Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Tuesday, September 22, 2009

അഡ്വക്കേറ്റിന്റെ നമ്പറുകൾ - 2

ശ്രദ്ധിക്കുക: മുൻ‌പോസ്റ്റിന്റെ തുടർച്ചയാണ് ഈ പോസ്റ്റ്. 

അഭിഭാഷകവൃത്തിയാണ് പ്രധാനജോലിയെങ്കിലും നാട്ടുകാരെല്ലാം നല്ലവരായതിനാൽ പിള്ളേച്ചനു കേസുകൾ കുറവായിരുന്നു. കോടതിയിൽ പോകുന്നതു രാജേഷ് ചൌഹാൻ സിൿസ് അടിക്കുന്നപോലെ അപൂർവ്വമായി മാത്രം. ധാരാളമായുള്ള ഒഴിവുസമയങ്ങളിൽ സമീപത്തുള്ള ക്ഷേത്രങ്ങളുടെ ഭരണത്തിൽ അനാവശ്യമായി കൈകടത്തിയാണ് അദ്ദേഹം സമയം പോക്കിയിരുന്നത്. കക്കാടിനടുത്തു നല്ലരീതിയിൽ നടത്തപ്പെടുന്ന അഞ്ചോളം ക്ഷേത്രങ്ങളുണ്ട്. ചെറുവാളൂർ പിഷാരത്ത്, കാതിക്കുടം കരിമ്പനക്കാവ്... എന്നിങ്ങനെ. പക്ഷേ പ്രശസ്തമായ അവയെയൊക്കെ തഴഞ്ഞു സ്വൈരവിഹാരത്തിനായി പിള്ളേച്ചൻ തിരഞ്ഞെടുത്തതു കക്കാടിന്റെ തിലകക്കുറിയായ അയ്യങ്കോവ് ശ്രീധര്‍മ്മശാസ്ത ക്ഷേത്രമാണ്. ആദ്യകാലത്തു കുത്തിക്കുറിപ്പുകൾക്കായി എന്തോ അപ്രധാനചുമതല കമ്മറ്റിയിൽ ഉണ്ടായിരുന്നെങ്കിലും കാലക്രമത്തിൽ പുത്തന്‍‌കൂറ്റുകാർ അദ്ദേഹത്തെ അഴിമതിക്കേസിൽ പ്രതിയാക്കി പുറന്തള്ളി.

“ഉത്സവദിവസം കാഷ്യർ കസേരേൽ കാലത്ത് ഒമ്പതുമണി മൊതൽ വൈന്നേരം നാലുമണി വരെ ഒറ്റഇരുപ്പിരുന്ന ഞാൻ സോഡ കുടിക്കാൻ അഞ്ചുരൂപ എടുത്തു. അത് കടുത്ത അഴിമതിയാന്നായിരുന്നു കമ്മറ്റിക്കാര്ടെ ആരോപണം”

“നോട്ടീ അഞ്ചിന്റെ വലതുവശത്ത് രണ്ട് പൂജ്യങ്ങൾ ഇണ്ടായിരുന്നൂന്നാണല്ലോ നാട്ടാര് പറേണെ”

പിള്ളേച്ചന്‍ ചൂടായി. “ഇണ്ടായിരുന്നു. പക്ഷേ ആ രണ്ട് പൂജ്യങ്ങൾ ഞാൻ കണ്ടില്ലെന്നൊള്ളതാ ആശാനേ സത്യം!”

ആശാന്‍‌കുട്ടി തലമുടി പിടിച്ചുവലിച്ചു ആരോടോ അമര്‍ഷം പ്രകടിപ്പിച്ചു. “അറിയാതെ ചെയ്ത കുറ്റത്തിനാ എന്നെ കമ്മറ്റീന്ന് പൊറത്താക്ക്യേന്ന് ഇപ്പോ മനസ്സിലായില്ലേ ശിവാ”

നോട്ടെടുക്കൽ സംഭവത്തിലൂന്നി ഉത്സവക്കമ്മറ്റിയില്‍‌നിന്നു നിഷ്കരുണം പുറന്തള്ളിയിട്ടും കമ്മറ്റിയിലെ സ്ഥാനമാനങ്ങൾ വെറും സാങ്കേതികം മാത്രമാണെന്നു തെളിയിച്ച് എല്ലാ ഉത്സവങ്ങളുടേയും അയ്യപ്പന്‍‌വിളക്കിന്റേയും അവസരത്തിൽ കമ്മറ്റിയംഗങ്ങൾ ഇരിക്കുന്ന പ്രത്യേക‌കാബിനിലെ കാഷ്യര്‍കസേരയിൽ രാവിലെമുതൽ പിള്ളേച്ചനുണ്ടാകും. കമ്മറ്റിയിലെ അംഗങ്ങളിൽ പലരും മര്യാദാമുക്കിലെ മര്യാദക്കാരാണ്. അവര്‍ക്കിടയിൽ എല്ലാവിധ സ്വാധീനവുമുണ്ട്. അവ ഉപയോഗപ്പെടുത്തിയും, അത്യാവശ്യം കയറിക്കളിച്ചും എല്ലാ കമ്മറ്റിതീരുമാനങ്ങളിലും അദ്ദേഹം അദൃശ്യമായി തന്റെ നിഴല്‍വീഴ്ത്തി. ഇപ്രകാരം പിള്ളേച്ചൻ നടത്തിയ ചില ചരടുവലികളുടെ ഫലമായാണു അയ്യങ്കോവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ രണ്ടായിരത്തിയെട്ടിലെ പൈങ്കുനി ഉത്രംവിളക്ക് മഹോത്സവത്തിനു മുന്‍‌വര്‍ഷങ്ങളിൽ നാലുതവണയും തുടര്‍ച്ചയായി പങ്കെടുത്ത ‘നായത്തോട് ഗുരുവായൂരപ്പന്‍‘ എന്ന കൊമ്പന്‍ വീണ്ടുംവരുന്നത്. മര്യാദാമുക്കിൽ‌വച്ചു ആശാൻ‌കുട്ടിയുമായി നടത്തിയ ഗൂഢാലോചനയാണു കമ്മറ്റിയുടെ പ്രസ്തുതതീരുമാനത്തിനു പിന്നിൽ പ്രവര്‍ത്തിച്ച ഘടകം.

അന്നുരാത്രി മര്യാദാമുക്കിൽ, മാണിച്ചൻ‌ വാങ്ങിയ പുതിയ മൊബൈൽ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൈപ്പുഴക്കാരൻ കുഞ്ഞിസനു സൈക്കിളിൽ വരുന്നത്. മുഖമാകെ ദേഷ്യത്താൽ ചുവന്നിട്ടുണ്ട്. സൈക്കിൾ വല്ലാത്തൊരു ഊക്കിൽ സ്റ്റാന്‍‌ഡില്‍‌കയറ്റി സനൂപ് വിഷയം അവതരിപ്പിക്കാന്‍ തയ്യാറെടുത്തു. ആമുഖമായി പതിവുവാചകം കാച്ചി.

“അനിച്ചേട്ടാ‍ ദേ സത്യം പറയാലോ... എനിക്കിതീ എടപെടണ്ട കാര്യല്ല്യ!”

പിള്ളേച്ചന്‍ കുത്തി. “പിന്നെന്തിനാ സന്വോ നീ എടപെടണേ?”

“എടപെടണതാ എടപെടണതാ“ സനു വികാരവിക്ഷോഭത്താൽ വിക്കി. “അത് നാട്ടിലെ കൊച്ചുങ്ങള്‍ക്ക് ഒറക്കണ്ടാ. അതുങ്ങൾ പാതിരാക്ക് എണീറ്റു കരയുന്നു. കൊച്ചുങ്ങളെ ഉറക്കാനായി കക്കാടിലെ അമ്മമാരും ഉറക്കമിളക്കുന്നു. ഫലം ക്ഷീണം, ആരോഗ്യനഷ്ടം”

പിള്ളേച്ചനൊന്നും മനസ്സിലായില്ല. ആശാന്‍‌കുട്ടിക്കു നേരെ തിരിഞ്ഞു. “എന്തൂട്ടാടാ സനു പറയണെ?”

ആശാന്‍ മതിലിൽ അനങ്ങിയിരുന്നു. “നമ്മടെ ജയിംസേട്ടൻ ഡോബര്‍മാനെ വാങ്ങ്യ കാര്യാ”

പിള്ളേച്ചന്‍ അല്‍ഭുതപരതന്ത്രനായി. “ഡോബര്‍‌മാനോ! അതിനു പുള്ളീടെ വീട്ടിൽ ആനമൊട്ട ഇണ്ടോടാ”

ആശാന്‍ ചിരിച്ചു. വീണ്ടും പിള്ളേച്ചന്റെ അന്വേഷണമെത്തി. “അതിനു നാട്ടിലെ അമ്മമാരെന്തിനാ ഒറക്കമിളക്കണെ”

വീണ്ടും ഫയറിങ്ങ് തുടങ്ങാനാഞ്ഞ സനുവിനെ എല്ലാവരും സമാധാനിപ്പിച്ചു. “അടങ്ങ് സന്വോ. പിള്ളേച്ചന്‍ എന്തെങ്കിലും പ്രതിവിധി കാണും”

ആശാന്‍‌കുട്ടി വിശദീകരിച്ചു. “ആ പട്ടി രാത്രി മുഴ്വോന്‍ ഭയങ്കര കൊരയ്ക്കലാ പിള്ളേച്ചാ. ദൂരെ എസ്‌എന്‍‌ഡിപി സെന്ററീ ആരെങ്കിലും ചൊമച്ചാലോ, ഓസീന്‍ കമ്പനീലെ രാത്രി പന്ത്രണ്ടരെടെ സൈറണടിച്ചാലോ പിന്നൊന്നും പറയണ്ട. കൊരയോട് കൊരയാ“

പിള്ളേച്ചൻ നമ്പറിട്ടു. “ജയിംസേട്ടനോട് പട്ടിക്കൂട്ടീ കെടക്കാൻ പറ ആശാനേ. അവനെ മെരുക്കാന്‍”

“അതല്ലേ രസം. പട്ടീനെ വാങ്ങീത് പുള്ള്യാ. പക്ഷേ പുള്ളീനെ കണ്ടാലും അവന്‍ കൊരക്കും!“

“എന്നാ പിന്നെ കാര്യല്ല്യാ. ആര്‍ക്കെങ്കിലും കൊട്ടേഷൻ കൊട്”

പറച്ചിൽ നിര്‍ത്തിയ പിള്ളേച്ചനു നേരെ ആശാന്‍ അമ്പലത്തിലെ ഉത്സവനോട്ടീസിന്റെ സാധ്യതാകോപ്പി നീട്ടി. പിള്ളേച്ചൻ അന്വേഷിച്ചു.

“ഏതാന്യാ ഇത്തവണ ശാസ്താവിന്റെ തിടമ്പേറ്റണെ?”

“കര്‍ണൻ, മംഗലാം‌കുന്ന്”

“നന്നായി”

“പിന്നെ പിള്ളേച്ചാ. എല്ലാ കൊല്ലോം വിളിക്കണ നായത്തോട് ഗുരുവായൂരപ്പനെ ഇത്തവണ ഒഴിവാക്കാൻ ആലോചനേണ്ട്ന്ന് രാജന്‍‌ചേട്ടൻ പറഞ്ഞു“

അത്രസമയം ടെന്‍ഷനില്ലാതെ ഇരിക്കുകയായിരുന്ന പിള്ളേച്ചന്റെ മുഖം പൊടുന്നനെ ഗൌരവപൂര്‍ണമായി. “കാരണം?”

‘കുറച്ചൂടെ ഊക്കനായ ഒരു ആനേനെ വര്ത്താന്ന് വിചാരിച്ചാന്നാ പറയണെ“

“ഊക്കനാ... ഏതാണാ ഊക്കന്‍?”

“വിനയശങ്കർ”

പിള്ളേച്ചന്റെ മുഖത്തെ പരിഹാസഭാവം ഓടിമറഞ്ഞു. പകരം അല്‍ഭുതം മൊട്ടിട്ടു. “ആര് ബാസ്റ്റ്യനാ!”

ആശാന്‍ അനുകൂലഭാവത്തിൽ തലയാട്ടി.


“എങ്കീ പെടക്കും. എത്ര്യാ അവര്ടെ റേറ്റ്. ഹൈ ആണോ?”

“ഏയ് അത്ര്യൊന്നൂല്ല്യ. നമക്ക് താങ്ങാവുന്നതൊള്ളൂ”

“അപ്പോ ഒക്കെ ഭംഗിയായി”

ആശാന്‍ പക്ഷേ അത്ര ഭംഗിയായില്ല എന്നു സൂചിപ്പിച്ചു. “അനിച്ചേട്ടാ അവടെ ഒരു പ്രശ്നണ്ട്. വിനയശങ്കറിനെ നീരീന്ന് അഴിച്ചട്ടേള്ളൂ. ഉത്സവത്തിന്റെ സമയാ‍വുമ്പഴേക്കും ഒകെ ആയില്ലെങ്കി വിനയചന്ദ്രന്യെ കിട്ടൂ. അതൊരു ഇഷ്യൂവാണ്”

പിള്ളേച്ചൻ കട്ടായം പറഞ്ഞു. “ആശാനേ ഞാന്‍ തീര്‍ത്തുപറയാം. വിനയചന്ദ്രന്‍ പോരാ. ശങ്കർ ആണെങ്കി ഞാൻ ഒകെ. അല്ലെങ്കീ നായത്തോട് തന്നെമതി”

ആശാന്‍ കൈ മലര്‍ത്തി. “നടക്ക്വോന്ന് കണ്ടറിയണം. രാജഞ്ചേട്ടനാ വിനയചന്ദ്രന് വേണ്ടി വാദിക്കണെ”

“രാജൻചേട്ടനല്ല ആരെറങ്ങി കളിച്ചാലും കാര്യല്ല്യാ” പിള്ളേച്ചന്‍ കൂടുതൽ വാദഗതികൾ നിരത്തി. “ഇന്നേവരെ ഒരു ഉത്സവത്തിനും പ്രശ്നണ്ടാക്കാത്ത ആന്യാ നായത്തോട് ഗുരുവായൂരപ്പൻ. ആ കാര്യത്തീ ഞാനവന്റെ ഫാനാ. ആശാനെ മീറ്റിങ്ങില് ഈ തീരുമാനത്തിന് ഞാനെതിരാന്ന് രാജന്‍ചേട്ടനോട് പറഞ്ഞേക്ക്. പിന്നെ നീയീ ഇഷ്യൂല് എന്റെകൂടെ നിക്കണം“

സംഭാഷണം ഇത്രയുമെത്തിയപ്പോൾ എസ്‌എന്‍ഡിപി സെന്റർ ഭാഗത്തു വലിയ ബഹളം കേട്ടു.

