Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, December 14, 2008

സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ - 2

ശ്രദ്ധിക്കുക: ‘സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ – I‘ എന്ന എന്റെ മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

വൈകീട്ട് ഇയ്യാത്തുംകടവിലെ കലക്കൽവെള്ളത്തിൽ കുളിക്കുകയായിരുന്ന ആശാനോടു മമ്മദ്ഹാജി സംശയങ്ങൾ നിരത്തി.

“കുട്ടാ... കഴിഞ്ഞ മാസം എന്റെവീട്ടീ ഒന്നാന്തി കേറീത് ആരാന്നറിയോ?“

കക്ഷത്തിൽ സോപ്പിട്ട് പതപ്പിക്കുകയായിരുന്ന ആശാൻ പെട്ടെന്നു ആ പരിപാടി നിര്‍ത്തി. ആകാംക്ഷഭരിതനായി. “ആരാടാ മമ്മദേ?”

ചുറ്റിലും ആരുമില്ലെന്നു ഉറപ്പുവരുത്തി മമ്മദ്‌ഹാജി ശബ്ദം താഴ്ത്തി പറഞ്ഞു. “ഇല്ലത്തെ മുരളിക്കുഞ്ഞ്. കൊഴപ്പോന്നൂണ്ടാവില്യാന്നാ ഞാങ്കരുത്യെ. പക്ഷേ കഴിഞ്ഞ ഒരു മാസായിട്ട് പച്ച തൊട്ടട്ടില്ല. ആകെക്കൂടെ ഒരു എനക്കേട്”

ഒന്നുനിര്‍ത്തി ഹാജി പൂരിപ്പിച്ചു. “ഇനീപ്പോ ആശാനൊന്ന് സൂക്ഷിച്ചോണം. വീടിന്റട്‌ത്തല്ലേ ഇല്ലം“

ഫ്ലാഷ്ബാക്കായി എല്ലാം ഓര്‍ത്തതും കുട്ടനാശാൻ ചാരുകസേരയില്‍നിന്നു ചാടിയെഴുന്നേറ്റു. അഴിഞ്ഞുപോയ മുണ്ടും താഴെവീണ തോര്‍ത്തും വാരി വീടിനകത്തേക്കു ഓടി. പക്ഷേ ഓർമകൾ പിടിവിടാന്‍ വൈകിയതിനാൽ അകത്തേക്കു ഓടിമറയാനുള്ള ആശാന്റെ ശ്രമം, വാതില്‍പ്പടിയിൽ എത്തിയപ്പോൾ, മുരളിയണ്ണന്റെ ‘ആശാ‍നേയ്‘ എന്ന നീട്ടിയ വിളിയില്‍തട്ടി പാഴായി. വാതില്‍പ്പടിയിൽ വീണ തോര്‍ത്തുമുണ്ട് കുനിഞ്ഞെടുത്തു ശക്തിയായി കുടഞ്ഞു ആശാൻ തോളിലിട്ടു. ഓട്ടത്തിന്റെ ജാള്യം പുറത്തുകാണിക്കാതെ നെഞ്ചത്തെ രോമക്കാടിൽ വിരലുകളോടിച്ചു അന്വേഷിച്ചു.

“എന്താ മുരളീ... കാലത്തന്നെ?”

മുരളിയണ്ണൻ മറുപടി പറഞ്ഞില്ല. പകരം വലതുകൈയിലെ പെരുവിരലും ചൂണ്ടുവിരലും പരമാവധി അകത്തി, ചുണ്ടിനോടു ചേർത്തു തീവണ്ടി ഓടിയ്ക്കുന്ന ശബ്ദമുണ്ടാക്കി. കൊച്ചുകുട്ടികളെപ്പോലെ മുറ്റത്തു രണ്ടുറൌണ്ട് ഓടി.

“കൂയ് ഛുക് ഛുക് ചുക്ക്. കൂയ് ഛുക്...”

ഡ്രൈവിങ്ങ് പഠിക്കാൻ ഇറങ്ങിയതാണെന്നു അറിഞ്ഞപ്പോൾ കട്ടനാശാന്റെ മനസ്സിൽ ഉള്‍ക്കിടിലമുണ്ടായി. അതു പുറത്തുകാണിക്കാതെ ആശാന്‍ ഗൌരവം നിറഞ്ഞ മുഖത്തോടെ ചാരുകസേരയിൽ വന്നിരുന്നു.

“ചാലക്കുടി സജീഷില് പഠിക്കാൻ പോയിട്ടെന്തായി മുരളീ?”

മുരളിയണ്ണൻ പുറം ചൊറിഞ്ഞു. “ഓ... എന്താവാനാ ആശാനേ. അവർക്ക് കാശിമ്മേണ് നോട്ടം”

കയ്യിലുണ്ടായിരുന്ന പത്രംമടക്കി നിലത്തിട്ടു ആശാൻ മുരളിയെ കൂര്‍പ്പിച്ചുനോക്കി. പിന്നെ ചാരുകസേരയിൽ മുന്നോട്ടാഞ്ഞു, കാല്പാദം വക്കാനുള്ള പടിയിൽ കൈത്തലം ആഞ്ഞടിച്ചു ഉച്ചത്തിൽ ആരാഞ്ഞു.

“നീയോടിച്ച വണ്ടി ചാലക്കുടിപ്പാലത്തിന്റെ കൈവരീമേണ് ഇടിച്ച് നിന്നേന്നും, ഇടീടെ ഫോഴ്സില് സജീഷിലെ ആശാൻ പൊഴേലേക്ക് ഡൈവ് ചെയ്തെന്നും കേട്ടല്ലോ”

മുരളിയണ്ണന്റെ ഉള്ളിൽ ആന്തലുണ്ടായി. ആശാന്‍ ഇതെങ്ങനെ അറിഞ്ഞു. ആദ്യത്തെ അമ്പരപ്പിനുശേഷം കാര്യങ്ങളെല്ലാം നിഷേധിച്ചു. “കിംവദന്ത്യാ ആശാനേ. ആശാനതൊന്നും വിശ്വസിക്കര്ത്. ഞാനത്തരക്കാരനൊന്ന്വല്ല”

കുട്ടനാശാന് കൂടുതൽ എന്തെങ്കിലും ചോദിക്കാൻ സമയം കിട്ടുന്നതിനുമുമ്പ് മുരളിയണ്ണൻ കഴിഞ്ഞകൊല്ലം പിഷാരത്ത് അമ്പലത്തിലെ ഉത്സവത്തിനു വാങ്ങിയ പത്തുരൂപയുടെ പ്ലാസ്റ്റിക്ജീപ്പ് ദക്ഷിണയായി കാല്‍ക്കൽ വച്ചു. അതോടെ കുടുങ്ങിയെന്നു ആശാനും ഉറപ്പിച്ചു. നനഞ്ഞില്ലേ എന്നാലിനി കുളിച്ചുകയറാമെന്നു കരുതി, കൈത്തണ്ടയും ചുമലും ചൊറിഞ്ഞു ആശാൻ കാര്യം പറയാതെ പറഞ്ഞു.

