Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Tuesday, February 24, 2009

ശിക്കാരി - 2


ശ്രദ്ധിക്കുക: ‘ശിക്കാരി – 1‘ എന്ന പോസ്റ്റിന്റെ തുടർച്ചയാണ് ഈ പോസ്റ്റ്

അപ്പുക്കുട്ടൻ‍ എല്ലാം മൂളി സമ്മതിച്ചു. രാവിലെ സ്കൂളിൽ പോകുന്നവഴി പേങ്ങന്റെ വീട്ടിൽ കയറി പിള്ള അന്വേഷിച്ച കാര്യം പറഞ്ഞു. പേങ്ങൻ അപ്പോൾതന്നെ തോളത്തു തോർത്തുമുണ്ടിട്ട് പോകാൻ തയ്യാറായി. പിള്ളയുടെ വീട്ടിലെ കാര്യസ്ഥനാണ് അദ്ദേഹം. ഒരു കാര്യവും പേങ്ങനോട് ആലോചില്ലാതെ പിള്ള ചെയ്യില്ല. പേങ്ങൻ തിരിച്ചും. പേങ്ങന്റെ അഭിപ്രായത്തിൽ പിള്ള ഒരു തികഞ്ഞ ശിക്കാരിയാണ്. വിശാലമായ പറമ്പിലെ കാട്ടുപൊന്തകളിലും കുറ്റിക്കാട്ടിലും സ‌മൃദ്ധമായുള്ള കീരികളേയും മുയലുകളേയും പിള്ള വേട്ടയാടുന്നതും, വീട്ടാവശ്യങ്ങൾക്കുള്ള തേങ്ങകൾ തെങ്ങുകയറ്റക്കാരനെ വിളിക്കാതെ ഇരട്ടക്കുഴൽ തോക്കുകൊണ്ട് വെടിവച്ചിട്ടു ശേഖരിക്കുന്നതുമൊക്കെ പേങ്ങൻ ഒഴിവുസമയങ്ങളിൽ കക്കാട് എസ്‌എൻ‌ഡിപി സെന്ററിൽ കൂടുന്ന നാട്ടുകാരോട് വിവരിക്കാറുണ്ട്. ചിലർ എതിർ അഭിപ്രായങ്ങളും പറയാറുണ്ട്.

“അച്ഛാ, ഈ കീരീനേം മൊയലിനേം വെടി വച്ചിടണത് ഇത്ര വല്യ കാര്യാണോ. കഴിഞ്ഞാഴ്ച ലോഹുവിന്റെ ചെക്കൻ കുഞ്ഞിസനു പാടത്തിനടുത്തെ പൊന്തക്കാടീന്ന് മൊയലിനെ പിടിച്ചത് ഒരു കരിങ്കൽ പീസോണ്ട് എറിഞ്ഞ് വീഴ്ത്തിയാ. പിന്നല്ലേ... ഒരു മൊയലിനെ പിടിക്കാൻ എരട്ടക്കൊഴൽ തോക്കേ! വല്ല ഭയങ്കരമൃഗങ്ങൾടെ നേരെ നായർക്കു ഉന്നം പിടിക്കാൻ പറ്റ്വോ. ഇല്ല്യ, പുള്ളീടെ കൈവെറക്കും. കാട്ടിലായിര്ന്നപ്പോ ആനേനെ വെടി വച്ചണ്ട്, പുലീനെ പിടിച്ചണ്ട് എന്നൊക്കെ പറച്ചിലല്ലാതെ നമ്മള് ഇതിലേതെങ്കിലും കണ്ടണ്ടാ. ഒരു നായേനെങ്കിലും വെടി വെച്ചിട്ടാ ഞാൻ സമ്മതിക്കാം ശിക്കാരിയാന്ന്. അല്ലാതെ...”

പിള്ളയെ ഇടിച്ചുതാഴ്ത്തി സംസാരിച്ച, മരുമകൻ പീച്ചിഭാസ്കരന്റെ വാദങ്ങളോടു പേങ്ങൻ യോജിച്ചില്ലെങ്കിലും തിരിച്ചൊന്നും പറഞ്ഞില്ല. ഇനിയും ലോകം കാണാനുള്ള മരുമകന്റെ വാദങ്ങൾക്കു കാലം ഉത്തരം കൊടുക്കുമെന്ന് പേങ്ങനു ഉറപ്പായിരുന്നു. പേങ്ങന്റെ മനസ്സിലെ ആ ഉറപ്പിനെ സാധൂകരിച്ചുകൊണ്ട് അക്കാലത്താണ് അയ്യങ്കോവ് അമ്പലത്തിനടുത്ത് താമസിക്കുന്ന വാതപ്പറമ്പിൽ വർക്കിച്ചൻ കൊരട്ടിപ്പള്ളി പെരുന്നാളിന്റെ എട്ടാമിടത്തിന്റെ പിറ്റേന്ന്, ഹൽ‌വ കച്ചവടത്തിനായി വന്ന തമിഴന്മാരിൽനിന്നു കിടയറ്റ ഒരു അൽ‌സേഷ്യൻ നായയെ വാങ്ങുന്നത്.

മുറുക്കിച്ചുമപ്പിച്ച പോലെ ചുവന്ന നീളൻ‌നാക്ക്. കാമം ഉറങ്ങുന്ന കണ്ണുകൾ. സിഹത്തിന്റേതിനു സമാനമായ ഇടതൂർന്ന ജട. വെൺ‌ചാമരം പോലെയുള്ള വാൽ. കഴുതയെ വെല്ലുന്ന നാഭീപ്രദേശം. ഒരു പശുക്കുട്ടിയെ പോലും നിഷ്‌പ്രയാസം ചുമക്കാൻ ശേഷിയുള്ള കരുത്തുറ്റ ശരീരഘടന. ഇതൊക്കെ കണ്ടതും വർക്കിച്ചന്റെ മനസ്സിളകി. പൊന്നുവില കൊടുത്തു നായയെ സ്വന്തമാക്കി. വാങ്ങിയതിന്റെ പിറ്റേന്നു നായയെ കുളിപ്പിച്ച് മര്യാദാമുക്കിൽ കൊണ്ടുവന്നു ഒരു ചെവിയിൽ വെറ്റിലയും അടക്കയും ചേർത്തുവച്ചു മറുചെവിയിൽ മൂന്നുപ്രാവശ്യം പേരുചൊല്ലി വിളിച്ചു.

“തോമാച്ചൻ... തോമാച്ചൻ... തോമാച്ചൻ...“

ശിവരാമൻ ആശാരിയെക്കൊണ്ട് തോമാച്ചനു താമസിക്കാൻ പ്ലാവിന്റെ തടി കൊണ്ടുള്ള ഒരു ഉഗ്രൻ കൂടും വർക്കിച്ചൻ തയ്യാറാക്കി. പ്ലാവിന്റെ തടിയിലെ പരുക്കൻ പ്രതലം തോമാച്ചന്റെ ദൃഢമേനിയിൽ വ്രണങ്ങൾ ഉണ്ടാക്കുമോ എന്നു ഭയന്ന വർക്കിച്ചൻ പണിതീർന്ന കൂട് ആശാരിയോടു പറഞ്ഞ് ആണിയിളക്കി അഴിച്ചെടുത്തു ചിന്തേറിട്ടു വീണ്ടും പണിഞ്ഞു. തോമാച്ചനുവേണ്ടി കാറിന്റെ മുൻസീറ്റിൽ വയ്ക്കുന്നതരം ചെറിയ ഫാനും വർക്കിച്ചൻ കൂട്ടിൽ ഘടിപ്പിച്ചു. കൂടാതെ ഡോറിനരുകിൽ ‘തോമാച്ചൻ ഇൻ‘, ‘തോമാച്ചൻ ഔട്ട്‘ എന്നുമുള്ള സംവിധാനങ്ങൾ ക്രമീകരിച്ചു.

അങ്ങിനെ കക്കാട്ദേശത്തു തോമാച്ചന്റെ കാലം തുടങ്ങി. അനുപമമായ മേനിസൌന്ദര്യവും കൂറ്റൻ ആകാരവുമുള്ള തോമാച്ചൻ കക്കാടിലും സമീപപ്രദേശങ്ങളിലും ജനപ്രിയനാവാൻ അധികനാൾ എടുത്തില്ല. ഉത്സവങ്ങൾ കൊഴുപ്പിക്കാൻ വരുന്ന കരിവീരന്മാരെ കുന്തിച്ചിരുന്ന് വെറുതെ നോക്കി ആസ്വദിക്കുവാൻ ആളുകൾ വരുന്നതുപോലെ നാടിന്റെ നാനാഭാഗത്തുനിന്നും തോമാച്ചനെ നോക്കി ഭംഗി ആസ്വദിക്കാൻ ജനങ്ങൾ കക്കാടിലെത്തി. തോമാച്ചൻ ഫുഡ് കഴിക്കുന്നത്, തോമാച്ചൻ മലർന്നും കമിഴ്ന്നും കിടക്കുന്നത്, തോമാച്ചൻ മൂത്രമൊഴിക്കുന്നത്... എന്നിങ്ങനെ പല പോസിലുള്ള ഫോട്ടോകൾ സന്ദർശകർ എടുത്തു കൊണ്ടുപോയി ഫ്രെയിമിട്ടു ഭദ്രമായി സൂക്ഷിച്ചു. ചിലരാകട്ടെ തോമാച്ചന്റെ സന്തതികളെ വേണമെന്നു ആഗ്രഹിച്ച് സ്വന്തം പെൺ‌നായകളെയും കൊണ്ടുവന്നു. തോമാച്ചന്റെ എനര്‍ജി പാഴായി പോകുമെന്നു ഭയന്ന വർക്കിച്ചൻ സന്താനോല്പാദനത്തിനു അനുമതി നൽകിയില്ലെങ്കിലും തോമാച്ചൻ താല്പര്യവാനായിരുന്നു. ഒടുക്കം വർക്കിച്ചനും വഴങ്ങേണ്ടി വന്നു.

