Wednesday, January 16, 2008

പൊട്ടക്കിണറിലെ അന്തര്‍ജ്ജനം


കക്കാട് ഓസീൻകമ്പനിക്കു മുന്നിലുള്ള പടമാൻ‌വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ അമ്പലത്തെ ശങ്കരമ്മാൻ കാവ് എന്നാണു വിളിക്കുക. വലതുതുട നെടുകെകീറി അതിൽ ജപിച്ചുകെട്ടിയ ഏലസുവച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിന്റെ അതീന്ദ്രിയമായ ശക്തികൾക്കു പിന്നിലുള്ള കാരണം. മരണശേഷവും അദ്ദേഹത്തിന്റെ പ്രഭാവം കക്കാടിന്റെ ചുറ്റുവട്ടത്തുണ്ടെന്നു മനസ്സിലാക്കി അദ്ദേഹത്തിനു കുടിയിരിക്കാൻ സ്ഥലം കൊടുത്തത് പടമാൻ‌വീട്ടുകാരാണ്. എല്ലാവർഷവും ചെറിയതോതിൽ ഒരു ഉത്സവം ശങ്കരമ്മാൻ കാവിൽ, അദ്ദേഹത്തിന്റെ തായ്‌വഴിയിൽ‌പ്പെട്ട കണ്ണാമ്പലത്തുവീട്ടുകാർ നടത്താറുണ്ട്. ഒരാഴ്‌ച നീളുന്ന പൂജകളും കളമെഴുത്തും പാട്ടും. അവസാനദിവസം തായമ്പകയും ചെറിയതോതിലൊരു മേളവും ഉണ്ടാകും.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ചിലെ ഉത്സവത്തോടു അനുബന്ധിച്ച് ഒരു ദേവപ്രശ്നം കൂടി കാവിൽ നടത്താൻ അമ്പലക്കമ്മറ്റി തീരുമാനിച്ചു. കാവിൽ ശങ്കരമ്മാനൊപ്പം കുടിയിരുത്തിയിരുന്ന ദേവകൾ ക്ഷുഭിതരാണെന്നതിനു ഉപോല്‍‌ബലമായി പല ദുര്‍‌നിമിത്തങ്ങളും അതിനകം കണ്ടിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളായതിനാൽ ആരും കാര്യമായെടുത്തില്ല. എങ്കിലും അടിയന്തിരശ്രദ്ധ ആവശ്യമുള്ള ഒന്നുകൂടി നടന്നപ്പോൾ ദേവപ്രശ്‌നത്തിനു തിടുക്കത്തിൽ ധാരണയിലെത്തി.

എല്ലാ ദേശക്കാരിലും വിവരം എത്തിയിരുന്നതിനാൽ ശങ്കരമ്മാൻ‌കാവിൽ നല്ല ജനക്കൂട്ടമെത്തി. കാവിന്റെ ഇടതുമൂലയിലെ സര്‍പ്പക്കാവിനു മുന്നിൽ പലനിറത്തിലുള്ള പൊടികള്‍കൊണ്ടു വരച്ച ഒരു കളം. ദൃംഷ്‌ടകളും നീണ്ട നാക്കുമുള്ള ഒരു യക്ഷിയുടെ രൂപമാണ് കളത്തിനു നടുവിൽ. വാഴപ്പോള ഉപയോഗിച്ചു കളത്തിനു അതിരുകളും കമാനവും ഒരുക്കിയിരുന്നു. ‘വാഴപ്പോള അമ്പല‘ത്തിന്റെ പ്രധാനകവാടത്തിനു മുന്നിൽ ഏഴുതിരിയിട്ട ഏഴു വലിയ നിലവിളക്കുകൾ. വിളക്കുകള്‍ക്കു മുന്നിൽ വലിയ ഓട്ടുരുളിയിൽ ചെത്തിപ്പൂവിട്ട ചുവന്ന ഗുരുതിപ്രസാദം. പിന്നിൽ ചതുരാകൃതിയിലുള്ള കരിങ്കല്ല്. അതിന്‍‌മേൽ ചുവന്നപട്ടിൽ പൊതിഞ്ഞ, കൊല്ലൻ പ്രത്യേകമായി പണിത വലിയൊരു ഇരുമ്പാണി.

തൈക്കൂട്ടത്തെ പ്രശസ്‌ത കണിയാനും മാന്ത്രികനുമായ ബാലകൃഷ്ണകൈമള്‍ക്കാണ് പ്രശ്‌നത്തിന്റെ മേല്‍‌നോട്ടം. അൻ‌പത്തഞ്ച് വയസ്സുള്ള ആരോഗ്യദൃഢഗാത്രനാണ് കൈമൾ. വെളുത്ത നിറം. കഴുത്തു മറയ്‌ക്കുന്ന നീണ്ട താടി. രോമാവൃതമായ കുടവയറിൽ മുട്ടിയുരസിക്കിടക്കുന്ന വെള്ളി കെട്ടിയ രുദ്രാക്ഷമാല. ചിരിക്കാത്ത പരുക്കൻ ‌മുഖഭാവം. ഇതൊക്കെയാണ് ബാലകൃഷ്‌ണക്കൈമൾ. മഞ്ഞനിറമുള്ള പട്ടുചേലയിൽ ഇരിപ്പുറപ്പിച്ചു അദ്ദേഹം പൂജകൾ ആരംഭിച്ചു. നിഗൂഢങ്ങളായ അനേകം മന്ത്രങ്ങൾ അവിരാമം ഉരുക്കഴിക്കാൻ തുടങ്ങി. ഓരോ മന്ത്രവും ഉരുക്കഴിച്ചശേഷം കളത്തിലേക്കു ഒരുനുള്ള് ഭസ്മം വലിച്ചെറിയുന്നുമുണ്ട്.

നെറ്റിയിലാകെ ഭസ്‌മംപൂശി ധ്യാനത്തിലിരിക്കുന്ന കൈമളെ ആശങ്കയോടെനോക്കി അയ്യങ്കോവ് അമ്പലത്തിലെ ശാന്തിക്കാരന്‍ ശ്രീനിവാസസ്വാമി, പ്രാര്‍ത്ഥനാനിരതനായി നില്‍ക്കുന്ന, കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമനോടു ചോദിച്ചു.

“കൈമള്‍ വിചാരിച്ചാ വല്ലോം നടക്ക്വോ പുരുഷൂ?”

സ്വാമിയോടു ഒച്ച കൂട്ടരുതെന്നു ആഗ്യംകാണിച്ചു പുരുഷോത്തമൻ ശബ്ദം താഴ്ത്തി പറഞ്ഞു.

“സാമീ അങ്ങനെ പറേര്‌ത്. കൈമള് ചെയ്താ അത് അച്ചട്ടാ! അറീലേ തൈക്കൂട്ടം കാളിവിരുത്തികാവിലെ കാഞ്ഞിരത്തീ തറച്ചേക്കണ യക്ഷീനെ? ഈ കൈമള് പിടിച്ച് കെട്ടീതാ“

അതെ... യക്ഷിയാണിവിടെ വിഷയം. ശങ്കരമ്മാൻ‌കാവിന്റെ ഒരുവശത്തു സാമാന്യം വിസ്താരമുള്ള മൈതാനമാണ്. മൈതാനത്തിനു നടുവിൽ ഒരു പൊട്ടക്കിണർ ഉണ്ട്. കാവിലെ ആവശ്യങ്ങൾക്കു പണ്ട് കുഴിച്ചതാണെങ്കിലും വർഷങ്ങളായി ആ കിണർ ആരും ഉപയോഗിക്കാറില്ല. അതിന്റെ ആഴവും ആര്‍ക്കുമറിയില്ല. പേടിമൂലം ആരുമങ്ങോട്ടു പോകാറേയില്ല. പൊട്ടക്കിണറിന്റെ ഉൾവശത്തു വേരുറപ്പിച്ചു വലിയൊരു ഏഴിലം‌പാല നിൽ‌പ്പുണ്ട്. എപ്പോഴും കാടുപിടിച്ചു കിടക്കുന്ന ഈ മൈതാനത്താണ് കക്കാടിലെ ഏകക്ഷേത്രമായ അയ്യങ്കോവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം‌വിളക്ക് ഉത്സവത്തിനു ഗാനമേളയും മറ്റു കലാപരിപാടികളും നടത്തുക. അല്ലാത്തസമയം മരക്കിഴങ്ങ് കൃഷി ചെയ്യും. അപ്പോഴും പൊട്ടക്കിണറിനു ചുറ്റുമുള്ള കുറച്ചുഭാഗം ഒന്നുംചെയ്യാതെ വെറുതെയിട്ടിരിക്കും. അതാണ് ചിട്ട. ആരും തെറ്റിച്ചുകൂടാ.

വളരെ പണ്ട് ഏതോ പെണ്ണ് പൊട്ടക്കിണറിൽ ചാടി മരിച്ചിട്ടുണ്ടത്രെ. അന്നമനടയിലുള്ള ഒരു അന്തര്‍ജ്ജനമാണെന്നാണു പഴയ തലമുറയിലെ ആളുകൾ പറയുന്നത്. അവർ അവരുടെ പൂര്‍വികരില്‍നിന്നു കേട്ടു മനസ്സിലാക്കിയതാണ്. ദുര്‍മരണം നടന്ന കാലത്തെപ്പറ്റി കൃത്യമായ അറിവ് ആര്‍ക്കുമില്ലെങ്കിലും മൂന്നുതലമുറക്കു മുമ്പെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. മരണകാലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും അന്തർജ്ജനത്തിന്റെ മരണം അപമൃത്യുവായിരുന്നു എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. അന്തര്‍ജ്ജനത്തെ ആരോ ചതിച്ചതാണെന്നും, അവരുടെ ആത്മാവ് മൈതാനത്തു ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ടെന്നുമാണ് പലരുടേയും ഉറച്ച വിശ്വാസം. അയ്യങ്കോവ് അമ്പലത്തിലെ ഭദ്രകാളിത്തറയുടെ കാവലാളായ പണിക്കവീട്ടിൽ ശേഖരൻ പലരാത്രികളിലും പൊട്ടക്കിണറിൽ അന്തര്‍ജ്ജനത്തെ കണ്ടിട്ടുണ്ടത്രെ. പക്ഷേ ഇത്തരം പറച്ചിലുകളല്ലാതെ അന്തര്‍ജ്ജനം ഇതുവരെ ആരെയെങ്കിലും ഉപദ്രവിച്ചുവെന്നോ ശല്യപ്പെടുത്തിയെന്നോ പരാതിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അതും സംഭവിച്ചു.

