Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, November 9, 2008

ബാബുട്ടന്റെ പെണ്ണുകാണല്‍ - 2

ശ്രദ്ധിക്കുക: ബാബുട്ടന്റെ പെണ്ണ്കാണല്‍ - I എന്ന എന്റെ മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്. ആദ്യഭാഗത്തിന് ശേഷം മാത്രം ഇത് വായിക്കുക.

പതിനൊന്നു മണിയോടെ രണ്ടുപേരും മെയിൻ‌റോഡിനു സമീപം കണ്ണായ സ്ഥലത്തു സ്ഥിതിചെയ്യുന്ന പെണ്ണിന്റെ വീട്ടിലെത്തി. വണ്ടിയിൽനിന്നിറങ്ങി രാജകീയ പ്രൌഢിയോടെ തനിക്കുനേരെ നടന്നുവരുന്ന യുവാവിനെ കണ്ടപ്പോൾ തന്നെ ‘മകളെ ഗൾഫുകാരൻ കെട്ടിയാൽ മതി‘ എന്ന പെണ്ണിന്റെ അച്ഛന്റെ മനംമാറി. ഭാവിമരുമകനെ ആ പിതാജി ഊഷ്മളാലിംഗനം ചെയ്തു. പക്ഷേ പിള്ളേച്ചന്റെ നിര്‍ദ്ദേശപ്രകാ‍രം ബാബുട്ടൻ ഭാവി അമ്മായിയച്ഛനെ വട്ടം പിടിച്ചില്ല. പകരം ആ മെലിഞ്ഞ കൈകള്‍ക്കുള്ളിൽ ഒതുങ്ങിനിന്നു, ആവുന്നത്ര ശ്വാ‍സം ഉള്ളിലേക്കെടുത്തു, മസിൽ വീര്‍പ്പിക്കാൻ ശ്രമിച്ചു.

ബാബുട്ടന്‍ ഭംഗിയായി ഈരിവച്ച തലമുടി പിതാജി വാത്സല്യത്തോടെ തലോടി അഴകൊഴമ്പനാക്കി. അതുമൂലം തന്റെ അപാരമായ ഭംഗി പോകുമോയെന്നു ഭയന്ന ബാബുട്ടൻ പൂമുഖത്തേക്കു കയറി ആരുമില്ലാതിരുന്ന ഒരുവേളയിൽ കോലന്‍ചീപ്പെടുത്തു തലമുടിയും സ‌മൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന ചെന്നിയിലെ മുടിയും വീണ്ടും ഭംഗിയായി ഈരിവച്ചു. അടുത്ത പടിയായി പോണ്ടിംഗിനേപ്പോലെ വലതു ഉള്ളംകയ്യിൽ ലാവിഷായി തുപ്പി കൈത്തലങ്ങൾ തമ്മിലുരസി മാര്‍ദ്ദവമുള്ളതാക്കി. തൂവാലകൊണ്ട് കരിങ്കല്ലിനു സമാനമായ മാര്‍ദ്ദവമില്ലാത്ത മരക്കസേരയിലെ പൊടി തട്ടിക്കളഞ്ഞു ചെറുതായി ചെരിഞ്ഞിരുന്നു. ആ ഇരിപ്പിൽ പിള്ളേച്ചൻ അപാകത കണ്ടു.

“ദേ പെണ്ണ് ചായേം കൊണ്ട് വരാറായി. നീ ചെരിഞ്ഞിരിക്കാണ്ട് നേരെയിരി ബാബ്വോ”

ബാബുട്ടന്‍ നിസ്സഹായനായി കൈ മലര്‍ത്തി. “പിള്ളേച്ചാ രണ്ട് ദെവസായിട്ട് ചന്തീമെ മൂന്നു നാല് കുരു. നല്ല വേദനേണ്ട്”

പിള്ളേച്ചൻ ആശ്വസിപ്പിച്ചു. “സാരല്ല്യാ ബാബുട്ടാ. അത് മൊഖക്കുരുവായിരിയ്ക്കും”

സാന്ത്വനവചനം കേട്ടു ബാബുട്ടൻ ഞെട്ടി. മുഖം തപ്പിനോക്കി.

