Featured Post

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Saturday, January 6, 2018

'sunilupasana.com' - എന്റെ വെബ്സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും പുതിയ സൈറ്റിലേക്കു സ്വാഗതം ചെയ്യുന്നു.

Friday, March 24, 2017

ആർഷദർശനങ്ങൾ - പുതിയ പുസ്തകം

എന്റെ മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു.
പേര് - ആർഷദർശനങ്ങൾ!
ഫിലോസഫി/ദർശനം ആണ് വിഷയം.
ഭാരതീയ ദർശനങ്ങളിൽ (പ്രത്യേകിച്ചും അദ്വൈതവേദാന്തം) ഊന്നിയുള്ള 17 ലേഖനങ്ങളുടെ സമാഹാരം.
നവ പുസ്തക പ്രസാധകരിൽ ശ്രദ്ധേയരായ 'ബുദ്ധ ബുക്ക്സ്' പബ്ലിഷ് ചെയ്തിരിക്കുന്നു.
120 രൂപയാണ് വില.
160 പേജുകൾ.


പുസ്തകം വാങ്ങാൻ 9947254570 എന്ന നമ്പറിലേക്കു "AD-space-Address with Pin Code" എന്ന ഫോർമാറ്റിൽ SMS അയയ്ക്കുക.
Bank account details - "Buddha Books, Ac/No: 337501010034342, Union Bank, Aluva Branch, IFSC code: UBIN0533751."

Flipkart വഴി വാങ്ങാൻ => https://goo.gl/YL50XL

You can also contact me to get book => sunilmv@gmail.com

പുസ്തകത്തിലെ ഉള്ളടക്കം:-

1. ഭാരതീയ ദർശനങ്ങളുടെ ആവിർഭാവം.
2. തത്ത്വജ്ഞാന ധാരകളുടെ വിഭജനം.
3. മോക്ഷ-മാർഗങ്ങൾ.
4. പ്രമാണങ്ങൾ.
5. ഭാരതീയ ദർശന ധാരകൾ.
6. വ്യക്തിത്വം ശരീര സൃഷ്ടിയോ? – ന്യായ വീക്ഷണം.
7. അദ്വൈത വേദാന്തത്തിലെ പ്രമാണങ്ങൾ.
8. പ്രപഞ്ച-സൃഷ്ടിവാദത്തിലെ അപാകതകൾ.
9. അദ്വൈതം – കർക്കശമായ ഏകത്വം.
10. അവിദ്യ – വിദ്യയുടെ മൂടുപടം.
11. ബോധം: ബാഹ്യലോകത്തിന്റെ ആധാരം.
12. എന്തുകൊണ്ട് നമ്മിൽ ദൈവികത്വം ഉണ്ട്?
13. ബാഹ്യലോകം എന്തുകൊണ്ട് അനിർവചനീയം (മായ) ആകുന്നു?
14. യാഥാർത്ഥ്യത്തിന്റെ മൂന്ന് അളവുകൾ.
15. ഉപസംഹാരം.

അനുബന്ധം:-
1. ഉപനിഷത്തും ശ്രീബുദ്ധതത്ത്വങ്ങളും.
2. പഞ്ചഭൂതങ്ങൾ - ഉപനിഷത്ത് - ഗ്രീക്ക് ദർശനങ്ങളിൽ.

സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.

Wednesday, July 15, 2015

അരോമ ബേക്കേഴ്‌സ് - 2

മലേഷ്യൻ മാവിലെ ഉല്പന്നം ആദ്യം രുചിച്ചു നോക്കിയതാരെന്ന കാര്യത്തിൽ നാട്ടിൽ തർക്കമില്ല. കക്കാടിലെ എല്ലാ മാവ്-പ്ലാവ്-കശുമാവ് എന്നിവയുടെ ഉല്പന്നങ്ങൾ എല്ലാ സീസണിലും ഉൽഘാടനം ചെയ്യാറുള്ള കുഞ്ഞിസനുവായിരുന്നു ഇവിടെയും പ്രതി. കുട്ടിക്കാലത്ത് ശരീരം ‘റ’ പോലെ വളച്ച് മാങ്ങ എറിയാറുള്ള സനു ആ ഗൃഹാതുരത്വം അയവിറക്കി മലേഷ്യൻ മാങ്ങ എറിഞ്ഞു വീഴ്ത്തിയത്രെ. മര്യാദാമുക്കിൽ വച്ച് സനു സംഭവം വിവരിച്ചു.

“സത്യം പറയാലാ നവിച്ചാ ആ മാവുമ്മെ വീക്കാൻ എനിക്ക് പ്ലാനില്ലായിരുന്നു.”

സനു മാവുമ്മെ വീക്കിയില്ലെന്നു പറഞ്ഞാൽ അതാരു വിശ്വസിക്കും!
ആശാൻകുട്ടി ഇടപെട്ടു. “കഴിഞ്ഞാഴ്ച ചന്ദ്രൻ യെൻസീടെ മാവുമ്മെ വീക്കീത് നീയല്ലേ?”

സനു വിക്കി. “ഞാൻ ഞാൻ തന്ന്യാ. പക്ഷേ അന്നും എനിക്ക് മാവുമ്മെ വീക്കാൻ പ്ലാനില്ലായിരുന്നു.”

ആശാൻ വിട്ടില്ല. “അയ്യങ്കോവ് ഉൽസവത്തിന്റെ അന്ന് പടമാൻവീട്ടിലെ മാവുമ്മെ മൂന്നാല് മണിക്കൂർ നിന്ന് വീക്കീത് നീയല്ലേ?”

സനുവിന്റെ ചൂടായി. “ച്‌ഛീ നിർത്തടാ”
പിന്നെ സ്വയം നിയന്ത്രിക്കുന്ന ഭാവം നടിച്ച് നവിച്ചനോടു പറഞ്ഞു.

“നവിച്ചാ ഈ ആശാന്ണ്ടല്ലാ. ഇവനൊരു പോങ്ങനാ. എന്നെ മോശക്കാരനാക്കണതാ ഇവന്റെ മെയിൻ പണി

സനു ആശാൻകുട്ടിക്കു നേരെ കൈചൂണ്ടി ശബ്ദം ഉയർത്തി. “മാവ് കണ്ടാ എറിയണ ടൈപ്പാണ് ഞാൻ ന്നാ ആശാനിപ്പോ ഇവടെ പറയാണ്ട് പറയണെ. അല്ലേ?... എന്നാ ഞാനങ്ങന്യാണാ... അല്ല. എനിക്ക് കയ്യ്‌ണ്ട്. നെലത്ത് കല്ലുംണ്ട്. അതോണ്ട് എറിയണതാ. ഒരു എക്സർസൈസിന്. മാങ്ങ വീഴ്ത്തണംന്നൊന്നും എനിക്ക് ഉന്നല്യാന്ന്.”

നവിച്ചൽ ആശാൻകുട്ടിയെ തല്ലാൻ പോകുന്ന പോലെ കയ്യോങ്ങി. പിന്നെ സനുവിനെ പ്രോൽസാഹിപ്പിച്ചു. “നീ ബാക്കി പറ സന്വോഅവനെ മൈൻഡ് ചെയ്യണ്ട.”

ആശാനെ ഇരുത്തി നോക്കിയിട്ടു സനു തുടർന്നു.

“കുളിക്കാൻ വേണ്ടി മേത്തൊക്കെ എണ്ണതേച്ച് ലേഗു പൗലോസിന്റെ കൊളത്തിലേക്ക് പോവാമ്പൂവായിരുന്നു ഞാൻ. അപ്പഴാ ഓർത്തെ, തേയ്ക്കാൻ സോപ്പില്ലാന്ന്. അപ്പോ മാഷ്‌ടെ കടേന്ന് ഒരു അഞ്ഞൂറ്റൊന്ന് വാങ്ങി.”