ചാലക്കുടി കെ‌എസ്‌ആർ‌ടി‌സി ഡിപ്പോയിൽ ജോലിയുള്ള കണ്ണാമ്പലത്തുവീട്ടിൽ പുരുഷു എന്ന പുരുഷോത്തമന്‍ ആഴ്ചയിൽ രണ്ടുദിവസമേ വീട്ടിൽ എത്തുകയുള്ളൂ. അത്യാവശ്യം ഒരു മിനുങ്ങൽ ഒക്കെ കഴിച്ചാണ് അദ്ദേഹം വരിക. വരുന്നതോ, അര്‍ദ്ധരാത്രിയോടു അടുത്ത സമയത്തും.

കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഒരു അപാരധൈര്യശാലിയാണെന്നാണ് കക്കാടിലെ പ്രമുഖ കൃസ്‌ത്യൻ തറവാടായ കണ്ണമ്പിള്ളിവീട്ടിലെ കാരണവരായ പൌലോസേട്ടൻ കാണുന്നവരോടെല്ലാം പറയുക. അതിനു തെളിവായി ചൂണ്ടിക്കാട്ടുന്നതോ പുരുഷുവിന്റെ ഇടതൂര്‍ന്ന മീശയും. ഗോമൂത്രം ഒഴിച്ച ചീരച്ചെടികളുടെ വളര്‍ച്ചയാണ് പുരുഷുവിന്റെ മീശക്ക്. അനിയന്ത്രിതമായ വളര്‍ച്ചമൂലം വായപോയിട്ടു താടിപോലും കാണാൻ പറ്റില്ല. കട്ടിമീശയുള്ളതുകൊണ്ടാണോ ധൈര്യശാലിയായത് എന്നൊന്നും പൌലോസേട്ടനോടു ചോദിക്കരുത്. അദ്ദേഹം‍ ചൂടാകും. പൌലോസേട്ടനു ഏതാണ്ട് സമപ്രായക്കാരനായ പുരുഷുവിനെപ്പറ്റി പറയാൻ കഥകൾ ഒത്തിരിയുണ്ട്. പണ്ട് രണ്ടുപേരുടേയും ചെറുപ്പകാലത്തു, ഇരുവരും അന്നനാട് വേലുപ്പിള്ളി അമ്പലത്തിലെ ഉത്സവംകണ്ടു മടങ്ങിവരുമ്പോൾ ഒടിയന്‍ പണിക്കർ‍ പോത്തിനെ അയച്ചതും, ആ പോത്തിനെ തിരിഞ്ഞുനോക്കാതെ പണിക്കരുടെ വീട്ടില്‍പോയി അദ്ദേഹത്തെ തല്ലിയതും, തല്ലിയതിന്റെ ഏഴാംനാൾ പണിക്കർ പരലോകം പൂകിയതുമെല്ലാം പൌലോസേട്ടൻ വള്ളിപുള്ളി വിടാതെ, ഒറ്റ ശ്വാസത്തിൽ വിവരിക്കും. ഈ പുരുഷുവിനെയാണ്, പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമനെയാണ്, യക്ഷി പേടിപ്പിച്ചത്. അപ്പോൾ അതിൽ പതിരില്ലാതെ തരമില്ല.

സംഭവം ഇങ്ങിനെയാണ്. പതിവുപോലെ ബസിൽ ഒരു നീണ്ടയാത്ര കഴിഞ്ഞു രണ്ടുദിവസം വിശ്രമിക്കാമെന്നു കരുതിവന്നതാണ് പുരുഷു. കക്കാടിലെ ഏക വൻ‌കിട വ്യവസായശാലയായ ഓസീന്‍ കമ്പനിയുടെ പടിക്കൽ ഓട്ടോറിക്ഷ നിര്‍ത്തിച്ച് പോക്കറ്റില്‍നിന്നു കാശെണ്ണുമ്പോൾ ഡ്രൈവർ ഓര്‍മിപ്പിച്ചു.

“സാറേ ഞാന്‍ വേണോങ്കീ വീട്ടിലെറക്കാം. കൂടുതൽ കാശൊന്നും തരണ്ട. എന്തായാലും ഈ നട്ടപ്പാതിരക്ക് സാറ് തനിച്ച് പോണ്ട”

മിനുങ്ങലിന്റെ ഹാങ്ങോവറിൽ പുരുഷു ഓട്ടോഡ്രൈവറെ ഉഗ്രമായി ആട്ടി. “ഫ്‌ഭാ കഴ്വേറി മോനേ... കണ്ണാമ്പലത്ത്‌വീട്ടിലെ പുരുഷൂനെ ഉപദേശിക്കെ! എടാ ഇത് നോക്ക്ടാ, പണിക്കരെ തല്ലിയ കയ്യാ ഇത്. അറിയോടാ ശവീ. ഓട്രാ നിന്റെ പാട്ടവണ്ടീം കൊണ്ട്”

ഓട്ടോറിക്ഷക്കാരൻ വേഗം പറപറന്നു. കമ്പനിപ്പടിക്കൽ പാറാവുനില്‍ക്കുന്ന പുനലൂർ സ്വദേശി രാജേന്ദ്രൻ‌‍ പുരുഷുവിനെ കണ്ടപ്പോൾ നീണ്ടുനിവര്‍ന്നു സല്യൂട്ട് ചെയ്‌തു. സല്യൂട്ട് സ്വീകരിച്ചു പുരുഷു ‘സമയമില്ല പോകുന്നു’ എന്നു ആഗ്യം കാണിച്ചു. ചെറിയ പതര്‍ച്ചയോടെ നടന്നുപോകുന്ന പുരുഷുവിൽ‌നിന്നു നോട്ടം പിന്‍‌വലിച്ചു രാജേന്ദ്രൻ കമ്പനിയുടെ സെക്യൂരിറ്റി റൂമിൽ കയറി.

കമ്പനിപ്പടി കഴിഞ്ഞ് മൂന്നുകൈവഴികളുള്ള കവലയിൽ എത്തിയപ്പോഴാണ് പുരുഷു ഓര്‍ത്തത്. ഇന്നു വെള്ളിയാഴ്ച, കറുത്ത വാവിന്റെ ദിവസമാണ്. സമയമോ നട്ടപ്പാതിര! കമ്പനിയിൽ നിന്നുള്ള വെളിച്ചം കഴിഞ്ഞു. ഇനിയങ്ങോട്ട് കുറ്റാക്കൂരിരുട്ടാണ്. പുരുഷുവിന്റെ നോട്ടം മൈതാനമധ്യത്തിലെ പൊട്ടക്കിണറിനുനേരെ നീണ്ടു. അറിയാതെ ഒരു ഉള്‍ക്കിടിലം മനസ്സിലുണ്ടായി.

എവിടെയും കനത്ത നിശബ്ദതയായിരുന്നു. പൊട്ടക്കിണറിൽ വേരുറപ്പിച്ച്, വളര്‍ന്നു നില്‍ക്കുന്ന ഏഴിലം‌പാലയുടെ ഇലകള്‍ക്കു അനക്കമില്ലെന്നല്ലാതെ, ഏഴിലം‌പാലയാകെ പൂത്തുനില്‍ക്കുന്ന കാര്യം പുരുഷു ശ്രദ്ധിച്ചില്ല. നോട്ടം പിന്‍‌വലിച്ചു രണ്ടുചുവടുകൾ മുന്നോട്ടുവച്ചു. അപ്പോൾ റോഡരുകിലെ ഇല്ലിക്കാട്ടില്‍നിന്നു ഏതോപക്ഷി ഉച്ചത്തിൽ ചിലച്ച് തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പറന്നുപോയി. ഞെട്ടി പിന്നോട്ടുമാറി ഇല്ലിക്കാട്ടിലേക്കു നോക്കിയ പുരുഷു കണ്ടത് ചുവന്ന കണ്ണുകളോടെ തന്നെ ഉറ്റുനോക്കുന്ന രണ്ട് ചെമ്പോത്തുകളെയാണ്.

പുരുഷുവിനു എന്തോ വല്ലായ്‌മ തോന്നി. പതിവില്ലാത്തതാണിത്. ഈ വല്ലായ്‌മയെ പേടിയെന്നു വിളിക്കാമോ എന്ന ശങ്ക മനസ്സിലുയര്‍ന്നപ്പോൾ വായില്‍നിന്നു ചില വാക്കുകൾ അറിയാതെ പുറത്തു ചാടി.

“കണ്ണാമ്പലത്ത്‌വീട്ടിൽ പുരുഷൂന് പേട്യോ? പണിക്കരെ തല്ലിയ കണ്ണാമ്പലത്ത്‌വീട്ടിലെ പുരുഷോത്തമനു പേട്യോ? ഹഹഹ”

ചുണ്ടിൽ വിടര്‍ന്നചിരിയിൽ ലയിച്ചു പുരുഷു പാടാൻ തുടങ്ങി.