“അനിച്ചേട്ടാ. ജാഥയാന്നാ തോന്നണ്”

“ഇരുട്ട് വീഴാമ്പോണ ഈ നേരത്ത് എന്തൂട്ടിനാ ജാഥ?”

“ചാലക്കുടീല് ആരാണ്ടെ വെട്ടീന്ന് കേട്ടു“

ആശാന്റെ ഊഹം ശരിയായിരുന്നു. കുറച്ചുസമയം കഴിഞ്ഞു മുദ്രാവാക്യം വിളിച്ചു, പന്തംകൊളുത്തി ജാഥയെത്തി. ഏറ്റവും മുന്നിൽ ശ്രീനിവാസന്‍.

“സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും..”
“കേരളം ഞങ്ങൾ സ്തംഭിപ്പിക്കും”

ശ്രീനിവാസന്‍ മതിലിൽ പിള്ളേച്ചനെ കണ്ടു. ജാഥവിട്ടു അടുത്തേക്കുവന്നു രോഷത്തോടെ പറഞ്ഞു. “അനീ. നമ്മടെ ആളെ ചാലക്കുടീല് വെട്ടി”

പിള്ളേച്ചന്‍ കുലുങ്ങിയില്ല. “അപ്പോ ശ്രീനി നാളെ ഹര്‍ത്താലല്ലേ?”

 “അതുപിന്നെ പറയാന്ണ്ടാ. ചാലക്കുടി അസംബ്ലീല് കാലത്ത് ആറ്തൊട്ട് വൈന്നേരം ആറ്വരെ. അനി സഹകരിക്കണം. പറ്റില്ലാന്ന് പറയര്ത്. പ്ലീസ്...”

പിള്ളേച്ചന്‍ അനുകൂലിച്ചില്ലെങ്കിൽ ഹര്‍ത്താൽ കക്കാടിൽ പൊളിയുമെന്നു മറ്റാരേക്കാളും നന്നായി ശ്രീനിവാസനറിയാം. അതുകൊണ്ടു അദ്ദേഹം അഭ്യർത്ഥിച്ചു. ആദ്യം സമ്മതിച്ചില്ലെങ്കിലും പൊതുജനത്തെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പിന്‍‌മേൽ പിള്ളേച്ചൻ വഴങ്ങി.

“ശരി ശ്രീനി. നാളത്തെ സിറ്റിങ്ങിന് എന്തായാലും ഞാൻ കോടതീ പോണില്ല”

പിള്ളേച്ചന്റെ വിശദീകരണത്തിൽ ആശാന്‍കുട്ടി അമ്പരന്നു. രണ്ടുമൂന്ന് മാസമായി ഒരു പെറ്റിക്കേസുപോലും ഇല്ലെന്നും നാട്ടിലെ ആരെയെങ്കിലും കാശുകൊടുത്തു തല്ലിക്കാതെ എന്തെങ്കിലും കിട്ടുമെന്നു കരുതുന്നില്ലെന്നും കുറച്ചുമുമ്പു പറഞ്ഞതേയുള്ളൂ. പിന്നെ എന്തു സിറ്റിങ്ങ്. എന്തു കോടതി.

പിള്ളേച്ചന്‍ അനുകൂലിച്ചതോടെ ശ്രീനിവാസനു സന്തോഷമായി. എല്ലാവരുടേയും കൈപിടിച്ചു കുലുക്കി അതിനകം കടന്നുപോയ ജാഥക്കുനേരെ മുദ്രാവാക്യം വിളിച്ചു ഓടി.

ആശാന്‍ സംശയങ്ങൾ നിരത്തി. “പിള്ളേച്ചാ അവരെന്തിനാ പന്തം കൊളുത്തിപ്പിടിച്ചേക്കണെ? വെറ്തെ മുദ്രാവാക്യം വിളിച്ച് പോയാപ്പോരേ”

പിള്ളേച്ചൻ നമ്പറിട്ടു. “രാത്ര്യല്ല്യെ ആശാനെ. വഴീല് വല്ല പാമ്പും ഇണ്ടാവുംന്ന് പേടിച്ചട്ടാരിയ്ക്കും“

ആട്ടെ പിള്ളേച്ചൻ കമ്മ്യൂണിസ്റ്റായാ. പാര്‍ട്ടീന്നൊക്കെ പറയണ കേട്ടല്ലാ”

“മുമ്പ് കോണ്‍ഗ്രസായിരുന്നു. പക്ഷേ ഇപ്പോ ഞാൻ കമ്മ്യൂണിസ്റ്റാ“

“അതോണ്ടാണോ വെട്ടീന്ന് കേട്ടപ്പോ ഞെട്ടീത്?”

“ഏയ്. അതൊരു നമ്പറായിരുന്നു”

“അപ്പോ കമ്മ്യൂണിസ്റ്റാന്ന് പറഞ്ഞത്”

“എടാ. അട്ത്ത തെരഞ്ഞെടുപ്പീ കോണ്‍ഗ്രസ്സ് തോല്‍ക്കാനാ സാധ്യത. അതോണ്ടാ ഞാന്‍ കമ്മ്യൂണിസ്റ്റാന്ന് പറഞ്ഞെ”

ആശാനു എന്നിട്ടും കത്തിയില്ല. “അപ്പോ ഈ പാര്‍ട്ടിമാറലിന് പിന്നിലൊള്ള പ്രത്യയശാസ്ത്ര വിശദീകരണം എന്താ?”

ആശാന്റെ ആരായൽ കേട്ടതും അത്രനേരം പുറംവളച്ചു ഇരിക്കുകയായിരുന്ന പിള്ളേച്ചൻ ഉടനെ നടുനിവര്‍ത്തി ഭിക്ഷക്കാരെപ്പോലെ വയറ്റത്തടിച്ചു ചോറു വേണമെന്നു ആഗ്യംകാണിച്ചു.

“പ്രത്യയശാസ്ത്രവിശദീകരണം വയറാണ്“ ചുറ്റും ആരുമില്ലെന്നു ഉറപ്പുവരുത്തി കൂട്ടിച്ചേർത്തു. “എടാ തെരഞ്ഞെടുപ്പീ ജയിക്കൂന്ന് ഒറപ്പൊള്ള പാര്‍ട്ടീടെകൂടേ ഞാൻ നിക്കൂ”

സംഭാഷണം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി പിള്ളേച്ചൻ ഉപസംഹരിച്ചു. “അപ്പൊ ആശാനെ. ബാസ്റ്റ്യന്‍ വിനശങ്കർ ആണെങ്കി നായത്തോട് ഇല്ലെങ്കിലും കൊഴപ്പല്ല്യ. പക്ഷേ നീര് കാരണം ശങ്കർ വന്നില്ലെങ്കി നായത്തോട് ഗുരുവായൂരപ്പൻ തന്നെ വേണം. മാധവൻ സുനീനോടും സൂചിപ്പിച്ചേക്ക്. നമക്കിതു വലിച്ച് ശരിയാക്കണം”

എല്ലാ കാര്യത്തിലും ഒരുമുഴം മുമ്പേ എറിഞ്ഞുശീലമുള്ള പിള്ളേച്ചന്റെ കണക്കുകൂട്ടലുകള്‍ക്കൊപ്പം പദ്ധതികൾ നീങ്ങി. മാര്‍ച്ച് ഇരുപത്തൊന്നാം തീയതിയിലെ ഗംഭീരഉത്സവത്തിനു നീരില്‍നിന്നു മുക്തനാവാത്ത വിനയശങ്കർ വന്നില്ല. പകരം, വിനയചന്ദ്രനെ തഴഞ്ഞു, പിള്ളേച്ചന്റെ ഫേവറൈറ്റ് നായത്തോട് ഗുരുവായൂരപ്പന്‍ എത്തി. ഉച്ചക്ക് മൂന്നുമണിക്കു തുടങ്ങിയ പാണ്ടിമേളത്തിനു അന്നനാട് വേലുപ്പിള്ളി ദേവസ്വത്തിന്റെ വക ബാലശാസ്താവിന്റെ തിടമ്പേറ്റിയ മംഗലാംകുന്ന് കര്‍ണന്റെ വലതുവശത്തുനിന്നു ഗുരുവായൂരപ്പൻ തിളങ്ങി.

പിള്ളേച്ചൻ തിരക്കിലായിരുന്നു. കാഷ്യർ കസേരയിൽ ഉച്ചക്കു തുടങ്ങിയ ഇരുപ്പ് അവസാനിപ്പിച്ചത് രാത്രി എട്ടുമണിക്ക്. ദീപാരാധന തൊഴാൻ മാത്രം ഇടക്കു അല്പനേരം വിട്ടുനിന്നു. പാലച്ചുവട്ടിലെ ഭൈരവപ്രതിഷ്ഠക്കു സമീപം നടുനിവര്‍ത്തി വിശ്രമിക്കുമ്പോൾ ലക്ഷദീപത്തിനു തെളിയിച്ച അനേകം നിലവിളക്കുകൾ ട്രോളിയിലാക്കി ഉന്തി ആശാന്‍‌കുട്ടി അടുത്തേക്കുവന്നു. ഭക്ഷണം കഴിച്ചു അദ്ദേഹം നന്നായി വിയര്‍ത്തിട്ടുണ്ട്. ഇഡ്ഡലി, കൊള്ളിക്കിഴങ്ങ് ഇഷ്ടൂ, സാമ്പാർ, നല്ല കടുപ്പവും ചൂടുമുള്ള കട്ടൻ‌ചായ. ശിവ ശിവ.

പിള്ളേച്ചനെ കണ്ടപ്പോൾ ആശാൻ അല്‍ഭുതപ്പെട്ടു. “അനിച്ചേട്ടാ. ഹ ഇവടെ നിക്കാണ്. വേഗം ചെല്ല്. അല്ലെങ്കീ കൊള്ളിക്കെഴങ്ങ് ഇഷ്ടൂ ഇപ്പത്തീരും. ഇഡ്ഡല്യാണെങ്കി ഇഷ്ടം പോലേണ്ട്”

ചിന്തകളുടെ കാര്യത്തിൽ പണ്ടേതന്നെ റിബലായ പിള്ളേച്ചനു സംശയം. ആശാൻ നമുക്കിട്ടു ഒന്നു താങ്ങിയതാണോ?

“എന്റെ വീട്ടീ ചോറുവച്ചണ്ട് ആശാനേ. പോരാണ്ട് നമ്മടെ ദീപേഷ് വച്ചതല്ലെ. അതുകഴിച്ചു എനിക്കെന്തേലും പറ്റ്യാലോടാ”

“അനിച്ചേട്ടാ ദേ പറഞ്ഞില്ലാന്ന് വേണ്ട. ഇഷ്ടൂന്റെ ടേസ്റ്റ്ണ്ടല്ലാ സൊയമ്പൻന്ന് പറഞ്ഞാ കൊറഞ്ഞ് പോവും. മാരകം“

പിള്ളേച്ചന്‍ കൈയും ചുണ്ടും മലര്‍ത്തി. “എന്നോട് വേണോ ആശാനേ ഇതൊക്കെ“

പക്ഷേ ആശാന്‍ രണ്ടാംറൌണ്ട് ശാപ്പാടിനു ദഹണ്ണപ്പുരയിൽ എത്തിയപ്പോൾ ഞെട്ടി. ഇഷ്ടൂവിന്റെ വലിയ ചെമ്പിനടുത്തു, ദഹണ്ണക്കാർക്കു വിശ്രമിക്കാനുള്ള സീറ്റിനു മുന്നിൽ, രണ്ടു നാക്കിലകൾ അടുപ്പിച്ചു വച്ചിരിക്കുന്നു. ഒരു നാക്കിലയിൽ സാമ്പാറിൽ കുളിച്ച എട്ടൊമ്പത് ഇഡ്ഡലികൾ. രണ്ടാമത്തേതിൽ ചെറാലക്കുന്നുപോലെ കുമിഞ്ഞുകിടക്കുന്ന ഇഷ്‌ടു. വലിയ മൊന്തനിറയെ ആവിപറക്കുന്ന കട്ടന്‍ചായ. ആനക്കൊമ്പ് പോലുള്ള രണ്ടു നേന്ത്രപ്പഴം. ഇവക്കുമുന്നിൽ ഷര്‍ട്ടിന്റെ കൈകൾ തെറുത്തുകയറ്റി ഇരിക്കുന്നതു സാക്ഷാൽ പിള്ളേച്ചൻ!

“അനിച്ചേട്ടാ” ഒന്നു അമറി പിള്ളേച്ചനുനേരെ കുതിച്ച ആശാന്‍ ആരോടെന്നില്ലാതെ അലറി. “എന്നെ പിടിക്കടാ”

ആശാൻ അവിവേകത്താൽ പിള്ളേച്ചനെ തല്ലിയാലോ എന്നുപേടിച്ച ദഹണ്ണക്കാരൻ ദീപേഷും ഇഷ്‌ടു വെട്ടിവിഴുങ്ങുകയായിരുന്ന ചെറാലക്കുന്ന് തമ്പിയും ഒരുനിമിഷം പോലും കളയാതെ അദ്ദേഹത്തെ വട്ടംപിടിച്ചു. പിടിച്ചവരില്‍നിന്നു പിടിവിടുവിക്കാൻ ദുര്‍ബലമായി കുതറി ആശാൻ രണ്ടാമതും അലറി.

“എന്നെ വിടടാ”

രണ്ടുപേരും ഉടന്‍ പിടിവിട്ടു. അപ്പോൾ ആശാൻ അവരോടു വ്യക്തിപരമായി പതുക്കെ പറഞ്ഞു. “തമ്പ്യേ വിടാൻ പറയുമ്പോ വിടരുത്. അതൊരു നമ്പറാണ്”

ആശാനെ കണ്ടപ്പോൾ തന്നെ പിള്ളേച്ചന്റെ തൊണ്ടയിൽ വലിയൊരു കൊള്ളിക്കഷണം കുടുങ്ങിയിരുന്നു. അദ്ദേഹം മൊന്തയില്‍‌നിന്നു ചായകുടിച്ചു തടസം മാറ്റി. “നീയൊന്നു പൊറുക്ക് ശിവാ. കൊള്ളിക്കെഴങ്ങ് ഇഷ്ടൂന്ന് വച്ചാ പണ്ടേ എന്റെ വീക്ക്നെസ്സാ”

ആശാന്‍ ഒന്നും മിണ്ടിയില്ല. ഇഷ്ടുവിന്റെ ചെമ്പില്‍നിന്നു ബക്കറ്റുകൊണ്ടു ഇഷ്‌ടു കോരി ചെറിയപാത്രത്തിൽ നിറക്കുകയായിരുന്ന ദീപേഷ് മാത്രം ശബ്ദമില്ലാതെ ചിരിച്ചു.