നവിച്ചൽ പരിതപിച്ചു. “ഒരു സന്തൂറൊക്കെ വാങ്ങി കുളിക്കണ്ടടാ. അഞ്ഞൂറ്റൊന്നൊക്കെ അലക്കാനല്ലേ

“നവിച്ചാ ഞാൻ സന്തൂർ തന്ന്യാ വാങ്ങാൻ പോയെ. പിന്നെ പ്ലാൻ മാറ്റീതാ.”

“അതെന്തേ?”

സനു വിശദീകരിച്ചു.

“പരമു മാഷിന്റെ കടേന്ന് ഞാൻ സന്തൂർ വാങ്ങ്യപ്പ തന്നെ കടത്തിണ്ണേല് ഇരിക്ക്യായിരുന്ന അഞ്ചാറ് പേർക്ക് അന്ന് കുളിച്ചട്ടില്ലാന്ന് ഓർമ വന്നു. തോർത്തൊക്കെ പെട്ടെന്ന് എത്തി. ചെലർക്ക് തോർത്തൊന്നും വേണ്ടാത്രെ. മുണ്ട് ഊരിപ്പിഴിഞ്ഞ് തോർത്തിക്കോളാന്ന്. അഞ്ചുപത്ത് പേർ അപ്പത്തന്നെ കുളിക്കാൻ റെഡ്യായി. അവസാനം നമ്മടെ ഫൽഗൂം എത്തി. ഫൽഗൂനെ അറിയാലാ. അവന്റെ കക്ഷത്തിലും കോത്തിലും ഇട്ട് തേച്ച സോപ്പ് പിന്നെ പശൂനെ കുളിപ്പിക്കാൻ കൂടി കൊള്ളില്ല. പശു എടയും നവിച്ചനു സംശയംണ്ടാ.”

നവിച്ചൻ പിന്താങ്ങി. “നെവർ.”

സനു തുടർന്നു. “കാര്യങ്ങൾടെ പോക്ക് കണ്ടപ്പോ എനിക്ക് മനസ്സിലായി സന്തൂർ കൊണ്ട് നാട്ടാര് കുളിക്കും. ഞാൻ ഊമ്പുംന്ന് അപ്പ സന്തൂർ വേണ്ടാന്ന് വച്ചു. ഒരു അഞ്ഞൂറ്റൊന്ന് വാങ്ങി. അപ്പോ ഒരുത്തനും കുളീം വേണ്ട ജപോം വേണ്ട.”

നവിച്ചനു അരികിൽ മതിലിൽ കിടന്നു മയങ്ങുകയായിരുന്ന മുരളി മയക്കത്തിനിടയിലും ‘സോപ്പ്’ എന്നു കേട്ടു. അദ്ദേഹം എഴുന്നേറ്റിരുന്ന് ആരോടെന്നില്ലാതെ പിറുപിറുത്തു.

“സോപ്പാ സോപ്പ്‌ണ്ട്‌ന്നാ? എന്നാ നമക്കൊന്ന് കുളിക്കാൻ പോവാം.”

സനു മുരളിയോടു പറഞ്ഞു. “സോപ്പ് ന്നൊന്നും ഇവടെ ആരും പറഞ്ഞില്ല മുരളീ. നീ ഒറങ്ങിക്കോ.”

മുരളി തർക്കിച്ചു. “നൊണ പറയണ്ട. ഞാൻ കേട്ടതല്ലേ.”

സനു അവസാന അടവെടുത്തു. “ആ അതാഹഹഹഹ. അത് നമ്മടെ ഫൽഗു കുളിച്ച സോപ്പാ മുരളി പോരണ്ണ്ടാ.”

‘അയ്യോ’ എന്ന ഭാവത്തിൽ നെറ്റിയിൽ കൈവച്ച് മുരളി വീണ്ടും മയക്കത്തിലേക്കു വഴുതി. സനു തുടർന്നു.

“പരമുച്ചേട്ടന്റെ കടേന്ന് സോപ്പ് വാങ്ങി തിരിച്ച് വരുമ്പഴാ മാവ് കണ്ടെ.” സനു മൂർദ്ധാവിൽ കൈവച്ച്, കണ്ണടച്ച് ആശ്ചര്യപ്പെട്ടു.

“ഞവണിക്ക തോറ്റു പോം! അത്രേം മാങ്ങേണ് ഓരോ കൊലേലും

സനു നെഞ്ചത്ത് കൈവച്ച് ആണയിട്ടു. “നവിച്ചാ സത്യം പറഞ്ഞാ നിങ്ങ വിശ്വസിക്കില്യ. എന്നാ പറയാണ്ടിരിക്കാനും പറ്റണില്ല എന്താന്ന് വച്ചാ, അപ്പഴും എനിക്ക് മാവുമ്മെ വീക്കാൻ പ്ലാനില്ലായിരുന്നു.”

ആശാൻകുട്ടി ദേഷ്യത്തോടെ എന്തോ പറയാൻ ആഞ്ഞു. നവിച്ചൽ സമ്മതിച്ചില്ല. അദ്ദേഹം ആശാന്റെ വായ പൊത്തിപ്പിടിച്ച് സനു പറഞ്ഞത് അംഗീകരിച്ചു.

“വീക്കണ്ടാന്ന് വച്ച് നടക്കുമ്പഴാ ഇത് മലേഷ്യൻ മാവല്ലേന്ന കാര്യം എനിക്ക് കത്തീത്. ഒരെണ്ണങ്കിലും തിന്നാഞ്ഞാ മോശല്ലേ. ഞാൻ പിന്നൊന്നും ആലോചിച്ചില്ല വീക്കി. കൊലേമെ തന്നെ കൊണ്ടു. പക്ഷേ ഒരു കണ്ണിമാങ്ങ്യാ വീണൊള്ളൂ.”

“അത് ഭാഗ്യായി” സനു ആകാശത്തു നോക്കി കൈകൂപ്പി.

“ഞാൻ കൊളത്തിന്റെ കെട്ടിലിരുന്ന് മാങ്ങ തിന്നു. പിന്നെ മോട്ടോർ ഷെഡിന്റെ മോളീന്ന് ഡൈവ് ചെയ്തു.”

നവിച്ചൻ ആകാംക്ഷവാനായി. “എന്നട്ട്?”

സനു പറഞ്ഞു. “പിന്ന്യൊന്നും ഓർമേല്യ. ബോധം വീഴുമ്പോ കൊളത്തിന്റെ കെട്ടില് കിടക്കായിരുന്നു. പന്ത് കളിക്കണ പിള്ളേര് വലിച്ച് കരേലിട്ടതാ. അല്ലെങ്കി ചെലപ്പോ തട്ടിപ്പോയേനെ കൊളത്തിൽ കൊറച്ച് മീനോളൊക്കെ ചത്തു പൊങ്ങി. ആരാണ്ട് തോട്ട പൊട്ടിച്ചതാന്നാ നാട്ടാര് പറേണെ. പക്ഷെ എനിക്ക് സംശയം ആ മാങ്ങേന്യാ.”

സനു സംഭവം ആവുന്നത്ര ആളുകളിലേക്കു എത്തിച്ചു. പക്ഷേ ഫലമില്ലായിരുന്നു. എല്ലാവരും തോട്ട പൊട്ടിക്കൽ സിദ്ധാന്തത്തിൽ വിശ്വസിച്ചു.

ആഴ്ചകൾ കടന്നു പോയി. ചാക്യാർ പറയും പോലെ ഉണ്ണിമാങ്ങ കണ്ണിമാങ്ങയായി, കണ്ണിമാങ്ങ മൂത്ത മാങ്ങയായി, മൂത്തമാങ്ങ അണ്ടിയുറച്ച മാങ്ങയായി, അണ്ടിയുറച്ച മാങ്ങ പിന്നെ ചെനച്ചു ചെനച്ചതോടെ മാവിനു കാവലായി രണ്ടു പേരെ മഹി ഏർപ്പാടാക്കി.