“ദക്ഷിണ ഇതിലൊന്നും നിര്‍ത്തരുത് മുരളീ”

കാര്യം മനസിലാക്കിയ ശിഷ്യന്‍ പ്രതിവചിച്ചു. “ആശാനേ... ആശാൻ പറ. എന്താ വേണ്ടെ. ഹാഫാണോ ഫുള്ളാണോ?”

ആശാന്‍ ഉദാരമതിയായി. “നിന്നെക്കൊണ്ടാവണത് മതി. രണ്ടായാലും എനിയ്ക്ക് തൊണ്ട നനയാനില്ല”

ഒരു വമ്പന്‍ കോട്ടുവായിട്ട് ആശാൻ കാര്യത്തിലേക്കു കടന്നു. “ഏത് വണ്ടി ഓടിയ്ക്കാനാ മുരളീ പ്ലാൻ?”

“ആശാനേ ജീപ്പാണ്”

കുട്ടനാശാന്‍ അമ്പരന്നു. “ജീപ്പോ! ഇന്നത്തെക്കാലത്ത് ജീപ്പൊക്കെ ഓടിക്കാൻ പഠിച്ചട്ട് എന്താവാനാടാ?”

“ഒരെണ്ണം വാങ്ങാൻ പ്ലാന്ണ്ട്. അതല്ലേ...”

“വാങ്ങീട്ട് എവടെട്ട് ഓടിക്കാനാ‍ മുരളി ഈ ഓണം കേറാമൂലേല്?“

സംഗതി ശരിയാണല്ലോ എന്നോര്‍ത്ത് ആദ്യം പകച്ചെങ്കിലും പെട്ടെന്നു മുരളിയണ്ണന്റെ മുഖം പ്രകാശിച്ചു. “കൊരട്ടിമുത്തീടെ പള്ളിപ്പെരുന്നാളിന് അങ്ങടുമിങ്ങടും ഷിഫ്റ്റ് അടിക്കാലോ ആശാനേ”

ആശാന്റെ കണ്ണുകൾ കലങ്ങിച്ചുവന്നു. “അതോണ്ടെന്താവാനാടാ. കൊല്ലം മുഴ്വോൻ പള്ളിപ്പെരുന്നാളാ”

“അല്ലാത്തപ്പോ ആന്റൂന്റെ ഷാപ്പിലേക്ക് കള്ളിന്റെ ക്യാനുകൾ സപ്ലൈ ചെയ്യാം. അത്രന്നെ“ ഒന്നുനിര്‍ത്തി ആവേശത്തോടെ പൂരിപ്പിച്ചു. “കള്ളിനല്ലേ ആശാനേ ഇപ്പ ഡിമാന്റ്”

അതു ശരിയാണെന്ന അര്‍ത്ഥത്തിൽ ആശാൻ തലകുലുക്കെ മുരളിയണ്ണൻ അലക്ഷ്യമായി മറ്റൊരു പദ്ധതികൂടി മുന്നില്‍വച്ചു. “പിന്നെ കൊറച്ച് സ്കൂൾ പിള്ളേരെ കിട്ട്വോന്ന് നോക്കണം. ആശാന്റെ വീട്ടിലൊള്ള മുഴ്വോൻ പിള്ളേരേം ഇപ്പഴേ ബുക്കു ചെയ്യാണ് ഞാൻ”

കാലത്തായിട്ടും ആശാന്‍ വിയര്‍ത്തു. മൂക്കിന്റെ തുമ്പത്തു വിയര്‍പ്പുമണികൾ പറ്റിപ്പിടിച്ചു.
‘അവരെ സ്കൂളീ വിടണത് നിര്‍ത്താൻ പോവാ മുരളീ. പഠിപ്പിക്കാനൊക്കെ ഇപ്പ എന്താ ചെലവ്”

ഒടുക്കം ആശാൻ പറഞ്ഞുനിര്‍ത്തി. “എന്നാപ്പിന്നെ നീ നാളെ സ്കൂൾ ഗ്രൌണ്ടീ വാ. ഞാൻ സനീഷിനോട്...“

ആശാനെ മുഴുമിക്കാന്‍ സമ്മതിക്കാതെ മുരളി ഇടക്കുകയറി പറഞ്ഞു. “ആശാ‍നേ സനീഷ് വേണ്ട. ആശാൻ തന്നെ എന്നെ പഠിപ്പിക്കണം. എന്റൊരു ആഗ്രഹാണ്”

ആദ്യം സമ്മതിക്കാന്‍ പോയെങ്കിലും മമ്മദ്‌ഹാജീടെ വാക്കുകൾ മനസിൽ താക്കീതുപോലെ മുഴങ്ങിയപ്പോൾ കുട്ടനാശാൻ വഴങ്ങിയില്ല. മകനെ തന്നെ ഏര്‍പ്പാടാക്കി.

പിറ്റേന്നു രാവിലെ വാളൂർ സ്കൂൾഗ്രൌണ്ടിൽ മകനോടൊത്തുവന്ന ആശാന്റെ അടുത്തു മുരളിയണ്ണൻ ഹാജരായി. പഠിത്തം തുടങ്ങുന്ന ദിവസമായതിനാൽ ആശാൻ മുരളിയുടെ തലയിൽ കൈവെച്ചു അജ്ഞാതമായ ഭാഷയിൽ എന്തോ പറഞ്ഞു ആശീർ‌വദിച്ചു. ശേഷം രണ്ടുപേരും കാറിനടുത്തേക്കു നടന്നു. രണ്ടു തലമുറകൾ ഡ്രൈവിങ്ങ് പഠിച്ച കാറിന്റെ സ്റ്റിയറിങ്ങ് തൊട്ടുകാണിച്ചു ആശാൻ ഗൂഢമായി അന്വേഷിച്ചു.

“ഇതെന്താ മുരളീ. ബ്രെക്കാണോ ആക്സിലേറ്ററാണോ?”