അതോടെ ദിവസവും മീൻ‌കാരൻ രവിയുടെ പക്കൽനിന്നു വലിയ ആറ്റുമീൻ തോമാച്ചനുവേണ്ടി വർക്കിച്ചൻ ഏർപ്പാടാക്കി. ആറ്റുമീനിന്റെ വാലിൽ തൂക്കി വർക്കിച്ചൻ പരിസരമാകെ കിടുങ്ങുന്ന അലർച്ച പാസാക്കും. “തോമാച്ചാ”

സമീപപ്രദേശങ്ങളിൽ എവിടെയെങ്കിലും വിശ്രമിക്കുന്ന തോമാച്ചൻ കുതിരയെപ്പോലെ കുതിച്ചുവന്നു ഒറ്റച്ചാട്ടത്തിനു ആറ്റുമീൻ വായിലൊതുക്കും. ശാപ്പാട് കഴിച്ച തോമാച്ചനു ഒരു ഗ്ലാസ്സ് വെള്ളം കൊടുക്കാനും വർക്കിച്ചൻ മറക്കാറില്ല.

പക്ഷേ കാലത്തിന്റെ വികൃതി എന്നു പറയാവുന്നതുപോലെ, കക്കാട്ദേശത്തു തോമാച്ചൻ താമസം തുടങ്ങി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ കല്പണിക്കാരൻ പ്രഭാകരൻചേട്ടന്റെ വീട്ടിലെ എണ്ണം പറഞ്ഞ വൈറ്റ്ലഗോൺ പൂവൻകോഴികളിൽ ഒരെണ്ണത്തേ കാണാതായി. പിറ്റേദിവസം തോമാച്ചന്റെ കൂടിനു താഴെ കുറച്ച് കോഴിപ്പൂട, രണ്ട് കോഴിക്കാൽ എന്നിവ കണ്ടിട്ടും വർക്കിച്ചൻ ഒന്നും വിശ്വസിച്ചില്ല. നാട്ടുകാരും വിശ്വസിച്ചില്ല. ഇതുപോലെ ഗാംഭീര്യവും എടുപ്പും നടപ്പുമുള്ള, ഡീസന്റായ നമ്മുടെ തോമാച്ചൻ കോഴിയെ പിടിക്കുകയോ. നെവർ. തീരദേശം പാടശേഖത്തിനോടു ചേർന്നുള്ള പൊന്തക്കാടുകളിൽ സ‌മൃദ്ധമായുള്ള കീരികളിൽ പ്രസ്തുത കുറ്റാരോപണം നടത്തി എല്ലാവരും തോമാച്ചനെ ‘നിഷ്കളങ്കൻ‘, ‘പോട്രാ തോമാച്ചാ’ എന്നെല്ലാം പറഞ്ഞ് ആശ്വസിപ്പിച്ചു.

പക്ഷേ ഒരാഴ്ചക്കുശേഷം വീണ്ടും പ്രഭാകരൻ‌ചേട്ടന്റെ വീട്ടിലെ രണ്ട് വൈറ്റ്ലഗോൺ കോഴികൾ കൂടി അപ്രത്യക്ഷരായപ്പോൾ, പിറ്റേന്നു തോമാച്ചന്റെ കൂടിനു താഴെ കുറച്ചധികം കോഴിപ്പൂട, നാല്‍ കോഴിക്കാൽ എന്നിവ കണ്ടപ്പോൾ... അപ്പോഴും വർക്കിച്ചൻ ഒന്നും വിശ്വസിച്ചില്ല. പക്ഷേ നാട്ടുകാർക്കു വിശ്വാസമായി. തോമാച്ചനു കോഴികളെ ഇഷ്ടമാണ്. അതിനുശേഷം കക്കാടിൽനിന്നു കോഴികൾ അന്യംനിന്നു പോകുന്ന തരത്തിലുള്ള ഒരു വേട്ടയാണ് തോമാച്ചൻ സംഘടിപ്പിച്ചത്. കോഴിക്കൂടുകളുടെ അടച്ച് കുറ്റിയിടുന്ന വാതിലുകൾ വരെ ബുദ്ധിശാലിയായ തോമാച്ചൻ നാവുകൊണ്ട് തുറന്നു കാര്യം സാധിച്ചു. ഇടക്കു ഇടത്തരം വലിപ്പമുള്ള ആടുകളിലും കൈവച്ചു പ്രതിഭ തെളിയിച്ചു.

നല്ല എടുപ്പും ഭംഗിയും ഉണ്ടായിരുന്നിട്ടും തോമാച്ചനെ കയ്യൊഴിയാൻ തമിഴന്മാർ തീരുമാനിച്ചതിലെ ഗുട്ടൻസ് വർക്കിച്ചനു കത്തിയതും അക്കാലത്താണ്. അതോടെ തോമാച്ചനെ പാർപ്പിക്കാൻ അയ്യായിരം രൂപ ചെലവിട്ടു പണിത പ്രത്യേക കൂട് വർക്കിച്ചൻ തല്ലിപ്പൊളിച്ചു. അതിന്റെ പട്ടികകൾ ആശാരി ശിവരാമനു തന്നെ മറിച്ചുകൊടുത്തു. ഈ പ്രവർത്തിയിൽ തൃപ്തിവരാതെ തോമാച്ചൻ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കു ഇനിമുതൽ താൻ ഉത്തരവാദിയായിരിക്കില്ല എന്നുള്ള സ്വയം പ്രഖ്യാപനവും കോക്കാടൻ രവിയുടെ മൈക്ക് സെറ്റിലൂടെ നാട് മുഴുവൻ അനൌൺസ് ചെയ്തു അറിയിച്ചു. പക്ഷേ വർക്കിച്ചന്റെ കയ്യൊഴിയൽ അംഗീകരിക്കാൻ അന്നുവരെ കോഴിയും ആടുകളും നഷ്ടപ്പെട്ടവർ തയ്യാറായില്ല. നാട്ടുകാരിൽ ആരും തയ്യാറായില്ല. സർവ്വോപരി തോമാച്ചനും തയ്യാറായില്ല. അതോടെ നാട്ടുകാരുടെ അപ്രീതിക്കു പാത്രമാവുന്നതിൽനിന്നു രക്ഷപ്പെടാമെന്ന പ്രത്യാശ വർക്കിച്ചൻ എന്നെന്നേക്കുമായി കയ്യൊഴിഞ്ഞു. പകരം അവിടെ പുതിയ ഒരു കുടിലപദ്ധതി ഉടലെടുത്തു. തോമാച്ചനെ വധിക്കുക. അതിനു ആക്കം കൂട്ടാൻ തോമാച്ചന്റെ തലക്കു അയ്യായിരം രൂപ വിലയുമിട്ടു.

ക്വോട്ടേഷൻ തുകയിൽ ആകർഷിക്കപ്പെട്ടു കൊലക്കുള്ള ശ്രമങ്ങൾ ആദ്യം തുടങ്ങിയത് ചെറാലക്കുന്നിലെ തമ്പിയായിരുന്നു. ഏതു വെല്ലുവിളിയും സസന്തോഷം ഏറ്റെടുക്കാറുള്ള തമ്പി തീരദേശം ഷാപ്പിലിരിക്കുമ്പോൾ വർക്കിച്ചന്റെ പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞതും വീമ്പിളക്കി.

“ഹഹഹഹ. അടുത്തയാഴ്ച വര്‍ക്കീടെ അയ്യായിരം എന്റെ കയ്യിൽ“

സ്വന്തം വീട്ടിലെ ദിവസം രണ്ട് മുട്ടയിടുന്ന സങ്കരയിനം താറാവിനെ കൊന്ന്, കാഞ്ഞിരത്തിന്റെ കടവേരിട്ടു പാഷാണം തയ്യാറാക്കാൻ പദ്ധതിയിട്ട തമ്പിക്കു അമ്മയിൽനിന്നു കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു.

“നിനക്ക് പ്രാന്ത്ണ്ടാടാ ചെക്കാ. മിനിറ്റിന് മിനിറ്റിന് മൊട്ട ഇടണ താറാവിനെ കൊന്ന് കോപ്പ് ഇണ്ടാക്കേ”

ബാക്കി പറയാതെ അമ്മ വിക്കുന്നത് കണ്ടപ്പോൾ തമ്പി സമാധാനിപ്പിച്ചു. “എന്റമ്മച്ചീ ഒന്നടങ്ങ്. അയ്യായിരം രൂപയാണ് കയ്യീ വരാമ്പോണെ. അമ്മക്കു പത്തമ്പത് സങ്കരയിനങ്ങളെ ഞാൻ വാങ്ങിത്തരാം. സമാധാനിക്ക്”

എല്ലാ കാര്യങ്ങളും വിചാരിച്ച മുറയിൽ നടക്കുമെന്നു കരുതിയ, ശുഭാപ്തിവിശ്വാസിയായ തമ്പിയെ അസ്ത്രപ്രജ്ഞനാക്കി തോമാച്ചൻ കാഞ്ഞിരത്തിന്റെ വേരിട്ടു വാട്ടിയ താറാവുകറി വെട്ടിവിഴുങ്ങി.
ചത്തില്ല. ശാപ്പാടിനുശേഷം രണ്ട് എക്കിളുകൾ മാത്രമിട്ടു. മാത്രമല്ല താറാവിറച്ചിയുടെ രുചിയറിഞ്ഞ തോമാച്ചൻ നാടൻകോഴികളെ പിടിക്കുന്ന ഏർപ്പാട് നിർത്തി സങ്കരയിനം താറാവുകളിലേക്കു തിരിഞ്ഞു. പിന്നീടുള്ള മൂന്നു ദിവസങ്ങളിൽ തമ്പിയുടെ അമ്മ വളർത്തുന്ന അഞ്ച് തടിച്ചുകൊഴുത്ത താറാവുകൾ അപ്രത്യക്ഷരായി. നാട്ടുകാരിൽ പലരും കാരണമന്വേഷിച്ച് ഒരുപാട് അലഞ്ഞെങ്കിലും തമ്പി അധികം അലഞ്ഞില്ല. നാലാം ദിവസം ബാക്കിയുള്ള മൂന്നു താറാവുകളെ കിട്ടിയ വിലക്ക് കശാപ്പുകാരനു വിറ്റു.

