Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, December 14, 2008

സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ - 2

ശ്രദ്ധിക്കുക: ‘സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ – I‘ എന്ന എന്റെ മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

വൈകീട്ട് ഇയ്യാത്തുംകടവിലെ കലക്കൽവെള്ളത്തിൽ കുളിക്കുകയായിരുന്ന ആശാനോടു മമ്മദ്ഹാജി സംശയങ്ങൾ നിരത്തി.

“കുട്ടാ... കഴിഞ്ഞ മാസം എന്റെവീട്ടീ ഒന്നാന്തി കേറീത് ആരാന്നറിയോ?“

കക്ഷത്തിൽ സോപ്പിട്ട് പതപ്പിക്കുകയായിരുന്ന ആശാൻ പെട്ടെന്നു ആ പരിപാടി നിര്‍ത്തി. ആകാംക്ഷഭരിതനായി. “ആരാടാ മമ്മദേ?”

ചുറ്റിലും ആരുമില്ലെന്നു ഉറപ്പുവരുത്തി മമ്മദ്‌ഹാജി ശബ്ദം താഴ്ത്തി പറഞ്ഞു. “ഇല്ലത്തെ മുരളിക്കുഞ്ഞ്. കൊഴപ്പോന്നൂണ്ടാവില്യാന്നാ ഞാങ്കരുത്യെ. പക്ഷേ കഴിഞ്ഞ ഒരു മാസായിട്ട് പച്ച തൊട്ടട്ടില്ല. ആകെക്കൂടെ ഒരു എനക്കേട്”

ഒന്നുനിര്‍ത്തി ഹാജി പൂരിപ്പിച്ചു. “ഇനീപ്പോ ആശാനൊന്ന് സൂക്ഷിച്ചോണം. വീടിന്റട്‌ത്തല്ലേ ഇല്ലം“

ഫ്ലാഷ്ബാക്കായി എല്ലാം ഓര്‍ത്തതും കുട്ടനാശാൻ ചാരുകസേരയില്‍നിന്നു ചാടിയെഴുന്നേറ്റു. അഴിഞ്ഞുപോയ മുണ്ടും താഴെവീണ തോര്‍ത്തും വാരി വീടിനകത്തേക്കു ഓടി. പക്ഷേ ഓർമകൾ പിടിവിടാന്‍ വൈകിയതിനാൽ അകത്തേക്കു ഓടിമറയാനുള്ള ആശാന്റെ ശ്രമം, വാതില്‍പ്പടിയിൽ എത്തിയപ്പോൾ, മുരളിയണ്ണന്റെ ‘ആശാ‍നേയ്‘ എന്ന നീട്ടിയ വിളിയില്‍തട്ടി പാഴായി. വാതില്‍പ്പടിയിൽ വീണ തോര്‍ത്തുമുണ്ട് കുനിഞ്ഞെടുത്തു ശക്തിയായി കുടഞ്ഞു ആശാൻ തോളിലിട്ടു. ഓട്ടത്തിന്റെ ജാള്യം പുറത്തുകാണിക്കാതെ നെഞ്ചത്തെ രോമക്കാടിൽ വിരലുകളോടിച്ചു അന്വേഷിച്ചു.

“എന്താ മുരളീ... കാലത്തന്നെ?”

മുരളിയണ്ണൻ മറുപടി പറഞ്ഞില്ല. പകരം വലതുകൈയിലെ പെരുവിരലും ചൂണ്ടുവിരലും പരമാവധി അകത്തി, ചുണ്ടിനോടു ചേർത്തു തീവണ്ടി ഓടിയ്ക്കുന്ന ശബ്ദമുണ്ടാക്കി. കൊച്ചുകുട്ടികളെപ്പോലെ മുറ്റത്തു രണ്ടുറൌണ്ട് ഓടി.

“കൂയ് ഛുക് ഛുക് ചുക്ക്. കൂയ് ഛുക്...”

ഡ്രൈവിങ്ങ് പഠിക്കാൻ ഇറങ്ങിയതാണെന്നു അറിഞ്ഞപ്പോൾ കട്ടനാശാന്റെ മനസ്സിൽ ഉള്‍ക്കിടിലമുണ്ടായി. അതു പുറത്തുകാണിക്കാതെ ആശാന്‍ ഗൌരവം നിറഞ്ഞ മുഖത്തോടെ ചാരുകസേരയിൽ വന്നിരുന്നു.

“ചാലക്കുടി സജീഷില് പഠിക്കാൻ പോയിട്ടെന്തായി മുരളീ?”

മുരളിയണ്ണൻ പുറം ചൊറിഞ്ഞു. “ഓ... എന്താവാനാ ആശാനേ. അവർക്ക് കാശിമ്മേണ് നോട്ടം”

കയ്യിലുണ്ടായിരുന്ന പത്രംമടക്കി നിലത്തിട്ടു ആശാൻ മുരളിയെ കൂര്‍പ്പിച്ചുനോക്കി. പിന്നെ ചാരുകസേരയിൽ മുന്നോട്ടാഞ്ഞു, കാല്പാദം വക്കാനുള്ള പടിയിൽ കൈത്തലം ആഞ്ഞടിച്ചു ഉച്ചത്തിൽ ആരാഞ്ഞു.

“നീയോടിച്ച വണ്ടി ചാലക്കുടിപ്പാലത്തിന്റെ കൈവരീമേണ് ഇടിച്ച് നിന്നേന്നും, ഇടീടെ ഫോഴ്സില് സജീഷിലെ ആശാൻ പൊഴേലേക്ക് ഡൈവ് ചെയ്തെന്നും കേട്ടല്ലോ”

മുരളിയണ്ണന്റെ ഉള്ളിൽ ആന്തലുണ്ടായി. ആശാന്‍ ഇതെങ്ങനെ അറിഞ്ഞു. ആദ്യത്തെ അമ്പരപ്പിനുശേഷം കാര്യങ്ങളെല്ലാം നിഷേധിച്ചു. “കിംവദന്ത്യാ ആശാനേ. ആശാനതൊന്നും വിശ്വസിക്കര്ത്. ഞാനത്തരക്കാരനൊന്ന്വല്ല”

കുട്ടനാശാന് കൂടുതൽ എന്തെങ്കിലും ചോദിക്കാൻ സമയം കിട്ടുന്നതിനുമുമ്പ് മുരളിയണ്ണൻ കഴിഞ്ഞകൊല്ലം പിഷാരത്ത് അമ്പലത്തിലെ ഉത്സവത്തിനു വാങ്ങിയ പത്തുരൂപയുടെ പ്ലാസ്റ്റിക്ജീപ്പ് ദക്ഷിണയായി കാല്‍ക്കൽ വച്ചു. അതോടെ കുടുങ്ങിയെന്നു ആശാനും ഉറപ്പിച്ചു. നനഞ്ഞില്ലേ എന്നാലിനി കുളിച്ചുകയറാമെന്നു കരുതി, കൈത്തണ്ടയും ചുമലും ചൊറിഞ്ഞു ആശാൻ കാര്യം പറയാതെ പറഞ്ഞു.

“ദക്ഷിണ ഇതിലൊന്നും നിര്‍ത്തരുത് മുരളീ”

കാര്യം മനസിലാക്കിയ ശിഷ്യന്‍ പ്രതിവചിച്ചു. “ആശാനേ... ആശാൻ പറ. എന്താ വേണ്ടെ. ഹാഫാണോ ഫുള്ളാണോ?”

ആശാന്‍ ഉദാരമതിയായി. “നിന്നെക്കൊണ്ടാവണത് മതി. രണ്ടായാലും എനിയ്ക്ക് തൊണ്ട നനയാനില്ല”

ഒരു വമ്പന്‍ കോട്ടുവായിട്ട് ആശാൻ കാര്യത്തിലേക്കു കടന്നു. “ഏത് വണ്ടി ഓടിയ്ക്കാനാ മുരളീ പ്ലാൻ?”

“ആശാനേ ജീപ്പാണ്”

കുട്ടനാശാന്‍ അമ്പരന്നു. “ജീപ്പോ! ഇന്നത്തെക്കാലത്ത് ജീപ്പൊക്കെ ഓടിക്കാൻ പഠിച്ചട്ട് എന്താവാനാടാ?”

“ഒരെണ്ണം വാങ്ങാൻ പ്ലാന്ണ്ട്. അതല്ലേ...”

“വാങ്ങീട്ട് എവടെട്ട് ഓടിക്കാനാ‍ മുരളി ഈ ഓണം കേറാമൂലേല്?“

സംഗതി ശരിയാണല്ലോ എന്നോര്‍ത്ത് ആദ്യം പകച്ചെങ്കിലും പെട്ടെന്നു മുരളിയണ്ണന്റെ മുഖം പ്രകാശിച്ചു. “കൊരട്ടിമുത്തീടെ പള്ളിപ്പെരുന്നാളിന് അങ്ങടുമിങ്ങടും ഷിഫ്റ്റ് അടിക്കാലോ ആശാനേ”

ആശാന്റെ കണ്ണുകൾ കലങ്ങിച്ചുവന്നു. “അതോണ്ടെന്താവാനാടാ. കൊല്ലം മുഴ്വോൻ പള്ളിപ്പെരുന്നാളാ”

“അല്ലാത്തപ്പോ ആന്റൂന്റെ ഷാപ്പിലേക്ക് കള്ളിന്റെ ക്യാനുകൾ സപ്ലൈ ചെയ്യാം. അത്രന്നെ“ ഒന്നുനിര്‍ത്തി ആവേശത്തോടെ പൂരിപ്പിച്ചു. “കള്ളിനല്ലേ ആശാനേ ഇപ്പ ഡിമാന്റ്”

അതു ശരിയാണെന്ന അര്‍ത്ഥത്തിൽ ആശാൻ തലകുലുക്കെ മുരളിയണ്ണൻ അലക്ഷ്യമായി മറ്റൊരു പദ്ധതികൂടി മുന്നില്‍വച്ചു. “പിന്നെ കൊറച്ച് സ്കൂൾ പിള്ളേരെ കിട്ട്വോന്ന് നോക്കണം. ആശാന്റെ വീട്ടിലൊള്ള മുഴ്വോൻ പിള്ളേരേം ഇപ്പഴേ ബുക്കു ചെയ്യാണ് ഞാൻ”

കാലത്തായിട്ടും ആശാന്‍ വിയര്‍ത്തു. മൂക്കിന്റെ തുമ്പത്തു വിയര്‍പ്പുമണികൾ പറ്റിപ്പിടിച്ചു.
‘അവരെ സ്കൂളീ വിടണത് നിര്‍ത്താൻ പോവാ മുരളീ. പഠിപ്പിക്കാനൊക്കെ ഇപ്പ എന്താ ചെലവ്”

ഒടുക്കം ആശാൻ പറഞ്ഞുനിര്‍ത്തി. “എന്നാപ്പിന്നെ നീ നാളെ സ്കൂൾ ഗ്രൌണ്ടീ വാ. ഞാൻ സനീഷിനോട്...“

ആശാനെ മുഴുമിക്കാന്‍ സമ്മതിക്കാതെ മുരളി ഇടക്കുകയറി പറഞ്ഞു. “ആശാ‍നേ സനീഷ് വേണ്ട. ആശാൻ തന്നെ എന്നെ പഠിപ്പിക്കണം. എന്റൊരു ആഗ്രഹാണ്”

ആദ്യം സമ്മതിക്കാന്‍ പോയെങ്കിലും മമ്മദ്‌ഹാജീടെ വാക്കുകൾ മനസിൽ താക്കീതുപോലെ മുഴങ്ങിയപ്പോൾ കുട്ടനാശാൻ വഴങ്ങിയില്ല. മകനെ തന്നെ ഏര്‍പ്പാടാക്കി.

പിറ്റേന്നു രാവിലെ വാളൂർ സ്കൂൾഗ്രൌണ്ടിൽ മകനോടൊത്തുവന്ന ആശാന്റെ അടുത്തു മുരളിയണ്ണൻ ഹാജരായി. പഠിത്തം തുടങ്ങുന്ന ദിവസമായതിനാൽ ആശാൻ മുരളിയുടെ തലയിൽ കൈവെച്ചു അജ്ഞാതമായ ഭാഷയിൽ എന്തോ പറഞ്ഞു ആശീർ‌വദിച്ചു. ശേഷം രണ്ടുപേരും കാറിനടുത്തേക്കു നടന്നു. രണ്ടു തലമുറകൾ ഡ്രൈവിങ്ങ് പഠിച്ച കാറിന്റെ സ്റ്റിയറിങ്ങ് തൊട്ടുകാണിച്ചു ആശാൻ ഗൂഢമായി അന്വേഷിച്ചു.

“ഇതെന്താ മുരളീ. ബ്രെക്കാണോ ആക്സിലേറ്ററാണോ?”

“ഹോണാണ് ആശാനേ!“

ഇല്ല. ഈ മറുപടി കേട്ടിട്ടും ആശാൻ പ്രതീക്ഷ കൈവിട്ടില്ല. ഡോറിന്റെ ഒരു ഭാഗത്തു ആഞ്ഞിടിച്ചു വലിച്ചു തുറന്നു. ഡ്രൈവറുടെ കാല്പാദത്തിനടുത്തുള്ള മൂന്നു ലിവറുകൾ ചൂണ്ടി ആശാൻ വീണ്ടുമന്വേഷിച്ചു.

“അതിലെ വലത്‌വശത്തെ ലിവർ എന്തിന്റ്യാ മുരളീ?”

“അതാണ് ആശാനേ ബ്രേക്ക്!”