ആയിടക്കു ഒരു കൂട്ടർ മാങ്ങ മൊത്തവില്പനക്കു കൊടുക്കുന്നുണ്ടോയെന്ന് അറിയാൻ എത്തി. അപൂർവ്വമായി മാത്രം സംസാരിക്കാറുള്ള, കക്കാടിൽ പലരും ഇന്നുവരെ ശ്രവിച്ചിട്ടില്ലാത്ത മഹിയുടെ ശബ്ദം അന്നാദ്യമായി കക്കാടിൽ മുഴങ്ങി.

“കടക്കടാ പടിക്ക് പുറത്ത്.”

എല്ലാ കക്കാടുകാരുടേയും സ്വരം അനുകരിക്കുന്നതിൽ മിടുക്കനാണ് സഹൻ. എന്നാൽ അദ്ദേഹം എല്ലാ കൊല്ലവും എസ്എൻഡി‌പി സെന്ററിലെ ഓണാഘോഷത്തോടു അനുബന്ധിച്ചു നടത്താറുള്ള മിമിക്രിയിൽ മഹിയെ അവതരിപ്പിക്കുന്നത് മൂകനായാണ്. മഹി സ്വന്തം വീടിന്റെ വാതിൽ തുറന്നു പുറത്തിറങ്ങി റോഡിലേക്കു നടന്ന്, മണിയമ്മയുടെ പറമ്പിലെ മുത്തശ്ശി വരിക്കപ്ലാവിന്റെ എതിരെയുള്ള ഇലക്ട്രിക് പോസ്റ്റിൽ, നാലഞ്ച് തെരുവു ട്യൂബ്‌ലൈറ്റുകൾ കത്തിക്കാനുള്ള സ്വിച്ച് ഓൺ ചെയ്യുന്നതും, അതിനുശേഷം മര്യാദാമുക്കിലെ ഇലക്ടിക് ട്യൂബ് കണ്ണുചിമ്മുന്നത് ഒരു നിമിഷം നോക്കിയ ശേഷം തിരിച്ചു സ്വഗൃഹത്തിലേക്കു കൈലി മാടിക്കുത്തി നടന്നു പോകുന്നതുമാണ് സഹൻ എല്ലാ തവണയും അനുകരിക്കുക. ഇതിനു കനത്ത കയ്യടി സദസ്യർ നൽകുകയും ചെയ്യും. കാരണം മഹിയെ പറ്റി കക്കാടുകാർക്കു അത്രയേ അറിയൂ. ഇലക്ട്രിക് സ്വിച്ച് ഓൺ ചെയ്യുന്ന കർമ്മം ഒഴിച്ചു നിർത്തിയാൽ വളരെ നിശബ്ദനായാണ് മഹി കക്കാടിൽ ജീവിക്കുന്നത്. ആ വ്യക്തിയാണ് മാങ്ങക്കച്ചവടക്കാരോടു പടിക്ക് പുറത്തു കടക്കാൻ ആക്രോശിച്ചത്. ഫലം, അതിനു ശേഷം ആരും മാങ്ങ ചോദിച്ച് അദ്ദേഹത്തെ സമീപിച്ചില്ല. വേണു ഒഴിച്ച്

അരോമയുടെ അഞ്ചാം വാർഷികം ഏതുവിധം ആഘോഷിക്കണമെന്ന വേണുവിന്റെ ആലോചന അവസാനിച്ചത് മര്യാദാമുക്കിലിരിക്കുമ്പോൾ മലേഷ്യൻ മാവിനെ കണ്ടതോടെയാണ്. പിറ്റേ ദിവസം പെണ്ണിനു വയറ്റിൽ ഉണ്ടാക്കിയതിനു ഉപകാരസ്മരണയായി പെണ്ണിന്റെ വീട്ടുകാർ ചെക്കൻവീട്ടുകാർക്കു കൊണ്ടുകൊടുക്കാറുള്ള പലഹാരക്കൊട്ട പോലെ ഒരു വലിയ കൊട്ടയുമായി വേണു മഹിയുടെ വീട്ടിലെത്തി. വറുത്തതും വറുക്കാത്തതുമായ പലഹാരങ്ങൾ കണ്ട് മഹി ആശ്ചര്യപ്പെട്ടു. അബദ്ധത്തിൽ പോലും ഒരു പാക്കറ്റ് ബ്രെഡ് ഇന്നുവരെ എത്തിയിട്ടില്ല. എന്നിട്ടിപ്പോൾ വേണുവിനു വീട് മാറിയോ എന്നു മഹി സംശയിച്ചു.

വേണു നയത്തിൽ തുടങ്ങി. “ചേട്ടന് കൊറച്ച് പലഹാരം കൊണ്ടരണന്ന് വിചാരിച്ചട്ട് ഇപ്പഴാ സമയം കിട്ട്യൊള്ളൂ.”

മഹി തിരിച്ചടിച്ചു. “അത് സാരല്യ. പലഹാരം കിട്ടാഞ്ഞട്ട് ഇവടെ ഇപ്പോ ആർക്കും പ്രശ്നൊന്നൂല്ല്യാ.”

വേണു മഹിയുടെ ഏകമകൻ കുഞ്ഞുമാണിയെ അടുത്തേക്കു വിളിച്ചു

“വാ മാണിക്കൊച്ചേ നിനക്ക് കൊറേ പലഹാരം തരണന്ന് കൊറേ നാളായി വിചാരിക്കണ്...”

മണിയടി ശബ്ദം ഉണ്ടാക്കുന്ന ഒരുതരം കളിപ്പാട്ടം കയ്യിൽ പിടിച്ചുകൊണ്ടു നിന്ന മാണി അടുത്തില്ല. വേണു അത് കാര്യമാക്കിയില്ല. ഏട്ടത്തിയമ്മയെ വിളിച്ച് പലഹാരകൊട്ട അകത്തുവയ്ക്കാൻ അഭ്യർത്ഥിച്ചു.

“അപ്പോ നീയെന്താ പ്രത്യേകിച്ച് വന്നെ?” മഹി അന്വേഷിച്ചു.

പലഹാരകൊട്ട ഒരു മാർഗമാണെന്നും, വേണുവിന്റെ ലക്ഷ്യം വേറെയാണെന്നും മഹിക്കു മനസ്സിലായിരുന്നു. വേണു ആകട്ടെ വളച്ചുകെട്ടി പറയാനൊന്നും പോയില്ല.

“അരോമയുടെ അഞ്ചാം വാർഷികമാണ് വരുന്നത്. മലേഷ്യൻ മാങ്ങ കൊണ്ട് ചില സവിശേഷ പലഹാര ഐറ്റംസ് ഉണ്ടാക്കി വിൽക്കാൻ ചേട്ടൻ അനുവദിക്കണം.”

മഹിയുടെ മുഖം ഗൗരവപൂർണമായി. അദ്ദേഹം കൈകൾ പിന്നിൽ കെട്ടി പൂമുഖത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. മനസ്സിലെ സന്നിഗ്ദത മുഴുവൻ നടത്തത്തിൽ പ്രതിഫലിച്ചു. വേണു ഏട്ടത്തിയമ്മയോടു സഹായിക്കണം എന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു. ഏട്ടത്തിയമ്മ കനിഞ്ഞു.

“അവൻ ആദ്യായിട്ടു ആവശ്യപ്പെടണതല്ലേ. കൊറച്ച് മാങ്ങ കൊടുത്തൂന്ന് വച്ച് ഒന്നും വരാനില്ല അല്ലെങ്കിലും കുഞ്ഞിസനൂം കവലേലെ പിള്ളേരും ഉള്ളപ്പോ നേരേ ചൊവ്വേ പത്ത് മാങ്ങ നമക്ക് കിട്ട്വോ.”