അതിനുശേഷം നാട്ടുകാരിൽ പലരും അന്വേഷിച്ചു. “തമ്പ്യേയ്. അയ്യായിരം കിട്ട്യാ?”

പകൽ നേരത്ത് ഈ സംശയം ഉന്നയിച്ചവരോട് തമ്പി ഇടതുകക്ഷത്തിൽ വലതുകൈത്തലം വച്ച് എന്തോ ശബ്ദമുണ്ടാക്കിയും രാത്രിയിൽ അന്വേഷിച്ചവരോട് തന്റെ ഘനനിതംബത്തിന്റെ ഭാഗികദർശനം നല്‍കിയും പ്രതിഷേധിച്ചെന്നാണ് കേൾവി. തമ്പി തോറ്റു പിന്മാറിയ കേസിൽ തലയിട്ട് ആത്മഹത്യ ചെയ്യാനുള്ള താല്പര്യം നാട്ടുകാരിൽ ആർക്കും ഉണ്ടായില്ല. അയ്യായിരം രൂപയേക്കാളും വലുത് വീട്ടിലെ കോഴിയും താറാവുമാണെന്നു പറഞ്ഞ് നാട്ടുകാർ എല്ലാവരും കല്ലുമടയിലെ രാജനെക്കൊണ്ട് പശുത്തൊഴുത്തിനും കോഴിക്കൂടിനും ഇരുമ്പിന്റെ പ്രത്യേക തരത്തിലുള്ള ഗ്രില്ലുകൾ നിർമിച്ചു വാങ്ങി.

എല്ലാവരും കയ്യൊഴിഞ്ഞതോടെ, ഹതാശനായ വർക്കിച്ചൻ അവസാന ആശ്രയം എന്ന നിലയിലാണ് ഗീതാനിവാസിലെ എം.ജി.പി പിള്ള എന്ന കക്കാടിന്റെ സ്വന്തം ശിക്കാരിയെ കാണുന്നത്. ഉണക്കപ്പട്ടകൾ വെട്ടാനായി തെങ്ങുകയറുന്ന കാര്യം സംസാരിച്ച ശേഷം വർക്കിച്ചൻ ഇതികർത്തവ്യാമൂഢനായി പൂമുഖത്തെ തറയിൽ ഇരുന്നു. വർക്കിച്ചൻ നിരാശനാണെന്ന സൂചന കിട്ടിയതും, പിള്ള അതിന്റെ കാരണം ആരായുന്നതിന്റെ ആദ്യപടിയായി ഒട്ടുമാവിന്റെ കടക്കലേക്കു കാർക്കിച്ചു തുപ്പി.

“ആക്രാഷ്... ഫ്തൂം”

പിന്നാലെ പതിവ് മുരടൻ ശബ്ദത്തിൽ ചോദ്യമെത്തി. “എന്താടാ വർക്ക്യേ നിയ്യ് മിണ്ടാണ്ടിരിക്കണേ. നെന്നെ നെന്റെ പെണ്ണ് വയ്യാണ്ടാക്ക്യാ”

വർക്കിച്ചൻ ചുരുങ്ങിയ വാക്കുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു. അവസാനം അപേക്ഷയും പിള്ളക്കു മുന്നിൽ വച്ചു. “നായര് തോമാച്ചനെ ഒന്ന് കാച്ചണം. വേറാരൂല്ല എന്റെ രക്ഷക്ക്”

റേഞ്ചർ പിള്ളക്കു ആലോചിക്കാനൊന്നുമില്ലായിരുന്നു. “വർക്ക്യേ. നീയിപ്പോ സങ്കടത്തിലാന്ന് എനിക്കറിയാം. എങ്കിലും കാര്യം പറയാണ്ടിരിക്കാൻ പറ്റില്ല. കേരളപോലീസിനെയിട്ട് കൊരങ്ങ് കളിപ്പിച്ച സുകുമാരക്കുറുപ്പിനെ വെറും കയ്യോടെ പിടിച്ചുകെട്ടി മുട്ട്കുത്തിച്ച, കാട്ടുകള്ളന്മാരേം നക്സലൈറ്റുകളെം ഒക്കെ വേട്ടയാടിയ ഞാൻ വെറുമൊരു നായക്കു നേരെ തിരിഞ്ഞാ അതിന്റെ കൊറച്ചില് എനിക്കാ. വല്ല കടുവയെങ്ങാനാണെങ്കി ഒരു കൈ നോക്കായിരുന്നു. ഇതിപ്പോ...”

കാര്യങ്ങൾക്കു ഇങ്ങിനെയൊരു പര്യവസാനം വർക്കിച്ചൻ പ്രതീ‍ക്ഷിച്ചതാണ്. പക്ഷേ പിള്ളയുടെ അടുത്ത പറച്ചിൽ കേട്ടു അദ്ദേഹം ഞെട്ടി. “നിനക്കറിയില്ലെങ്കി ഞാൻ ഒരു കാര്യംകൂടി പറയാം. എന്താന്ന് വെച്ചാ തോമാച്ചനെ എനിക്ക് വല്യ പിടുത്താ. കഴിഞ്ഞമാസം പേങ്ങൻ ചേനക്ക് ചപ്പ്ചവർ വളമിട്ടു മൂടി. പിറ്റേദെവസം തന്നെ രാമന്റെ കോഴികൾ എല്ലാം വലിച്ചുവാരി പൊറത്തിട്ടു“

വർക്കിച്ചൻ കഷ്ടഭാവത്തിൽ താടിക്കു കൈകൊടുക്കുമ്പോൾ പിള്ള പ്രാകി. “അലവലാതികൾ. പക്ഷേ കഴിഞ്ഞാഴ്ച ആ കോഴികളെ നിന്റെ തോമാച്ചൻ ലാപ്സാക്കി. അതോണ്ട് ഇപ്പൊ ഒരു കൊഴപ്പോല്യ. സ്വസ്ഥം സുഖം“

പിന്നെയൊന്നും പറയാതെ പിള്ള ചാരുകസേരയിൽ അമർന്നു അന്നത്തെ പത്രം ഒന്നുകൂടി ഓടിച്ച് നോക്കാനായി കയ്യിലെടുത്തു. ഇനി സംസാരിച്ചിട്ട് കാര്യമില്ല എന്നു വർക്കിച്ചൻ  മനസ്സിലാക്കി. നിരാശനായി തിരിച്ചു പോന്നു. തോമാച്ചന്റെ ഇല്ലാതാക്കാൻ തന്നെ കിട്ടില്ല എന്നു പിള്ള പറഞ്ഞതോടെ വർക്കിച്ചന്റെ മനസ് തകർന്നു. ഉപകാരിയും കഠിനാധ്വാനിയുമായ വർക്കിക്കു വന്ന തകർച്ചയിൽ നാട്ടുകാർ പരിതപിച്ചു. ഒടുക്കം ദുരിതത്തിൽനിന്നു രക്ഷപ്പെടാൻ വീടുവിറ്റ് എവിടേക്കെങ്കിലും പോകാമെന്നു വർക്കിച്ചൻ തീരുമാനിച്ച അതേദിവസം തന്നെയാണ് തോമാച്ചനു ഒരു കൈപ്പിഴ പറ്റിയത്.

ഉച്ചഭക്ഷണം കഴിഞ്ഞ് പൂമുഖത്തെ ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്ന പിള്ള ടൈംപാസിനായി ഇരട്ടക്കുഴൽ തോക്കെടുത്തു പോളിഷ് ചെയ്യാൻ തുടങ്ങി. കറകറ ശബ്ദം ഉണ്ടാക്കിയ ഭാഗങ്ങളിൽ എണ്ണയിട്ടു വെടുപ്പാക്കുന്ന സമയത്താണ് പിള്ള തൊട്ടടുത്തുള്ള മണിയമ്മയുടെ പറമ്പിൽ ഇടതൂർന്നു വളർന്ന തൊട്ടാവാടിച്ചെടികൾ തിന്നുന്ന അഞ്ചാറ് ആടുകളെ കാണുന്നത്. അടുത്ത് ആടുകൾക്കു കാവലായി രാമൻ സേഠ്ജിയും. തന്റെ പറമ്പിലെ സർപ്പക്കാവിനടുത്തും കുറേ തൊട്ടാവാടിച്ചെടികളുള്ള കാര്യം അറിയാമായിരുന്ന പിള്ള തലേദിവസം പേങ്ങൻ പറഞ്ഞ കാര്യം ഓർത്തു. സർപ്പങ്ങൾക്കു നൂറൂംപാലും കൊടുക്കുന്നതിനുമുമ്പ് തൊട്ടാവാടിച്ചെടികൾ പറിച്ചുകളയണം എന്നായിരുന്നു പേങ്ങൻ ഓർമിപ്പിച്ചത്. പിള്ള പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ രാമൻ സേഠ്ജിയെ കൈകൊട്ടി വിളിച്ചു. കാര്യം പറയുന്നതിന്റെ ആദ്യപടിയായി ഒട്ടുമാവിന്റെ കടക്കലേക്ക് കാർക്കിച്ചു തുപ്പി.

“ആക്രാഷ്... പ്ഫ്തൂം.”