“ഹോണാണ് ആശാനേ!“

ഇല്ല. ഈ മറുപടി കേട്ടിട്ടും ആശാൻ പ്രതീക്ഷ കൈവിട്ടില്ല. ഡോറിന്റെ ഒരു ഭാഗത്തു ആഞ്ഞിടിച്ചു വലിച്ചു തുറന്നു. ഡ്രൈവറുടെ കാല്പാദത്തിനടുത്തുള്ള മൂന്നു ലിവറുകൾ ചൂണ്ടി ആശാൻ വീണ്ടുമന്വേഷിച്ചു.

“അതിലെ വലത്‌വശത്തെ ലിവർ എന്തിന്റ്യാ മുരളീ?”

“അതാണ് ആശാനേ ബ്രേക്ക്!”

“സത്യാ?“

“പിന്നല്ലാണ്ട്. അന്ന് ചാലക്കുടിപ്പാലത്തീക്കോടെ പതുക്കെപ്പോയാ മതീന്നുവെച്ച് ഇതുമ്മ്യാ ചവിട്ട്യെ“

ഇതുകൂടി കേട്ടതോടെ ആശാന്റെ കണ്ണിൽ കുടുകുടാ വെള്ളംവന്നു. സ്വന്തം മകനെ വിളിച്ചു ദൂരേക്കു നീക്കിനിര്‍ത്തി ശരീരമാകെ തടവി കണ്‍കുളിര്‍കെ നോക്കി. “സന്യേ നോക്കീം കണ്ടും നിന്നോട്ടാ. പാലത്തീക്കോട്യൊന്നും ഈ ശനിയനേം കൊണ്ട് പോണ്ട. മനസ്സിലായാ”

മകനോടു എല്ലാം പറഞ്ഞേല്‍പ്പിക്കുകയായിരുന്ന ആശാനെ മുരളി വിളിച്ചു. “ആശാനേ... വണ്ടീടെ താക്കോൽ കാണാല്യ”

“ആ വണ്ടി ഓടിക്കാൻ താക്കോൽ വേണ്ടാ മുരളി“

ആദ്യം സംശയിച്ചെങ്കിലും താക്കോൽ ആവശ്യമില്ലാത്ത വണ്ടികളും ഉണ്ടാകുമെന്നു കരുതി മുരളിയണ്ണൻ ശാന്തനായി. അങ്ങിനെ അദ്ദേഹം സനീഷ് ഡ്രൈവിങ്ങ് സ്കൂളിൽ പഠനം തുടങ്ങി. ഗ്രൌണ്ടിലിട്ടു വളക്കാനും തിരിക്കാനും കുട്ടനാശാനും റോഡിലൂടെ ട്രയൽ ഓടിക്കാൻ ആശാന്റെ മൂത്തമകൻ സനീഷും മേല്‍നോട്ടം വഹിച്ചു.

വളക്കുന്നതിനിടയിൽ മുരളിയണ്ണൻ പലപ്പോഴും ആശാനെ വിളിച്ചു സംശയം ചോദിക്കും. “ആശാനെ വണ്ടി നീങ്ങണില്ല”

ആശാനപ്പോൾ കയ്യാട്ടി വിളിക്കും. “നീയിങ്ങ് വന്നേ. പറയാം”

“വണ്ടി തേര്‍ഡ് ഗിയറിലാ. ഞാന്‍ കാലെടുത്താ നീങ്ങും”

തര്‍ക്കുത്തരം കേട്ടു ആശാന്റെ മുഖം മങ്ങി. “ഇല്ല്യാ മുരളീ. നീയിങ്ങ് പോന്നേക്ക്“

മുരളിയണ്ണന്‍ അടുത്തെത്തുമ്പോൾ ആശാൻ സത്യം തുറന്നു പറയും.

“എടാ ആ വണ്ടിക്ക് തേര്‍ഡ് ഗിയറൊന്നൂല്യ. ആകെ രണ്ടെണ്ണേള്ളൂ. ഒന്ന് ഫസ്റ്റ്. പിന്നെ ഏതാന്ന് എനിക്കറീല്ല. ഏത് ഗിയറിലാ വീണേന്ന് അറിയണങ്കി കൈമള്‍ടെ അടുത്ത് പ്രശ്നം വയ്‌ക്കണ്ടിവരും. മാത്രല്ലാ ചെലപ്പോ ഫസ്റ്റ്ഗിയറീന്ന് ഗിയർ ലിവർ നീങ്ങണങ്കി രണ്ടുകയ്യും പ്രയോഗിക്കണം. എന്നട്ടും വീഴണില്ലെങ്കി വണ്ടീമേന്ന് എറങ്ങി വണ്ടി ഉന്തി അനക്കിയിടാ.. ഒക്കെ നേര്യാവും”

എല്ലാം കേട്ടു കണ്ണുമിഴിച്ചു നില്‍ക്കുന്ന മുരളിയെ ആശാൻ തോളത്തു അഞ്ഞടിച്ച് ‘ശരി ശരി... നീ ചെല്ല്‘ എന്നുപറഞ്ഞു പ്രോത്സാഹിപ്പിച്ച്, ബലമായി വണ്ടിയുടെ അടുത്തേക്കു ഉന്തിത്തള്ളി വിടും. മുരളിയണ്ണന്‍ വലിയ കണ്ണടയൂരി ഷര്‍ട്ടിന്റെ കൈകൾ തെറുത്തുകയറ്റി പൊരിവെയിലത്തു കാർ ഉന്തുമ്പോൾ ആശാൻ അമ്പലപ്പറമ്പിലെ നല്ലതണലുള്ള ആല്‍ത്തറയിലിരുന്നു കൈമെയ് മറന്നു പ്രോത്സാഹിപ്പിക്കും.

“സബാഷ് മുരളീ... സബാഷ്”

ആശാന്റെ ശിക്ഷണത്തിൽ ഒന്നര ആഴ്ചകൊണ്ടു മുരളിയണ്ണന്റെ ഡ്രൈവിങ്ങ് നൈപുണ്യം കണ്ണടച്ച് ‘H’ എടുക്കുന്ന നിലയിലേക്കു വളര്‍ന്നു. പക്ഷേ സനീഷിനു കീഴിൽ റോഡിലൂടെയുള്ള ട്രയൽ‌റൺ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയില്ലാതെ തുടങ്ങിയിടത്തു തന്നെനിന്നു. ബ്രേക്കും ആക്സിലേറ്ററും തമ്മിൽ പലപ്പോഴും മാറ്റിച്ചവിട്ടാറുള്ള മുരളി കട്ടപ്പുറത്തെ വണ്ടിപോലെ തല്‍‌സ്ഥിതി തുടരുമ്പോഴാണ് പഠിപ്പിക്കുന്ന ചുമതലയില്‍നിന്നു മകനെ പിന്‍‌വലിച്ച് ആശാൻ, അരിയമ്പുറത്തെ സനീഷ് ഡ്രൈവിങ്ങ് സ്കൂളിന്റെ പരമാത്മാവായ കുട്ടനാശാന്‍, തന്നെ മുരളിക്കു വേണ്ടി രംഗത്തിറങ്ങുന്നത്. അതോടെ സംഗതികൾ എല്ലാം കീഴ്മേൽ മറഞ്ഞു.