“എന്റെ സ്വപ്നങ്ങള്‍ക്ക് ഞാനിന്ന് അവധി കൊടുത്തു...
കൊരട്ടി മധുര ബാറിലൊരു മുറിയെടുത്തു...
ക്വാര്‍ട്ടർ റമ്മെടുത്ത് പച്ചക്കടിച്ചൂ...”

പുരുഷു വീണ്ടും ചിരിച്ചു. “കണ്ണാമ്പലത്തുവീട്ടിലെ പുരുഷൂന് പേട്യോ! ഹഹഹഹ“

അഞ്ചുനിമിഷത്തിനു ശേഷം പുരുഷു ചിരിക്കുന്നത് നിര്‍ത്തി. പക്ഷേ എന്നിട്ടും അന്തരീക്ഷത്തിൽ ചിരിയുടെ അലയൊലികൾ നിന്നില്ല.

“ഹഹഹഹ”

വേറൊരാൾ കൂടി ചിരിക്കുന്നു. കുണുങ്ങിക്കുണുങ്ങി ചങ്കിൽ തറക്കുന്ന തരം ചിരി. അരമണികളുടെ കിലുക്കം പോലെയുള്ള ചിരി. അതെ. ഒരു പെണ്ണിന്റെ ചിരി!

പുരുഷുവിന്റെ തൊണ്ട വരണ്ടു. ഞെരമ്പുകളിൽ ചോര ഉറഞ്ഞു കനംവച്ചു. നോട്ടം ഒരിക്കല്‍കൂടി മൈതാനമധ്യത്തെ പൊട്ടക്കിണറിനുനേരെ നീണ്ടു. അവിടത്തെ ദൃശ്യം കണ്ട് പുരുഷോത്തമൻ ഞെട്ടിവിറച്ചു.

പൊട്ടക്കിണറിലെ ഏഴിലം‌പാലയുടെ ചുവട്ടിൽ ഒറ്റത്തിരിയിട്ട ഏഴ് തൂക്കുവിളക്കുകൾ എരിയുന്നു. മഞ്ഞപ്രകാശത്തിനു പകരം കടും‌ചുവപ്പുനിറമുള്ള പ്രകാശകിരണങ്ങളായിരുന്നു ആ വിളക്കുകൾ വാരിവിതറിയിരുന്നത്. വിളക്കുകള്‍ക്കു പിന്നിൽ വെള്ളക്കസവിന്റെ ഒറ്റമുണ്ടുടുത്തു, മുലക്കച്ചയില്ലാതെ ഒരു നേര്യത് മാത്രം മാറത്തിട്ടു, വശ്യമായ പുഞ്ചിരിയോടെ മദാലസയായ ഒരു സ്ത്രീ നില്‍ക്കുന്നു. പുരുഷുവിന്റെ കണ്ണുകൾ പുറത്തേക്കു തുറിച്ചു. നാവ് അറിയാതെ ചലിച്ചു.

“പൊട്ടക്കിണറിലെ അന്തര്‍ജ്ജനം!“

നേര്യതിനിടയിലൂടെ ഇഴഞ്ഞുകയറുന്ന പ്രകാശത്തിൽ അന്തര്‍ജ്ജനത്തിന്റെ വശങ്ങളിലേക്കു തള്ളിനിൽക്കുന്ന കല്ലന്‍മുലകൾ മുക്കാലും അനാവൃതമായിരുന്നു. ഇടുങ്ങിയ അരക്കെട്ട്. വീതിയും വിസ്താരവുമുള്ള പിന്‍ഭാഗം. ലക്ഷണമൊത്ത കൈകാലുകൾ. പനങ്കുലപോലെ തഴച്ചുവളര്‍ന്ന തലമുടി. സ്ത്രീസൌന്ദര്യത്തിന്റെ മൂര്‍ത്തഭാവം.

സ്തോഭജനകമായ ഈ കാഴ്ചകണ്ടു പുരുഷു ശ്വാസമെടുക്കാതെ തരിച്ചുനിന്നു. തുടരെത്തുടരെ കുണുങ്ങിച്ചിരിച്ചു അന്തര്‍ജ്ജനം‍ ക്ഷണിക്കുകയായിരുന്നു. പക്ഷേ വാലിട്ടെഴുതിയ മിഴികളുടെ കടാക്ഷങ്ങള്‍ക്കൊന്നും പുരുഷോത്തമനെ ഇളക്കാനായില്ല. ഏതാനും നിമിഷത്തെ പകപ്പിനുശേഷം അദ്ദേഹം വീടിനെ ലക്ഷ്യമാക്കി നടപ്പുതുടര്‍ന്നു. ഇന്നേവരെ ആരേയും ഉപദ്രവിക്കാത്ത യക്ഷിയല്ലേ എന്നു സമാധാനിച്ചു നടന്ന പുരുഷുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കിണറ്റിന്‍കരയിലെ പാലമരത്തില്‍നിന്നു അന്തര്‍ജ്ജനം വായുവിലൂടെ ഒഴുകി അദ്ദേഹത്തിനു മുന്നിൽ വന്നുനിന്നു. പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഉടൻ മുണ്ട് മടക്കിക്കുത്തി ഓടാൻ ആഞ്ഞെങ്കിലും കഴിഞ്ഞില്ല. കാലുപോയിട്ടു ചുണ്ടുപോലും അനക്കാനാകുന്നില്ല. കഴിച്ചതെല്ലാം ഇറങ്ങിയപ്പോൾ പേടിയെന്തെന്ന് അറിഞ്ഞു. അടിമുടി വിയര്‍ത്തു.

പുരുഷുവിന്റെ കനത്തമീശയിൽ തലോടി കീഴ്ച്ചുണ്ടു കടിച്ചു കുണുങ്ങിച്ചിരിച്ച്, അന്തര്‍ജ്ജനം ഇമ്പമേറിയ സ്വരത്തിൽ മൊഴിഞ്ഞു. “ഞാന്‍... ഞാനെന്നും കാണാറ്ണ്ട് പുരുഷൂനെ. എനിക്കെന്ത് ആശയാന്നാ. ഇന്ന്... ന്നെനിക്ക് വേണം”

അനക്കമില്ലാതെ നിന്ന പുരുഷുവിന്റെ കണ്ണുകൾ ചോദ്യഭാവത്തിൽ ചലിച്ചു. മാറത്തെ നേര്യത് വലിച്ചെറിഞ്ഞു, വിജൃംഭിച്ചു നില്‍ക്കുന്ന മുലകളെ അനാവൃതമാക്കി അന്തര്‍ജ്ജനം രാഗപരവശയായി.

“സുരതം... സുരതം!”

യക്ഷിയുമായുള്ള സുരതക്രിയ മനുഷ്യര്‍ക്കു താങ്ങാനാവില്ലെങ്കിലും പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിലെ പുരുഷുവിനു പറ്റും. പക്ഷേ അദ്ദേഹം തികഞ്ഞ ധര്‍മ്മിഷ്‌ഠനാണ്. മറുപടി കൊടുക്കാന്‍ താമസമേതുമുണ്ടായില്ല.

“പുരുഷൂന് ഒരു ഭാര്യണ്ട്. വെറ്‌തെ മെനക്കെടണ്ടാ“

ആവശ്യം നിരസിക്കപ്പെട്ട മോഹഭംഗത്തിൽ അന്തര്‍ജ്ജനം ഉഗ്രമായി അലറി. “ഹാര്‍ച്ച്... ഹാര്‍സ്ച്ച്...”

കൂര്‍ത്ത നഖംകൊണ്ടു പുരുഷുവിന്റെ മുഖം വരഞ്ഞു രക്തംവരുത്തി അന്തര്‍ജ്ജനം വീണ്ടും ഭീഷണമായി ചോദിച്ചു. “പറ്റില്ലേ പുരുഷൂ”

നിഷേധാര്‍ത്ഥത്തിലുള്ള തലയാട്ടലിനൊപ്പം അന്തര്‍ജ്ജനത്തിന്റെ വഴികാട്ടിയായ തൂക്കുവിളക്കിന്റെ കൂര്‍ത്തഅഗ്രം പുരുഷുവിന്റെ വലത്തെ ഉള്ളംകയ്യിൽ ആഴ്ന്നിറങ്ങി. വീണ്ടും അലറിയ അന്തര്‍ജ്ജനത്തിന്റെ കണ്ണുകൾ ചോരഗോളങ്ങളായി മാറി. നഖങ്ങൾ നീണ്ടുവന്നു. അന്ത്യമടുത്തെന്നു മനസ്സിലാക്കിയ പുരുഷു ആദ്യം വീട്ടുകാരെ ഓര്‍ത്തു. ശേഷം നാട്ടുകാരെ ഓര്‍ത്തു. അവസാനം രക്ഷക്കായി അവസാനത്തെ ആശ്രയത്തെ തേടി. ദിവസവും അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ചു തൊഴാറുള്ള, പലതവണ ഇരുമുട്ടിക്കെട്ടുമായി മലയും പടിയും കയറിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഏതു കക്കാട്‌വാസിയേയും പോലെ അഭയം ചോദിച്ചു.

“എന്റെ ശാസ്താവേ!”

പിന്നെ നിറമിഴികളോടെ കൈകൂപ്പി നിന്നു. അപ്പോൾ ശങ്കരമ്മാൻ‌കാവിൽ‌നിന്നു കുറച്ചുദൂരെയുള്ള അയ്യങ്കോവ് ക്ഷേത്രത്തിലെ പാലച്ചുവട്ടിൽ കുടികൊള്ളുന്ന ഭൈരവപ്രതിഷ്ഠ ആടിയുലഞ്ഞു. ഭദ്രകാ‍ളിത്തറയിൽ ചെമ്പട്ടിൽ പൊതിഞ്ഞ പള്ളിവാളില്‍നിന്നു ചോര കിനിഞ്ഞു. ഭഗവതിയുടെ വെളിച്ചപ്പാടായ പണിക്കവീട്ടിൽ ശേഖരൻ ഉറക്കത്തില്‍നിന്നു അരമണികൾ കിലുങ്ങുന്ന ശബ്ദം ശ്രവിച്ചു ഞെട്ടിയെഴുന്നേറ്റു ഉറഞ്ഞുതുള്ളി.