“സത്യാ?“

“പിന്നല്ലാണ്ട്. അന്ന് ചാലക്കുടിപ്പാലത്തീക്കോടെ പതുക്കെപ്പോയാ മതീന്നുവെച്ച് ഇതുമ്മ്യാ ചവിട്ട്യെ“

ഇതുകൂടി കേട്ടതോടെ ആശാന്റെ കണ്ണിൽ കുടുകുടാ വെള്ളംവന്നു. സ്വന്തം മകനെ വിളിച്ചു ദൂരേക്കു നീക്കിനിര്‍ത്തി ശരീരമാകെ തടവി കണ്‍കുളിര്‍കെ നോക്കി. “സന്യേ നോക്കീം കണ്ടും നിന്നോട്ടാ. പാലത്തീക്കോട്യൊന്നും ഈ ശനിയനേം കൊണ്ട് പോണ്ട. മനസ്സിലായാ”

മകനോടു എല്ലാം പറഞ്ഞേല്‍പ്പിക്കുകയായിരുന്ന ആശാനെ മുരളി വിളിച്ചു. “ആശാനേ... വണ്ടീടെ താക്കോൽ കാണാല്യ”

“ആ വണ്ടി ഓടിക്കാൻ താക്കോൽ വേണ്ടാ മുരളി“

ആദ്യം സംശയിച്ചെങ്കിലും താക്കോൽ ആവശ്യമില്ലാത്ത വണ്ടികളും ഉണ്ടാകുമെന്നു കരുതി മുരളിയണ്ണൻ ശാന്തനായി. അങ്ങിനെ അദ്ദേഹം സനീഷ് ഡ്രൈവിങ്ങ് സ്കൂളിൽ പഠനം തുടങ്ങി. ഗ്രൌണ്ടിലിട്ടു വളക്കാനും തിരിക്കാനും കുട്ടനാശാനും റോഡിലൂടെ ട്രയൽ ഓടിക്കാൻ ആശാന്റെ മൂത്തമകൻ സനീഷും മേല്‍നോട്ടം വഹിച്ചു.

വളക്കുന്നതിനിടയിൽ മുരളിയണ്ണൻ പലപ്പോഴും ആശാനെ വിളിച്ചു സംശയം ചോദിക്കും. “ആശാനെ വണ്ടി നീങ്ങണില്ല”

ആശാനപ്പോൾ കയ്യാട്ടി വിളിക്കും. “നീയിങ്ങ് വന്നേ. പറയാം”

“വണ്ടി തേര്‍ഡ് ഗിയറിലാ. ഞാന്‍ കാലെടുത്താ നീങ്ങും”

തര്‍ക്കുത്തരം കേട്ടു ആശാന്റെ മുഖം മങ്ങി. “ഇല്ല്യാ മുരളീ. നീയിങ്ങ് പോന്നേക്ക്“

മുരളിയണ്ണന്‍ അടുത്തെത്തുമ്പോൾ ആശാൻ സത്യം തുറന്നു പറയും.

“എടാ ആ വണ്ടിക്ക് തേര്‍ഡ് ഗിയറൊന്നൂല്യ. ആകെ രണ്ടെണ്ണേള്ളൂ. ഒന്ന് ഫസ്റ്റ്. പിന്നെ ഏതാന്ന് എനിക്കറീല്ല. ഏത് ഗിയറിലാ വീണേന്ന് അറിയണങ്കി കൈമള്‍ടെ അടുത്ത് പ്രശ്നം വയ്‌ക്കണ്ടിവരും. മാത്രല്ലാ ചെലപ്പോ ഫസ്റ്റ്ഗിയറീന്ന് ഗിയർ ലിവർ നീങ്ങണങ്കി രണ്ടുകയ്യും പ്രയോഗിക്കണം. എന്നട്ടും വീഴണില്ലെങ്കി വണ്ടീമേന്ന് എറങ്ങി വണ്ടി ഉന്തി അനക്കിയിടാ.. ഒക്കെ നേര്യാവും”

എല്ലാം കേട്ടു കണ്ണുമിഴിച്ചു നില്‍ക്കുന്ന മുരളിയെ ആശാൻ തോളത്തു അഞ്ഞടിച്ച് ‘ശരി ശരി... നീ ചെല്ല്‘ എന്നുപറഞ്ഞു പ്രോത്സാഹിപ്പിച്ച്, ബലമായി വണ്ടിയുടെ അടുത്തേക്കു ഉന്തിത്തള്ളി വിടും. മുരളിയണ്ണന്‍ വലിയ കണ്ണടയൂരി ഷര്‍ട്ടിന്റെ കൈകൾ തെറുത്തുകയറ്റി പൊരിവെയിലത്തു കാർ ഉന്തുമ്പോൾ ആശാൻ അമ്പലപ്പറമ്പിലെ നല്ലതണലുള്ള ആല്‍ത്തറയിലിരുന്നു കൈമെയ് മറന്നു പ്രോത്സാഹിപ്പിക്കും.

“സബാഷ് മുരളീ... സബാഷ്”

ആശാന്റെ ശിക്ഷണത്തിൽ ഒന്നര ആഴ്ചകൊണ്ടു മുരളിയണ്ണന്റെ ഡ്രൈവിങ്ങ് നൈപുണ്യം കണ്ണടച്ച് ‘H’ എടുക്കുന്ന നിലയിലേക്കു വളര്‍ന്നു. പക്ഷേ സനീഷിനു കീഴിൽ റോഡിലൂടെയുള്ള ട്രയൽ‌റൺ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയില്ലാതെ തുടങ്ങിയിടത്തു തന്നെനിന്നു. ബ്രേക്കും ആക്സിലേറ്ററും തമ്മിൽ പലപ്പോഴും മാറ്റിച്ചവിട്ടാറുള്ള മുരളി കട്ടപ്പുറത്തെ വണ്ടിപോലെ തല്‍‌സ്ഥിതി തുടരുമ്പോഴാണ് പഠിപ്പിക്കുന്ന ചുമതലയില്‍നിന്നു മകനെ പിന്‍‌വലിച്ച് ആശാൻ, അരിയമ്പുറത്തെ സനീഷ് ഡ്രൈവിങ്ങ് സ്കൂളിന്റെ പരമാത്മാവായ കുട്ടനാശാന്‍, തന്നെ മുരളിക്കു വേണ്ടി രംഗത്തിറങ്ങുന്നത്. അതോടെ സംഗതികൾ എല്ലാം കീഴ്മേൽ മറഞ്ഞു.

ബ്രേക്കും ആക്സിലേറ്ററും തമ്മിലുള്ള വര്‍ക്കിങ്ങ് ഫോര്‍മുലകളെയൊക്കെ അപ്രസക്തമാക്കി ഇടതുകാലിൽ ആക്സിലേറ്ററും വലതുകാലിൽ ബ്രേക്കുമാണെന്നു കുട്ടനാശാൻ മുരളിയുടെ മനസ്സിൽ ഊട്ടിയുറപ്പിച്ചു. അതോടെ നേരിയതോതിൽ പുരോഗതി കാണിച്ച മുരളിയണ്ണൻ, പക്ഷേ മൂന്നാമത്തെ ആഴ്ച കൊരട്ടി മുതൽ അങ്കമാലി വരെ നീളുന്ന നാഷണൽ ഹൈവേ വെറും ഏഴുമിനിട്ടിൽ വായുവേഗത്തിൽ താണ്ടി ചെറുവാളൂരിന്റേയും സനീഷ് ഡ്രൈവിങ്ങ് സ്കൂളിന്റേയും ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമായി മാറി. തമിഴന്‍ ലോറിക്കാർ പോലും, ആക്സിലേറ്ററിൽനിന്നു ഇഷ്ടിക എടുത്തുമാറ്റി, ഇരുപതു കിലോമീറ്റർ സ്പീഡിൽ താങ്ങി പോകാറുള്ള ‘മരണത്തിന്റെ ഇടനാഴി‘ എന്നു കുപ്രസിദ്ധിയാര്‍ജിച്ച കൊരട്ടി ജെ‌ടി‌എസ് ജംങ്ഷനിലൂടെ മുരളിയണ്ണൻ വണ്ടിയോടിച്ചത് എണ്‍പത് കിലോമീറ്റർ വേഗതയിലാണെന്നറിഞ്ഞപ്പോൾ നാട്ടുകാരെല്ലാം മൂക്കിൽ വിരൽചേര്‍ത്തു അമ്പരന്നു.

ദാസന്റെ ചായക്കടയിലിരുന്നു ‌ചായ മൊത്തിക്കുടിക്കുന്ന വേളയിൽ ലൈന്‍‌മാൻ അഴകപ്പൻ ആരോടെന്നില്ലാതെ അമര്‍ഷം പ്രകടിപ്പിച്ചു. “അവനൊരു ഭാര്യേം ആണ്‍‌കൊച്ചും ഒള്ളതല്ലേ. അപ്പോ അങ്ങനെ ചെയ്യാമോ”

പറക്കണ കാറിലിരുന്നപ്പോൾ എന്തായിരുന്നു മനസ്സിലെന്നു സംഭവം നടന്നതിന്റെ പിറ്റേന്നു ചെറുവാളൂർ ജംങ്ഷനിലെ ഗ്ലാമർ ടൈലേഴ്‌സ് ഉടമയായ കക്കാടുകാരൻ ‘ഗ്ലാമർ ലാലു‘ ആശാനോടു അന്വേഷിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് നിഷ്കളങ്കമായാണ്.

“അവനെന്തൂട്ടൊക്ക്യാ ചെയ്തേന്ന് എനിയ്ക്കറീല്ലെടാ ലാലൂ. തട്ടിപ്പോവൂന്ന് പേടിച്ച് എനിക്ക് ബോധല്ല്യായിരുന്നു”

ഇങ്ങിനെ നാട്ടുകാരുടേയും കുട്ടനാശാന്റേയും പ്രതീക്ഷകളെല്ലാം കവച്ചുവച്ചു കിടയറ്റ ഡ്രൈവറായി അരിയമ്പുറത്തെ മുരളിയണ്ണൻ പരിണമിക്കുന്ന കാലത്ത്, ഡ്രൈവിങ്ങ് ടെസ്റ്റിന്റെ തലേദിവസം, തീരദേശംറോഡിനു സമീപമുള്ള ഇയ്യാത്തും കടവിലാണ് ആ സംഭവം അരങ്ങേറിയത്. കുണ്ടും കുഴിയും നിറഞ്ഞ മൂന്നുകിലോമീറ്റർ നീളമുള്ള തീരദേശം റോഡ് വെറും മൂന്നുമിനിറ്റിൽ എടുത്ത് പരിശീലനം മുഴുമിപ്പിച്ചപ്പോൾ കുട്ടനാശാൻ സൂചിപ്പിച്ചു.

“മുരളീ വണ്ട്യൊന്ന് കഴ്കണം”

മുരളിയണ്ണൻ നിരുത്സാഹപ്പെടുത്തി. “എന്തിനാ ആശാനെ കഴ്കണെ. പൊടി വരും... പോവും... പിന്നേം വരും പിന്നേം പോവും. അത്രന്നെ. എന്ന്വച്ചാ നമ്മടെ അധ്വാനം വെർത്യാന്ന്”

“ഇന്നലെ പാട്ട പെറുക്കണോര് വീട്ടീവന്ന് വണ്ടി ചോദിച്ചെടാ. അതല്ലേ? നീ ഇയ്യാത്തുംകടവിലേക്ക് വിട്”

കക്കാട് തീരദേശം റോഡിനോടു ചേര്‍ന്നൊഴുകുന്ന പുഴയാണ് ചാലക്കുടിപ്പുഴയുടെ അപരനായ പുളിക്കകടവ് പുഴ. പുളിക്കക്കടവും പനമ്പിള്ളിക്കടവും കഴിഞ്ഞാൽ പിന്നെ അരിയമ്പുറത്തിനു സമീപമുള്ള ഇയ്യാത്തും കടവിനാണ് പ്രാമുഖ്യം. പണ്ടു കടത്തുവഞ്ചി ഉണ്ടായിരുന്നെങ്കിലും പുളിക്കക്കടവിൽ പാലം വന്നതില്‍പ്പിന്നെ ഇയ്യാത്തുംകടവ് കുളിക്കാനും കുളിസീൻ കാണാനുമല്ലാതെ ആരും ഉപയോഗിക്കാറില്ല.

കോണ്‍ക്രീറ്റ് സ്ലാബുകൊണ്ടു മറച്ച ദുര്‍ഘടമേറിയ കനാലും കുത്തനെ ഇറക്കവുമുള്ള കടവിനു സമീപം എത്തിയപ്പോൾ ആശാൻ അന്വേഷിച്ചു. “വണ്ടി ഞാനെടുക്കണോ മുരളി?”

വളയം പിടിക്കാന്‍ പഠിപ്പിച്ച, ഓരോവീഴ്ചയിലും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും കൂടെ വീഴേണ്ടിവന്ന കുട്ടനാശാന്റെ ചോദ്യംകേട്ടപ്പോൾ മുരളിയണ്ണനു സങ്കടവും രോഷവും ഒന്നിച്ചുവന്നു. ചോദ്യത്തിനു മറുപടിപറയാതെ വണ്ടിബ്രേക്കിട്ടു നിര്‍ത്തി, പുറത്തിറങ്ങാനായി ഡോറിൽ കൈവച്ചു. പക്ഷേ ശിഷ്യന്മാരുടെ അന്തഃരംഗം പറയുന്നത് മനസ്സിലാക്കാന്‍ അപാരവിരുതുള്ള കുട്ടനാശാൻ, അവരുടെ ആത്മവിശ്വാസത്തിനു തരിമ്പും പോറലേല്‍ക്കരുതെന്നു വാശിയുള്ള കുട്ടനാശാൻ പെട്ടെന്നു കാര്യങ്ങൾ ഊഹിച്ചു പ്ലേറ്റ് തിരിച്ചുവച്ചു.ഇയ്യാത്തുംകടവില്‍നിന്നു കുറച്ചുദൂരെ വന്‍പുഴക്കാവ് അമ്പലത്തിലെ കടവിൽ കുളിക്കുകയായിരുന്ന നമ്പീശനാണ് അതാദ്യം കണ്ടത്. ഒരു കാർ പുഴയുടെ സൈഡിലൂടെ മന്ദംമന്ദം ഒഴുകി വരുന്നു. കൂടെ ഒരു പ്ലാസ്റ്റിക് കണ്ണടയും കാജബീഡിയുടെ കുറ്റിയും!.

കടവിന്റെ പൊക്കത്ത് തെങ്ങിൻതടം കിളക്കുകയായിരുന്ന സുബ്രണ്ണനോടു നമ്പീശൻ വിളിച്ചുചോദിച്ചു. “സുബ്രാ. മ്മടെ ആശാന്റെ വണ്ട്യല്ലേ ആ വരണെ?”