ചായപ്പാത്രം കയ്യിലേന്തി മൃദുമന്ദഹാ‍സം തൂകി മന്ദം അടുത്തുവന്ന കൃഷ്ണന്റെ മകളെ ബാബുട്ടൻ കണ്ണിമയനക്കാതെ നോക്കി. കല്യാണവീട്ടിൽ കണ്ട അതേഭാവം. അതേതാളം. ബാബുട്ടന്റെ നിയന്ത്രണം പോയി. വലതുകണ്ണിറുക്കി ഒരു മാരണസൈറ്റ് അടിച്ചു. പിന്നെ ‘നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ മതി’ എന്നു ദ്യോതിപ്പിക്കും വിധം നാവു പുറത്തേക്കുനീട്ടി മധ്യഭാഗം പല്ലുകൊണ്ടു പതുക്കെ കടിച്ചു. ഈവിധ തിരക്കുകള്‍ക്കിടയിൽ പ്ലേറ്റിൽ കായഉപ്പേരി അധികം കാണാത്തതിനാൽ പിള്ളേച്ചൻ മുറുമുറുത്തതൊന്നും ബാബുട്ടന്‍ കേട്ടില്ല.

ചായകുടി കഴിഞ്ഞു അവസാന കടമ്പയായ പരസ്പര സംഭാഷണത്തിനായി ബാബുട്ടൻ മാനസികമായി തയ്യാറെടുത്തു. മന്ദമാരുതൻ ആവോളം വീശുന്ന തെക്കിനിയിലേക്കു ചെന്നപ്പോൾ അവിടെ മൃദുമന്ദഹാസം തൂകിനില്‍ക്കുന്ന സിന്ധുവിന്റെ ചുണ്ടിൽ ഈരടികളുടെ തിരയിളകൽ.

“കളരിവിളക്ക് തെളിഞ്ഞതാണോ...”
“കൊന്നമരം പൂത്തുലഞ്ഞതാണോ...”

തന്റെയടുത്തേക്കു സാവധാനം നടന്നുവരുന്ന ബാബുട്ടനെ സിന്ധു കാതരമായി നോക്കി. ആ നോട്ടമേറ്റു ബാബുട്ടന്റെ മുലക്കണ്ണിനു ചുറ്റുമുള്ള അഞ്ചാറു രോമങ്ങൾ കുളിരുകോരി, ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ചു ലംബമായി എഴുന്നുനിന്നു. ഒരുനിമിഷം ശാസ്താവിനെ ധ്യാനിച്ചു പിള്ളേച്ചന്‍ പഠിപ്പിച്ച ആദ്യ ചോദ്യം ബാബുട്ടൻ ചെറിയ വിക്കലോടെ തൊടുത്തുവിട്ടു.

“സിന്ധു എവിട്യാ പ... പഠിച്ചെ?”

കിളിമൊഴിയിലായിരുന്നു മറുപടി. “ചാലക്കുടി പനമ്പിള്ളി കോളേജിലാ. ഡിഗ്രി വരെ. ബാബുച്ചേട്ടന്‍ എത്രവരെ പഠിച്ചു?”

ഹൌ!. വിവര്‍ണമായ മുഖം ടവ്വല്‍കൊണ്ടു തുടക്കുമ്പോൾ ബാബുട്ടന്റെ തലയിൽ തലേന്നു മര്യാദാമുക്കിലിരിക്കുമ്പോൾ പിള്ളേച്ചൻ പറഞ്ഞുകൊടുത്ത മഹദ് വചനങ്ങളിലൊന്നു മുഴങ്ങി.

“ബാബ്വോ. അവള് നിന്റെ പഠിത്തക്കാര്യങ്ങള് എന്തെങ്കിലും ചോദിക്കാണെങ്കി അത് കേട്ടില്ലാന്ന ഭാവത്തീ നീ പെട്ടെന്നന്നെ അടുത്തചോദ്യം ചോദിക്കണം. അല്ലെങ്കി ഈ കല്യാണം നടക്കില്ല”

ബാബുട്ടന്‍ ഉടനെ അടുത്ത ചോദ്യത്തിലേക്കു കടന്നു. “സിന്ധു നന്നായിട്ട് കുക്ക് ചെയ്യോ?”