ബ്രേക്കും ആക്സിലേറ്ററും തമ്മിലുള്ള വര്‍ക്കിങ്ങ് ഫോര്‍മുലകളെയൊക്കെ അപ്രസക്തമാക്കി ഇടതുകാലിൽ ആക്സിലേറ്ററും വലതുകാലിൽ ബ്രേക്കുമാണെന്നു കുട്ടനാശാൻ മുരളിയുടെ മനസ്സിൽ ഊട്ടിയുറപ്പിച്ചു. അതോടെ നേരിയതോതിൽ പുരോഗതി കാണിച്ച മുരളിയണ്ണൻ, പക്ഷേ മൂന്നാമത്തെ ആഴ്ച കൊരട്ടി മുതൽ അങ്കമാലി വരെ നീളുന്ന നാഷണൽ ഹൈവേ വെറും ഏഴുമിനിട്ടിൽ വായുവേഗത്തിൽ താണ്ടി ചെറുവാളൂരിന്റേയും സനീഷ് ഡ്രൈവിങ്ങ് സ്കൂളിന്റേയും ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമായി മാറി. തമിഴന്‍ ലോറിക്കാർ പോലും, ആക്സിലേറ്ററിൽനിന്നു ഇഷ്ടിക എടുത്തുമാറ്റി, ഇരുപതു കിലോമീറ്റർ സ്പീഡിൽ താങ്ങി പോകാറുള്ള ‘മരണത്തിന്റെ ഇടനാഴി‘ എന്നു കുപ്രസിദ്ധിയാര്‍ജിച്ച കൊരട്ടി ജെ‌ടി‌എസ് ജംങ്ഷനിലൂടെ മുരളിയണ്ണൻ വണ്ടിയോടിച്ചത് എണ്‍പത് കിലോമീറ്റർ വേഗതയിലാണെന്നറിഞ്ഞപ്പോൾ നാട്ടുകാരെല്ലാം മൂക്കിൽ വിരൽചേര്‍ത്തു അമ്പരന്നു.

ദാസന്റെ ചായക്കടയിലിരുന്നു ‌ചായ മൊത്തിക്കുടിക്കുന്ന വേളയിൽ ലൈന്‍‌മാൻ അഴകപ്പൻ ആരോടെന്നില്ലാതെ അമര്‍ഷം പ്രകടിപ്പിച്ചു. “അവനൊരു ഭാര്യേം ആണ്‍‌കൊച്ചും ഒള്ളതല്ലേ. അപ്പോ അങ്ങനെ ചെയ്യാമോ”

പറക്കണ കാറിലിരുന്നപ്പോൾ എന്തായിരുന്നു മനസ്സിലെന്നു സംഭവം നടന്നതിന്റെ പിറ്റേന്നു ചെറുവാളൂർ ജംങ്ഷനിലെ ഗ്ലാമർ ടൈലേഴ്‌സ് ഉടമയായ കക്കാടുകാരൻ ‘ഗ്ലാമർ ലാലു‘ ആശാനോടു അന്വേഷിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് നിഷ്കളങ്കമായാണ്.

“അവനെന്തൂട്ടൊക്ക്യാ ചെയ്തേന്ന് എനിയ്ക്കറീല്ലെടാ ലാലൂ. തട്ടിപ്പോവൂന്ന് പേടിച്ച് എനിക്ക് ബോധല്ല്യായിരുന്നു”

ഇങ്ങിനെ നാട്ടുകാരുടേയും കുട്ടനാശാന്റേയും പ്രതീക്ഷകളെല്ലാം കവച്ചുവച്ചു കിടയറ്റ ഡ്രൈവറായി അരിയമ്പുറത്തെ മുരളിയണ്ണൻ പരിണമിക്കുന്ന കാലത്ത്, ഡ്രൈവിങ്ങ് ടെസ്റ്റിന്റെ തലേദിവസം, തീരദേശംറോഡിനു സമീപമുള്ള ഇയ്യാത്തും കടവിലാണ് ആ സംഭവം അരങ്ങേറിയത്. കുണ്ടും കുഴിയും നിറഞ്ഞ മൂന്നുകിലോമീറ്റർ നീളമുള്ള തീരദേശം റോഡ് വെറും മൂന്നുമിനിറ്റിൽ എടുത്ത് പരിശീലനം മുഴുമിപ്പിച്ചപ്പോൾ കുട്ടനാശാൻ സൂചിപ്പിച്ചു.

“മുരളീ വണ്ട്യൊന്ന് കഴ്കണം”

മുരളിയണ്ണൻ നിരുത്സാഹപ്പെടുത്തി. “എന്തിനാ ആശാനെ കഴ്കണെ. പൊടി വരും... പോവും... പിന്നേം വരും പിന്നേം പോവും. അത്രന്നെ. എന്ന്വച്ചാ നമ്മടെ അധ്വാനം വെർത്യാന്ന്”

“ഇന്നലെ പാട്ട പെറുക്കണോര് വീട്ടീവന്ന് വണ്ടി ചോദിച്ചെടാ. അതല്ലേ? നീ ഇയ്യാത്തുംകടവിലേക്ക് വിട്”

കക്കാട് തീരദേശം റോഡിനോടു ചേര്‍ന്നൊഴുകുന്ന പുഴയാണ് ചാലക്കുടിപ്പുഴയുടെ അപരനായ പുളിക്കകടവ് പുഴ. പുളിക്കക്കടവും പനമ്പിള്ളിക്കടവും കഴിഞ്ഞാൽ പിന്നെ അരിയമ്പുറത്തിനു സമീപമുള്ള ഇയ്യാത്തും കടവിനാണ് പ്രാമുഖ്യം. പണ്ടു കടത്തുവഞ്ചി ഉണ്ടായിരുന്നെങ്കിലും പുളിക്കക്കടവിൽ പാലം വന്നതില്‍പ്പിന്നെ ഇയ്യാത്തുംകടവ് കുളിക്കാനും കുളിസീൻ കാണാനുമല്ലാതെ ആരും ഉപയോഗിക്കാറില്ല.