“ഹാര്‍‌ര്ച്ച്... ഹാര്‍‌ര്‌ര്ച്ച്...”

അതെ. ഭദ്രകാളിത്തറയിൽ ഭഗവതി നിലപാടുകൊണ്ടു. അലൌകികമായ പ്രകാശം പരിസരമാകെ ചൂഴ്ന്നുതുടങ്ങി. ക്രമേണ അയ്യങ്കോവ് ക്ഷേത്രമാകെ പ്രകാശപൂരിതമായി. അന്തരീക്ഷത്തിൽ ഉടുക്കുപാട്ടിന്റെ ധ്വനികൾ മുഴങ്ങിത്തുടങ്ങി. പാലച്ചുവട്ടിലെ ഭൈരവപ്രതിഷ്ഠയില്‍നിന്നു ആരെയോ വരവേല്‍ക്കാനായി ശംഖുനാദം ഉതിര്‍ന്നു. ചുറ്റമ്പലത്തിലെ വാതിലുകൾ, മണികൾ മുഴക്കി, സാവധാനം വലിച്ചു തുറക്കപ്പെട്ടു. മുനിഞ്ഞു കത്തുന്ന ദീപനാളപ്രഭയിൽ ശ്രീകോവിലില്‍നിന്നു തലയിൽ കാവിക്കെട്ടും കയ്യിൽ ചൂരലുമായി ഒരു ബാലവേഷധാരി ഇറങ്ങി വന്നു.കക്കാട്ദേശം കാത്തുസൂക്ഷിക്കുന്ന അയ്യങ്കോവ് ശ്രീധര്‍മ്മശാസ്താവ്!.

അരമണികൾ കിലുക്കി മന്ദംമന്ദം നടന്നുവന്ന ബാലവേഷധാരി ഭദ്രകാളിത്തറക്കു മുന്നിൽ ശിരസ്സ് നമിച്ചു. പട്ടിൽ‌ പൊതിഞ്ഞ ചോരയിറ്റുവീഴുന്ന പള്ളിവാൾ കടന്നെടുത്തു കണ്ണിൽ ചേർത്തു ധ്യാനിച്ചു. അനുവാദം ചോദിച്ചു.

“അമ്മേ ഭദ്രേ”

അന്തരീക്ഷത്തിൽ ചേങ്ങിലകൾ മുഴങ്ങി‍. “ഛിൽ ചിൽ ചിൽ”

പടമാന്‍വളപ്പിൽ‍ പുരുഷുവിനെ താഢിച്ചു ആഗ്രഹപൂര്‍ത്തിക്കു പ്രേരിപ്പിക്കുകയായിരുന്ന അന്തര്‍ജ്ജനം അദൃശ്യമായ ഒരു ചൂരലിന്റെ അടിയേറ്റു വേദനയിൽ പുളഞ്ഞു. ആരോ വലിച്ചെറിഞ്ഞപോലെ വായുവിലേക്കു എറിയപ്പെട്ടു. ഭയന്നുവിറച്ച അന്തര്‍ജ്ജനത്തിന്റെ മുഖം ബീഭത്സമായി. മദാലസയില്‍നിന്നു യക്ഷിയിലേക്കുള്ള പരിവർത്തനം നേരില്‍കണ്ട പുരുഷു ബോധമറ്റുവീണു. പിറ്റേന്നു വെളുപ്പിനു വിതരണത്തിനായി പത്രക്കെട്ടെടുക്കാൻ കൊരട്ടിയിൽ പോയ വത്സനാണ് നടുറോഡിൽ ചോരയൊലിച്ചു കിടന്ന പുരുഷുവിനെ ആദ്യം കണ്ടത്. അടുത്തു ആരോ പറഞ്ഞേൽ‌പ്പിച്ചപോലെ ഇമയനക്കാതെ കാവലിരിക്കുന്ന ശേഖരൻ വെളിച്ചപ്പാടിനേയും.

പൊട്ടക്കിണറിലെ അന്തര്‍ജ്ജനം അസാമാന്യശക്തി കൈവരിച്ചതായി നാട്ടുകാർ അറിഞ്ഞു. സന്ധ്യ മയങ്ങിയാൽ ആണുങ്ങളാരും ആ വഴി പോകാതായി. ഒടുക്കം ഇതെല്ലാം കൈമളുടെ ചെവിയിലുമെത്തി. യക്ഷിയെ കാഞ്ഞിരത്തിൽ തറക്കണമെന്നു നാട്ടുകാരും നിശ്ചയിച്ചു. അതിനു കേമന്‍ കൈമൾ തന്നെ.

മൂന്നര മണിക്കൂർ നീണ്ട പൂജയിലെ അവസാനപടിയായിരുന്നു ദേവപ്രശ്നം. ശാസ്താവിനെ ധ്യാനിച്ച് കൈമൾ പലകയിൽ കവടി നിരത്തി. വിധികൾ ഒന്നിനു പിറകെ ഒന്നായി വന്നു. അയ്യങ്കോവ് അമ്പലത്തിൽ അഷ്ടബന്ധകലശം നടത്തണം. ഭദ്രകാളിത്തറ പുതുക്കിപ്പണിതു വര്‍ഷം‌തോറും മുടിയാട്ടം നടത്തണമെന്നും പ്രശ്നത്തിൽ കണ്ടു. പരിഹാരങ്ങളെല്ലാം ചെയ്താൽ അന്തര്‍ജ്ജനം ശാന്തയാകുമെന്നും കാഞ്ഞിരത്തിൽ തറക്കേണ്ട തരത്തിലുള്ള ഭയങ്കരയക്ഷിയല്ല ഇതെന്നും കൈമൾ കൂട്ടിച്ചേര്‍ത്തു. ദിവസവും ശങ്കരമ്മാന്‍‌കാവിൽ വിളക്കുവക്കുന്നതോടൊപ്പം കറുത്തവാവ് ദിവസം ഏഴിലം‌പാലച്ചുവട്ടിലും ഒരു തിരി വച്ചാൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാവില്ലെന്നു കൈമൾ അറിയിച്ചതോടെ‍ എല്ലാവരും സമാധാനംകൊണ്ടു.

അന്നു കൈമൾ പറഞ്ഞ ചിട്ടകളൊന്നും ഇന്നുവരെ ആരും തെറ്റിച്ചിട്ടില്ല. അതുകൊണ്ടു പൊട്ടക്കിണറിലെ അന്തര്‍ജ്ജനം ശാന്തയാണ്. എങ്കിലും ഇക്കാലത്തും പാ‍തിരാത്രിയിൽ പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമന്‍, ഒന്നുമിനുങ്ങി ഓസീന്‍കമ്പനിപ്പടിക്കൽ ഓട്ടോയിലെത്തി, സ്വന്തം വീട്ടിലേക്കു നടക്കുമ്പോൾ ഏഴിലം‌പാലയില്‍നിന്നു അന്തര്‍ജ്ജനത്തിന്റെ കുണുങ്ങിക്കുണുങ്ങിയുള്ള ക്ഷണിക്കൽ കേള്‍ക്കാമത്രെ.

“പുരുഷൂ... ഇങ്ങടൊന്ന് വര്വോ?“

Tuesday, January 1, 2008

വാളൂരാന്‍ എന്ന അരിയമ്പുറം അംബാനി

ശ്രദ്ധിക്കുക : കുറച്ച് കാലത്തിന് ശേഷം എന്റെ പഴയ പോസ്റ്റുകളെല്ലാം ഞാന്‍ ഒരു പുനര്‍വായനക്ക് വിധേയമാക്കി (08-02-09). ഒന്ന് റീവൈസ് ചെയ്ത് എഴുതിയാല്‍ ഈ പോസ്റ്റ് ചെറുതല്ലാത്ത രീതിയില്‍ കുറച്ച് കൂടെ മെച്ചപ്പെടുത്താം എന്ന് അപ്പോള്‍ തോന്നി. വാക്കുകളുടെ വിന്യാസങ്ങള്‍, അര്‍ത്ഥപ്പൊരുത്തമില്ലായ്മ, വായനയുടെ ഒഴുക്കിനെ ബാധിക്കുന്ന ഇടവേളകള്‍... ഇവയൊക്കെ ഞാന്‍ തിരുത്തി എഴുതിക്കണ്ടിരിക്കുകയാണ്. കുറച്ച് നാളുകള്‍, മാസങ്ങള്‍ എടുക്കും ഈ പുനര്‍നിര്‍മാണം പൂര്‍ത്തിയാകാന്‍. എഴുതി തീര്‍ന്ന ശേഷം എന്റെ മറ്റ് ബ്ലോഗുകളിലൊന്നില്‍ ഞാന്‍ ഇവ‍ പബ്ലിഷ് ചെയ്യും. അപ്പോള്‍ ഒരു താരതമ്യത്തിന് വായനക്കാര്‍ക്ക് അവസരം ഉണ്ടാകും. :-)


നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രിസഭ ഇന്ത്യയില്‍ ഉദാരവല്‍ക്കരണം ആരംഭിച്ച സമയത്ത് ഇന്ത്യന്‍വ്യവസായലോകമാകെ സടകുടഞ്ഞെഴുന്നേറ്റിരുന്നു. അതിന്റെ തുടര്‍ച്ചയായി ഐടി മേഖലയിലുണ്ടായ പുരോഗതികണ്ട്, അതില്‍നിന്ന് ഊര്‍ജ്ജമുള്‍‍ക്കൊണ്ട് കേരളസംസ്ഥാനത്തെ ത്രിശൂര്‍ ജില്ലയില്‍, പ്രശസ്തമായ ചെറുവാളൂര്‍ദേശത്തെ യുവാവ് ബാങ്കില്‍‌നിന്ന് വായ്പയെടുത്ത് ഒരു ഐടിസ്ഥാപനം തുടങ്ങി.