സനുവിന്റെ പേരു കേട്ടപ്പോൾ മഹിയുടെ നെഞ്ച് വിലങ്ങി. കണ്ണിൽ നിന്ന് വെള്ളം വന്നു. ഒരു വീക്കിനു പത്ത് പതിനഞ്ച് മാങ്ങ വീഴ്ത്താൻ സനുവിനേ കഴിഞ്ഞേ ആരുമുള്ളൂ. അവൻ ചതിക്കോ!
ഒടുക്കം മനസ്സില്ലാമനസ്സോടെ മഹി ഒരു ലോഡ് മാങ്ങ കൊടുക്കാമെന്നു സമ്മതിച്ചു.

വേണു ഉടൻ പരസ്യം ഇറക്കി. അഞ്ചാം വാർഷികത്തോടു അനുബന്ധിച്ച് മലേഷ്യൻ മാംഗോ കേക്ക്, മലേഷ്യൻ മാംഗോ ജാം ഉൾപ്പെടെ നിരവധി മാംഗോ പലഹാരങ്ങൾ വിതരണം ചെയ്യുന്നുവെന്ന് നാടൊട്ടുക്കും അറിയിച്ചു. നോട്ടിസും അച്ചടിച്ച് ഇറക്കി. കുഴൂർ മുതൽ കോനൂർ വരെയും, കൊടകര മുതൽ കറുകുറ്റി വരെയുമുള്ള എല്ലാ ബേക്കറികളിലും നോട്ടീസ് എത്തിച്ചു. അരോമയുടെ നാമം സുപരിചിതമായിരുന്നതിനാൽ മാംഗോ സ്പെഷ്യലുകൾക്കു എല്ലാ ബേക്കറിയും ഓർഡർ കൊടുത്തു. ഉപഭോക്താക്കളിൽ നിന്നു ഓർഡറുകളും തകൃതിയായി എത്തി. 

അഞ്ചാം വാർഷികത്തിന്റെ തലേന്ന് രാത്രി കക്കാട് ദേശം ഗാഢനിദ്രയിലാണ്ടിരിക്കെ കല്യാണി വേണു ബേക്കറി കിച്ചണിൽ അഹോരാത്രം പണിയെടുത്തു. മൈദ, മുട്ട, പഞ്ചസാര, എണ്ണ, എന്നിവ ആവശ്യാനുസാരം എടുത്ത്, ഇടിച്ച് മയത്തിലാക്കി കേക്ക് ഉണ്ടാക്കാൻ തുടങ്ങി. മലേഷ്യൻ മാങ്ങയുടെ സത്തും നിർലോഭം ചേർത്തു. പിറ്റേന്നു രാവിലെ ആറു മണിയോടെ എല്ലാം റെഡിയായി. അരോമ അഞ്ചാം വർഷത്തിലേക്ക് എന്ന ലേബലുള്ള സ്പെഷ്യൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മലേഷ്യൻ കേക്കുകൾ കർത്താറ വീട്ടുമുറ്റത്തു നിരന്നു. അധികം താമസിയാതെ പലഹാരങ്ങൾ വിതരണത്തിനായി യാത്ര തിരിച്ചു.

കറുകുറ്റി മുതൽ കൊടകര വരെയും, കോനൂർ മുതൽ കുഴൂർ വരെയും മലേഷ്യൻ കേക്ക് എത്തി. മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോയി. അപ്രതീക്ഷിതമെന്നേ പറയേണ്ടൂ, ഉപഭോക്താക്കളിൽ മലേഷ്യൻ കേക്ക് മിനിറ്റുകൾക്കുള്ളിൽ ‘ചലനം’ ഉണ്ടാക്കി. കറുകുറ്റി മുതൽ കൊടകര വരെയും കോനൂർ മുതൽ കുഴൂർ വരെയും അവർ മറവുകൾ തേടി.

ചില അപശ്രുതികൾ കക്കാടിൽ തന്നെയും ഉയർന്നു. അത് യഥാസമയം വേണുവിന്റെ ചെവിയിലെത്തി. നിജസ്ഥിതി പരിശോധിക്കാൻ അദ്ദേഹം ഒരു ജാം പാക്കറ്റ് പൊട്ടിച്ചു വായിൽ കമഴ്ത്തി. പിന്നെ ഒന്നും ചെയ്യാൻ പറ്റിയില്ല. വീണയിടത്തു നിന്ന് അണുവിട പോലും ജാം നാവിൽ പരക്കാതെ വേണൂ തല ബാലൻസ് ചെയ്തു. മോഹാലസ്യത്തിലേക്കു വീഴും മുമ്പ് പിന്നിൽ നിന്നിരുന്ന ആളോടു വേണു അവ്യക്തമായി പറഞ്ഞു.

“പ്രകാശൻ

ആളുകൾ കരുതി, ചന്തു ചതിച്ച പോലെ, പ്രകാശൻ ചതിച്ചുവെന്ന്! എന്നാൽ മുഖത്തു വെള്ളം വീണപ്പോൾ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ വേണു ആവശ്യപ്പെട്ടു.

“പ്രകാശനെ കാണണം.”
“എന്തിനാ?”
“ഓട്ടം പോവാൻ.”
“എവിടക്കാ?”
“ചാലക്കുടി റെയിൽവേ സ്റ്റേഷൻ.”

പ്രകാശൻ എത്തി. വേണു റെയിൽവേ സ്റ്റേഷനിലേക്കു യാത്രയായി. അതിനകം തന്നെ കൊടകര മുതൽ കറുകുറ്റി വരെയും, കോനൂർ മുതൽ കുഴൂർ വരെയുള്ള നിരവധി ഓട്ടോകൾ കക്കാടിനെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു. അവരെയെല്ലാം കക്കാടുകാർ റെയിൽവേ സ്റ്റേഷനിലേക്കു പറഞ്ഞു വിട്ടു. സന്ദർഭത്തിന്റെ ഗൗരവം മൂലം പതുക്കെ പോവുകയായിരുന്ന കൽക്കരി നിറച്ച ഒരു ഗുഡ്സ് ട്രെയിനിൽ വേണു അള്ളിപ്പിടിച്ചു കയറി. ആളെ തിരിച്ചറിയാതിരിക്കാൻ മുഖത്തു കരികൊണ്ട് നാലഞ്ച് വരകളും വരച്ചത്രെ. എന്നിട്ടും അഞ്ചാറ് ‘മാംഗോ കസ്റ്റമേഴ്‌സ്’ പാലക്കാട് വരെ വേണുവിനെ പിന്തുടർന്നു എന്നാണ് നാട്ടിലെ പറച്ചിൽ.

മലേഷ്യൻ മാവ് കർത്താറ വീട്ടിൽ മഹേന്ദ്രന്റെ പറമ്പിൽ ഇന്നുമുണ്ട്. ഞവണിക്ക തോൽക്കും വിധം മാങ്ങയും ഉണ്ടാകാറുണ്ട്. മാങ്ങ ഒന്നിനും കൊള്ളില്ലെങ്കിലും മാവ് നൽകുന്ന തണൽ മര്യാദാമുക്കിനെ ഊഷ്മളമായ സ്ഥലമാക്കുന്നു.

കല്യാണി വേണൂ ഇക്കാലത്തു പ്രളയവും ആളൊഴിഞ്ഞ ദ്വീപും സ്വപ്നം കാണാറില്ല. എല്ലാ വൈകുന്നേരവും അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ചു നിശബ്ദനായി പടികൾ കയറി പോകാറുള്ള കല്യാണി വേണുവിനെ നോക്കി, ചിലർ കുളത്തിലെ ഇളം മാക്രികൾക്കു പറഞ്ഞു കൊടുക്കും.