കോണ്‍ക്രീറ്റ് സ്ലാബുകൊണ്ടു മറച്ച ദുര്‍ഘടമേറിയ കനാലും കുത്തനെ ഇറക്കവുമുള്ള കടവിനു സമീപം എത്തിയപ്പോൾ ആശാൻ അന്വേഷിച്ചു. “വണ്ടി ഞാനെടുക്കണോ മുരളി?”

വളയം പിടിക്കാന്‍ പഠിപ്പിച്ച, ഓരോവീഴ്ചയിലും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും കൂടെ വീഴേണ്ടിവന്ന കുട്ടനാശാന്റെ ചോദ്യംകേട്ടപ്പോൾ മുരളിയണ്ണനു സങ്കടവും രോഷവും ഒന്നിച്ചുവന്നു. ചോദ്യത്തിനു മറുപടിപറയാതെ വണ്ടിബ്രേക്കിട്ടു നിര്‍ത്തി, പുറത്തിറങ്ങാനായി ഡോറിൽ കൈവച്ചു. പക്ഷേ ശിഷ്യന്മാരുടെ അന്തഃരംഗം പറയുന്നത് മനസ്സിലാക്കാന്‍ അപാരവിരുതുള്ള കുട്ടനാശാൻ, അവരുടെ ആത്മവിശ്വാസത്തിനു തരിമ്പും പോറലേല്‍ക്കരുതെന്നു വാശിയുള്ള കുട്ടനാശാൻ പെട്ടെന്നു കാര്യങ്ങൾ ഊഹിച്ചു പ്ലേറ്റ് തിരിച്ചുവച്ചു.ഇയ്യാത്തുംകടവില്‍നിന്നു കുറച്ചുദൂരെ വന്‍പുഴക്കാവ് അമ്പലത്തിലെ കടവിൽ കുളിക്കുകയായിരുന്ന നമ്പീശനാണ് അതാദ്യം കണ്ടത്. ഒരു കാർ പുഴയുടെ സൈഡിലൂടെ മന്ദംമന്ദം ഒഴുകി വരുന്നു. കൂടെ ഒരു പ്ലാസ്റ്റിക് കണ്ണടയും കാജബീഡിയുടെ കുറ്റിയും!.

കടവിന്റെ പൊക്കത്ത് തെങ്ങിൻതടം കിളക്കുകയായിരുന്ന സുബ്രണ്ണനോടു നമ്പീശൻ വിളിച്ചുചോദിച്ചു. “സുബ്രാ. മ്മടെ ആശാന്റെ വണ്ട്യല്ലേ ആ വരണെ?”

സുബ്രണ്ണൻ പുരികത്തിനു മുകളിൽ കൈത്തലംവച്ചു സൂക്ഷിച്ചുനോക്കി. പിന്നെ നെഞ്ചിൽ കൈവെച്ചു. “അതേലോ നമ്പീശാ. ഒഴുക്കീ പെട്ടതെങ്ങാനാണോ”

കനത്ത ഉദ്വേഗത്തിനിടയിലും നമ്പീശൻ ഒരുചിരി ചിരിച്ചു. “ഒഴുക്കിലാ! ആശാന്റെ വണ്ട്യാ!. ഹഹഹ. എനിക്ക് തോന്നണത് ആശാനതു വെള്ളത്തീക്കോടെ ഓടിക്കണതാന്നാ. പുള്ളി അതല്ല അതിനപ്പുറോം ചെയ്യും”

ഇയ്യാത്തുംകടവിൽ കഴുകാനിറക്കിയ കാറിൽനിന്നു കുട്ടനാശാനും മുരളിയണ്ണനും നിഗൂഢമായ കാരണങ്ങളാൽ ഡോര്‍തുറന്നു പുറത്തിറങ്ങി കരയിലേക്കു നീന്തിക്കയറി. വണ്ടി പുളിക്കക്കടവുവരെ മന്ദംഒഴുകി. അവിടെ വടമിട്ടു പിടിച്ചുനിര്‍ത്തി. വണ്ടിക്കു പറ്റിയ കേടുപാടുകൾ വീട്ടിലെ വരിയ്ക്ക പ്ലാവ് വിറ്റ കാശുകൊണ്ടു മുരളിയണ്ണൻ തീർത്തു കൊടുത്തു. ശേഷം നാട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഡ്രൈവിങ്ങ് പഠനം നിര്‍ത്തി. കുട്ടനാശാന്‍ എന്ന ഡ്രൈവിങ്ങ് ഗുരുവിന്റെ പ്രഭാവത്തിലേറ്റ കനത്ത പ്രഹരമായിരുന്നു മുരളിയെന്ന വ്യക്തിയെ ശിഷ്യനായി സ്വീകരിച്ചതും ഇയ്യാത്തുംകടവിലൂടെ ടിയാൻ നടത്തിയ വിഖ്യാതമായ മുങ്ങാങ്കുഴിയിടലും. ആശാന്റെ ഈ വീഴ്ച ആയുധമാക്കി ആശാന്‍തന്നെ പഠിപ്പിച്ച പിള്ളേർ അന്നമനടയിലും മാമ്പ്രയിലും ഡ്രൈവിങ്ങ് സ്കൂളുകൾ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളിൽ നല്ലശതമാനം കാൽ മാറ്റിച്ചവിട്ടി. എങ്കിലും വാളൂർ ഏരിയയിൽ ഡ്രൈവിങ്ങ് എന്നതിന്റെ പര്യായം എക്കാലത്തും കുട്ടനാശാൻ എന്നു തന്നെയാണ്. 


ണ്ടു തലമുറകളെ ഡ്രൈവിങ്ങ് പഠിപ്പിച്ച കുട്ടനാശാൻ ഇന്നു ഓർമകളിൽ മാത്രം. സനീഷ് ഡ്രൈവിങ് സ്കൂളിന്റെ സാരത്ഥ്യം അദ്ദേഹത്തിന്റെ മകൾ ഏറ്റെടുത്തു നടത്തുന്നു. സ്ഥാപനത്തിന്റെ പേരിലെ ‘സനീഷ്‘ മാറ്റി “നിഷാദ് ഡ്രൈവിങ്ങ് സ്കൂൾ” എന്നാക്കി മാറ്റുകയും ചെയ്തു.

