പറയില്യ. അത് ഊഹിക്കാവുന്നതേള്ളൂ. പക്ഷേ നിനക്ക് കേക്കണങ്കി ഞാൻ പറയാം”

(തുടരും...)

Sunday, October 24, 2010

മലബാര്‍ ഉസ്‌താദ് - 1


“എന്താടാ ഇന്ന് മെയിന്‍‌ ന്യൂസ്?”

തോര്‍ത്തുമുണ്ടു  കൊണ്ടു മേലാകെവീശി റേഞ്ചർ പിള്ള ചാരുകസേരയിൽ അമര്‍ന്നു. വടക്കേ കോലായില്‍നിന്നു പല്ലുതേപ്പു കഴിഞ്ഞുള്ള വരവാണ്. ഇനി പൂമുഖത്തിരുന്നു ഒരു മണിക്കൂർ പത്രംവായന. ഒപ്പം അപ്പുക്കുട്ടനുമായി കത്തിവക്കലും. പതിവുപോലെ മുൻ‌പേജിനു പകരം നടുവിലെ പേജുകളിലൊന്നാണ് അപ്പുക്കുട്ടൻ പിള്ളക്കു മാറ്റിവച്ചിരുന്നത്. അദ്ദേഹം അതു നിവര്‍ത്തി വായന തുടങ്ങി. ഉടന്‍ ആവേശത്തോടെ പറയുകയും ചെയ്‌തു.

“ഇത് നോക്കടാ. ലീഡർ പിന്നേം റാലി നടത്താൻ പോണൂന്ന്”

പിള്ള പറഞ്ഞത് അപ്പുക്കുട്ടൻ കേട്ടില്ല.  മുന്‍പേജിലെ ഏതോ വാര്‍ത്തയിൽ കൊണ്ടുപിടിച്ച വായന. പറഞ്ഞതു ആവര്‍ത്തിക്കാതെ പിള്ള മുറ്റത്തെ, തുളസിത്തറക്കു അടുത്തുള്ള ഒട്ടുമാവിന്റെ കടക്കൽ കാര്‍ക്കിച്ചുതുപ്പി.

“ആക്രാഷ്... ഫ്‌തൂം”

ഇത്തവണ അപ്പുക്കുട്ടന്‍ പത്രത്തില്‍നിന്നു തലപൊക്കി. അപ്പുക്കുട്ടൻ മാത്രമല്ല അയൽ‌പക്കത്തെ വീട്ടുകാരെല്ലാം തലപൊക്കിയിരിക്കും. അത്ര കേമമാണ് ആ ശബ്ദം. പിള്ള ചോദിച്ചത് ‌പ്രധാനന്യൂസാണെങ്കിലും അപ്പുക്കുട്ടൻ വായിച്ചത് പ്രധാനവാര്‍ത്തക്കു താഴെയുള്ള മറ്റൊരു വാര്‍ത്തയുടെ തലക്കെട്ടാണ്. റേഞ്ചർ കൂടുതൽ പ്രാധാന്യം നല്‍കുക അതിനായിരിക്കുമെന്നു അറിയാമായിരുന്നു.

“ചന്ദനക്കടത്ത്: മറയൂരിൽ നാലുപേർ പിടിയിൽ”

പിള്ള ഞെട്ടി. ചാടിയെഴുന്നേറ്റു. ചുമരിൽ തൂങ്ങുന്ന ഇരട്ടക്കുഴൽ തോക്കിനുനേരെ അഞ്ചുനിമിഷം നോക്കി വീണ്ടും കസേരയിൽ ചാഞ്ഞു. അപ്പുക്കുട്ടൻ മുന്‍പേജ് അങ്ങോട്ടുനീട്ടി.