“പണ്ട് പണ്ട് ലേഗു പൗലോസിന്റെ വട്ടക്കുളത്തിന്റെ കെട്ടിലിരുന്ന് കല്യാണി വേണു ദിവസവും തലേന്ന് കണ്ട സ്വപ്നത്തെ പറ്റി പറയുമായിരുന്നു……

Tuesday, July 7, 2015

അരോമ ബേക്കേഴ്‌സ് - 1

...... അങ്ങിനെയിരിക്കെയാണ് ഭൂമിയിൽ പ്രളയം വന്നത്. ആദിയിൽ മനുവിന്റെ കാലത്തു സംഭവിച്ച പോലുള്ള മഹാപ്രളയം. കടലിലെ ജലനിരപ്പുയർന്ന് വളരെ ഉയരമുള്ള പ്രദേശങ്ങൾ വരെ മുങ്ങി. ലോകം മുഴുവൻ വെള്ളത്തിൽ. കടലിലെ മൽസ്യങ്ങളും ആമകളും പാമ്പുകളും വെള്ളത്തിനടിയിലെ കര സന്ദർശിച്ചു. അങ്ങിനെ സർവ്വത്ര വെള്ളം. എങ്ങും വെള്ളം. പക്ഷേ പക്ഷേ അൽഭുതകരമെന്നേ പറയേണ്ടൂ, ആ മഹാപ്രളയത്തിലും നമ്മടെ ചെറാലക്കുന്ന് മുങ്ങിയില്ല. ചെറാലക്കുന്നിനെ മുക്കാൻ ആ പ്രളയത്തിനും സാധിച്ചില്ല. അങ്ങിനെ വെള്ളം കേറാത്ത ചെറാലക്കുന്നിൽ കുറച്ചുപേർ മുങ്ങിച്ചാകാതെ അഭയം കണ്ടെത്തി. അതിൽ ഒരാൾ ഞാൻ തന്നെയായിരുന്നു. എന്റെ കൂടെയുള്ളതോ. കുറേ സുന്ദരികളായ യുവതികളും!”

ലേഗു പൗലോസിന്റെ വട്ടക്കുളത്തിൽ മുങ്ങിപ്പൊങ്ങി, കുളത്തിന്റെ ചുറ്റുകെട്ടിലിരുന്നു കല്യാണി വേണു അന്നു വെളുപ്പിനു കണ്ട സ്വപ്നത്തെപ്പറ്റി പറയാൻ തുടങ്ങി. ശൃംഗാര രസം മൂലമോ, ലജ്ജ മൂലമോ എന്നറിയില്ല ‘സുന്ദരികളായ യുവതികൾ’ എന്നു പറഞ്ഞപ്പോൾ വേണുവിന്റെ ചുണ്ട് ഒരു വശത്തേക്കു കോടിപ്പോയി. ശരീരത്തിലെ രോമങ്ങളാകെ എഴുന്നുനിന്നത് വെള്ളത്തിന്റെ തണുപ്പുമൂലമാണോ അതോ സ്വപ്നത്തിന്റെ സ്വാധീനം മൂലമാണോയെന്നു സഹകുളിയനായ സനിയ്ക്കു മനസ്സിലായില്ല. ഒരു കവിൾ വെള്ളം വായിലെടുത്തി നീട്ടിത്തുപ്പി വേണു ഏതോ നിർവൃതിയിൽ കണ്ണടച്ചു.

കുളത്തിന്റെ മതിൽക്കെട്ടിൽ പിടിച്ചു വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്ന സനി വേണുവിന്റെ വിവരണം ആസ്വദിച്ചു. പക്ഷേ അപ്പോൾ സനിയുടെ മനസ്സിൽ കാതലായ ഒരു സംശയം ഉയർന്നു വന്നു.

“വേണ്വോ, പ്രളയം വന്നപ്പോ ഞാനോ?”

ആത്മസുഹൃത്താണ്. ക്ലാസ് മേറ്റാണ്. ഇരു മെയ്യും ഒരു മനസ്സുമാണ്. എന്നിട്ടും വേണുവിന്റെ മറുപടിയിൽ ദാക്ഷിണ്യമില്ലായിരുന്നു. മറ്റൊരാളുടെ സാന്നിധ്യം സൃഷ്ടിക്കാവുന്ന പ്രത്യാഘാതം ഓർത്തു വേണു നടുങ്ങി.

 “നീയാ നീ” പല്ലുഞെരിച്ചു കടുത്ത വൈര്യാഗ്യത്തോടെ വേണു നിസാരമായി പെട്ടെന്നു പറഞ്ഞു. ”നീയൊക്കെ ചത്തു.”

സനി മിഴിച്ചു പോയി. വേണു കാര്യങ്ങൾ കൂടുതൽ വ്യക്തമായി അവതരിപ്പിച്ചു. “എടാ പ്രളയശേഷം ഈ ലോകത്തീ ആണായിട്ട് ഞാൻ മാത്രാ ഒണ്ടായിരുന്നൊള്ളൂന്ന്.”

വേണു കുളത്തിൽ ഒന്നുകൂടി മുങ്ങിപ്പൊങ്ങി.

“ഒകെ. ശരി പിന്നെന്ത്ണ്ടായി?” സനി സ്വപ്നം തുടരാൻ പ്രേരിപ്പിച്ചു.

“ഹഹഹഹ.” വേണു ലജ്ജിച്ചു. “നീ പറ... പിന്നെന്ത്ണ്ടാവും”

സംസാരം ഇത്രയുമെത്തിയപ്പോൾ പരീക്കപ്പാടത്തു ഫുട്‌ബാൾ കളിക്കുന്ന പയ്യന്മാരിലൊരാൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

“വേണുച്ചേട്ടാ, ഓടിക്കോ. ലേഗു പൗലോസ് വരണ്ണ്ട്”

കുളം പൊടുന്നനെ ശൂന്യമായി. പാടത്തു ഫുട്ബാൾ കളിക്കുന്ന രണ്ടു ടീമിനും പുതിയ ഗോളികൾ ആയി.

കൊടുങ്കാറ്റു പോലെ പാഞ്ഞടുത്ത അതികായനായ ലേഗു പൗലോസ്, കുളത്തിലെ വെള്ളം അനങ്ങുന്നതു കണ്ട് അലറി.

“ആരടാ എന്റെ കൊളത്തിലെറങ്ങീത്. വെള്ളം അനങ്ങണ്ണ്ടല്ലാ”

വേണുവിന്റെ ഉള്ളിൽ ആന്തലുണ്ടായി. അദ്ദേഹം വിളിച്ചു പറഞ്ഞു.

“അത് വല്ല മാക്കാൻ ചാടിയതെങ്ങാനും ആയിരിക്കൊള്ളൂ പൗലോസെട്ടാ. മഴേല്ലെ?”

വേണുവിന്റെ അണ്ടർവെയർ കുളക്കരയിൽ കിടക്കുന്നത് പൗലോസ് കണ്ടു. അദ്ദേഹം ദേഷ്യത്താൽ അലറി.

“ആരടെ അരിപ്പയാടാ ഇത്? ഞാനറിയാണ്ട് ആരാ ഇവടെ ചായക്കട തൊടങ്ങ്യേ?”

വേണു ഞെട്ടി. എങ്കിലും അജ്ഞത നടിച്ചു. മറ്റുള്ളവരും ആത്മാർത്ഥമായി അറിയില്ലെന്നു പറഞ്ഞു.

പൗലോസ് പറഞ്ഞു. “മാക്കാൻ തവളകൾ ഷണ്ഢി ഇടറിലല്ലോ.”

വേണു കൈ മലർത്തി. “പറയാൻ പറ്റില്ല പൗലോസേട്ടാ.”

“അപ്പോ ഇതാര്ട്യാന്ന് നിനക്കറീല്ലാ?”

നാട്ടിലെ പൊതുവായ രീതിവച്ച് വേണൂ കാച്ചി. “അത് തമ്പീട്യാന്ന് തോന്നണ്ണ്ട്.”

പൗലോസ് ഇരുത്തി മൂളി. ദേഷ്യത്താൽ കൈകൾ കൂട്ടിത്തിരുമ്മി.