‘ഫോക്കസ് ഐടി‘ എന്ന സ്ഥാപനത്തിന്റെ പരമാത്മാവ് മുരളിയെന്ന (ബ്ലോഗര്‍ വാളൂരാന്‍ / മുരളി വാളൂര്‍) ശുദ്ധഹൃദയനായിരുന്നു. ചെറുവാളൂര്‍ ദേശത്തിനടുത്ത് അരിയമ്പുറംവാസിയായ ഇളയത്.

നാരായണക്കിളിയുടെ സ്റ്റൈലിലുള്ള നീളന്‍‌താടി ട്രേഡ്‌മാര്‍ക്കായ താടിമുരളി “ഫോക്കസ് ഐടി“ സ്ഥാപനം ശിലാസ്ഥാപനം നടത്തി ആദ്യം ആരംഭിച്ചത് വാളൂര്‍‌ജംഗ്ഷനിലായിരുന്നു. ഒരാഴ്ചക്കുള്ളില്‍ സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളില്‍ വാളൂരിലെ ആണ്‍പടകള്‍ നീലച്ഛിത്രങ്ങള്‍ ഇട്ടുകാണാന്‍ തുടങ്ങിയതോടെ സ്ഥാപനത്തിന്റെ പ്രശസ്തി കുതിച്ചുകയറി.

“എടാ ഈ ബ്ലൂ എവിടെട്ട് കാണാന്‍ പറ്റൂടാ. വീട്ടിലാണെങ്കി എപ്പഴും ആളാ”

“അതിനല്ലേടാ നമ്മടെ മുരളി സാര്‍ വാളൂര്‍ ജംങ്ഷനില്‍ കട ഇട്ടിരിക്കണേ!”

ഈവിധത്തില്‍ ആളുകള്‍ അടക്കംപറഞ്ഞ് തുടങ്ങിയപ്പോള്‍, വലിയപറമ്പ് ശ്രീകൃഷ്ണ തീയേറ്ററില്‍ കുളിരുകോരുന്ന മാറ്റിനിഷോകള്‍ ആളില്ലാതായി നിര്‍ത്തിയപ്പോള്‍ തന്റെ സ്ഥാപനത്തിന്റെ പോക്ക് ശരിയായ ദിശയിലൂടെയല്ലെന്ന് മുരളിക്കും മനസ്സിലായി. അധികം താമസിയാതെ അദ്ദേഹം തന്റെ അരുമസ്ഥാപനം ചെറുവാളൂരിന്റെ തിലകക്കുറിയായ നായര്‍സമാജം ഹൈസ്കൂളിലേക്ക് പറിച്ചുനട്ടു. അതോടെ പച്ചപിടിച്ചുവന്നു.

പക്ഷേ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടര്‍ പഠിക്കുന്നതിന് പകരം പെയിന്റും ചീട്ട്കളിയും ഹൃദിസ്ഥമാക്കി ഭാവിയിലെ വൈറ്റ്വാഷിങ്ങുകാരനും കിലുക്കിക്കുത്തുകാരനുമാകുമെന്ന നിലവന്നപ്പോള്‍ ഇവിടെയും പ്രശ്നങ്ങള്‍ തലപൊക്കി. രണ്ടാംക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ റമ്മിയും അമ്പത്താറും പുല്ലുപോലെ കളിക്കുന്നതുകണ്ടതോടെ പലരും മക്കളെ ‘ഫോക്കസ് ഐടി’യില്‍ പഠിക്കാനയക്കുന്നത് നിര്‍ത്തി. “ഫോക്കസ് ശീട്ടുകളി“യാണ് ആ സ്ഥാപനമെന്ന് അവര്‍ രഹസ്യമായി പറഞ്ഞുനടന്നു .

കുത്തുവാക്കുകളിലും പാരകളിലും മനസ്സ്മടുത്ത ആ യുവാവിനെ പിന്നീട് രക്ഷിച്ചത് വാളൂരിനടുത്തെ കക്കാട്ദേശക്കാരായിരുന്നു. കൃത്യമായി പറഞ്ഞാല്‍ കക്കാടിന്റെ സ്വന്തമായ ‘കല്യാണി ത്രയ‘ങ്ങളില്‍ ഒരാളായിരുന്നു.

കക്കാട്ദേശത്തെ പ്രമുഖകുടുംബമാണ് കര്‍ത്താറവീട്.
നല്ല അസ്സല്‍ ചോന്‍‌മാര്!
കര്‍ത്താറവീട്ടിലെ സന്താനങ്ങളായ മഹേന്ദ്രന്‍, അനിതന്‍, വേണു, ബൈജു എന്നിവരില്‍ കടിഞ്ഞൂല്‍ പേറായ മഹേന്ദ്രന്‍ എന്ന “മഹി” ഒഴിച്ച് ബാക്കിയുള്ള എല്ലാവരും നാട്ടില്‍ അറിയപ്പെടുന്നത് അവരുടെ അമ്മയുടെ പേരും കൂട്ടിച്ചേര്‍ത്ത് പറഞ്ഞാണ്. അതാണ് ‘കല്യാണിത്രയങ്ങള്‍’!

ഒരുവന്‍ : ഡാ നീയാ ബൈജൂനെ കണ്ടാ.
അപരന്‍ : ഏത് ബൈജു?
ഒരുവന്‍ : ഹ്ഹാ... നമ്മടെ കല്യാണി!

കല്യാണിത്രയങ്ങളിലെ ഇളയവനായ ബൈജുവിന്റെ കൂടെ പത്ത്‌വര്‍ഷം പഠിക്കാനുള്ള മഹാഭാഗ്യം കിട്ടിയ ആളാണ് ഫോക്കസ് മുരളി. അതുമൂലമുള്ള വിഷമതകള്‍ പലതായിരുന്നു. കാണുന്ന അവസരങ്ങളിലെല്ലാം “കികികികികി” എന്ന ഭയങ്കരസ്പീഡിലുള്ള ചിരിയെന്ന് പറയാവുന്ന ഒരുശബ്ദം സഹിക്കുകയാണ് അതില്‍ മുഖ്യം.എങ്കിലെന്താ ഫോക്കസ്ഐടി സ്ഥാപനം പൂട്ടിപ്പോകാതിരിക്കാ‍ന്‍ കാരണക്കാരന്‍ കല്യാണിയായിരുന്നു എന്ന് പറഞ്ഞാല്‍ അതാണ് സത്യം.

സാമ്പത്തികപ്രശ്നങ്ങള്‍ മൂലം ഫോക്കസ്‌മുരളി നട്ടംതിരിയുന്ന സമയത്താണ് കല്യാണിബൈജു പെണ്ണ്കെട്ടിയത്. മാപ്രാണം ഏരിയയിലുള്ള ഒരുത്തിയെ എങ്ങിനെയോ അടിച്ചെടുത്തു. പക്ഷേ നാട്ടില്‍ പ്രചാരം ലഭിച്ചത് ‘പെണ്ണിന്റെ വീട്ടുകാര്‍ ആളറിയാതെ കെട്ടിച്ചയച്ചതാണ്‘ എന്നാണ്.

വീട്ടില്‍ വന്നുകയറിയ പുതുപ്പെണ്ണ് ആദ്യദിവസങ്ങളില്‍ ‘ഡള്‍’ ആയിരുന്നെങ്കിലും പിന്നീട് ഉഷാറായി കല്യാണിയുടെ മുന്നില്‍ ഡിമാന്റ്വച്ചു.

“എനിക്ക്... ക്ക് കമ്പ്യൂട്ടര്‍ പഠിക്കണം”

കല്യാണി ആദ്യം “കികികികി” എന്ന സ്പീഡന്‍ചിരി ചിരിച്ചു. പിന്നെ കൂലംകുഷമായി ചിന്തിച്ചു. ഓട്ടോക്ക് പെട്രോളടിക്കാന്‍ കാശില്ല. പിന്നല്ലെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ വിടുന്നത്. പക്ഷേ പുതുപ്പെണ്ണ് ഇടഞ്ഞാല്‍ പലപരിപാടികളും അലങ്കൊലമാകുമെന്ന് മനസ്സിലാക്കിയ കല്യാണി ഹത്യന്തരമില്ലാതെ കളത്രത്തിന് കമ്പ്യൂട്ടര്‍ പഠിക്കാന്‍ അനുവാദം കൊടുത്തു.

അതിന്ശേഷം കക്കാടില്‍‌നിന്ന് ഫോക്കസ് ഐടി എന്ന സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടര്‍ പഠിക്കാനായി ആളുകളുടെ കുത്തൊഴുക്കായിരുന്നു. പനമ്പിള്ളിക്കടവില്‍‌നിന്ന് പരീക്കപ്പാടത്തേക്ക് ഊത്തല്‍(മലവെള്ളം) കയറിയപോലെ. ആ മലവെള്ളത്തില്‍ കീറിയതോര്‍ത്ത് തലയില്‍‌ചുറ്റി ഒറ്റലുകൊണ്ട് കുറുവാപരലിനെ പിടിക്കാനിറങ്ങിയ ഫോക്കസ്‌മുരളിക്ക് കിട്ടിയത് പാറ്റിക്കിടക്കുന്ന ഒരു ഭയങ്കരന്‍ ബ്രാലിനെയായിരുന്നു. അദ്ദേഹമാണ് കക്കാട്ടെ പ്രഗല്‍ഭവക്കീല്‍ അനില്‍പിള്ള എന്ന പിള്ളേച്ചന്‍.