സുബ്രണ്ണൻ പുരികത്തിനു മുകളിൽ കൈത്തലംവച്ചു സൂക്ഷിച്ചുനോക്കി. പിന്നെ നെഞ്ചിൽ കൈവെച്ചു. “അതേലോ നമ്പീശാ. ഒഴുക്കീ പെട്ടതെങ്ങാനാണോ”

കനത്ത ഉദ്വേഗത്തിനിടയിലും നമ്പീശൻ ഒരുചിരി ചിരിച്ചു. “ഒഴുക്കിലാ! ആശാന്റെ വണ്ട്യാ!. ഹഹഹ. എനിക്ക് തോന്നണത് ആശാനതു വെള്ളത്തീക്കോടെ ഓടിക്കണതാന്നാ. പുള്ളി അതല്ല അതിനപ്പുറോം ചെയ്യും”

ഇയ്യാത്തുംകടവിൽ കഴുകാനിറക്കിയ കാറിൽനിന്നു കുട്ടനാശാനും മുരളിയണ്ണനും നിഗൂഢമായ കാരണങ്ങളാൽ ഡോര്‍തുറന്നു പുറത്തിറങ്ങി കരയിലേക്കു നീന്തിക്കയറി. വണ്ടി പുളിക്കക്കടവുവരെ മന്ദംഒഴുകി. അവിടെ വടമിട്ടു പിടിച്ചുനിര്‍ത്തി. വണ്ടിക്കു പറ്റിയ കേടുപാടുകൾ വീട്ടിലെ വരിയ്ക്ക പ്ലാവ് വിറ്റ കാശുകൊണ്ടു മുരളിയണ്ണൻ തീർത്തു കൊടുത്തു. ശേഷം നാട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഡ്രൈവിങ്ങ് പഠനം നിര്‍ത്തി. കുട്ടനാശാന്‍ എന്ന ഡ്രൈവിങ്ങ് ഗുരുവിന്റെ പ്രഭാവത്തിലേറ്റ കനത്ത പ്രഹരമായിരുന്നു മുരളിയെന്ന വ്യക്തിയെ ശിഷ്യനായി സ്വീകരിച്ചതും ഇയ്യാത്തുംകടവിലൂടെ ടിയാൻ നടത്തിയ വിഖ്യാതമായ മുങ്ങാങ്കുഴിയിടലും. ആശാന്റെ ഈ വീഴ്ച ആയുധമാക്കി ആശാന്‍തന്നെ പഠിപ്പിച്ച പിള്ളേർ അന്നമനടയിലും മാമ്പ്രയിലും ഡ്രൈവിങ്ങ് സ്കൂളുകൾ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളിൽ നല്ലശതമാനം കാൽ മാറ്റിച്ചവിട്ടി. എങ്കിലും വാളൂർ ഏരിയയിൽ ഡ്രൈവിങ്ങ് എന്നതിന്റെ പര്യായം എക്കാലത്തും കുട്ടനാശാൻ എന്നു തന്നെയാണ്. 


ണ്ടു തലമുറകളെ ഡ്രൈവിങ്ങ് പഠിപ്പിച്ച കുട്ടനാശാൻ ഇന്നു ഓർമകളിൽ മാത്രം. സനീഷ് ഡ്രൈവിങ് സ്കൂളിന്റെ സാരത്ഥ്യം അദ്ദേഹത്തിന്റെ മകൾ ഏറ്റെടുത്തു നടത്തുന്നു. സ്ഥാപനത്തിന്റെ പേരിലെ ‘സനീഷ്‘ മാറ്റി “നിഷാദ് ഡ്രൈവിങ്ങ് സ്കൂൾ” എന്നാക്കി മാറ്റുകയും ചെയ്തു.

Tuesday, December 9, 2008

സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ - 1


ചെറുവാളൂർ പത്രോസുപടി ബസ് സ്റ്റോപ്പിലുള്ള ദാസന്റെ ചായപ്പീടികയിൽ അന്നു നട്ടുച്ചക്കും നല്ല തിരക്കായിരുന്നു. ദാസൻ എല്ലാവര്‍ക്കും ഓടിനടന്നു ചായയും പരിപ്പുവടയും എത്തിക്കുന്നതിൽ വളരെ തിരക്കിൽ. ഇടക്കു വീണുകിട്ടുന്ന ഇടവേളകളിൽ ആള്‍ക്കൂട്ടത്തിനു നടുവിലിരിക്കുന്ന വ്യക്തിയുടെ വാക്കുകൾ ശ്രദ്ധിക്കുന്നുമുണ്ട്. ചാലക്കുടി-അങ്കമാലി റൂട്ടിലെ NH-47 ൽ കൊരട്ടിക്കടുത്തുള്ള ജെടി‌എസ് ജംങ്‌ഷൻ എന്ന ആക്സിഡന്റ് പ്രോൺഏരിയയിൽ ഒരു തമിഴൻ ലോറിയുമായി ചെറുവാളൂർ സ്വദേശി മഹേഷിന്റെ ബജാജ് 4 എസ് ബൈക്ക് കൂട്ടിയിടിച്ചത് രണ്ടുദിവസം മുമ്പായിരുന്നു. അദ്ദേഹം തന്നെയാണു ആൾക്കൂട്ടത്തിനു നടുവിലെ കസേരയിലിരുന്നു പ്രസ്തുതസംഭവത്തിന്റെ വൈകിയ കമന്ററി മറ്റുള്ളവരോടു പറയുന്നത്. കേട്ടുനില്‍ക്കുന്നവരുടെ മുഖത്തു ഉദ്വഗജനകമായ ഭാവം.

“ദാ‍സൻചേട്ടാ, മധുരാ കോട്സ്ന്റെ പടിക്കലെ തട്ടുകടേന്ന് കപ്പേം എറച്ചീം അടിച്ച് ഒരു ഏമ്പക്കോംവിട്ട് ബൈക്കിന്റെ അട്ത്തെത്തീപ്പഴാ ഞാൻ കാണണെ. എന്‍ഫീൽഡുമ്മെ ജീന്‍സും ടീഷർട്ടൂട്ട ഒരു ചുള്ളൻ കത്തിച്ച് വരണ്”

കേട്ടുനിൽക്കുന്ന എല്ലാവരുടേയും മുഖത്തേക്കു മഹേഷ് നാടകീയമായി തലവെട്ടിച്ചു നോക്കി. “എന്നെ പാസ് ചെയ്തപ്പഴോ‍... അവന്‍ വണ്ടീടെ വേഗം പെട്ടെന്ന് കൊറച്ച് എന്റെ കയ്യിലെ നാലഞ്ച് എറച്ചിക്കോഴ്യോളെ നോക്കി നമ്മളെ ആക്കണപോലെ ഒരു നോട്ടം”

മനസ്സിലെ സ്മരണകളിൽ മഹേഷ് അപ്പോഴും അമര്‍ഷം കൊണ്ടു. “ദാസൻചേട്ടാ സത്യം പറയാലാ. എനിക്കപ്പോ തോന്നീത് അവനെ പിടിച്ച് രണ്ട് പൂശാനാ”

കാര്യങ്ങൾ രസിച്ച ഗിരിബാബു ഉടനെ പിന്തുണച്ചു. “പിന്നല്ലാ”

“ഞാനാ കേസ് വിട്ടതായിരുന്നൂടാ ഗിരീ. പക്ഷേ അപ്പഴാ കണ്ടത്. എന്‍ഫീല്‍ഡുമ്മെ അവന്റെ പിന്നീ കാന്താരിമൊളക് പോലത്തെ ഒരു പെണ്‍കൊച്ച്!”

ചായക്കടയിൽ അപ്പോളുയര്‍ന്ന ‘ആ‌ആ‌ആ’ എന്ന ആരവംകേട്ടു അടുത്തൊരു വീട്ടിൽ വയ്യാണ്ടായിക്കിടക്കുന്ന എണ്‍‌പതുകഴിഞ്ഞ അപ്പാപ്പൻ മകളോടു അപേക്ഷിച്ചു. “എടീ മറിയമ്മേ... എന്ന്യൊന്ന് അപ്പറത്തേക്ക് പിടിച്ചോണ്ടോടീ. എന്തോ കോള്ണ്ടവടെ”

മുറി അടിച്ചുവാരുകയായിരുന്ന മകൾ ആദ്യം നെഞ്ചിൽ കുരിശുവരച്ചു. പിന്നെ അപ്പനെ സൌമ്യമായി ഉപദേശിച്ചു. “അപ്പാ ഒന്ന് പോയേപ്പാ. പണ്ടാരടങ്ങാൻ ഇപ്പോ അങ്ങട് എട്ക്കണ്ട താമസൊള്ളൂ”

ചായക്കടയിൽ സംഗതി കൊഴുക്കുകയാണ്.

“യെന്റെ ഗിര്യേയ്... നല്ല ഐശ്വര്യള്ള മൊഖം. സീറ്റ് നെറഞ്ഞ് കവിയണ പിന്‍ഭാഗോം അതിനെ ആകെ മറയ്ക്കണ തലമുടീം”

ഗിരിബാബു പണിപ്പെട്ടു ശ്വാസമെടുത്തു. മഹേഷ് തുടർന്നു.

“അപ്പഴാ എന്റെ മനസില് തലേന്നത്തെ പത്രത്തീ ഒരുത്തീനെ ബൈക്കില് തട്ടിക്കൊണ്ടോയി റേപ്പ് ചെയ്ത ആ വാര്‍ത്ത്യല്ല്യേ, അതങ്ങട് കത്തീത്. ഞാനിത് വിചാരിച്ചൊള്ളൂ. അപ്പത്തന്നെ ആ പെങ്കൊച്ച് എന്നെ നോക്കി സങ്കടഭാവത്തീ കണ്ണുംതിരുമ്മി“

സംഗതികൾ ടേണിങ്ങ് പോയന്റിലെത്തി എന്നതറിഞ്ഞതോടെ എല്ലാവരും ഒന്നിച്ചുചോദിച്ചു. “മഹേഷെ എന്നട്ട്?”

“പിന്നെ ഞാനൊന്നും ആലോചിച്ചില്ല. അവന്റെ പിന്നാലങ്ങട് കത്തിച്ചു. ആ കശ്മലൻ ആ കൊച്ചിനെ നശിപ്പിക്കണേനു മുമ്പ് രക്ഷിക്കാൻ”

ചായക്കടയിൽ കയ്യടികൾ ഉയര്‍ന്നു. ആരൊക്കെയോ അഭിനന്ദനസൂചകമായി മഹേഷിന്റെ കൈപിടിച്ചു കുലുക്കി.

“അവന്റെ പിന്നാലെ പാഞ്ഞോണ്ടിരിക്കുമ്പോ, ഞാൻ മൊബൈലെടുത്ത് കൊരട്ടി സ്റ്റേഷനിലെ വേണുച്ചേട്ടനെ വിളിക്കാൻ നമ്പർ കുത്തി. കുത്തിക്കഴിഞ്ഞ് ചെവീ വെച്ചപ്പഴാ കാണണെ. ടിപ്പർ രണ്ടെണ്ണം റോഡ് നെറഞ്ഞ് വരണ്. ഒഴിഞ്ഞുമാറാൻ ഒര് വഴീമില്ല. ഞാനാണെങ്കി മാരണസ്പീഡിലും. ബ്രേക്ക് ചവിട്ടി. പക്ഷേ കിട്ടീല്ല. ഒടുക്കം തട്ടിപ്പോവൂന്ന് ഒറപ്പായപ്പോ ഞാൻ എല്ലാരേം മനസീ ചിന്തിച്ച് ബൈ പറയാൻ തൊടങ്ങി”

മഹേഷ് കസേരയിൽ ഇളകിയിരുന്നു. “പക്ഷേ അവസാനം ആശാന്റെ മൊഖം മനസ്സീ വന്നപ്പോ”

എല്ലാവരും ഒന്നിച്ചുചോദിച്ചു. “വന്നപ്പോ”

“വന്നപ്പോ ആശാനെന്നോട് ‘കെടത്തട മഹേഷേ‘ എന്ന് പറഞ്ഞപോലെ തോന്നി”

ഗിരിബാബു ഉടന്‍ അന്വേഷിച്ചു. “എന്തൂട്ടാ മഹേഷെ ആശാൻ ഉദ്ദേശിച്ചെ?”

പറയാം എന്ന ഭാവത്തിൽ ആഗ്യംകാണിച്ചു മഹേഷ് കൈകൾ രണ്ടും ബൈക്കിന്റെ ഹാന്‍ഡിലിൽ പിടിക്കുന്ന പോലെ പിടിച്ചു. പിന്നെ സാവധാനം ചെരിച്ചു.

“ഗിരീ
ഫോര്‍മുലവൺ റേസിങ്ങിലെപോലെ ബൈക്ക് ടിപ്പർലോറീടെ അടീക്കോടെ, തറയോട് ചേര്‍ത്ത്, ഞാൻ കെടത്തി ഓടിച്ചെടാ. ക്രാഷ്ഗാര്‍ഡീന്ന് തീപ്പൊരി ചെതറണ കണ്ടു. പിന്നൊന്നും ഓര്‍മല്ല്യാ. ബോധം വീണപ്പോ ആശൂത്രീല്”

എല്ലാ കേൾ‌വിക്കാരും ആത്മഗതം ചെയ്തു. “ആശാന്‍ കാത്തു!”


കക്കാട്, കാതിക്കുടം, വാളൂർ, അന്നമനട ദേശക്കാരെല്ലാം ഡ്രൈവിങ്ങിൽ പരിണതപ്രജ്ഞരാണെന്നു ചാലക്കുടി - അങ്കമാലി - മാള ഭാഗത്താകെ അറിയാവുന്ന കാര്യമാണ്. ഈ നാട്ടുകാർ ഉള്‍പ്പെട്ട ഒറ്റ വാഹനാപകടകേസും ഇന്നുവരെ ഒരു പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ചെയ്തിട്ടില്ല. ട്രാഫിക് നിയമങ്ങളെല്ലാം അണുവിട തെറ്റിക്കാത്ത അത്ര നല്ല ഡ്രൈവിങ്ങ്. ഈ സ്ഥലങ്ങളിൽ ഏതെങ്കിലും വാഹനാപകടം ഉണ്ടായാൽ പോലീസുകാർ ആദ്യംതന്നെ രണ്ടു പാര്‍ട്ടിക്കാരോടും എവിടത്തുകാരാണെന്നു ചോദിക്കും. ശേഷം ഡ്രൈവിങ്ങ് ലൈസന്‍സ് വാങ്ങിനോക്കൽ. പുറം‌ചട്ടയിൽ ‘സനീഷ് ഡ്രൈവിങ്ങ് സ്കൂൾ’ എന്ന പേരുകണ്ടാൽ അവരെ അപ്പോള്‍തന്നെ വെറുതെ വിടും. മറ്റേ പാര്‍ട്ടീസിനെ ലോക്കപ്പിലുമാക്കും. പക്ഷപാതപരമായ നടപടിയാണെന്നു ആരെങ്കിലും മുറുമുറുത്താൽ പോലീസുകാരുടെ പക്കൽ മറുപടി റെഡിയാണ്.