“ഉം. അവന്റെ തന്നെ ആയിരിക്കൊള്ളൂ. അവന് ഈ കൊളത്തീ കുളിച്ചില്ലെങ്കീ മേത്തെ ചെളി പോവില്ലാന്ന മട്ടായിട്ട്‌ണ്ട്. അവനെ അല്ലെങ്കിലും ഞാൻ നോക്കി നടക്കാണ്.” അഞ്ചുനിമിഷം നിർത്തിയ ശേഷം പൗലോസ് കൂട്ടിച്ചേർത്തു.

“ആരെങ്കിലും കൊളത്തിലെറങ്ങ്യാ നീയൊന്ന് കൂവ്യേക്ക്. ഞാൻ അവന്റെ കാല് തല്ലിയൊടിക്കും.”

വേണു സമ്മതിച്ചു. “ആങ് ആങ് കൂവാം. കൂവാം”

ലേഗു പൗലോസ് തിരിച്ചുപോയി. ഫുട്‌ബോൾ ടീമുകളുടെ രണ്ട് താൽക്കാലിക ഗോളികൾ വീണ്ടും വട്ടക്കുളത്തിലേക്ക് ചാടി. വേണു ‘പിന്നെ എന്തുണ്ടായി’ എന്നു സനിയോടു പറയാൻ തുടങ്ങി. വട്ടക്കുളത്തിലെ മാക്രികളും മീനുകളും ചെവി പൊത്തി വിവിധ തോടുകളിലൂടെ പരക്കം പാഞ്ഞു. കുളക്കരയിലെ ചെന്തെങ്ങിൽ ഇരിക്കുകയായിരുന്ന കാക്കകൾ ഒന്നൊഴിയാതെ പറന്നു പോയി. സനി മാത്രം വായ തുറന്ന്, നാക്കു നീട്ടി എല്ലാം ആവേശഭരിതനായി കേട്ടിരുന്നു.

1990 കളാണ്. വേണുവിനു ചെറുപ്പം. എന്നും സ്വപ്നം കാണും. പ്രളയം, കാട്ടുതീ, ആളൊഴിഞ്ഞ ദ്വീപ് എന്നിവ ഒഴിഞ്ഞ നേരമില്ല. എന്നും വട്ടക്കുളത്തിലെ മാക്രികളും മീനുകളും ചെവിപൊത്തി ഓടും.

കാര്യങ്ങൾ ഇങ്ങിനെ പോയാൽ മതിയെന്നു വേണുവിനു തോന്നിയെങ്കിലും, വേണുവിന്റെ അച്ഛൻ കർത്താറവീട്ടിൽ ശിവരാമനു തോന്നിയില്ല. ഒരു ദിവസം മകനെ വിളിച്ചു.

“ഡാ വേണ്വോവ്.”

മകനെത്തി കൈകെട്ടി നിന്നു. അച്ഛൻ സ്വയം പര്യാപ്തനാണ്. അത്യാവശ്യം കാശുകാരനാണ്. സേലത്തു മൂന്നു ബേക്കറിയുണ്ട്.

ശിവരാമേട്ടൻ ചോദിച്ചു. “എന്തൂട്ടാ നിന്റെ പ്ലാൻ?”

വേണു വെളുക്കെ ചിരിച്ചു. പണ്ട് ചെറുപ്പകാലത്തു താൻ ചിരിച്ച അതേ ചിരിയെന്നു ശിവരാമേട്ടനു മനസ്സിലായി. വേണുവിന്റെ മനസ്സിലിരിപ്പും മനസ്സിലായി. അതായത് ‘ജീവിതം ആസ്വദിക്കുകയാണ് പ്രധാനം. പണി അല്ല’.

ആഗ്രഹങ്ങൾ മുളയിലേ നുള്ളി ശിവരാമേട്ടൻ ആജ്ഞാപിച്ചു.

“നാളെ ചാലക്കുടിച്ചന്തേ പോയി ഒരു ചാക്ക് ഗോതമ്പും, അരച്ചാക്ക് മൈദപ്പൊടീം പ്രകാശന്റെ ഓട്ടോറിക്ഷേല് കൊണ്ടന്നോ.”

കാര്യം മനസ്സിലായെങ്കിലും അവസാന പ്രതീക്ഷയിൽ വേണു ചോദിച്ചു. “എന്നാ ഇനിമുതൽ കാലത്ത് ഗോതമ്പുദോശ മതി. എനിക്കു വിരോധല്യ

ശിവരാമേട്ടൻ വേണുവിന്റെ ചെവിക്കു പിടിച്ചു തിരുമ്മി. “നീയും ബൈജൂം കൂടി നാളെ മൊതൽ പടിഞ്ഞാറ്റ ചായ്ച്ചുകെട്ടി അവടെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കാൻ പോവാണ്. അവന്റെ ഒരു കോതമ്പുദോശ പോടാ അവടന്ന്

തൊണ്ണൂറുകളിൽ കക്കാടിൽ ആരംഭിച്ച് തൃശ്ശൂർ ജില്ലയിൽ വേരോടി, പലഹാരപ്രിയരുടെ കണ്ണിലുണ്ണിയായ ‘അരോമ ബേക്കേഴ്‌സിന്റെ’ കഥ ആരംഭിക്കുന്നത് ഇങ്ങിനെയാണ്.

കർത്താറ വീട്ടിൽ ശിവരാമൻ - കല്യാണി ദമ്പതികളുടെ മൂന്നാമത്തെ മകൻ നാട്ടുകാർക്കു വെറും വേണുവല്ല. മറിച്ച് ‘കല്യാണി വേണു’ ആണ്. നാട്ടിലുള്ള അസംഖ്യം വേണുമാരിൽ ഏറ്റവും തിളക്കമുള്ള ഇരട്ടപ്പേരിനു അങ്ങിനെ കല്യാണി വേണു അർഹനായി. ഇന്ത്യാ ചരിത്രത്തിൽ തന്നെ ഗൗതമീപുത്ര ശതകർണി, വസിഷ്ഠിപുത്ര ശതകർണി എന്നീ ശതവാഹന രാജാക്കന്മാർക്കു ശേഷം മാതാവിന്റെ നാമത്തിൽ അറിയപ്പെട്ടത് ഞങ്ങടെ കല്യാണി വേണു ആണെന്നു കക്കാടുകാർ ഊറ്റം കൊണ്ടു. പേരിലെ ചരിത്രപശ്ചാത്തലത്തെ ശരിവച്ച് കല്യാണി വീര്യവാനായി വളർന്നു. പരീക്കപ്പാടത്തും തേമാലിപ്പറമ്പിലും സുഹൃത്‌സമേതനായി ഇരിക്കുമ്പോൾ പ്രളയം, കാട്ടുതീ, ആളൊഴിഞ്ഞ ദ്വീപ് എന്നിവയുള്ള സ്വപ്നങ്ങൾ അദ്ദേഹം സഹസ്വപ്നക്കാർക്കു മുന്നിൽ വിവരിക്കുക പതിവായിരുന്നു. അക്കാലത്താണ് അവക്കെല്ലാം വിരാമമിട്ടു കൊണ്ട് കക്കാടിൽ അരോമ ബേക്കേഴ്സിന്റെ ബീജാവാപം നടന്നത്. 

അരോമ പ്രവർത്തനം ആരംഭിച്ച കാലത്ത് പ്രമുഖ ബേക്കറി ബ്രാൻഡുകൾ ഒന്നും തന്നെയില്ല. ബ്രഡ്, ബൺ എന്നിവയെല്ലാം ഭൂരിഭാഗം ജനങ്ങൾക്കും ആർഭാടമാണ്. അതിനാൽ പലഹാര വില്പന തുടക്കത്തിൽ ഇഴഞ്ഞു നീങ്ങി. കുറുക്കുവഴികൾ ഉപയോഗിച്ച് ബേക്കറി ഉൽപ്പന്നങ്ങൾക്കു പ്രചാരം നൽകാൻ കല്യാണി ദ്വയങ്ങൾ തയ്യാറായില്ല. ആ ചുമതല കക്കാടിലെ ജനങ്ങൾ തന്നെ ഏറ്റെടുത്തു. ‘അരോമ’ എന്ന നാമം ജനങ്ങൾക്കിടയിൽ സുപരിചിതമാക്കാൻ അവർ വ്യാപകമായി നെഗറ്റീവ് പബ്ലിസിറ്റി പടച്ചുവിട്ടു. പോസിറ്റീവ് പബ്ലിസിറ്റിയേക്കാൾ പ്രചരിക്കുന്നതിൽ ഏറെ മുൻപന്തിയിൽ നെഗറ്റീവ് ഘടകങ്ങളാണെന്നു മനസ്സിലാക്കിയവരുടെ ശ്രദ്ധേയമായ ചുവടുവയ്പ്പ്. അങ്ങിനെ അരോമ ബിറ്റുകൾ നാട്ടിലും സമീപദേശങ്ങളിലും വ്യാപകമായി.