“ങേങേ... പിള്ള കമ്പ്യൂട്ടറ് പഠിക്കാന്‍ പോണ്‌ണ്ടാ! ന്നാ ഞമ്മക്കും പോണം“

ഇതായിരുന്നു നാട്ടിലെ പൊതുവികാരം. ഒടുക്കം തെങ്ങ്‌കയറ്റക്കാരന്‍ വര്‍ക്കിച്ചന്‍ അടക്കമുള്ള സര്‍വജനങ്ങളും ഫോക്കസില്‍ കമ്പ്യൂട്ടര്‍ പഠനത്തിനായി ചേര്‍ന്നു. പഠിത്തത്തിനിടയില്‍ പിള്ളേച്ചന്‍ പലപ്പോഴും മുരളിയെ കൈയാട്ടി വിളിക്കും. എന്തോ അത്യാവശ്യകാര്യമാണെന്ന് കരുതി തിടുക്കത്തില്‍ ചെല്ലുന്ന പ്രൊപ്രൈറ്ററോട് പിള്ളേച്ചന്‍ അപ്പുറത്തെ കസേരയില്‍ ഇരിക്കുന്ന വര്‍ക്കി കേള്‍ക്കാതെ ആരായും.

“ഈ കീബോര്‍ഡീല്‍ 'X' എന്ന ഇംഗ്ലീഷ് അക്ഷരം എവിടെയാ? കാണാനില്ലല്ലാ മുരളി...”

ഈ റേഞ്ചിലുള്ള നാനാവിധചോദ്യങ്ങള്‍ മൂലം അവശനായെങ്കിലും തല്‍ക്കാലം തട്ടിമുട്ടി പോകാന്‍ ഫോക്കസ്‌മുരളി തീരുമാനിച്ചു.

അങ്ങിനെ ഉറപ്പായിരുന്ന തകര്‍ച്ചയില്‍നിന്ന്, കുലയിടത്തെ കണ്ടത്തില്‍ വീണ കണ്ണാമ്പലത്ത് രാജന്‍പിള്ളയെപ്പോലെ, ഫോക്കസ് ഐടി എഴുന്നേറ്റ്വന്ന സമയത്താണ് ഒന്നരവര്‍ഷത്തെ അനന്തപുരിയിലെ ജീവിതത്തോട് ഗുഡ്‌ബൈ പറഞ്ഞ് അപ്പുക്കുട്ടന്‍ എന്ന യുവാവ് നാട്ടിലെത്തുന്നത്. പുതിയ തൊഴിലന്വേഷണത്തിന്റെ ഭാഗമായി, പിള്ളേച്ചന്‍‌വക്കീല്‍ പറഞ്ഞപ്രകാരം, ഒരു ബയോഡാറ്റ തയ്യാറാക്കാന്‍ തീരുമാനിച്ചു. പക്ഷേ എങ്ങനെ തയ്യാറാക്കണം, ഏത് രൂപത്തില്‍ അവതരിപ്പിക്കണം എന്ന കാര്യങ്ങളില്‍ തികഞ്ഞ അവ്യക്തതയായിരുന്നു. എങ്കിലും ഒരാഴ്ചക്കുള്ളില്‍ അപ്പുക്കുട്ടന്‍ ഒരു‍ റെസ്യൂമിന് സ്വയം ഏകദേശരൂപം കൊടുത്തു. ‘റഫ്ആയി അത് കടലാസിലേക്ക് പകര്‍ത്തി എഴുതുകയുംചെയ്തു.

കടലാസിലേക്ക് പകര്‍ത്തിയ ബയോഡാറ്റയുടെ സോഫ്റ്റ് കോപ്പി എങ്ങിനെ ഉണ്ടാക്കുമെന്ന് അപ്പുക്കുട്ടന് ഒരു എത്തും‌പിടിയും കിട്ടിയില്ല. ടൈപ്പ് ചെയ്തെടുക്കാന്‍ നാട്ടില്‍‍ ഒറ്റകമ്പ്യൂട്ടറില്ല. രണ്ടുദിവസം അന്വേഷിച്ച് നടന്നതിന്റെ ഫലമായി കാതിക്കുടത്തെ പരിചയമുള്ള ഒരു വീട്ടില്‍ കമ്പ്യൂട്ടര്‍ ഉണ്ടെന്ന് അറിവ്‌കിട്ടി. കമ്പ്യൂട്ടറിന് പുറമേ രണ്ട് പെണ്‍കുട്ടികളും ഉണ്ട്. അതുകൊണ്ട് പോകാന്‍ മനസ്സില്‍ തോന്നിയില്ല. കാലക്കേടിന് അവര്‍ക്ക് “എന്തേലും” തോന്നിയാലോ?

മൂന്നാംദിവസം രാവിലെ കല്യാണിബൈജു പത്രംവായിച്ച് ഓസിന് കട്ടന്‍ചായ കുടിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ കാര്യം പറഞ്ഞു. ഡിമാന്റ് കേട്ടതും പുള്ളിയാദ്യം “കികികികി” എന്ന് ഒരുമിനിറ്റ് നിര്‍ത്താതെ ചിരിച്ചു. പിന്നെ ചായമൊത്തി ചിറിതുടച്ചു.

“എന്റെ ക്ലോസ്‌ഫ്രെന്റ് വാളൂര്‍സ്കൂളില്‍ എണ്ണംപറഞ്ഞ ഇന്‍സ്റ്റിറ്റ്യൂട്ട് ഇട്ടിട്ടുണ്ട്. അവിടെപോയി ഫ്രീയായി ടൈപ്പ് ചെയ്തോ. ഞാനെല്ലാം പറഞ്ഞോളാം”

അപ്പുക്കുട്ടന്‍‍ വണ്ടറടിച്ചു. ഒരു തല്ലിപ്പൊളി ഓട്ടോറിക്ഷ ഓടിക്കുന്ന കല്യാണിക്ക് ഇത്രയും കണക്ഷനുകളോ!. ശിവശിവ.

കല്യാണി വീണ്ടും ഓര്‍മിപ്പിച്ചു.

“പിന്നെ ആള്‍ടെ അട്ത്ത് സൂക്ഷിച്ച് ഇടപെടണംട്ടാ അപ്പ്വോ. ഇഷ്ടന്‍ ഗൌരവക്കാരനാണ്. ധിരുബായ് അംബാനി കട്ട്“

അന്നുവൈകീട്ട് നാലരയോടെ അപ്പുക്കുട്ടന്‍‍ ‘എണ്ണംപറഞ്ഞ’ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തി. എല്ലാ ടീച്ചേഴ്സും സ്കൂള്‍ വിട്ടതിനാല്‍ തന്റെ കലാലയസ്മരണകളെ താലോലിച്ച് കുറച്ച്സമയം ക്ലാസ്സ്മുറിയില്‍ ഇരുന്നു.

അപ്പോള്‍ ചുവന്ന പള്‍സറില്‍ കടുംചുവപ്പ് ഷര്‍ട്ട് ധരിച്ച് കത്തിവേഷത്തില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നില്‍ വന്നിറങ്ങി. ഡ്രാക്കുളസ്റ്റൈല്‍ നീണ്ടമൂക്കും സൊയമ്പന്‍ താടിയും അദ്ദേഹത്തിന്റെ ഗ്ലാമറിന് മാറ്റുകൂട്ടി. അര്‍ണോള്‍ഡ് ഷ്വാര്‍ഗനൈസറെപ്പോലെ സ്റ്റൈലില്‍ കാകുകള്‍ വിടര്‍ത്തി വണ്ടിയില്‍‌നിന്ന് ഇറങ്ങിയ അദ്ദേഹം കുറച്ച്ദൂരം ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെ നടന്നിട്ട് വീണ്ടും വണ്ടിയുടെ അരുകിലേക്ക് വന്നു. ചുറ്റിലും ആരുമില്ലെന്ന് ഉറപ്പുവരുത്തി കോലന്‍ചീപ്പ് കൊണ്ട് താടിയുംമീശയും ഈരിയൊതുക്കി.

റിയര്‍വ്യൂ മിററില്‍ നോക്കി എല്ലാം ഭദ്രമെന്ന് ഉറപ്പിച്ച് വീണ്ടും പരിസരങ്ങളിലേക്ക് ശ്രദ്ധിച്ചപ്പോഴാണ് ക്ലാസ്സ്മുറിയിലിരുന്ന് അപ്പുക്കുട്ടന്‍ എല്ലാം ശ്രദ്ധിക്കുന്നത് അദ്ദേഹം മനസ്സിലാകിയത്. ശക്തമായി ഞെട്ടിയതിനാല്‍ കോലന്‍ചീര്‍പ്പ് കയ്യില്‍‌നിന്ന് താഴെവീണു. പുറംതിരിഞ്ഞ് കണ്ണടഊരി നിറഞ്ഞ കണ്ണുകള്‍ ഒപ്പി. പിന്നെ മഴനനഞ്ഞ കോഴിയേപ്പോലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നടന്നുകയറി.

കുറച്ച് സമയംകൂടി സ്കൂള്‍‌സ്മരണകളില്‍ മുഴുകി അപ്പുക്കുട്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നടന്നു.
വാതില്‍ തുറന്ന് അകത്തുകയറി. ‘എസി‘യുടെ അപാരതണുപ്പ് മൂലം തണുത്ത് വിയര്‍ത്തു. ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍ നിയന്ത്രിക്കുന്ന കമ്പ്യൂട്ടറും കറങ്ങുന്ന കസേരയുമുള്ള ‘റിസപ്ഷനില്‍’ ആരുമില്ലായിരുന്നു.