“ആശാന്റെ പിള്ളേരെ ഞങ്ങക്കറിഞ്ഞൂടെ!”

വാളൂർ അരിയമ്പുറം ഭാഗത്തെ സനീഷ് ഡ്രൈവിങ്ങ് സ്കൂളിന്റെ അമരക്കാരനായ കുട്ടനാശാനെ പറ്റിയാണു അവർ പറയുന്നത്. വലിയ ആകാരമൊന്നുമില്ലാത്ത ഒതുങ്ങിയ ശരീരം. ഇരുണ്ട നിറം. സദാ സമയവും ചുവന്നു കലങ്ങിയ കണ്ണുകൾ. സ്റ്റിയറിംങ്ങ് പിടിച്ചു തയമ്പിച്ച ദൃഢമായ കൈത്തലം. എരിയുന്ന കാജബീഡി ചുണ്ടിൽ‌വച്ചു ഒറ്റക്കൈകൊണ്ടു വണ്ടിയോടിക്കുന്ന ഇദ്ദേഹമാണ് ചെറുവാളൂര്‍വാസികളുടെ ഡ്രൈവിങ്ങ് ഗുരു.

കുട്ടിക്കാലത്തു പലരേയുംപോലെ എട്ടാം ക്ലാസ്സ് രണ്ടുതവണ എഴുതിത്തോറ്റപ്പോൾ ആശാനും ലോഡിങ്ങ് - അണ്‍ലോഡിങ്ങ് പണികള്‍ക്കു പോയിത്തുടങ്ങി. ബാക്കിസമയം അരിയമ്പുറത്തെ കലുങ്കുകളിലിരുന്നു കരുകളിച്ചും പത്രോസുപടി ബസ്‌ സ്റ്റോപ്പിലെ, ദാസന്റെ അച്ഛൻ, പാപ്പുട്ടിയുടെ ചായക്കടയില്‍‌നിന്നു കാലിച്ചായ കുടിച്ചും കഴിഞ്ഞു. ആയിടെയാണ് നാട്ടിൽ അംബാസഡർ കാറുകളുടെ വിപ്ലവം വരുന്നത്. അരിയമ്പുറത്തും വാളൂരിലും താമസിക്കുന്ന പലരും അംബാസഡർ വാങ്ങിയപ്പോഴും, മറ്റുചിലർ വാങ്ങാൻ പദ്ധതിയിട്ടപ്പോഴും ചില ആശയങ്ങളൊക്കെ ദീര്‍ഘദര്‍ശിയായ ആശാന്റെ മനസ്സിൽ തോന്നി. എങ്കിലും ആരും കൈവെച്ചിട്ടില്ലാത്ത മേഖലയായതിനാൽ ഇറങ്ങിക്കളിക്കാൻ മടിച്ചു. പക്ഷേ കാലം കടന്നുപോകവെ കിടയറ്റ ഡ്രൈവിങ്ങ് പരിശീലനത്തിന്റെ അഭാവം നിമിത്തം വാളൂര്‍ദേശത്തെ മൂന്നു യുവാക്കൾ അപകടം നേരിട്ടപ്പോൾ, അരിയമ്പുറത്തുനിന്നു ദൂരെ പാലിശ്ശേരിയിലുള്ളവര്‍പോലും ഡ്രൈവിങ്ങ് സ്കൂളുകളുണ്ടോ എന്നന്വേഷിച്ചു വാളൂരിൽ എത്തിയപ്പോൾ‍ ഡ്രൈവിങ്ങ് സ്കൂളുകൾ തുടങ്ങേണ്ടതില്ല എന്ന മുന്‍‌തീരുമാനം പുനര്‍ചിന്തനം ചെയ്യാൻ ആശാൻ നിർബന്ധിതനായി.

ആ ചിന്തക്കു ആക്കംകൂട്ടി അക്കാലത്തുതന്നെയാണ് കുട്ടനാശാന്റെ ആത്മസുഹൃത്ത് മമ്മദ്ഹാജി ആവശ്യപ്പെട്ടത്. ‘കുട്ടാ
നിനക്കൊരു വണ്ടി വാങ്ങിച്ചിട്ട് പിള്ളേരെ പഠിപ്പിച്ചൂടെ?”

ഒടുക്കം നാട്ടുകാരുടേയും വീട്ടുകാരുടേയും നിരന്തര സമ്മര്‍ദ്ദം നിമിത്തം കുട്ടനാശാൻ മുപ്പതിനായിരം രൂപ കടംവാങ്ങി ഒരു സെക്കന്റ്ഹാന്റ് അംബാസഡർ വാങ്ങി. തന്റെ ഈ സ്വപ്നപദ്ധതിക്കു ആദ്യപുത്രനായ സനീഷിന്റെ പേരിടാൻ ലവലേശം ആലോചിച്ചില്ല. അങ്ങിനെ വാളൂർദേശത്തെ ആദ്യ ഡ്രൈവിങ്ങ് സ്കൂളായി സനീഷ് മാറി. കുട്ടനാശാന്‍ അതിന്റെ പരമാത്മാവുമായി.

അതില്‍പിന്നെ അരിയമ്പുറത്തും വാളൂരിലും ആശാന്റെ കാലമായിരുന്നു എന്നുപറഞ്ഞാൽ അതാണു സത്യം. ഡ്രൈവിങ്ങ് സ്കൂൾ തുടങ്ങി കുറച്ചുനാളുകള്‍ക്കുള്ളിൽ വാളൂർ ഹൈസ്കൂളിൽ അക്ഷരം പഠിക്കാന്‍ വരുന്നതിലും കൂടുതല്‍പേർ കുട്ടനാശാന്റെ അടുത്തു വണ്ടിയോടിക്കുന്നത് പഠിക്കാനെത്തി. കടം വാങ്ങിയ മുപ്പതിനായിരം രൂപയുടെ ഇരട്ടി ചുരുങ്ങിയ കാലത്തിനുള്ളിൽ സമ്പാദിച്ചും, സഹായം ചോദിച്ചുവരുന്നവര്‍ക്കു വാരിക്കോരി കൊടുത്തും ആശാൻ നാട്ടിലാകെ പ്രശസ്തനായി. അതോടെ കുട്ടന്‍ എന്നപേര് നാട്ടുകാർ സ്നേഹപൂര്‍വ്വം കുട്ടനാശാൻ എന്നാക്കി മാറ്റി.

പത്തിരുപത്തഞ്ച് കൊല്ലമായിട്ടും കുട്ടനാശാൻ പഠിപ്പിച്ച ഒരാളും അപകടത്തിൽ പെട്ടിട്ടില്ല എന്ന കിടിലൻ ഖ്യാതി നിലനില്‍ക്കെയാണ് ആശാന്റെ അടുത്തു അരിയമ്പുറത്തു തന്നെയുള്ള ഒരുവൻ വളയം പിടിക്കാൻ വരുന്നത്. നാട്ടുകാർ മാഷ് എന്നു വിളിക്കുന്ന മുരളിയണ്ണൻ.

മകരമാസം ഒന്നാം തീയതി കാലത്തു ചാരുകസേരയിലിരുന്നു പത്രം വായിക്കുകയായിരുന്ന ആശാൻ, വേലിചാടി മുരളിയണ്ണൻ വരുന്നതു കണ്ടപ്പോൾ ആദ്യം ഓര്‍ത്തത് കഴിഞ്ഞമാസം മമ്മദ്‌ഹാജി പറഞ്ഞ കാര്യമാണ്.

‘ഹാജിക്കു പെരുന്നാളിന്റെ തലേന്നു കൈരളി ലോട്ടറിയടിച്ചു കിട്ടിയ പതിനായിരം രൂപ പിറ്റേന്ന് ഉച്ചക്കു പോക്കറ്റടിച്ചു പോയെന്ന്’

(തുടരും...)

Sunday, November 9, 2008

ബാബുട്ടന്റെ പെണ്ണുകാണല്‍ - 2

ശ്രദ്ധിക്കുക: ബാബുട്ടന്റെ പെണ്ണ്കാണല്‍ - I എന്ന എന്റെ മുന്‍‌പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്. ആദ്യഭാഗത്തിന് ശേഷം മാത്രം ഇത് വായിക്കുക.

പതിനൊന്നു മണിയോടെ രണ്ടുപേരും മെയിൻ‌റോഡിനു സമീപം കണ്ണായ സ്ഥലത്തു സ്ഥിതിചെയ്യുന്ന പെണ്ണിന്റെ വീട്ടിലെത്തി. വണ്ടിയിൽനിന്നിറങ്ങി രാജകീയ പ്രൌഢിയോടെ തനിക്കുനേരെ നടന്നുവരുന്ന യുവാവിനെ കണ്ടപ്പോൾ തന്നെ ‘മകളെ ഗൾഫുകാരൻ കെട്ടിയാൽ മതി‘ എന്ന പെണ്ണിന്റെ അച്ഛന്റെ മനംമാറി. ഭാവിമരുമകനെ ആ പിതാജി ഊഷ്മളാലിംഗനം ചെയ്തു. പക്ഷേ പിള്ളേച്ചന്റെ നിര്‍ദ്ദേശപ്രകാ‍രം ബാബുട്ടൻ ഭാവി അമ്മായിയച്ഛനെ വട്ടം പിടിച്ചില്ല. പകരം ആ മെലിഞ്ഞ കൈകള്‍ക്കുള്ളിൽ ഒതുങ്ങിനിന്നു, ആവുന്നത്ര ശ്വാ‍സം ഉള്ളിലേക്കെടുത്തു, മസിൽ വീര്‍പ്പിക്കാൻ ശ്രമിച്ചു.

ബാബുട്ടന്‍ ഭംഗിയായി ഈരിവച്ച തലമുടി പിതാജി വാത്സല്യത്തോടെ തലോടി അഴകൊഴമ്പനാക്കി. അതുമൂലം തന്റെ അപാരമായ ഭംഗി പോകുമോയെന്നു ഭയന്ന ബാബുട്ടൻ പൂമുഖത്തേക്കു കയറി ആരുമില്ലാതിരുന്ന ഒരുവേളയിൽ കോലന്‍ചീപ്പെടുത്തു തലമുടിയും സ‌മൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന ചെന്നിയിലെ മുടിയും വീണ്ടും ഭംഗിയായി ഈരിവച്ചു. അടുത്ത പടിയായി പോണ്ടിംഗിനേപ്പോലെ വലതു ഉള്ളംകയ്യിൽ ലാവിഷായി തുപ്പി കൈത്തലങ്ങൾ തമ്മിലുരസി മാര്‍ദ്ദവമുള്ളതാക്കി. തൂവാലകൊണ്ട് കരിങ്കല്ലിനു സമാനമായ മാര്‍ദ്ദവമില്ലാത്ത മരക്കസേരയിലെ പൊടി തട്ടിക്കളഞ്ഞു ചെറുതായി ചെരിഞ്ഞിരുന്നു. ആ ഇരിപ്പിൽ പിള്ളേച്ചൻ അപാകത കണ്ടു.

“ദേ പെണ്ണ് ചായേം കൊണ്ട് വരാറായി. നീ ചെരിഞ്ഞിരിക്കാണ്ട് നേരെയിരി ബാബ്വോ”

ബാബുട്ടന്‍ നിസ്സഹായനായി കൈ മലര്‍ത്തി. “പിള്ളേച്ചാ രണ്ട് ദെവസായിട്ട് ചന്തീമെ മൂന്നു നാല് കുരു. നല്ല വേദനേണ്ട്”

പിള്ളേച്ചൻ ആശ്വസിപ്പിച്ചു. “സാരല്ല്യാ ബാബുട്ടാ. അത് മൊഖക്കുരുവായിരിയ്ക്കും”

സാന്ത്വനവചനം കേട്ടു ബാബുട്ടൻ ഞെട്ടി. മുഖം തപ്പിനോക്കി.

ചായപ്പാത്രം കയ്യിലേന്തി മൃദുമന്ദഹാ‍സം തൂകി മന്ദം അടുത്തുവന്ന കൃഷ്ണന്റെ മകളെ ബാബുട്ടൻ കണ്ണിമയനക്കാതെ നോക്കി. കല്യാണവീട്ടിൽ കണ്ട അതേഭാവം. അതേതാളം. ബാബുട്ടന്റെ നിയന്ത്രണം പോയി. വലതുകണ്ണിറുക്കി ഒരു മാരണസൈറ്റ് അടിച്ചു. പിന്നെ ‘നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ മതി’ എന്നു ദ്യോതിപ്പിക്കും വിധം നാവു പുറത്തേക്കുനീട്ടി മധ്യഭാഗം പല്ലുകൊണ്ടു പതുക്കെ കടിച്ചു. ഈവിധ തിരക്കുകള്‍ക്കിടയിൽ പ്ലേറ്റിൽ കായഉപ്പേരി അധികം കാണാത്തതിനാൽ പിള്ളേച്ചൻ മുറുമുറുത്തതൊന്നും ബാബുട്ടന്‍ കേട്ടില്ല.

ചായകുടി കഴിഞ്ഞു അവസാന കടമ്പയായ പരസ്പര സംഭാഷണത്തിനായി ബാബുട്ടൻ മാനസികമായി തയ്യാറെടുത്തു. മന്ദമാരുതൻ ആവോളം വീശുന്ന തെക്കിനിയിലേക്കു ചെന്നപ്പോൾ അവിടെ മൃദുമന്ദഹാസം തൂകിനില്‍ക്കുന്ന സിന്ധുവിന്റെ ചുണ്ടിൽ ഈരടികളുടെ തിരയിളകൽ.

“കളരിവിളക്ക് തെളിഞ്ഞതാണോ...”
“കൊന്നമരം പൂത്തുലഞ്ഞതാണോ...”

തന്റെയടുത്തേക്കു സാവധാനം നടന്നുവരുന്ന ബാബുട്ടനെ സിന്ധു കാതരമായി നോക്കി. ആ നോട്ടമേറ്റു ബാബുട്ടന്റെ മുലക്കണ്ണിനു ചുറ്റുമുള്ള അഞ്ചാറു രോമങ്ങൾ കുളിരുകോരി, ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ചു ലംബമായി എഴുന്നുനിന്നു. ഒരുനിമിഷം ശാസ്താവിനെ ധ്യാനിച്ചു പിള്ളേച്ചന്‍ പഠിപ്പിച്ച ആദ്യ ചോദ്യം ബാബുട്ടൻ ചെറിയ വിക്കലോടെ തൊടുത്തുവിട്ടു.