“രാമാ. സർപ്പങ്ങൾക്കു അടുത്താഴ്ച നൂറും പാലും കൊടുക്കണ്ണ്ട്. പക്ഷേ അവിടാകെ കാട് പിടിച്ച് കെടക്കാ. നീയാ ആടുകളെം കൊണ്ട് അങ്ങ്ട് ചെല്ല്. ഒരാഴ്ചയ്ക്കൊള്ള തീറ്റേണ്ട്”

അനുമതി കിട്ടിയ സേഠ്ജി ആടുകളെ അഴിച്ചുകൊണ്ടു വന്നു. തന്നെ കടന്നു പോവുകയായിരുന്ന ആടുകളെ രൂക്ഷമായി നോക്കി പിള്ള താക്കീത് കൊടുത്തു. “ഇവറ്റോള് ചേമ്പോ ചേനയോ കടിച്ചാ ഞാൻ കാച്ചിക്കളയും രാമാ. പറഞ്ഞില്ലാന്ന് വേണ്ട“

രാമൻ സേഠ്ജി അതും സമ്മതിച്ചു. ആടുകളെ സർപ്പക്കാവിലേക്കു തെളിച്ചു. സമയം വീണ്ടും ഇഴഞ്ഞുനീങ്ങി. തോക്ക് മടിയിൽ‌വച്ചു വലിയപിള്ള ഒരു ചെറിയ മയത്തിലേക്കു വഴുതി. കക്കാട് പാടശേഖരത്തിന്റെ പടിഞ്ഞാറ് സൂര്യൻ അസ്തമിക്കാൻ തയ്യാറെടുത്തു. പിള്ളയുടെ വീടിന്റെ നിഴൽ മുറ്റത്തെ ഒട്ടുമാവിനെ കടന്നുപോയി. ആ സമയത്താണ് വിശാലമായ പറമ്പിന്റെ ഏതോ കോണിലുണ്ടായ ചില അപശബ്ദങ്ങൾ ശ്രവിച്ച് പിള്ള മയക്കത്തിൽ‌നിന്നു ഉണർന്നത്. എല്ലാം തോന്നലാണെന്ന് കരുതി ആദ്യം സമാധാനിച്ചെങ്കിലും വീണ്ടും ശബ്ദകോലാഹലങ്ങൾ ചെവിയിൽ വന്നലച്ചപ്പോൾ ജാഗരൂകനായി. പറമ്പിൽ കലപില കൂട്ടിക്കൊണ്ടിരുന്ന പൂത്തങ്കീരി പക്ഷികളോട് മിണ്ടരുതെന്നു, തോക്കിന്റെ പാത്തി നിലത്തു മൂന്നുതവണ മുട്ടിച്ച് ശബ്ദമുണ്ടാക്കി, പിള്ള താക്കീത് കൊടുത്തു. പരിസരം പൊടുന്നനെ നിശബ്ദമായി. പിള്ളക്കു കാര്യങ്ങൾ വ്യക്തവുമായി. വീടിന്റെ പിൻഭാഗത്തു, സർപ്പക്കാവിനു അരികിലുള്ള രാമന്റെ ആടുകളാണ് കരയുന്നത്. തന്റെ പറമ്പിൽ മേയുന്ന അവയ്ക്കു കരയാൻ‌മാത്രം എന്ത് സംഭവിച്ചു എന്ന വിചാരിച്ച പിള്ളയുടെ ചിന്തകളിൽ പെട്ടെന്നു തോമാച്ചന്റെ രൂപം തലപൊക്കി.

പിള്ള ചാരുകസേരയിൽ നിന്നു ചാടി എഴുന്നേറ്റു. തന്റെ പറമ്പിൽ തോമാച്ചൻ!. അദ്ദേഹത്തിന്റെ അണപ്പല്ലുകൾ ഞെരിഞ്ഞു. കൈത്തലം ഇരട്ടക്കുഴൽ തോക്കിന്റെ കാഞ്ചിയിൽ തെരുപ്പിടിച്ചു. പിന്നെ എല്ലാം നിശ്ചയിച്ചു വീടിന്റെ പിൻ‌ഭാഗത്തേക്കു കുതിച്ചു. സർപ്പക്കാവിനു നേരെ നോട്ടമയച്ച പിള്ള കണ്ടത്, കാവിനടുത്തുള്ള ചെറിയ കരിങ്കൽ ക്വാറിക്കു സമീപം തലയുയർത്തി നിൽക്കുന്ന തോമാച്ചനെയും, തോമാച്ചന്റെ മുൻ‌കാലുകൾക്കിടയിൽ ഞെരിപിരി കൊള്ളുന്ന ഒരു കിളുന്ത് ആട്ടിൻകുട്ടിയെയുമാണ്.

എന്തൊക്കെയോ അപകടസൂചനകൾ കിട്ടിയ തോമാച്ചൻ പിൻ‌തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് എം.ജി.പി പിള്ള എന്ന കക്കാടിന്റെ ശിക്കാരിയെയാണ്. അദ്ദേഹത്തിന്റെ വലതുകയ്യിലെ ഇരട്ടക്കുഴൽ തോക്കിന്റെ ദർശനം കിട്ടിയ മാത്രയിൽ ആട്ടിൻ‌കുട്ടിയെ വിട്ട് തോമാച്ചൻ പറമ്പിനു പുറത്തേക്കു പാഞ്ഞു. പക്ഷേ തന്റെ പുരയിടത്തിൽ കയറി അതിക്രമം കാട്ടിയ തോമാച്ചന്റെ ഭാവി കക്കാടിന്റെ ശിക്കാരി അതിനകം മനസ്സിൽ കുറിച്ചിരുന്നു. അതിവേഗം പായുന്ന തോമാച്ചനെ നോക്കി പിള്ള പെട്ടെന്ന് പട്ടാളക്കാരെപ്പോലെ നിലത്തുകിടന്ന് ഉന്നം പിടിക്കാൻ തുനിഞ്ഞെങ്കിലും മറുചിന്തയിൽ ആ ഉദ്യമത്തിൽനിന്നു പിൻ‌മാറി. ചുണ്ടിന്റെ കോണിൽ ഒരു പുച്ഛഭാവം സ്ഫുരിക്കുന്ന ചിരി മിന്നി മറഞ്ഞു. വയനാടൻ കാടുകളിലെ കാട്ടുകള്ളന്മാരെ വേട്ടയാടി പിടിക്കുമ്പോൾ ചുണ്ടിൽ വിരിയാറുള്ള പുച്ചഭാവം മുറ്റിനിൽക്കുന്ന അതേ ചിരി.

അതിവേഗം പായുന്ന തോമാച്ചനെ ലാക്കാക്കി പിള്ള ഒറ്റക്കൈകൊണ്ട് തോക്കെടുത്തു ഉന്നം പിടിച്ചു. കുറച്ചു സമയം കാത്തുനിന്നു. വേലിക്കു അരുകിലെത്തിയ തോമാച്ചൻ പുറത്തേക്കു ഉയർന്നു ചാടിയ നിമിഷത്തിൽ കക്കാടിനെ ഞെട്ടിച്ചു സുകുമാരക്കുറുപ്പ് സമ്മാനിച്ച ആ ഇരട്ടക്കുഴൽ തോക്ക് ശബ്ദിച്ചു. “ഠേ..!”

തോമാച്ചന്റെ ശരീരം വായുവിൽ ഒന്ന് പിടഞ്ഞശേഷം, വേലിയിലെ കൂർത്ത അഗ്രമുള്ള മുളങ്കുറ്റിയിൽ അമർന്നു. കണ്ണിലൂടെ തുളച്ചുകയറിയ രണ്ട് വെടിയുണ്ടകൾ പിറ്റേന്നു കണ്ണമ്പിള്ളി പൌലോസിന്റെ നെൽ‌പാടത്തുനിന്നു കണ്ടെടുത്തു.കക്കാട് ഗീതാനിവാസിൽ, പൂമുഖത്തെ ചാരുകസേരയിൽ കാലുകൾ പൊക്കിവച്ച്, എനിക്കു രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ പറഞ്ഞുതന്ന, എന്തിനും ഏതിനും ‘എടാ നിനക്കറിയോ‘ എന്ന പതിവ് ഡയലോഗോടെ തുറന്നടിച്ചുള്ള അക്രമാസക്തമായ സംഭാഷണങ്ങളാൽ ഭിന്നവ്യക്തിത്വങ്ങളുടെ തന്മയത്വഭാവങ്ങൾ കാണിച്ചുതന്ന എം.ജി.പി പിള്ള എന്ന കക്കാടിന്റെ ശിക്കാരി ഇന്നില്ല. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നാലുവർഷം മുമ്പ് അദ്ദേഹം ഈ ലോകത്തോടും കക്കാടിനോടും വിട പറഞ്ഞു.

നാട്ടിൽ എത്തുന്ന സന്ദർഭങ്ങളിൽ അപൂർവ്വമായി പിള്ളയുടെ വീട്ടിലെത്തും. കരിയിലകൾ വീണുകിടക്കുന്ന നീണ്ട ഇടനാഴി താണ്ടി കറുപ്പും വെളുപ്പും നിറത്തിലുള്ള പെയിന്റുകൾ അടിച്ച, ഗീതാനിവാസ് എന്ന് ഏറ്റവും മുകളിൽ ആലേഖനം ചെയ്ത ഗേറ്റ് തള്ളിത്തുറന്ന് മുറ്റത്തെ ചരൽക്കല്ലുകളെ കരയിച്ചു പൂമുഖത്തേക്കു നടന്നടുക്കുമ്പോൾ ഓർമകളിൽ അശരീരി പോലെ പിള്ളയുടെ ആക്രോശം ഉയരും.

“ഹ എടാ നിന്നെക്കൊണ്ട് ഞാൻ തോറ്റല്ലാ. പോയി ഗേറ്റ് അടച്ചൂണ്ട് വാടാ. ഞാനത് കാശ് കൊടുത്ത് വാങ്ങിച്ചേക്കണത് അടച്ചിടാനാടാ. മനസ്സിലായാ“

ആ അശരീരിയുടെ ഹാങ്ങോവറിൽ ഞാൻ ഞെട്ടി പിന്തിരിഞ്ഞ്, ഗേറ്റിനു അടുത്തെത്തി തുരുമ്പ് പിടിച്ച കുറ്റി ബലം പ്രയോഗിച്ചു നീക്കുമ്പോൾ പിന്നിൽ വീണ്ടും ഒരു പതിവുചര്യയുടെ അലയൊലി കാതിൽ വന്നലക്കും.