കുറച്ചകലെ മൂന്ന്കുട്ടികള്‍ കമ്പ്യൂട്ടറിന് മുന്നില്‍ മൌസ് താഴേക്ക് തൂക്കിയാട്ടി രസിക്കുന്നു. ഒപ്പം മോണിറ്ററില്‍ എന്തോ ഇളകുന്നത്കണ്ട് അതില്‍ തുറിച്ച് നോക്കുന്നുമുണ്ട്. പള്‍സറില്‍വന്ന വ്യക്തി ആ കുട്ടികള്‍ക്ക് എന്തോ പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുന്നു. പക്ഷേ കുട്ടികള്‍ അദ്ദേഹത്തിന്റെ സാമീപ്യം അറിഞ്ഞമട്ടില്ല.

അപ്പുക്കുട്ടന്‍ ഒന്ന് മുരടനക്കി. അദ്ദേഹം തലവെട്ടിച്ച് നോക്കി.

“എനിക്ക് മുരളിച്ചേട്ടനെ ഒന്ന് കാണണമായിരുന്നു”

അപ്പുക്കുട്ടന്‍‍ പരമവിധേയത്വത്തോടെ പറഞ്ഞതുകേട്ട് അദ്ദേഹം എഴുന്നേറ്റു അരികിലേക്ക് വന്നു.

“എന്താ?”

”എനിക്ക് മുരളിച്ചേട്ടനെ ഒന്ന് കാണണമായിരുന്നു.”

അദ്ദേഹം വീണ്ടൂം മുന്നോട്ട് രണ്ടടിവച്ച് ചോദിച്ചു.

“എന്താന്ന്?”

അപ്പുക്കുട്ടന് ചെറുതല്ലാത്ത പേടിതോന്നി. രണ്ട്ചുവട് പിന്നോട്ട്മാറി അദ്ദേഹത്തെ ആകമാനം ചുഴിഞ്ഞു നോക്കി. എന്തോ പിശകുപോലെ.

“എനിക്ക് മുരളിച്ചേട്ടനെ...”

പെട്ടെന്ന് അദ്ദേഹം പെരുവിരല്‍ സ്വന്തം നെഞ്ചിലേക്ക് ചൂണ്ടി കേരളകോണ്‍ഗ്രസ് നേതാവ് മാണിസാറിനെപ്പോലെ പറഞ്ഞു.

“ഞാനാണ് മുരളി സാര്‍..!!!”




“ഹഹഹഹഹ്”
ഞാന്‍ മനസ്സില്‍ ചിരിച്ചു. ഇതങ്ങ്ട് നേരത്തെ പറഞ്ഞാ മത്യാര്‍ന്ന്. എന്നട്ടണ്.
ഇനീപ്പോ ‘മുരളി സാര്‍‘ ന്ന് ആളെ വിളിക്കാണ്ടിരിക്കാന്‍ പറ്റ്വോ..?
ഇങ്ങോട്ട് പറഞ്ഞില്ലേ സാ‍റാ‍ണെന്ന്..!

ഞാന്‍ അപ്പോ നടുഭാഗം ചെറുതായി വളച്ച് എനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞു.
‘ബയോഡാറ്റ, കല്യാണി ബൈജു, ടൈപ്പിംങ്...‘ അങ്ങിനെ എല്ലാം.

അദ്ദേഹം ശ്വാസം കടിച്ച് പിടിച്ച് ഗൌരവം വിടാതെ പറഞ്ഞു, യാതൊരു മയവുമില്ലാത്ത സ്വരത്തില്‍.

“ആ സിസ്റ്റം ഉപയോഗിച്ചു കൊള്ളൂ...”

അവിടെ ഒരു മൂലക്ക് കൈയില്ലാത്ത ഒരു കസേരയില്‍ ഇരുന്ന് ഞാന്‍ അക്കാലത്ത് എനിക്ക് തീരെ പരിചയമില്ലാത്ത മൈക്രോസോഫ്റ്റ് വേഡുമായി മല്ലടിക്കുമ്പോള്‍ അദ്ദേഹം കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കായിരുന്നു. ഒന്നു ഹെല്‍‌പ് ചെയ്തൂടാ അങ്ങേര്‍ക്ക്.

ഞാന്‍ ഓട്ടക്കണ്ണിട്ട് സാറിനെ നോക്കി. അപ്പോ മനസ്സിലായി സാര്‍ ഇങ്ങോട്ടും ഓട്ടക്കണ്ണിട്ട് നോക്കാണ്.

ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഞാന്‍ ബയോഡാറ്റ തയ്യാറാക്കി എഴുന്നേറ്റു. പോകുന്നതിന് മുമ്പ് സാറിനോടൊരു നന്ദി പറഞ്ഞേക്കാമെന്ന് കരുതി ഞാന്‍ അടുത്തേക്ക് ചെന്നു.

അദ്ദേഹം മൈന്‍ഡ് ചെയ്യുന്നില്ലെങ്കിലും ഞാന്‍ പറഞ്ഞു.

“സാര്‍ താങ്ക്‍സ്”

ഏതോ പുസ്തകത്തില്‍ തല കുനിച്ചിരിക്കുകയായിരുന്ന സാര്‍ പെട്ടെന്ന് ഞെട്ടി തലയുയര്‍ത്തി നോക്കി.

“ങേ... ഹേഏഏയ്. അമ്പതു രൂപ..!!!”

ഞാന്‍ മനസ്സില്‍ പറഞ്ഞു.

“ഹ... ഇതെന്തൊരു തൊല്ല. ഫ്രീയായി ചെയ്തോളാനാ കല്യാണി പറഞ്ഞെ. അപ്പോ ദേ ഇങ്ങേര്‍ കാശ് ചോദിക്കണ്.“

അതും ഒരു മണിക്കൂറിന് 50 രൂപ..!
കറന്റ് കാശ് അടക്കാന്‍ തന്ന രൂപ പോക്കറ്റില്‍ നിന്ന് എടുത്ത് കൊടുത്തു.

അദ്ദേഹം അത് തിടുക്കത്തില്‍ വാങ്ങിയിട്ട് മേശവലിപ്പില്‍ നിന്ന് അനേകം നോട്ടുകള്‍ക്കിടയില്‍ നിന്ന് ഒരു 50 രൂപ നോട്ട് വലിച്ചെടുത്തു തന്നു. എന്നിട്ട് കൈകൊണ്ട് ബൈ പറഞ്ഞു.

വൈകീട്ട് കല്യാണിയെ മര്യാദാമുക്കില്‍ വച്ച് കണ്ടപ്പോ ഞാന്‍ ഫയര്‍ ചെയ്തു. ഒരു മണിക്കൂറിന് അമ്പത് രൂപ. എന്റെ വീ‍ട്ടില്‍ പിടിച്ച് കുലുക്കിയാ കാശ് കിട്ടണ മരമല്ലേ ഒള്ളത്.

കല്യാണി കൈകള്‍ രണ്ടും തോളില്‍ പിണച്ച് വച്ച് അക്കിടി പറ്റിയ പോലെ നിന്നു, ഒന്നും പറയാതെ.

മാസങ്ങള്‍ പിന്നേയും കടന്നു പോയിക്കൊണ്ടിരുന്നു. HCL കമ്പനി വിളിക്കുന്നതും നോക്കി കാത്തിരുന്ന മാസങ്ങള്‍. ആ മാസത്തിനിടയില്‍ ഫോക്കസ് ഐടി എന്ന സ്ഥാപനം കുതിച്ച് കേറി.

തെങ്ങ്‌കേറ്റക്കാരന്‍ വര്‍ക്കി തെങ്ങ് കേറാന്‍ പോയ സ്ഥലങ്ങളിലൊക്കെ കമ്പ്യൂട്ടര്‍ സെന്ററിനെപ്പറ്റി പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞ് പരമാവധി പബ്ലിസിറ്റി കൊടുത്തു. പ്രത്യുപകാരമായി വര്‍ക്കിയ്ക്ക് ഫോക്കസ് മുരളി ഫീസിളവ് കൊടുത്തു.

അങ്ങിനെ തൈക്കൂട്ടം, കാതിക്കുടം എന്നിവിടങ്ങളില്‍ നിന്ന് വന്ന പഠിതാക്കളെ താങ്ങാനായി മറ്റൊരു അദ്ധ്യാപകനെക്കൂടെ ഫോക്കസ് മുരളി നിയമിച്ചു. വീടിന്റെ ഒരു ഭാഗം പൊളിച്ച് പണിതു സൂപ്പറാക്കി.

നാട്ടുകാര്‍ സ്വകാര്യമായി പറഞ്ഞു നടന്നു.

“മുരളി മാഷ് ദേ ശശിച്ചേട്ടന്റേന്ന് 10 ഏക്കറ് തെങ്ങ്‌തോട്ടം വാങ്ങാന്‍ പോണ്ന്ന്. കാശ് റൊക്കമാ എണ്ണിക്കൊടുത്തേ. അറിയ്‌വോ..? ശുക്രനാ തെളിഞ്ഞിരിക്കുന്നേ…”

മാഷിന് കൊരട്ടിയില്‍ വേറെയൊരു സെന്റര്‍ ഇടാനും പ്ലാനുണ്ടെന്നും വര്‍ക്കിയെ തെങ്ങ്‌ കയറാന്‍ അങ്ങോട്ടേക്ക് വിടാന്‍ പോവാന്നും ഒരു പറച്ചിലുണ്ടായി.

നാട്ടുകാരൊക്കെ അടക്കം പറഞ്ഞ് തുടണി.