“സിന്ധു എവിട്യാ പ... പഠിച്ചെ?”

കിളിമൊഴിയിലായിരുന്നു മറുപടി. “ചാലക്കുടി പനമ്പിള്ളി കോളേജിലാ. ഡിഗ്രി വരെ. ബാബുച്ചേട്ടന്‍ എത്രവരെ പഠിച്ചു?”

ഹൌ!. വിവര്‍ണമായ മുഖം ടവ്വല്‍കൊണ്ടു തുടക്കുമ്പോൾ ബാബുട്ടന്റെ തലയിൽ തലേന്നു മര്യാദാമുക്കിലിരിക്കുമ്പോൾ പിള്ളേച്ചൻ പറഞ്ഞുകൊടുത്ത മഹദ് വചനങ്ങളിലൊന്നു മുഴങ്ങി.

“ബാബ്വോ. അവള് നിന്റെ പഠിത്തക്കാര്യങ്ങള് എന്തെങ്കിലും ചോദിക്കാണെങ്കി അത് കേട്ടില്ലാന്ന ഭാവത്തീ നീ പെട്ടെന്നന്നെ അടുത്തചോദ്യം ചോദിക്കണം. അല്ലെങ്കി ഈ കല്യാണം നടക്കില്ല”

ബാബുട്ടന്‍ ഉടനെ അടുത്ത ചോദ്യത്തിലേക്കു കടന്നു. “സിന്ധു നന്നായിട്ട് കുക്ക് ചെയ്യോ?”

സിന്ധു ആവേശഭരിതായി. “എനിക്ക് കഞ്ഞി വയ്ക്കാനറിയാം”

“പിന്നെ”

“പിന്നെ ചമ്മന്തി”

“പിന്നെ?”

“പിന്നൊന്നൂല്ല്യ. കഞ്ഞീം ചമ്മന്തീം മാത്രം“

അവസാന വാചകത്തിൽ ബാബുട്ടൻ നടുങ്ങി. കണ്ണുകൾ നീറിപ്പുകഞ്ഞു. പക്ഷേ മനസ്സിൽ ഉടലെടുത്ത സര്‍വ്വവികാരങ്ങളും ഒളിപ്പിച്ചു അവസാനം ഒരു നമ്പറങ്ങ് കാച്ചി.

“ഉം ഗുഡ്. വെരി ഗുഡ്”

ബാബുട്ടൻ അതു പറഞ്ഞതും അപ്രതീക്ഷിതമായതെന്തോ കേട്ടപോലെ കൃഷ്ണന്റെ മകൾ ബാബുട്ടനു നേരെ ചൂടുള്ള ഒരു കടാക്ഷമെറിഞ്ഞു.

“അയ്യോ ഇംഗ്ലീഷ്! ബാബുച്ചേട്ടന് ഇംഗ്ലീഷറിയോ?”

ഇത്രപെട്ടെന്നു ഇത്രയും കനത്ത പ്രതികരണം പ്രതീക്ഷിക്കാതിരുന്ന ബാബുട്ടൻ പിന്നോട്ടുമലച്ച് രണ്ടാമത്തെ മുറി ഇംഗ്ലിഷും പൊട്ടിച്ചു.

“വൈ നോട്ട്“

കൃഷ്ണന്റെ മകൾ ആയുധംവച്ചു കീഴടങ്ങി.

പെണ്ണുകാണലിന്റെ തലേദിവസം പിള്ളേച്ചനാണ് ബാബുട്ടനോടു പെണ്ണുകാണൽ പരിപാടിയിൽ ഇംഗ്ലീഷ് ഭാഷക്കുള്ള പ്രാധാന്യത്തെപ്പറ്റി പറയുന്നത്. കാര്യം കേട്ടപ്പോൾ ബാബുട്ടൻ ത്രില്ലടിച്ചു.

“പിള്ളേച്ചൻ ഏതെങ്കിലും പെണ്ണ്കാണലിന് ഇംഗ്ലീഷ് പറഞ്ഞണ്ടാ?”

“ഉണ്ടോന്നാ! ഹഹഹ. എന്റെ ബാബുട്ടാ ഇംഗ്ലീഷ് പറയാത്ത ഒരൊറ്റ പെണ്ണുകാണലും ഞാനിന്നേ വരെ നടത്തീട്ടില്ല. ഇംഗ്ലീഷിലാറാടിയ ഇരുപത്തിമൂന്ന് പെണ്ണുകാണലുകൾ! പക്ഷേ ഒരുകൊല്ലം മുമ്പ് ആ പരിപാടി ഞാൻ നിര്‍ത്തി”

“അതെന്തേ?” ബാബുട്ടൻ ആകാംക്ഷാഭരിതനായി.

“കഴിഞ്ഞ ഇടവപ്പാതിക്കാ ഞാൻ എരയാംകുടീലെ സുഭദ്രേനെ പെണ്ണുകാണാൻ പോയെ. പഴയ തറവാട്. പണ്ടേ പ്രതാപികളാ. തൊഴുത്തില് പത്തിരുപത് ജഴ്സിപ്പശൂം പഴയൊരു കോണ്ടസ കാറുംണ്ട്. അപ്പോ നമ്മളും അതിന്റെ സ്റ്റാറ്റസൊക്കെവെച്ച് സംസാരിക്കണ്ടേന്ന് കരുതി ഞാനൊന്നും ആലോചിക്കാണ്ട് സുഭദ്രേടട്ത്ത് തൊടക്കത്തീ തന്നെ ഇംഗ്ലീഷങ്ങ്ട് പൊട്ടിച്ചു“

“ഈ പിള്ളേച്ചന്റൊരു ബുദ്ധി”

ബാബുട്ടന്റെ ആ പ്രശംസ നിഷേധാര്‍ഥത്തിലുള്ള തലയാട്ടലോടെ പിള്ളേച്ചൻ തള്ളിക്കളഞ്ഞു.

“സത്യത്തീ ഞാനൊരു നമ്പറിട്ട് നോക്ക്യതാ. സുഭദ്രക്കു ഇംഗ്ലീഷ് വശാണോന്ന് അറിയാൻ ഒരു പൊടിക്കൈ പ്രയോഗം. പക്ഷേ കഷ്ടകാലത്തിന് അവൾ ഊട്ടീലെ ഇംഗ്ലീഷ്മീഡിയത്തീ പഠിച്ചതാന്ന് ഊഹിക്കാൻപോലും പറ്റീല്യ”

“എന്നട്ട്..?”

“എന്നട്ടൊന്നൂല്യ. ആന കേറ്യ കരിമ്പിന്തോട്ടം പോലായി ഞാൻ. സുഭദ്ര ഒരു വെടിക്കെട്ടാ നടത്ത്യെ. അതിലൊരു ചില്ലിപ്പടക്കത്തിന്റെ റോളേ എനിക്കിണ്ടായിരുന്നൊള്ളൂ.“


എല്ലാം ഓര്‍ത്തു മിണ്ടാതിരിയ്ക്കുന്ന ബാബുട്ടനെ നോക്കി സിന്ധു വീണ്ടുമാരാഞ്ഞു. 


“ബാബുച്ചേട്ടനപ്പോ ഇംഗ്ലീഷൊക്കെ നല്ല വശാണല്ലേ. സ്കൂളീപഠിച്ച് നല്ല മാര്‍ക്കൊക്കെ ഇണ്ടെങ്കി പിന്നെന്തിനാ ഈ ടിപ്പറും ഓടിച്ച് നടക്കണെ?”

ബാബുട്ടൻ വീണ്ടും നടുങ്ങി. സ്കൂളോ? പരീക്ഷയോ? എന്റെ ഭഗവതീ!‍.
പാഠപുസ്തകങ്ങൾ അലര്‍ജിയായിരുന്ന ഒരു ബാല്യം. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സരോജിനി ടീച്ചറുടെ ‘പ്രെസന്റ് ടെന്‍സിൽ ഒരു വാചകം പറയൂ ബാബൂ‘ എന്ന സ്വരം ഇന്നുമൊരു ഭീതിദമായ ഓര്‍മയാണ്.

“എനിയ്ക്കീ വണ്ടികളെന്ന് വെച്ചാ ജീവനാ സിന്ധ്വോ. അതോണ്ടാ അധികം പഠിത്തോന്നും വേണ്ടാന്നുവെച്ച് സനീഷ് ഡ്രൈവിങ് സ്കൂളീന്നു ഹെവി ലൈസൻസെടുത്തെ“

ഒരു നിമിഷത്തിനു ശേഷം കൂട്ടിച്ചേര്‍ത്തു. “സിന്ധൂന് എന്നോടെന്തെങ്കിലും ചോദിക്കാണ്ടെങ്കി ആവാം”

കണ്ണിമകൾ പടപടാന്നനെ തുറന്നടച്ചു സിന്ധു ബാബുട്ടനെ ഒളികണ്ണിട്ടു നോക്കി. എന്തൊരു നല്ല സ്വഭാവം. എന്തൊരു പ്രതിപക്ഷ ബഹുമാനം. ചോദിക്കാൻ അനുവാദം കിട്ടിയതും മനസ്സിലെ ആകുലതകൾ വലിച്ചുവാരി പുറത്തിട്ടു.

“ബാബുച്ചേട്ടന്‍ കള്ള് കുടിക്ക്വോ?“

ബാബുട്ടന്റെ മനസ്സ് സന്തോഷംകൊണ്ടു വീര്‍പ്പുമുട്ടി. പ്രതീക്ഷിച്ച ചോദ്യം.

“ആര് ഞാനാ... കള്ളാ! ഹഹഹ. എന്റെ സിന്ധ്വോ, ദേ ഇന്ന്‌വരെ ഒര് തുള്ളി കഴിച്ചട്ടില്ല“

സിന്ധുവിന്റെ മുഖം അവിശ്വസനീയതയാൽ വിവര്‍ണമായി. “ബിയറോ”

അത് സോഫ്റ്റ് സാധനല്ലേ സിന്ധ്വോ. ഡെയിലി അടിക്കാറ്ണ്ട്‘ എന്നു പറയാനാഞ്ഞ ബാബുട്ടനു പക്ഷേ കാര്‍ന്നോന്മാരുടെ അനുഗ്രഹത്താൽ പെട്ടെന്നു സ്ഥലകാലബോധം വന്നു. പിന്നെ താമസിച്ചില്ല. അസഹ്യമായതെന്തോ കേട്ട പോലെ രണ്ടു കാതുംപൊത്തി.

“മദ്യം തൊട്ട്നോക്കണ പ്രശ്നല്ല്യാ സിന്ധ്വോ. വേറെന്ത് വേണോങ്കിലും പറഞ്ഞോ”

സിന്ധു ഉറപ്പിക്കാനായി ചോദിച്ചു.

“സത്യാ...”

‘ഓ അവൾ വീണു‘ എന്ന ഗൂഢസന്തോഷത്തോടെ ബാബുട്ടൻ അതെയെന്ന അര്‍ത്ഥത്തിൽ ആഞ്ഞു തലയാട്ടി. “ഇന്നേവരെ ആരോടും നൊണ പറയാത്ത ആളാ ഞാൻ. അതോണ്ട് സിന്ധു ഇങ്ങ്നൊന്നും പറേര്ത്”

“എന്നാ ബാബുച്ചേട്ടൻ കുടിച്ചട്ടില്ലാന്ന് വീട്ടുകാരെപ്പിടിച്ച് സത്യം ചെയ്യോ“

സംഗതികൾ അത്രയും പോകുമെന്നു ബാബുട്ടൻ പ്രതീക്ഷിച്ചിരുന്നില്ല. അമ്മ, ചേട്ടന്മാർ എല്ലാം ജീവനാണ്. പക്ഷേ പെട്ടെന്നു തോന്നിയ നമ്പറനുസരിച്ചു അകന്ന ബന്ധത്തിൽ ഉടക്കിലുള്ള ഒരാളെപ്പിടിച്ചു ബാബുട്ടൻ വെള്ളമടിച്ചിട്ടില്ലെന്നു സത്യം ചെയ്തു. പിന്നെ എന്തു ചെയ്യണമെന്നു ഒരുനിമിഷം ശങ്കിച്ചശേഷം ഫുള്‍കൈയ്യൻ ഷര്‍ട്ട് കൈമുട്ടിനു മുകളിലേക്കു തെറുത്തുകയറ്റി ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ അഞ്ചരക്കിലോയുടെ മസിൽ സിന്ധു കാണത്തക്ക വിധം പരമാവധി മുഴപ്പിച്ച് അലസമായി കൈകെട്ടി നിന്നു. സൂത്രത്തിൽ ഓട്ടക്കണ്ണിട്ടു നോക്കി. മസിലിനെ സിന്ധു കണ്ണിമപോലും അനക്കാതെ ആദരവോടെ നോക്കുന്നതു കണ്ടതും ബാബുട്ടൻ ഒന്നുകൂടി ശ്വാസം ഉള്ളിലേക്കു ആഞ്ഞുവലിച്ചു കൈപ്പത്തിയുടെ പുറംഭാഗം കൊണ്ട് നന്നായി താങ്ങുകൊടുത്ത് മസിൽ വീണ്ടും വീര്‍പ്പിച്ചു.

“ബാബുച്ചേട്ടന്‍ ഒരു മസില്‍മാനാണല്ലോ“

ഉള്ളിലേക്കു വലിച്ച ശ്വാസമൊക്കെ നിയന്ത്രിതമായി പുറത്തുവിട്ടു ബാബുട്ടൻ പഴയ പടിയായി.