ശാപ്പാട് കഴിഞ്ഞു പല്ലിന്റെ ഇടകുത്തി വിയര്‍പ്പാറ്റിനിന്ന പിള്ളേച്ചനു അടുത്തേക്കു മാധവൻ സുനി വന്നു. പിള്ളേച്ചൻ ഉടൻ ആരോപണം തൊടുത്തു.

“സുന്യേയ്... ഇഷ്ടൂ അത്ര ഏശിയില്ല. എരിവ് കൊറവായിരുന്നു. കപ്പക്കഷണങ്ങളീ ചെലത് മുട്ടൻ കടഭാഗോം. അപ്പിടി വേര്”

സുനി അമ്പരന്നു. “എന്നട്ട് അനി എത്ര ഇഡ്ഡലി തിന്നു?”

“ഇത്തിരി സാമ്പാറ്കൂട്ടി ഞാൻ മൂന്നു ഇഡ്ഡലി കഴിച്ചൂന്ന് വരുത്തി”

തൊട്ടപ്പുറത്തെ പേട്ടത്തെങ്ങിൽ തളച്ചിരിക്കുന്ന മംഗലാംകുന്ന് കര്‍ണനെനോക്കി സുനി അതിശയിച്ചു. “പിള്ളേച്ചന് ആനേനെ പേടീണ്ടാ?”

പിള്ളേച്ചന്‍ പൊട്ടിച്ചിരിച്ചു ഒന്നുകുനിഞ്ഞു നിവര്‍ന്നു. “ആനേന്യാ? എനിക്കാ! ഹഹഹ... സത്യം പറയാലാ സുനീ. ആന എടഞ്ഞാ ഓടണ്ട കാര്യോന്നൂല്യാന്നാണ് എന്റെ അഭിപ്രായം. നമ്മൾ ദ്രോഹിച്ചില്ലെങ്കി ആനേം ദ്രോഹിക്കില്ല. അല്ലേ... ശര്യല്ലേ?”

സുനി ഒന്നും മിണ്ടിയില്ല. നിലവിളക്കുകൾ കയറ്റിയ ട്രോളിയുന്തി ആശാൻ അവരെ കടന്നുപോയി. സുനി താക്കീതു കൊടുത്തു. “ആശാനേ ആനേടെ അടുത്തൂടെ പോണ്ട. നോക്ക്യേ കര്‍ണ്ണൻ കുലച്ച് നിക്കാ. നിന്നെക്കണ്ട് പിടിയാന്യാണോന്നെങ്ങാനും ഡവുട്ടടിച്ചാ കാര്യം പോക്കാ“

പിള്ളേച്ചന്‍ ആ നര്‍മ്മം ആസ്വദിച്ചു. അപ്പോളോര്‍ത്തു ഒരിക്കൽ ചാലക്കുടിയിൽ‌വച്ചു ഇടഞ്ഞ ആനയെ നേരിൽ കണ്ടത്.ഈ കര്‍ണ്ണനെങ്ങാനും ഇപ്പോ എടഞ്ഞാ
‘ സുനി സംസാരം തുടർന്നു. ട്രോളിയിലെ നിലവിളക്കുകൾ ആശാൻ നിലത്തേക്കു മറിച്ചതും അതേ നിമിഷമായിരുന്നു. വിളക്കുകൾ പരസ്‌പരം കൂട്ടിമുട്ടി ചങ്ങലകിലുങ്ങുന്ന ശബ്ദമുണ്ടായി. സുനി ഞെട്ടി ഓടാനാഞ്ഞു. പക്ഷേ പെട്ടെന്നു തന്നെ സത്യാവസ്ഥ മനസ്സിലാക്കി. ആശാനെ പ്രാകി.

“ശവിമോന്‍ പേടിപ്പിച്ച് കളഞ്ഞു”

സുനി ദീര്‍ഘനിശ്വാസം ചെയ്തു. തിരിഞ്ഞുനോക്കി. അല്‍ഭുതം. അതിശയം. പിള്ളേച്ചനെ കാണാനില്ല. കോക്കാടന്‍ രവിയുടെ വളപ്പിനരുകിലേക്കു കാൾലൂയിസിനേപ്പോലെ കത്തിക്കുന്ന ഒരു മിന്നായം മാത്രം കണ്ടു. പിള്ളേച്ചന്‍ ഓടുന്നതു നാട്ടുകാർ ആദ്യമായാണു കാണുന്നത്. കോക്കാടന്റെ വേലിക്കരുകിൽ ഇഷ്ടൂ ഉണ്ടാക്കിയ ചെമ്പിൽ കമിഴ്ന്നുകിടന്നു കഴുകുകയായിരുന്ന സജീവൻ തലയുയര്‍ത്തി ചോദിച്ചു.

“എന്തിനാ അനിച്ചേട്ടാ ഓടണേ?”

പിള്ളേച്ചനു എന്തോ പന്തികേടുതോന്നി. സജീവനു ജീവഭയം ഇല്ലേ. അതോ ഇനി ആന ഇടഞ്ഞില്ലേ. അദ്ദേഹം തലതിരിച്ചു നോക്കി. പിന്നിൽ ആനയുമില്ല ചേനയുമില്ല. ഒന്നും മിണ്ടാതെ, എല്ലാവരേയും നോക്കി വിളറിയ ചിരിപാസാക്കി പിള്ളേച്ചൻ കാഷ്യർ കസേരയിലേക്കു മണ്ടി. അവിടെയിരുന്നു എഴുന്നള്ളിപ്പിനു കൊട്ടുന്ന പഞ്ചവാദ്യം പൊടിതട്ടിയെടുത്തു മേശയിൽ പ്രയോഗിച്ചു. പത്തുമിനിറ്റ് കഴിഞ്ഞു. കൊട്ടികൊട്ടി കലാശമാവാറായി. താളം മുറുകിയ‍വേളയിൽ കക്കാടിലെ കറകളഞ്ഞ ആനപ്രേമി, റേഷന്‍കടയുടമ സന്തോഷ് അധികം വലുപ്പമില്ലാത്ത ഒരു പൂവന്‍‌കുല ചുമലില്‍താങ്ങി ഗുരുവായൂരപ്പനുനേരെ ചെല്ലുന്നത് കണ്ടു. പഴക്കുല പാപ്പാനെ ഏല്‍‌പിച്ചു സന്തോഷ് സ്ഥലം‌വിട്ടതോടെ പിള്ളേച്ചൻ കസേരയില്‍‌നിന്നു നാടകീയമായി എഴുന്നേറ്റു. ചുറ്റുംനോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പുവരുത്തി ആനക്കുനേരെ നടന്നു.

പിള്ളേച്ചനെ കണ്ടപ്പോൾ കൊമ്പന്‍മീശക്കാരനായ പാപ്പാൻ കുറുപ്പ് എഴുന്നേറ്റു. പിള്ളേച്ചന്റെ ഇടപെടൽ മൂലമാണു ഇത്തവണ ഉത്സവം കിട്ടിയതെന്നു അദ്ദേഹം അതിനകം മനസ്സിലാക്കിയിരുന്നു.

“എന്തൊക്ക്യാ കുറുപ്പേ വിശേഷം?“

തലയിൽ ചുറ്റിയ തോർത്തുമുണ്ടഴിച്ചു കുറുപ്പ് വിനയം ഭാവിച്ചു. “ഉത്സവങ്ങള് ഇപ്പോ പണ്ടത്തെപ്പോലൊന്നും കിട്ടണില്ല. സാർ സഹായിച്ചോണ്ട് ഇത് ശരിയായി. ഇല്ലെങ്കീ.... നന്ദീണ്ട്”

“ഓഹ് അതൊന്നും കാര്യാക്കണ്ടാ കുറുപ്പേ. എനിക്ക് ശരീന്ന് തോന്നണത് ഞാൻ ചെയ്യും. അത്രന്നെ”

ഇത്രയും പറഞ്ഞു ഷര്‍ട്ടുപൊക്കി പിള്ളേച്ചൻ വയറ്റിൽ രണ്ടുമൂന്നു തവണ കൊട്ടി. “ഊണുകഴിച്ചട്ട് രണ്ടു പഴം കഴിച്ചില്ലെങ്കീ വയറ്റിലെന്തോ ഗ്യാസ് പോലാണ് കുറുപ്പേ”

താമസിയാതെ പഴക്കുലയുടെ അടിഭാഗത്തുള്ള മുഴുപ്പേറിയ മൂന്നുപഴം പിള്ളേച്ചൻ ഉരിഞ്ഞു. ഭോജനത്തിനുശേഷം പഴത്തൊലികൾ നായത്തോടിന്റെ മുന്‍‌കാലിനു നേർക്കെറിഞ്ഞു. ആ അവഗണനയിൽ പാപ്പാന്റെ കയ്യില്‍‌നിന്നു പഴക്കുല സ്വീകരിക്കാൻ കാത്തുനിന്ന കൊമ്പൻ ക്ഷുഭിതനായി. പിള്ളേച്ചൻ അതുകൊണ്ടും നിര്‍ത്തിയില്ല.

“കുറുപ്പേ ആ കടലാസിങ്ങെടുത്തോ. ഞാനൊരു പടല കൊണ്ടുപോവാ. പൂവമ്പഴം കഴിച്ചട്ട് കൊറേ നാളായി“

ഉത്സവത്തിനു ആനയെ എഴുന്നള്ളിക്കാൻ കാരണക്കാരനായ വ്യക്തിയാണ് പഴം ആവശ്യപ്പെടുന്നത്. അതും അടിഭാഗത്തെ മുഴുത്ത രണ്ടുപടല. പാപ്പാന്‍ കുറുപ്പിനു ആലോചിക്കാൻ ഒന്നുമില്ലായിരുന്നു. രണ്ടിനു പകരം മൂന്നുപടലയുരിഞ്ഞു കടലാസിൽ പൊതിഞ്ഞുകൊടുത്തു. സന്തോഷത്തോടെ സ്വീകരിച്ചു പിള്ളേച്ചൻ നടന്നുനീങ്ങി.

പഴക്കുലയിൽ ശേഷിച്ച തള്ളവിരൽ വലുപ്പമുള്ള അഞ്ചാറു ചെറിയ പടലകൾ ‌കുറുപ്പ് ഗുരുവായൂരപ്പനു നേരെ നീട്ടി. തുമ്പിക്കൈ ആട്ടിനിന്ന കൊമ്പൻ ഒറ്റകുതിപ്പിനു പഴക്കുല കൈക്കലാക്കി. പക്ഷേ വായിലേക്കു തള്ളുന്നതിനു പകരം ചെയ്തത് പഴപ്പൊതിയുമായി തിരിഞ്ഞുനടക്കുകയായിരുന്ന പിള്ളേച്ചനെ ലാക്കാക്കി വീശിയെറിയുകയാണ്. പിന്നിൽ ചങ്ങലക്കിലുക്കം കേട്ടെങ്കിലും പിള്ളേച്ചൻ ഗൌനിച്ചില്ല. വേല മനസ്സിലിരിക്കട്ടെ ആശാനേ എന്നു മനസ്സിൽ പറഞ്ഞു. എങ്കിലും ചങ്ങലകിലുക്കത്തിനൊപ്പം അതിവേഗം പാഞ്ഞടുക്കുന്ന ആനച്ചൂരിൽ കാര്യങ്ങൾ പിടികിട്ടി. എവിടേക്കെന്നില്ലാതെ പാഞ്ഞു. കൂടെ മറ്റുള്ളവരും.

ഉത്സവപ്പറമ്പാകെ ഇളകിമറിഞ്ഞു. ആളുകൾ ചിതറിയോടി. വഴിയരികിൽ തോരണം‌ കെട്ടാൻ നാട്ടിയിരുന്ന മുളങ്കാലുകൾ ഗുരുവായൂരപ്പൻ പിഴുതെടുത്തു ഒടിച്ചുവലിച്ചെറിഞ്ഞു. കൃഷ്ണന്‍‌കുട്ടി‌മാഷുടെ പുതുതായി പണിത മതിൽ ഒറ്റച്ചവിട്ടിനു തവിടുപൊടിയാക്കി. പാപ്പാന്‍‌മാരെ അടുത്തേക്കു അടുപ്പിച്ചില്ല. പിള്ളേച്ചനുള്‍പ്പെടെ പലരും സന്തോഷിന്റെ റേഷൻ‌കടക്കു എതിരെയുള്ള പണിതീരാത്ത വീടിന്റെ ടെറസിൽ വലിഞ്ഞുകയറി. ആനയെ പിടിച്ചുനിര്‍ത്താൻ പീടികയിൽ തൂങ്ങുന്ന പഴക്കുലകൾ പടലകളായി എറിഞ്ഞുകൊടുത്തു. ചിലർ വാളൂരിലെ ച‌ങ്ക്ര‌മത്തുവീട്ടിൽ ശശിക്കു ഫോണ്‍‌കറക്കി. ആനയെ തളക്കാന്‍ മിടുക്കരായവരെ അദ്ദേഹം അറിയും. പത്തുമിനിറ്റിനുള്ളിൽ രണ്ടു എന്‍ഫീല്‍ഡിലായി നാലുപേരെത്തി. അതോടെ പിള്ളേച്ചന്‍ ടെറസിൽ നിന്നിറങ്ങി. അവന്‍‌മാർ പുലികളാണെന്നു മുമ്പേ അറിയാം. വന്നപാടെ ശശിച്ചേട്ടൻ വിവരങ്ങൾ ആരാഞ്ഞു.

“എന്താ ആന എടയാന്‍ കാരണം?”

ആളുകളെ വകഞ്ഞുമാറ്റി ശശിച്ചേട്ടന്റെ മുന്നിലേക്കുവന്ന പിള്ളേച്ചൻ പെട്ടെന്നു പിന്തിരിയാൻ ഭാവിച്ചു. പുലിവാലാകുമല്ലോ ശാസ്താവേ. ആശാന്‍ പക്ഷേ ദയാദാക്ഷിണ്യമൊന്നും കാണിച്ചില്ല.

“ഗുരുവായൂരപ്പന് കൊണ്ടോന്ന പഴക്കൊലേന്ന് പിള്ളേച്ചൻ കണ്ണായ നാലഞ്ചുപടല ഊരി. ആനക്കിഷ്ടപ്പെട്ടില്ല. കുല വാങ്ങി എറിഞ്ഞു”

ചുറ്റും കൂടിയവരുടെ മുഖഭാവം ‘അയ്യേ’ എന്ന മട്ടിൽ. പിള്ളേച്ചന്‍ പരുങ്ങലോടെ ഉരുണ്ടു. “എന്റെ പൊന്നു ശശിച്ചേട്ടാ. സത്യത്തീ അതൊരു നമ്പറായിരുന്നു. പക്ഷേ പാളിപ്പോയി”

കേട്ടുനിന്ന എല്ലാവരും ആ വാദമുഖത്തെ എതിര്‍ത്തു. കുഞ്ഞിസനു മടിയൊന്നും കൂടാതെ മുന്നോട്ടുവന്നു. ആമുഖമായി പതിവുവാചകം പറയാനും മറന്നില്ല.