സിന്ധു ആവേശഭരിതായി. “എനിക്ക് കഞ്ഞി വയ്ക്കാനറിയാം”

“പിന്നെ”

“പിന്നെ ചമ്മന്തി”

“പിന്നെ?”

“പിന്നൊന്നൂല്ല്യ. കഞ്ഞീം ചമ്മന്തീം മാത്രം“

അവസാന വാചകത്തിൽ ബാബുട്ടൻ നടുങ്ങി. കണ്ണുകൾ നീറിപ്പുകഞ്ഞു. പക്ഷേ മനസ്സിൽ ഉടലെടുത്ത സര്‍വ്വവികാരങ്ങളും ഒളിപ്പിച്ചു അവസാനം ഒരു നമ്പറങ്ങ് കാച്ചി.

“ഉം ഗുഡ്. വെരി ഗുഡ്”

ബാബുട്ടൻ അതു പറഞ്ഞതും അപ്രതീക്ഷിതമായതെന്തോ കേട്ടപോലെ കൃഷ്ണന്റെ മകൾ ബാബുട്ടനു നേരെ ചൂടുള്ള ഒരു കടാക്ഷമെറിഞ്ഞു.

“അയ്യോ ഇംഗ്ലീഷ്! ബാബുച്ചേട്ടന് ഇംഗ്ലീഷറിയോ?”

ഇത്രപെട്ടെന്നു ഇത്രയും കനത്ത പ്രതികരണം പ്രതീക്ഷിക്കാതിരുന്ന ബാബുട്ടൻ പിന്നോട്ടുമലച്ച് രണ്ടാമത്തെ മുറി ഇംഗ്ലിഷും പൊട്ടിച്ചു.

“വൈ നോട്ട്“

കൃഷ്ണന്റെ മകൾ ആയുധംവച്ചു കീഴടങ്ങി.

പെണ്ണുകാണലിന്റെ തലേദിവസം പിള്ളേച്ചനാണ് ബാബുട്ടനോടു പെണ്ണുകാണൽ പരിപാടിയിൽ ഇംഗ്ലീഷ് ഭാഷക്കുള്ള പ്രാധാന്യത്തെപ്പറ്റി പറയുന്നത്. കാര്യം കേട്ടപ്പോൾ ബാബുട്ടൻ ത്രില്ലടിച്ചു.

“പിള്ളേച്ചൻ ഏതെങ്കിലും പെണ്ണ്കാണലിന് ഇംഗ്ലീഷ് പറഞ്ഞണ്ടാ?”

“ഉണ്ടോന്നാ! ഹഹഹ. എന്റെ ബാബുട്ടാ ഇംഗ്ലീഷ് പറയാത്ത ഒരൊറ്റ പെണ്ണുകാണലും ഞാനിന്നേ വരെ നടത്തീട്ടില്ല. ഇംഗ്ലീഷിലാറാടിയ ഇരുപത്തിമൂന്ന് പെണ്ണുകാണലുകൾ! പക്ഷേ ഒരുകൊല്ലം മുമ്പ് ആ പരിപാടി ഞാൻ നിര്‍ത്തി”

“അതെന്തേ?” ബാബുട്ടൻ ആകാംക്ഷാഭരിതനായി.

“കഴിഞ്ഞ ഇടവപ്പാതിക്കാ ഞാൻ എരയാംകുടീലെ സുഭദ്രേനെ പെണ്ണുകാണാൻ പോയെ. പഴയ തറവാട്. പണ്ടേ പ്രതാപികളാ. തൊഴുത്തില് പത്തിരുപത് ജഴ്സിപ്പശൂം പഴയൊരു കോണ്ടസ കാറുംണ്ട്. അപ്പോ നമ്മളും അതിന്റെ സ്റ്റാറ്റസൊക്കെവെച്ച് സംസാരിക്കണ്ടേന്ന് കരുതി ഞാനൊന്നും ആലോചിക്കാണ്ട് സുഭദ്രേടട്ത്ത് തൊടക്കത്തീ തന്നെ ഇംഗ്ലീഷങ്ങ്ട് പൊട്ടിച്ചു“

“ഈ പിള്ളേച്ചന്റൊരു ബുദ്ധി”

ബാബുട്ടന്റെ ആ പ്രശംസ നിഷേധാര്‍ഥത്തിലുള്ള തലയാട്ടലോടെ പിള്ളേച്ചൻ തള്ളിക്കളഞ്ഞു.