“ഞാൻ മിസ്റ്റർ കക്കാട് ആയിരുന്നു. സത്യത്തീ ഇതൊന്ന്വല്ലായിരുന്നു എന്റെ ബോഡി. പണ്ട് അഞ്ചുപേര് പിടിച്ചാ കിട്ടില്ലാരുന്നു എന്നെ. ഇപ്പോ വ്യായാമം നിര്‍ത്ത്യ കാരണം ഇത്തിരി മെലിഞ്ഞു“

“ആട്ടെ. സിന്ധൂന് ഇന്യെന്തെങ്കിലും ചോദിക്കാന്ണ്ടാ“

ചെറുതല്ലാത്ത നെടുവീര്‍പ്പിട്ടു കൃഷ്ണന്റെ മകൾ ഒരു കാര്യംകൂടി അന്വേഷിച്ചു. “ബാബുച്ചേട്ടന്റെ കൂടെ വന്നേക്കണത് ആരാ? ആ വെളുത്ത് കൊലുന്നനേള്ള ചേട്ടൻ”

ബാബുട്ടന്റെ മനസ്സിൽ അപായസൂചന ഉണർന്നു. സിന്ധുവിന്റെ മുഖത്തേക്കു നോക്കിയപ്പോൾ അവിടെ വല്ലാത്ത ഭാവമാറ്റം. പിള്ളേച്ചൻ നിസാരക്കാരനല്ല. ഒരു ഒന്നൊന്നര മുതലാണ്. നാവുകൊണ്ട് ആരേയും വളക്കും‍. കയ്യിലാണെങ്കിൽ കാശുമുണ്ട്. കല്യാണം ഇതുവരെ ആയിട്ടുമില്ല. ചിന്തകൾ ഇത്രയുമെത്തിയപ്പോൾ ബാബുട്ടന്റെ മനസ്സിൽ സംശയങ്ങളുടെ പെരുമഴ തുടങ്ങി. പെണ്ണുകാണലിനു തന്റെകൂടെ വരാന്‍ തന്റെ നിര്‍ബന്ധത്തേക്കേളുപരിയായി പിള്ളേച്ചനു വേറെയും ലക്ഷ്യങ്ങളില്ലായിരുന്നോ? എന്തുകൊണ്ട് പിള്ളേച്ചന്‍ ഒമാനിലെ അളിയൻ കൊടുത്തുവിട്ട അത്തർ താനൊരു തുള്ളി ചോദിച്ചിട്ടും തരാതെ സ്വന്തം ദേഹത്തുമാത്രം പൂശി പെണ്ണുകാണലിനു ഒരുങ്ങിയത്? പിള്ളേച്ചന്റെ തലമുടിയിലെയും ചെവിയിലേയും ചെമ്പിച്ച കുറച്ചുരോമങ്ങൾ പെണ്ണുകാണലിന്റെ തലേന്നു ഡൈ ചെയ്തു കറുപ്പിച്ചതെന്തിന്?. ഇതുപോലെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ. അവക്കൊടുവിൽ ബാബുട്ടൻ സിന്ധുവിന്റെ അന്വേഷണത്തിനു മറുപടി പറഞ്ഞു.

“ഓ അവനാ. അത് ഞാന്‍ വന്ന ട്രാൿസിന്റെ ഡ്രൈവറല്ലേ. എന്ന്‌വെച്ചാ പുള്ളീടെ വണ്ടിയൊന്ന്വല്ലാട്ടാ. ഇത് ഞാനും എന്റെ കൂട്ടാരനും കാശ് ഷെയറിട്ട് വാങ്ങീതാ”

“ബാബുച്ചേട്ടാ. അപ്പോ ആ ചേട്ടന് നല്ല പണിയൊന്നൂല്യേ. പാവം.”

സഹതാപതരംഗം ആഞ്ഞടിക്കുമോയെന്നു പേടിച്ചു ബാബുട്ടൻ അടുത്ത നമ്പറിട്ടു.

“ഏയ്. എടക്ക് ഞാനെന്റെ ടിപ്പറീ കൊണ്ടോവാറ്‌ണ്ട്. വല്ല അഞ്ചോ പത്തോ കൊടുക്കും. അത്രന്നെ”

ബാബുട്ടൻ പറഞ്ഞു നാവെടുത്തില്ല അപ്പോഴേക്കും പിന്നിൽ‌നിന്നു ശബ്ദം. “എന്താത്. ഇത് വരെ പഞ്ചാരടിച്ച് കഴിഞ്ഞില്ലേ ബാബ്വോ?”

പിള്ളേച്ചൻ!‍.
ഒരുവശത്തു നാണംകുണുങ്ങി നില്‍ക്കുന്ന സിന്ധുവിനെ കണ്ടപ്പോൾ അദ്ദേഹം പ്രത്യേക ഭാവത്തിൽ ചിരിച്ചു. ബാബുട്ടനെ പാടെ അവഗണിച്ചു ചോദ്യമെറിഞ്ഞു.

“എവിട്യാ പഠിച്ചെ സിന്ധൂ?”

ചോദിച്ചതു സിന്ധുവിനോടാണെങ്കിലും മറുപടി പറഞ്ഞതു ബാബുട്ടനാണ്. “പനമ്പിള്ളീലാ പിള്ളേച്ചാ. ബാക്ക്യൊക്കെ ഞാൻ പോവുമ്പോ പറയാം”

പെണ്ണുകാണൽ കഴിഞ്ഞു തിരിച്ചുപോകാൻ നേരം ബാബുട്ടനു വല്ലാത്ത വിഷമമായി. എന്തോ വിലപ്പെട്ട ഒന്ന് കൈമോശം വന്നപോലെ. ഇപ്പോൾ എല്ലാം ഒകെ ആണെങ്കിലും ഭാവിയിൽ സിന്ധുവിനു മനസാന്തരം വന്നാലോ എന്ന ചിന്തയിൽ ബാബുട്ടൻ വിവശനായി. ഒടുക്കം യാത്ര പറയാന്‍ നേരം ബാബുട്ടൻ വികാരവിക്ഷുബ്ദനായി പോട്ടക്കാരോടു കട്ടായം പറഞ്ഞു.

“സിന്ധ്വോ. നിയ്യ് എന്നെക്കെട്ടീല്ലെങ്കി ഞാൻ നാഷണൽ ഹൈവേലെ വെളക്കുകാലില് പ്ലാസ്റ്റിക് കയറീ തൂങ്ങിച്ചാവും“

ബാബുട്ടന്റെ ഉഗ്രശപഥം. പുതുത്തിങ്കൽ കുടുംബക്കാരൊക്കെ നടുങ്ങി. പറമ്പിൽ ‍അതുവരെ ശാന്തമായി ചിക്കിച്ചികഞ്ഞ് നടക്കുകയായിരുന്ന പൂവൻ‌കോഴി പൊടുന്നനെ ഉച്ചത്തിൽ കൊക്കിക്കരഞ്ഞു. പക്ഷേ വക്കീൽ കാശൊഴിച്ചു ബാക്കി എന്തുപോയാലും കുലുങ്ങാത്ത പിള്ളേച്ചൻ മാത്രം കൂളായി ചിരിച്ചു. ബാബുട്ടനെ നമക്കറിയരുതോ?

കാലങ്ങൾ, വര്‍ഷങ്ങൾ പിന്നേയും കടന്നു പോയി. കക്കാടിലെ പുല്ലാനിത്തോട്ടിലൂടെ ഒരുപാട് തവണ മലവെള്ളം കയറിയിറങ്ങി. പോട്ട പുതുത്തിങ്കൽ കൃഷ്ണന്റെ മകൾ സിന്ധു ഇന്നു കക്കാട് കുഴുപ്പിള്ളിവീട്ടിൽ ബാബുവിന്റെ സഹധര്‍മ്മിണിയും രണ്ട് ആണ്‍കൊച്ചുങ്ങളുടെ മാതാവുമാണ്. സ്വസ്ഥം. സുഖം.

Wednesday, January 16, 2008

പൊട്ടക്കിണറിലെ അന്തര്‍ജ്ജനം


കക്കാട് ഓസീൻകമ്പനിക്കു മുന്നിലുള്ള പടമാൻ‌വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ അമ്പലത്തെ ശങ്കരമ്മാൻ കാവ് എന്നാണു വിളിക്കുക. വലതുതുട നെടുകെകീറി അതിൽ ജപിച്ചുകെട്ടിയ ഏലസുവച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിന്റെ അതീന്ദ്രിയമായ ശക്തികൾക്കു പിന്നിലുള്ള കാരണം. മരണശേഷവും അദ്ദേഹത്തിന്റെ പ്രഭാവം കക്കാടിന്റെ ചുറ്റുവട്ടത്തുണ്ടെന്നു മനസ്സിലാക്കി അദ്ദേഹത്തിനു കുടിയിരിക്കാൻ സ്ഥലം കൊടുത്തത് പടമാൻ‌വീട്ടുകാരാണ്. എല്ലാവർഷവും ചെറിയതോതിൽ ഒരു ഉത്സവം ശങ്കരമ്മാൻ കാവിൽ, അദ്ദേഹത്തിന്റെ തായ്‌വഴിയിൽ‌പ്പെട്ട കണ്ണാമ്പലത്തുവീട്ടുകാർ നടത്താറുണ്ട്. ഒരാഴ്‌ച നീളുന്ന പൂജകളും കളമെഴുത്തും പാട്ടും. അവസാനദിവസം തായമ്പകയും ചെറിയതോതിലൊരു മേളവും ഉണ്ടാകും.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ചിലെ ഉത്സവത്തോടു അനുബന്ധിച്ച് ഒരു ദേവപ്രശ്നം കൂടി കാവിൽ നടത്താൻ അമ്പലക്കമ്മറ്റി തീരുമാനിച്ചു. കാവിൽ ശങ്കരമ്മാനൊപ്പം കുടിയിരുത്തിയിരുന്ന ദേവകൾ ക്ഷുഭിതരാണെന്നതിനു ഉപോല്‍‌ബലമായി പല ദുര്‍‌നിമിത്തങ്ങളും അതിനകം കണ്ടിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളായതിനാൽ ആരും കാര്യമായെടുത്തില്ല. എങ്കിലും അടിയന്തിരശ്രദ്ധ ആവശ്യമുള്ള ഒന്നുകൂടി നടന്നപ്പോൾ ദേവപ്രശ്‌നത്തിനു തിടുക്കത്തിൽ ധാരണയിലെത്തി.

എല്ലാ ദേശക്കാരിലും വിവരം എത്തിയിരുന്നതിനാൽ ശങ്കരമ്മാൻ‌കാവിൽ നല്ല ജനക്കൂട്ടമെത്തി. കാവിന്റെ ഇടതുമൂലയിലെ സര്‍പ്പക്കാവിനു മുന്നിൽ പലനിറത്തിലുള്ള പൊടികള്‍കൊണ്ടു വരച്ച ഒരു കളം. ദൃംഷ്‌ടകളും നീണ്ട നാക്കുമുള്ള ഒരു യക്ഷിയുടെ രൂപമാണ് കളത്തിനു നടുവിൽ. വാഴപ്പോള ഉപയോഗിച്ചു കളത്തിനു അതിരുകളും കമാനവും ഒരുക്കിയിരുന്നു. ‘വാഴപ്പോള അമ്പല‘ത്തിന്റെ പ്രധാനകവാടത്തിനു മുന്നിൽ ഏഴുതിരിയിട്ട ഏഴു വലിയ നിലവിളക്കുകൾ. വിളക്കുകള്‍ക്കു മുന്നിൽ വലിയ ഓട്ടുരുളിയിൽ ചെത്തിപ്പൂവിട്ട ചുവന്ന ഗുരുതിപ്രസാദം. പിന്നിൽ ചതുരാകൃതിയിലുള്ള കരിങ്കല്ല്. അതിന്‍‌മേൽ ചുവന്നപട്ടിൽ പൊതിഞ്ഞ, കൊല്ലൻ പ്രത്യേകമായി പണിത വലിയൊരു ഇരുമ്പാണി.

തൈക്കൂട്ടത്തെ പ്രശസ്‌ത കണിയാനും മാന്ത്രികനുമായ ബാലകൃഷ്ണകൈമള്‍ക്കാണ് പ്രശ്‌നത്തിന്റെ മേല്‍‌നോട്ടം. അൻ‌പത്തഞ്ച് വയസ്സുള്ള ആരോഗ്യദൃഢഗാത്രനാണ് കൈമൾ. വെളുത്ത നിറം. കഴുത്തു മറയ്‌ക്കുന്ന നീണ്ട താടി. രോമാവൃതമായ കുടവയറിൽ മുട്ടിയുരസിക്കിടക്കുന്ന വെള്ളി കെട്ടിയ രുദ്രാക്ഷമാല. ചിരിക്കാത്ത പരുക്കൻ ‌മുഖഭാവം. ഇതൊക്കെയാണ് ബാലകൃഷ്‌ണക്കൈമൾ. മഞ്ഞനിറമുള്ള പട്ടുചേലയിൽ ഇരിപ്പുറപ്പിച്ചു അദ്ദേഹം പൂജകൾ ആരംഭിച്ചു. നിഗൂഢങ്ങളായ അനേകം മന്ത്രങ്ങൾ അവിരാമം ഉരുക്കഴിക്കാൻ തുടങ്ങി. ഓരോ മന്ത്രവും ഉരുക്കഴിച്ചശേഷം കളത്തിലേക്കു ഒരുനുള്ള് ഭസ്മം വലിച്ചെറിയുന്നുമുണ്ട്.

നെറ്റിയിലാകെ ഭസ്‌മംപൂശി ധ്യാനത്തിലിരിക്കുന്ന കൈമളെ ആശങ്കയോടെനോക്കി അയ്യങ്കോവ് അമ്പലത്തിലെ ശാന്തിക്കാരന്‍ ശ്രീനിവാസസ്വാമി, പ്രാര്‍ത്ഥനാനിരതനായി നില്‍ക്കുന്ന, കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമനോടു ചോദിച്ചു.

“കൈമള്‍ വിചാരിച്ചാ വല്ലോം നടക്ക്വോ പുരുഷൂ?”

സ്വാമിയോടു ഒച്ച കൂട്ടരുതെന്നു ആഗ്യംകാണിച്ചു പുരുഷോത്തമൻ ശബ്ദം താഴ്ത്തി പറഞ്ഞു.

“സാമീ അങ്ങനെ പറേര്‌ത്. കൈമള് ചെയ്താ അത് അച്ചട്ടാ! അറീലേ തൈക്കൂട്ടം കാളിവിരുത്തികാവിലെ കാഞ്ഞിരത്തീ തറച്ചേക്കണ യക്ഷീനെ? ഈ കൈമള് പിടിച്ച് കെട്ടീതാ“

അതെ... യക്ഷിയാണിവിടെ വിഷയം. ശങ്കരമ്മാൻ‌കാവിന്റെ ഒരുവശത്തു സാമാന്യം വിസ്താരമുള്ള മൈതാനമാണ്. മൈതാനത്തിനു നടുവിൽ ഒരു പൊട്ടക്കിണർ ഉണ്ട്. കാവിലെ ആവശ്യങ്ങൾക്കു പണ്ട് കുഴിച്ചതാണെങ്കിലും വർഷങ്ങളായി ആ കിണർ ആരും ഉപയോഗിക്കാറില്ല. അതിന്റെ ആഴവും ആര്‍ക്കുമറിയില്ല. പേടിമൂലം ആരുമങ്ങോട്ടു പോകാറേയില്ല. പൊട്ടക്കിണറിന്റെ ഉൾവശത്തു വേരുറപ്പിച്ചു വലിയൊരു ഏഴിലം‌പാല നിൽ‌പ്പുണ്ട്. എപ്പോഴും കാടുപിടിച്ചു കിടക്കുന്ന ഈ മൈതാനത്താണ് കക്കാടിലെ ഏകക്ഷേത്രമായ അയ്യങ്കോവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം‌വിളക്ക് ഉത്സവത്തിനു ഗാനമേളയും മറ്റു കലാപരിപാടികളും നടത്തുക. അല്ലാത്തസമയം മരക്കിഴങ്ങ് കൃഷി ചെയ്യും. അപ്പോഴും പൊട്ടക്കിണറിനു ചുറ്റുമുള്ള കുറച്ചുഭാഗം ഒന്നുംചെയ്യാതെ വെറുതെയിട്ടിരിക്കും. അതാണ് ചിട്ട. ആരും തെറ്റിച്ചുകൂടാ.