“ആക്രാ‍ഷ്
പ്ഫ്തൂം.”

Sunday, February 8, 2009

ശിക്കാരി - 1


“ഇന്ന് ഒന്നാന്ത്യാ. നായര് നിന്നോട് നേരത്തേ ചെല്ലാൻ പറഞ്ഞണ്ട്“

അമ്മ അപ്പുക്കുട്ടനെ കുലുക്കിയുണർത്തി. ഇന്നലെ രാത്രി വൈകിയാണു കിടന്നത്. എന്നിട്ടും കാലത്തുതന്നെ വിളിച്ചുണർത്തിയപ്പോൾ ദേഷ്യം തോന്നി.

“അമ്മ ഒന്നുപോയേ. ഒന്നാന്തി നാളെ കേറാം” അപ്പുക്കുട്ടൻ വീണ്ടും കിടക്കപ്പായിൽ ചുരുണ്ടു കൂടാൻ ശ്രമിച്ചു. “ഈ വെളുപ്പാൻകാലത്ത് എണീറ്റ് ചെന്നാലും നായര് ഒരു ചായെങ്കിലും തര്വോ. അതില്യാ. എന്നാലും എല്ലാ ദെവസോം ഞാനെത്തിക്കോണം. അതെന്ത് ന്യായം”

മകൻ‍ തരിമ്പും വഴങ്ങില്ലെന്നു മനസ്സിലായപ്പോൾ അമ്മ നയത്തിൽ അടുത്തുകൂടി. “എടാ. മീരേച്ചീം രോഹിണീം വന്നണ്ട്. ഇന്നലെ ടീച്ചർ പറഞ്ഞു. നീയൊന്നു പോയിനോക്ക്”

“അയ്യോ രോഹിണ്യാ... എന്നാ അവര് പോയിട്ടേ ഞാനിനി അങ്ങടൊള്ളൂ”

“എന്താടാ. ആ കൊച്ച് നിന്നെ പിടിച്ച് തിന്ന്വോ” പിഞ്ഞിക്കീറിയ പായയിൽ അപ്പുക്കുട്ടനു അരുകിൽ അമ്മയിരുന്നു.

“തിന്ന്വോന്നില്ല. പക്ഷേ എന്റെ പൊറത്ത് കേറി കളിക്കലാ പണി. എടക്ക് കുഞ്ചിക്കഴുത്തിനും മോന്തക്കും നല്ലഅടീം കിട്ടും“

“കൊച്ചല്ലേടാ അപ്പൂ. നീ ചെല്ല്“

അമ്മ തിരിച്ചുപോയി. വീണ്ടും പായയിൽ കിടന്ന അപ്പുക്കുട്ടനെ നിദ്രാദേവി അനുഗ്രഹിച്ചില്ല. പുതച്ചിരുന്ന ഉടുമുണ്ട് അരയിൽ വാരിക്കുത്തി പായയിൽനിന്നു എഴുന്നേറ്റു. വടക്കിനിയിൽ ചെന്നു മൺചട്ടിയിലെ ഉമിക്കരിയും പച്ച ഈർക്കിളിയുമെടുത്തു പല്ലുതേച്ചു. മതിൽചാടി പിള്ളയുടെ വിശാലമായ പറമ്പിലൂടെ വീടിന്റെ പൂമുഖത്തേക്കു നടന്നു.

അപ്പുക്കുട്ടൻ എല്ലാദിവസം പിള്ളയുടെ വീട്ടിൽ‌പോയി പത്രംവായിക്കുന്നത് അമ്മക്കു ഇഷ്ടമാണ്. പുതിയമാസമായതു കൊണ്ടല്ല, മറിച്ച് പത്രം വായിച്ചും കുറച്ചു അറിവുകൾ ലഭിക്കട്ടെ എന്നു കരുതിയാണ് അമ്മ ദിവസവും രാവിലെ എഴുന്നേൽ‌പിച്ചു വിടുന്നത്. ആദ്യകാലങ്ങളിൽ ഈവിധ ചെയ്തികളോടു മമത ഇല്ലായിരുന്നെങ്കിലും ക്രമേണ പത്രംവായന അപ്പുക്കുട്ടനു ആവേശമായി മാറിയിരുന്നു. വിസ്താരമേറിയ പറമ്പിലൂടെ നടന്നു പിള്ളയുടെ വീട്ടിലെത്തിയപ്പോൾ പൂമുഖത്തു സന്ദര്‍ശകരുടെ ചെരുപ്പുകൾ ഒന്നുമില്ല. മീരചേച്ചി ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കാൻ പോയിരിക്കും.

റോഡരുകിലേക്കു ചെന്നു. പത്രവിതരണക്കാരൻ സുധാകരന്റെ കയ്യിൽനിന്നു മാതൃഭൂമി പത്രം ചൂടോടെവാങ്ങി തിരിച്ചെത്തിയപ്പോൾ അടുക്കളഭാഗത്തു തുപ്പുന്നതിന്റേയും കാർക്കിക്കുന്നതിന്റേയും ചെറുതല്ലാത്ത കോലാഹലങ്ങൾ. പിള്ള പല്ലുതേക്കുകയാണ്. പത്തുമിനിറ്റിനുള്ളിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിച്ചു, തോളിൽ എപ്പോഴും കാണാവുന്ന ചുവന്ന തോർത്തുകൊണ്ടു ശരീരമാകെ വീശി പിള്ള പൂമുഖത്തു വന്നു. തറയിൽ കമഴ്ന്നുകിടന്നു കായികം പേജ് അരിച്ചു പെറുക്കുന്ന അപ്പുക്കുട്ടനെ നോക്കി മൂളിയശേഷം, തിണ്ണയോടു ചേർത്തിട്ടിരിക്കുന്ന ചാരുകസേരയിൽ നിവർന്നു കിടന്നു. കണ്ഠശുദ്ധി വരുത്താനായി തല മുകളിലേക്കുയർത്തി, സാമാന്യം ശബ്ദത്തിൽ കാർക്കിച്ചു.

“ആക്ര്‍ഷാ...” വായിൽ നിറഞ്ഞ തുപ്പൽ മുറ്റത്തിന്റെ വടക്കേമൂലയിലുള്ള ഒട്ടുമാവിന്റെ കടക്കൽ ആഞ്ഞുതുപ്പി. “ഫ്തൂം


അലസതയോടെ പതിവുചോദ്യം പിന്നാലെ എത്തി. “എന്താടാ ഇന്ന് വെണ്ടയ്ക്കാ ന്യൂസ്?”

പിള്ളയെ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും വിളിക്കുക ‘നായര്’ എന്നാണ്. നല്ല പ്രായവ്യത്യാസം ഉണ്ടെങ്കിലും, ചെറുപ്പത്തിൽതന്നെ അപ്പുക്കുട്ടനും അങ്ങിനെ ശീലിച്ചു.

“ചാരക്കേസാ നായരേ. വർക്കിങ്ങ് കമ്മറ്റീല് മൂപ്പനാരുടെ നിലപാട് കരുണാകരന് അനുകൂലമാണെന്ന് പറഞ്ഞിരിയ്ക്കുന്നു”

തിരുത്തൽ‌വാദിയായ പിള്ള ചാരുകസേരയിൽ മുന്നോട്ടാഞ്ഞ്, കസേരയുടെ കാൽ വയ്ക്കാനുള്ള പടിയിൽ കൈത്തലം ആഞ്ഞടിച്ചു ചൂടായി. “ഓ അങ്ങിനെയാ. അനുകൂലമാണെന്ന് പറഞ്ഞത് ആരാടാ?”

“ഞാൻ മുഴുവൻ വായിച്ചില്ലാ. വായിച്ചട്ട് പറയാം” അപ്പുക്കുട്ടൻ വീണ്ടും വായനയിലാണ്ടു.

കുറ്റിത്താടി തടവി, തോർത്തുകൊണ്ടു ശരീരമാകെ വീശി പിള്ള മൌനിയായി. കുറച്ചുകഴിഞ്ഞു അപ്പുക്കുട്ടനു അന്നത്തെ വിഷയം വിശദമായി പറഞ്ഞുകൊടുത്തു. ആരാണ് ജി കെ മൂപ്പനാർ. കാമരാജ് വാണ തമിഴകത്തെ എങ്ങിനെയാണ് പ്രാദേശിക കക്ഷികൾ ഭാഷാപ്രശ്നത്തിലൂന്നി റാഞ്ചിയത്. ഇത്യാദി മര്‍മ്മപ്രധാനവിഷയങ്ങൾ. സ്പോർട്‌സ് പേജ് മാത്രം വായിക്കാറുണ്ടായിരുന്ന അപ്പുക്കുട്ടനെ രാഷ്ട്രീയ വാർത്തകളിലേക്കു നയിക്കുന്നത് പിള്ളയുടെ ഹോബിയായിരുന്നു.