“ശശിച്ചേട്ടാ ദേ സത്യം പറയാലോ... എനിക്കിതീ എടപെടണ്ട കാര്യല്ല്യാ. പക്ഷേ ഇങ്ങേര് നിരപരാധി ചമയണ കാണുമ്പോ പറയാണ്ടിരിക്കാനും പറ്റണില്ല. ശശിച്ചേട്ടനറിയോ പിള്ളേച്ചന്റെ പഴപ്രേമം പ്രസിദ്ധാ. ഇഷ്ടൂന്റെ കൂടെ നേന്ത്രപ്പഴം വെട്ടിവിഴുങ്ങ്യ ആളാ പൂവന്‍‌പഴം ഉരിഞ്ഞെ!””

പിള്ളേച്ചന്‍ വയലന്റായി. “നീയൊന്നു പോയേടാ സന്വോ അവടന്ന്. കുറുപ്പ് നിര്‍ബന്ധിച്ചപ്പോ ഞാൻ വാങ്ങീന്നൊള്ളതാ സത്യം. അല്ലാണ്ട്...”

കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കു നീങ്ങുംമുമ്പ് എല്ലാവരും പിള്ളേച്ചനെ ആശ്വസിപ്പിച്ചു. ആനമെരുക്കൽ വിദഗ്ദർ പത്തുമിനിറ്റേ എടുത്തുള്ളൂ. പഴക്കുലകൾ പാകത്തിനെറിഞ്ഞു നായത്തോടിനെ അവർ വടത്തിൽ കയറ്റി. മുന്‍കാലിൽ കൂച്ചുവിലങ്ങിട്ടു. ഉത്സവപരിപാടികൾ തടസമില്ലാതെ തുടര്‍ന്നു. രാത്രി എഴുന്നള്ളിപ്പിനു മൂന്നു ആനകൾ മാത്രം എഴുന്നള്ളി. എല്ലാ പരിപാടികളും അവസാനിച്ചു സഹപ്രവര്‍ത്തകരുമായി മടങ്ങുമ്പോൾ ശശിച്ചേട്ടൻ പിള്ളേച്ചനെ വിളിച്ചു സ്വകാര്യത്തിൽ പറഞ്ഞു.

“ഇനി ഇങ്ങനത്തെ നമ്പറുകൾ എറക്കര്‌ത്‌ട്ടാ അനീ”

പിള്ളേച്ചൻ എല്ലാം സമ്മതിച്ച് തലയാട്ടി.
 


മര്യാദാമുക്കിൽ പൊട്ടിച്ചിരികള്‍ക്കു വിത്തുപാകുന്നതിൽ മുമ്പനായ നമ്പറുകളുടെ ഉസ്താദ് ഇപ്പോൾ മസ്കറ്റിലാണ്. അവിടെ ലീഗൽ അഡ്വൈസറായ അദ്ദേഹത്തോടു അവിടത്തെ ജഡ്ജിയും കസേരയില്‍‌നിന്നു ചാടിയെഴുന്നേറ്റു അന്വേഷിച്ചെന്നാണു കക്കാടിലെ സംഭാഷണം.

“ഹുവാർ യൂ ജന്റില്‍‌മാൻ‍“

Sunday, August 23, 2009

അഡ്വക്കേറ്റിന്റെ നമ്പറുകൾ - 1


ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് തുലാമാസം മധ്യത്തിൽ തേമാലിപ്പറമ്പിൽ കൂടിയ നാട്ടുകൂട്ടമാണ് വയനാടന്‍കാടുകളിൽ സ്വൈരവിഹാരം നടത്തിയിരുന്ന കിടയറ്റ ഫോറസ്റ്റ്റേഞ്ചറും ശിക്കാരിയുമായ കക്കാട് ഗീതാനിവാസിലെ എം.ജി.പ്രഭാകരൻ‌പിള്ളയുടെ രണ്ടാമത്തെ മകൻ അനില്‍‌പിള്ളയെ നിയമ പഠനത്തിനയക്കാൻ തീരുമാനിച്ചത്. തൈക്കൂട്ടത്തെ പ്രശസ്തകണിയാന്‍ ബാലകൃഷ്ണക്കൈമളുടെ നിര്‍ദ്ദേശപ്രകാരം മകനെ കേരളരാഷ്ട്രീയത്തിൽ ഇറക്കാൻ പദ്ധതിയുണ്ടായിരുന്ന പിള്ളയുടെ എല്ലാ മുന്‍കണക്കുകൂട്ടലുകലും തെറ്റിച്ച കനത്ത പ്രഹരമായിരുന്നു നാട്ടുകൂട്ടത്തിന്റെ പ്രസ്തുത തീരുമാനം.

അതുവരെ രാഷ്ട്രീയമേഖലയിൽ തിളങ്ങിനില്‍ക്കുന്ന താരമാകാൻ പിള്ള, ആഴ്ചയിൽ രണ്ടുദിവസം, മകനു കോച്ചിങ്ങ് ക്ലാസ്സ് നടത്തിയിരുന്നു. ഗ്രൂപ്പ് എങ്ങിനെ ഉണ്ടാക്കാം, വൈവിധ്യമാര്‍ന്ന മുദ്രാവാക്യം വിളികൾ ഏതൊക്കെ, കല്ലെറിയേണ്ടതെങ്ങിനെ... ഇത്യാദി വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ക്ലാസ്സിലെ ആകര്‍ഷകഇനമായിരുന്നു കൈമടക്ക് വാങ്ങുന്നതെങ്ങിനെ എന്ന പീരിയഡ്. പക്ഷേ എങ്ങിനെയോ ആദര്‍ശപരമായ കൂട്ടുകെട്ടുകളിലേക്കു വഴുതിവീണ ജൂനിയര്‍പിള്ളക്കു രാഷ്ട്രീയത്തിലെ ഗ്രൂപ്പുസമവാക്യങ്ങളോടും അടവുനയങ്ങളോടും ഒട്ടും യോജിക്കാനായില്ല.

മകന്റെ ആദ്യകാല എതിര്‍പ്പുകൾ പിള്ള കണക്കിലെടുത്തില്ല. മുന്‍‌നിശ്ചയപ്രകാരം കാര്യങ്ങൾ നീക്കി. പക്ഷേ രാഷ്ട്രീയക്കാരുടെ അനധികൃത സ്വത്തുസമ്പാദനം കര്‍ശനമായി തടയുമെന്നു കേരള നിയമസഭയിൽ മുഖ്യമന്ത്രി ക്ഷോഭത്തോടെ അസന്നിഗ്ദമായി പ്രസ്താവിക്കുന്നതു കണ്ടപ്പോൾ നിലപാടുകളിൽ സന്ദേഹിയായി. ഇനിയെന്ത് എന്ന ചിന്ത മനസ്സിൽ ഉദിച്ചു. അക്കാലത്തുതന്നെയാണു നാട്ടുകൂട്ടത്തിന്റെ തീരുമാനവും പുറത്തുവന്നത്. തലമൂത്ത പതിനൊന്നു കാരണവന്മാർ കോറം തികഞ്ഞെത്തിയ ആ യോഗത്തിന്റെ തീരുമാനം കൂടുതലൊന്നും ആലോചിക്കാതെ പിള്ള മനസ്സാൽ സ്വീകരിച്ചു. നിയമപഠനത്തിനായി മകനെ തിരുവനന്തപുരം ലോകോളേജിൽ ചേര്‍ത്തു.

അന്നൊരിക്കൽ കക്കാട് തീരദേശംറോഡ് ഉടനടി റീടാറിങ്ങ് ചെയ്യണമെന്നും ഇല്ലെങ്കിൽ മന്ത്രിസഭയെ മറിച്ചിടാന്‍‌വരെ മടിക്കില്ലെന്നും ഗതാഗതമന്ത്രിക്കു അന്ത്യശാസനം കൊടുക്കാൻ കേരളസെക്രട്ടറിയേറ്റിൽ പോയിവന്ന കാടുകുറ്റി പഞ്ചായത്തു പ്രസിഡന്റ് വി.കെ.മോഹനന്‍ എസ്‌എന്‍‌ഡിപി സെന്ററിൽ‌വച്ചു പിള്ളയെ കണ്ടപ്പോൾ നിഗൂഢമായ ആ രഹസ്യം വെളിപ്പെടുത്തി.

“നായരേ. ഞാനിന്നലെ നമ്മടെ അനീനെ അതുല്യേല് കണ്ടു”

തിരുവനന്തപുരത്തെ സിനിമാതിയേറ്ററുകൾ പരിചിതമല്ലാത്ത പിള്ള മെമ്പർ മോഹനന്റെ അറിയിപ്പു കേട്ടതും വേലിപ്പടര്‍പ്പിലേക്കു സ്വതസിദ്ധമായ ശൈലിയിൽ കാര്‍ക്കിച്ചുതുപ്പി.

“ആക്രാഷ്... ഫ്തൂം” പിന്നെ പറഞ്ഞു. “ങേ അതുല്യോ! ഏതവളാടാ അത്. എന്റെ കൊച്ചനെ കറക്കിയെടുത്തോ?”

“പെണ്ണൊന്ന്വല്ല നായരേ. അതുല്യാന്ന് പറയണത് തിരോന്തോരത്തെ ഒരു സിനിമാതീയേറ്ററാ”

“ഓ അതിനെന്താ മോഹനാ. എടക്കൊരു സിനിമ കാണണശീലം അനിക്കു പണ്ടേണ്ട്”

പിള്ളയുടെ നിഷ്കളങ്കമായ മറുപടികേട്ടു മോഹനൻ ഗൂഢമായി ഊറിച്ചിരിച്ചു. അതു പിള്ളയിൽ കലിപ്പുണ്ടാക്കി. പതിവു താക്കീത് ഉടൻ കൊടുത്തു. “എടാ മോഹനാ. നീയെന്നെ ആക്കണപോലെ ചിരിച്ചാണ്ടല്ലാ. മെമ്പറാന്നൊന്നും നോക്കില്ല, കാച്ചിക്കളയും ഞാൻ“

പിള്ളയുടെ വീടിന്റെ പൂമുഖത്തു തൂങ്ങുന്ന ഇരട്ടക്കുഴൽ തോക്ക് മെമ്പറുടെ മനസ്സിൽ തെളിഞ്ഞു. അദ്ദേഹം രഹസ്യത്തിന്റെ മറനീക്കി. “നായരേ. അനീനെ ഞാൻ കണ്ടത് ഒരു ഉച്ചപ്പടത്തിന്റെ ക്യൂവിലാ”

നീലപ്പടങ്ങൾ കാണുന്നതു പലവിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കള്‍ക്കു ഇഷ്ടമല്ല എന്ന പൊതുധാരണ പിള്ളക്കും ബാധകമാണെന്നു കരുതിയ മെമ്പർ പിള്ളയില്‍‌നിന്നു പ്രതീക്ഷിച്ചത് കടുത്ത പ്രതികരണമായിരുന്നു. എന്നാൽ പിള്ള ചിരിക്കുകയാണുണ്ടായത്. കലിപ്പെല്ലാം പമ്പകടന്നു.

“ഹഹഹ. ഇതാണൊ നീ പറയാൻ വന്നെ. ഞാങ്കരുതി...” പിള്ള മോഹനന്റെ തോളിൽ കയ്യിട്ടു ലോഗ്യം ഭാവിച്ചു. “മോഹനാ... ഒരു മനുഷ്യനിണ്ടാവണ്ട മൂന്നു ഗുണങ്ങളാടാ സാമാന്യബോധം, വെശപ്പ്, പിന്നെ കാമം. അല്ലേ?”

മെമ്പർ മൌനം പാലിച്ചു. പിള്ള സ്വതസിദ്ധമായ ശൈലിയിൽ ചോദ്യം ആവര്‍ത്തിച്ചു. “നീ പറേടാ. അല്ലേന്ന്?”

മോഹനന്‍ അനുകൂലഭാവത്തിൽ തലകുലുക്കിയപ്പോൾ പിള്ള രണ്ടുകൈകളും വിലങ്ങനെ വീശി ഇനിയൊരു വാദമില്ല എന്നമട്ടിൽ തീര്‍പ്പുകല്‍പ്പിച്ചു. “മൂന്നാമത് പറഞ്ഞത് അനിക്കിത്തിരി ജാസ്ത്യാ മോഹനാ. ഹഹഹഹ”

അഞ്ചുവര്‍ഷം തിരുവനന്തപുരത്തു ഉച്ചപ്പടങ്ങൾ കണ്ടും സ്റ്റാച്ച്യുജംങ്ഷനിലെ മലയാളിമങ്കമാരെ കണ്ണെറിഞ്ഞും കാലംകഴിച്ച അനിൽ‌പിള്ള എന്ന പിള്ളേച്ചൻ പഠനത്തിനൊടുവിൽ അഭിഭാഷകപട്ടം എങ്ങിനെയോ തരപ്പെടുത്തിയെടുത്തു. തുടര്‍ന്നു സാത്വികമായ സേവനത്തിനു പകരം പ്രഗല്‍ഭനായത് ‘എങ്ങിനെ കേസുകൾ സ്വയം ഉണ്ടാക്കി വാദിക്കാം‘, ‘ഒരു മാസംകൊണ്ടു തീര്‍ക്കാവുന്ന കേസ് ഒരുകൊല്ലം ദീര്‍ഘിപ്പിക്കുന്നതിന്റെ കാണാപ്പുറങ്ങൾ എന്തൊക്കെ‘, ‘കക്ഷികളുടെ കയ്യിൽനിന്നു ഫീസ് സമ്മര്‍ദ്ദം ചെലുത്തി വാങ്ങുവാനുള്ള നൂതനതന്ത്രങ്ങൾ എന്തെല്ലാം‘ എന്നീ വിഭാഗങ്ങളിലാണ്.

എൽ‌എല്‍ബി എടുത്തു ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ പ്രക്ടീസ് തുടങ്ങിയ പിള്ളേച്ചനു ആദ്യംകിട്ടിയ കേസ് പൂവാലശല്യവുമായി ബന്ധപ്പെട്ടതായിരുന്നു. ചെറുവാളൂരിലെ ഗിരിബാബുവിനെ മാള പോലീസ് അന്നമനടയില്‍നിന്നു പൊക്കിയപ്പോൾ ആശാന്‍കുട്ടി മുഖേന ആ കേസ് പിള്ളേച്ചനു മുന്നിലെത്തി. പ്രസ്തുതസംഭവം ആശാൻ അറിയുന്നത് വാളൂർ സ്കൂള്‍ഗ്രൌണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടയിലാണ്.