വളരെ പണ്ട് ഏതോ പെണ്ണ് പൊട്ടക്കിണറിൽ ചാടി മരിച്ചിട്ടുണ്ടത്രെ. അന്നമനടയിലുള്ള ഒരു അന്തര്‍ജ്ജനമാണെന്നാണു പഴയ തലമുറയിലെ ആളുകൾ പറയുന്നത്. അവർ അവരുടെ പൂര്‍വികരില്‍നിന്നു കേട്ടു മനസ്സിലാക്കിയതാണ്. ദുര്‍മരണം നടന്ന കാലത്തെപ്പറ്റി കൃത്യമായ അറിവ് ആര്‍ക്കുമില്ലെങ്കിലും മൂന്നുതലമുറക്കു മുമ്പെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. മരണകാലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും അന്തർജ്ജനത്തിന്റെ മരണം അപമൃത്യുവായിരുന്നു എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. അന്തര്‍ജ്ജനത്തെ ആരോ ചതിച്ചതാണെന്നും, അവരുടെ ആത്മാവ് മൈതാനത്തു ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ടെന്നുമാണ് പലരുടേയും ഉറച്ച വിശ്വാസം. അയ്യങ്കോവ് അമ്പലത്തിലെ ഭദ്രകാളിത്തറയുടെ കാവലാളായ പണിക്കവീട്ടിൽ ശേഖരൻ പലരാത്രികളിലും പൊട്ടക്കിണറിൽ അന്തര്‍ജ്ജനത്തെ കണ്ടിട്ടുണ്ടത്രെ. പക്ഷേ ഇത്തരം പറച്ചിലുകളല്ലാതെ അന്തര്‍ജ്ജനം ഇതുവരെ ആരെയെങ്കിലും ഉപദ്രവിച്ചുവെന്നോ ശല്യപ്പെടുത്തിയെന്നോ പരാതിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അതും സംഭവിച്ചു.

ചാലക്കുടി കെ‌എസ്‌ആർ‌ടി‌സി ഡിപ്പോയിൽ ജോലിയുള്ള കണ്ണാമ്പലത്തുവീട്ടിൽ പുരുഷു എന്ന പുരുഷോത്തമന്‍ ആഴ്ചയിൽ രണ്ടുദിവസമേ വീട്ടിൽ എത്തുകയുള്ളൂ. അത്യാവശ്യം ഒരു മിനുങ്ങൽ ഒക്കെ കഴിച്ചാണ് അദ്ദേഹം വരിക. വരുന്നതോ, അര്‍ദ്ധരാത്രിയോടു അടുത്ത സമയത്തും.

കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഒരു അപാരധൈര്യശാലിയാണെന്നാണ് കക്കാടിലെ പ്രമുഖ കൃസ്‌ത്യൻ തറവാടായ കണ്ണമ്പിള്ളിവീട്ടിലെ കാരണവരായ പൌലോസേട്ടൻ കാണുന്നവരോടെല്ലാം പറയുക. അതിനു തെളിവായി ചൂണ്ടിക്കാട്ടുന്നതോ പുരുഷുവിന്റെ ഇടതൂര്‍ന്ന മീശയും. ഗോമൂത്രം ഒഴിച്ച ചീരച്ചെടികളുടെ വളര്‍ച്ചയാണ് പുരുഷുവിന്റെ മീശക്ക്. അനിയന്ത്രിതമായ വളര്‍ച്ചമൂലം വായപോയിട്ടു താടിപോലും കാണാൻ പറ്റില്ല. കട്ടിമീശയുള്ളതുകൊണ്ടാണോ ധൈര്യശാലിയായത് എന്നൊന്നും പൌലോസേട്ടനോടു ചോദിക്കരുത്. അദ്ദേഹം‍ ചൂടാകും. പൌലോസേട്ടനു ഏതാണ്ട് സമപ്രായക്കാരനായ പുരുഷുവിനെപ്പറ്റി പറയാൻ കഥകൾ ഒത്തിരിയുണ്ട്. പണ്ട് രണ്ടുപേരുടേയും ചെറുപ്പകാലത്തു, ഇരുവരും അന്നനാട് വേലുപ്പിള്ളി അമ്പലത്തിലെ ഉത്സവംകണ്ടു മടങ്ങിവരുമ്പോൾ ഒടിയന്‍ പണിക്കർ‍ പോത്തിനെ അയച്ചതും, ആ പോത്തിനെ തിരിഞ്ഞുനോക്കാതെ പണിക്കരുടെ വീട്ടില്‍പോയി അദ്ദേഹത്തെ തല്ലിയതും, തല്ലിയതിന്റെ ഏഴാംനാൾ പണിക്കർ പരലോകം പൂകിയതുമെല്ലാം പൌലോസേട്ടൻ വള്ളിപുള്ളി വിടാതെ, ഒറ്റ ശ്വാസത്തിൽ വിവരിക്കും. ഈ പുരുഷുവിനെയാണ്, പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമനെയാണ്, യക്ഷി പേടിപ്പിച്ചത്. അപ്പോൾ അതിൽ പതിരില്ലാതെ തരമില്ല.

സംഭവം ഇങ്ങിനെയാണ്. പതിവുപോലെ ബസിൽ ഒരു നീണ്ടയാത്ര കഴിഞ്ഞു രണ്ടുദിവസം വിശ്രമിക്കാമെന്നു കരുതിവന്നതാണ് പുരുഷു. കക്കാടിലെ ഏക വൻ‌കിട വ്യവസായശാലയായ ഓസീന്‍ കമ്പനിയുടെ പടിക്കൽ ഓട്ടോറിക്ഷ നിര്‍ത്തിച്ച് പോക്കറ്റില്‍നിന്നു കാശെണ്ണുമ്പോൾ ഡ്രൈവർ ഓര്‍മിപ്പിച്ചു.

“സാറേ ഞാന്‍ വേണോങ്കീ വീട്ടിലെറക്കാം. കൂടുതൽ കാശൊന്നും തരണ്ട. എന്തായാലും ഈ നട്ടപ്പാതിരക്ക് സാറ് തനിച്ച് പോണ്ട”

മിനുങ്ങലിന്റെ ഹാങ്ങോവറിൽ പുരുഷു ഓട്ടോഡ്രൈവറെ ഉഗ്രമായി ആട്ടി. “ഫ്‌ഭാ കഴ്വേറി മോനേ... കണ്ണാമ്പലത്ത്‌വീട്ടിലെ പുരുഷൂനെ ഉപദേശിക്കെ! എടാ ഇത് നോക്ക്ടാ, പണിക്കരെ തല്ലിയ കയ്യാ ഇത്. അറിയോടാ ശവീ. ഓട്രാ നിന്റെ പാട്ടവണ്ടീം കൊണ്ട്”

ഓട്ടോറിക്ഷക്കാരൻ വേഗം പറപറന്നു. കമ്പനിപ്പടിക്കൽ പാറാവുനില്‍ക്കുന്ന പുനലൂർ സ്വദേശി രാജേന്ദ്രൻ‌‍ പുരുഷുവിനെ കണ്ടപ്പോൾ നീണ്ടുനിവര്‍ന്നു സല്യൂട്ട് ചെയ്‌തു. സല്യൂട്ട് സ്വീകരിച്ചു പുരുഷു ‘സമയമില്ല പോകുന്നു’ എന്നു ആഗ്യം കാണിച്ചു. ചെറിയ പതര്‍ച്ചയോടെ നടന്നുപോകുന്ന പുരുഷുവിൽ‌നിന്നു നോട്ടം പിന്‍‌വലിച്ചു രാജേന്ദ്രൻ കമ്പനിയുടെ സെക്യൂരിറ്റി റൂമിൽ കയറി.

കമ്പനിപ്പടി കഴിഞ്ഞ് മൂന്നുകൈവഴികളുള്ള കവലയിൽ എത്തിയപ്പോഴാണ് പുരുഷു ഓര്‍ത്തത്. ഇന്നു വെള്ളിയാഴ്ച, കറുത്ത വാവിന്റെ ദിവസമാണ്. സമയമോ നട്ടപ്പാതിര! കമ്പനിയിൽ നിന്നുള്ള വെളിച്ചം കഴിഞ്ഞു. ഇനിയങ്ങോട്ട് കുറ്റാക്കൂരിരുട്ടാണ്. പുരുഷുവിന്റെ നോട്ടം മൈതാനമധ്യത്തിലെ പൊട്ടക്കിണറിനുനേരെ നീണ്ടു. അറിയാതെ ഒരു ഉള്‍ക്കിടിലം മനസ്സിലുണ്ടായി.

എവിടെയും കനത്ത നിശബ്ദതയായിരുന്നു. പൊട്ടക്കിണറിൽ വേരുറപ്പിച്ച്, വളര്‍ന്നു നില്‍ക്കുന്ന ഏഴിലം‌പാലയുടെ ഇലകള്‍ക്കു അനക്കമില്ലെന്നല്ലാതെ, ഏഴിലം‌പാലയാകെ പൂത്തുനില്‍ക്കുന്ന കാര്യം പുരുഷു ശ്രദ്ധിച്ചില്ല. നോട്ടം പിന്‍‌വലിച്ചു രണ്ടുചുവടുകൾ മുന്നോട്ടുവച്ചു. അപ്പോൾ റോഡരുകിലെ ഇല്ലിക്കാട്ടില്‍നിന്നു ഏതോപക്ഷി ഉച്ചത്തിൽ ചിലച്ച് തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പറന്നുപോയി. ഞെട്ടി പിന്നോട്ടുമാറി ഇല്ലിക്കാട്ടിലേക്കു നോക്കിയ പുരുഷു കണ്ടത് ചുവന്ന കണ്ണുകളോടെ തന്നെ ഉറ്റുനോക്കുന്ന രണ്ട് ചെമ്പോത്തുകളെയാണ്.

പുരുഷുവിനു എന്തോ വല്ലായ്‌മ തോന്നി. പതിവില്ലാത്തതാണിത്. ഈ വല്ലായ്‌മയെ പേടിയെന്നു വിളിക്കാമോ എന്ന ശങ്ക മനസ്സിലുയര്‍ന്നപ്പോൾ വായില്‍നിന്നു ചില വാക്കുകൾ അറിയാതെ പുറത്തു ചാടി.

“കണ്ണാമ്പലത്ത്‌വീട്ടിൽ പുരുഷൂന് പേട്യോ? പണിക്കരെ തല്ലിയ കണ്ണാമ്പലത്ത്‌വീട്ടിലെ പുരുഷോത്തമനു പേട്യോ? ഹഹഹ”

ചുണ്ടിൽ വിടര്‍ന്നചിരിയിൽ ലയിച്ചു പുരുഷു പാടാൻ തുടങ്ങി.

“എന്റെ സ്വപ്നങ്ങള്‍ക്ക് ഞാനിന്ന് അവധി കൊടുത്തു...
കൊരട്ടി മധുര ബാറിലൊരു മുറിയെടുത്തു...
ക്വാര്‍ട്ടർ റമ്മെടുത്ത് പച്ചക്കടിച്ചൂ...”

പുരുഷു വീണ്ടും ചിരിച്ചു. “കണ്ണാമ്പലത്തുവീട്ടിലെ പുരുഷൂന് പേട്യോ! ഹഹഹഹ“

അഞ്ചുനിമിഷത്തിനു ശേഷം പുരുഷു ചിരിക്കുന്നത് നിര്‍ത്തി. പക്ഷേ എന്നിട്ടും അന്തരീക്ഷത്തിൽ ചിരിയുടെ അലയൊലികൾ നിന്നില്ല.

“ഹഹഹഹ”

വേറൊരാൾ കൂടി ചിരിക്കുന്നു. കുണുങ്ങിക്കുണുങ്ങി ചങ്കിൽ തറക്കുന്ന തരം ചിരി. അരമണികളുടെ കിലുക്കം പോലെയുള്ള ചിരി. അതെ. ഒരു പെണ്ണിന്റെ ചിരി!

പുരുഷുവിന്റെ തൊണ്ട വരണ്ടു. ഞെരമ്പുകളിൽ ചോര ഉറഞ്ഞു കനംവച്ചു. നോട്ടം ഒരിക്കല്‍കൂടി മൈതാനമധ്യത്തെ പൊട്ടക്കിണറിനുനേരെ നീണ്ടു. അവിടത്തെ ദൃശ്യം കണ്ട് പുരുഷോത്തമൻ ഞെട്ടിവിറച്ചു.

പൊട്ടക്കിണറിലെ ഏഴിലം‌പാലയുടെ ചുവട്ടിൽ ഒറ്റത്തിരിയിട്ട ഏഴ് തൂക്കുവിളക്കുകൾ എരിയുന്നു. മഞ്ഞപ്രകാശത്തിനു പകരം കടും‌ചുവപ്പുനിറമുള്ള പ്രകാശകിരണങ്ങളായിരുന്നു ആ വിളക്കുകൾ വാരിവിതറിയിരുന്നത്. വിളക്കുകള്‍ക്കു പിന്നിൽ വെള്ളക്കസവിന്റെ ഒറ്റമുണ്ടുടുത്തു, മുലക്കച്ചയില്ലാതെ ഒരു നേര്യത് മാത്രം മാറത്തിട്ടു, വശ്യമായ പുഞ്ചിരിയോടെ മദാലസയായ ഒരു സ്ത്രീ നില്‍ക്കുന്നു. പുരുഷുവിന്റെ കണ്ണുകൾ പുറത്തേക്കു തുറിച്ചു. നാവ് അറിയാതെ ചലിച്ചു.