മെലിഞ്ഞ ശരീരം. നരച്ച കുറ്റിത്താടി. കുട്ടിക്കാലത്തു പച്ചകശുവണ്ടി കടിച്ചതിന്റെ തെളിവായി ചുണ്ടിന്റെ ഇടതുകോണിൽ ശ്രീലങ്കയുടെ ആകൃതിയിൽ വെളുത്ത പാട്. കഴുത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന അധികം തൂക്കമില്ലാത്ത സ്വർണമാല. ആംഗ്യവിക്ഷേപങ്ങളോടെ പറഞ്ഞ ഓരോ വാചകവും വീണ്ടും ആവർത്തിച്ചു പറയുന്ന സംഭാഷണശൈലി. കറകളഞ്ഞ ക്രിക്കറ്റ് ഭ്രാന്തൻ. നവജ്യോത്‌സിങ് സിദ്ദുവും വെസ്റ്റിൻഡീസിന്റെ മാരക ഫാസ്റ്റ് ബൌളർമാരും, പ്രത്യേകിച്ചും പാട്രിക് പാറ്റേഴ്സൺ, കൺകണ്ട ദൈവങ്ങൾ. പിന്നെ എല്ലാത്തിനും ഉപരിയായി ഓരോമിനിറ്റിലും കാർക്കിച്ചുതുപ്പി കണ്ഠശുദ്ധി വരുത്തുന്ന പ്രകൃതം. ഇദ്ദേഹമാണ് നിബിഢമായ വയനാടൻ കാടുകളിൽ സ്വൈരവിഹാരം നടത്തിയിരുന്ന നക്സലൈറ്റുകളേയും കാട്ടുകള്ളന്മാരെയും കിടുകിടാ വിറപ്പിച്ച് തുരത്തിയോടിച്ച, ഏറ്റവും മികച്ച ഷാർപ്പ് ഷൂട്ടർക്കുള്ള സംസ്ഥാനഅവാർഡ് അഞ്ചുതവണ തുടർച്ചയായി നേടി റെക്കോർഡിട്ട കിടയറ്റ ഫോറസ്റ്റ് റേഞ്ചറും ശിക്കാരിയുമായ കക്കാട് ഗീതാനിവാസിലെ എം.ജി. പ്രഭാകരൻ പിള്ള എന്ന എം.ജി.പി.പിള്ള.

മറയൂരിലും ഷോളയാറിലും റേഞ്ചറായി വിലസിയ പിള്ളയുടെ സർവ്വീസിലെ കടുത്ത പ്രതിസന്ധിയാണ് സർക്കാരിലെ എതിരാളികൾ, ഗൂഢാലോചന നടത്തി, നക്ലലൈറ്റുകൾ അരങ്ങുവാണിരുന്ന വയനാടൻ കാടുകളിലേക്കു സ്ഥലം മാറ്റിയപ്പോൾ അദ്ദേഹം അഭിമുഖീകരിച്ചത്. പക്ഷേ എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അദ്ദേഹം പെൻഷൻ പറ്റിയത്, കാട്ടുകള്ളന്മാരില്ലാത്ത വയനാടൻ കാടുകൾ വിനോദസഞ്ചാരികളുടെ ഇഷ്ടലോക്കേഷനായി മാറ്റിമറിച്ചു കൊണ്ടായിരുന്നു. ചാരുകസേരയിൽ ചാഞ്ഞുകിടന്നു പിള്ള ആ സ്മരണകളുടെ കെട്ടഴിച്ചു.

“ഞാൻ റേഞ്ചറായിരിക്കുമ്പോ ചന്ദനത്തടി പോയിട്ട് ഒരു ചുള്ളിക്കമ്പ് പോലും കടത്താൻ പറ്റില്ലെന്ന് ഒറപ്പുണ്ടായിരുന്ന വനംലോബി കളിച്ചതിന്റെ ഫലമായിരുന്നെടാ എന്റെ ട്രാൻസ്‌ഫർ”

പിള്ളയുടെ കൃത്യനിർവഹണത്തിലെ കണിശതകൾ അറിയാത്ത അപ്പുക്കുട്ടൻ‍ സംശയാലുവായി. “അപ്പോ മറയൂരിലെ ചന്ദനക്കാടൊക്കെ മൊട്ടക്കുന്നായത് നായര്ടെ കാലത്താന്ന് നാട്ടാര് പറേണതോ”

തർക്കുത്തരങ്ങൾ എന്നും ആവേശമായ പിള്ള അപ്പുക്കുട്ടനെ ആട്ടി. “നാട്ടാര്... അവരോട് പോകാമ്പറ. എനിക്കിട്ട് പണിയലാടാ അവര്ടെ പ്രധാനജോലി!“

സംസാരം ഒരുനിമിഷം നിർത്തി പിള്ള വീണ്ടും രൂക്ഷമായി ആക്രോശിച്ചു. “എടാ ഏറ്റവും മികച്ച ഷൂട്ടർക്കൊള്ള... വെറും ഷൂട്ടർക്കല്ല മറിച്ച് ഷാർപ്പ് ഷൂട്ടർമാർക്ക് മാത്രൊള്ള സംസ്ഥാന അവാർഡ് അഞ്ചുതവണ ഞാൻ മന്ത്രീടെ കയ്യീന്ന് പുല്ലുപോലെ വാങ്ങി. അഞ്ചുതവണ. എന്നട്ടും നീയീ പറേണ നാട്ടാര് എന്തോ ചെയ്തു. അല്ല നീ പറ, നാട്ടാര് എന്തോ ചെയ്തു?”

അപ്പുക്കുട്ടൻ അല്‍ഭുതപ്പെട്ടു. “ഇതീ നാട്ടാര് എന്തോ ചെയ്യാനാ നാ‍യരെ“

പിള്ള ചാരുകസേരയുടെ പടിയിൽ കൈത്തലം ആഞ്ഞടിച്ച് ശബ്ദമുണ്ടാക്കി. “ഇല്ലേ. എടാ ചെയ്യാനൊന്നൂല്ല്യെ. എനിക്കൊരു സ്വീകരണം തന്നൂടേടാ അവർക്ക്!”

അപ്പുക്കുട്ടൻ പെട്ടെന്നു ചുമരിൽചാരി. ഒന്നുനിർത്തി അണപ്പ് നിയന്ത്രിച്ചു പിള്ള പിന്നെയും ഫയറിങ്ങ് തുടങ്ങി.

“തന്നില്ല... ഞാനത് സാരല്യ പോട്ടേന്ന് വച്ചു. അതേ സമയം നമ്മടെ അയ്യപ്പന്റെ ചെക്കൻ ശ്രീനി ശ്രീശങ്കര കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പീ ജയിച്ചപ്പോ അവന് ആനേം അമ്പാരീം ഒക്കെ കൊണ്ടോന്ന് സ്വീകരണം കൊടുത്തു ഇവന്മാര്. എന്തിനാ?... നീ പറേടാ എന്തിനാന്ന്?”

“എനിക്കറീല്ല”

അപ്പുക്കുട്ടൻ‍ കയ്യൊഴിഞ്ഞു. പിള്ള തറപ്പിച്ചു പറഞ്ഞു. “എന്നെ അപമാനിക്കാൻ വേണ്ടീട്ടാടാ. അത്രന്നെ. നിനക്കറിയോ... സ്വീകരണം നടക്കണേന് എടേല് എന്റെ എരട്ടക്കൊഴൽ തോക്കോണ്ട് എല്ലാത്തിനേം കാച്ചിക്കളയാൻ പോയതാ ഞാൻ. പക്ഷേ പേങ്ങൻ സമ്മതിച്ചില്ല. അവനെന്റെ വെടിയുണ്ടബെൽറ്റ് എവട്യാണ്ട് കൊണ്ടോയി ഒളിപ്പിച്ചു. അങ്ങന്യാ നാട്ടാരന്ന് രക്ഷപ്പെട്ടെ. അല്ലെങ്കി ഒന്നിനേം ഞാൻ വെറ്‌തെ വിടില്ലായിരുന്നു“

പിള്ള ഉപസംഹരിച്ചു. “അതോണ്ട് നാട്ടാര് ചെയ്യണത് നോക്കി നീയെന്നെ വിലയിരുത്തര്ത്. അവര് പറേണത് വിശ്വസിക്കേമരുത്”

അപ്പുക്കുട്ടൻ നാട്ടുകാരിൽനിന്നു കേട്ടിട്ടുള്ളതും നേരിൽ കണ്ടിട്ടുള്ളതുമായ ഒരു വസ്തുതയുടെ സത്യാവസ്ഥ അന്വേഷിച്ചു. “അപ്പോ നായര് കെടന്നൊറങ്ങണത് ചന്ദനത്തിന്റെ കട്ടിലിലാണെന്ന് നാട്ടാര് പറേണതും പുളുവാണോ?”

പിള്ള പരുങ്ങി. അത് മറക്കാൻ സ്ഥിരം അടവ് ഉടൻ പുറത്തെടുത്തു. “ആക്രാ‍ഷ്... ഫ്തൂം”

പിന്നെ നീ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല എന്ന ഭാവത്തിൽ അലസമായ മറുപടി. “ഓ കട്ടിലാ... കട്ടില്. കട്ടില് ഞാൻ കാശുകൊടുത്ത് വാ‍ങ്ങീതാടാ”

പറഞ്ഞ മറുപടി ദുർബലമാണെന്ന് തോന്നിയതുകൊണ്ടാകണം പിള്ള വീണ്ടും ചൂടായി. “എടാ നിനക്കറിയോ. എന്റെ സർവ്വീസ് കാലത്ത് കാടായ കാടൊക്കെ എളക്കി മറിച്ച് നടക്കായിരുന്ന വീരപ്പൻ എന്തോണ്ടാ മറയൂരീ മാത്രം ചന്ദനം കക്കാൻ വരാണ്ടിര്ന്നേന്ന്?“

അപ്പു‍ക്കുട്ടൻ അറിയില്ലെന്ന അർത്ഥത്തിൽ ചുമലനക്കി. പിള്ള മുഷ്ടിചുരുട്ടി നെഞ്ചത്തടിച്ചു പറഞ്ഞു. “എന്നെ പേടിച്ച്. ഈ എം.ജി.പി പിള്ളേനെ പേടിച്ച്. പക്ഷേ നീയീ പറേണ നാട്ടാര് അപ്പോഴും പറേം വീരപ്പൻ ഒരുണ്ട വേസ്റ്റാക്കണ്ടാന്ന് വെച്ചാ വരാണ്ടിര്ന്നേന്ന്. അത്ര വെവരേ അവർക്കൊള്ളൂ“

ആ മറുപടിയിൽ അപ്പുക്കുട്ടൻ‍ തോറ്റുകൊടുത്തു. ചന്ദനത്തിൽ തട്ടി വഴിതെറ്റിയ സംഭാഷണം പിള്ള വീണ്ടും വയനാടൻ കാടുകളിലേക്കു കൊണ്ടുവന്നു.