“എനിക്കെതിരെ പൂവാലശല്യത്തിനു കൊരട്ടി പോലീസ് കേസെടുത്തെടാ ആശാനേ”

അരിയമ്പുറത്തുകാരയായ ഗിരീശന്‍ എന്ന ഗിരിബാബു നിരാശയോടെ വിഷയം അവതരിപ്പിച്ചപ്പോൾ ആശാൻ പിഷാരത്ത് അമ്പലത്തിലെ കൃഷ്ണനു സ്തുതിപറഞ്ഞു. “ഇന്യെങ്കിലും നീ നന്നാവ് ഗിരീ”

“അതിനു ഞാനൊന്നും ചെയ്തില്ലടാ. ഒരുത്തി വന്നപ്പോ അന്നു നിന്റെ കടമിഴി ഇത്ര ചുവന്നിട്ടില്ലായിരുന്നു എന്ന പാട്ടുപാടി തല ഈരി. ഇതിനാ കേസ്”

ആശാന്‍ അല്‍ഭുതപ്പെട്ടു. “ഇത്ര്യൊള്ളൂ?”

“അതേന്ന്. പിന്നെ ഞാനീ കേസ് പിള്ളേച്ചനെ ഏല്പിച്ചാലോന്ന് ആലോചിക്കാ. എന്താ നിന്റെ അഭിപ്രായം“

ആശാനും അതു ശരിവച്ചു. “പുള്ളി ഈവക കേസുകളീ ഒരു എക്സ്പർട്ടാടാ ഗിരീ. നീ ഊമയാന്നോ മറ്റോ സ്ഥാപിച്ച് പുള്ളി ഊരിയെടുക്കും”

ഗിരിബാബുവിനെ പൂവാലൻ‌കേസിൽനിന്നു രക്ഷപ്പെടുത്തി ഒരുമാസം കഴിയുംമുമ്പ് പിള്ളേച്ചനു വേറെ നാലുകേസുകൾ കിട്ടി. അതിലും കത്തിക്കയറിയ പിള്ളേച്ചനെ പക്ഷേ, അഞ്ചാമത്തെ കിഡ്നാപ്പിങ്ങ് കേസ് ദീർഘമായൊരു വനവാസത്തിലേക്കു നയിച്ചു. അന്നു കോടതിയിലുണ്ടായിരുന്ന ആശാൻ‌കുട്ടി ഓര്‍മയില്‍‌നിന്നു സംഭവങ്ങൾ ചികഞ്ഞെടുത്തു.

“കേസ് വാദിക്കണ അന്ന് പിള്ളേച്ചൻ കണികണ്ടത് എന്ന്യാന്നാ പുള്ളി പറേണെ. പക്ഷേ ആള് ഗേറ്റുതൊറന്ന് വരുമ്പോ ബൈജു വേലീടെ സൈഡീ കുന്തിച്ചിരുന്നു മൂത്രൊഴിക്കണ്ടായിരുന്നൂന്നൊള്ളതാ സത്യം”

“ഏത് ബൈജ്വാ ആശാനേ?”

“നമ്മടെ കല്യാണി”

കേൾവി‌ക്കാരിലൊരാൾ നെറ്റിയിൽ കൈവച്ചു പരിതപിച്ചു. “ഓ എന്നാപ്പിന്നെ കോടതീ പോവാണ്ടിരിക്കണതായിരുന്നു നല്ലത്“

ആദ്യം പ്രൊസിക്യൂഷന്റെ ഊഴമായിരുന്നു. കേസിനു തുമ്പുകളൊന്നുമില്ലെന്നും അതുകൊണ്ടുതന്നെ തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്നും വക്കീൽ വാദിച്ചു. പെണ്‍കുട്ടിയുടെ ഭാവനയിലുണര്‍ന്ന വങ്കത്തമാണു കിഡ്‌നാപ്പിങ്ങെന്നും അതിനാൽ കേസ് എത്രയും പെട്ടെന്നു അവസാനിപ്പിക്കാൻ കോടതി അനുമതിനല്‍കണമെന്നും കൂടി പറഞ്ഞു അദ്ദേഹം കസേരയിൽ ഉപവിഷ്ഠനായി. തുടർന്നു പിള്ളേച്ചൻ എഴുന്നേറ്റു. കാണികളുടെ ഭാഗത്തുണ്ടായിരുന്ന ആശാൻ‌കുട്ടി ശിവപ്രസാദിനു നേരെ ‘കാണാന്‍ പോണപൂരം നീ കണ്ടോ ശിവാ‘ എന്നു ദ്യോതിപ്പിക്കുന്ന കൊലച്ചിരി പാസാക്കി. കറുത്തകോട്ട് ആട്ടിക്കുലുക്കി വാദം ആരംഭിക്കാന്‍ തയ്യാറെടുത്തു. ആമുഖമായി മജി‌സ്ട്രേറ്റിനെ അഭിസംബോധന ചെയ്തു.

“മൈ ഡിയർ യുവറോണർ...”

തുടര്‍ന്നു തെല്ലിട നിര്‍ത്തി ആശാൻ‌കുട്ടിയിരിക്കുന്ന ഭാഗത്തേക്കു വീണ്ടും നോക്കി. കണ്ണിറുക്കി. ആശാനു മനസ്സിലായി. മജിസ്‌ട്രേറ്റിനെ കയ്യിലെടുക്കാനുള്ള നമ്പറാണ്!.

പിള്ളേച്ചനോടു കോടതി ആരാഞ്ഞു. “മിസ്റ്റർ അനില്‍‌കുമാർ. ഈ കേസിൽ ആരേയും പ്രതിയാക്കാൻ തുമ്പുകളില്ല എന്നാണു പ്രൊസിക്യൂഷന്റെ വാദം. താങ്കളിതിനെ എങ്ങിനെ നോക്കിക്കാണുന്നു?”

മേശയിൽ കൈത്തലം അടിച്ചു ശബ്ദമുണ്ടാക്കി പിള്ളേച്ചൻ നിഷേധാര്‍ത്ഥത്തിൽ തലയാട്ടി. “യുവറോണർ. തെളിവുകൾ ഇല്ലായെന്ന വാദം തികച്ചും തെറ്റാണ്. ഇന്ത്യാഗവണ്മെന്റിനെ വരെ അട്ടിമറിക്കാൻ പറ്റുന്ന സമൂഹത്തിലെ വമ്പന്മാർ ഇടപെട്ടിരിക്കുന്നതുകൊണ്ടാണ് തെളിവുകളില്ലാ എന്ന തീരുമാനത്തിൽ പ്രൊസിക്യൂഷന്‍ എത്തിയിരിക്കുന്നത്. പക്ഷേ തുമ്പുണ്ടെന്നു മനസ്സിലാക്കാൻ വെറും സാമാന്യബുദ്ധി മാത്രമേ ഇവിടെ പ്രയോഗിക്കേണ്ടതായുള്ളൂ“

പിള്ളേച്ചന്റെ കയ്യിൽ തെളിവുണ്ടെന്നു മനസ്സിലായ ജഡ്ജി കസേരയിൽ മുന്നോട്ടാഞ്ഞു. “ടെൽ മി അനിൽ. വോട്ട് ക്ലൂ യു ഹാവ്”

പിള്ളേച്ചന്‍ ആശാന്‍‌കുട്ടിയെ നോക്കി വീണ്ടും കണ്ണിറുക്കി.

“യുവറോണർ... വളരെ സിമ്പിൾ ലോജിക് ഉപയോഗിച്ചു ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ ആര്‍ക്കുനേരെയാണ് സാഹചര്യങ്ങൾ വിരല്‍‌ചൂണ്ടുന്നതെന്ന്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ വന്നതു ടാറ്റാ സുമോയിലാണ്. അതുകൊണ്ടുതന്നെ ഈ കേസിൽ ടാറ്റാമോട്ടോര്‍സ് ഉടമസ്ഥനായ രത്തന്‍ ടാറ്റയെ പ്രതിചേര്‍ക്കണമെന്ന് ഞാൻ കോടതിയോടു അഭ്യര്‍ത്ഥിക്കുകയാണ്. ഇത്രയും ശക്തമായ തെളിവ് ബഹുമാനപ്പെട്ട കോടതി കണ്ടില്ലെന്ന് നടിക്കരുത്”

കോടതിഹാളാകെ ഒരുനിമിഷം നിശബ്ദതയിലാണ്ടു. ഒടുവിൽ നിശബ്ദത ഭേദിച്ചു ആശാൻ‌കുട്ടിയുടെ കുരവയിടൽ മുഴങ്ങി. അയ്യങ്കോവ് ക്ഷേത്രത്തിലെ ഉത്സവത്തിനു ശാസ്താവിന്റെ തിടമ്പ് ആനപ്പുറമേറുമ്പോൾ മുഴക്കാറുള്ള അതേ കുരവയിടൽ. രണ്ടുനിമിഷം പകച്ചുനിന്നെങ്കിലും സെക്യൂരിറ്റികൾ ഉടൻ ഇടപെട്ടു. ആശാനെ പിടിച്ചു പുറത്താക്കി.

പിള്ളേച്ചൻ കൊടുത്ത തെളിവ് കോടതിക്കു ബോധിച്ചില്ല. കിഡ്‌നാപ്പിങ്ങ് കേസ് എട്ടുനിലയിൽ പൊട്ടി. അതിനുശേഷം കഷ്ടകാലമായിരുന്നു. ഒരു പെറ്റിക്കേസുപോലും ഒരാളും അദ്ദേഹത്തെ ഏല്‍പ്പിച്ചില്ല. അഡ്വേക്കേറ്റ് അനില്‍പിള്ള എന്നത് ഇരുമ്പുഗേറ്റിന്റെ മൂലയിലൊതുങ്ങി തുരുമ്പിച്ചു കാലംപോയി. രണ്ടുവർഷത്തെ വരൾച്ച. അതിനുശേഷമാണ് പിള്ളേച്ചനെ വീണ്ടും പഴയ ഫോമിലേക്കെത്തിച്ച കേസ് വരുന്നത്. കക്കാടിൽ തരികിടകൾ ഒപ്പിക്കുന്നതിൽ അഗ്രഗണ്യനായ ബാബുട്ടനെ ഒരു വണ്ടിച്ചെക്ക് കേസില്‍നിന്നു അദ്ദേഹം അസാമാന്യ കരവിരുതോടെ, അതീവ നയചാതുരിയോടെ കഷ്ടിച്ചു രക്ഷപ്പെടുത്തി. ചാലക്കുടി കോടതിയിൽ പിള്ളേച്ചന്റെ കണിശതയാര്‍ന്ന വാദഗതികൾ ശ്രവിച്ചു ഞെട്ടിത്തരിച്ച മജിസ്ട്രേറ്റ് ആശ്ചര്യത്തോടെ കസേരയിൽനിന്നു ചാടിയെഴുന്നേറ്റ് അന്വേഷിച്ചത്രെ.

“ഹുവാർ യു ജന്റില്‍‌മാൻ!”

തിരിച്ചടികളിൽ പതറരുതെന്നു ചെറുപ്പത്തിലേ പഠിപ്പിച്ച അച്ഛനോടാണ് ഇത്തരം സന്ദർഭങ്ങളിൽ പിള്ളേച്ചൻ കടപ്പെട്ടിരിക്കുന്നത്. ഒപ്പം അയ്യങ്കോവ് ശാസ്താവിനോടും.
(തുടരും...)

Monday, August 3, 2009

ശങ്കരമ്മാൻ കാവ് - 3

ശ്രദ്ധിക്കുക: ശങ്കരമ്മാൻ കാവ് പാര്‍ട്ട് – 1, പാര്‍ട്ട് – 2 എന്നിവയുടെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.


ചാറ്റല്‍‌മഴ കനത്തുവരികയായിരുന്നു. തമ്പി ക്ഷേത്രകവാടത്തിലെ ഗേറ്റുചാടി അകത്തുകടന്നു. ശ്രീകോവിലിനു അടുത്തേക്കു നടക്കുമ്പോൾ പൂച്ചയേക്കാളും വലിപ്പമുള്ള രണ്ടു പെരുച്ചാഴികൾ കുറുകെചാടി. തിരിഞ്ഞോടിയെങ്കിലും രണ്ടു നിമിഷത്തിനുള്ളിൽ തമ്പി കാര്യങ്ങൾ മനസ്സിലാക്കി ആശ്വസിച്ചു.

“ശവങ്ങൾ... ഏതുനേരോം ഈ പരിപാടി തന്നെ. മനുഷ്യനെ പേടിപ്പിച്ചളഞ്ഞു“

കാവിനു മുന്‍‌വശത്തു വലിയ ഒരു ആല്‍‌മരമുണ്ട്. ശങ്കരമ്മാന്റെ കാലം മുതലേ ഉള്ളതാണെന്നാണ് കേൾവി. ചെങ്കല്ലു‌കൊണ്ടു സമചതുരത്തിൽ ആല്‍ത്തറയും പണിതിട്ടുണ്ട്. തറക്കു നടുവിൽ, ആലിനു മുന്നിലായി രണ്ടടിപൊക്കവും അഗ്രഭാഗത്തു ജപിച്ചചരടുകൾ പരസ്പരം കൂട്ടിക്കെട്ടിയതുമായ ഒരു ശൂലം. മുമ്പു കണ്ടിട്ടുള്ള കാഴ്ചയായതിനാൽ തമ്പി ഭയന്നില്ല. മഴയിൽ അണഞ്ഞ ബീഡി കത്തിക്കാൻ തീപ്പെട്ടിയെടുത്തു. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തിൽ എരിയാൻ മടിച്ച ബീഡിക്കുറ്റി ചുണ്ടോടടുപ്പിച്ചു ശ്വാസം ആഞ്ഞുവലിക്കുമ്പോൾ നിശബ്ദതയിൽ ചില അപശബ്ദങ്ങൾ ഉയർന്നു. അവ തമ്പിയെ ജാഗരൂകനായി. അടുത്തെവിടെയോ ചുള്ളിക്കമ്പുകൾ ഒടിയുന്ന ശബ്ദം. നനഞ്ഞ കരിയിലകളിൽ ആരുടെയോ പാദങ്ങൾ പതിയുന്ന നേര്‍ത്ത ശബ്ദം.