“സത്യത്തീ ഞാനൊരു നമ്പറിട്ട് നോക്ക്യതാ. സുഭദ്രക്കു ഇംഗ്ലീഷ് വശാണോന്ന് അറിയാൻ ഒരു പൊടിക്കൈ പ്രയോഗം. പക്ഷേ കഷ്ടകാലത്തിന് അവൾ ഊട്ടീലെ ഇംഗ്ലീഷ്മീഡിയത്തീ പഠിച്ചതാന്ന് ഊഹിക്കാൻപോലും പറ്റീല്യ”

“എന്നട്ട്..?”

“എന്നട്ടൊന്നൂല്യ. ആന കേറ്യ കരിമ്പിന്തോട്ടം പോലായി ഞാൻ. സുഭദ്ര ഒരു വെടിക്കെട്ടാ നടത്ത്യെ. അതിലൊരു ചില്ലിപ്പടക്കത്തിന്റെ റോളേ എനിക്കിണ്ടായിരുന്നൊള്ളൂ.“


എല്ലാം ഓര്‍ത്തു മിണ്ടാതിരിയ്ക്കുന്ന ബാബുട്ടനെ നോക്കി സിന്ധു വീണ്ടുമാരാഞ്ഞു. 


“ബാബുച്ചേട്ടനപ്പോ ഇംഗ്ലീഷൊക്കെ നല്ല വശാണല്ലേ. സ്കൂളീപഠിച്ച് നല്ല മാര്‍ക്കൊക്കെ ഇണ്ടെങ്കി പിന്നെന്തിനാ ഈ ടിപ്പറും ഓടിച്ച് നടക്കണെ?”

ബാബുട്ടൻ വീണ്ടും നടുങ്ങി. സ്കൂളോ? പരീക്ഷയോ? എന്റെ ഭഗവതീ!‍.
പാഠപുസ്തകങ്ങൾ അലര്‍ജിയായിരുന്ന ഒരു ബാല്യം. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സരോജിനി ടീച്ചറുടെ ‘പ്രെസന്റ് ടെന്‍സിൽ ഒരു വാചകം പറയൂ ബാബൂ‘ എന്ന സ്വരം ഇന്നുമൊരു ഭീതിദമായ ഓര്‍മയാണ്.

“എനിയ്ക്കീ വണ്ടികളെന്ന് വെച്ചാ ജീവനാ സിന്ധ്വോ. അതോണ്ടാ അധികം പഠിത്തോന്നും വേണ്ടാന്നുവെച്ച് സനീഷ് ഡ്രൈവിങ് സ്കൂളീന്നു ഹെവി ലൈസൻസെടുത്തെ“

ഒരു നിമിഷത്തിനു ശേഷം കൂട്ടിച്ചേര്‍ത്തു. “സിന്ധൂന് എന്നോടെന്തെങ്കിലും ചോദിക്കാണ്ടെങ്കി ആവാം”

കണ്ണിമകൾ പടപടാന്നനെ തുറന്നടച്ചു സിന്ധു ബാബുട്ടനെ ഒളികണ്ണിട്ടു നോക്കി. എന്തൊരു നല്ല സ്വഭാവം. എന്തൊരു പ്രതിപക്ഷ ബഹുമാനം. ചോദിക്കാൻ അനുവാദം കിട്ടിയതും മനസ്സിലെ ആകുലതകൾ വലിച്ചുവാരി പുറത്തിട്ടു.

“ബാബുച്ചേട്ടന്‍ കള്ള് കുടിക്ക്വോ?“

ബാബുട്ടന്റെ മനസ്സ് സന്തോഷംകൊണ്ടു വീര്‍പ്പുമുട്ടി. പ്രതീക്ഷിച്ച ചോദ്യം.