“ട്രാൻ‌സ്ഫർ ലെറ്റർ എന്റെ കയ്യീത്തന്ന് ഡി‌എഫ്‌ഒ കണ്ണുതുടച്ചു. പിന്നെ തോളീത്തട്ടി പതം പറഞ്ഞ് തേങ്ങിയെടാ. അയാം സൊറി പ്രഭേ... മിനിസ്റ്ററാണ് ഇടപെട്ടിരിക്കുന്നത്. രക്ഷയില്ല

പിള്ള മുഖഭാവം രോഷത്തിൽനിന്നു ഘോരഭാവത്തിലേക്കു മാറ്റി.

“വയനാടാണെങ്കി അന്നേതന്നെ നക്സലൈറ്റുകളുടെ വിളനിലാ. പോരാഞ്ഞ് ആനക്കൊമ്പ്‌വേട്ടക്കാര്, കഞ്ചാവ്കൃഷിക്കാര്... ഇവരൊക്കെ പെറ്റ്‌ കെടക്കണതും അവിടത്തന്നെ. ട്രാൻ‌സ്‌ഫർ കാര്യറിഞ്ഞപ്പോ പത്മു അറുത്തുമുറിച്ച് പറഞ്ഞു, അങ്ങട് പോണ്ടാന്ന്. പക്ഷേ ഞാൻ കേക്ക്വോ. വെല്ലുവിളികളൊക്കെ അന്നും ഇന്നും എനിക്ക് ത്രില്ലാ”

അപ്പുക്കുട്ടൻ‍ താങ്ങി. “പിന്നല്ലാ“

“വയനാട്ടീ ഞാൻ ജോയിൻ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പഴാടാ എന്നെ പണ്ടാരടക്കാൻ മോളീന്ന് നിർദ്ദേശം വന്നെ. ഞാനുൾപ്പെടുന്ന സംഘം ഉൾക്കാട്ടിലേക്ക് നീങ്ങണന്ന്. അവിടെ എന്താണ്ടൊക്കെ പ്രശ്നമുണ്ട് പോലും”

“എന്തായിരുന്നു പ്രശ്നം?”

“ആനക്കൊമ്പ് വേട്ടക്കാര് എറങ്ങീണ്ട്ന്നാ മോളീന്ന് പറഞ്ഞെ”

“അതൊരു പ്രശ്നാ‍ണോ നാ‍യരെ. അവർക്കും വീടും കുടുംബോം ഒള്ളതല്ലേ. ജീവിക്കണ്ടെ”

“ആ... അതേടാ. അതല്ലേ ഞാനിതീ ഗൂഢാലോചന മണത്തെ”

സംഗതികൾ ഗൌരവമായതോടെ അപ്പുക്കുട്ടൻ അനങ്ങിയിരുന്നു.

“സ്വാതന്ത്ര്യദിനത്തിന്റെ അന്നാ‍ ഞാനും മൂന്ന് ഗാർഡുകളും ഉൾക്കാട്ടിലേക്ക് യാത്ര തൊടങ്ങീത്. അന്നാണെങ്കി നല്ല മഴയൊള്ള കാലാ. കോട്ടും തൊപ്പീമൊക്കെ വച്ചട്ടും ആകെ നനഞ്ഞു. പോരാഞ്ഞ് മുടിഞ്ഞ തണുപ്പും. ഞങ്ങളങ്ങനെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാടാ കൊറച്ചകലെ ഒരു വലിയപാറ ഞാൻ കണ്ടത്. അതിനപ്പുറത്ത് നിന്നോ... എന്താണ്ടൊക്കെ അറക്കണ സൌണ്ടും”

അപ്പുക്കുട്ടൻ ആവേശഭരിതനായി. “എന്നട്ട്?”

“അപ്പറത്ത് എന്തോ ആക്ഷനുകൾ നടക്കാണെന്ന് മനസ്സിലായതും എന്റെ ഉള്ളീക്കോടെ ഒരു മിന്നൽ പാഞ്ഞു. നക്സലൈറ്റുകളാണെങ്കി കാര്യം തീർന്നു“

“അതെന്താ നായരെ?”

“അവര്‍ തനി കാടന്മാരാടാ. കണ്ടാ ഒടനെ വെടിവക്കും. ഉന്നാണെങ്കി തെറ്റേമില്ല”

അപകടം തന്നെയാണെന്നു അപ്പുക്കുട്ടനും ഉറപ്പിച്ചു.

“നക്സലൈറ്റുകളാണെങ്കി എന്താ ചെയ്യണ്ടേന്ന് ചിന്തിക്കുമ്പഴാ എനിക്കാ കാര്യം മനസ്സിലായെ. എന്താന്ന് വെച്ചാ ഞങ്ങള്‍ നിന്നത് ഒരു പാറേടെ മറവിലല്ല, മറിച്ച് ചരിഞ്ഞ ഒരു കൊമ്പനാനേടെ ശവത്തിന്റടുത്താന്ന്. എന്റെ മഹത്തായ സർവ്വീസിലാദ്യായാടാ ഞാൻ നോക്കണ ഏരിയേലെ ഒരു കൊമ്പനെ ആനക്കൊമ്പിന് വേണ്ടി കൊല്ലണത്. ചത്തുമലച്ച് കെടക്കണ ആ കരിവീരനെ കണ്ടപ്പോ എന്റെ ചോരതെളച്ചു. ആരാ ഈ അക്രമം ചെയ്‌തേന്നറിയാൻ കൊമ്പന്റെ മറവീന്നു ഒളിഞ്ഞ് നോക്കി. പക്ഷേ അപ്പറത്ത് നിക്കണ ആളെ കണ്ടതും എനിക്ക് മോഹാലസ്യം വന്നു”

“ആരായിരുരുന്നു നായരെ അത്. നക്സലൈറ്റുകളാ?“

പിള്ള ശബ്ദം കുറച്ചു പറഞ്ഞു. “മ്മടെ സുകുമാരൻ”

അപ്പുക്കുട്ടനു ഒന്നും മനസ്സിലായില്ല. “സുകുമാരനാ“

“ഹ എടാ. സുകുമാരക്കുറുപ്പ്!”

വിവരണം കേട്ടിരുന്ന അപ്പു‍ക്കുട്ടൻ പിന്നോട്ടു മലച്ചു. കുറച്ചുകാലം മുമ്പ് സുകുമാരക്കുറുപ്പിനെ പറ്റിയുള്ള മുഴുവൻ കാര്യങ്ങളും പിള്ള അപ്പുക്കുട്ടനെ ധരിപ്പിച്ചിരുന്നു. രാവിലെയായിരുന്നിട്ടും ആ ഓർമകളുടെ ചൂടിൽ പിള്ള കുടുകുടെ വിയർത്തു. “എന്താ ഗാംഭീര്യം! കേരളാ പോലീസിനെ മൂക്കോണ്ട് ക്ഷ വരപ്പിച്ച കുറുപ്പ് ഇതാ എന്റെ മുന്നീ. പിടിച്ചുകൊടുത്താ അഞ്ച് ലക്ഷാ തലവരി. ടാക്സിന്റെ കാര്യം മാത്രാ പ്രശ്നൊള്ളൂ“

ടാക്സോ!
അപ്പുക്കുട്ടനു സംശയമായി. “അപ്പൊ നായര് ടാക്സൊക്കെ അടക്കാറ്‌ണ്ടല്ലേ”

“ആര് ഞാനാ. ഹഹഹ. എടാ ടാക്സിന്റെ കാശ് ചോദിച്ച് ആരെങ്കിലും ഈ പടികടന്നാ ഞാനവനെ കാച്ചും. നൂറ് തരം“

“അപ്പൊ കൊറച്ച്മുമ്പ് ടാക്സ് പ്രശ്നാന്ന് പറഞ്ഞത്“

“അതൊരു നാക്കുപെഴയാർന്നു. വിട്ട് കള”

പിള്ള വീണ്ടും വിഷയത്തിലേക്കു വന്നു. “പിടിച്ചു കൊടുത്താ കിട്ടണ തലവരീടെ കാര്യം ആലോചിച്ചതേള്ളൂ. അപ്പഴേക്കും എന്റെ കഴുത്തിന് പിന്നിലൊരു തോക്കിൻ‌മുനേടെ സ്പർശം. കുറുപ്പിന്റെ അനുചരനായിരുന്നെടാ അത്. എരട്ടക്കൊഴൽ തോക്ക് കൈവശോള്ള അവനെ കണ്ടപ്പൊ എന്റെ ഗാർഡുകളൊക്കെ ഓടിപ്പോയി”

പിള്ള പ്രാകി. “പുഷ്പന്മാര്...”

സംഭാഷണം ഇത്രയും എത്തിയപ്പോൾ പിള്ളയുടെ സഹധർമ്മിണി ചായയുമായി വന്നു. ചായമൊത്തി പിള്ള വീണ്ടും കുറുപ്പിലേക്ക് തിരിഞ്ഞു.

“കുറുപ്പിന്റെ രണ്ട് അനുയായികൾ എന്നെ ഉറുമ്പടക്കം വട്ടംപിടിച്ചെടാ. അവര് നല്ല മല്ലന്മാരായിരുന്നു. പക്ഷേ ഞാൻ നമ്മടെ കരുണന്റെ അടുത്ത്ന്ന് പണ്ട് പഠിച്ച കളരിമുറകളിലൊന്നങ്ങട് പ്രയോഗിച്ചു. രണ്ടെണ്ണോം തെറിച്ച് പോയി. അവസാനം ശാരീരികായി എന്നോട് മുട്ടിനിക്കാൻ പറ്റില്ലാന്ന് വന്നപ്പോ അവരെന്റെ തലക്കുനേരെ തോക്ക്ചൂണ്ടി, കയറോണ്ട് വരിഞ്ഞ് കെട്ടി കുറുപ്പിന്റെ മുന്നീ മുട്ടുകുത്തി നിർത്തിച്ചു“

“നായര് പിന്നെ എങ്ങനാ അവട്ന്ന് രക്ഷപ്പെട്ടെ?”