തമ്പി അന്ധാളിച്ചു ചുറ്റും നോക്കി. സമീപത്തെങ്ങും ഒരു ജീവിയുമില്ല. എങ്ങും ഇരുട്ടുമാത്രം. രാവിന്റെ നിശബ്ദതയെ അലസോരപ്പെടുത്തി കവലയിൽ കെ‌എസ്‌ഇ‌ബിയുടെ ട്രാന്‍സ്‌ഫോമർ പതുക്കെ മൂളിക്കൊണ്ടിരുന്നു. അനുനിമിഷം ഉയര്‍ന്ന ടെന്‍ഷന്റെ വേലിയേറ്റത്തിൽ ചുണ്ടിലെരിയുന്ന ബീഡി തമ്പി വലിച്ചെറിഞ്ഞു. ആല്‍ത്തറക്കു സമീപം രണ്ടുചാൽ ഉലാര്‍ത്തി. ഏഴിലം‌പാലച്ചുവട്ടിലെ കരിപിടിച്ച ഓട്ടുവിളക്ക് കണ്ണില്‍‌പെട്ടു. കാലാകാലങ്ങളായി കറുത്തവാവുകളിൽ മാത്രം ഏഴുതിരിയിട്ടു കത്തിക്കാറുള്ള നിലവിളക്ക്. അതിനുചുറ്റും ഇരുട്ടിന്റെ കട്ടി ആവരണം. കറുത്തവാവായിട്ടും വിളക്കു കത്തിക്കാത്തതിൽ തമ്പി ആശ്ചര്യപ്പെട്ടു. പടമാൻ‌വീട്ടുകാർക്കു ശ്രദ്ധയില്ലെന്നു കുറ്റപ്പെടുത്തി. അതിനൊപ്പം മനസ്സിൽ ചില തിരിച്ചറിവുകളും ഉണ്ടായി. അവ കക്കാടിന്റെ എത്തീസ്റ്റിനെ നടുക്കി. വിളക്ക് കത്തിച്ചിട്ടില്ലെങ്കിൽ അതിനര്‍ത്ഥം ഇന്നു പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനം സ്വതന്ത്രയാണു എന്നാണ്.

തമ്പിയുടെ നെറ്റിയിൽ വിയര്‍പ്പുകണങ്ങൾ ഉരുണ്ടുകൂടി. അതെ. കൊരട്ടിപ്പള്ളി സെമിത്തേരിയിൽ ഏഴുദിവസം തുടര്‍ച്ചയായി അന്തിയുറങ്ങി കൊലകൊമ്പൻ പ്രേതങ്ങളെ വെല്ലുവിളിച്ച ചെറാലക്കുന്നിന്റെ തമ്പി ഭയന്നിരിക്കുന്നു. കാതിക്കുടം ഇടമറുക് എം.സി.ഗോപിയുടെ വത്സലശിഷ്യനു പ്രേതഭയം. എന്താ കഥ.

അച്ഛനും ശേഖരൻ വെളിച്ചപ്പാടും ഒന്നിക്കുമ്പോൾ ശങ്കരമ്മാൻ കാവിനേയും അന്തര്‍ജ്ജനത്തേയും പറ്റി പറയാറുള്ള പഴയകാല സംഭവങ്ങൾ തമ്പിയുടെ മനോമുകുരത്തിൽ തെളിഞ്ഞു. അന്തര്‍ജ്ജനം കണ്ണാമ്പലത്തുവീട്ടിൽ പുരുഷുച്ചേട്ടനെ മോഹിച്ചതും അദ്ദേഹത്തെ ശാസ്താവ് കാത്തതുമെല്ലാം പലതവണ കേട്ടിട്ടുണ്ട്. തമ്പിക്കു അത്തരം പഴങ്കഥകളിൽ വിശ്വാസമില്ല. ഇവയെല്ലാം സംഭവിച്ചത് വളരെക്കാലം മുമ്പാണ്. നാട്ടിലാണെങ്കിൽ കേട്ടുകേഴ്വികളുടെ ചാകരയും. അന്തർജ്ജനമെന്ന മിത്തും അത്തരത്തിലുള്ള ഒന്നാണെന്നാണ് വാസുട്ടന്റേയും അഭിപ്രായം. പക്ഷേ ഇപ്പോൾ മനസ്സിലൊരു സന്ദേഹം. അത്തരം കേട്ടുകേഴ്‌വികൾ സത്യമാണെന്നു സാഹചര്യങ്ങൾ തോന്നിപ്പിക്കുന്നു. തമ്പി കുഴങ്ങി. മനസ്സിനു ലാഘവത്വം വരുത്താനായി മഴവെള്ളം രണ്ടിറക്കു കുടിച്ചു. പ്രണയിനിയുടെ ഓര്‍മകളെ വീണ്ടും താലോലിച്ചു.

“അക്കരെയാണെന്റെ മാനസം...”
“ഇക്കരെയാണെന്റെ താമസം...”

രണ്ടുവരികൾ പാടി നിര്‍ത്തി. കാറ്റിൽ ഞെട്ടറ്റുവീണ, അരുകിൽ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ച ഒരു പാലപ്പൂ കുനിഞ്ഞെടുത്തു വാസനിച്ചു. “എന്തൊരു മണാ ഇതിന്. ആന്റൂനോട് ഷാപ്പീ കൊറച്ച് പൂവ് കൊണ്ടുവക്കാൻ പറേണം. കള്ളിന്റെ നാറ്റം പോയിക്കിട്ടും”

തമ്പി ശ്വാസം ആഞ്ഞുവലിച്ചു. പാലപ്പൂവിന്റെ സുഗന്ധം നുകര്‍ന്നു. കണ്ണുകൾ പാതിയടഞ്ഞു. അതേനിമിഷം തന്നെ തമ്പിയുടെമേൽ ഒരു സ്ത്രീയുടെ നിഴൽ പതിഞ്ഞു. ചീവീടുകളുടെ കാറലുകളും വൃക്ഷത്തലപ്പുകളുടെ ചാഞ്ചാട്ടങ്ങളും പൊടുന്നനെ നിലച്ചു. മഴയുടെ നേര്‍ത്ത ഇരമ്പലിനെ ഭജ്ഞിച്ചു അകലങ്ങളിൽ ഒരു തെരുവുനായ മോങ്ങി. പ്രകൃതിയുടെ ഭാവമാറ്റം മനസ്സിലാക്കി തമ്പി കണ്ണുതുറന്നു. ഓസീന്‍ കമ്പനിയില്‍നിന്നു വരുന്ന മങ്ങിയവെളിച്ചത്തിൽ പൊട്ടക്കിണറും, ഭീമാകാരം പൂണ്ടുനില്‍ക്കുന്ന ഏഴിലം‌പാലയും കണ്‍‌മുന്നിൽ തെളിഞ്ഞു. എത്തീസ്റ്റിന്റെ ഉള്ളംകിടുങ്ങി. മഴവെള്ളം ഒലിക്കുന്ന മുഖം വലതുകൈയാൽ അമര്‍ത്തിത്തുടച്ചു ഏഴിലം‌പാലയെ ഇമചിമ്മാതെ നോക്കി. മൈതാനത്തിനു നടുവിൽ പ്രൌഢിയോടെ നില്‍ക്കുന്ന ഏഴുതട്ടുകൾ. ഇടതടവില്ലാതെ പൂത്തുനില്‍ക്കുന്ന ഏഴുനിലകൾ. അവയുടെ ചുവട്ടിൽ വെള്ളനേര്യതുടുത്ത ഒരു സ്ത്രീരൂപം!

ഏതു പുരുഷനേയും മത്തുപിടിപ്പിക്കാന്‍ പര്യാപ്തമായ വന്യസൌന്ദര്യം ആ സ്ത്രീരൂപത്തിനുണ്ടായിരുന്നു. തമ്പി അമ്പരന്നുനില്‍ക്കെ പാലച്ചുവട്ടിലെ സ്ത്രീരൂപം വായുവിലൂടെ ഒഴുകിയൊഴുകി അരികിലെത്തി. മഴ നനഞ്ഞു നില്‍ക്കുന്ന ദൃഢഗാത്രനെ നോക്കി മധുരതരമായി ചോദിച്ചു.

“എന്തേ എനിക്ക് വിളക്കുവച്ചില്ല?”

തമ്പി ചോദ്യം ശ്രദ്ധിച്ചില്ല. മുന്നിൽ നില്‍ക്കുന്ന അപ്സരസിന്റെ കഞ്ചുകത്തിൽ ഒതുങ്ങാത്ത, വശങ്ങളിലേക്കു തള്ളിനില്‍ക്കുന്ന സ്തനങ്ങളിൽ മിഴിച്ചുനോക്കി. മാറത്തെ സ്ഥാനം‌തെറ്റിയ നേര്യത് അലക്ഷ്യമായി നേരെയിട്ടു സ്ത്രീരൂപം വീണ്ടും ചോദിച്ചു.

“എന്നെ മനസ്സിലായില്ലാ?”

തമ്പി ഇല്ലെന്ന അർത്ഥത്തിൽ തലയനക്കി. സ്ത്രീരൂപം അരക്കെട്ട് മാദകമായി ഇളക്കി പിന്തിരിഞ്ഞു നടന്നു. പാലച്ചുവട്ടിലെ ഓട്ടുവിളക്കിനുനേരെ മാന്ത്രികയെപ്പോലെ കൈവീശി. വലതുകയ്യിലെ ചൂണ്ടുവിരലില്‍നിന്നു ഉല്‍ഭവിച്ച ഒരു മിന്നല്‍‌പിണരിൽ പാലച്ചുവട്ടിലെ എണ്ണവറ്റിയ നിലവിളക്ക് ദീപപ്രഭയാൽ അലം‌കൃതമായി. ചുവന്നപ്രകാശം വാരിവിതറി ഏഴുതിരികൾ എരിഞ്ഞു. വിശ്വാസപ്രമാണങ്ങൾ തോല്‍‌വി സമ്മതിച്ചു. തമ്പിക്കു എല്ലാം വ്യക്തമായി.

“പൊട്ടക്കിണറിലെ അന്തര്‍ജ്ജനം!”

അനുഷ്ഠാനഭംഗം നടത്തിയിട്ടും ഭാവഭേദമില്ലാത്ത അന്തര്‍ജ്ജനത്തിന്റെ മുഖത്തു തമ്പി അല്‍ഭുതത്തോടെ നോക്കിനിന്നു. ക്രൌര്യമില്ലാത്ത സുന്ദരമായ മുഖം. അച്ഛന്റേയും വെളിച്ചപ്പാടിന്റേയും സംഭാഷണങ്ങളിൽ നിറയാറുള്ള സംഹാരരുദ്രയായ യക്ഷിയല്ല ഇത്. മറിച്ചു സൌന്ദര്യത്തിന്റെ, വശീകരണശക്തിയുടെ നിറകുടമായ ഏതോ യുവതി. എന്തുചെയ്യണമെന്നറിയാതെ തമ്പി പരുങ്ങി. അപ്പോൾ ശങ്കരമ്മാൻ‌കാവിലെ ശ്രീകോവിലിൽ നിന്നു ഒരു ഉടുക്കുപാട്ടിന്റെ ശീലുകൾ ഉയർന്നു.

“ഹരിശ്രീ എന്നരുൾ ചെയ്‌ത...”
“ഗുരുവിനെ സ്മരിച്ചു ഞാൻ...”

ശാസ്‌താം‌ പാട്ടിന്റെ ശീലുകൾ. അവ അന്തരീക്ഷത്തിൽ കലർന്നു. സൌ‌മ്യയായ യക്ഷി പൊട്ടക്കിണറിനു നേരെ നടന്നു. പാലച്ചുവട്ടിലെത്തി, പാട്ടിൽ ലയിച്ചു കണ്ണടച്ചുനിൽക്കുന്ന, തമ്പിയെ നോക്കി മന്ദഹസിച്ചു. ഏഴിലം‌പാലയിൽ വിലയം പ്രാപിച്ചു. ശങ്കരമ്മാൻകാവ് പരിസരത്തുനിന്നു പാലപ്പൂമണം പതുക്കെ വിട്ടൊഴിഞ്ഞു. ഉടുക്കുവാദനവും ക്രമേണ നേർത്തുവന്നു. അതിന്റെ അലയൊലികൾ തീർത്തും നിലച്ചപ്പോൾ തമ്പി കണ്ണുതുറന്നു. നടന്നതെല്ലാം സത്യമോ മിഥ്യയോ എന്നറിയാതെ കുഴങ്ങി. മുന്നിൽ അന്തര്‍ജ്ജനമില്ല. പാലച്ചുവട്ടിൽ ഏഴുതിരിയിട്ട നിലവിളക്കുമില്ല. കനത്തഇരുട്ടും ഇടമുറിയാതെ‌ പെയ്യുന്ന മഴയും മാത്രം. മനസ്സിലെ സംശയങ്ങൾ നിലനിര്‍ത്തി കാല്‍‌ച്ചുവട്ടിൽ ഏതാനും പാലപ്പൂക്കൾ മഴനനഞ്ഞു അപ്പോഴും കിടന്നിരുന്നു. എല്ലാം സ്വപ്നമാണെന്നു സ്വയം വിശ്വസിപ്പിച്ചു തമ്പി ശങ്കരമ്മാൻ‌ കാവിനോട് വിടപറഞ്ഞു. ഗേറ്റു തുറന്നു മൂന്നുകൈവഴികളുള്ള കവലയിലെത്തി. പൂത്തുനില്‍ക്കുന്ന ഏഴിലം‌പാലയെ തെല്ലും ഗൌനിക്കാതെ നടന്നുമറയുമ്പോൾ ഏഴിലം‌പാലയുടെ ചുവട്ടിൽ തമ്പിയെ സാകൂതംനോക്കി നേര്യതുടുത്തു ഒരു സ്ത്രീരൂപം അപ്പോഴും നിന്നിരുന്നു!


പിറ്റേന്നു വൈകീട്ടു മര്യദാമുക്കിലെത്തിയ തമ്പിയെകണ്ടു വാസുട്ടൻ അമ്പരന്നു. നെറ്റിയിൽ നീളത്തിലൊരു ചന്ദനക്കുറി. വലതുകൈത്തണ്ടയിൽ മന്ത്രിച്ചൂതിയ ചുവന്ന ചരട്. ചെവികള്‍ക്കിടയിൽ അമ്പലത്തിലെ പൂജാപുഷ്പങ്ങൾ. വാസുട്ടന്റെ നിയന്ത്രണം പോയി.

“തമ്പ്യേയ്... എന്തൂട്ടാ ഞാനീ കാണണെ?”

തമ്പി മൌനം പാലിച്ചു.

“എന്താടാ നിനക്ക് പറ്റ്യെ?”