Tuesday, December 9, 2008

സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ - 1


ചെറുവാളൂർ പത്രോസുപടി ബസ് സ്റ്റോപ്പിലുള്ള ദാസന്റെ ചായപ്പീടികയിൽ അന്നു നട്ടുച്ചക്കും നല്ല തിരക്കായിരുന്നു. ദാസൻ എല്ലാവര്‍ക്കും ഓടിനടന്നു ചായയും പരിപ്പുവടയും എത്തിക്കുന്നതിൽ വളരെ തിരക്കിൽ. ഇടക്കു വീണുകിട്ടുന്ന ഇടവേളകളിൽ ആള്‍ക്കൂട്ടത്തിനു നടുവിലിരിക്കുന്ന വ്യക്തിയുടെ വാക്കുകൾ ശ്രദ്ധിക്കുന്നുമുണ്ട്. ചാലക്കുടി-അങ്കമാലി റൂട്ടിലെ NH-47 ൽ കൊരട്ടിക്കടുത്തുള്ള ജെടി‌എസ് ജംങ്‌ഷൻ എന്ന ആക്സിഡന്റ് പ്രോൺഏരിയയിൽ ഒരു തമിഴൻ ലോറിയുമായി ചെറുവാളൂർ സ്വദേശി മഹേഷിന്റെ ബജാജ് 4 എസ് ബൈക്ക് കൂട്ടിയിടിച്ചത് രണ്ടുദിവസം മുമ്പായിരുന്നു. അദ്ദേഹം തന്നെയാണു ആൾക്കൂട്ടത്തിനു നടുവിലെ കസേരയിലിരുന്നു പ്രസ്തുതസംഭവത്തിന്റെ വൈകിയ കമന്ററി മറ്റുള്ളവരോടു പറയുന്നത്. കേട്ടുനില്‍ക്കുന്നവരുടെ മുഖത്തു ഉദ്വഗജനകമായ ഭാവം.

“ദാ‍സൻചേട്ടാ, മധുരാ കോട്സ്ന്റെ പടിക്കലെ തട്ടുകടേന്ന് കപ്പേം എറച്ചീം അടിച്ച് ഒരു ഏമ്പക്കോംവിട്ട് ബൈക്കിന്റെ അട്ത്തെത്തീപ്പഴാ ഞാൻ കാണണെ. എന്‍ഫീൽഡുമ്മെ ജീന്‍സും ടീഷർട്ടൂട്ട ഒരു ചുള്ളൻ കത്തിച്ച് വരണ്”

കേട്ടുനിൽക്കുന്ന എല്ലാവരുടേയും മുഖത്തേക്കു മഹേഷ് നാടകീയമായി തലവെട്ടിച്ചു നോക്കി. “എന്നെ പാസ് ചെയ്തപ്പഴോ‍... അവന്‍ വണ്ടീടെ വേഗം പെട്ടെന്ന് കൊറച്ച് എന്റെ കയ്യിലെ നാലഞ്ച് എറച്ചിക്കോഴ്യോളെ നോക്കി നമ്മളെ ആക്കണപോലെ ഒരു നോട്ടം”

മനസ്സിലെ സ്മരണകളിൽ മഹേഷ് അപ്പോഴും അമര്‍ഷം കൊണ്ടു. “ദാസൻചേട്ടാ സത്യം പറയാലാ. എനിക്കപ്പോ തോന്നീത് അവനെ പിടിച്ച് രണ്ട് പൂശാനാ”

കാര്യങ്ങൾ രസിച്ച ഗിരിബാബു ഉടനെ പിന്തുണച്ചു. “പിന്നല്ലാ”

“ഞാനാ കേസ് വിട്ടതായിരുന്നൂടാ ഗിരീ. പക്ഷേ അപ്പഴാ കണ്ടത്. എന്‍ഫീല്‍ഡുമ്മെ അവന്റെ പിന്നീ കാന്താരിമൊളക് പോലത്തെ ഒരു പെണ്‍കൊച്ച്!”

ചായക്കടയിൽ അപ്പോളുയര്‍ന്ന ‘ആ‌ആ‌ആ’ എന്ന ആരവംകേട്ടു അടുത്തൊരു വീട്ടിൽ വയ്യാണ്ടായിക്കിടക്കുന്ന എണ്‍‌പതുകഴിഞ്ഞ അപ്പാപ്പൻ മകളോടു അപേക്ഷിച്ചു. “എടീ മറിയമ്മേ... എന്ന്യൊന്ന് അപ്പറത്തേക്ക് പിടിച്ചോണ്ടോടീ. എന്തോ കോള്ണ്ടവടെ”

മുറി അടിച്ചുവാരുകയായിരുന്ന മകൾ ആദ്യം നെഞ്ചിൽ കുരിശുവരച്ചു. പിന്നെ അപ്പനെ സൌമ്യമായി ഉപദേശിച്ചു. “അപ്പാ ഒന്ന് പോയേപ്പാ. പണ്ടാരടങ്ങാൻ ഇപ്പോ അങ്ങട് എട്ക്കണ്ട താമസൊള്ളൂ”

ചായക്കടയിൽ സംഗതി കൊഴുക്കുകയാണ്.

“യെന്റെ ഗിര്യേയ്... നല്ല ഐശ്വര്യള്ള മൊഖം. സീറ്റ് നെറഞ്ഞ് കവിയണ പിന്‍ഭാഗോം അതിനെ ആകെ മറയ്ക്കണ തലമുടീം”

ഗിരിബാബു പണിപ്പെട്ടു ശ്വാസമെടുത്തു. മഹേഷ് തുടർന്നു.

“അപ്പഴാ എന്റെ മനസില് തലേന്നത്തെ പത്രത്തീ ഒരുത്തീനെ ബൈക്കില് തട്ടിക്കൊണ്ടോയി റേപ്പ് ചെയ്ത ആ വാര്‍ത്ത്യല്ല്യേ, അതങ്ങട് കത്തീത്. ഞാനിത് വിചാരിച്ചൊള്ളൂ. അപ്പത്തന്നെ ആ പെങ്കൊച്ച് എന്നെ നോക്കി സങ്കടഭാവത്തീ കണ്ണുംതിരുമ്മി“

സംഗതികൾ ടേണിങ്ങ് പോയന്റിലെത്തി എന്നതറിഞ്ഞതോടെ എല്ലാവരും ഒന്നിച്ചുചോദിച്ചു. “മഹേഷെ എന്നട്ട്?”