സാധാരണയായി ആദ്യപേജ് വായിക്കാൻ പിള്ള തിടുക്കം കൂട്ടാറില്ല. എങ്കിലും ചില പ്രത്യേക വിഷയങ്ങളുണ്ടെങ്കിൽ പേജ് ആവശ്യപ്പെടും. അത്തരം വിഷയങ്ങൾ ഏതൊക്കെയാണെന്നു അപ്പുക്കുട്ടനു നിശ്ചയമാണ്. ലിസ്റ്റിൽ ഒന്നാമതു പ്രധാനപ്പെട്ട ക്രിക്കറ്റ് വാർത്തകളാണെങ്കിൽ രണ്ടാമത് കാടുമായി ബന്ധപെട്ട വാര്‍ത്തകളാണ്. പ്രത്യേകിച്ച് ചന്ദനക്കടത്ത്. കാര്യമില്ലാതെയല്ല ഈ ചന്ദനഭ്രമം. ആയകാലത്തു കേരളത്തിലെ മികച്ച ഫോറസ്റ്റ് റേഞ്ചറായിരുന്നു അദ്ദേഹം. നക്സലൈറ്റുകൾ അരങ്ങുവാണിരുന്ന വയനാടൻകാടുകളെ കുറച്ചെങ്കിലും സുരക്ഷിതമാക്കിയിരുന്നത് എം.ജി.പി പിള്ള എന്ന ഫോറസ്റ്റ് റേഞ്ചറുടെ സാന്നിധ്യമായിരുന്നു. എല്ലാം എല്ലാവര്‍ക്കും അറിയാമെന്നതുപോലെ അപ്പുക്കുട്ടനും അറിയാം.

പിള്ള വായന പൂര്‍ത്തിയാക്കി പേപ്പർ നാലായി മടക്കി ചാരുകസേരയുടെ പടിയിൽ വച്ചു. അപ്പുക്കുട്ടന്‍ സംശയം ചോദിച്ചു. “നായര് എത്ര കാട്ടുകള്ളന്മാരെ സര്‍വീസിനെടക്ക് പിടിച്ചണ്ട്?”

പിള്ള അമ്പരന്നു. “എന്താപ്പോ ഇങ്ങനെ ചോദിക്കാൻ?”

“ഒന്നറിയാനാ. നാട്ടീ ചെലര് പറേണ്ട് നായര്ടെ സര്‍വ്വീസ് വെർതെ ആയിരുന്നൂന്ന്”

“വെര്‍‌ത്യോ! ഹഹഹ“ പിള്ള തലയറഞ്ഞു ചിരിച്ചു. “അവരെന്നെ ഊശിയാക്കണതാടാ”

പറച്ചിൽ നിര്‍ത്തി അദ്ദേഹം കസേരയിൽ ചാഞ്ഞു. ഇനി മിണ്ടില്ലെന്നു കരുതിയെങ്കിലും പിന്നീട് എന്തോ നിശ്ചയിച്ച് ഉറപ്പിച്ചപോലെ മുന്നോട്ടാഞ്ഞു. “എന്നാ ശരി. നീ കേട്ടോ എത്രണ്ണത്തിനെ ഞാന്‍ കാച്ചീണ്ടെന്ന്”

പിള്ള ഇടതുകയ്യിലെ വിരലുകൾ മടക്കി എണ്ണംകൂട്ടാൻ തുടങ്ങി. ക്രമേണ വലതുകയ്യിലെ വിരലുകളും പങ്കുചേര്‍ന്നു. പലതവണ മടക്കി നിവര്‍ത്തി ഒടുവിൽ കണക്കു പ്രഖ്യാപിച്ചു. “മുപ്പത്തിമൂന്നര...”

“അരയോ?”

“അതേടാ. ഒരുത്തനെ പിടിച്ചതാര്ന്നു. പക്ഷേ അവന്‍ ചാടിപ്പോയി. ഞാന്‍ ചുമ്മാ വിട്ടതാന്ന് നീ വേണങ്കി കൂട്ടിക്കോ”

“അത് ശരി. അപ്പോ സര്‍വ്വീസീ വിട്ടുവീഴ്ചകളും ചെയ്തണ്ടല്ലേ”

“ഹ അങ്ങനല്ലടാ. ജോലിക്കാര്യത്തീ ഞാൻ കര്‍ക്കശാ. അതോണ്ടന്നേണ് എന്നെ വയനാട്ടിക്ക് വിട്ടതും. പക്ഷേ ഒരുത്തനെ പിടിച്ചപ്പൊ മാത്രം എനിക്കൊന്ന് അയയേണ്ടിവന്നു“

“കാരണം?”

പിള്ള ഗൌരവംപൂണ്ടു. വായിൽ തുപ്പലൊന്നുമില്ലായിരുന്നിട്ടും ഒട്ടുമാവിന്റെ കടക്കലേക്കു കാര്‍ക്കിച്ചുതുപ്പി.