“അരിയമ്പുറത്തെ അം‌മ്പാനിയാവാനാണെന്നാണ് സാറിന്റെ പുറപ്പാടെന്ന് തോന്നുന്നു.”

ആദ്യം പറഞ്ഞത് ലൈന്‍‌മാന്‍ അഴകപ്പനാണെന്നും, അഴകപ്പന്റെ മുന്‍പരാമര്‍ശങ്ങള്‍ക്ക് വിധേയരായവര്‍ ചെറുവാളൂര്‍ ജം‌ങ്ഷനിലെ പീടികകളുടെ തിണ്ണയില്‍ കരു കളിച്ചും കാലിച്ചായ കുടിച്ചും ജീവിക്കുകയാണെന്ന് അറിയാമായിരുന്ന ഫോക്കസ് മുരളി ഉടന്‍ തന്നെ ഒരു ശത്രുസംഹാരപൂജയൊക്കെ കഴിച്ചെങ്കിലും അഴകപ്പന്റെ കരിനാക്കിനെ തടയാന്‍ അത് പോരായിരുന്നു.
അഴകപ്പന്റെ നാക്ക് കൊണ്ടേ പോകൂ..!!!

ഏപ്രില്‍ മാസത്തിലാണ് അത് സംഭവിച്ചത്.
കക്കാട് ദേശത്തെ പ്രധാന ഉത്സവമായ അയ്യങ്കോവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം വിളക്കിന്റെ അന്ന്.

രാത്രി 10 മണിക്ക് ഓസീന്‍ കമ്പനിക്ക് മുന്നിലുള്ള പടമാന്‍ വീട്ടുകാരുടെ വിശാലമായ പറമ്പില്‍ കൊച്ചിന്‍ ബീറ്റേഴ്സിന്റെ അടിപൊളി ഗാനമേളയായിരുന്നു.

കാതിക്കുടം, അന്നനാട്, കുലയിടം, കാടുകുറ്റി, വെസ്റ്റ് കൊരട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള പുരുഷാരം മുഴുവന്‍ മൈതാനത്ത് നിരന്നിട്ടും പിന്നില്‍ ധാരാളം സ്ഥലമുണ്ടായിരുന്നു. അവിടെയാണ് ഗാനമേള പുരോഗമിക്കുന്തോറും സംഘര്‍ഷം ഉണ്ടായത്.

ചെറുവാളൂര്‍ ദേശത്തുള്ള ചില പിള്ളേര്‍ പബ്ലിസിറ്റിക്ക് വേണ്ടി ചെറാലക്കുന്നുകാരുമായി ഒന്ന് ചെറുതായി കോര്‍ത്തു. സംഗതി ഇവിടെ തീരുമായിരുന്നു.

പക്ഷേ...
അടി കിട്ടിയവരില്‍ ചെറാലക്കുന്നിന്റെ ദാദയായ തമ്പിയും ഉണ്ടായിരുന്നെന്ന് ഒരു ശ്രുതി പെട്ടെന്ന് ഉത്സവപ്പറമ്പില്‍ പരന്നു. ഏതാണ്ട് എല്ലാ എടാകൂടങ്ങളിലും തമ്പി ചെന്ന് പെടാറുള്ളത് കൊണ്ട് കേട്ടവര്‍ ആരും ഈ വാര്‍ത്ത അവിശ്വസിച്ചുമില്ല. ഇതോടെ സംഗതികള്‍ക്ക് ഒരു അപ്രവചനീയത കൈവന്നു. ഇനി എന്തും സംഭവിയ്ക്കം എന്ന നില.

കാതിക്കുടം, തൈക്കൂട്ടം, അന്നനാട് ഏരിയകളില്‍ വ്യാപകമായ കണക്ഷന്‍ ഉള്ള തമ്പിയെ തല്ലിയെന്ന് കേട്ടതും സത്യസ്ഥിതി അന്വേഷിച്ചറിയാതെ തന്നെ തമ്പിയുടെ സുഹൃത്തുക്കള്‍ വാളൂരിലെ പിള്ളേരെ തിരിച്ചടിച്ചു. വാളൂര്‍കാരെ തല്ലുന്നത് അരിയമ്പുറം ഏരിയക്കെതിരെയും ഉള്ള ഒരു നീക്കമായതുകൊണ്ട് എല്ലാതും ഒരു കൂട്ടത്തല്ലിലാണ് കലാശിച്ചത്.

ഒടുക്കം...
ഒടുക്കം, കക്കാട് ദേശക്കാരുടെ ഉത്സവം അലങ്കോലമാക്കാന്‍ വന്ന രണ്ട് കൂട്ടരേയും അമ്പലക്കമ്മറ്റിയിലേയും സമീപപ്രദേശങ്ങളിലേയും 60 ഓളം ചെറുപ്പക്കാര്‍ ആശാന്‍ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ വളഞ്ഞിട്ട് അടിച്ചു.

ഉത്സവം കാണാന്‍ വന്നവരൊക്കെ ഉടനെ കമ്മറ്റിക്കാരായി എന്ന് പറയുന്നതാ ഭേദം. ചുമ്മാ ഒരുത്തനെ തല്ലാന്‍ കിട്ടണ അവസരം ആരാ പാഴാക്കുക.

ഈ സംഘടനത്തില്‍ ഏറ്റവും പരിക്ക് പറ്റിയവര്‍ ചെറാലക്കുന്നുകാരും വാളൂര്‍കാരും ആയിരുന്നു.
പലരും ആശുപത്രിയില്‍ ആയിരുന്നു ഒന്ന് രണ്ടാഴ്ച. കക്കാടിലെ പിള്ളേര്‍ക്ക് കമ്മറ്റിക്കാരായതിനാല്‍ കാര്യമായി ഒന്നും പറ്റിയില്ല.

ഈ സംഭവമാണ് ഫോക്കസ് ഐടി എന്ന സ്ഥാപനം പൂട്ടുന്നതിലേക്ക് നയിച്ചത്.

കക്കാട് നിന്ന് ഏതൊരു വ്യക്തിയും ചെറുവാളൂരിലെത്തിയാല്‍ തല്ലു കിട്ടുമെന്ന അവസ്ഥ. ഫോക്കസ് ഐടിയില്‍ പഠിക്കാന്‍ വരുന്നതില്‍ ബഹുഭൂരിഭാഗം പേരും കക്കാട്, കാതിക്കുടം ദേശക്കാരായതിനാല്‍ ഇവരുടെ അഭാവം ആ സ്ഥാപനത്തിന്റെ നടത്തിപ്പിന്മേലുള്ള ഒരു കനത്ത പ്രഹരമായിരുന്നു.

തല്ലുകേസില്‍ ഒന്നുമില്ലെങ്കിലും സ്വന്തം തടി നോക്കുന്നതില്‍ അപാരശ്രദ്ധയുള്ള പിള്ളേച്ചന്‍ വക്കീല്‍ കമ്പ്യൂട്ടര്‍ പഠനം ഉടന്‍ അവസാനിപ്പിച്ചു. കമ്മറ്റിക്കാരുടെ കൂടെ നിന്ന് അടിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന വര്‍ക്കി താമസം തല്‍ക്കാലത്തേക്ക് പൂലാനിയിലെ ഭാര്യവീട്ടിലേക്ക് മാറ്റി.

ചെറുവാളൂരിന് തൊട്ടുകിടക്കുന്ന കക്കാട്ദേശക്കാരില്‍ പലരും താമസം അമ്പലത്തിനടുത്തുള്ള വാടകവീട്ടിലേക്ക് മാറ്റി. സ്പോഞ്ച് മെത്തയിലും മറ്റും കിടന്ന് ശീലമുള്ളവര്‍ വെറും മാര്‍ബിള്‍ നിലത്ത് കടലാസ് വിരിച്ച് കിടന്ന് ശീലിച്ചു. ഒരു കോളിംഗ് ബെല്‍ അടിച്ചാല്‍ പോലും അവര്‍ ഞെട്ടിവിറച്ചിരുന്ന കാലം.

സംഘര്‍ഷം അയയാന്‍ മാസങ്ങള്‍ എടുത്തു. അപ്പോഴേക്കും ഫോക്കസ് ഐടി എന്ന സ്ഥാപനം പൂട്ടിപ്പോയി. അതിന്റെ ജീവാത്മാവായ മുരളി എന്ന യുവാവ് ഖത്തറിലേക്ക് അതിജീവനാര്‍ത്ഥം പാലായനവും ചെയ്തു.


കാലം പിന്നേയും കുറേ കടന്നു പോയി. ഈയുള്ളവന്‍ ബാംഗ്ലൂരിലെത്തി ബ്ലോഗ് ലോകത്തില്‍ പിച്ചവച്ച് തുടങ്ങിയ സമയം. അന്നൊരിക്കല്‍ പദ്മരാജനെക്കുറിച്ചെഴുതിയ ഒരു പോസ്റ്റില്‍ അപ്രതീക്ഷിതമായി ഒരു കമന്റ്.

പഴയ ഫോക്കസ് മുരളി എന്ന മുരളി സാറിന്റെ.
നമ്മുടെ വാളൂരാന്റെ..!

സൌഹൃദം വീണ്ടും തളിര്‍ത്തു. ഇപ്പോള്‍ എനിക്ക് മറ്റൊരു ബലമായി, കൈത്താങ്ങാ‍യി മുരളി സാറുമുണ്ട് മുന്‍‌നിരയില്. നന്ദി, ഈ സഹകരണത്തിന്..!


നാണുവിന് ശേഷം ഉപാസനയുടെ വാളൂര്‍ വിശേഷത്തില്‍ ഇത്തവണ അതിഥിയായി എത്തിയിരിക്കുന്നത് വാളൂരാന്‍ അവര്‍കള്‍.
വായിക്കുക, അഭിപ്രായമറിയിക്കുക...