“ആര് ഞാനാ... കള്ളാ! ഹഹഹ. എന്റെ സിന്ധ്വോ, ദേ ഇന്ന്‌വരെ ഒര് തുള്ളി കഴിച്ചട്ടില്ല“

സിന്ധുവിന്റെ മുഖം അവിശ്വസനീയതയാൽ വിവര്‍ണമായി. “ബിയറോ”

അത് സോഫ്റ്റ് സാധനല്ലേ സിന്ധ്വോ. ഡെയിലി അടിക്കാറ്ണ്ട്‘ എന്നു പറയാനാഞ്ഞ ബാബുട്ടനു പക്ഷേ കാര്‍ന്നോന്മാരുടെ അനുഗ്രഹത്താൽ പെട്ടെന്നു സ്ഥലകാലബോധം വന്നു. പിന്നെ താമസിച്ചില്ല. അസഹ്യമായതെന്തോ കേട്ട പോലെ രണ്ടു കാതുംപൊത്തി.

“മദ്യം തൊട്ട്നോക്കണ പ്രശ്നല്ല്യാ സിന്ധ്വോ. വേറെന്ത് വേണോങ്കിലും പറഞ്ഞോ”

സിന്ധു ഉറപ്പിക്കാനായി ചോദിച്ചു.

“സത്യാ...”

‘ഓ അവൾ വീണു‘ എന്ന ഗൂഢസന്തോഷത്തോടെ ബാബുട്ടൻ അതെയെന്ന അര്‍ത്ഥത്തിൽ ആഞ്ഞു തലയാട്ടി. “ഇന്നേവരെ ആരോടും നൊണ പറയാത്ത ആളാ ഞാൻ. അതോണ്ട് സിന്ധു ഇങ്ങ്നൊന്നും പറേര്ത്”

“എന്നാ ബാബുച്ചേട്ടൻ കുടിച്ചട്ടില്ലാന്ന് വീട്ടുകാരെപ്പിടിച്ച് സത്യം ചെയ്യോ“

സംഗതികൾ അത്രയും പോകുമെന്നു ബാബുട്ടൻ പ്രതീക്ഷിച്ചിരുന്നില്ല. അമ്മ, ചേട്ടന്മാർ എല്ലാം ജീവനാണ്. പക്ഷേ പെട്ടെന്നു തോന്നിയ നമ്പറനുസരിച്ചു അകന്ന ബന്ധത്തിൽ ഉടക്കിലുള്ള ഒരാളെപ്പിടിച്ചു ബാബുട്ടൻ വെള്ളമടിച്ചിട്ടില്ലെന്നു സത്യം ചെയ്തു. പിന്നെ എന്തു ചെയ്യണമെന്നു ഒരുനിമിഷം ശങ്കിച്ചശേഷം ഫുള്‍കൈയ്യൻ ഷര്‍ട്ട് കൈമുട്ടിനു മുകളിലേക്കു തെറുത്തുകയറ്റി ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ അഞ്ചരക്കിലോയുടെ മസിൽ സിന്ധു കാണത്തക്ക വിധം പരമാവധി മുഴപ്പിച്ച് അലസമായി കൈകെട്ടി നിന്നു. സൂത്രത്തിൽ ഓട്ടക്കണ്ണിട്ടു നോക്കി. മസിലിനെ സിന്ധു കണ്ണിമപോലും അനക്കാതെ ആദരവോടെ നോക്കുന്നതു കണ്ടതും ബാബുട്ടൻ ഒന്നുകൂടി ശ്വാസം ഉള്ളിലേക്കു ആഞ്ഞുവലിച്ചു കൈപ്പത്തിയുടെ പുറംഭാഗം കൊണ്ട് നന്നായി താങ്ങുകൊടുത്ത് മസിൽ വീണ്ടും വീര്‍പ്പിച്ചു.

“ബാബുച്ചേട്ടന്‍ ഒരു മസില്‍മാനാണല്ലോ“

ഉള്ളിലേക്കു വലിച്ച ശ്വാസമൊക്കെ നിയന്ത്രിതമായി പുറത്തുവിട്ടു ബാബുട്ടൻ പഴയ പടിയായി.