അന്നമനട സിന്ധു തീയറ്ററിൽ, പുകമഞ്ഞിനു സമാനമായ സഹചര്യത്തിൽ എഴുതി കാണിക്കാറുള്ള ഹാളിൽ പുകവലി പാടില്ല എന്ന പരസ്യത്തിനു ശേഷം, ഒരു മിനിറ്റ് ദൈർഘ്യമുള്ള അരോമ: കക്കാടിന്റെ പലഹാര പാരമ്പര്യം എന്ന പരസ്യത്തിലായിരുന്നു കക്കാടുകാർ ആദ്യം കൈവച്ചത്.

പരസ്യം:

കൊരട്ടി നാഷണൽ ഹൈവേക്ക് അരികിലുള്ള ബേക്കറിയിൽ കയറിയ ഒരു ഉപഭോക്താവ് ഉച്ചത്തിൽ ചോദിക്കുന്നു. “സാറേ അരോമ ബേക്കേഴ്സിന്റെ റൊട്ടി ഉണ്ടോ?”

ബേക്കറിയിൽ വന്നിരിക്കുന്ന എല്ലാവരുടേയും ശ്രദ്ധ പൊടുന്നനെ ചോദ്യകർത്താവിൽ പതിയുന്നു. എല്ലാവരുടേയും ചുണ്ടിൽ മർമ്മരം. “അരോമ അരോമ!”

തലയിൽ കൈവച്ച് പരിതപിച്ച് കടക്കാരൻ മറുപടി പറഞ്ഞു: “അയ്യോ! റൊട്ടി ഇല്ലല്ലോ. ഇപ്പോ തീർന്നേയുള്ളൂ. പത്ത് പാക്കറ്റ് പല്ലാശുപത്രിയിലേക്കു പോയിട്ടുണ്ട്.”

ബേക്കറിയിലുള്ളവർ ഉടൻ ആശുപത്രിയിലേക്കു പായുന്നു.

പരസ്യം എല്ലായിടത്തും ഹിറ്റായി. നെഗറ്റീവ് അഭിപ്രായമായിരുന്നിട്ടും അവ പലഹാര വില്പനയെ തരിമ്പും പ്രതികൂലമായി ബാധിച്ചില്ല. നർമ്മത്തിലൂന്നിയ നെഗറ്റീവ് പബ്ലിസിറ്റി അരോമക്കു ഗുണകരമാവുകയാണ് ചെയ്തത്. സമീപത്തെ മറ്റു തീയറ്ററുകളിലും ഇത്തരം പരസ്യങ്ങൾ ആവർത്തിച്ചതോടെ അരോമ എന്ന നാമം ഏവർക്കും സുപരിചിതമായി. അരോമ ബേക്കേഴ്‌സ് എന്നു ആലേഖനം ചെയ്ത വാൻ കറുകുറ്റി മുതൽ കൊടകര വരെയും, കോനൂർ തൊട്ടു മാള വരെയും വ്യാപാര ആവശ്യാർത്ഥം ഓടി. കിലോക്കണക്കിനു ബെന്നും റസ്കും റൊട്ടിയും തിന്ന് പലഹാരപ്രിയർ ഇളകി മറിഞ്ഞു. ജനം ഹാപ്പി. കല്യാണി അതിലേറെ ഹാപ്പി.

ബിസിനസ് വച്ചടിച്ച് കയറിയതോടെ, അൽഭുതമെന്നു പറയാവും വിധം, കല്യാണി സ്വപ്നം കാണുന്നത് നിർത്തി. അതിൽ പരാതിപ്പെട്ട സനിയോടു അന്തഃരംഗത്തിൽ സ്വപ്നമുകുളങ്ങൾ പുഷ്പിക്കുന്നില്ലെന്നു പറഞ്ഞ് പരിതപിച്ചു. അതോടെ വട്ടക്കുളത്തിലെ സാഹായ്നക്കുളി സനിക്കു അസഹ്യമായി. ബോറടി സഹിക്കാനാകാതെ അദ്ദേഹം താമസിയാതെ കുളം ഒഴിഞ്ഞു. കുളിയും നിർത്തി. വേണു ബിസിനസിൽ മാത്രം ശ്രദ്ധയൂന്നി.

പലഹാരം എന്നതിന്റെ പര്യായമായി അരോമ വിലസുന്ന ഇക്കാലത്താണ് കർത്താറ ശിവരാമേട്ടന്റെ മൂത്ത മകൻ മഹേന്ദ്രൻ എന്ന മഹിക്ക്, മലേഷ്യക്കാരൻ സുഹൃത്ത് ഏതാനും അപൂർവ്വയിനം മാവിൻതൈകൾ കൊടുത്തയക്കുന്നത്. ഒരു സീസണിൽ ഒരു ലോറിയിൽ കൊള്ളിക്കാവുന്നത്ര മാങ്ങ കിട്ടുമെന്നു കേട്ടപ്പോൾ മുൻപിമ്പ് നോക്കാതെ മഹി ഓർഡർ കൊടുത്തു.

‘ഒര് മൂന്ന് തൈ ഇങ്ങട് അയച്ചോ’.

മാവിൻതൈ എത്തിയപാടെ മഹി തോർത്തുമുണ്ട് തലയിൽ കെട്ടി, തൂമ്പയെടുത്തു മാവിൻതൈക്കു തടമെടുത്തു. പറമ്പിന്റെ മൂലയിൽ പടർന്നു പന്തലിച്ച നിന്നിരുന്ന, കായ്‌ഫലമുള്ള മൂന്ന് ജാതികൾ വെട്ടിക്കളഞ്ഞ്, അദ്ദേഹം അവിടെ മാവിൻതൈകൾ നട്ടു. ശേഷം മലേഷ്യൻ സുഹൃത്തിനെ വിളിച്ചു നന്ദി പറഞ്ഞു. മാവ് പൂക്കുമ്പോൾ അറിയിക്കാമെന്നും, മാങ്ങയുണ്ടാകുമ്പോൾ കുറച്ചെണ്ണം പാഴ്‌സലായി അയയ്‌ക്കാമെന്നും വാഗ്ദാനം ചെയ്തു. എന്തുകൊണ്ടോ മാങ്ങ – പാഴ്‌സൽ എന്നു കേട്ടപ്പോൾ സുഹൃത്ത് ഉടൻ ഫോൺ വച്ചു.