“പിന്നെ ഞാനൊന്നും ആലോചിച്ചില്ല. അവന്റെ പിന്നാലങ്ങട് കത്തിച്ചു. ആ കശ്മലൻ ആ കൊച്ചിനെ നശിപ്പിക്കണേനു മുമ്പ് രക്ഷിക്കാൻ”

ചായക്കടയിൽ കയ്യടികൾ ഉയര്‍ന്നു. ആരൊക്കെയോ അഭിനന്ദനസൂചകമായി മഹേഷിന്റെ കൈപിടിച്ചു കുലുക്കി.

“അവന്റെ പിന്നാലെ പാഞ്ഞോണ്ടിരിക്കുമ്പോ, ഞാൻ മൊബൈലെടുത്ത് കൊരട്ടി സ്റ്റേഷനിലെ വേണുച്ചേട്ടനെ വിളിക്കാൻ നമ്പർ കുത്തി. കുത്തിക്കഴിഞ്ഞ് ചെവീ വെച്ചപ്പഴാ കാണണെ. ടിപ്പർ രണ്ടെണ്ണം റോഡ് നെറഞ്ഞ് വരണ്. ഒഴിഞ്ഞുമാറാൻ ഒര് വഴീമില്ല. ഞാനാണെങ്കി മാരണസ്പീഡിലും. ബ്രേക്ക് ചവിട്ടി. പക്ഷേ കിട്ടീല്ല. ഒടുക്കം തട്ടിപ്പോവൂന്ന് ഒറപ്പായപ്പോ ഞാൻ എല്ലാരേം മനസീ ചിന്തിച്ച് ബൈ പറയാൻ തൊടങ്ങി”

മഹേഷ് കസേരയിൽ ഇളകിയിരുന്നു. “പക്ഷേ അവസാനം ആശാന്റെ മൊഖം മനസ്സീ വന്നപ്പോ”

എല്ലാവരും ഒന്നിച്ചുചോദിച്ചു. “വന്നപ്പോ”

“വന്നപ്പോ ആശാനെന്നോട് ‘കെടത്തട മഹേഷേ‘ എന്ന് പറഞ്ഞപോലെ തോന്നി”

ഗിരിബാബു ഉടന്‍ അന്വേഷിച്ചു. “എന്തൂട്ടാ മഹേഷെ ആശാൻ ഉദ്ദേശിച്ചെ?”

പറയാം എന്ന ഭാവത്തിൽ ആഗ്യംകാണിച്ചു മഹേഷ് കൈകൾ രണ്ടും ബൈക്കിന്റെ ഹാന്‍ഡിലിൽ പിടിക്കുന്ന പോലെ പിടിച്ചു. പിന്നെ സാവധാനം ചെരിച്ചു.

“ഗിരീ
ഫോര്‍മുലവൺ റേസിങ്ങിലെപോലെ ബൈക്ക് ടിപ്പർലോറീടെ അടീക്കോടെ, തറയോട് ചേര്‍ത്ത്, ഞാൻ കെടത്തി ഓടിച്ചെടാ. ക്രാഷ്ഗാര്‍ഡീന്ന് തീപ്പൊരി ചെതറണ കണ്ടു. പിന്നൊന്നും ഓര്‍മല്ല്യാ. ബോധം വീണപ്പോ ആശൂത്രീല്”

എല്ലാ കേൾ‌വിക്കാരും ആത്മഗതം ചെയ്തു. “ആശാന്‍ കാത്തു!”


കക്കാട്, കാതിക്കുടം, വാളൂർ, അന്നമനട ദേശക്കാരെല്ലാം ഡ്രൈവിങ്ങിൽ പരിണതപ്രജ്ഞരാണെന്നു ചാലക്കുടി - അങ്കമാലി - മാള ഭാഗത്താകെ അറിയാവുന്ന കാര്യമാണ്. ഈ നാട്ടുകാർ ഉള്‍പ്പെട്ട ഒറ്റ വാഹനാപകടകേസും ഇന്നുവരെ ഒരു പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ചെയ്തിട്ടില്ല. ട്രാഫിക് നിയമങ്ങളെല്ലാം അണുവിട തെറ്റിക്കാത്ത അത്ര നല്ല ഡ്രൈവിങ്ങ്. ഈ സ്ഥലങ്ങളിൽ ഏതെങ്കിലും വാഹനാപകടം ഉണ്ടായാൽ പോലീസുകാർ ആദ്യംതന്നെ രണ്ടു പാര്‍ട്ടിക്കാരോടും എവിടത്തുകാരാണെന്നു ചോദിക്കും. ശേഷം ഡ്രൈവിങ്ങ് ലൈസന്‍സ് വാങ്ങിനോക്കൽ. പുറം‌ചട്ടയിൽ ‘സനീഷ് ഡ്രൈവിങ്ങ് സ്കൂൾ’ എന്ന പേരുകണ്ടാൽ അവരെ അപ്പോള്‍തന്നെ വെറുതെ വിടും. മറ്റേ പാര്‍ട്ടീസിനെ ലോക്കപ്പിലുമാക്കും. പക്ഷപാതപരമായ നടപടിയാണെന്നു ആരെങ്കിലും മുറുമുറുത്താൽ പോലീസുകാരുടെ പക്കൽ മറുപടി റെഡിയാണ്.

“ആശാന്റെ പിള്ളേരെ ഞങ്ങക്കറിഞ്ഞൂടെ!”

വാളൂർ അരിയമ്പുറം ഭാഗത്തെ സനീഷ് ഡ്രൈവിങ്ങ് സ്കൂളിന്റെ അമരക്കാരനായ കുട്ടനാശാനെ പറ്റിയാണു അവർ പറയുന്നത്. വലിയ ആകാരമൊന്നുമില്ലാത്ത ഒതുങ്ങിയ ശരീരം. ഇരുണ്ട നിറം. സദാ സമയവും ചുവന്നു കലങ്ങിയ കണ്ണുകൾ. സ്റ്റിയറിംങ്ങ് പിടിച്ചു തയമ്പിച്ച ദൃഢമായ കൈത്തലം. എരിയുന്ന കാജബീഡി ചുണ്ടിൽ‌വച്ചു ഒറ്റക്കൈകൊണ്ടു വണ്ടിയോടിക്കുന്ന ഇദ്ദേഹമാണ് ചെറുവാളൂര്‍വാസികളുടെ ഡ്രൈവിങ്ങ് ഗുരു.