“ഇന്നേവരെ ആരോടും പറയാത്ത കാര്യാത്. ഇപ്പൊ നീ ചോദിച്ചോണ്ട് മാത്രം ഒന്നു സൂചിപ്പിച്ച് വിടാണ്. നീയിത് ആരോടും പറയര്ത്. നാട്ടാര് അറിഞ്ഞാ എന്റെ സര്‍വ്വീസിന് കളങ്കാവും”

അപ്പുക്കുട്ടന്‍ സമ്മതിച്ചു. പിള്ള അനേകം രഹസ്യങ്ങളുടെ കലവറയാണെന്നു മുമ്പേ അറിയാം. സുകുമാരക്കുറുപ്പ് മുതൽ നക്സലൈറ്റ് വര്‍ഗ്ഗീസ് വരെ ആ ലിസ്റ്റിലുണ്ട്. അതൊക്കെ തുറന്നുവച്ചാൽ ഭരണരംഗത്തുള്ളവർക്കു വരെ പണിയാകും. അങ്ങിനെയുള്ള പിള്ള എന്താണ് ഇപ്പോൾ പറയാൻ പോകുന്ന രഹസ്യം. അപ്പുക്കുട്ടൻ ആവേശഭരിതനായി.

“മലബാറിലന്നു കുപ്രസിദ്ധരായ ഒരുപാട് മരം‌വെട്ടുകാര്ണ്ടായിരുന്നു. ചെലര്‍ക്ക് സര്‍ക്കാരീന്ന് ലൈസന്‍‌സ്ണ്ട്. ചെലര്‍ക്ക് അതില്ല. ലൈസന്‍സില്ലാത്തവരെ പിടിച്ചുകൊടുക്കാൻ ലൈസൻ‌സൊള്ളോർക്ക് ഭയങ്കര താല്പര്യാ. പക്ഷെ തരികിട കാണിക്കണ കാര്യത്തീ രണ്ടുകൂട്ടരും ഒറ്റക്കെട്ടും“

“എന്തു തരികിടയാ”

“എന്ന്വച്ചാ കണ്ണുതെറ്റ്യാ ചന്ദനം വെട്ടൂന്ന്. അങ്ങനൊരുത്തനായിര്ന്നു ഒരു കുഞ്ഞച്ചൻ. അവനെ വിളിക്കണതന്നെ മരം‌മക്കീന്നാ. പിന്നെ വയനാട്ടീ തന്ന്യൊള്ള ഒരു റാവുത്തറ്. അവനെ ഒരിക്ക ഞാന്‍ കാച്ചീണ്ട്. അതോടെ അവന്‍ വെട്ട് നിര്‍ത്തി”

എല്ലാം സാകൂതം കേട്ടിരിക്കെ പിള്ള നാടകീയമായി ചാരുകസേരയിൽ മുന്നോട്ടാഞ്ഞു. “എടാ നിനക്കറിയോ... ഇമ്മാതിരി തരികിടകള്‍ടെയൊക്കെ ചീഫ് ആരായിരുന്നൂന്ന്?”

“ആരാ?”

“മ്മടെ രാഘവൻ”

“ഏത് രാഘവൻ?“

പിള്ള മീശപിരിച്ചു കാണിച്ചു. ഉളി മൂര്‍ച്ചവപ്പിക്കുന്ന ആശാരിമാരെപ്പോലെ കൈത്തലം അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു. ആരെയാണെന്നു ഉദ്ദേശിക്കുന്നതെന്നു അപ്പുക്കുട്ടനു ഊഹംകിട്ടി. തേമാലിപ്പറമ്പിനടുത്തെ വീട്ടുമുറ്റത്തിരുന്നു എല്ലാദിവസവും രാവിലെ അരംകൊണ്ടു അറക്കവാളിന്റെ പല്ലിനു മൂര്‍ച്ചകൂട്ടുന്ന കൊമ്പന്‍‌മീശക്കാരൻ മൂത്തേടത്തുവീട്ടിൽ രാഘവനാണ് കഥാപാത്രം. അപ്പുക്കുട്ടന്റെ മുഖത്തു അവിശ്വാസം വിളയാടി.

““ജയന്‍‌ചേട്ടന്റെ അച്ഛനാ!”