“ഞാൻ മിസ്റ്റർ കക്കാട് ആയിരുന്നു. സത്യത്തീ ഇതൊന്ന്വല്ലായിരുന്നു എന്റെ ബോഡി. പണ്ട് അഞ്ചുപേര് പിടിച്ചാ കിട്ടില്ലാരുന്നു എന്നെ. ഇപ്പോ വ്യായാമം നിര്‍ത്ത്യ കാരണം ഇത്തിരി മെലിഞ്ഞു“

“ആട്ടെ. സിന്ധൂന് ഇന്യെന്തെങ്കിലും ചോദിക്കാന്ണ്ടാ“

ചെറുതല്ലാത്ത നെടുവീര്‍പ്പിട്ടു കൃഷ്ണന്റെ മകൾ ഒരു കാര്യംകൂടി അന്വേഷിച്ചു. “ബാബുച്ചേട്ടന്റെ കൂടെ വന്നേക്കണത് ആരാ? ആ വെളുത്ത് കൊലുന്നനേള്ള ചേട്ടൻ”

ബാബുട്ടന്റെ മനസ്സിൽ അപായസൂചന ഉണർന്നു. സിന്ധുവിന്റെ മുഖത്തേക്കു നോക്കിയപ്പോൾ അവിടെ വല്ലാത്ത ഭാവമാറ്റം. പിള്ളേച്ചൻ നിസാരക്കാരനല്ല. ഒരു ഒന്നൊന്നര മുതലാണ്. നാവുകൊണ്ട് ആരേയും വളക്കും‍. കയ്യിലാണെങ്കിൽ കാശുമുണ്ട്. കല്യാണം ഇതുവരെ ആയിട്ടുമില്ല. ചിന്തകൾ ഇത്രയുമെത്തിയപ്പോൾ ബാബുട്ടന്റെ മനസ്സിൽ സംശയങ്ങളുടെ പെരുമഴ തുടങ്ങി. പെണ്ണുകാണലിനു തന്റെകൂടെ വരാന്‍ തന്റെ നിര്‍ബന്ധത്തേക്കേളുപരിയായി പിള്ളേച്ചനു വേറെയും ലക്ഷ്യങ്ങളില്ലായിരുന്നോ? എന്തുകൊണ്ട് പിള്ളേച്ചന്‍ ഒമാനിലെ അളിയൻ കൊടുത്തുവിട്ട അത്തർ താനൊരു തുള്ളി ചോദിച്ചിട്ടും തരാതെ സ്വന്തം ദേഹത്തുമാത്രം പൂശി പെണ്ണുകാണലിനു ഒരുങ്ങിയത്? പിള്ളേച്ചന്റെ തലമുടിയിലെയും ചെവിയിലേയും ചെമ്പിച്ച കുറച്ചുരോമങ്ങൾ പെണ്ണുകാണലിന്റെ തലേന്നു ഡൈ ചെയ്തു കറുപ്പിച്ചതെന്തിന്?. ഇതുപോലെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ. അവക്കൊടുവിൽ ബാബുട്ടൻ സിന്ധുവിന്റെ അന്വേഷണത്തിനു മറുപടി പറഞ്ഞു.

“ഓ അവനാ. അത് ഞാന്‍ വന്ന ട്രാൿസിന്റെ ഡ്രൈവറല്ലേ. എന്ന്‌വെച്ചാ പുള്ളീടെ വണ്ടിയൊന്ന്വല്ലാട്ടാ. ഇത് ഞാനും എന്റെ കൂട്ടാരനും കാശ് ഷെയറിട്ട് വാങ്ങീതാ”

“ബാബുച്ചേട്ടാ. അപ്പോ ആ ചേട്ടന് നല്ല പണിയൊന്നൂല്യേ. പാവം.”

സഹതാപതരംഗം ആഞ്ഞടിക്കുമോയെന്നു പേടിച്ചു ബാബുട്ടൻ അടുത്ത നമ്പറിട്ടു.