കുട്ടിക്കാലത്തു പലരേയുംപോലെ എട്ടാം ക്ലാസ്സ് രണ്ടുതവണ എഴുതിത്തോറ്റപ്പോൾ ആശാനും ലോഡിങ്ങ് - അണ്‍ലോഡിങ്ങ് പണികള്‍ക്കു പോയിത്തുടങ്ങി. ബാക്കിസമയം അരിയമ്പുറത്തെ കലുങ്കുകളിലിരുന്നു കരുകളിച്ചും പത്രോസുപടി ബസ്‌ സ്റ്റോപ്പിലെ, ദാസന്റെ അച്ഛൻ, പാപ്പുട്ടിയുടെ ചായക്കടയില്‍‌നിന്നു കാലിച്ചായ കുടിച്ചും കഴിഞ്ഞു. ആയിടെയാണ് നാട്ടിൽ അംബാസഡർ കാറുകളുടെ വിപ്ലവം വരുന്നത്. അരിയമ്പുറത്തും വാളൂരിലും താമസിക്കുന്ന പലരും അംബാസഡർ വാങ്ങിയപ്പോഴും, മറ്റുചിലർ വാങ്ങാൻ പദ്ധതിയിട്ടപ്പോഴും ചില ആശയങ്ങളൊക്കെ ദീര്‍ഘദര്‍ശിയായ ആശാന്റെ മനസ്സിൽ തോന്നി. എങ്കിലും ആരും കൈവെച്ചിട്ടില്ലാത്ത മേഖലയായതിനാൽ ഇറങ്ങിക്കളിക്കാൻ മടിച്ചു. പക്ഷേ കാലം കടന്നുപോകവെ കിടയറ്റ ഡ്രൈവിങ്ങ് പരിശീലനത്തിന്റെ അഭാവം നിമിത്തം വാളൂര്‍ദേശത്തെ മൂന്നു യുവാക്കൾ അപകടം നേരിട്ടപ്പോൾ, അരിയമ്പുറത്തുനിന്നു ദൂരെ പാലിശ്ശേരിയിലുള്ളവര്‍പോലും ഡ്രൈവിങ്ങ് സ്കൂളുകളുണ്ടോ എന്നന്വേഷിച്ചു വാളൂരിൽ എത്തിയപ്പോൾ‍ ഡ്രൈവിങ്ങ് സ്കൂളുകൾ തുടങ്ങേണ്ടതില്ല എന്ന മുന്‍‌തീരുമാനം പുനര്‍ചിന്തനം ചെയ്യാൻ ആശാൻ നിർബന്ധിതനായി.

ആ ചിന്തക്കു ആക്കംകൂട്ടി അക്കാലത്തുതന്നെയാണ് കുട്ടനാശാന്റെ ആത്മസുഹൃത്ത് മമ്മദ്ഹാജി ആവശ്യപ്പെട്ടത്. ‘കുട്ടാ
നിനക്കൊരു വണ്ടി വാങ്ങിച്ചിട്ട് പിള്ളേരെ പഠിപ്പിച്ചൂടെ?”

ഒടുക്കം നാട്ടുകാരുടേയും വീട്ടുകാരുടേയും നിരന്തര സമ്മര്‍ദ്ദം നിമിത്തം കുട്ടനാശാൻ മുപ്പതിനായിരം രൂപ കടംവാങ്ങി ഒരു സെക്കന്റ്ഹാന്റ് അംബാസഡർ വാങ്ങി. തന്റെ ഈ സ്വപ്നപദ്ധതിക്കു ആദ്യപുത്രനായ സനീഷിന്റെ പേരിടാൻ ലവലേശം ആലോചിച്ചില്ല. അങ്ങിനെ വാളൂർദേശത്തെ ആദ്യ ഡ്രൈവിങ്ങ് സ്കൂളായി സനീഷ് മാറി. കുട്ടനാശാന്‍ അതിന്റെ പരമാത്മാവുമായി.

അതില്‍പിന്നെ അരിയമ്പുറത്തും വാളൂരിലും ആശാന്റെ കാലമായിരുന്നു എന്നുപറഞ്ഞാൽ അതാണു സത്യം. ഡ്രൈവിങ്ങ് സ്കൂൾ തുടങ്ങി കുറച്ചുനാളുകള്‍ക്കുള്ളിൽ വാളൂർ ഹൈസ്കൂളിൽ അക്ഷരം പഠിക്കാന്‍ വരുന്നതിലും കൂടുതല്‍പേർ കുട്ടനാശാന്റെ അടുത്തു വണ്ടിയോടിക്കുന്നത് പഠിക്കാനെത്തി. കടം വാങ്ങിയ മുപ്പതിനായിരം രൂപയുടെ ഇരട്ടി ചുരുങ്ങിയ കാലത്തിനുള്ളിൽ സമ്പാദിച്ചും, സഹായം ചോദിച്ചുവരുന്നവര്‍ക്കു വാരിക്കോരി കൊടുത്തും ആശാൻ നാട്ടിലാകെ പ്രശസ്തനായി. അതോടെ കുട്ടന്‍ എന്നപേര് നാട്ടുകാർ സ്നേഹപൂര്‍വ്വം കുട്ടനാശാൻ എന്നാക്കി മാറ്റി.

പത്തിരുപത്തഞ്ച് കൊല്ലമായിട്ടും കുട്ടനാശാൻ പഠിപ്പിച്ച ഒരാളും അപകടത്തിൽ പെട്ടിട്ടില്ല എന്ന കിടിലൻ ഖ്യാതി നിലനില്‍ക്കെയാണ് ആശാന്റെ അടുത്തു അരിയമ്പുറത്തു തന്നെയുള്ള ഒരുവൻ വളയം പിടിക്കാൻ വരുന്നത്. നാട്ടുകാർ മാഷ് എന്നു വിളിക്കുന്ന മുരളിയണ്ണൻ.

മകരമാസം ഒന്നാം തീയതി കാലത്തു ചാരുകസേരയിലിരുന്നു പത്രം വായിക്കുകയായിരുന്ന ആശാൻ, വേലിചാടി മുരളിയണ്ണൻ വരുന്നതു കണ്ടപ്പോൾ ആദ്യം ഓര്‍ത്തത് കഴിഞ്ഞമാസം മമ്മദ്‌ഹാജി പറഞ്ഞ കാര്യമാണ്.

‘ഹാജിക്കു പെരുന്നാളിന്റെ തലേന്നു കൈരളി ലോട്ടറിയടിച്ചു കിട്ടിയ പതിനായിരം രൂപ പിറ്റേന്ന് ഉച്ചക്കു പോക്കറ്റടിച്ചു പോയെന്ന്’

(തുടരും...)