“അതേടാ. നിനക്കെന്താ വിശ്വാസം വരണില്ലേ. ഇന്ന് വീട്ടുമുറ്റത്തിരുന്ന് വാളിന്റെ പല്ല് ചെത്തണ ഈര്‍ക്കിളി പോലത്തെ രാഘവനല്ല അന്നത്തെ രാഘവന്‍. തടിപിടിക്കാൻ വരണ ആന ഒരറ്റത്തു പിടിച്ചാ മറ്റേ അറ്റം രാഘവന്‍ പിടിക്ക്വായിരുന്നു. മലബാർ ഉസ്താദെന്നാ എല്ലാരും അവനെ വിളിക്കാ. പേര് പോലെത്തന്ന്യാ പണീം. നിന്നനിപ്പിന് മരം കടത്തും. എവടെപ്പോയീന്ന് അന്വേഷിച്ചാ പൊടിപോലും കിട്ടില്ല”

പിള്ള ഒന്നുനിര്‍ത്തി കിണ്ടിയിലെ വെള്ളമെടുത്തു കുലുക്കുഴിഞ്ഞ് തുപ്പിയിട്ടു തുടര്‍ന്നു. “വയനാട്ടിലായിര്ന്നപ്പോ അവനെ ഒരിക്ക കാച്ചണ്ടതായിര്ന്ന്. പക്ഷേ ദേവൂനേം കൊച്ചുങ്ങളേം ഓര്‍ത്തപ്പോ വേണ്ടാന്ന് വച്ചു. അല്ലെങ്കി രാഘവന്റെ കാര്യം പണ്ടേ സ്വാ..ഹ”

“അതിനു മാത്രം എന്തുണ്ടായി നായരേ?”

“എന്തുണ്ടായീന്നോ. എടാ നിനക്കറിയോ, മറയൂരീന്ന് വയനാട്ടിക്ക് എന്നെ ട്രാന്‍സ്‌ഫർ ചെയ്യാൻ കാരണം ആരാന്ന്? ഈ രാഘവനാ... ഞാന്‍ റേഞ്ചറായിര്ക്കുമ്പോ ചന്ദനത്തിന്റെ ഒര് ചുള്ളിക്കമ്പ് പോലും മക്കാന്‍ പറ്റില്ലെന്ന് അവനറിയാരുന്നു”

ഒരുപാട് തവണ കേട്ടിട്ടുള്ളതാണ് ഈ ചുള്ളിക്കമ്പ് കണക്ക്. അപ്പുക്കുട്ടനു ബോറടിച്ചു.

“അപ്പോ രാഘവേട്ടന് ചന്ദനംകടത്ത് ഇണ്ടായിര്ന്നാ?”

“അത്ശരി. അപ്പോ നിനക്കാ കഥയൊന്നും അറീല്ലേ. എടാ അവനതീ ഉസ്താദായിരുന്നു. മലബാറിലെ ചന്ദനക്കടത്തിന്റെ നായകത്വം വരെ രാഘവനാന്ന് ഒരു പറച്ചില്ണ്ടായിരുനു. നിനക്ക് നമ്മടെ ദേവരാജനെ പരിചയല്ലേ...”

നാട്ടിൽ ഇപ്പോൾ ആകെയുള്ള മരം‌വെട്ടുകാരനാണ് തൈക്കൂട്ടത്തു താമസിക്കുന്ന ദേവരാജൻ. തേലേക്കാട്ട് വീട്ടുകാരുടെ നാലുനിലക്കെട്ടിടത്തിന്റെ അത്രയും ഉയരമുള്ള കൂറ്റൻ ആഞ്ഞിലി സേഫായി മുറിച്ചതുമുതൽ ആളുടെ ഗ്രാഫ് മുകളിലോട്ടാണ്. പിള്ള വിഷയം മാറ്റി തടിതപ്പുമെന്നു തോന്നിയതിനാൽ അപ്പുക്കുട്ടൻ മുഖ്യധാരയിലേക്കു വന്നു.

“നായരേ ട്രാന്‍സ്ഫർ കിട്ടീട്ട്?”