“ഏയ്. എടക്ക് ഞാനെന്റെ ടിപ്പറീ കൊണ്ടോവാറ്‌ണ്ട്. വല്ല അഞ്ചോ പത്തോ കൊടുക്കും. അത്രന്നെ”

ബാബുട്ടൻ പറഞ്ഞു നാവെടുത്തില്ല അപ്പോഴേക്കും പിന്നിൽ‌നിന്നു ശബ്ദം. “എന്താത്. ഇത് വരെ പഞ്ചാരടിച്ച് കഴിഞ്ഞില്ലേ ബാബ്വോ?”

പിള്ളേച്ചൻ!‍.
ഒരുവശത്തു നാണംകുണുങ്ങി നില്‍ക്കുന്ന സിന്ധുവിനെ കണ്ടപ്പോൾ അദ്ദേഹം പ്രത്യേക ഭാവത്തിൽ ചിരിച്ചു. ബാബുട്ടനെ പാടെ അവഗണിച്ചു ചോദ്യമെറിഞ്ഞു.

“എവിട്യാ പഠിച്ചെ സിന്ധൂ?”

ചോദിച്ചതു സിന്ധുവിനോടാണെങ്കിലും മറുപടി പറഞ്ഞതു ബാബുട്ടനാണ്. “പനമ്പിള്ളീലാ പിള്ളേച്ചാ. ബാക്ക്യൊക്കെ ഞാൻ പോവുമ്പോ പറയാം”

പെണ്ണുകാണൽ കഴിഞ്ഞു തിരിച്ചുപോകാൻ നേരം ബാബുട്ടനു വല്ലാത്ത വിഷമമായി. എന്തോ വിലപ്പെട്ട ഒന്ന് കൈമോശം വന്നപോലെ. ഇപ്പോൾ എല്ലാം ഒകെ ആണെങ്കിലും ഭാവിയിൽ സിന്ധുവിനു മനസാന്തരം വന്നാലോ എന്ന ചിന്തയിൽ ബാബുട്ടൻ വിവശനായി. ഒടുക്കം യാത്ര പറയാന്‍ നേരം ബാബുട്ടൻ വികാരവിക്ഷുബ്ദനായി പോട്ടക്കാരോടു കട്ടായം പറഞ്ഞു.

“സിന്ധ്വോ. നിയ്യ് എന്നെക്കെട്ടീല്ലെങ്കി ഞാൻ നാഷണൽ ഹൈവേലെ വെളക്കുകാലില് പ്ലാസ്റ്റിക് കയറീ തൂങ്ങിച്ചാവും“

ബാബുട്ടന്റെ ഉഗ്രശപഥം. പുതുത്തിങ്കൽ കുടുംബക്കാരൊക്കെ നടുങ്ങി. പറമ്പിൽ ‍അതുവരെ ശാന്തമായി ചിക്കിച്ചികഞ്ഞ് നടക്കുകയായിരുന്ന പൂവൻ‌കോഴി പൊടുന്നനെ ഉച്ചത്തിൽ കൊക്കിക്കരഞ്ഞു. പക്ഷേ വക്കീൽ കാശൊഴിച്ചു ബാക്കി എന്തുപോയാലും കുലുങ്ങാത്ത പിള്ളേച്ചൻ മാത്രം കൂളായി ചിരിച്ചു. ബാബുട്ടനെ നമക്കറിയരുതോ?

കാലങ്ങൾ, വര്‍ഷങ്ങൾ പിന്നേയും കടന്നു പോയി. കക്കാടിലെ പുല്ലാനിത്തോട്ടിലൂടെ ഒരുപാട് തവണ മലവെള്ളം കയറിയിറങ്ങി. പോട്ട പുതുത്തിങ്കൽ കൃഷ്ണന്റെ മകൾ സിന്ധു ഇന്നു കക്കാട് കുഴുപ്പിള്ളിവീട്ടിൽ ബാബുവിന്റെ സഹധര്‍മ്മിണിയും രണ്ട് ആണ്‍കൊച്ചുങ്ങളുടെ മാതാവുമാണ്. സ്വസ്ഥം. സുഖം.