ഇടക്കു കയറിയുള്ള അപ്പുക്കുട്ടന്റെ അന്വേഷണത്തിൽ പിള്ള അലസോരം ഭാവിച്ചു. “ഹ ഞാൻ പറയാന്ന്. നീ തോക്കീക്കേറി കാഞ്ചി വലിക്കാതെ“

പിള്ള ചായ ഒന്നുകൂടി മൊത്തി കപ്പ് കാലിയാക്കി.. “മുട്ടുകുത്തി നിക്കണ എന്നെ കണ്ടപ്പോ കുറുപ്പ് ചിരിക്കാൻ തൊടങ്ങി. ഒരുജാതി ചോര മരവിപ്പിക്കണ ചിരി. നീയൊക്കെ ആ ചിരി കണ്ടാ ബോധംകെട്ട് വീഴും. അത്ര ഭയാനകായിരുന്നു“

പിള്ളയുടെ വിവരണത്തിനനുസരിച്ച് അപ്പുക്കുട്ടന്റെ മുഖവും വിവിധഭാവങ്ങൾ കൈവരിച്ചു.

“പക്ഷേ ആ കൊലച്ചിരി കണ്ടട്ടും എന്റെ മോത്ത് പേടീടെ ലാഞ്ചനപോലും വന്നില്ലടാ. അവസാനം എന്നെ പേടിപ്പിക്കാൻ പറ്റില്ലെന്ന് മനസ്സിലായപ്പോ കുറുപ്പ് തോക്കെടുത്തു. എന്റെ നേർക്ക് ഉന്നം പിടിച്ചോണ്ട് വന്നു. തൊട്ടട്ത്ത് എത്തീതും”

പിള്ള വിവരണം നിർത്തി മുറ്റത്തേക്കു കാർക്കിച്ചു തുപ്പി. “ആക്രാഷ് ഫ്‌തും”

“എടാ പരമൂന്റെ കടേന്നാ ചായക്കിട്ട തേയില വാങ്ങ്യെ. അതിന് ഒരു വക ചൊവയാ. എനിക്കവനൊന്ന് കാണണം. മായം ചേർത്തതാണെങ്കി അവനെ ഞാൻ നാളത്തന്നെ കാച്ചും. നീ വേണോങ്കി വേറൊരു കട തൊടങ്ങിക്കോ”

“നായരെ അടുത്തെത്തീതും...” അപ്പുക്കുട്ടൻ ഓർമിപ്പിച്ചു. ഇല്ലെങ്കിൽ പുള്ളി ചിലപ്പോൾ ഒന്നുംമിണ്ടാതെ എഴുന്നേറ്റുപോകും. പിള്ളയുടെ സ്ഥിരം നമ്പറാണ് ഇത്തരത്തിലുള്ള ഇടവേളകൾ.

“എടാ അടുത്തെത്തീതും, ഞാൻ പ്രതീക്ഷിച്ചപോലെ കുറുപ്പ് എന്നോട് മുറിത്തമിഴിൽ മാപ്പുപറഞ്ഞു!. സോറി മിസ്റ്റർ പ്രഭാകർ. ഉങ്കളുക്ക് സൌഖ്യം താനാ. നാൻ ഉങ്കളെപ്പറ്റി കേട്ടിര്ക്ക്. ഉങ്കളോടെ ഉശിർ എനക്ക് റൊമ്പ പുടിച്ചിരിക്ക്. ഉങ്കൾ ഇങ്കെ ഇരിക്കിതെന്ന് തെരിയപ്പോറാ നാൻ ഇങ്കെ വരാമാട്ടേൻ. ഉങ്കളെ എനക്ക് റെസ്പക്ക്റ്റ് ഇരുക്കു. പോങ്കോ“

ഇത്രയും പറഞ്ഞു പിള്ള ചുമരിലേക്കു കൈചൂണ്ടി. അവിടെ രണ്ട് ആണിയിൽ തൂങ്ങുന്ന വലിയ ഇരട്ടക്കുഴൽ തോക്ക്.

“അന്ന് രാത്രി അവടന്ന് പോരുമ്പോ കുറുപ്പ് സമ്മാനായി തന്നതാടാ ഈ തോക്ക്. ആദ്യം ഞാനിത് ഉപയോഗിക്ക്വായിരുന്നു. പക്ഷേ ഇപ്പോ ശിക്കാരി ജീവിതം എനിക്ക് മതിയായി“

പിള്ള എല്ലാം പറഞ്ഞു അവസാനിപ്പിച്ചു. ചാരുകസേരയിൽ കാലുകൾ പൊക്കി‌വച്ചു നീണ്ടുനിവർന്നു കിടന്നു. അപ്പുക്കുട്ടൻ വീണ്ടും പത്രത്തിലേക്കു തിരിഞ്ഞു. ഫ്രാൻസിസിന്റെ അന്വേഷണത്തെപ്പറ്റി ഓർത്തതും അപ്പോൾ തന്നെ.

“നായരെ. ഇന്നലെ സ്കൂളീന്ന് വരുമ്പൊ ഞാൻ ഫ്രാൻസിസിനെ കണ്ടു. പുള്ളി നായര് എപ്പഴാ വീട്ടിലിണ്ടാവാന്ന് ചോദിച്ചു”

പിള്ള ഉഗ്രമായി ഞെട്ടി. കാലുകൾ താഴെ ഇറക്കിവച്ചു ചാരുകസേരയിൽ മുന്നോട്ടാഞ്ഞു. “ങ്ഹേ. ആര് പ്രാഞ്ച്യാ. എന്ന്യാ?“

അപ്പുക്കുട്ടൻ ആവർത്തിച്ചു. “അതേന്ന്. നായരെക്കണ്ട് എന്തോ സംസാരിക്കാണ്ടെന്ന് പറഞ്ഞു”

“ശാസ്താവേ... എന്നട്ട് നീയെന്താ പറഞ്ഞെ?”

“വൈകീട്ട് വന്നാ കാണാന്ന്”

പിള്ള ദേഷ്യപ്പെട്ടു. “ഛായ്. നിന്നെക്കൊണ്ട് തോറ്റല്ലോടാ ശവീ. നെനക്ക് ഞാനിവിടെ ഇല്ലാന്ന് പറഞ്ഞൂടാർന്ന്”

“പക്ഷേ നായര് ഇവിടില്ലാണ്ട് വേറെ എവിടെപ്പോവാൻ. പ്രാഞ്ചി അന്വേഷിക്കണത് കശുവണ്ടിക്കാര്യം പറയാനാ. അല്ലാണ്ട് തല്ലാനൊന്ന്വല്ലാ”

വെസ്റ്റ് കൊരട്ടിക്കാരനായ ഫ്രാൻസിസാണ് കക്കാടിലെ കശുമാവ്, തെങ്ങ്, പ്ലാവ് തുടങ്ങിയവ ഓരോ സീസണിലും മൊത്തവിലക്കു വാങ്ങി ആദായമെടുക്കുക. കക്കാടിലെ പലരും ഫ്രാൻസിസിന്റെ പതിവുകാരാണ്, പിള്ള ഒഴികെ.

“ഫ്രാൻസിസിന് കശുമാവ് കൊടുത്താ എന്താ നായരേ പ്രോബ്ലം?”

പിള്ള മുറ്റത്തേക്കു കാർക്കിച്ചു തുപ്പി. താമസിയാതെ ഫയറിങ്ങ് തുടങ്ങി. “അവന് ഞാൻ കശോണ്ടി കൊടുക്ക്വേ. എടാ നിനക്കറിയോ. ആ പ്രാഞ്ചി ഈ കക്കാട്ടെ ഏതൊക്കെ വീട്ടിക്കേറീണ്ടോ ആ വീട്ടാരൊന്നും ഗുണം പിടിച്ചട്ടില്ല. അറിയോ“

അപ്പുക്കുട്ടൻ‍ മിഴിച്ചുനിന്നു.

”നമ്മടെ ദാസന്റെ കാര്യം. എന്തായിരുന്നു അവന്റെ സ്റ്റാറ്റസ്. കാറ്, ബംഗ്ലാവ്, സ്വർണം പൂശ്യ വാച്ച്. പക്ഷേ പ്രാഞ്ചി കേറ്യപ്പോഴോ. നീ പറേടാ പ്രാഞ്ചി കേറ്യപ്പോഴോ?“

അപ്പുക്കുട്ടന്റെ തുടർമൌനം പിള്ളയെ കൂടുതൽ ആവേശത്തിലാക്കി. “ഹഹഹ. ഇപ്പോ ദാസൻ അമ്പലങ്ങളിലെ ഉത്സവങ്ങൾക്ക് കിലുക്കിക്കുത്ത് വക്കണ്!. ഈ വീടിന്റെ പടി കേറ്യാ ഇവിടോം അവൻ കുളം തോണ്ടും. അതോണ്ട് എന്റെ പറമ്പിലെ കശുമാവൊക്കെ വെട്ടിക്കളഞ്ഞെന്ന് അവനോട് പറഞ്ഞേക്ക്“

പുരാണം പറച്ചിൽ കഴിഞ്ഞ്, പേപ്പർവായന പൂർത്തിയാക്കി അപ്പുക്കുട്ടൻ‍ ഇറങ്ങാൻനേരം പിള്ള ഓർമിപ്പിച്ചു. “എടാ. നീയാ പേങ്ങനെക്കണ്ടാ ഇങ്ങട് വരാൻ പറേണം. മൂന്ന് ദെവസായിട്ട് അവനെ കാണാല്യ” പിള്ള സംസാരം കുറച്ചുകൂടി ഉച്ചത്തിലാക്കി.

“തെങ്ങിന് വെള്ളം തിരിക്കാണ്ട് മച്ചിങ്ങ കൊഴിയണ്ട്. ഇന്ന് വന്നില്ലെങ്കി ഇനിയിങ്ങട് വരണ്ടാന്ന് പറഞ്ഞേക്ക്“

(തുടരും...)