“ട്രാന്‍സ്‌ഫർ കിട്ടീട്ട് ഡിഎഫോ എന്നെ ആള്‍ടെ ഓഫീസില്‍ക്ക് വിളിപ്പിച്ചു. സാധാരണരീതീ അത് പതിവൊള്ളതല്ല. നമ്മള് വെറും റേഞ്ചർ. ഒരുകേസിന് കൂടിവന്നാ ഐമ്പത് വാങ്ങാമ്പറ്റും. ഡിഎഫോ ഒക്കെയാണെങ്കി ലക്ഷങ്ങളല്ലാതെ വാങ്ങില്ല“

“കോഴ!!” ധര്‍മ്മിഷ്ഠനായ റേഞ്ചർ പിള്ള കോഴ വാങ്ങുമോ. അപ്പുക്കുട്ടന്‍ അന്തിച്ചു. അതുമനസ്സിലാക്കി പിള്ള വിശദീകരിച്ചു.

“കോഴാന്നൊന്നും പറയാന്‍ പറ്റില്ലടാ. അവര്ടെ ഒരു സന്തോഷം. അത്രന്നെ. പോരാഞ്ഞ് എനിക്ക് കാശിനാവശ്യണ്ടായിര്ന്നു. നാലു പിള്ളേരാ എനിക്ക്. ഡിഎഫോടെ കാര്യം അങ്ങനല്ല. അപ്പൊത്തന്നെ കാശുകാരനാ. എന്നാലും പിന്നേം വാങ്ങും. അതും ലക്ഷങ്ങള്. അതിനെ വേണങ്കി കോഴാന്ന് വിളിക്കാം!”

പിള്ളയുടെ വിശദീകരണം അപ്പുക്കുട്ടനു തൃപ്തികരമായി തോന്നി. “എന്നട്ട് ?”

“ഞാന്‍ ചെന്നപ്പൊ ഡീ‌എഫോടെ മേശേമ്മെ മന്ത്രീടെ ഓർഡർ കെടക്കാണ്. ഇനി ഒരു തടിമുറിച്ചാ പുള്ളീനെ ഡിസ്‌മിസ് ചെയ്യൂന്നാ വെരട്ടൽ. ആൾടെ അപ്പഴത്തെ അവസ്ഥ കണ്ടപ്പോ എനിക്കും പാവംതോന്നീടാ. ഞാൻ തോളീ തട്ടി ആശ്വസിപ്പിച്ചു. മറയൂര് നോക്ക്യപോലെ വയനാടും നോക്കാന്ന് പറഞ്ഞപ്പോ പുള്ളിക്ക് പിന്നേം പരോശായി. ഒടുക്കം എറങ്ങാന്‍ നേരം എന്റെനേരെ ഒരു ഫോട്ടോ നീട്ടി കരഞ്ഞട്ട് പറയാ. പ്രഭേ ഇവനെ അറിയോ എന്ന്”

പിള്ള ഒരു കാജയെടുത്തു കത്തിച്ചു.

“നായരെ ആരായിരുന്നു ആ ഫോട്ടോല്?”

“എടാ അതീ നമ്മടെ രാഘവനായിരുന്നു. ജയന്റെ അച്ഛന്‍. മഴക്കാലത്ത് പൊഴേന്ന് ഊത്തല്‌കേറുമ്പോ തോട്ടീ കാണണ ഒരുതരം മീനില്ലേ... മാംഗ്ലാഞ്ചി. അതിന്റെപോലത്തെ വായും താടീം. ചെറിയ കണ്ണ്. കൊമ്പൻ മീശ. ഒറ്റ നോട്ടത്തീത്തന്നെ എനിക്ക് ആളെ പിടികിട്ടി. പക്ഷേ എന്നട്ടും ഞാന്‍ ഡിഎഫോട് പറഞ്ഞത് അറിയില്ലാന്നാ”

“അതെന്തേ? പേടിച്ചാണോ പറയാണ്ടിര്ന്നെ”

പിള്ള തോര്‍ത്തുകൊണ്ട് ശരീരമാകെ അഞ്ചാറുതവണ വീശി. “പേട്യാ! എനിക്കാ?. അതും രാഘവനെ ഹഹഹ... എടാ മറയൂരീ വർക്ക് ചെയ്യുമ്പൊത്തന്നെ ഉന്നതങ്ങളിലൊരു പറച്ചിലിണ്ടായിരുന്നു. പ്രത്യക്ഷത്തീ എതിരാണെങ്കിലും ഞാനും രാഘവനും ഒരു സൈഡാന്ന്. എന്റെ വീട്ടിലെ ചന്ദനക്കട്ടിൽ അവൻ സമ്മാനിച്ചതാന്നും. ആ സ്ഥിതിക്ക് ഞാൻ അറിയൂന്ന് പറഞ്ഞാ എന്റെ ജോലി പോക്കാ. അതോണ്ട് ഞാന്‍ കണ്ണടച്ചു”