“പൊട്ടക്കിണറിലെ അന്തര്‍ജ്ജനം!“

നേര്യതിനിടയിലൂടെ ഇഴഞ്ഞുകയറുന്ന പ്രകാശത്തിൽ അന്തര്‍ജ്ജനത്തിന്റെ വശങ്ങളിലേക്കു തള്ളിനിൽക്കുന്ന കല്ലന്‍മുലകൾ മുക്കാലും അനാവൃതമായിരുന്നു. ഇടുങ്ങിയ അരക്കെട്ട്. വീതിയും വിസ്താരവുമുള്ള പിന്‍ഭാഗം. ലക്ഷണമൊത്ത കൈകാലുകൾ. പനങ്കുലപോലെ തഴച്ചുവളര്‍ന്ന തലമുടി. സ്ത്രീസൌന്ദര്യത്തിന്റെ മൂര്‍ത്തഭാവം.

സ്തോഭജനകമായ ഈ കാഴ്ചകണ്ടു പുരുഷു ശ്വാസമെടുക്കാതെ തരിച്ചുനിന്നു. തുടരെത്തുടരെ കുണുങ്ങിച്ചിരിച്ചു അന്തര്‍ജ്ജനം‍ ക്ഷണിക്കുകയായിരുന്നു. പക്ഷേ വാലിട്ടെഴുതിയ മിഴികളുടെ കടാക്ഷങ്ങള്‍ക്കൊന്നും പുരുഷോത്തമനെ ഇളക്കാനായില്ല. ഏതാനും നിമിഷത്തെ പകപ്പിനുശേഷം അദ്ദേഹം വീടിനെ ലക്ഷ്യമാക്കി നടപ്പുതുടര്‍ന്നു. ഇന്നേവരെ ആരേയും ഉപദ്രവിക്കാത്ത യക്ഷിയല്ലേ എന്നു സമാധാനിച്ചു നടന്ന പുരുഷുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കിണറ്റിന്‍കരയിലെ പാലമരത്തില്‍നിന്നു അന്തര്‍ജ്ജനം വായുവിലൂടെ ഒഴുകി അദ്ദേഹത്തിനു മുന്നിൽ വന്നുനിന്നു. പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഉടൻ മുണ്ട് മടക്കിക്കുത്തി ഓടാൻ ആഞ്ഞെങ്കിലും കഴിഞ്ഞില്ല. കാലുപോയിട്ടു ചുണ്ടുപോലും അനക്കാനാകുന്നില്ല. കഴിച്ചതെല്ലാം ഇറങ്ങിയപ്പോൾ പേടിയെന്തെന്ന് അറിഞ്ഞു. അടിമുടി വിയര്‍ത്തു.

പുരുഷുവിന്റെ കനത്തമീശയിൽ തലോടി കീഴ്ച്ചുണ്ടു കടിച്ചു കുണുങ്ങിച്ചിരിച്ച്, അന്തര്‍ജ്ജനം ഇമ്പമേറിയ സ്വരത്തിൽ മൊഴിഞ്ഞു. “ഞാന്‍... ഞാനെന്നും കാണാറ്ണ്ട് പുരുഷൂനെ. എനിക്കെന്ത് ആശയാന്നാ. ഇന്ന്... ന്നെനിക്ക് വേണം”

അനക്കമില്ലാതെ നിന്ന പുരുഷുവിന്റെ കണ്ണുകൾ ചോദ്യഭാവത്തിൽ ചലിച്ചു. മാറത്തെ നേര്യത് വലിച്ചെറിഞ്ഞു, വിജൃംഭിച്ചു നില്‍ക്കുന്ന മുലകളെ അനാവൃതമാക്കി അന്തര്‍ജ്ജനം രാഗപരവശയായി.

“സുരതം... സുരതം!”

യക്ഷിയുമായുള്ള സുരതക്രിയ മനുഷ്യര്‍ക്കു താങ്ങാനാവില്ലെങ്കിലും പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിലെ പുരുഷുവിനു പറ്റും. പക്ഷേ അദ്ദേഹം തികഞ്ഞ ധര്‍മ്മിഷ്‌ഠനാണ്. മറുപടി കൊടുക്കാന്‍ താമസമേതുമുണ്ടായില്ല.

“പുരുഷൂന് ഒരു ഭാര്യണ്ട്. വെറ്‌തെ മെനക്കെടണ്ടാ“

ആവശ്യം നിരസിക്കപ്പെട്ട മോഹഭംഗത്തിൽ അന്തര്‍ജ്ജനം ഉഗ്രമായി അലറി. “ഹാര്‍ച്ച്... ഹാര്‍സ്ച്ച്...”

കൂര്‍ത്ത നഖംകൊണ്ടു പുരുഷുവിന്റെ മുഖം വരഞ്ഞു രക്തംവരുത്തി അന്തര്‍ജ്ജനം വീണ്ടും ഭീഷണമായി ചോദിച്ചു. “പറ്റില്ലേ പുരുഷൂ”

നിഷേധാര്‍ത്ഥത്തിലുള്ള തലയാട്ടലിനൊപ്പം അന്തര്‍ജ്ജനത്തിന്റെ വഴികാട്ടിയായ തൂക്കുവിളക്കിന്റെ കൂര്‍ത്തഅഗ്രം പുരുഷുവിന്റെ വലത്തെ ഉള്ളംകയ്യിൽ ആഴ്ന്നിറങ്ങി. വീണ്ടും അലറിയ അന്തര്‍ജ്ജനത്തിന്റെ കണ്ണുകൾ ചോരഗോളങ്ങളായി മാറി. നഖങ്ങൾ നീണ്ടുവന്നു. അന്ത്യമടുത്തെന്നു മനസ്സിലാക്കിയ പുരുഷു ആദ്യം വീട്ടുകാരെ ഓര്‍ത്തു. ശേഷം നാട്ടുകാരെ ഓര്‍ത്തു. അവസാനം രക്ഷക്കായി അവസാനത്തെ ആശ്രയത്തെ തേടി. ദിവസവും അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ചു തൊഴാറുള്ള, പലതവണ ഇരുമുട്ടിക്കെട്ടുമായി മലയും പടിയും കയറിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഏതു കക്കാട്‌വാസിയേയും പോലെ അഭയം ചോദിച്ചു.

“എന്റെ ശാസ്താവേ!”

പിന്നെ നിറമിഴികളോടെ കൈകൂപ്പി നിന്നു. അപ്പോൾ ശങ്കരമ്മാൻ‌കാവിൽ‌നിന്നു കുറച്ചുദൂരെയുള്ള അയ്യങ്കോവ് ക്ഷേത്രത്തിലെ പാലച്ചുവട്ടിൽ കുടികൊള്ളുന്ന ഭൈരവപ്രതിഷ്ഠ ആടിയുലഞ്ഞു. ഭദ്രകാ‍ളിത്തറയിൽ ചെമ്പട്ടിൽ പൊതിഞ്ഞ പള്ളിവാളില്‍നിന്നു ചോര കിനിഞ്ഞു. ഭഗവതിയുടെ വെളിച്ചപ്പാടായ പണിക്കവീട്ടിൽ ശേഖരൻ ഉറക്കത്തില്‍നിന്നു അരമണികൾ കിലുങ്ങുന്ന ശബ്ദം ശ്രവിച്ചു ഞെട്ടിയെഴുന്നേറ്റു ഉറഞ്ഞുതുള്ളി.

“ഹാര്‍‌ര്ച്ച്... ഹാര്‍‌ര്‌ര്ച്ച്...”

അതെ. ഭദ്രകാളിത്തറയിൽ ഭഗവതി നിലപാടുകൊണ്ടു. അലൌകികമായ പ്രകാശം പരിസരമാകെ ചൂഴ്ന്നുതുടങ്ങി. ക്രമേണ അയ്യങ്കോവ് ക്ഷേത്രമാകെ പ്രകാശപൂരിതമായി. അന്തരീക്ഷത്തിൽ ഉടുക്കുപാട്ടിന്റെ ധ്വനികൾ മുഴങ്ങിത്തുടങ്ങി. പാലച്ചുവട്ടിലെ ഭൈരവപ്രതിഷ്ഠയില്‍നിന്നു ആരെയോ വരവേല്‍ക്കാനായി ശംഖുനാദം ഉതിര്‍ന്നു. ചുറ്റമ്പലത്തിലെ വാതിലുകൾ, മണികൾ മുഴക്കി, സാവധാനം വലിച്ചു തുറക്കപ്പെട്ടു. മുനിഞ്ഞു കത്തുന്ന ദീപനാളപ്രഭയിൽ ശ്രീകോവിലില്‍നിന്നു തലയിൽ കാവിക്കെട്ടും കയ്യിൽ ചൂരലുമായി ഒരു ബാലവേഷധാരി ഇറങ്ങി വന്നു.കക്കാട്ദേശം കാത്തുസൂക്ഷിക്കുന്ന അയ്യങ്കോവ് ശ്രീധര്‍മ്മശാസ്താവ്!.

അരമണികൾ കിലുക്കി മന്ദംമന്ദം നടന്നുവന്ന ബാലവേഷധാരി ഭദ്രകാളിത്തറക്കു മുന്നിൽ ശിരസ്സ് നമിച്ചു. പട്ടിൽ‌ പൊതിഞ്ഞ ചോരയിറ്റുവീഴുന്ന പള്ളിവാൾ കടന്നെടുത്തു കണ്ണിൽ ചേർത്തു ധ്യാനിച്ചു. അനുവാദം ചോദിച്ചു.

“അമ്മേ ഭദ്രേ”

അന്തരീക്ഷത്തിൽ ചേങ്ങിലകൾ മുഴങ്ങി‍. “ഛിൽ ചിൽ ചിൽ”

പടമാന്‍വളപ്പിൽ‍ പുരുഷുവിനെ താഢിച്ചു ആഗ്രഹപൂര്‍ത്തിക്കു പ്രേരിപ്പിക്കുകയായിരുന്ന അന്തര്‍ജ്ജനം അദൃശ്യമായ ഒരു ചൂരലിന്റെ അടിയേറ്റു വേദനയിൽ പുളഞ്ഞു. ആരോ വലിച്ചെറിഞ്ഞപോലെ വായുവിലേക്കു എറിയപ്പെട്ടു. ഭയന്നുവിറച്ച അന്തര്‍ജ്ജനത്തിന്റെ മുഖം ബീഭത്സമായി. മദാലസയില്‍നിന്നു യക്ഷിയിലേക്കുള്ള പരിവർത്തനം നേരില്‍കണ്ട പുരുഷു ബോധമറ്റുവീണു. പിറ്റേന്നു വെളുപ്പിനു വിതരണത്തിനായി പത്രക്കെട്ടെടുക്കാൻ കൊരട്ടിയിൽ പോയ വത്സനാണ് നടുറോഡിൽ ചോരയൊലിച്ചു കിടന്ന പുരുഷുവിനെ ആദ്യം കണ്ടത്. അടുത്തു ആരോ പറഞ്ഞേൽ‌പ്പിച്ചപോലെ ഇമയനക്കാതെ കാവലിരിക്കുന്ന ശേഖരൻ വെളിച്ചപ്പാടിനേയും.

പൊട്ടക്കിണറിലെ അന്തര്‍ജ്ജനം അസാമാന്യശക്തി കൈവരിച്ചതായി നാട്ടുകാർ അറിഞ്ഞു. സന്ധ്യ മയങ്ങിയാൽ ആണുങ്ങളാരും ആ വഴി പോകാതായി. ഒടുക്കം ഇതെല്ലാം കൈമളുടെ ചെവിയിലുമെത്തി. യക്ഷിയെ കാഞ്ഞിരത്തിൽ തറക്കണമെന്നു നാട്ടുകാരും നിശ്ചയിച്ചു. അതിനു കേമന്‍ കൈമൾ തന്നെ.

മൂന്നര മണിക്കൂർ നീണ്ട പൂജയിലെ അവസാനപടിയായിരുന്നു ദേവപ്രശ്നം. ശാസ്താവിനെ ധ്യാനിച്ച് കൈമൾ പലകയിൽ കവടി നിരത്തി. വിധികൾ ഒന്നിനു പിറകെ ഒന്നായി വന്നു. അയ്യങ്കോവ് അമ്പലത്തിൽ അഷ്ടബന്ധകലശം നടത്തണം. ഭദ്രകാളിത്തറ പുതുക്കിപ്പണിതു വര്‍ഷം‌തോറും മുടിയാട്ടം നടത്തണമെന്നും പ്രശ്നത്തിൽ കണ്ടു. പരിഹാരങ്ങളെല്ലാം ചെയ്താൽ അന്തര്‍ജ്ജനം ശാന്തയാകുമെന്നും കാഞ്ഞിരത്തിൽ തറക്കേണ്ട തരത്തിലുള്ള ഭയങ്കരയക്ഷിയല്ല ഇതെന്നും കൈമൾ കൂട്ടിച്ചേര്‍ത്തു. ദിവസവും ശങ്കരമ്മാന്‍‌കാവിൽ വിളക്കുവക്കുന്നതോടൊപ്പം കറുത്തവാവ് ദിവസം ഏഴിലം‌പാലച്ചുവട്ടിലും ഒരു തിരി വച്ചാൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാവില്ലെന്നു കൈമൾ അറിയിച്ചതോടെ‍ എല്ലാവരും സമാധാനംകൊണ്ടു.

അന്നു കൈമൾ പറഞ്ഞ ചിട്ടകളൊന്നും ഇന്നുവരെ ആരും തെറ്റിച്ചിട്ടില്ല. അതുകൊണ്ടു പൊട്ടക്കിണറിലെ അന്തര്‍ജ്ജനം ശാന്തയാണ്. എങ്കിലും ഇക്കാലത്തും പാ‍തിരാത്രിയിൽ പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമന്‍, ഒന്നുമിനുങ്ങി ഓസീന്‍കമ്പനിപ്പടിക്കൽ ഓട്ടോയിലെത്തി, സ്വന്തം വീട്ടിലേക്കു നടക്കുമ്പോൾ ഏഴിലം‌പാലയില്‍നിന്നു അന്തര്‍ജ്ജനത്തിന്റെ കുണുങ്ങിക്കുണുങ്ങിയുള്ള ക്ഷണിക്കൽ കേള്‍ക്കാമത്രെ.

“പുരുഷൂ... ഇങ്ങടൊന്ന് വര്വോ?“