വാസുട്ടനെ ഒരു മൂലയിലേക്കു നീക്കിനിര്‍ത്തി തമ്പി കാര്യങ്ങൾ ചുരുക്കത്തിൽ അറിയിച്ചു. എല്ലാം ഗൌരവത്തോടെ ശ്രദ്ധിച്ച വാസുട്ടൻ അന്തര്‍ജ്ജനത്തെപ്പറ്റി കേട്ടപ്പോൾ അലറിച്ചിരിച്ചു. “ഹഹഹ. പൊട്ടക്കിണറിലെ അന്തര്‍ജ്ജനം ഒരു മിത്താടാ തമ്പീ. സത്യത്തീ അങ്ങനൊരാളില്ല“

വാസുട്ടനെ അടിമുടി ചുഴിഞ്ഞുനോക്കി തമ്പി പുശ്ചത്തിൽ ചിരിച്ചു. “ആശാന്‍ ഒന്നുപോയേ”
 


കൌമാരകാലത്തു യുക്തിചിന്തയുടെ ആശാന്‍‌മാരായിരുന്ന തമ്പിയും വാസുട്ടനും ഇന്നു സന്ദേഹികളായി എല്ലാ ആക്ഷനുകളിൽനിന്നും ഒഴിഞ്ഞുനില്‍ക്കുന്നു. എങ്കിലും ചില തിരുശേഷിപ്പുകൾ മനസ്സിന്റെ ആളൊഴിഞ്ഞ കോണിൽ വീണ്ടും ജ്വലിച്ചുയരാൻ അവസരംകാത്തു കനല്‍മൂടിക്കിടപ്പുണ്ട്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ കളം‌മാറ്റിച്ചവിട്ടിയിട്ടും കാതിക്കുടത്തു ഇന്നും എത്തീസ്റ്റ് എന്നതിന്റെ പര്യായം എം.സി.ഗോപി എന്നാണ്. അദ്ദേഹത്തിനു എന്റെ അഭിവാദ്യങ്ങൾ.

Wednesday, July 8, 2009

ശങ്കരമ്മാൻ കാവ് - 2

ശ്രദ്ധിക്കുക: ‘ശങ്കരമ്മാൻ കാവ് - 1‘ എന്ന മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.


“എന്റെ കൊക്കിന് ജീവനൊള്ളപ്പോ ഇത് നടക്കില്ല”

മര്യാദാമുക്കിലിരുന്നു ലോകകാര്യങ്ങൾ സംസാരിക്കുകയായിരുന്ന മര്യാദക്കാരോടു തമ്പി കട്ടായംപറഞ്ഞു. പിള്ളേച്ചൻ ഉപദേശിച്ചു. “തമ്പീ നീ ആവശ്യല്ലാത്ത കാര്യങ്ങൾക്ക് പോണ്ട. അവര്ടെ അമ്പലത്തീ പൂജ നടത്തണേന് നിനക്കെന്താ ചേതം?“

“ഹ അനിച്ചേട്ടനെന്താ ഇങ്ങനെ പറേണെ. ഇമ്മാതിരി പ്രവൃത്തികൾ നാട്ടാരെ കൂടുതൽ അന്ധവിശ്വാസങ്ങളിലേക്കാ നയിക്കാ”

“ഓ അന്ധവിശ്വാസം... നിന്നെപ്പോലെ ഒരു എത്തീസ്റ്റല്ലേ ലാസർ ചേട്ടന്‍. എന്നട്ട് ആള്‍ടെ പുതിയവീടു വെഞ്ചരിച്ചത് നീയറിഞ്ഞില്ലേ”

“അതാ അത് ഭാര്യേടെ നിര്‍ബന്ധം. അല്ലാണ്ട്...”

തമ്പി പിള്ളേച്ചന്റെ വാദങ്ങളോടു പിടിച്ചുനില്‍ക്കാൻ ശ്രമിച്ചു. അതിൽ വിജയിച്ചില്ലെങ്കിലും പറഞ്ഞ വാക്കില്‍നിന്നു പിന്നോക്കം പോയില്ല. നിരീശ്വരവാദ കാമ്പയിനുകളിൽ സജീവമായി പങ്കെടുത്തവരിൽ പലരും കാലക്രമത്തിൽ കാല്‍മാറ്റി ചവിട്ടിയപ്പോൾ തമ്പി അക്രമാസക്തനുമായി.

വൈകീട്ട് അമ്പലത്തിലേക്കു പോവുകയായിരുന്ന, കക്കാടിലെ പഴയ തലമൂത്ത നിരീശ്വരവാദിയും ഇപ്പോൾ കറകളഞ്ഞ വിശ്വാസിയുമായ, കൈപ്പുഴവീട്ടിൽ ജനാർദ്ദനനെ മര്യാദാമുക്കില്‍‌വച്ചു തമ്പി തടഞ്ഞു. കള്ളിമുണ്ട് കയറ്റിക്കുത്തി മുഖത്തോടു സ്വന്തം മുഖം അടുപ്പിച്ചു. “ജനഞ്ചേട്ടൻ അപ്പോ എന്നോട് വാക്കുപറഞ്ഞതൊക്കെ മറന്നൂല്ലേ”

ജനാർദ്ദനൻ എല്ലാ കാര്യങ്ങളിലും അജ്ഞതനടിച്ചു. “എന്തിനെപ്പറ്റ്യാ തമ്പി നീ പറേണെ. എനിക്കൊന്നും മനസ്സിലാവണില്ലാ“

“മനസ്സിലാവണില്ലാലേ. മനസ്സിലാക്കിത്തരാം. ജനഞ്ചേട്ടന് അമ്പലക്കൊളത്തിന്റെ പടീല്‌വച്ചു ഞാൻ കോവൂരണ്ണനേം യുക്തിവാദത്തെപ്പറ്റീം ക്ലാസെടുത്തത് ഓർമേല്ല്യെ?”

ജനാർദ്ദനൻ പരിഹസിച്ചു. “ഹഹഹ. കോവൂരാ അതാരപ്പാ?”

യാതൊരു മയവുമില്ലാത്ത നിഷേധം. തമ്പി മുരണ്ടു. ജനാർദ്ദനൻ അതു ഗൌനിച്ചില്ല. “നാളെ ഭദ്രകാളിക്ക് ഗുരുതി വഴിപാട്ണ്ടെന്ന് അച്ഛനോട് പറഞ്ഞേക്ക്. കാലത്തു ആറിന്‌തന്നെ അമ്പലത്തിലെത്തണം”

“ഊതണ്ട ചേട്ടാ. ഊതണ്ട. എല്ലാത്തിനേം ഞാന്‍ കാണിച്ച് തരണ്ട്. കൊറച്ച് നാളൂട്യൊന്ന് കഴിഞ്ഞോട്ടെ”

തമ്പിയുടെ മനസ്സുനിറയെ കാലുഷ്യമായിരുന്നു. ആരെതിര്‍ത്താലും ഉത്സവപരിപാടികൾ തടയുമെന്ന ദൃഢനിശ്ചയമായിരുന്നു. ആദ്യം കാര്യങ്ങൾ നേരായ രീതിയില്‍തന്നെ നീക്കി. എങ്കിലും ഉത്സവാഘോഷങ്ങൾ സമ്പൂര്‍ണമായി പൊളിക്കാനുള്ള മുന്‍‌തീരുമാനം മാറ്റിവക്കാൻ തമ്പി നിര്‍ബന്ധിതനായ കുറച്ചു സംഭവങ്ങൾ പിന്നീടു അരങ്ങേറി. അതിനു വേദിയൊരുക്കിയതോ ശങ്കരമ്മാൻകാവ് പരിസരവും.

സംഭവം നടന്നതു ഒരു കറുത്തവാവ് ദിവസമാണ്. ശനിയുടെ വിളയാട്ടദിവസമായ കറുത്തവാവ്. ദിവസം മുഴുവൻ അപ്രതീക്ഷിതമായി തകർത്തുപെ‌യ്ത മഴ ഇടവേള കൊടുത്ത, ഈറനും ഇരുട്ടും സാന്നിധ്യമറിയിച്ച സന്ധ്യാസമയത്തു പടമാന്‍വീടിന്റെ പൂമുഖത്തു നാമജപത്തിൽ മുഴുകിയിരുന്ന ഒരു അമ്മൂമ്മ ശങ്കരമ്മാൻ‌കാവിനു നേരെ എത്തിവലിഞ്ഞു നോക്കി. അവിടെ കണ്ടതു സിശ്വസിക്കാനാകാതെ നാമംചൊല്ലൽ നിര്‍ത്തി. മുറ്റത്തിറങ്ങി തുളസിത്തറക്കു സമീപം ചെന്നു പറമ്പിന്റെ വടക്കേമൂലയിലേക്കു വീണ്ടും നോട്ടമയച്ചു. ശങ്കരമ്മാൻ‌കാവിനു അടുത്തുള്ള ഏഴിലം‌പാലയുടെ ചുവട്ടിൽ കനത്തഇരുട്ട് മാത്രം. കാറ്റും മഴയുമേല്‍ക്കാതെ എല്ലാ കറുത്തവാവിനും വിളക്കുവക്കാൻ കൊല്ലൻ പണിതുകൊടുത്ത ചെറിയ ഓട്ടുകമാനത്തിനു കീഴിൽ വെളിച്ചത്തിന്റെ തരിപോലുമില്ല.

അമ്മൂമ്മ അങ്കലാപ്പിലായി. ഉമ്മറത്തിണ്ണയിൽ കെമിസ്ട്രിബുക്കിൽ തലപൂഴ്ത്തിയിരിക്കുന്ന കൊച്ചുമകളോടു അന്വേഷിച്ചു. “ദേവീ പാലച്ചോട്ടീ വെളക്ക് വച്ചില്ലേ?”

ശ്രീദേവി ഓര്‍മകളിൽ പരതി. കാവിൽ മാത്രമേ വിളക്കുവച്ചുള്ളൂ. പാലച്ചുവട്ടിലേക്കു പോകാന്‍ മറന്നു. “അയ്യോ അതു മറന്നു. ഞാനിപ്പോ പോവാം അമ്മമ്മേ”

ശ്രീദേവി വിളക്കെടുക്കാന്‍ അകത്തുകയറി. കത്തിച്ച വിളക്കുമായി വന്നപ്പോൾ അമ്മൂമ്മ വിലക്കി. “ഇനീപ്പോ ഈ ഇരുട്ടത്ത് അങ്ങട് പോണ്ട. വല്ല ഇഴജന്തുക്കളുംണ്ടാവും“

കൊല്ലങ്ങളായി തുടര്‍ന്നുവന്നിരുന്ന ഒരു അനുഷ്ഠാനം അവിടെ ലംഘിക്കപ്പെടുകയായിരുന്നു. പ്രകൃതിയുടെ വരുതിയിൽ നില്‍ക്കാത്ത ചില ശക്തികൾ അസ്വസ്ഥരായി. കറുത്തവാവുകളിൽ പാലച്ചുവട്ടിൽ തിരിവച്ചില്ലെങ്കിൽ പൊട്ടക്കിണറിന്റെ ആഴങ്ങളിൽ സമാധികൊള്ളുന്ന അന്തര്‍ജ്ജനം കോപിക്കുമെന്ന കണിയാന്‍ കൈമളിന്റെ താക്കീത് ശരിവച്ചുകൊണ്ടു, കിണറിന്റെ ആഴങ്ങളിൽ ഒരു പിശറന്‍കാറ്റ് രൂപംകൊണ്ടു. ആ കാറ്റിൽ കിണറിന്റെ വശങ്ങളിൽ വേരുപടര്‍ത്തി ഭീമാകാരം രൂപം‌പൂണ്ടു നില്‍ക്കുന്ന ഏഴിലംപാലയാകെ അടിമുടി പൂത്തുലഞ്ഞു. കാവിൽ കത്തിച്ചുവച്ച വിളക്കുകൾ വീശിയടിച്ച കാറ്റിൽ അണഞ്ഞു. തന്റെ വാക്കു സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ഒന്നും അമ്മൂമ്മ അറിഞ്ഞില്ല, അനുഭവിച്ചുമില്ല. അതിനുവേണ്ടി വിധി നീക്കിവച്ചത് കക്കാടിന്റെ തീരദേശംപാടത്തുള്ള ആന്റണിയുടെ ഷാപ്പിലിരുന്നു കള്ളുമോന്തുന്ന ഒരുവനെയായിരുന്നു.

സമയം പിന്നേയും ഇഴഞ്ഞുനീങ്ങി. സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ അന്തരീക്ഷം ശാന്തമായിരുന്നു. പക്ഷേ പുല്ലാനിത്തോട്ടിലെ കൈതപ്പൊന്തകളിലും തീരദേശം‌പാടത്തെ വരമ്പുകളിലും ഇരുട്ട് വേരുപിടിച്ചപ്പോൾ, ഹരിവരാസനം പാടി അയ്യങ്കോവ്‌ ക്ഷേത്രത്തിലെ ശ്രീകോവിൽ അടച്ചപ്പോൾ പൊട്ടക്കിണറിന്റെ അഗാധതയിൽ രൂപംകൊണ്ട പിശറന്‍കാറ്റ് സാവധാനം വന്യതയാര്‍ജ്ജിച്ചു വന്നു. തെങ്ങിന്‍‌തലപ്പുകളെ ആടിയുലച്ചു രൌദ്രഭാവം പൂണ്ട ആ കാറ്റിൽ ഏഴിലം‌പാല മാത്രം നിശ്ചലമായി നിന്നു. പാലപ്പൂവിന്റെ മാദകഗന്ധം എങ്ങും ഒഴുകിപ്പരന്നു. ഓസീന്‍‌കമ്പനിയുടെ സെക്യൂരിറ്റി റൂമിൽ രാത്രികാവലിരുന്ന രാജേന്ദ്രൻ പാലച്ചുവട്ടിൽ നേര്യതുടുത്തു പാദസരമണിഞ്ഞ സ്ത്രീരൂപം കണ്ടു ഞെട്ടിവിറച്ചു.

രാവ് പിന്നേയും കനത്തു. കാറ്റിനു അകമ്പടിയായി കനത്തമഴയും ആരംഭിച്ചതോടെ കക്കാട്ദേശമാകെ നിശബ്ദതയിലാണ്ടു. എങ്ങും ഒച്ചയില്ല. അനക്കമില്ല. തീരദേശം ഷാപ്പിലപ്പോൾ തമ്പിയും ദേവരാജനും വീശൽ കഴിച്ചു ഇറങ്ങുകയായിരുന്നു. തൈക്കൂട്ടം സെന്ററിനടുത്തു താമസിക്കുന്ന, മരം‌വെട്ട് തൊഴിലാക്കിയ ദേവരാജൻ പലകാര്യങ്ങളിലും തമ്പിയുടെ ഗുരുവാണ്. കൊമ്പന്‍ മീശ തടവി അദ്ദേഹം നിര്‍ദ്ദേശം വച്ചു.

“തമ്പ്യേ മഴ മാറൂന്ന് തോന്നണില്ല. നീയെന്റൂടെ തൈക്കൂട്ടത്തേക്ക് വാ. ഇന്ന് നമക്കവടെ കൂടാം“ ക്ഷണിച്ചശേഷം ഒന്നുകൂടി ഊന്നിപ്പറഞ്ഞു. “എന്തായാലും ഈരാത്രി നീ തന്നെപ്പോണ്ട”

തമ്പി സമ്മതിക്കില്ലെന്നു തോന്നിയതിനാൽ അദ്ദേഹം താക്കീതു ചെയ്തു. “ഇന്ന് കറുത്തവാവാട്ടാ. പടമാന്‍­വീട്ടാര്ടെ പറമ്പിന്റടുത്തെത്തുമ്പോ ഒന്ന് സൂക്ഷിച്ചോണം.  അന്തര്‍ജ്ജനത്തിന്റെ കാര്യം അറിയാലോ? അന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിനാന്നാ പുരുഷു കഴിഞ്ഞാഴ്ചേങ്കൂടി എന്നോട് പറഞ്ഞെ”

എത്തീസ്റ്റായ തമ്പി തലയറഞ്ഞു ചിരിച്ചു. “ആ‍ഹഹ. രാജഞ്ചേട്ടാ ഞാനൊരു ചോദ്യം ചോദിക്കാൻ പോവാ. ഉത്തരം പറയോ?”