ഉന്നതങ്ങളിൽ മാത്രമല്ല നാട്ടിലും പറച്ചിലുണ്ടായിരുന്നു. മറയൂരില്‍നിന്നു മുറിച്ച ചന്ദനത്തടി പുഴയിലൂടെ ഒഴുക്കി തൈക്കൂട്ടം പനമ്പിള്ളിക്കടവിലെത്തിച്ചതും, മൂന്നുപേര്‍ക്കു ഒരേസമയം സുഖമായി ശയിക്കാൻ മാത്രം വലുപ്പമുള്ള കട്ടിൽ പണിതത് ശിവരാമൻ ആശാരിയുമാണെന്നാണ് സംസാരം. കാടിനെപ്പറ്റി പറയുമ്പോഴൊക്കെ പിള്ള ചന്ദക്കട്ടിലിനെപ്പറ്റിയും പറയും. ഓര്‍മ്മകൾ കൃത്യമാണ്.

“ഞാന്‍ ചെല്ലണ കാലത്ത് മറയൂരീ രാഘവൻ ഇണ്ടായിരുന്നൂന്നൊള്ളത് സത്യാ. പക്ഷേ എപ്പഴും അവടെ കാണാറില്യ. രാഘവന് പ്രധാനായും വേറെ സ്ഥലത്തായിരുന്നു പണി. വയനാട്ടീ ഒരിക്കലെങ്ങാണ്ടാ വന്നട്ടൊള്ളൂ. അന്ന് ഞാൻ താക്കീത് കൊടുത്ത് വിട്ടു. അതാ മുമ്പ് പറഞ്ഞ അരക്കണക്ക്. നീയെന്നെങ്കിലും രാഘവനോട് ചോദിച്ചണ്ടാ എന്താ വയനാട്ടിക്ക് പോവാഞ്ഞേന്ന്?”

“ഉവ്വ്. അപ്പോ പുള്ളി പറഞ്ഞു അവടെപ്പോയാ രോഗം വരൂന്ന്”

പിള്ള അലറിച്ചിരിച്ചു. കാര്‍ക്കിച്ചുതുപ്പാൻ തോന്നിയപ്പോഴാണ് നിര്‍ത്തിയത്. “ആക്രാഷ് ഫ്തൂം... നിനക്ക് സംഗതി മനസ്സിലായല്ലാ രാഘവൻ എന്താ പോവാഞ്ഞേന്ന്”

“മനസ്സിലായി”

“എന്നാ പറ അവനെന്താ വരാണ്ടിര്ന്നെ?”

“മലമ്പനിയെങ്ങാൻ പിടിച്ചാലോന്ന് പുള്ളി പേടിച്ചണ്ടാവും”

പിള്ള അപ്പുക്കുട്ടനെ ആട്ടി. “ഛായ്. നിനക്കൊരു കോപ്പും അറിയില്ലടാ. രാഘവന്‍ വയനാട്ടീ വരാണ്ടിരിക്കാൻ കാരണം മലമ്പന്യല്ല. മറിച്ച് ഞാനാ. അവന്റെ ഗ്യാങ്ങിലെ റാവുത്തറെ കാച്ചീത് ഞാനാ. മുട്ടുചെരട്ട തകര്‍ത്തളഞ്ഞു. അതോടെ രാഘവന് പേട്യായി”

എല്ലാ സംഭാഷണങ്ങളുടെയും അവസാനം പോലെ അപ്പുക്കുട്ടന്‍ അതിശയിച്ചു. “നായര് ആളൊരു ഭയങ്കരന്‍ തന്നെ”

ആ പ്രശംസ ആസ്വദിച്ചു റേഞ്ചർ ചാരുകസേരയിൽ ചാരി. ഓര്‍മകളിൽ നിമഗ്നനായി.

(തുടരും...)