മര്യാദാമുക്കിനു തൊട്ടു മുന്നിലാണ് മഹിയുടെ ഭവനം. മര്യാദക്കാരുടെ മര്യാദ അദ്ദേഹത്തിനു നന്നായി അറിയാം. അതിനാൽ മഹി മാവിൻതൈകൾക്കു ചുറ്റും ഷീറ്റ് വച്ചുകെട്ടി മറവുണ്ടാക്കി. എന്നിട്ടും ഒരു മാവിൻതൈ എങ്ങിനെയോ അപ്രത്യക്ഷമായി. മറ്റൊന്നിനെ സാക്ഷാൽ കല്യാണിയമ്മയുടെ അരുമയായ ആട് കപ്പലണ്ടി രൂപത്തിലാക്കി. അന്ന് മാതൃ – പുത്ര ബന്ധം ഉലയുന്ന ഘട്ടം വരെ കാര്യങ്ങൾ എത്തി. എങ്കിലും ശേഷിക്കുന്ന മാവിൻതൈയിനെ കരുതി ശാന്തശീലനായ മഹി അമ്മയോടു പൊറുത്തു. അദ്ദേഹം ചാണകം, എല്ലുപൊടി അടക്കമുള്ള വളങ്ങൾ മാവിൻതൈക്ക് ഇട്ടു ശ്രദ്ധയോടെ പരിപാലിച്ചു. മൂന്ന് കൊല്ലത്തിനുള്ളിൽ മാവ് പടർന്നു പന്തലിച്ചു. സുഹൃത്തിന്റെ പ്രവചനം ശരിവച്ച് രണ്ടാമത്തെ പൂക്കലിൽ തന്നെ അനേകം കണ്ണിമാങ്ങകൾ ഞവണിക്ക തോൽക്കുന്ന വിധം കുരുത്തു. ഒരൊറ്റ കണ്ണിമാങ്ങ പോലും കൊഴിഞ്ഞില്ല. കല്ലേറ് കൊണ്ടാലും ഞെട്ടറ്റ് വീഴുക അപൂർവ്വമാണ്.

മലേഷ്യൻ മാവിലെ ഉല്പന്നം ആദ്യം രുചിച്ചു നോക്കിയതാരെന്ന കാര്യത്തിൽ നാട്ടിൽ തർക്കമില്ല. കക്കാടിലെ എല്ലാ മാവ്-പ്ലാവ്-കശുമാവ് എന്നിവയുടെ ഉല്പന്നങ്ങൾ എല്ലാ സീസണിലും ഉൽഘാടനം ചെയ്യാറുള്ള കുഞ്ഞിസനുവായിരുന്നു ഇവിടെയും പ്രതി. കുട്ടിക്കാലത്ത് ശരീരം ‘റ’ പോലെ വളച്ച് മാങ്ങ എറിയാറുള്ള സനു ആ ഗൃഹാതുരത്വം അയവിറക്കി മലേഷ്യൻ മാങ്ങ എറിഞ്ഞു വീഴ്ത്തിയത്രെ. മര്യാദാമുക്കിൽ വച്ച് സനു സംഭവം വിവരിച്ചു.


“സത്യം പറയാലാ ആശാനേ ആ മാവുമ്മെ വീക്കാൻ എനിക്ക് പ്ലാനില്ലായിരുന്നു.”

(തുടരും...)

Sunday, June 15, 2014

കക്കാടിന്റെ പുരാവൃത്തം:പുസ്തകപ്രകാശനം ജൂൺ 22-ന്

'കക്കാടിന്റെ പുരാവൃത്തം' എന്ന ഈ ബ്ലോഗിൽ 2008 - 2010 കാലയളവിൽ എഴുതിയ 16 കഥകൾ/പോസ്റ്റുകൾ അതേ പേരിൽ തന്നെ പ്രമുഖ പുസ്തകപ്രസാധകരായ ഡിസി ബുക്ക്സ് പുസ്തകമായി പുറത്തിറക്കിയ വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. (Click Here for more Details). പുസ്തകത്തിന്റെ പ്രകാശനചടങ്ങ് ഈ മാസം ജൂൺ 22-നു രാവിലെ 10 മണിക്കു കാതിക്കുടം പനമ്പിള്ളി സ്മാരക വായനശാലയിൽ വച്ചു നടത്തപ്പെടുന്നു. മുണ്ടൂർ സേതുമാധവൻ, പെരുമ്പടവം ശ്രീധരൻ, ചന്ദ്രശേഖരൻ ഏങ്ങണ്ടിയൂർ എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നതാണ്. 

താങ്കളെ ആ ചടങ്ങിലേക്കു സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പ്രകാശനചടങ്ങിന്റെ ബ്രോഷർ:-ബുക്ക് കവർ:-

പുസ്തകം ഓൺലൈനിൽ വാങ്ങാൻ:-
ഡിസി ബുക്ക്സ് => http://goo.gl/wKugkc
ഇന്ദുലേഖ.കോം => http://goo.gl/dkWy8j

ഏവർക്കും സ്വാഗതം. സസ്നേഹം. സുനിൽ ഉപാസന.

Thursday, June 5, 2014

MADE IN KAKKAD

'കക്കാടിന്റെ പുരാവൃത്തം' പുസ്തകമായിരിക്കുന്നു. 2008 - 2011 കാലയളവിൽ ഈ ബ്ലോഗിൽ എഴുതിയ 16 കഥകളാണ് പുസ്തകത്തിൽ ഉള്ളത്. ഒപ്പം 'കക്കാടിന്റെ ആർട്ടിസ്റ്റ്' പ്രദീപിന്റെ മികച്ച ചിത്രങ്ങളും. പുസ്തകത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ താഴെ.

പുസ്തകത്തിന്റെ പേര്: കക്കാടിന്റെ പുരാവൃത്തം
രചന: സുനിൽ ഉപാസന.
അവതാരിക: കെ.ആർ മീര.
ആമുഖം: സുനിൽ ഉപാസന.
വര: പ്രദീപ് കക്കാട്.
കവർ ഡിസൈൻ: അരുൺകുമാർ ടി. (ഡിസി ബുക്ക്സ്)
പ്രസാധനം: ഡിസി ബുക്ക്സ്, കോട്ടയം.

പുസ്തകത്തിന്റെ കവർ:-

പുസ്തകത്തെക്കുറിച്ചു ഡിസി ബുക്ക്സിന്റെ EDITOR'S PICK ഇവിടെ വായിക്കാം.

പുസ്തകം ഓൺലൈനിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Indulekha.com പർച്ചേസ് ലിങ്ക്.

പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 16 കഥകൾ/പോസ്റ്റുകൾ ഞാൻ ബ്ലോഗിൽനിന്നു താൽക്കാലികമായി പിൻവലിച്ചിരിക്കുകയാണ്. അവയുടെ പേരുവിവരങ്ങൾ താഴെ.

1) പൊട്ടക്കിണറ്റിലെ അന്തർജ്ജനം.
2) സനീഷ് ഡ്രൈവിങ്ങ് സ്കൂൾ.
3) പരീക്കപ്പാടത്തെ ഓപ്പറേഷൻ.
4) വാളൂരിന്റെ പൗളോ മാൾഡീനി.
5) ബാബുട്ടന്റെ പെണ്ണുകാണൽ.
6) കണ്ണമ്പിള്ളി ബ്രദേഴ്സ്.
7) ആനന്ദൻ എന്ന അസ്സൂറി.
8) ശിക്കാരി / വയനാടൻ റേഞ്ചർ.
9) ശങ്കരമ്മാൻ കാവ്.
10) അശോകൻ in & as അഴകൻ.
11) അഡ്വക്കേറ്റിന്റെ നമ്പറുകൾ.
12) ഡിറ്റക്ടീവ് വിൽസൻ കണ്ണമ്പിള്ളി.
13) മലബാർ ഉസ്താദ്.
14) കെ.ബി.ആർ കാതിക്കുടം.
15) മേലാപ്പിള്ളി ജ്വല്ലറി വർക്ക്സ്.
16) ജോസ് = ജോസ്.

ന്നന്ദി പറയാൻ ഒരുപാട് പേരുണ്ട്. ഒരു ബൂലോകം മുഴുവൻ. വായിച്ചു പ്രോൽസാഹിപ്പിച്ച എല്ലാവർക്കും എന്റെ ആദരവോടെയുള്ള പ്രണാമം. തുടർന്നും ഈ ബ്ലോഗിൽ പുതിയ പുരാവൃത്തങ്ങൾ ഞാൻ പബ്ലിഷ് ചെയ്യുന്നതാണ്. നന്ദി. സസ്നേഹം, സുനിൽ ഉപാസന.