“നീ ചോദിക്ക്”

ചിറിതുടച്ചു തമ്പി പതിവു ചോദ്യംകാച്ചി. “ദൈവംണ്ടാ?”

മറുപടി പറയാതെ ദേവരാജൻ യാത്രപറഞ്ഞു. വായിൽ വിളഞ്ഞ ഭരണിപ്പാട്ടുകൾ പാടി, ഓസീന്‍‌കമ്പനിക്കരുകിലെ നീണ്ട വിജനമായ റോഡിലൂടെ തമ്പിയും സാവധാനം നടന്നു. പ്രകൃതിയുടെ വിളി അസഹ്യമായപ്പോൾ റോഡരുകിൽ കുന്തിച്ചിരുന്നു പാടത്തേക്കു മൂത്രമൊഴിച്ചു. പാടത്തു കള്ളിന്റെ രൂക്ഷഗന്ധം പരന്നു. കുടിച്ച തമ്പിക്കുപോലും അറപ്പുതോന്നി.

“എന്തൂട്ട് നാറ്റാ ഇത്. ഞാന്‍ കുടിച്ചത് ഇതന്ന്യാണാ”

തുമ്പത്തുണ്ടായിരുന്ന അവസാനതുള്ളിയും തമ്പി അടിച്ചുതെറിപ്പിച്ചു. അറിയാവുന്ന ഇംഗ്ലീഷ് പരിജ്ഞാനം വിളമ്പി. “എന്തൊരു റിലാക്സ്. എന്തൊരു സാറ്റിസ്ഫാക്ഷൻ”

തമ്പിയുടെ മനസ്സിൽ പ്രത്യേകിച്ചു കാരണമില്ലാതെ ഉത്തര്‍പ്രദേശിലുള്ള പ്രണയിനിയുടെ സ്മരണകൾ തലപൊക്കി. തമ്മിൽ കണ്ടിട്ടു രണ്ടുവര്‍ഷം കഴിഞ്ഞു. അവളുടെ യൌവനം വെറുതെ പാഴായിപ്പോവുകയാണെന്നു ഓര്‍ത്തപ്പോൾ സങ്കടം സഹിക്കാനായില്ല.

“മാനസേശ്വരി മാപ്പു തരൂ...”
“മറക്കാന്‍ നിനക്ക് മടിയാണെങ്കിൽ മാപ്പുതരൂ...”

പാടശേഖരത്തിനു നടുവിലൂടെ നീണ്ടുപോകുന്നതാണ് തൈക്കൂട്ടത്തേയും കക്കാടിനേയും പരസ്പരം ബന്ധിപ്പിക്കുന്ന ടാര്‍‌റോഡ്. അതിന്റെ ഒരുവശത്തു തീരദേശംപാടമാണ്. മറുവശത്തു ഓസീന്‍ കമ്പനിയും. പകുതിയോളം വഴി പിന്നിട്ടപ്പോൾ തമ്പി അവശനായി. അടുത്തുകണ്ട കലുങ്കിലിരുന്നു. കൂര്‍ത്ത കരിങ്കൽ കഷണങ്ങൾ ഉന്തിനില്‍ക്കുന്ന ആ കലുങ്കും തമ്പിയുടെ മനസ്സിൽ സ്മരണകൾ ഉണര്‍ത്തി. രണ്ടുകൊല്ലം മുമ്പു വാസുട്ടനെ പാമ്പുകടിച്ചത് ഇവിടെ ഇരിക്കുമ്പോഴാണ്. തമ്പിയുടെ ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു. അറിയാതെ ചിലവാക്കുകൾ പുറത്തുചാടി.

“എന്നട്ട് എന്തൂട്ട് കോപ്പാ ഇണ്ടായേ. ആശാന്റെ ഒരുനേരത്തെ ഭക്ഷണം മൊടങ്ങി. അത്രന്നെ. പോരാഞ്ഞ് നാട്ടിലാകെ ഫേമസാവേം ചെയ്തു“

തമ്പി കലുങ്കിനു താഴേക്കു തുറിച്ചുനോക്കി. ഏതെങ്കിലും പാമ്പ് അവിടെ പതുങ്ങിനില്‍ക്കുന്നുണ്ടോ? കളിമണ്ണ് കലര്‍ന്ന ചെളിവെള്ളം കുതിച്ചൊഴുകുന്നതു മാത്രമേ തമ്പി കണ്ടുള്ളൂ. അതിലേക്കു കാര്‍ക്കിച്ചുതുപ്പി പിറുപിറുത്തു. “ആശാന്റൊരു ടൈം... അല്ലാണ്ടെന്താ”

അഞ്ചുമിനിറ്റ് കലുങ്കിൽ മഴനനഞ്ഞു, മലര്‍ന്നുകിടന്നു ക്ഷീണംമാറ്റിയ തമ്പി റോഡിന്റെ വീതിയളന്നു വീണ്ടും നടത്തം തുടര്‍ന്നു. പാമ്പുചിന്തകളില്‍നിന്നു മുക്തനാവാത്തതിനാൽ പാടാനും തുടങ്ങി.

“കൊണ്ട്രവടി… കൊണ്ട്രവടി“
“റോട്ടിലൊരു പാമ്പ്... (2)
“ചേരയല്ല മൂര്‍ഖനല്ല”
“ചേനത്തണ്ടന്‍ തന്നെ” (2)

നടത്തം അര‌മണിക്കൂറിലും കൂടുതൽ നീണ്ടു. ഒടുവിൽ ഓസീന്‍കമ്പനിക്കടുത്തു, മൂന്നുവഴികൾ സന്ധിക്കുന്ന കവലയിലെത്തിയപ്പോൾ സമയം പതിനൊന്നിനു അടുത്ത്. ചുറ്റിലും ഒറ്റ വിളക്കില്ല, വെളിച്ചമില്ല. എങ്ങും കൂരിരുട്ട്.

തമ്പി ആരെയെന്നില്ലാതെ ചീത്ത വിളിച്ചു. “എവനൊക്കെ കെടന്നൊറക്കായാ. കുംഭകര്‍ണന്മാര്”

സ്വന്തംവീട്ടിലേക്കു പോകാനുള്ള വഴിയിലേക്കു തിരിയുമ്പോൾ കമ്പനിയുടെ സെക്യൂരിറ്റി റൂമിൽ രാജേന്ദ്രനുണ്ടാകുമെന്ന കാര്യം ഓര്‍ത്തു. അവിടെ ഹോട്ട് സാധനം ഉണ്ടാകാൻ സാധ്യതയുണ്ട്. തമ്പി അങ്ങോട്ടു നടന്നു. കമ്പിളിപ്പുതപ്പുകൊണ്ടു ശരീരമാകെ മൂടി രാജേന്ദ്രന്‍ ഉറക്കം തൂങ്ങുകയാണ്. മേശപ്പുറത്തു ഒരു പെട്രോമാക്സ് സഹജമായ ‘ശൂ‍‘ ശബ്ദം പുറപ്പെടുവിച്ചു മങ്ങിക്കത്തുന്നു. അതിനുചുറ്റും പറന്നുകളിക്കുന്ന ഏതാനും ഈയാം‌പാറ്റകൾ.

തമ്പി വിളിച്ചു. “ഡാ രാജേന്ദ്രാ”

രാജേന്ദ്രന്‍ എഴുന്നേറ്റു. ജനലിലൂടെ പുറത്തേക്കുനോക്കി. പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തിൽ മഴനനഞ്ഞ മസിൽ ശരീരം കണ്ടുഞെട്ടി. പിന്നോക്കം നടന്നു.

“ഞാനാടാ രാജേന്ദ്രാ, തമ്പി... വാതില് തൊറക്ക്“

വാതിൽ തുറന്നു രാജേന്ദ്രൻ അവിശ്വസനീയതയോടെ തമ്പിയുടെ മുഖവും നട്ടെല്ലും കൈകൊണ്ടു തടവി. രാജേന്ദ്രന്റെ കൈകളുടെ വിറയൽ അറിഞ്ഞു ഹോട്ട് ചോദിക്കാൻ വന്നതാണെന്ന കാര്യം തമ്പി മറന്നു.

“നീയെന്താ വല്ലാണ്ടിരിക്കണെ?”

രാജേന്ദ്രന്‍ വാതില്‍ക്കൽ നില്‍ക്കുകയായിരുന്ന തമ്പിയെ സെക്യൂരിറ്റി റൂമിലേക്കു കയറ്റാൻ ശ്രമിച്ചു. തമ്പി സമ്മതിച്ചില്ല. “ഞാനില്ലടാ പോവാണ്. നേരം കൊറെയായി. പോരാഞ്ഞ് നശിച്ച മഴേം”

“തമ്പിയണ്ണാ... തമ്പിയണ്ണന്‍ ഇപ്പോ പോണ്ട. പോയാ ആകെ പ്രശ്നാവും”

തമ്പി നെറ്റിചുളിച്ചു. “എന്തൂട്ട് പ്രശ്നം?”

“അണ്ണാ ഇന്ന്... ഇന്ന് കറുത്തവാവാ!”

“അതിന് ഞാനെന്താടാ വേണ്ടെ?”

രാജേന്ദ്രന്‍ നിശ്വാസരൂപേണ തുടര്‍ന്നു. “അണ്ണാ... ഞാന്‍ കൊറച്ചുമുമ്പ് പാലച്ചോട്ടീ വെള്ളനേര്യതുടുത്തു ഒരുപെണ്ണ് നിക്കണ കണ്ടു!“

തമ്പി സംശയഭാവത്തിൽ നോക്കി. രാജേന്ദ്രന്‍ ആണയിട്ടു. “സത്യാ അണ്ണാ. പാദസരത്തിന്റെ കിലുക്കോം ഇണ്ടായിരുന്നു. അപ്പോ ഇവടൊക്കെ പാലപ്പൂവിന്റെ ഭയങ്കര മണായിരുന്നു“

തമ്പിയിലെ യുക്തിവാദി ഉണര്‍ന്നു. “അതുപിന്നെ പാലപൂത്താലോ, കള്ള് കുടിച്ചാലോ മണമടിക്കും രാജേന്ദ്രാ. പിന്നെ നീ കണ്ട പെണ്ണ് ദേവ്യായിരിക്കും“

“അല്ലണ്ണാ ദേവ്യല്ല. ഞാനിവിടെ ഏതാണ്ട് ഫുള്‍ടൈമും ഇണ്ടായിരുന്നു. ദേവീന്ന് പാലച്ചോട്ടിൽക്ക് വന്നട്ടില്ല. വെളക്കും തെളിച്ചട്ടില്ല“

തമ്പി അലസോരം ഭാവിച്ചു. “ദേവി തന്ന്യായിരിക്കൊള്ളൂ രാജേന്ദ്രാ. നീയത് വിട്”

“ദേവ്യാ. നേര്യത് ഉടുക്കേ! അണ്ണനെന്തൂട്ടാ ഈ പറേണെ”

“എന്താടാ അവൾക്ക് നേര്യത് ഉടുത്തൂടേ?”

“ഉടുക്കാന്‍ കൊഴപ്പൊന്നൂല്ല്യാ. പക്ഷേ...”

“എന്തോന്ന് പക്ഷേ...”

“ആ ഉടുക്കലീ ഇത്തിരി പ്രശ്നംണ്ടായിരുന്നു”

തമ്പിയിൽ ആകാംക്ഷ മുളച്ചു. “തെളിച്ച് പറ രാജേന്ദ്രാ”

സാഹചര്യത്തിന്റെ ഗൌരവംമറന്നു രാജേന്ദ്രന്റെ മുഖത്തു നര്‍മ്മഭാവം പടര്‍ന്നു. “ഞാന്‍ കണ്ട പെണ്ണിന്റെ മേത്ത് നേര്യത് മാത്രാ ഇണ്ടായിരുന്നൊള്ളൂ. വേറെ തുണിയൊന്നൂല്യാർന്നു”

“ങ്ഹേ അതുവ്വോ“ യാത്രപോലും പറയാതെ ആവേശഭരിതനായി മഴയിലേക്കു ഇറങ്ങിയ തമ്പിയെ രാജേന്ദ്രന്‍ വട്ടം‌പിടിച്ചു.

“ഹ ആ പെണ്ണ് പോയണ്ണാ. ഇപ്പോ അതിനെ അവടെ കാണാനില്ല”

തമ്പി ആശയിലായിരുന്നു. “ഏയ്. ഞാനൊന്നു നോക്കട്ടെന്ന്”

“ഇല്ലണ്ണാ. അവള് പോയി. അണ്ണനിനി നേരം കളയണ്ട. അവടേം ഇവിടേം തങ്ങാതെ നേരെ വീട്ടീക്ക് വിട്ടോ” രാജേന്ദ്രന്‍ ഒരു കാജബീഡിയെടുത്തു കത്തിച്ചുകൊടുത്തു. മഴ നനയാതിരിക്കാന്‍ ഒരു കവറും.

രാജേന്ദ്രനോടു വിടപറഞ്ഞു തമ്പി നടപ്പുതുടങ്ങി. ഇടക്കു വഴിയരികിൽ കുന്തിച്ചിരുന്നു വീണ്ടും സം‌തൃപ്തി നേടി. പക്ഷേ സം‌തൃപ്തിക്കൊടുവിൽ തമ്പിയെ മൂടിപ്പൊതിഞ്ഞതു ആന്റണിയുടെ ഷാപ്പില്‍നിന്നു കുടിച്ച കള്ളിന്റെ മണമല്ല, മറിച്ചു പാലപ്പൂവിന്റെ മദിപ്പിക്കുന്ന തീഷ്‌ണഗന്ധമായിരുന്നു. ഒപ്പം ഉടുക്കുവാദനത്തിന്റെ ഇമ്പമുള്ള അലയൊലികളും. തമ്പിക്കു കൂടുതൽ പിടിച്ചുനില്‍ക്കാനായില്ല. പാലപ്പൂവിന്റെ മാദകഗന്ധത്തിൽ മയങ്ങി അതിന്റെ ഉറവിടംതേടി അലഞ്ഞു. എത്തിയതു പടമാന്‍‌വളപ്പിലെ ശങ്കരമ്മാൻ കാവിലും.

 

(തുടരും...)